തിങ്കളാഴ്‌ച, ഒക്‌ടോബർ 31, 2011

എന്തായാലും ഫോര്‍മുല ഒന്ന് തന്നെ

നോയിഡയില്‍, ബുദ്ധയുടെ വിരിമാറില്‍ കഴിഞ്ഞ മൂന്നു നാല് നാള്‍ റബ്ബര്‍ ഒരു പാട് ഉരഞ്ഞ് തീര്‍ന്നു.  റെഡ് ബുള്ളും,  ഫെരാരിയും, മേക്ക് ലാരെന്നും അടക്കി  വാണ വേഗതയുടെ തമ്പുരാക്കന്മാര്‍ ട്രാക്കിലും പുറത്തും ആഘോഷ തിരമാലകളുടെ അലകള്‍ ഇളക്കി. ആ ആഘോഷം ആരവങ്ങളായി നഗരങ്ങള്‍ കൊണ്ടാടി. ലോകത്തിന്റെ നെറുകയിലാണ് സച്ചിന്‍ തെണ്ടുല്‍ക്കര്‍ ആ ചെക്കെര്ട് ഫ്ലാഗ് പാറിച്ചത്‌ എന്ന് തോന്നിക്കുന്ന രീതിയിലായിരുന്നു ദേശീയ മാധ്യമങ്ങളുടെ ആഘോഷം... പണ്ടൊക്കെ സമൂഹത്തിന്റെ സമുന്നത ശ്രേണിയില്‍ നില്‍ക്കുന്നവര്‍ മാത്രം പിന്തുടര്‍ന്ന് വന്നിരുന്ന ക്രിക്കറ്റ്‌ ഒരു  ജനകീയ ഗെയിം ആയി മാറിയപ്പോള്‍ തൊട്ട്‌ നടന്നു വന്നിരുന്ന കാത്തിരിപ്പ്‌ ആയിരുന്നു കണ്ട അണ്ടനും അടകോടനും ആഘോഷിക്കാന്‍ പറ്റാത്ത മറ്റൊരു എക്സ്ക്ലുസിവ് എലീറ്റ് കായിക മാമാങ്കത്തിന് വേണ്ടി .ഗോള്‍ഫ് എന്ന  അറു ബോറന്‍ സംഭവം വേര് പിടിപ്പിക്കാന്‍ ഏറെ പ്രയാസമാണ് എന്നത് കൊണ്ട് തന്നെ ഇതിന്റെ വിജയം ഉറ്റു നോക്കി കൊണ്ടിരിക്കുകയായിരുന്നു ഇന്ത്യന്‍ എലീറ്റ്. മുക്കിലും മൂലകളിലും പട്ട മടലും തുണി പന്തും കൊണ്ട് വഴിയോരത്തെ കോളനി പിള്ളേര്‍  തട്ടി കളിച്ചു ക്ലാസ് കളഞ്ഞു കുളിച്ച ക്രിക്കെട്ടിനു പകരം വെക്കാന്‍ ഒരു വരേണ്യ വിനോദം.. പോള്‍ പൊസിഷന്‍, ഷൂമാക്കെര്‍, സെബാസ്ടിന്‍ വെട്ടല്‍... എന്നൊക്കെ തന്റെ കീഴ്ജീവനക്കരാണോ, ഡ്രൈവര്‍മാരോ വലിഞ്ഞു കേറി ഒരു അഭിപ്രായം പറയും എന്ന് കുറച്ചു കാലത്തേക്കെങ്കിലും  ഭയക്കാതെ ഗീര്‍വാണം വിട്ടു അര്‍മാദിക്കാന്‍ ഒരു കായിക മാമാങ്കം, അതാണ്‌ എഫ് വണ്‍ അവരുടെ മുന്നില്‍ അവതരിച്ചത്.   ഐ പി എല്ലില്‍ ഒരു പരിധി വരെ കിട്ടിയിരുന്ന "ഗ്ലാമര്‍ ക്വോഷിന്റ്" . അത് കുറെ കൂടി ജനകീയത ഇല്ലാതെ... അതാണ്‌ ബുദ്ധ ട്രാക്കില്‍ അവര്‍ക്കായി ഒരുങ്ങിയത്.


അവിടെ ഫാഷന്‍ തരംഗങ്ങള്‍ ഇറക്കാനും റെഡ് കാര്‍പെറ്റ് നടക്കാനും ബോളിവുഡ് സുന്ദരികളും സുന്ദരന്മാരും , ഇന്ത്യ മഹാരാജ്യത്തിന്റെ നിയുക്ത പട്ടമഹിഷിയെ കെട്ടിയ മഹിഷനും, ഈ രാജ്യത്തെ എല്ലാ പട്ട കച്ചവടത്തിന്റെ മൊത്ത കച്ചവടക്കാരനും, അദ്ധേഹത്തിന്റെ  അനന്തരാവകാശിയും വാല്‍ നക്ഷത്രവും, ക്രിക്കെറ്റ് രാജാക്കന്മാരും, ബിസിനെസ്സ് ലോകത്തെ ശിങ്ങങ്ങളും പുലികളും  (അമര ശിന്ഗം കോടതിയെ പേടിച്ചു ഒതുങ്ങിയത് കൊണ്ട് എത്തിയില്ല), റോവാന്‍ ആട്ക്കിന്സന്‍ എന്ന ടി വി കോമാളിയും, റിച്ചാര്‍ഡ്‌ ബ്രാന്‍സണ്‍ എന്ന ബിസിനെസ്സ് കോമാളിയും,  ബെഹന്ജി എന്ന രാഷ്ട്രീയ കോമാളിയും, ലേഡി ഗാഗായും ... ഗ്ലാമര്‍ ലോകത്ത് നിന്ന് നമുക്ക് കിട്ടാവുന്ന എല്ലാ പൊന്നും പൊടിയും, സകലമാന അവതാരങ്ങളും ഒരു പോലെ അരങ്ങു തകര്‍ത്തു. കാറുകളെക്കാള്‍ ഇരമ്പി ആര്‍ത്തു...കൊടി പറപ്പിച്ചു...

ദോഷം പറയരുതല്ലോ, ഇത്രയും ടോപ്‌ റാങ്കിംഗ് ഇന്റര്‍നാഷണല്‍ താരങ്ങള്‍ എല്ലാം ഒരു മടിയും കൂടാതെ ഇന്ത്യയില്‍ വന്നു അവതരിച്ച മറ്റൊരു സ്പോര്‍ട്സ് ഇനവും (മണി ശങ്കേര്‍ അയ്യരുടെ ഭാഷയില്‍ എന്റെര്‍തൈന്‍മെന്റ്) ഈ അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ല. തലേ നാള്‍ മെറ്റാലിക്ക കാലു വാരിയിട്ടും പരിപാടി ഒരു വന്‍ വിജയമായിരുന്നു എന്ന് ടി വി യില്‍ കണ്ട എല്ലാവരും സമ്മതിക്കും. ഏതായാലും ഇന്ത്യയുടെ നിമിഷം ഇതാ സമാഗതമായി (india arrived)  എന്ന് കൊട്ടി ഘോഷിക്കുന്ന വായ്താരികള്‍ക്ക് ഇതോടെ മുഴക്കം ഏറി...

പക്ഷെ ശരിക്കും ഇതൊക്കെ അന്തര്‍ദേശീയ അന്ഗീകാരത്തിന്റെ ലക്ഷണമാണോ?...അതോ അവിടങ്ങളിലെ അകിടില്‍ ഊറ്റാന്‍ പാലൊന്നും ബാക്കി ഇല്ലാത്തതു കൊണ്ട് ഈ പശുവിനെ പിടിച്ചതാണോ. എനിക്കറിയില്ല. അതൊക്കെ കാലം തെളിയിക്കട്ടെ...എല്ലാം നല്ലതിന് എന്ന് കരുതുന്നത് നന്ന്.

ഇതൊക്കെ കാണുമ്പോള്‍ ഒന്ന് തോന്നുന്നു.  ചിലപ്പോള്‍ തീഹാരില്‍ നിന്നും നമ്മുടെ കല്മാടി സാര്‍ ഉള്ളം കൈകള്‍ ചോറിയുന്നുണ്ടായിരിക്കും... അടുത്ത ഫോര്‍മുല വണ്‍ വരുംപോഴെക്കെങ്കിലും ഒന്ന് കൈവക്കാന്‍ കിട്ടിയിരുന്നെങ്കില്‍ എന്ന് പ്രാര്‍ഥിച്ചു കൊണ്ട്..

വ്യാഴാഴ്‌ച, ഒക്‌ടോബർ 27, 2011

തമാശക്ക് ഒരാളെ കൊല്ലുമ്പോള്‍ ...

ഞാനും ഒരു പാട് പ്രിഥ്വിരാജ് തമാശകള്‍ കേള്‍ക്കുകയും ഷെയര്‍ ചെയ്യുകയും ചെയ്തിട്ടുള്ളവനാണ് ... അത്ര രൂക്ഷമായി അല്ലെങ്കിലും അദ്ധേഹത്തിന്റെ ഒരു ഇന്റര്‍വ്യൂവിനെ പറ്റി വിമര്‍ശിച്ചു ഇവിടെ തന്നെ  ഒരു പോസ്റ്റും ഇട്ടിരുന്നു.

http://purambokkilanjucent.blogspot.com/2011/09/blog-post_12.html

പക്ഷെ അതിന്റെ ഒരു ദുഖകരമായ ഒരു വശം വെളിവായത് ആകസ്മികമായി ഇന്നലെ പുതുതലമുറയില്‍ പെട്ട രണ്ടു പെണ്‍കുട്ടികള്‍ തമ്മില്‍ സംസാരിക്കുന്നത് കേള്‍ക്കാന്‍ ഇടവന്നപ്പോഴാണ്... ഒമ്പതാം ക്ലാസ്സില്‍ പഠിക്കുന്ന ഒരു പെണ്‍കുട്ടിയും ഒരു പോസ്റ്റ്‌ ഗ്രാജുവ്ഷന്‍ പ്രൊഫഷണല്‍ കോഴ്സിനു അവസാന വര്‍ഷം പഠിക്കുന്ന മറ്റൊരു പെണ്‍കുട്ടിയും ... അവരുടെ സംവാദത്തില്‍ നിന്നും അവര്‍ക്കെന്തോ ആ ചെറുപ്പക്കാരനോട്‌ കടുത്ത വിദ്വേഷമോ ശത്രുതയോ ഉള്ള പോലെ എനിക്ക് തോന്നി.

കുറച്ചു നേരം അവരുടെ ആ സംഭാഷണങ്ങള്‍ കേട്ടിരുന്നപ്പോള്‍ മനസ്സിലായ ഒരു വസ്തുത, അവര്‍ക്ക് ആ വെറുപ്പും വിദ്വേഷവും ഒക്കെ അദ്ദേഹം ഒരു അഹങ്കാരി ആണ് എന്ന ഒരൊറ്റ അഭിപ്രായത്തില്‍ നിന്നും ഉടലെടുത്തതാണ് എന്നതാണ്.. അത് ഉരുത്തിരിഞ്ഞു വരുന്നതോ, മുഖ്യമായും "പ്രിഥ്വിരാജപ്പന്‍" എന്ന പേരില്‍ യു ടുബില്‍ ഹിറ്റുകള്‍ ഏറ്റു വാങ്ങുകയും മൊബൈലുകളില്‍ നിന്ന് മോബിലുകളിലേക്ക് പകര്‍ന്നോഴുകുകയും ചെയ്യുന്ന ഒരു വീഡിയോ ക്ലിപ്പില്‍ നിന്നും. ഒരു പാട് നല്ല കഴിവുകള്‍ ഉള്ള, തന്റെ തലമുറയില്‍ പെട്ട മറ്റു ചെറുപ്പക്കാരെക്കാള്‍ വിവരവും, ആത്മവിശ്വാസവും ഉള്ള ഒരു ചെറുപ്പക്കാരനാണ് ഇത്രയും ക്രൂരമായ, രൂക്ഷമായ വിമര്‍ശനങ്ങള്‍ക്ക് നേരമ്പോക്കിനായി ആരോ ചെയ്ത ഒരു വിക്രിയയുടെ അടിസ്ഥാനത്തില്‍, ഇരയായിരിക്കുന്നത് എന്നത് വളരെ സങ്കടകരമായ ഒരു വസ്തുതയാണ്... 

ഇതിനിടയില്‍ രസകരമായ ഒരു വസ്തുത അദ്ദേഹത്തിന് ബദല്‍ ആയി അവരുടെ മനസ്സില്‍ പ്രതിഷ്ഠ നേടിയിരിക്കുന്ന മറ്റൊരു യുവ നടനാണ്‌. ആ നടന്റെ അസാമാന്യ അഭിനയസിദ്ധിയും വിനയവും അവരെ ആകര്‍ഷിച്ചിരിക്കുന്നത്രേ. ആ നടനുമായി പരിചയമുള്ള ഒന്ന് രണ്ടു സുഹൃത്തുക്കള്‍ പറഞ്ഞത് അത്തരം എടുത്തു പറയത്തക്ക വിനയം ഒന്നും മറ്റൊരു spoilt brat എന്ന് അടുത്തിടപഴകുമ്പോള്‍ തോന്നിപ്പിക്കുന്ന ആ താരത്തിനില്ല എന്നാണു.. അതുപോലെ തന്നെ അദ്ധേഹത്തിന്റെ അത്ര അസാമാന്യ അഭിനയശേഷി ഒന്നും അനാവൃതമാക്കുന്ന കഥാപാത്രങ്ങള്‍ ഇതുവരെ കാണാന്‍ ഇടവന്നിട്ടുമില്ല എന്നത് വേറെ കാര്യം.. പക്ഷെ വിമര്‍ശനങ്ങളുടെ ഒരേ ഒരു ടാര്‍ഗെറ്റ് ബോര്‍ഡ്‌ ആയ പ്രിഥ്വിരാജിന്റെ ചിലവില്‍ വിനയവാനായി, അഭിനയപ്രതിഭയായി കയറി കൂടാനാണ് അദ്ധേഹത്തിന്റെ യോഗം. നല്ല സംവിധായകര്‍ യോജിക്കുന്ന റോളുകളിലൂടെ വളര്‍ത്തി എടുത്താല്‍ നമ്മുടെ ചലച്ചിത്ര ലോകത്തിനു ഒരു മുതല്‍ കൂട്ടാവാവുന്ന ഒരു നടനാണ്‌ പ്രിഥ്വിരാജ് .  അദ്ദേഹത്തിന് അതിനുള്ള ബുദ്ധിയും കഴിവും ഉണ്ട് എന്നാണു വിശ്വാസവും. ഒരു പക്ഷെ  ഇതുവരെ മറ്റൊരു മലയാളി നടനും കഴിഞ്ഞിട്ടില്ലാത്ത രീതിയില്‍ അന്യഭാഷ ചിത്രങ്ങളിലൂടെ ദേശീയ തലത്തില്‍ ശ്രദ്ധ നേടുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞാലും അത്ഭുതപ്പെടാനില്ല. അതിനു അദ്ദേഹവും ഒന്ന് മനസ്സ് വെച്ച് തന്റെ കാരിയര്‍ പ്ലാന്‍ ചെയ്‌താല്‍ മതിയാകും.

ഇക്കഴിഞ്ഞ തലമുറയിലെ സൂപ്പര്‍ താരങ്ങളായി വിലസുന്ന പലരും, അത് പോലെ സംവിധായക ശിങ്കങ്ങളും, അച്ചടിച്ച്‌ വെച്ച വകയില്‍ വായിച്ചിട്ടുള്ളത് നാനയും വെള്ളിനക്ഷത്രവും മാത്രമാണ് എന്ന് പ്രശസ്തനായ ഒരു ക്യാമറമാന്‍ മുമ്പൊരിക്കല്‍ പറഞ്ഞിട്ടുണ്ട്. അവരുടെ ഇടയില്‍ ഒരു വിധം നന്നായി വായിച്ചിട്ടുള്ളതും (അദ്ദേഹം ഉപയോഗിക്കുന്ന മലയാളം ഭാഷ തന്നെ അതിനു തെളിവ്) സാമാന്യം നല്ല നിലവാരത്തിലുള്ള  പൊതു വിജ്ഞാനം ഉള്ളതും ആയി തോന്നിയിട്ടുള്ള അപൂര്‍വ്വം നടന്മാരിലോരാളാണ് പ്രിഥ്വിരാജ്. സ്പഷ്ടമായി ശുദ്ധമായ മലയാളത്തിലാണ് അദ്ദേഹം ഇതുവരെ സംസാരിച്ചു കണ്ടിട്ടുള്ളത്. അത് പോലെ നല്ല ഇംഗ്ലീഷും അദ്ദേഹത്തിനു അനായാസമായി  വഴങ്ങും. (അദ്ധേഹത്തിന്റെ ഭാര്യയുടെ ആ കമന്റ്സ് തല്‍കാലം അവഗണിക്കുമ്പോള്‍ തന്നെ) സൈനിക് സ്കൂളില്‍ പഠിച്ച അദ്ദേഹത്തിന്നു  ഹിന്ദി കൈകാര്യം ചെയ്യാനും ബുദ്ധിമുട്ടുണ്ടാവില്ല . ഭാഷാജ്ഞാനം അഭിനയശേഷിയുടെ മാനദന്ധമാണ് എന്നുള്ള മിഥ്യ ബോധം കൊണ്ടല്ല ഇത് കുറിച്ചത്.. പക്ഷെ ഭാഷയില്‍ നല്ല അടിത്തറ ഉള്ള ചെറുപ്പക്കാര്‍ ഇന്ന് ന്യൂനപക്ഷമാണ് എന്നുള്ള തിരിച്ചറിവ് കൊണ്ടാണ്.

പ്രേക്ഷകകേരളത്തിന്റെ കുറ്റപത്രത്തില്‍ ശ്രീ പ്രിഥ്വിരാജിന്റെ ഓഹരിയില്‍ പ്രധാനമായും രണ്ടു ആരോപണങ്ങള്‍ ആണ് ഉള്ളത്. ഒന്ന് -അദ്ധേഹത്തിന്റെ അഭിനയരീതിയില്‍ വ്യത്യസ്തത ഉള്ള റോളുകള്‍ കൈകാര്യം ചെയ്യുവാന്‍ വേണ്ട അനായാസതയുടെ (flexibility) അഭാവം, രണ്ടു - അദ്ദേഹത്തില്‍ ആരോപിക്കപെടുന്ന ആരെയും കൂസാത്ത അഹങ്കാരം. മമ്മൂട്ടിയെപ്പോലെ ഒരു താരം ഇത്രയും ഉയരത്തിലെതിയിട്ടുള്ളത് അനായാസമായ അഭിനയ ശൈലി കൊണ്ടാണോ?. രാജമാണിക്യം, മായാവി തുടങ്ങിയ ചില സിനിമകളിലൂടെ തനിക്കു വഴങ്ങുന്ന രീതിയില്‍ ഉള്ള ഹാസ്യം പരുവപ്പെടുത്തി എടുക്കുന്ന വരെ അദ്ധേഹത്തിന്റെ ഹാസ്യ രംഗങ്ങള്‍ എത്ര അരോചകമായിരുന്നു?. നമ്മുടെ ഹാസ്യ സങ്കല്‍പ്പങ്ങള്‍ അത് വരെ ചമ്മലും അത് പോലെ ചില സ്ത്രൈണ ഭാവങ്ങളുമായി, പൌരുഷത്തിന്റെ പ്രതിരൂപങ്ങള്‍ക്ക് വഴങ്ങാകനി ആയിരുന്നല്ലോ. അത് കൊണ്ട് വിവരമുള്ള സംവിധായകര്‍ അയാളിലെ പ്രതിഭ കണ്ടറിഞ്ഞു കഥാപാത്രങ്ങള്‍ സൃഷ്ടിച്ചു കൊളളും എന്ന് കരുതി ക്ഷമിക്കുക. നല്ല റോളുകള്‍, നല്ല സംവിധായകരുടെ മേല്‍നോട്ടത്തില്‍ കിട്ടിയാല്‍, നല്ല രീതിയില്‍ അഭിനയിച്ചു ഫലിപ്പിക്കാന്‍ അദ്ദേഹത്തിന്നാവും എന്നുറപ്പ്. വെറുതെ അനുരാഗ് കാശ്യപും മണി രത്നവും പോലെയുള്ള ചലച്ചിത്രകാരന്മാര്‍ മൊട മാത്രം കണ്ടു ആരെയും വിളിച്ചു അഭിനയിപ്പിക്കില്ലല്ലോ?

ഇനി "അഹങ്കാരി" എന്നാ ചീത്തപ്പെരോഴിവാക്കാന്‍ ഒരു പ്രൊഫഷണല്‍ എന്ന നിലയില്‍ കേരളത്തില്‍ മാത്രം പ്രത്യേകം വേണ്ട വിനയാഭിനയം. ഒരു കണക്കിന് നോക്കിയാല്‍ "അഹങ്കാരവും" "ആത്മവിശ്വാസവും" തമ്മിലുള്ള അതിര്‍ വരമ്പ് വളരെ നേരിയതാണ്. അതല്ലാതെ കണ്ടു ചേട്ടാ, ചേച്ചി, മച്ചമ്പി, എന്നൊക്കെ വിളിച്ചു മണിയടിച്ചു സോപ്പ് പതപിച്ചു നിന്ന് കൊണ്ടുള്ള പി ആര്‍ സ്കില്‍സ് വളര്‍ത്തി എടുക്കാന്‍ അദ്ധേഹം പരിശ്രമിക്കേണ്ടി വരും.. ഒന്നുകില്‍ ദിലീപിന് ശിഷ്യപ്പെടാം, അല്ലെങ്കില്‍ വാ മൂടി മിണ്ടാതിരിക്കേണ്ടി വരും.

കാഫലമുള്ള മരത്തിനെ കല്ലെറിയൂ എന്നൊക്കെ നമുക്ക് തല്‍കാലം പറഞ്ഞൊഴിയാം. പക്ഷെ നിരുപദ്രവം എന്ന് തോന്നിക്കുന്ന തമാശകള്‍ ഒരു കഴിവുള്ള ചെറുപ്പക്കാരന്റെ കരിയറിനെ ബാധിക്കുന്ന രീതിയില്‍ അതിക്രമിച്ചു പോകുന്നത് കണ്ടില്ല എന്ന് നടിക്കരുത്. ഒരു നേരമ്പോക്ക് എന്നാ നിലയിലാണ്  പ്രിഥ്വിരാജ്  തമാശകളെ കണ്ടിരുന്നത്‌. ഇതിത്ര കൊടിയ വിഷമാവും എന്ന് ഒരിക്കലും നിനച്ചിരുന്നതല്ല. ഏതായാലും ഇത്രയുമൊക്കെ ആയ സ്ഥിതിക്ക് ഞാന്‍ ആയിട്ട് ഇനി ഒരു  പ്രിഥ്വിരാജ്  തമാശകളും ഫോര്‍വേഡ് ചെയ്യില്ല. പോസ്റ്റും ചെയ്യില്ല....

കൂട്ടിചേര്‍ത്തത്: ഈയ്യിടെ സി സി എല്‍ എന്ന തമാശക്കളിക്കിടയില്‍, മലയാളത്തിലെ പല പ്രിയതാരങ്ങളും തങ്ങളുടെ അടുത്തും ഇംഗ്ലീഷില്‍ ചോദ്യവുമായി വന്ന പെണ്‍കുട്ടിയെ കണ്ടപാടെ ചെകുത്താന്‍ കുരിശിനെ കണ്ട രീതിയില്‍ വിരണ്ടത് കാണാതിരുന്നില്ല..  അല്ല മലയാളത്തില്‍ അഭിനയിക്കാന്‍ സായിപ്പിന്റെ ഭാഷയില്‍ പ്രാവീണ്യം വേണം എന്നുള്ള അഭിപ്രായം കൊണ്ട് സൂചിപ്പിച്ചതല്ല. പ്രിഥ്വിരാജിന്റെ ഭാര്യ അത് തുറന്നു പറഞ്ഞപ്പോള്‍ - എന്തായിരുന്നു പുകില് എന്നോര്‍ത്ത് ഇവിടെ കുറിച്ചതാ. 

ബുധനാഴ്‌ച, ഒക്‌ടോബർ 26, 2011

മഴവില്ല് തെളിയുമ്പോള്‍ കുട പിടിക്കുന്നതാരാണ്?

എടാ പൊതുജനമേ കഴുതേ ... നിനക്കൊക്കെ എന്തിന്റെ കുറവാ ആ  ആ രാഘവന്റെയും കോയാ സാഹിബ്ബിന്റെയും ചെക്കന്മാരുടെ പരദൂഷണ കോടതിക്കും ഒളി ക്യാമറ കാലക്ഷേപതിനും നിന്ന് കൊടുക്കാന്‍. കൊറേ ബുദ്ധിമുട്ടിയാ നമ്മടെ ചാനെലിനു ടി ആര്‍ പിയും കോപ്പുമൊക്കെ കൂട്ടിക്കൊണ്ടു വരുന്നത്.  നിങ്ങക്കറിയോ ഈ ഐ എന്‍ എസ് പോലെ പണ്ടൊരു മാപ്പിള ആനപ്പുറത്ത് ഇരുന്നതിന്റെ തഴമ്പ് കാട്ടികൊടുത്താല്‍ വളഞ്ഞു കിട്ടുന്നതല്ല ഐ ബി എഫു എന്ന്. അവിടെ കുറെ പുത്തന്‍ കൂറ് ഗോസായിമാരും വന്‍ സായിപ്പ് സ്രാവുമാരും ആണിപ്പോ അടയിരിക്കുന്നത്‌.  കോട്ടയത്തേക്ക് ബുദ്ധി എത്തുന്നതിനു മുമ്പ് തന്നെ അവന്മാര്‍ അവിടെ കേറി അട്ടിപെറായിരുന്നു.

അത് കൊണ്ട് മുര്ടോക്കിനെയും നിധികളെയും  മറ്റു ബഹുരാഷ്ട്ര കൊപ്പന്മാരെയും ഒക്കെ മുട്ടിയും തടഞ്ഞും വലിച്ചും വലിപ്പിച്ചും ഒരു വിധം കാലുറപ്പിച്ചു പോരുംപോളാ ഇവന്റെ ഒക്കെ ഒരു നേരും നെറിയുമില്ലാത്ത ഒളി ക്യാമറ കളി. അവിടുന്നും ഇവിടുന്നും മാന്തി എടുത്ത വെവരം ഒള്ള ഒന്ന് രണ്ടു കൊച്ചുങ്ങള്  ഒന്ടായിരുന്നത് അതുങ്ങളെയും തട്ടി എടുത്തു കൊണ്ട് പോയി. അതും പോരാഞ്ഞാ പിന്നെ എന്നും ഇപ്പോഴും മുക്കിനും മുരടലിനും ഒരു എക്സ്ക്ലൂസിവുകളി...

എടാ കഴുതകളെ ... കൊച്ചീന്ന് നല്ല എച് ഡി തെളിച്ചത്തില്‍ നിമിഷം തോറും  നിന്റെ ഒക്കെ വീട്ടിന്റെ വിരുന്നു മുറിയില്‍ എത്തിച്ചു തരുന്നില്ലേ ... അത് കണ്ടെച്ചാല്‍ പോരെ. കേട്ടാല്‍ ഇനിക്കുന്ന ചാണ്ടി തമ്പ്രാന്റെ മൊഴി മുത്തുകള്‍.  കാണാന്‍ ചേലുള്ള ഗണേശന്‍ ആനയുടെ നെട്ടിപട്ടവും വെഞ്ചാമരവും. മനം മറന്നു ആസ്വദിക്കാന്‍ പച്ചാളം ജോര്‍ജ്ജ് ചേട്ടന്റെ നവരസ പ്രകടനം.  മേമ്പോടിയായി നേരെയും ചൊവ്വയും വളച്ചും പുളച്ചും ലൂക്കൊച്ചന്റെ സോപും സുഖിപ്പീരും കേട്ട് പതപ്പിച്ചിരുന്നു പുളകിതരാവുന്ന സെലിബ്രിട്ടി താരങ്ങള്‍. കോട്ടയത്തെ ഏമാന്മാരുടെ നിയന്ത്രണ രേഖക്കുള്ളില്‍ നിന്നുകൊണ്ടുള്ള നമ്മടെ പിള്ളാര്‌ കളിക്കുന്ന  അത്യുഗ്രന്‍ ഞാണിന്മേല്‍ കളി. ഹൈകമ്മാണ്ടിന്റെ തിരുവായ്ക്ക് എതിര്‍വാ ഇല്ലാത്ത തിരുവാ എതിര്‍വാ. പിന്നെ അനുനിമിഷം പുറത്തേക്കു വിടുന്ന അത്യുഗ്രന്‍ അഴിമതി സാഹിത്യ കൃതികള്‍. അരുണ്‍ കുമാറിന്റെ കോടികള്‍ മറിച്ചുള്ള വമ്പന്‍ അഴിമതി, പണ്ടത്തെ ചാരക്കെസിനെ വെല്ലുന്ന ദല്ലാള്‍ കുമാര്‍ എന്ന ഇന്റര്‍നാഷണല്‍ ഭീകരന്റെ ദേശദ്രോഹ ഗൂഢാലോചന. ഇതിനൊക്കെ ഇടക്കെ കണ്‍ കുളിര്‍ക്കാന്‍ മിസ്‌ കേരള മങ്കമാര്‍. സംഭവ ബഹുലമായ  മലങ്കര ഓര്‍ത്തഡോക്സ്  സൂപ്പെര്‍ ആക്ഷന്‍ ത്രില്ലെര്‍. പിന്നെ പോളിറ്റ് ബ്യൂറോയുടെ മൂക്കിന്‍ തുമ്പില്‍ നിന്ന് അടര്‍ത്തി എടുത്ത വി എസ് പിണറായി പോരിന്റെ എക്സ്ക്ലൂസിവ്  വാര്‍ത്തകള്‍.  അങ്ങിനെ എത്ര എത്ര  "ഇത്" ഉണ്ടാക്കുന്ന കിടിലന്‍ വാര്‍ത്തകള്‍ ...

ഇനി നിനക്കൊക്കെ ഒളി ക്യാമറയെ വേണ്ടൂ എന്നാല്‍ വെച്ച് തരുന്നില്ലേ റേഷന്‍ ഷാപ്പുകാരന്‍ ലോനക്കുട്ടിയുടെ ഒരു ചാക്ക് അരി പൂഴ്ത്തിവെച്ചു പാവങ്ങളെ വലക്കുന്ന വമ്പന്‍ അഴിമതി, പേരില്ലാത്ത മുഖം മൂടിവെച്ച കുപ്പിവെള്ളക്കാരന്റെ കുപ്പി വെള്ളത്തില്‍ തൊട്ട്‌ വെള്ളം കയറ്റുന്ന അതി ഭീകര മായക്കളി, പെട്ടിക്കട മരുന്ന് ഭീകരന്മാരുടെ മൂക്കിന്‍ ചോട്ടില്‍നിന്നു നമ്മുടെ ചുണക്കുട്ടന്മാര്‍ ഒളി ക്യാമറ വെച്ച് ഒപ്പി പിടിക്കുന്ന രസികന്‍ ബ്യ്ത്റെസ്.. സര്‍ക്കാര്‍ ആശുപത്രികളുടെ "ഇതുവരെ ആരും കണ്ടിട്ടില്ലാത്ത,  കേട്ടിട്ടില്ലാത്ത ശോചനീയാവസ്ഥയുടെ" ദയനീയ ചിത്രങ്ങള്‍, ചെക്ക് പോസ്റ്റിലെ "ഇന്നേവരെ ആരും അറിഞ്ഞിട്ടില്ലാത്ത കേട്ട് കേള്‍വി പോലും ഇല്ലാത്ത" വന്‍ കൈക്കൂലി, വണ്ടി ചെക്കിങ്ങില്‍  കാശ് വാങ്ങിക്കുന്ന എട്ട് കുട്ടന്‍പിള്ളയുടെ അപൂര്‍വ ദൃശ്യം, ഞമ്മടെ നയന്‍ വണ്‍ സിക്സ് മന്ത്രീനെ ബ്ലാക്ക്‌ മെയില്‍ ചെയ്യാന്‍ ശ്രമിച്ച കുത്സിത രൌഫുമാരെ തുറന്നു കാട്ടിയ സാഹിത്യകാരന്‍ മാഷിന്റെ അത്യുഗ്രന്‍ വെളിപ്പെടുത്തല്‍, അങ്ങനെ എത്ര എത്ര ഒളി ക്യാമറ എക്സ്ക്ലുസീവാ ഒപ്പിച്ചു തന്നിട്ടുള്ളത്.

എന്നിട്ടും എന്തിന്റെ കുറവാ നിനക്കൊക്കെ, ആ നികെഷിന്റെം മുനീരിന്റെം കള്ള ക്യാമറ കാണാന്‍ പോവാന്‍ .. അവര്‍ക്കെന്ത കൊമ്പുണ്ടോ?.. ഇനി നിനക്കൊക്കെ ഇതൊന്നും പോരാഞ്ഞു ധാ വരുന്നു എച് ഡി പരുവത്തില്‍  കോട്ടയത്ത്‌ വിരിക്കുന്ന വര്‍ണാഭമായ മഴവില്ലുകള്‍...http://berlytharangal.com/?p=8122

വെള്ളിയാഴ്‌ച, ഒക്‌ടോബർ 21, 2011

ഇങ്ങനെയൊക്കെ കൊണ്ട് നടക്കാന്‍ ടിന്റു മോന്‍ തന്നെ ധാരാളം

ഡീസല്‍ വില വീണ്ടും കൂട്ടാന്‍ തിരുമാനിച്ചു... ഒരു ദിവസം കേരള ബന്ദിനും കുറച്ചു അക്രമങ്ങള്‍ക്കും കല്ലെറിനുമൊക്കെ വകുപ്പായി.  ഇത്രയും കൊടി കെട്ടിയ സാമ്പത്തിക വിദഗ്ദര്‍ (പ്രധാന മന്ത്രി അടക്കം)  ഈ രാജ്യത്ത് ഉണ്ടായിട്ടു ആകെ രണ്ടേ രണ്ടു മാര്‍ഗമേ ധനകമ്മി കുറക്കാന്‍ നമ്മുടെ ഭരണാധികാരികള്‍ക്ക് അറിയൂ, അല്ലെങ്കില്‍ അവര്‍ ഉപയോഗിക്കുന്നുള്ളൂ. ഒന്നുകില്‍ ഇന്ധന വില കൂട്ടുക അതല്ലെങ്ങില്‍ പലിശ നിരക്ക് കൂട്ടുക. എന്തായാലും അത് സാധാരണക്കാരന്റെ വയറ്റത്ത് അടിക്കാനുള്ളതാണ്. അവര്‍ അല്ലെ രാപകല്‍ പണി എടുത്തു ഉപ്പു മുതല്‍ കര്‍പ്പൂരം വരെ കാശ് മുടക്കി വാങ്ങി  ജീവിത വണ്ടി വലിച്ചു തീര്‍ക്കേണ്ടത്. സാം പിട്രോടയും രംഗരാജനും ഒന്നും മാര്‍കെറ്റില്‍ പോയി ഉപ്പും മുളകും അരിയും സവാളയും വാങ്ങുന്നില്ലല്ലോ. ഇനി അവരൊക്കെ പെട്രോള്‍ അടിച്ചാലോ? അത് ലിട്ടെരിനു ആയിരം രൂപ ആയാലും നമ്മുടെ നികുതി പണത്തില്‍ നിന്നും കൊടുക്കുന്നതല്ലേ... അപ്പോള്‍ ഇതൊന്നും അവര്‍ക്കൊന്നും ഒരു പ്രശ്നവുമില്ല.  


ഒരു കണക്കിന് നോക്കിയാല്‍  ഇന്ത്യയെപ്പോലെയുള്ള വികസ്വര രാജ്യങ്ങള്‍ക്ക് ഇത്രയും അനുകൂലമായ സാമ്പത്തിക പരിതസ്ഥിതി ഇനി ഉണ്ടാവാനില്ല. വികസിത രാഷ്ട്രങ്ങള്‍ എല്ലാം തന്നെ സാമ്പത്തിക മാന്ദ്യത്തില്‍ പെട്ട് ഉഴലുന്നു. അത്തരം കമ്പോളങ്ങളില്‍ പണം ഇറക്കിയിരുന്ന നിക്ഷേപകര്‍ അവരുടെ നിക്ഷേപങ്ങള്‍ക്കായി വികസ്വര രാജ്യങ്ങളിലെ കമ്പോളങ്ങളില്‍ ഉറ്റു നോക്കി കൊണ്ടിരിക്കുന്നു. വളരുന്ന ഒരു സമ്പദ് വ്യവസ്ഥയില്‍ ഇന്‍വെസ്റ്റ്‌ ചെയ്യാനേ വിവരമുള്ള നിക്ഷേപകര്‍ തുനിയുകയുല്ലോ. പക്ഷെ ആ സമ്പദ് വ്യവസ്ഥ നല്ല രീതിയില്‍ പരിപാലിച്ചു വരുന്നതാണ് എന്ന് അവര്‍ക്ക് വിശ്വാസം ഉണ്ടാവണം എന്ന് മാത്രം. പക്ഷെ എങ്ങിനെ നോക്കിയാലും ക്രമക്കേടുകള്‍ മാത്രം ഉള്ള നമ്മുടെ സമ്പദ് വ്യവസ്ഥയില്‍ നിക്ഷേപിക്കണമെങ്കില്‍ ഒന്നുകില്‍ അവര്‍ക്ക് തലയ്ക്കു ഓളം ഉണ്ടായിരിക്കണം അല്ലെങ്കില്‍ കലക്കവെള്ളത്തില്‍  മീന്‍ പിടിക്കുന്ന തിരി മുറിഞ്ഞ കള്ളന്മാരാവണം.. 


ഇതല്ലാം നന്നായി അറിഞ്ഞിട്ടും, ഒന്നും അറിയില്ലെന്ന് നടിക്കുന്ന, ഒന്നും ക്രിയാത്മകമായി ചെയ്യാത്ത ആ ഇന്റര്‍നാഷണല്‍ ഇക്കനോമിസ്ടുകളെ നമ്മള്‍ എന്ത് ചെയ്യണം. ഇവിടെ സ്റ്റോക്ക്‌ മാര്‍ക്കറ്റ്‌ എന്നാ ചൂതാട്ട കേന്ദ്രവും, അഴിമതിയും കേടുകാര്യസ്തയും അരാജകത്വവും കൊടി കുത്തി വാഴുന്ന സമ്പദ് വ്യവസ്ഥയും നേരെയാക്കാന്‍ ഇവര്‍ക്കാര്‍ക്കും സമയമോ സൌകര്യവും ഇല്ല. മുട്ടുമ്പോ മുട്ടുമ്പോ പലിശ നിരക്കോ ഇന്ധന വിലയോ കൂട്ടാന്‍ ഹാര്‍വാര്‍ഡിലും ഒക്സ്ഫോര്ടിലും എം ഐ ട്ടിയിലും പയറ്റി തെളിഞ്ഞ പുലികളുടെ സേവനം ഒന്നും വേണ്ട. ഓടോമാട്ടിക് ആയി ഇതുയര്താന്‍ ഉള്ള എന്തെങ്കിലും സംവിധാനം ഉണ്ടായാല്‍ മതി. ഇത്രയും കോടികള്‍ മുടക്കി ആര്‍ ബി ഐയിലും, സാമ്പത്തിക മന്ത്രാലയത്തിലും ഇത്തരം വീര ശൂര പരാക്രമികളെ ചുമക്കേണ്ട  എന്ത് ആവശ്യം ആണ് നമുക്കുള്ളത് എന്ന് മനസ്സിലാവുന്നില്ല. ഇങ്ങനെ ഒക്കെ കൊണ്ട് നടക്കാന്‍ ടിന്റു മോന്‍ മതി.

വ്യാഴാഴ്‌ച, ഒക്‌ടോബർ 20, 2011

കാര്‍മേഘമാലകള്‍ക്കിടയില്‍ തെളിയുന്ന രജത രേഖകള്‍

ഒരു കാര്യം പറയാതെ വയ്യ .. ഇവിടുത്തെ കുത്തക മാധ്യമങ്ങള്‍ മാത്രം കൊടി കുത്തി വാണിരുന്ന ഒരു കാലഘട്ടത്തില്‍ നിന്നും ഏറെ ദൂരം മുന്‍പോട്ടു വന്നു ഇന്ന് ദ്രിശ്യ മാധ്യമങ്ങളുടെ ആവിര്‍ഭാവത്തില്‍ ഇന്ത്യ വിഷനും,  റിപ്പോര്റെരുമൊക്കെ ജനങ്ങളുടെ മുന്‍പില്‍ എത്തിക്കുന്ന സത്യങ്ങള്‍ കുറെയുണ്ട്.  അത് കൊണ്ട്, ഒരു പരിധി വരെ പുതിയ മാധ്യമങ്ങള്‍ ഉണ്ടായതിന്റെ ഗുണം കൊണ്ട് കുറെ മാടമ്പിമാരുടെ സ്വൈരജീവിതതിനെങ്കിലും അല്പം  ഭംഗം ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട് എന്ന് നമുക്ക് ആശ്വസിക്കാം.. മുമ്പൊക്കെ ചവറ്റുകൊട്ടയില്‍ എറിയുകയോ, വെള്ളിത്താലത്തില്‍ പട്ടു തൂവാല കൊണ്ട് മൂടി വെക്കുകയോ ചെയ്യുക മാത്രം ചെയ്തിരുന്ന പല അപ്രിയ സത്യങ്ങളും ഏറെ വൈമനസ്യത്തോടെ ആണെങ്കിലും ഉല്‍ പെജിലെകിലും കൊടുക്കാന്‍ നിര്‍ബന്ധിതര്‍ ആയിരിക്കയാണ് മലയാളത്തിന്റെ സുപ്രഭാതവും, സംസ്കാര പ്രചാരകരും ഒക്കെ.. മാധ്യമങ്ങളുടെ മത്സരമോ ജനകീയ വല്ക്കരനമോ എന്ത് വേണമെങ്കിലും ആയിക്കൊള്ളട്ടെ, ഇതൊക്കെ ഒരു ചെറിയ അളവെങ്കിലും സാമാന്യ ജനത്തിന്റെ കണ്വേട്ടത്തില്‍ വരുന്നന്നത് എത്രയോ  നന്ന്... അത് പോലെ തന്നെ വളചോടിക്കപ്പെട്ട വാര്‍ത്തകളും. നമ്മുടെ കണ്‍ മുന്‍പില്‍ നാം കാണുകയും കേള്‍ക്കുകയും ചെയ്യുന്നതിലെ നെല്ലും പതിരും സാമാന്യ ബുദ്ധിയുള്ളവന് മനസ്സിലാകാന്‍ വ്യാഖ്യാതാക്കളുടെ ആവശ്യമില്ല.. അത് കൊണ്ട് തന്നെ മാധ്യമങ്ങള്‍ക്ക് അതിന്റെ യഥാര്‍ത്ഥ കര്‍ത്തവ്യമായ വാര്‍ത്ത അവതരണം എന്നതില്‍ നിന്നും കൂടുതല്‍ വ്യതിചലിക്കാന്‍ സാധിക്കാതെ വരുന്നു.. അക്ഷരങ്ങളുടെ മറ പറ്റി വാര്‍ത്ത മുന്നില്‍ എത്തുമ്പോള്‍ സത്യം കാണാപ്പുറത്തും  വ്യാഖ്യാനങ്ങളും അഭിപ്രായങ്ങളും പാകപെടുത്തിയ മാധ്യമ വീക്ഷണം വായനക്കാരന് മുന്നിലും എന്ന അവസ്ഥ  ആയിരുന്നു... ഇപ്പോള്‍ ദ്രിശ്യ മാധ്യമ വിപ്ലവം അത്തരത്തിലുള്ള വളചോടിക്കളിനുള്ള അവസരങ്ങള്‍ ഒരു പരിധി വരെ ലഖൂകരിക്കുന്നു.. അത് കൊണ്ട് തന്നെ കുത്തക മാധ്യമങ്ങളുടെ ദ്രിശ്യ അവതാരങ്ങള്‍ക്കു തമസ്ക്കരണം മാത്രമാണ് ആകെ ഉള്ള ഒരു ഓപ്ഷന്‍.. പക്ഷെ അത്തരത്തിലുള്ള താമസ്കരണങ്ങള്‍ വെച്ച് എത്രകാലം പ്രേക്ഷകര്‍ക്ക്‌ മുന്‍തൂക്കമുള്ള ഈ കമ്പോള വ്യവസ്ഥിതിയില്‍ പിടിച്ചു നില്ക്കാന്‍ പറ്റും എന്നത് ചിന്തിക്കേണ്ട വിഷയമാണ്... പക്ഷെ സത്യത്തെ തുറന്നു കാട്ടുക എന്നതില്‍ ഉപരിയായി നവ മാധ്യമങ്ങള്‍ക്ക് കാര്യമായൊന്നും ചെയ്യാന്‍ കഴിയില്ല.. അത് കൊണ്ട് അവിടെ നിന്നാണ് നമ്മുടെ ഇടപെടലുകള്‍ ആവശ്യമായി വരുന്നത്. 

ചൊവ്വാഴ്ച, ഒക്‌ടോബർ 18, 2011

സിനിമ റിവ്യൂകള്‍ ഇങ്ങനെയാവണം... അല്ലെങ്കില്‍ ഇങ്ങനെയേ ആവാവൂ

ഗഹനമായ പഠനങ്ങള്‍ അപഗ്രഥനം എന്നീ ശാഖകളെ പൂര്‍ണമായും ഒഴിവാക്കി കൊണ്ടാണീ കുറിപ്പ്. എഴുതിക്കൂട്ടന്‍ ഏറ്റവും എളുപ്പമുള്ള ഒന്നാണ് സിനിമ വിമര്‍ശനം. പത്തു നൂറു ദിവസം കോടിക്കണക്കിനു രൂപ ചിലവിട്ടു പത്തു മുന്നൂരാളുകള്‍ കഠിനാധ്വാനം ചെയ്തു രണ്ടര മണിക്കൂറില്‍ നിര്‍മിക്കുന്ന സിനിമയില്‍ പരിപൂര്‍ണത കൊണ്ടുവരാന്‍ ദൈവത്തിനു പോലും കഴിയില്ല. പിന്നെ അതെപറ്റി എന്ത് അസംബന്ധം  എഴുതിയാലും വായിക്കാന്‍ ഇഷ്ടം പോലെ ആളും..

സാഹിത്യ സൃഷ്ടികളെ പറ്റിയും സിനിമകളെക്കുറിച്ചും  റിവ്യൂ എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ഇത്തരം വിമര്‍ശന കുറിപ്പുകള്‍ എഴുതിയിരുന്ന പഴയ തലമുറകള്‍  രൂക്ഷമായ ഭാഷ ഉപയോഗിച്ച് നിശിതമായി വിമര്‍ശിച്ചിട്ടുണ്ട്. അതൊക്കെ ഒരു സൃഷ്ടിയെ ആസ്പദം ആക്കി ആയിരുന്നു. അല്ലാതെ ആ കലാകാരന്റെ, സാഹിത്യകാരന്റെ അല്ലെങ്ങില്‍ ചലച്ചിത്രകാരന്റെ പേര്‍സണല്‍ സ്പേസില്‍ കടന്നു കയറി വ്യക്തി വിദ്വേഷം തീര്‍ക്കുന്ന രീതിയില്‍ ആക്രമിച്ചല്ലഈ യുഗത്തില്‍ സൈബര്‍ സ്പേസില്‍ കയറുമ്പോള്‍  എവിടെയും കാണുന്ന വിമര്‍ശന കുറിപ്പുകള്‍ ഏറിയ കൂറും ഒരു വ്യക്തിയെ മുന്‍ നിര്‍ത്തി അവന്റെ സൃഷ്ടികളില്‍ നിന്നെല്ലാം മാറി നിന്ന് വ്യക്തികളുടെ ജാതി, മത, വര്‍ണ, വര്‍ഗ, ഐഡന്റിറ്റികള്‍ ഉന്നം വെച്ചാണ് വിമര്‍ശനങ്ങള്‍ മുന കൂര്പിക്കുന്നത്. അത് ക്രിടിസിസം ആയി കാണാന്‍ പറ്റില്ല. അത് അറ്റാക്ക്‌ എന്നാ ജനുസ്സില്‍ പെടുന്നവയാണ്. അവിടെയാണ് വഴി തെറ്റി പോകുന്നതും വായിക്കുന്നവരെ വഴി തിരിച്ചു വിടുന്നതും. പ്രണയം എന്ന സിനിമയെ വിമര്‍ശിച്ചുള്ള റിവ്യൂകള്‍ ഏറിയ കൂറും ബ്ലെസ്സിയോടുള്ള വ്യക്തി വിരോധം തീര്‍ക്കാനുള്ള കുറിപ്പുകള്‍ ആയാണ് വായനക്കാരന് തോന്നുക. നാലാള്‍ നല്ലത് എന്ന് പറഞ്ഞു പോപ്പുലര്‍ ആയ ഒരു ചലച്ചിത്രത്തെ നാല് തെറി പറഞ്ഞില്ലെങ്കില്‍ തന്നെ ബുദ്ധി ജീവികളുടെ ലിസ്റ്റില്‍ നിന്നും വെട്ടി കളയും എന്ന ഭീതി.. അത് കാരണം ഈ മാനസിക രോഗികള്‍ അകിടിന് ചുറ്റും  ചോര തിരഞ്ഞു നടക്കും. ഒടുവില്‍ എന്തെങ്കിലും കിട്ടും, അത് ഏതോ ഒരു രംഗത്തില്‍ ബാത്രൂമില്‍ ഒട്ടിച്ചു വെച്ച ഒരു സിനിമ പോസ്റ്റര്‍ ആവാം, അല്ലെങ്കില്‍ നായകന്‍റെ കൂട്ടുകാരന്‍ ധരിച്ചിരുന്ന അണ്ടര്‍ വെയര്‍ ഇന്റെ ബ്രാന്‍ഡ്‌ ആവാം, അതോ നായിക ഏതോ സീനില്‍ കഴിക്കുന്ന ഐസ് ക്രീം ഫ്ലാവരിനെക്കുറിചാവം, . അങ്ങിനെ എന്തെങ്കിലും തേടി പിടിച്ചു കൊലവിളി നടത്തുമ്പോള്‍ കിട്ടുന്ന ആത്മ ഹര്‍ഷം. ആ ഹ ഹ...

ഇയ്യിടെ ഒരു സിനിമ നിരൂപണം മുഴുവന്‍ ആ ചിത്രത്തിലെ നായക കഥാപാത്രം ഏതോ ഒരു രംഗത്തില്‍ ഓടിചിരിക്കുന്ന ഒരു ജീപ്പിന്റെ രജിസട്രറേന്‍ നമ്പറിനെ മാത്രം ചുറ്റി പറ്റി ഒരു നിരൂപകന്‍ നിര്‍വഹിക്കുന്നത് വായിക്കാനുള്ള ഭാഗ്യം സിദ്ധിച്ചു. ആ ചലച്ചിത്രത്തിനെ വിമര്‍ശിക്കാന്‍ മറ്റു ഒട്ടേറെ തലങ്ങളുടായിരിക്കെ തന്നെ ആ നമ്പര്‍ കുരുക്കില്‍ പെടുത്തി വലിച്ചിഴച്ചത് അയാളുടെ മനസ്സിലെ രാഷ്ട്രീയവും, വീക്ഷണങ്ങളും, നിലപാടുകളും,  വായിക്കുന്നവനിലേക്ക് അടിചെല്‍പ്പിക്കാനുള്ള അദമ്യമായ ഒരു ത്വരയെയാണ്.

അടുത്ത് കാണുന്ന കാര്യം,  തനിക്കു ഏതൊക്കെ വിഷയത്തില്‍ ആധികാരികമായ അറിവുണ്ട് അല്ലെങ്ങില്‍ പ്രാവീണ്യം ഉണ്ട് എന്ന് മാലോകരെ ധരിപ്പിക്കണം എന്നതിനുള്ള ശ്രമമാണ്.  പലപ്പോഴും ആദമിന്റെ മകന്‍ അബുവിനെ കുറിച്ച് റിവ്യൂ എഴുതുന്ന വിദ്വാന്‍ തന്റെ പക്ഷി ശാസ്ത്രത്തില്‍ ഉള്ള പ്രാവീണ്യം വ്യക്തമാക്കാന് കൂടുതല്‍ സമയം ചിലവിടുന്നത്‌. പലപ്പോഴും തങ്ങളുടെ അപകര്‍ഷത ബോധത്തിന് മറയായി സത്വ ബോധം എന്ന ഗീര്‍വാണം അടിക്കാനും റിവ്യൂ ഉപയോഗിക്കുന്നതും കാണാം. നായകന്‍റെ തൊലി കറുപ്പായത് കൊണ്ട് മാത്രം ഒരു ഉത്തരാധുനിക ബുദ്ധി ജീവി, ഒരു ചലച്ചിത്രാഭാസത്തെ അതുല്യ കലാസ്രിഷ്ടിയായി വാഴ്ത്തി പാടുന്ന സങ്കടകരമായ കാഴ്ചയും നമ്മുടെ മുന്നിലുണ്ട്. അദ്ധേഹത്തിന്റെ ഭാഗ്യ ദോഷത്തിനു ആ "ചലച്ചിത്രകാരന്‍" ഒരു സവര്‍ണ നാമധാരി ആയി പോയി.. അല്ലെങ്ങില്‍ അവിടെ ഒരു സന്ഘി തെറി വിളിക്ക് കൂടി ഇടം കണ്ടേനെ.  എന്ത് പറഞ്ഞാലും താങ്ങാനും കാണും നാലാള്. കല്ലെറിയാനും കാണും നാലാള്.




നാം ഒരുക്കിവെക്കുന്ന നമ്മുടെ സ്വന്തം തടവറകള്‍

ഇവിടെ ഈ സൈബര്‍ ലോകം പൊതു സമൂഹത്തിന്റെ ഒരു പരിച്ച്ചെദം ആണെന്ന് തീര്‍ത്തും പറയാന്‍ കഴിയില്ല എങ്കിലും ചില കാര്യങ്ങളിലൂടെ അത് പൊതു സമൂഹത്തിനെ ഒന്നടങ്കം പ്രതിഫലിപ്പിക്കുന്നുണ്ട് .. ആശയങ്ങളേക്കാള്‍ കൂടുതല്‍ അത് മുന്നോട്ടു വെയ്ക്കുന്ന വ്യക്തി, അവന്‍ പ്രതിനിദാനം ചെയ്യുന്ന ഐഡന്റിറ്റി എന്ന കാര്യങ്ങളോടുള്ള പ്രാധാന്യം.. ഒരാള്‍ ഒരു അഭിപ്രായം അല്ലെങ്ങില്‍ ഒരു ആശയം മുന്നോട്ടു വെച്ചാല്‍ ഇപ്പോഴും അതിനോട് പ്രതികരിചു കണ്ടിട്ടുള്ളത് ചില മാനധണ്ടങ്ങളുടെ പുറത്താണ്... അത് ആ ആശയത്തേക്കാള്‍  ഏറെ ആ ആശയത്തിന്റെ  അല്ലെങ്ങില്‍ ആ അഭിപ്രായത്തിന്റെ അതിര്‍ത്തിക്കു  പുറത്തു നിനുള്ള കാര്യങ്ങള്‍ ആസ്പമാക്കിയിട്ടുള്ളതാണ്.. നമ്മുടെ മുന്‍പിലുള്ള വാക്കുകളേക്കാള്‍, ദ്രിശ്യങ്ങലെക്കാള്‍ പ്രാധാന്യം നമ്മള്‍ ആ വാക്കുകളില്‍, ആ കാഴ്ചകളില്‍ നമ്മള്‍ കാണാന്‍ അഥവാ വായിക്കാന്‍ ആഗ്രഹിക്കുന്ന അല്ലെങ്ങില്‍ കാണുന്നു അഥവാ വായിക്കുന്നു എന്ന് കരുതുന്ന വ്യാഖ്യാനങ്ങള്‍ ആണ് .. അത് എഴുതുന്നവന്‍ ആര് , അവന്‍ പ്രതിനിധാനം ചെയ്യുന്ന ഐഡന്റിറ്റി എന്ത് ... അവന്‍ മുന്നോട്ടു വെക്കുന്ന  ആശയത്തില്‍ അഥവാ മെസ്സജില്‍ ഞാന്‍ എന്ത് നിലപ്പാട് ആണ് ഇതുവരെ പുലര്തിയിട്ടുള്ളത് ... ഇതൊക്കെ കൂട്ടികലരുന്നു അതോട് കൂടി ആ മെസ്സേജ് എന്ന സത്യം ശഖലിതമായി മാറുന്നു. ആ മെസ്സജിനോട് വസ്തു നിഷ്ഠമായ ഒരു പ്രതികരണം അസാധ്യമാവുന്നു.. ഞാന്‍ പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട് നാം ഇഷ്ടത്തോടെ അണിയുന്ന അല്ലെങ്ങില്‍ നമ്മുടെ മേല്‍ അടിചെല്‍പ്പിക്കപെടുന്ന ഐടെന്റിടികള്‍ നമ്മുടെ മനസ്സിനും, ബുദ്ധിക്കും വിലങ്ങുകള്‍ ഇടുന്നതായി... ഒരു രാഷ്ട്രീയ കക്ഷിയില്‍ പെട്ട് പോയത് കൊണ്ട്, അല്ലെങ്ങില്‍ ഒരു മത വിശ്വാസി ആയി പോയത് കൊണ്ട്, മനസ്സാക്ഷിക്കു നിരക്കാത്ത പലതും, ബുദ്ധിക്കും ചിന്തക്കും പാകമാകാത്ത പലതും അന്ഗീകരിക്കേണ്ടി വരുന്നതും ന്യായീകരിക്കേണ്ടി വരുന്നതുമായ ഒരു അവസ്ഥ വിശേഷം ആണ് ഇന്ന് സമൂഹം നില നിര്‍ത്തുന്നത് ... അല്ലെങ്ങില്‍ എന്തിനു സമൂഹത്തെ പഴിക്കണം, നമ്മള്‍ വ്യക്തികള്‍ നില നിര്‍ത്തുന്നത് ... 

അത് പോലെ തന്നെയാണ് അടിചെല്‍പ്പിക്കപ്പെടുന്നതായ കാര്യങ്ങള്‍ ... ഒരാള്‍ ഇങ്ങനെ ആയിരിക്കണം എന്ന വാര്‍പ്പ് മാതൃകകള്‍ നമ്മുടെ അസ്തിത്വത്തിനു മുന്നില്‍ അടിചെല്‍പ്പിക്കപ്പെടുകയാണ് ... അവനനവന്‍ വിശ്വസിക്കുന്ന പ്രസ്ഥാനത്തില്‍  നടക്കുന്ന അപചയങ്ങളെ ന്യായീകരിക്കേണ്ട ദുര്‍വിധി പല മഹാന്മാര്‍ക്കും ഉണ്ടായിട്ടുണ്ട്. അച്ചടക്കം എന്ന ജനാധിപത്യവിരുദ്ധമായി ദുര്‍ വ്യാഖ്യാനം ചെയ്യപ്പെട്ടിട്ടുള്ള ഒരു ആയുധം ആണ് പലപ്പോഴും അതിനു ഉപയോഗിക്കുന്നത്. താന്‍ ഭാഗമായിട്ടുള്ള ഒരു പ്രസ്ഥാനത്തോട്, അതിന്റെ നയങ്ങളോട്, ഭാഗമായിട്ടുള്ള മറ്റു വ്യക്തികളോട്, അതില്‍ ഉണ്ടാവുന്ന സാഹചര്യങ്ങളോട് വിയോജിപ്പ് അല്ലെങ്ങില്‍ പ്രതിഷേധം പ്രകടിപ്പിക്കുവാനുള്ള ഒരു വിശാല ചിന്ത ഒരു പ്രസ്ഥാനവും കൊടുക്കുന്നില്ല... പുരോഗമനം എന്ന ലാബെലിട്ടായാലും പിന്തിരിപ്പന്‍ എന്ന് കരുതപെടുന്ന കൂട്ടായ്മയായാലും വലിയ വ്യത്യാസം ഒന്നും ഈ വിഷയത്തില്‍ ഉണ്ടെന്നു തോന്നുന്നില്ല.. പലപ്പോഴും പ്രസ്ഥാനത്തിന്റെ ഇരുമ്പ് മറക്കുള്ളില്‍ ഒരു വേദി ഒരുക്കപ്പെടാരുന്ടെങ്കിലും അതെ എത്രത്തോളം ഫലപ്രദം ആയിരുന്നെന്നു കാലം തെളിയിച്ചതാണ്.

സാങ്കേതികത എന്നത് അടുത്ത കുരുക്ക്‌.. ഇപ്പോള്‍ തന്നെ ഒരാള്‍ ഒരു വ്യവസ്ഥിതിക്കകത്തു നിന്ന് കൊണ്ട് ആ വ്യവസ്ഥിതിയിലെ കാതലായ പ്രശ്നങ്ങളെ കുറിച്ച് സംസാരിച്ചാല്‍, അവിടെ പ്രയോഗിക്കുന്നത് സാങ്കേതികത എന്ന വരട്ടു ന്യായമാണ്.. പിന്നെ നടക്കുന്നത് വ്യക്തമായ ബ്രാണ്ടിംഗ് ആണ്.. അടിചെല്‍പ്പിക്കപ്പെട്ട ആരോപിക്കപെട്ട ബ്രാന്‍ഡുകള്‍ തന്നെ ആ വ്യക്തികള്‍ക്ക് ആജീവനാന്ത തടവ്‌ കൊടുക്കുന്നു.. ഇപ്പോള്‍ ഒരു കാര്യത്തെ പറ്റി മാത്രം വിമര്‍ശനം ഉന്നയിച്ച ഒരു വ്യക്തിയെ റിബല്‍ എന്ന് ചാപ്പ കുത്തി പിന്നെ ആ വ്യക്തിയുടെ അസ്ഥിത്വം ഒന്നുകില്‍ കീഴടങ്ങല്‍ അല്ലെങ്ങില്‍ പരിപൂര്‍ണ rebellion എന്ന രണ്ടു ഓപ്ഷനില്‍ ഒതുക്കുന്നു.പരിപൂര്‍ണ rebellion എന്ന ഓപ്ഷന്‍ പ്രസ്ഥാനത്തില്‍ നിന്നും പുറത്തേക്കുള്ള ഒരു വാതിലും ആവുന്നു..

ഇനി പ്രതിഷേധങ്ങള്‍ അവതരിപ്പിക്കുന്ന രീതികളെ പറ്റി പറയുമ്പോള്‍, ഒരു പ്രതിഷേധം അറിയിക്കുമ്പോള്‍ ആ പ്രതിഷേധത്തിന് കാരണമായ കാര്യതെക്കാള്‍ കൂടുതല്‍ പ്രാധാന്യം ആ പ്രതിഷേധം നടന്ന രീതിയില്‍ ചെന്ന് ചേര്‍ക്കുന്ന ഒരു വിചിത്ര വ്യവസ്ഥയില്‍ പെട്ട് നാം ഇപ്പോഴും ചുറ്റി കറങ്ങുകയാണ്.

ഇത് ഒരു ചര്‍ച്ച തുടങ്ങാന്‍ ആഗ്രഹിച്ചിടുന്ന ഒരു പോസ്റ്റ്‌ ആണ് ... അത് കൊണ്ട് തന്നെ അഭിപ്രായങ്ങള്‍ക്കായി കാത്തിരിക്കുന്നു..

ഞായറാഴ്‌ച, ഒക്‌ടോബർ 16, 2011

വേണം ,എല്ലാ ജയിലിലും ഒരു ഫൈവ് സ്റാര്‍ ആശുപത്രി

ഇയ്യിടെയായി തീഹാരിലെക്കും പരപ്പന ആഗ്രഹാരയിലെക്കും, വീയൂരിലെക്കുമുള്ള വി ഐ പികളുടെ ഘോഷയാത്ര ആരംഭിച്ചിട്ടുണ്ട്... അതുപോലെ തന്നെ നെഞ്ച് വേദനയുടെയും ദേഹാസ്വാസ്ത്യതിന്റെയും  സീസണും.. കോടതിക്കും ഡോക്ടര്‍മാര്‍ക്കും നല്ല പണി. ഇതൊക്കെ സെര്‍ട്ടിഫൈ ചെയ്യാനും വിധി പ്രഖ്യാപിക്കാനുമൊക്കെ ഒരു പാടും സമയവും പ്രയത്നവും നഷ്ടം .. ഇതൊക്കെ ഒഴിവാക്കാന്‍ ഏതായാലും ഒരു മാര്‍ഗമേ ഉള്ളൂ... എല്ലാ ജയിലിലും ഓരോ ഫൈവ് സ്റാര്‍ ആശുപത്രി, എല്ലാ സവ്കര്യതോടെയും സുകവസിക്കാന്‍ .. അപ്പോലോക്കാര്‍ക്ക് അല്ലെങ്ങില്‍ മനിപ്പാല്കാര്‍ക്ക് അത് കൊണ്ട്രാക്റ്റ് കൊടുക്കാം .. ഏതായാലും ഈ പുങ്ങവന്മാര്‍ ഒന്നും ഒരു  സര്‍ക്കാര്‍ ആശുപത്രിയിലും പോവില്ല ...പിന്നെ അല്ലെങ്ങില്‍ അമേരിക്കയിലോ സ്വിറ്റ്സര്‍ലന്‍ഡ് ഇലോ ഇവര്‍ക്ക് പാര്‍ക്കാന്‍ ജയിലുകള്‍ ഉണ്ടാക്കേണ്ടി വരും http://www.madhyamam.com/news/125708/111015

ശനിയാഴ്‌ച, ഒക്‌ടോബർ 15, 2011

ശ്രേയാംസ് കുമാര്‍ ലാമ


ബസ് കട്ടപ്പുറത്ത് കേറ്റുകയാണെന്ന് അമ്മച്ചി വാറോല ഇറക്കിയ വിവരം ഒന്ന് വൈകിയാണ് അറിഞ്ഞത് .. രണ്ടു ദിവസം നെറ്റില്‍ കയറാന്‍ എന്തോ പറ്റിയില്ല.. കുറെക്കാലമായി ഒരു ഉഷാറും ഇല്ലാതെ തൂങ്ങി കിടന്നിരുന്ന ജാതി ട്രാക്കുകള്‍ ഒന്ന് മൂരി നിവര്‍ന്നു ഉണര്‍ന്നു ഉഷാറായി വരികയായിരുന്നു... ഇടക്കൊക്കെ ഒന്ന് രണ്ടു ബസ്സുകളില്‍ രണ്ടു നുള്ള് ഭസ്മവും സിന്ദൂരവും തൂവിയാണ് പോയതെന്ന് അപ്പോള്‍ ഓര്‍മ വന്നത്. അതൊക്കെ വളര്‍ന്നു പടര്‍ന്നു പന്തലിച്ചത് പോയിരുന്നു. ഒരു മൂച്ചില്‍ ഇരുന്നു വായിക്കാന്‍ തുടങ്ങി. വായിച്ചു തീര്‍ന്നപ്പോഴേക്കും ക്ഷീണം കൊണ്ട് തെല്ലു മയങ്ങി പോയി..

പകലറുതിയില്‍ ഏതോ ഒരു യാമത്തില്‍, ആരോ ഉറക്കെ ഒരു കവിത ചെല്ലുന്നത് കേട്ടാണ് ഉണര്നെന്നീട്ടത് ... "ഞങ്ങളുടെ പോന്നു മക്കളെ ചുട്ടു കൊന്നില്ലേ... "

ഒരു നിമിഷം... ആദ്യം ഒരു ഞെട്ടലോടെ അത് കണ്ടത് കൈത്തണ്ടയിലാണ്.. രക്ഷാ ബന്ധന്‍ ചരട് കെട്ടിയിരുന്ന ആ കൈത്തണ്ടയില്‍ ഇടതൂര്‍ന്നു തിങ്ങി വളര്‍ന്നു നില്‍ക്കുന്ന കാട്ടു രോമങ്ങള്‍... കൈവിരലുകളില്‍ നിന്നും പുറത്തേക്കു തള്ളി നില്‍ക്കുന്ന കൂര്‍ത്ത നഖങ്ങള്‍ ... അവയില്‍ ഉണങ്ങിയ ചോരപ്പാടുകള്‍ .പിടഞ്ഞു ചാടി എഴുന്നേറ്റ ഉടനെ കണ്ണാടിക്കു മുന്നിലേക്ക്‌ ഓടാനാണ് തോന്നിയത് .. കണ്ണാടിക്കു മുന്‍പില്‍ ചെന്നപാടെ അന്ധാളിച്ച കണ്ണുകള്‍ ഒന്ന് തടവി വിശ്വാസം പോരാതെ വീണ്ടും തുറിച്ചു നോക്കി. ശിരസ്സില്‍ രണ്ടു വശത്തുമായി പുറത്തേക്കു തള്ളി നില്‍ക്കുന്ന രണ്ടു കൂര്‍ത്ത കൊമ്പുകളാണ് ആദ്യം കണ്ടത്.  ഞാന്‍ "സാത്വികം" എന്ന് സ്വയം വിശ്വസിപ്പിച്ചിരുന്ന കണ്ണുകളില്‍ ... തിര തല്ലി ആര്‍ക്കുന്ന  ആസുരഭാവം.

"കുല ദൈവങ്ങളെ (കുറെ കൊലകള്‍ ചെയ്യാന്‍ കൂട്ട് നിന്നതുകൊണ്ടോ പ്രേരിപ്പിച്ചത് കൊണ്ടോ ആണോ ഈ കുല ദൈവങ്ങള്‍ ഉണ്ടായത്?) ഈശ്വരന്മാരെ." വായ തുറന്നപോള്‍ പുറത്തേക്കു തള്ളുന്ന നീണ്ടു കൂര്‍ത്ത ദംഷ്ട്രകള്‍നിന്നും ഇറ്റു വീഴുന്ന ചോരത്തുള്ളികള്‍. ആശ്ചര്യം കൊണ്ട് തുറന്നു പിടിചുപോയ വായില്‍ നിന്നും പുറത്തേക്കു തള്ളി വമിക്കുന്ന വിഷജ്വാലകള്‍. എങ്ങിനെയോ ആ നില്‍പ്പില്‍ നിന്ന് കണ്ണാടിക്കു മുന്‍പില്‍ നിന്നും തിരിഞ്ഞു. ആ ക്ഷണം തന്നെ കാലിലെന്തോ തടഞ്ഞു. ഒന്ന് കുനിഞ്ഞു കൈ എത്തിചെടുതതോ നല്ല ഒന്നാന്തരം ഒരു ത്രിശൂലം. അതിലുമുണ്ട് നല്ല ചൊവ ചോവാന്നുള്ള ചോരപ്പാടുകള്‍ അയോധ്യയില്‍ നിന്നോ ഗുജറാത്തില്‍ നിന്നോ ബന്ധുക്കള്‍ ആരെങ്ങിലും കൊണ്ടിട്ടു പോയതാവും .....

ഒരു വിധം മുറിയില്‍ നിന്ന് പുറത്തിറങ്ങി. നാലുകെട്ടിന്റെ തെക്കിനിയിലാണ് എത്തിയത്  "ശാന്താകാരം ഭുജഗശയനം ..." പൂജ മുറിക്കു മുന്നില്‍ ചമ്രം പടിചിരുന്നു നാമം ജപിക്കുന്ന അമ്മ. അമ്മയ്ക്കും മുളചിട്ടുണ്ട് നല്ല കൂര്‍ത്ത കൊമ്പുകളും, ദംഷ്ട്രകളും. ജന്നലിലൂടെ പൂമുഖതിരുന്നു ചെല്ലത്തില്‍ നിന്നും തന്റെ ചോരക്കത്തി പുറത്തെടുക്കുന്ന മുത്തശ്ശി. അച്ഛനെ കണ്ടില്ല .. ഇനി വല്ല ദളിത ന്യൂനപക്ഷ സംഹാരാര്‍ത്ഥം പള്ളിവേട്ടക്കിറങ്ങിയതായിരിക്കും.

ദൈവമേ.. പൂജാമുറിയിലേക്ക്ഒന്ന് പാളി  നോക്കിയതെ ഉള്ളൂ ... ദളിത ദാരികന്റെ രക്തമൂറുന്ന ശിരസ്സുമായി രുധിര കാളി. ചുടല താണ്ടവവുമായി ശിവന്‍. അങ്ങ് അനന്തശയനനായി സ്വര്‍ണ നാണയങ്ങള്‍ എണ്ണി കളിക്കുന്ന വിഷ്ണു.. പിന്നെ മൂലക്കല്‍ ഒരിടത്ത് ഒരു വലിയ പാറക്കല്ല്.. മുത്തപ്പന്റെ മുത്തപ്പന്റെ മുത്തപ്പന്റെ മുത്തപ്പന്റെ ..... മുത്തപ്പനായ സവര്‍ണ നിയന്ടര്താല്‍ അപ്പൂപ്പന്‍ ഏതോ ദളിത നീയാണ്ടാര്താലിന്റെ തലതല്ലി പൊട്ടിച്ച പാറക്കല്ല്. വീണ്ടും കര്‍ണപുടത്തില്‍ മാറ്റൊലിയാവുന്ന ദീനരോദനങ്ങള്‍ക്ക്‌ ഇളവോന്നുമില്ല.. ... "ഞങ്ങളുടെ പോന്നു മക്കളെ ചുട്ടു കൊന്നില്ലേ..."

അടുത്ത മുറിയിലേക്ക് വെച്ച് വെച്ച് നടക്കുമ്പോള്‍ കണ്ടു മൂലക്കല്‍ കുത്തി വെച്ചിരിക്കുന്ന ജ്വലിക്കുന്ന ഒരു തീപന്തം. ബി സി 1346 ഇല്‍ ഏതോ വകയിലെ അപ്പൂപ്പന്‍  ഏതോ ദളിതന്റെ കുടില്‍ ചുട്ടു കരിച്ചതാണോ അതോ രണ്ടു കൊല്ലം മുമ്പ് തറവാട്ടിലെ ഏതോ താവഴിയില്‍ നിന്ന് ഒറീസ്സായിലേക്ക് നൂറ്റാണ്ടുകള്‍ക്കു മുമ്പ് കുടിയേറിയ ഏതോ ഒരു കാരണവരുടെ പിന്മുറക്കാരായ ഫാസിസ്റ്റ് കസിന്മാര്‍ കണ്ടമാളിലെ പള്ളി കത്തിച്ചു വെച്ചിട്ട് പോയതാണെന്ന് തോന്നുന്നു.. തൊട്ടപ്പുറത്ത് ചാരി വെച്ചിരിക്കുന്നു, ബുദ്ധവിഹാരങ്ങള്‍ തല്ലി തകര്‍ത്തു മുത്തപ്പന്റെ അപ്പൂപ്പന്റെ അപ്പൂപ്പന്റെ... വല്യമ്മാവന്‍ അമ്പലങ്ങള്‍ പണിയാന്‍ ഉപയോഗിച്ച കട്ട പാരകള്‍ മൂന്നു നാലെണ്ണം. ചാരുകസേരപ്പടിയില്‍ വെച്ചിരിക്കുന്നു പണ്ട് കള്ള കണക്കെഴുതി ചുങ്കം ചുമത്തി പാവങ്ങളെ ചൂഷണം ചെയ്യാന്‍ മുതു മുതു മുതു മുതു മുത്തച്ഛന്‍ അധികാരി ഉപയോഗിച്ച നാരായം... അങ്ങേര്‍ അത് വെച്ച് കുറെ പേരെ കുത്തി കൊന്നിട്ടുമുണ്ട് എന്നും ചരിത്രകാരന്മാരായ ചിത്രകാരന്മാര്‍ വരച്ചു വെച്ചിരിക്കുന്ന ഐതിഹ്യം ..

കാരണവന്‍മാര്‍ തലമുറകളായി മച്ചില്‍ മാലയിട്ടു വെച്ചിരിക്കുന്ന ഹിറ്റ്ലര്‍ അങ്കിളിന്റെ ഫോട്ടോയില്‍ നിന്നും ഭസ്മം വീഴുന്നു.. അതിന്റെ അപ്പുറത്ത് വെച്ച നെയ്തന്യാഹുവിന്റെ ഫോട്ടോയില്‍ നിന്നും പോഴിയുന്നതോ കുങ്കുമവും. മച്ചില്‍ ചിലക്കുന്ന പല്ലിക്ക്‌ പോലും വ്യാളീ മുഖം..

അങ്ങനെ അങ്ങനെ ഈ കാഴ്ചകളില്‍ ഞാന്‍ വിവശനായി ... വിഹ്വലനായി, എന്നിട്ടും തീരാപ്പക ജ്വലിക്കുന്ന വിഷം വമിക്കുന്ന ആസുരഭാവത്തോടെ അതിന്റെ, എല്ലാ കുടിലതകലോടും കൂടി,  ശംഭോ മഹാദേവ എന്ന് പറഞ്ഞു നരസിംഹാവതാരമായി നില്‍ക്കുമ്പോള്‍ ... മുന്നില്‍ അതാ, എന്റെ ജാതി തിമിരം മൂത്ത കണ്ണുകള്‍ മഞ്ഞളിപ്പിച്ചു കൊണ്ട്, അതാ ഇടനാഴിയുടെ അറ്റത്..വെണ്മയുടെ പ്രതീകമായി.. ശാന്തിയുടെ പ്രതിരൂപങ്ങളായി.. സഹിഷ്ണുതയുടെ ദൂതുമായി നിരയായി കരുണ കരകവിയും മുഖങ്ങളുമായി ... സൈബര്‍ പുരോഗമന മതേതര മാലാഖമാരുടെ കൂട്ടം. തൂവെള്ള വസ്ത്രവുമായി ദളിത പ്രേമം തുളുമ്പുന്ന മിഴികളുമായി ... സ്നേഹത്തിന്റെയും സാന്ത്വനത്തിന്റെയും ഭാഷയില്‍ അവരോന്നോന്നായി സഹിഷ്ണുതയോടെ  ഇങ്ങനെ മൊഴിഞ്ഞു.

"നീ സവര്‍ണ മൂരാച്ചി.. നീ ദളിത മര്‍ദ്ധകന്‍, നീ ഫാസിസ്റ്റ്, നീ ചൂഷക മൂഷികന്‍‌, നീ സാമ്രാജ്യത്വത്തിന്റെ പൂജാരി, നീ മതേതരത്വത്തിന്റെ ഭീഷണി, നീ രാജ്യദ്രോഹി, നീ ഫ്യൂടെല്‍ മാടമ്പി .. നീ ഷാജി കൈലാസ്, നീ ജയരാജ്, നീ തിരക്കഥക്ക് മുമ്പുള്ള രഞ്ജിത്ത്.. നിന്റെ ശിക്ഷ വിധിച്ച ശേഷം നിന്നെ ഞങ്ങള്‍ വിചാരണ ചെയ്യുന്നു.നിന്നെ ഞങ്ങള്‍ ചുട്ടു കരിക്കുന്നു .. നിന്നെ ഞങ്ങള്‍ ഡിലീറ്റ് ചെയ്യുന്നു..നിന്നെ ഞങ്ങള്‍ ബ്ലോക്ക്‌ ചെയ്യുന്നു.."

"ഇവനെ ചുട്ടു കരിക്കുന്നതിന് മുമ്പ് ഒട്ടേറെ പഠിപ്പിച്ചു വിടാനുണ്ട് .. സഹിഷ്ണുതയെപ്പറ്റി, മതെതരത്വതെപ്പറ്റി, സാമ്രാജ്യത്വവിരുദ്ധതയെ പറ്റി , മാനവികതയെ പറ്റി, പുരോഗമന ആശയങ്ങളെ പറ്റി, ദേശസ്നേഹത്തെ പറ്റി.....അവ്വോകറിന്റെ സിനിമ നിരൂപണത്തെ പറ്റി..."

"ഇവനെ നമുക്ക് മതേതരത്വം പഠിപ്പിക്കാന്‍ അങ്ങ് സൗദി അറേബ്യയിലെ സെക്ക്യുലര്‍ ഇന്സ്ടിടുട്ടില്‍ ചേര്‍ക്കാം. ഇവനെ സഹിഷ്ണുത പഠിപ്പിക്കാന്‍ സമത്വ സുന്ദര ചൈനയിലെ ടിയനെമെന്‍ ചതുരത്തിലുള്ള ടെന്ഗ് അപ്പൂപ്പന്റെ അടുത്ത് വിടാം , ഇവന്റെ ഫുടെലിസ്റ്റ് മാടംബിതരവും രാജഭക്തിയും മാറ്റാന്‍ ഇവനെ നമുക്ക് ഭുട്ടനിലുള്ള റോയല്‍ വാങ്ങ്ചുച്ക് യൂനിവേര്സിട്ടിയിലോ .. ലണ്ടനിലെ വിന്‍സര്‍ കാസ്സിളിലോ അയക്കാം. അവന്റെ സാമ്രാജ്യത്വ വിധേയത്വം നീക്കാന്‍ അവനെ സ്റ്റീവ് ജോബ്സ് മെമ്മോറിയല്‍ സെന്റരിലെക്കും... ദേശസ്നേഹം പഠിപ്പിക്കാന്‍ പാക്കിസ്ഥാനിലേക്കും അയക്കാം ..."

"നിങ്ങളുടെ ദയ .. കാരുണ്യം"  (അവിടെ ഞാന്‍ ഫുള്‍ സ്റ്റോപ്പ്‌ ഇട്ടു .. കൂടുതല്‍ പറഞ്ഞാല്‍ സവര്‍ണ മൂരാച്ചി സിനെമാക്കാരനായ ജയരാജിനെ അവര്‍ ഓര്‍ക്കുമോ എന്ന ഭയം കൊണ്ട്)

അവരുടെ ആ ദിവ്യജ്യോതിസ്സില്‍,ഹൃദയത്തില്‍ നിന്നും ഉലാവുന്ന നിത്യ നിര്‍മല പൌര്‍ണമിയില്‍,  മതി മറന്നു കുറച്ചു നേരം നിന്ന്.. പിന്നെ ഞാന്‍ വാ തുറന്നു പരമാവധി വിഷ ജ്വാലകള്‍ അടക്കി കൊണ്ട് .. എന്റെ എല്ലാ രാക്ഷസീയ ഭാവങ്ങളെയും പരമാവധി ഒതുക്കി നിര്‍ത്തിക്കൊണ്ട് ഇപ്രകാരം ഉവാച: .

 " സുമനസ്സുകളെ ... മഹദ് വ്യക്തിത്വങ്ങളെ... ഞാന്‍ നേരയായിക്കോളം ...എന്നിലെ ഹൈന്ദവ ഭീകര സവര്‍ണ ഫാസിസ്റ്റ് വെറുക്കപ്പെട്ട നികൃഷ്ട ജീവിയെ ഞാന്‍ ഹലാലായി കവുത്ത് കണ്ടിച്ച്ചോളം... നാളെ മുതല്‍ ഞാന്‍ വാ മൂടികീടി ഒരു ജൈനനായി മാറി "ശ്രേയാംസ് കുമാര്‍" എന്ന് നാമധേയവുമായി ശിഷ്ട ജീവിതം കഴിച്ചോളാം. അല്ലെങ്ങില്‍ "ബുദ്ധം ശരണം ഗച്ചാമി" ... (ബാക്കി ഞാന്‍ പറയില്ല എന്തെന്നാല്‍ അതില്‍ ഒരു സംഘം വരുന്നുന്നുണ്ട് ...) എന്ന് സദാ ജപിച്ചു, മൊട്ടയടിച്ചു, "ലാമകുമാര്‍" എന്ന് പേര് മാറി മഹായാനതിന്റെ പാതയില്‍ ഗമിച്ചു സമാധി അണയും വരെ കഴിഞ്ഞോളാം. അടിയന്റെ കുലം നൂറ്റാണ്ടുകളായി ചെയ്തു പോരുന്ന സമസ്ത (ഇത് മറ്റേ സമസ്തയെ ഉധേശിച്ചല്ല ) ചൂഷണങ്ങള്‍ എല്ലാം ഏറ്റെടുത്തു മാപ്പ് പറഞ്ഞോളാം ... തുര്‍ക്മെനിസ്ഥാനിലെയും, കണ്ബോടിയായിലെയും തിമ്ബക്തു അടക്കമുള്ള ഈ പ്രപഞ്ഞ സര്‍വസ്വതെയും, മൌസും ക്ളിക്കുമെതുന്ന ഈ സകലമാന ലോകത്തെയും സര്‍വ ഹൈന്ദവ കുടിലതകള്‍ക്കും, ഉത്തരവാദിത്വം ഏറ്റെടുത്തു നിങ്ങളുടെ കാല്‍ക്കല്‍ ശിഷ്ടകാലം അടിമ കിടന്നോളാം. സൈബര്‍ ദൈവങ്ങളെ .. ദിവ്യ ജ്യോതിസ്സുകളെ (ശബരിമലയിലെ കെ എസ സി ബിക്കാരുടെ ജ്യോതിയെ ഒരു രീതിയിലും ഉദ്ദേശിച്ചിട്ടില്ല). മാനവികതയുടെ ആള്രൂപങ്ങളെ മാപ്പ് .. ഇനി ഹിന്ദു എന്ന വാക്ക് ഉറക്കത്തില്‍ പോലും ഉച്ചരിക്കില്ല. ഒരു കലെന്ടെര്‍ ദൈവങ്ങളെയും. സവര്‍ണ മൂരാച്ചി ദൈവങ്ങളെയും പൂജിക്കില്ല. മാപ്പ്.

PS  : ഈ പോസ്റ്റ്‌  ല്യ്കുന്നവനെ എല്ലാം സൈബര്‍ മാനവിക പുരോഗമന മൊത്തകച്ചവട മാലാഖമാര്‍ മസ്തകത്തില്‍ സംസ്കൃതത്തില്‍ "സന്ഘി മൂരാച്ചി" എന്ന് ചാപ്പ കുത്തി അതിനു ചുവട്ടില്‍ രക്ത തിലകം പൂശി കാവി മുണ്ട് പൊക്കി കാക്കി സൌസര്‍ ഊരി  ആസനത്തില്‍ ശൂലം കയറ്റി വിടുന്നതാണ് .. റീ ഷെയര്‍ ചെയ്യാന്‍ അഥവാ ആരെങ്കിലും തുനിഞ്ഞാല്‍ ... ആഹ അവന്റെ കാര്യം കട്ട പോഹ ...

ചൊവ്വാഴ്ച, ഒക്‌ടോബർ 11, 2011

ജബ് തക്ക് ബല്ല ചലേഗ...


ഒരു ബോള്‍ പെന്നിന്റെ റീഫില്‍ തീര്‍ന്നു പോയാല്‍ നിങ്ങള്‍ എന്ത് ചെയ്യും... അതെടുത്തു ദൂരെക്കളഞ്ഞു വേറെ ഒന്ന് ഫിറ്റ്‌ ചെയ്യും ... ഇന്ന് ഇന്ത്യയില്‍ മാത്രമല്ല ലോകത്തെല്ലാ രാജ്യത്തും നടക്കുന്നതും ഇത് തന്നെ. വന്‍ തോതില്‍ ശതകോടികളുടെ അഴിമതി നടക്കുമ്പോള്‍ അതിനു ഒരു മുഖം കാണും, അസന്ഖ്യം ഗുണഭോക്താക്കളും. പെട്ടന്ന് സമൂഹത്തിന്റെയും മാധ്യമങ്ങളുടെയും ശ്രദ്ധ പിടിച്ചു പറ്റുന്ന രീതിയിലുള്ള ഒരു മുഖം... അത് രാജയാവം , രേട്ടിമാരാവം, കൊടയാവം... 



ഇവരെ എല്ലാം മുന്‍ നിര്‍ത്തി കളിക്കുന്ന ഒരു വന്‍ ശ്രിങ്ങലക്ക് പക്ഷെ ഒരു മുഖവും ഉണ്ടായിരിക്കില്ല... അസന്ഖ്യം അദൃശ്യ കരങ്ങള്‍ മാത്രം ... എപ്പോഴെങ്ങിലും ഈ മുഖത്തെ മുന്‍ നിര്‍ത്തി പൊതുജനത്തിന്റെ കാല്‍കീഴില്‍ നിന്നും ഒളിപ്പിച്ചു നീക്കുന്ന ഉറവ വറ്റി എന്ന് കാണുന്നുവോ... ഉടനെ ഒരുക്കുകയായ് .. ആ മുഖത്തെ ബലിക്കളത്തില്‍  തള്ളി വിടാന്‍... മാധ്യമങ്ങള്‍ക്കും സമൂഹത്തിനും ആഘോഷിക്കാന്‍ ... ആ മൈനിംഗ് സ്കാം തന്നെ എടുത്തു നോക്കൂ... ചൈനയുടെ അദമ്യമായ ഉരുക്കിനായുള്ള ദാഹം ഒളിമ്പിക്ക്സിനോടെ ഒന്ന് ശമിച്ചപ്പോള്‍ മാര്‍കെറ്റില്‍ മാന്ദ്യം വന്നു ... അണ മുറിയാതെ ഒഴുകിക്കൊണ്ടിരുന്ന രെടടികളുടെ ധന ശ്രോതസ്സടഞ്ഞു ... പിന്നെ അവരെ ആര് ചുമക്കാന്‍? അഴിക്കു പിറകില്‍ തന്നെ ... പതിവ് പോലെ കരങ്ങള്‍ മറ്റു മുഖങ്ങള്‍ തേടി .. മറ്റൊരു കളത്തില്‍ കളി തുടരും ...കഴിവുള്ള മുഖങ്ങള്‍ പക്ഷെ വീണ്ടും മിനുക്കി വരും .. അല്ലെങ്ങില്‍ നല്ല ഒരു മുഖ പടം ചമച്ചു ... പാഠം പഠിച്ചവര്‍ കൈകള്‍ മാത്രം കാണിക്കും .. കളി തുടരും..

ഇതൊക്കെ കേള്‍ക്കുമ്പോള്‍ യുവരാജ് സിംഗിന്റെ ഇന്‍ഷുറന്‍സ് പരസ്യം ഓര്മ വരും... "ജബ് തക്ക് ബല്ല ചലേഗ... "

തിങ്കളാഴ്‌ച, ഒക്‌ടോബർ 10, 2011

വിശപ്പും വിഡ്ഢികളും ...


സ്റ്റീവ് ജോബ്സ് കഥാവശേഷനായി ... സൈബര്‍ പാണന്മാരുടെ കടുന്തുടികള്‍ ഇനിയും നിലച്ചിട്ടില്ല... അദ്ധേഹത്തിന്റെ മഹിമകള്‍ പാടി പുകഴ്ത്തി ... ഈ ഞാനും എന്നാലാവും വിധം പോസ്റ്റി പുളകം കൊണ്ട്... ഒന്നല്ല ഒരു രണ്ടു മൂന്നു തവണയെങ്കിലും ... മനുഷ്യാവകാശത്തിന്റെ പ്രയോക്താക്കലായ ഒരു പറ്റം സൈബര്‍ ബുള്ളികള്‍ അപദാന കീര്‍ത്തനങ്ങള്‍ പാടുന്നതില്‍ ഒട്ടും പിശുക്ക് കാണിച്ചില്ല എന്നത് ഈ മരണം എന്ന വേദനാജനകമായ സത്യത്തിലും ഒരു ക്രൂരമായ തമാശയായി കാണുന്നു.. എവിടെയും എന്തിനും സാമ്രാജ്യത്വം, സവര്‍ണ ഫാസിസം, ഇമ്ബീരിയലിസം, കൊലോനിയലിസം, കോടച്ചക്ക്രം എന്നൊക്കെ വഴിയെ പോരുന്നവനെയെല്ലാം തെറി പറഞ്ഞു സര്‍വജ്ഞാപീടം കയറി ഞെളിഞ്ഞിരിക്കുന്ന എല്ലാവനും കവാത്ത് മറന്നു വാ പൊളിച്ചിരിക്കുന്ന കാഴ്ച സൈബര്‍ ലോകത്ത് ഇതാദ്യമല്ല ... ആരാണ് ഈ സ്റ്റീവ് ജോബ്സ്? ... മിടുക്കനായ ഒരു  കച്ചവടക്കാരന്‍ .. നല്ല ഒരു മാര്കെട്ടിംഗ് തലച്ചോറിന്റെ ഉടമ... ഒരു കൂട്ടം റെക്നോലോജിസ്ടുകള്‍ അഹോരാത്രം മിനക്കെട്ടു പ്രയത്നിച്ചു സൃഷ്‌ടിച്ച സംഭവങ്ങള്‍ മര്കെട്റ്റ് ചെയ്തു കോടീശ്വരനായ വ്യക്തി... അദ്ദേഹം പ്രഗല്ഭാമതി തന്നെ ... അതില്‍ ഒരു സംശയവും വേണ്ട ... പക്ഷെ ഇത്രയേറെ അപദാനങ്ങള്‍ വാഴ്ത്താന്‍ മാത്രം ... 

മുന്‍പൊരിക്കല്‍ സന്ദീപ്‌ ഗോയല്‍ എന്ന ഒരു മാര്കെടിംഗ്/പരസ്യ രംഗത്തെ പ്രസിദ്ധന്‍ ഒരു പുസ്തകം എഴുതിയിട്ടുണ്ട് .. ടം ടം ബുല്ലെറ്റ് എന്ന ശീര്‍ഷകത്തില്‍. അതില്‍ അദ്ദേഹം പ്രസക്തമായ ഒരു കാര്യം പറയുന്നുണ്ട്. പഠിക്കാന്‍ മിടുക്കനായ, ജീനിയസ് ആയ തന്റെ സഹോദരനെ പറ്റി.. രാഷ്ട്ര നിര്‍മാണത്തിന് വളരെ പ്രധാനപ്പെട്ട  ഒരു പദവി അലങ്കരിക്കുന്ന അദ്ദേഹത്തിന്, സോപ്പും കോളയും വില്‍ക്കുവാന്‍ പരസ്യ പണി ചെയ്യുന്ന സന്ദീപ്‌ നേടിയ പോലെ പണം, പ്രശസ്തി, അംഗീകാരം എന്നിവ ഒന്നും നേടാന്‍ സാധിക്കാതെ കഴിച്ചു കൂട്ടേണ്ടി വരുന്നു എന്ന് സങ്കടത്തോടെ കുറിക്കുന്നു...
 ഇവിടെയാണ്‌ നമ്മുടെ സമൂഹത്തിന്റെ ഹൈപോക്രസ്സി വെളിവാവുന്നത് ... ആപിളിനേ ആപ്പിളാക്കിയ  റെക്നോലോജികള്‍ക്ക് പിറകില്‍ അഹോരാത്രം മിനക്കെട്ട പ്രയത്നങ്ങള്‍ ആരുടെ ഒരു മാന്യനും അറിഞ്ഞുകൂടാ അതെല്ലാം പൊതിഞ്ഞു കെട്ടി, വെടിപ്പായി മാര്‍കെട്ടു ചെയ്തു പണം ഉണ്ടാക്കിയ വ്യക്തിയുടെ അപദാനങ്ങള്‍ പാടിയിട്ടും പാടിയിട്ടും മതി തീരുന്നില്ല .... ആദ്യന്തികമായും മാര്കെട്ടിംഗ് പണി ചെയ്യുന്ന ഞാനും ആ പരമ സത്യവും വേദനയോടെ അംഗീകരിക്കുന്നു  ... കാല യവനികയില്‍ മറഞ്ഞ പ്രഗല്ഭമതിയെ ആദരിച്ചു കൊണ്ട് തന്നെ ... അദ്ധേഹത്തിന്റെ സംഭാവനകളെ സ്മരിചു കൊണ്ട് തന്നെ...

ഞായറാഴ്‌ച, ഒക്‌ടോബർ 09, 2011

ബ്രേക്ക്‌ ചെയ്യാന്‍ ഒരു വാര്‍ത്ത കിട്ടിയെങ്ങില്‍?

ഏറ്റവും കൂടുതല്‍ പ്രഷര്‍ അനുഭവിക്കുന്ന തൊഴിലിടം ചാനല്‍ ന്യൂസ്‌ റൂം ആണ് എന്നാണു ഒരു പണിയുമില്ലാതെ ചാനലിനു മുന്നില്‍ വായും പിളര്‍ന്നു നില്‍ക്കുന്ന മലയാളിക്ക് ഓരോ മണിക്കൂറും വെട്ടി വിഴുങ്ങാന്‍ ബ്രേക്കിംഗ് ന്യൂസ്‌ എന്നാ ഓമന പ്പേരില്‍ എന്തെങ്ങിലും പണ്ടാരം കണ്ടതെണ്ട ഒരു പാട് ... പലപ്പോഴും വാര്‍ത്തകള്‍ സൃഷ്ടിക്കുന്നതിന്റെ ഒരു തത്രപ്പാട് ... പണ്ടൊക്കെ പ്രസ്സിന്റെ മറ ഉണ്ടായിരുന്നു ഒരു മുഴവന്‍ ദിവസത്തിന്റെ സാവകാശവും ... ഇപ്പോള്‍ ഒരു നിമിഷാര്‍ദ്ധം പോലും കിട്ടുന്നില്ല ... ന്യൂസ്‌ കാണുമ്പോള്‍ ലൈവ് എന്ന് മുകളിലെ മൂലയില്‍ അടിച്ചു കാണിക്കുമ്പോള്‍ തന്നെ, രണ്ടു ചാനെലുകളില്‍ ഒരേ സമയം പ്രത്യക്ഷപെടുന്ന പ്രസ്ഥാവനക്കാരന്റെ മാജിക് ഇപ്പോള്‍ പൊതുജനം മനസ്സിലാക്കുന്ന മട്ടിലുള്ള ബാഹുല്യമായി വാര്‍ത്ത ചാനല്ലുകള്‍ക്ക്...  മേലാളന്മാര്‍ക്ക് രുചിക്കുന്ന രീതിയില്‍ വാര്‍ത്ത ഓടിച്ചു തിരിക്കാന്‍ ചാനെല്‍ വിട്ടു ചാനെല്‍ മാറുന്ന വീരന്മാരുടെ പാട് ഒന്ന് വേറെ... ഇന്നലെ വരെ വിഗ്രഹങ്ങളായി കണ്ടു വാര്‍ത്ത ചമാചിരുന്നവരെ.. എരിഞ്ഞുടക്കേണ്ട ബാധ്യത,  ദൂഷ്യം പറഞ്ഞിരുന്നവര്‍ക്ക് വാഗ്പൂജ നടതെണ്ടതിന്റെയും.....ഡിസ്കില്‍ തട്ടി പാട്ടും പാടി കൊണ്ടിരുന്നവര്‍ ഇപ്പോള്‍ മസ്സില് പിടുത്തം വിടുന്ന നേരമില്ല... പണ്ടൊക്കെ അനോണിയുടെ മറ ഉണ്ടായിരുന്നു തടിക്കു തട്ടുന്ന വാര്‍ത്ത പുറത്തു വിട്ടാലും ഒളിച്ചിരിക്കാന്‍... ഇപ്പോള്‍ ഫോണ്‍ നമ്പര്‍ സഹിതമല്ലേ ഒറ്റുന്നത്‌...  ഒരു കാര്യം നന്ന് .. പണിയില്ലാത്ത കുറെ വക്കീലന്മാര്‍ക്കും ... ചന്ദമുക്കില്‍ കിടന്നു കൂവേണ്ട ചില സെലെബ്രിടി കൊലങ്ങള്‍ക്കും കുറച്ചൊക്കെ പണിയായി..

ഒരു പരിധി വരെ പി സി ജോര്‍ജ്ജിനെ പോലെയുള്ളവര്‍ തന്റെ ബെല്ലും ബ്രക്കുമില്ലാത്ത നാവു കൊണ്ട് ഒപ്പിച്ചു തരുന്ന ബോണസ് ഒഴിവാക്കിയാല്‍ വലിയ ബുദ്ധിമുട്ടായിരിക്കുന്നു അന്നന്നത്തെ അന്നത്തിനുള്ള വഹ ഒപ്പിച്ചു പോരാന്‍. ...

 ഒടുവില്‍ ഒരു നാള്‍ ഇര്‍വിംഗ് വാലസ്സിന്റെ കഥാപാത്രത്തെ പോലെ കത്തിയും കടാരയും തോക്കുമായി ആളെ കൊല്ലാനും... കവര്ച്ചക്കുമൊക്കെ ചാനല്‍ പണിക്കാര്‍ ഇറങ്ങുന്ന കാലം വിദൂരമല്ല.

വെള്ളിയാഴ്‌ച, ഒക്‌ടോബർ 07, 2011

സ്റ്റീവ് ജോബ്സിനെ തട്ടി നടക്കാന്‍ വയ്യ ....

ബ്ലോഗുകളില്‍, സോഷ്യല്‍ നെറ്റ്വര്‍ക്കുകളില്‍ എന്തിനു സ്വകാര്യ സംഭാഷണങ്ങള്‍ പോലും സ്റ്റീവ് ജോബ്സ് കൈയ്യടക്കി വെച്ചിരിക്കുന്നു ... ഒന്ന് രണ്ടു പോസ്റ്റ്‌ നടത്തിയില്ലെങ്കില്‍ മോശക്കരനാവും എന്ന് എല്ലാവരും വിചാരിക്കുമെന്ന് കരുതി ഞാനും വെച്ച് കാച്ചിയിട്ടുണ്ട് കിട്ടിയ സ്ഥലത്തൊക്കെ ...  നോബല്‍ സമ്മാനമൊക്കെ കൊല്ലം തോറും പ്രഖ്യാപിക്കുന്നതാ ..