ചൊവ്വാഴ്ച, ഡിസംബർ 27, 2011

കിക്ക് ബുട്ടൌസ്കി...ഇവനാണ് ഇപ്പോള്‍ എന്റെ താരം !!

ഗള്‍ഫുകാര്‍ ആരെങ്കിലും കൊണ്ട് വരുന്ന ടോം ആന്‍ഡ്‌ ജെറി അല്ലെങ്കില്‍ മനോരമയില്‍ വരുന്ന മാന്ദ്രേക്കും ഫാന്റവും ആയി കാര്‍ടൂണ്‍ പരിജ്ഞാനം ഒതുങ്ങിയ ബാല്യത്തിനു ശേഷം... ഇടയ്ക്കു കണ്ട ലയന്‍ കിങ്ങും, കുന്ഗ് ഫു പാണ്ടയും, മറ്റു പിക്സാര്‍ കിടുമാണ്ടി പടങ്ങളും കണ്ടു വളര്‍ന്ന പില്‍ക്കാലതിനും ശേഷം മറ്റൊരു കാര്‍ട്ടൂണ്‍ രൂപം ...കുറച്ചു നാളായി ഈ പന്ത്രണ്ടുകാരന്‍ "സബര്‍ബന്‍ ഡയര്‍ ഡെവിള്‍" കണ്മുപില്‍ കിടന്നു കളിച്ചു കൊണ്ടിരിക്കുന്നത്.. കൃശഗാത്രനായ ഹെല്‍മെറ്റും അണിഞ്ഞു കറങ്ങി നടക്കുന്ന ഈ ചുള്ളന്‍ ആണ് ഇപ്പോള്‍ എന്റെ ഹീറോ. വെളുപ്പും ചുവപ്പും കലര്‍ന്ന ഹെല്‍മെറ്റും തൂവെള്ള ജമ്പ് സ്യൂട്ടും ഇട്ടു അതി വേഗത്തില്‍ സ്വീകരണ മുറിയില്‍ തെന്നി നീങ്ങാന്‍ തുടങ്ങിയിട്ട് ഏകദേശം ഒരു കൊല്ലമായി. ആദ്യമൊക്കെ വെറും  നിവൃത്തികേട് കൊണ്ടായിരുന്നു അത് കണ്ടു കൊണ്ടിരുന്നത്, പിന്നെ പതുക്കെ പതുക്കെ അതൊരു ശീലമായി, ഇപ്പോള്‍ കണ്ടില്ലെങ്കില്‍ ഉറക്കം വരില്ല എന്ന നിലക്കുമായി.

അല്ല ഇവനാരാ വീരന്‍... ഹാരോള്‍ഡ്‌, ഹണി ബുട്ടൌസ്കി ദമ്പതികളുടെ മകനായി ജനിച്ച കിക്ക്, തന്റെ രണ്ടു സഹോദരങ്ങള്‍ - ബ്രിയാനാ,  ബ്രാഡ് എന്നിവരോട് കൂടെയാണ് താമസം. ബ്രാഡ് ഒരു ഒന്നാന്തരം ബുള്ളിയാണ്... തന്റെ അനിയനെ അച്ഛനും അമ്മയും ഇല്ലാത്ത സമയത്ത് പരമാവധി ബോസ്സ് ചെയ്യുകയാണ് ആശാന്റെ വിനോദം.. പാവം കിക്ക്... കിക്കിന്റെ കഥകളിലെ പ്രാധാന വില്ലന്‍ ശുചിത്വം തൊട്ടു തീണ്ടിയിട്ടില്ലാത്ത സ്വന്തം സഹോദരനെ കൂടാതെ റൊണാള്‍ഡോ എന്ന മറ്റൊരു ഡയര്‍ ഡെവിള്‍ ആണ്. കിക്കിനെ പലപ്പോഴും വെല്ലുവിളിക്കുന്ന റൊണാള്‍ഡോ ആണെങ്കില്‍ ഫിസിക്സില്‍ ബഹു മിടുക്കനാണ്..

കേന്ടാല്‍ പെര്കിന്‍സ് ആണ് കിക്കിന്റെ മറ്റൊരു വലിയ ശത്രു. അവള്‍ തരം കിട്ടുമ്പോള്‍ ഒക്കെ പാവം കിക്കിനെ ദ്രോഹിക്കാറും ഉണ്ട് . ഇവരെ കൂടാതെ ഓരോ എപ്പിസോടിലും വന്നു പോയിക്കൊണ്ടിരിക്കുന്ന ഒട്ടനവധി കഥാപാത്രങ്ങള്‍ ഉണ്ട് കിക്കിനു കൂട്ടായിട്ടു. കണ്ടു മടുത്ത ഒരു ഫോര്‍മാറ്റിലുള്ള കഥാകഥന രീതിയല്ല കിക്കിന്റെത് എന്നത് തന്നെയാണ് വലിയ പ്രത്യേകത. കുസൃതികള്‍ക്കും പശ്ചാത്തലത്തിലും പുതുമ നില നിര്‍ത്തിയാണ് സൃഷ്ടാക്കള്‍ കിക്കിനെ ഒരുക്കിയിരിക്കുന്നത്.  തമാശയും ആക്ഷനും സമം ചേര്‍ന്ന് നിര്‍മിച്ച ഒരു ഫോര്‍മുല ആണ് കിക്കിന്റെത്.. അത് തന്നെയാണ് അവന്റെ തുരുപ്പു ശീട്ടും.

തനിക്കു ചുറ്റുവട്ടത്തുമുള്ള ഒട്ടു വളരെ മുതിര്‍ന്നവരെ എല്ലാം അലോസരപ്പെടുത്തുന്ന രീതിയില്‍ ഉള്ളതാണ് കിക്കിന്റെ സ്ടന്റുകളും വിനോദങ്ങളും...  എന്നിരുന്നാലും പെര്‍മാന്‍ ഡോരേമോന്‍, നോബിത തുടങ്ങിയ ഞരമ്പിനു പിടിക്കുന്ന ജാപ്പാനീസ് കാര്‍ട്ടൂണുകള്‍ പോലെ  അസഹ്യമല്ല കിക്കിന്റെ ലീലാ വിലാസങ്ങള്‍... ആശാന്‍ ആദ്യമായി ഇന്ത്യയില്‍ എത്തിയത് 2010 ഇല്‍ ആണ് .. മേയ് മാസത്തില്‍.. തുടക്കത്തില്‍ ഷിന്‍ ചാനോടും ചോട്ടാ ബീമിനോടും മറ്റും എതിരിട്ടു നില നില്‍ക്കാന്‍ നന്നേ ബുദ്ധിമുട്ടിയിരുന്ന കിക്ക് ഇപ്പോള്‍ പതുക്കെ വേരോടി തുടങ്ങിയിര്‍ക്കുന്നു എന്നാണു വര്‍ദ്ധിച്ചു വരുന്ന ജനപിന്തുണ സൂചിപ്പിക്കുന്നത് .

എട്ടു കൊല്ലം എടുത്തു കഠിനാധ്വാനം ചെയ്താണ് ഈ പരമ്പരയുടെ ശില്‍പ്പി കോര്സരോ, കിക്ക് ബുട്ടൌസ്കിയെ സൃഷ്ടിച്ചത്. ആദ്യം ഒക്കെ ഒരുപാട് തിരസ്ക്കരണങ്ങളും അദ്ദേഹത്തിനു നേരിടെണ്ടതായി വന്നു. ആര് കൊല്ലത്തോളം ചാനെലുകള്‍ കയറി ഇറങ്ങിയാണ്‌ അദ്ദേഹത്തിനു തന്റെ പ്രിയ കഥാപാത്രത്തെ കുട്ടികളുടെ ഇടയിലേക്ക് എത്തിക്കാന്‍ കഴിഞ്ഞത്. തന്റെ സ്റൊനെഹാമിലെ ബാല്യകാലത്തില്‍ നിന്നും അടര്‍ത്തി എടുത്തതാണ് കിക്കും അവന്റെ മെല്ലോബ്രൂക്ക് തെരുവുകളിലൂടെ സ്കയ്റ്റ് ബോര്‍ഡില്‍ തെന്നിയുള്ള അഭ്യാസങ്ങളും എന്നാണു അദ്ദേഹം പറഞ്ഞിട്ടുള്ളത്. തന്റെ സബര്‍ബന്‍ ജീവിതത്തില്‍ നിന്നും ഉള്ള അനുഭവങ്ങള്‍ അടിസ്ഥാനപെടുതിയാണ്‌ മിക്ക എപ്പിസോടുകളും ഉണ്ടാക്കിയിട്ടുള്ളത് എന്നും അദ്ദേഹം അവകാശപ്പെടുന്നു.

ഗുരുവായൂരപ്പന്‍ ഈ വീടിന്റെ ഐശ്വര്യം, പി സി ജോര്‍ജ്ജ് ഈ മുന്നണിയുടെ ഐശ്വര്യം എന്നൊക്കെ പറയുന്ന പോലെ ഇവനാണ് നമ്മ പറഞ്ഞ ഹീറോ... ഇവനാണ് ഹീറോ 

http://disney.go.com/xd/kickbuttowski/

അഭിപ്രായങ്ങളൊന്നുമില്ല: