ചൊവ്വാഴ്ച, ഡിസംബർ 13, 2011

കാലം മാറുമ്പോള്‍ "ഗുരു"തരമാവുന്ന പ്രതിസന്ധികള്‍


ഈ അടുത്ത കാലത്ത് ഒരു ദേശീയ വാര്‍ത്ത ചാനല്‍ - പൊതു ജനാഭിപ്രായത്തിലുള്ള ആദര്‍ശ പുരുഷനെ തിരഞ്ഞെടുത്തു കൊണ്ട് ഒരു മത്സരം നടത്തിയിരുന്നു. പട്ടാളക്കാരന്‍ മുതല്‍ ബോളിവുഡ് താരം വരെ അഞ്ചു വ്യത്യസ്ത ഒപ്ഷനായി കൊടുത്തു അതില്‍ നിന്നൊന്നു തിരഞ്ഞെടുക്കാനായിരുന്നു മത്സരം. ആ അഞ്ചു ഓപ്ഷനുകളിലും, അധ്യാപകന്‍ എന്നൊന്ന് ഉണ്ടായിരുന്നില്ല എന്നത് എന്നെ ഏറെ ആശ്ചര്യപ്പെടുത്തി, അതിലേറെ വേദനിപ്പിച്ചു...

ആ ചാനല്‍ അദ്ധ്യാപകനെ ഓപ്ഷന്‍ ആയി കൊടുക്കതതിനല്ല .. ഒരു സമൂഹത്തിന്റെ, ഒരു തലമുറയുടെ ഭാവി കരുപ്പെടുത്തി എടുക്കുന്നതില്‍ മുഖ്യ പങ്കു വഹിക്കേണ്ട ഒരു വ്യക്തിത്വത്തിന് സമൂഹത്തില്‍ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന മൂല്യത്തെക്കുറിച്ച് ഓര്‍ത്തായിരുന്നു ആ വേദന. ഗുരുര്‍ ബ്രഹ്മ ഗുരുര്‍ വിഷ്ണു... എന്നൊക്കെ പാടി പരിചയിച്ച സാമൂഹത്തില്‍ ഗുരുവിനു പണ്ട്  ഉണ്ടായിരുന്ന പ്രാധാന്യം അല്ലെങ്കില്‍ സ്ഥാനം എന്ത് കൊണ്ടാണ് നഷ്ടപ്പെട്ടു പോയത് എന്ന് ആലോചിച്ചിട്ട് ഒരു പിടിയും കിട്ടുന്നില്ല.. വിദ്യയുടെ സ്രോതസ്സ് എന്ന് നാം രൂപപരമായി കരുതിയിരുന്ന ഗുരുമുഖം, ഇന്ന് ഇന്റര്‍നെറ്റ്‌ ആയി മാറിയത് കൊണ്ടാണോ? അല്ലെങ്ങില്‍  ഗുരുസ്ഥാനത്തിലിരിക്കുന്ന പലരുടെയും വ്യവഹാരദോഷം  കൊണ്ട് ആ സ്ഥാനത്തിനു ബഹുമാനം നില നിര്‍ത്താനുള്ള അര്‍ഹത നഷ്ടപ്പെട്ടത് കൊണ്ടാണോ? അതോ ദ്രവ്യ സമ്പാദനം, ബാഹു ബലം എന്നിവയാണ് വിദ്യാധനത്തെക്കാള്‍ മൂല്യത്തിന്റെ അളവ് കോല്‍ എന്നുള്ള വീക്ഷണവ്യതിയാനം സമൂഹത്തില്‍ ഉരുത്തിരിഞ്ഞു വന്നത് കൊണ്ടാണോ?

എന്തോ. ഒരു കാര്യം ഉറപ്പാണ്, ഗുരുവിനെ ദൈവതുല്യനായി കണ്ടിരുന്ന കാലം എവിടെയോ പോയ്‌ മറഞ്ഞു.  ഏകലവ്യന്റെ പേരുവിരല്‍ മുറിച്ചു മേടിച്ച ദ്രോണാചാര്യരെയും അബ്രാഹ്മണന് വിദ്യ നിഷേധിച്ച പരശുരാമാനെയുമൊക്കെ പോലെയുള്ള ഗുരുക്കന്മാരെ പോലും വെച്ചാരാധിക്കുന്ന ഒരു സമൂഹമായിരുന്നു നമ്മളുടെത്. അവരുടെ കര്‍മദോഷങ്ങളെയും കൈകുറ്റപ്പാടുകളെക്കാളും ഉപരിയായി അവരുടെ വിദ്യ പകര്‍ന്നു കൊടുക്കുക എന്ന എന്ന കര്‍മത്തിനുള്ള പ്രാധാന്യം മനസ്സിലാക്കി വെച്ചിരുന്നത് കൊണ്ടായിരിക്കാം.

പക്ഷെ, ഇപ്പോള്‍ ഒരു അദ്ധ്യാപനം എന്ന് പറഞ്ഞാല്‍, മെഡിസിനും എന്ജിനീരിങ്ങിനും അഡ്മിഷന്‍ കിട്ടാത്തത് കൊണ്ട് ഏതെങ്കിലും ഒരു താല്‍ക്കാലിക ജോലി അല്ലെങ്കില്‍ കുടുംബിനികള്‍ക്ക് അവധിക്കാലത്തിന്റെ സൌകര്യത്തോടെ വെറുതെ ഇരിക്കാതെ സമയം പോക്കാന്‍ ഒരു നേരമ്പോക്ക് എന്നൊക്കെയുള്ള രീതിയില്‍ എത്തിയിരിക്കുന്നു. വിദ്യാഭ്യാസ രംഗം പൂര്‍ണമായും കച്ചവട വല്ക്കരിച്ചപ്പോള്‍ അതിന്റെ കുത്തൊഴുക്കില്‍ അദ്ധ്യാപനതിനും അതിന്റെ ചുവടു പിടിച്ചു സമൂലം മാറേണ്ടി വരുന്നു. കാശ് കൊടുത്തു വിദ്യ വാങ്ങിക്കുന്നവരുടെ മുന്നില്‍ അദ്ധ്യാപകന്‍ കൊടുക്കുന്ന കാശിനു തൊഴിലെടുക്കുന്ന ഒരു തൊഴിലാളി ആയില്ലെന്കിലെ അത്ഭുതം ഉള്ളൂ. അതുകൊണ്ടാണ് ഈ സമൂഹത്തില്‍ അര്‍ഹതയുള്ള ഗുര്ക്കന്മാര്‍ക്ക് പോലും ഭയഭക്തിബഹുമാനം പോയിട്ട് വിദ്ധ്യാര്‍ഥികളുടെ  ഒരു പരിഗണന പോലും കിട്ടാത്തത്.

അഭിപ്രായങ്ങളൊന്നുമില്ല: