വ്യാഴാഴ്‌ച, ഡിസംബർ 29, 2011

ജനറല്‍ ലോയിഡ് ഓസ്റ്റിന്‍ പോകുമ്പോള്‍ നമുക്കും കൊടുക്കാം ഒരു സല്യൂട്ട്

ഒരാഴ്ച മുമ്പ്, കൃത്യമായി പറഞ്ഞാല്‍ ഈ ഡിസംബര്‍ ഇരുപതാം തിയതി, അവസാനത്തെ അമേരിക്കന്‍ സൈനിക വ്യൂഹവും (ഔദ്യോഗികമായി) ഇറാക്കില്‍ നിന്നും പടിയിറങ്ങി. ജനറല്‍ ലോയിഡ് ഓസ്റ്റിന്‍ കുവൈറ്റിന്റെ അതിര്‍ത്തി കടന്നു വന്ന മൂന്നാം ബ്രിഗേയ്ടിലെ അവസാന സൈനികനെയും കൈ കൊടുത്തു സ്വീകരിച്ചു. കാത്തിരുന്ന പ്രിയപ്പെട്ടവരുടെ കരവലയങ്ങളിലേക്ക് അവര്‍ ഓരോരുത്തരും... ദിവസങ്ങളുടെ, മാസങ്ങളുടെ, വര്‍ഷങ്ങളുടെ കാത്തിരിപ്പിന്നു ഒരു അര്‍ദ്ധവിരാമം.. ഉത്തര കൊറിയായിലോ, ഇറാനിലോ, വെനീസ്വെലായിലോ, അടുത്ത യുദ്ധ മുഖം എവിടെയാണ് തങ്ങള്‍ക്കായി  തുറക്കാന്‍ പോവുനത് എന്ന ആശങ്കയോടെ ആണെങ്കിലും തല്കാലത്തേക്ക് കൂടണയുന്ന അവരുടെ മുഖങ്ങളില്‍ പുഞ്ചിരി , സന്തോഷം.. ജീവന്‍ നഷ്ടപ്പെട്ടവരും, അംഗഭംഗം വന്നവരും ആയ അനവധി നിര്‍ഭാഗ്യവാന്മാരായ തങ്ങളുടെ സഹപ്രവര്‍ത്തകരുടെ കൂട്ടത്തില്‍ പെട്ട് പോവാതിരുന്നതിന്റെ ആശ്വാസവും അവരുടെ പുഞ്ചിരികളില്‍ അടങ്ങിയിരുന്നിരിക്കാം.

അപ്പോഴും അങ്ങകലെ ബാഗ്ദാദിലെ തെരുവുകളില്‍ ചോരയും വെടി മരുന്നും കലര്‍ന്ന ഗന്ധം വിട്ടു പോയിരുന്നില്ല. സ്ഫോടനങ്ങള്‍ തുടരുന്നു.. സുന്നിയോ ഷിയായോ കുര്‍ദ്ധോ ആയി നിരവധി നിരപരാധികളായ ഇറാക്കികളുടെ ജീവനുകള്‍ ഓരോ ദിവസവും തെരുവുകളില്‍ പോലിഞ്ഞടങ്ങുന്നു. സമാധാനം എന്ന വാക്ക് ഏതോ ഒരു വിദൂര മരീചികയായി അവര്‍ നിമിഷങ്ങള്‍ ഒന്നൊന്നായി തള്ളി നീക്കുന്നു. അമേരിക്കന്‍ സൈന്യം പിന്‍വാങ്ങി രണ്ടു ദിവസത്തിനുള്ളില്‍ (ഡിസംബര്‍ 28 ) ബാഗ്ദാദില്‍ പലയിടങ്ങളില്‍ സ്ഫോടനങ്ങളില്‍ ആയി എഴുപത്തഞ്ചു പേരാണ് കൊല്ലപ്പെട്ടത്. ഈ ഡിസംബര്‍ മാസത്തില്‍ തന്നെ മുന്നൂറ്റി ഇരുപതോളം സാധാരണ ഇറാക്കി പൌരന്മാര്‍ സ്ഫോടനങ്ങളിലും വെടിവെപ്പിലുമായി കൊല്ലപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ഔദ്യോഗിക കണക്കു പ്രകാരം ഈ യുദ്ധം തുടങ്ങിയ ശേഷം, ഇറാക്കില്‍ മാത്രം സിവിലിയന്‍ മരണങ്ങള്‍ ഒരു ലക്ഷത്തി പതിനായിരത്തോളം വരും.

ഇത്പോലെ ഒരു ഇരുപതാം തിയതി, അത് രണ്ടായിരത്തി മൂന്ന് മാര്‍ച്ചില്‍, തുടങ്ങി വെച്ച സൈനിക നടപടിയാണ്... സുദീര്‍ഘമായ ഒമ്പത് വര്‍ഷത്തെ അധിനിവേശത്തില്‍, ഒട്ടനവധി ജീവനാശത്തില്‍, ഒരു ജനതയുടെ, രാജ്യത്തിന്റെ തന്നെ സമ്പൂര്‍ണമായ തകര്‍ച്ചയില്‍ അടക്കി ഒതുക്കി വെക്കുന്നത്. ഈ യുദ്ധത്തിനു കാരണമായ പ്രശ്നങ്ങള്‍, അതിലേക്കു തള്ളിവിട്ട അവസ്ഥകള്‍ എന്നിവയെ പറ്റി പല തരത്തിലുള്ള വ്യാഖ്യാനങ്ങളും, നിഗമനങ്ങളും, തിയറികളും അനുമാനങ്ങളും ഉണ്ട്.. അവയിലേക്കു കടക്കാനും അഭിപ്രായം രേഖപ്പെടുതുവാനും ഉള്ള ആധികാരികമായ പരിജ്ഞാനം ഇല്ല എന്ന് സമ്മതിച്ചു ഞാന്‍ തല്‍കാലം അതിലേക്കു കടക്കുന്നില്ല.

പക്ഷെ അതില്‍ എല്ലാം ഉപരിയായി നമ്മുടെ മുമ്പില്‍ ഔദ്യോഗികമായി രേഖപ്പെടുത്തി വെച്ച ഒരു കാരണം ഉണ്ട്.. ഈ യുദ്ധത്തിനു മുമ്പായി, ഐക്യ രാഷ്ട്ര സഭാ സെക്യുരിറ്റി കൌണ്സിലിന്റെ മുമ്പില്‍ അമേരിക്കയും സഖ്യ കക്ഷികളും ആവര്‍ത്തിച്ചു പറഞ്ഞു "ബോധ്യപ്പെടുത്തിയ" ഒരു കാരണം. ഇത്രയും നാശനഷ്ടങ്ങള്‍ വരുത്തി വെക്കുവാന്‍ അവര്‍ ന്യായമായി ഉയര്‍ത്തി വെച്ചിരുന്ന ഒരു കാരണം. ഇറാക്കിന്റെ കൈയ്യില്‍ സര്‍വ നാശത്തിനു കാരണം ആയേക്കാവുന്ന വെപ്പന്‍സ് ഓഫ് മാസ് ടിസ്ട്രക്ഷന്‍ (WMD) യുടെ വന്‍ശേഖരം  ഉണ്ട് എന്നും, അത് ലോകത്തിന്റെ നിലനില്‍പ്പിനു തന്നെ ഭീഷണിയാണ് എന്ന് ആവര്‍ത്തിച്ചു സ്ഥാപിച്ച ആ കാരണം.

പക്ഷെ ഇന്ന് വരെ ആ രാജ്യം മുഴുവന്‍ അരിച്ചു പെറുക്കിയിട്ടും, അത്തരം മാരകായുധങ്ങള്‍ പോയിട്ട്
 ഒരു ഇരുമ്പിന്‍ തരി പോലും അവര്‍ക്ക് കിട്ടിയില്ല എന്ന സത്യത്തിനു മുമ്പില്‍ പല്ലിളിച്ചു കാട്ടി മൂട്ടിലെ പൊടിയും തട്ടി അവര്‍ നടന്നു പോവുകയാണ്. യാതൊരു ഉത്തരവാദിത്തവും കാട്ടാതെ. ഒരു മറുപടിയും നല്‍കാതെ.. എല്ലാവരെയും വെല്ലുവിളിച്ചു കൊണ്ട്.. അവരോടു ചോദിക്കാനും പറയാനും ആരും ഇല്ല എന്ന ദു:ഖകരമായ സത്യത്തിനു കീഴെ അടിവര ഇട്ടുകൊണ്ട്‌.  അപ്പോള്‍ നമ്മളെ പോലെയുള്ള വേലിക്ക് പുറത്തിരിക്കുന്ന വിഡ്ഢികള്‍ വെറുതെ നോക്ക്കുത്തികളെ പോലെ കാഴ്ച കണ്ടിരിക്കുന്നു. നാളെ ഇത് പോലെ അറബിക്കടലും കടന്നു വന്നു ഡല്‍ഹിയിലും മുംബൈയിലും ബോംബു വര്‍ഷിച്ചു പോയാലും ഹിമാലയവും താണ്ടി പാറ്റന്‍ടാങ്കുരുട്ടി വന്നാലും നമ്മള്‍ ഇത് പോലെ നോക്കി ഇരിക്കും.. ആസനത്തില്‍ വാലും ചുരുട്ടി കൊണ്ട്. അപ്പോള്‍ ജനറല്‍ ലോയിഡ് ഓസ്റ്റിന്‍ നമ്മളെ നോക്കി വീണ്ടും പല്ലിളിച്ചു ചിരിക്കും

അഭിപ്രായങ്ങളൊന്നുമില്ല: