ശനിയാഴ്‌ച, ഡിസംബർ 31, 2011

ഫേസ് ബുക്കും ട്വിട്ടെരും നമ്മുടെ കൈയ്യില്‍ നിന്നും പോവുകയാണ്

മുന്കുറിപ്പ്:  ഈ പോസ്റ്റിനു 2012 നെ പറ്റിയുള്ള ലോകാവസാന പ്രവചനങ്ങളും ആയി യാതൊരു ബന്ധവുമില്ല 

അതിരുകളില്ലാത്ത ലോകം.. ഇവിടെ ഓരോരുത്തര്‍ക്കും അവരുടെ ചക്രവാളം.. ഒരു തുണ്ട് ഭൂമി.. ഇവിടെ നമ്മള്‍ ഔപചാരികതകളുടെ കെട്ടുപാടുകള്‍ മറന്നു.. പലതും പലരെയും പലതിനെയും നമ്മള്‍ കാണാതെ കണ്ടു... തൊടാതെ സ്പര്‍ശിച്ചു... പലതും അറിഞ്ഞു.. പലതും അറിയിച്ചു.. ഇവിടെ വിപ്ലവങ്ങള്‍ പൊട്ടി മുളച്ചു.. വേരിട്ടു.. പടര്‍ന്നു പന്തലിച്ചു..  ഇവിടെ രാജ്യങ്ങളുടെ അതിരുകള്‍ മാഞ്ഞു പോയി, ഭാഷകളുടെ വേലിക്കെട്ടുകള്‍ തകര്‍ക്കപ്പെട്ടു... നാം ഇന്നേവരെ അറിഞ്ഞിട്ടില്ലാത്ത സത്യങ്ങള്‍ പലതും അറിഞ്ഞു.. കാഴ്ചകള്‍ കണ്ടു... ശബ്ദങ്ങള്‍ കേട്ടു...

 ഈ നൂറ്റാണ്ടില്‍ ആവിര്‍ഭവിച്ച ഏറ്റവും സുപ്രധാനമായ വിപ്ലവം... അതായിരുന്നു സോഷ്യല്‍ മീഡിയ എന്ന് നാം എല്ലാവരും വിളിച്ച ഈ പുറമ്പോക്ക്... സക്കര്ബെര്‍ഗും, ഓര്‍ക്കുട്ടും, ഷാന്‍ പാര്‍ക്കറും, ടോം ആണ്ടെര്സനും, ലാറി പേജും അങ്ങിനെ പലരും. ചേര്‍ന്ന് തുറന്നിട്ട ആ വിശാലമായ ജാലകത്തിലൂടെ നമ്മള്‍ ലോകം കണ്ടു... നമുക്ക് തോന്നിയത് നാം കുറിച്ചു വെച്ചു... പകര്‍ത്തി വെച്ചു. വരച്ചു വെച്ചു. നാം അന്യോന്യം കൈ മാറിയ ആശയങ്ങള്‍, വാക്കുകള്‍, ചിത്രങ്ങള്‍ ... തമസ്ക്കരിക്കപ്പെട്ട പല സത്യങ്ങളും അനാവരണം ചെയ്തു

പക്ഷെ ഇപ്പോഴിതാ സ്വാഭാവിക പരിണാമം അതിന്റെ വാതില്‍ക്കല്‍ എത്തി നില്‍ക്കുന്നു... ഫേസ് ബുക്കും, ഗൂഗിളും ട്വിട്ടെരും എല്ലാം, ആദ്യന്തികമായി തങ്ങളും ഒരു കോര്‍പ്പറേറ്റ് ആണ് എന്ന് നമ്മളെ നല്ല വൃത്തിയായും വെടിപ്പായും ഓര്‍മിപ്പിച്ചു തരുന്നു. വരുന്ന ദിവസങ്ങളില്‍ വ്യക്തികളുടെ സ്വതന്ത്ര ആശയ വിനിമയ വേദി എന്ന നിലയില്‍ നിന്നും ഈ മാധ്യമങ്ങള്‍ ഏറെക്കുറെ പരിപൂര്‍ണമായും കാമ്മേര്ഷ്യലിസ് ആയി മാറുകയാണ്. അതിന്റെ മുന്നോടിയായ് ഈ വര്‍ഷം പരസ്യങ്ങള്‍ക്ക് പ്രാമുഖ്യം കൊടുക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ട്വിട്ടെരും ഫേസ് ബുക്കും. അതിനു ചേരുന്ന രീതിയില്‍ ഘടനയില്‍ പരിഷ്കാരങ്ങള്‍ ഏറെക്കുറെ നടപ്പാക്കി കഴിഞ്ഞു ഇരുവരും... അവര്‍ക്ക് അതിനു വഴികാട്ടിയായത് ഗൂഗിളിന്റെ വിജയഗാഥ.


ഇപ്പോള്‍ തന്നെ എല്ലാ വമ്പന്‍ ബ്രാന്റുകള്‍ക്കും തങ്ങളുടെ മാര്കെട്ടിംഗ് ടീമില്‍ തന്നെ "സോഷ്യല്‍ മീഡിയ സ്ട്രട്ടെജിസ്ടുകള്‍" ഉണ്ട്.  വലിയ മുതല്‍ മുടക്കൊന്നും ഇല്ലാതെയാണ് സോഷ്യല്‍ മീഡിയ അവര്‍  പരസ്യങ്ങള്‍ക്കായി ഉപയോഗിച്ച് വന്നിരുന്നത്.  ഇനിയിപ്പോള്‍ മാധ്യമങ്ങള്‍ അതിനൊരു വിലയിടുമ്പോള്‍, വരും കാലങ്ങളില്‍  നല്ലൊരു തുക തന്നെ പരസ്യങ്ങള്‍ക്കും അനുബന്ധ മാര്കീട്ടിംഗ് പരിപാടികള്‍ക്കും ആയി സോഷ്യല്‍ മീഡിയയില്‍ ഈ ബ്രാന്‍ഡുകള്‍ മുതല്‍ ഇറക്കേണ്ടി വരും .  അങ്ങിനെ വരുമ്പോള്‍ ഈ മാധ്യമം തങ്ങളുടെ കമ്മേര്‍ഷ്യല്‍ ആയ താല്‍പ്പര്യങ്ങള്‍ക്കു വേണ്ടി വഴക്കി എടുക്കേണ്ടത് അതില്‍ പണം മുടക്കുന്ന ബ്രാണ്ടുകളുടെ ആവശ്യം ആവും..  അത് കൊണ്ട് തന്നെ അവര്‍ക്ക് പ്രാമുഖ്യം വരുന്ന ഈ വ്യവസ്ഥിതിയില്‍ ഈ മാധ്യമങ്ങള്‍ വ്യക്തികളില്‍ നിന്നും ഇപ്പോള്‍ ഉണ്ടാവുന്ന പോലുള്ള. സ്വതന്ത്രാഭിപ്രായങ്ങളുടെ കടക്കല്‍  കോടാലി വെക്കും എന്ന് ആര്‍ക്കും ഊഹിക്കാവുന്നതെ ഉള്ളൂ.

ഉദാഹരണത്തിന് ഇന്ന് കറിപ്പോടിയില്‍ കലര്‍ന്ന മായത്തെ പറ്റി നാം ഫേസ് ബുക്കില്‍  പോസ്റ്റ്‌ ചെയ്യുമ്പോള്‍, അത് ഷെയര്‍ ചെയ്തു ലോകത്തെ അറിയിക്കുമ്പോള്‍... നാളെ അത് വരാതെ നോക്കേണ്ടത് ഫേസ് ബുക്കില്‍ പണമിറക്കുന്ന കറിപ്പൊടിക്കാരന്റെ ആവശ്യം ആവാതിരിക്കുമോ?  അതിനു വഴങ്ങാന്‍ കാശ് വാങ്ങി പെട്ടിയില്‍ ഇടുന്ന ഫേസ് ബുക്കും മടിക്കാതിരിക്കുമോ?

ഇതിനൊക്കെ പുറമേ സെന്‍സര്‍ഷിപ്‌ എന്ന വാളുമായി ഭരണകൂടം കുറെ നാളായി ഉറഞ്ഞു തുള്ളിക്കൊണ്ടിരിക്കുകയാണല്ലോ... മേമ്പൊടി ആയി അത് കൂടി ആവുമ്പോള്‍ ഇനി നമുക്ക് രണ്ടു കൈയും ഉറക്കെ കൊട്ടി ബാലിക്കാക്കളെ വിളിക്കാം... ഉദകക്രിയ ഏതായാലും സമംഗളം നടക്കും 

അഭിപ്രായങ്ങളൊന്നുമില്ല: