വെള്ളിയാഴ്‌ച, ഡിസംബർ 16, 2011

സഹിക്കാനാവാത്ത ഒരു പാട്ട് - ഒരു പരസ്യവും

കുറച്ചു പഴയ പാട്ടാണ്..ഹിറ്റായിരുന്ന ഒരു സിനിമ പാട്ട്... മലയാളികളുടെ ചുണ്ടില്‍ തത്തിക്കളിച്ചിരുന്ന... ഇന്നും പലര്‍ക്കും പ്രിയപ്പെട്ട ആ പാട്ട്. പക്ഷെ  ഈ പാട്ട് എപ്പോള്‍ കേള്‍ക്കുമ്പോഴും എനിക്കങ്ങോട്ട് ചോര തിളച്ചു പൊന്തും .. കേരളത്തില്‍ ഒരു പാട് ഫെമിനിസ്റ്റുകള്‍ ഉണ്ട്, സ്ത്രീപക്ഷ ബുദ്ധിജീവികള്‍ ഉണ്ട്.. ഇവരൊക്കെ ഉണ്ടായിട്ടും, ഇത്രയും പിന്തിരപ്പന്‍ ആശയങ്ങള്‍ കൊണ്ടാടുന്ന ഒരു പാട്ട്, സമൂഹം പ്രിയപ്പെട്ടതായി ഏറ്റെടുത്തു കൊണ്ട് നടന്നിട്ട് അവര്‍ക്കൊന്നും തോന്നിയിട്ടില്ല എന്നതാണ് അത്ഭുതം. രമേശന്‍ നായര്‍ രചിച്ചു യശ:ശരീരനായ എം ജി രാധാകൃഷ്ണന്‍ സംഗീതം നല്‍കിയ ആ ഹിറ്റ്‌ ഗാനം.പ്രിയദര്‍ശന്‍ സംവിധാനം ചെയ്തു മമ്മൂട്ടിയും സുഹാസിനിയും അഭിനയിച്ച രാക്കുയിലിന്‍ രാഗസദസ്സിലെ "പൂമുഖ വാതില്‍ക്കല്‍ സ്നേഹം വിളമ്പുന്ന ...." എന്ന് തുടങ്ങുന്ന ഗാനം... ഈയ്യിടെ ജയസുര്യ അഭിനയിച്ച "ഇവര്‍ വിവാഹിതരായാല്‍"  എന്ന സിനിമയില്‍ പുന:സൃഷ്ടിക്കാന്‍ പോന്ന ജനപ്രീതി നേടിയെടുത്ത ആ ഗാനം. ഭാര്യയെ ഒരു അടിമയായി കാണുന്ന ഈ സമൂഹത്തിന്റെ പ്രതിലോമ ചിന്താഗതിയെ പാടി പുകഴ്ത്തുന്ന ഒരു ഒന്നാം തരം പിന്തിരിപ്പന്‍ പാട്ട് ആണ്. അത് പ്രതിനിധാനം ചെയ്യുന്ന തരംതാണ രാഷ്ട്രീയം തിരിച്ചറിയാതെ ആണ് നമ്മുടെ സമൂഹം അത് പാടി നടക്കുന്നത് . "ഭൂമിയേക്കാളും ക്ഷമയുള്ള സൌഭാഗ്യ ദേവിയാണെപ്പോഴും ഭാര്യ.... കാര്യത്തില്‍ മന്ത്രിയും, കര്‍മത്തില്‍ ദാസിയും,  രൂപത്തില്‍ ലക്ഷ്മിയും (എന്തുകൊണ്ടോ അക്കൂട്ടത്തില്‍ ഒന്ന് വിട്ടു കളഞ്ഞു - ഭാഗ്യം) ഭാര്യ ...." എന്നിങ്ങനെ മാതൃകാ ഭാര്യമാര്‍  പാലിക്കേണ്ട ഒരു നിയമാവലി മുഴുവന്‍ എന്ത് മധുരോദാരമായാണ് ഗാനഗന്ധര്‍വന്‍ പാടി വെക്കുന്നത്. എന്റെ അറിവില്‍ ഇത്രയും പിന്തിരിപ്പന്‍ ആയ മറ്റൊരു പാട്ടും മലയാള ചലച്ചിത്ര ഗാന ശാഖയില്‍ ഇറങ്ങിയിട്ടില്ല എന്നാണ്.  ഇതൊക്കെ കേട്ട് കോള്‍മയിര്‍ കൊണ്ട് തങ്ങളെ പ്രകീര്‍ത്തിക്കുന്ന പാട്ടാണ് എന്ന് ചിന്തിക്കുന്ന സ്ത്രീകളെ  കുറിച്ചോര്‍ത്തു സഹതാപം തോന്നുന്നു.
ഇനി ഒരു പരസ്യം... അത് ഈയ്യിടെ ഇറങ്ങിയതാണ്... ജനങ്ങളുടെ മാതൃസ്നേഹം അണ തകര്‍ത്തോഴുക്കാന്‍ ഉദ്ദേശിച്ചു അടാനി ഗ്രൂപുകാര്‍ ഇറക്കിയത്... "മാ തെരി ആചാല്‍ മേ..." എന്ന് തുടങ്ങുന്ന പഴയ ഒരു ഹിറ്റ്‌ ഗാനം പശ്ചാത്തലമായി തങ്ങളുടെ ഫോര്‍ച്യൂണ്‍ എന്ന കുക്കിംഗ് ഓയില്‍ വില്‍ക്കാന്‍ ഇറക്കിയിരിക്കുന്ന പരസ്യം... അതങ്ങ് കാണുമ്പോള്‍ ഉണ്ടല്ലോ. അത്തരം അമ്മമാരെയും, അവര്‍ വളര്‍ത്തി (വഷളാക്കി) കൊണ്ടുവരുന്ന  പിള്ളാരെയും കുറിച്ച് ആലോചിക്കുമ്പോള്‍ തന്നെ വട്ടിളകും. വീട്ടില്‍ വരാന്‍ തയ്യാറാവാത്ത പുന്നാര മഹന് സമോസയും പൊതിഞ്ഞു  കെട്ടി അവന്‍ പണി എടുക്കുന്ന കപ്പലില്‍ വലിഞ്ഞു കയറി മകനെയും കൂട്ടുകാരെയും ഊട്ടുന്ന "സ്നേഹമയിയായ" അമ്മ. അത്തരം അമ്മമാരെയും അവര്‍ വഷളാക്കുന്ന മക്കളെയും.. അതാണ്‌ മാതൃസ്നേഹം എന്ന് പറഞ്ഞു പഠിപ്പിക്കുന്ന സമൂഹത്തെയും കുറിച്ച് ആലോചിച്ചു പുച്ഛം തോന്നുന്നു. സര്‍വം സഹയും, ക്ഷമയുടെ ആള്‍രൂപവും, ആയി വര്‍ത്തിച്ചു ആദ്യം ഭര്‍ത്താവിനും പിന്നെ മകനും ദാസ്യവേല ചെയ്യാനുള്ളതാണ് അമ്മയുടെ കടമ എന്ന് പരോക്ഷമായി  സൂചിപ്പിക്കുകയും അതിന്റെ മഹത്വത്തെ പാടിപുകഴ്തുകയും ചെയ്യുന്ന ഇത്തരത്തിലുള്ള പരസ്യാഭാസങ്ങള്‍ "വെളുപ്പിക്കാനുള്ള" ക്രീമുകളുടെ പരസ്യങ്ങളെയും അശ്ലീല പരസ്യങ്ങളെയും പോലെ തന്നെ തിരസ്കരിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.. ഇതും അശ്ലീലം തന്നെയാണ്.അഭിപ്രായങ്ങളൊന്നുമില്ല: