വെള്ളിയാഴ്‌ച, നവംബർ 30, 2012

ചാനല്‍ നടത്താന്‍ എന്തെളുപ്പം

കേരളത്തില്‍ ഏറ്റവും എളുപ്പമായി കൊണ്ട് നടക്കാവുന്ന ഒരു പരിപാടിയാണ് ന്യൂസ്‌ ചാനല്‍ നടത്തുക എന്ന്... വിഷയങ്ങള്‍ക്ക്‌ ഒരിക്കലും പഞ്ഞം വരില്ല... മഴ പെയ്താല്‍ ഡെങ്കി പനി, പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍, കുമിഞ്ഞു കൂടുന്ന മാലിന്യം, സ്വാശ്രയ പ്രവേശന കാലം അതിന്റെ അഴിമതി, ശബരിമല സീസണില്‍ അരവണയില്‍ അരണയും എലിയും, ഒന്നും കിട്ടിയില്ലെങ്കില്‍ പഴകിയ ഭക്ഷണം കൊടുക്കുന്ന ഹോട്ടലുകള്‍, സര്‍ക്കാര്‍ ആശുപത്രിയുടെ അവസ്ഥകള്‍, ഇടയ്ക്കു കേന്ദ്രം കനിഞ്ഞു നല്‍കുന്ന പെട്രോള്‍ ഗാസ് കിടുമാണ്ടി വിലക്കയറ്റം, പിന്നെ പുട്ടിനു പീര പോലെ സിനിമാക്കാരുടെ തര്‍ക്കങ്ങളും,  പടല പിണക്കവും, സമരാഘോഷവും,  മിനിമം മാസത്തില്‍ ഒരിക്കല്‍ വീണു കിട്ടുന്ന ഒരു ബന്ദ്‌, അതിന്റെ ഇടയ്ക്കു ആഘോഷമായി ഒരു സഭാ തര്‍ക്കം, എന്നും എന്നോണം നടക്കുന്ന പീഡന വാണിഭ കഥകള്‍,  സാദാചാര പോലീസ് കലാപരിപാടികള്‍, നോക്ക് കൂലി, മദ്യം, മയക്കു മരുന്ന്,  പൈറസി, അങ്ങിനെ ഇരിക്കുമ്പോ മുസ്ലീം ലീഗിന്റെ മെക്കട്ട് കയറാന്‍ എന്തെങ്കിലും വീണു കിട്ടും....... 

ഒടുവില്‍ ഇന്ന് ഒന്നൂല്യ എന്ന് വിചാരിച്ചു ഇരിക്കുമ്പോള്‍ ക്യാമറയും കൊണ്ട് നേരെ പി സി ജോര്‍ജ്ജിന്റെ അടുത്തേക്ക്.. കുറച്ചു നാള്‍ ആഘോഷിക്കാനുള്ള വകുപ്പ് അങ്ങേര തരും... 

വ്യാഴാഴ്‌ച, നവംബർ 22, 2012

ജബ് തക് ഹെ പോപ്കോണ്‍


താങ്ക്സ് ഗിവിംഗ് ഡേ ... സായിപ്പമാര് കട മൂടി ടര്‍ക്കിയുടെ കവുത്തില്‍ കത്തി വെക്കുന്ന ദിവസം. ഇന്നാണ് ടീം ഔട്ടിങ്ങിനു പറ്റിയ ദിവസം എന്നാരോ തീരുമാനിച്ചത് കൊണ്ട് ടീം ഇറങ്ങി ... ടി ജി ഐ എഫില് ഒരു ലഞ്ച്, പിന്നൊരു സിനിമയും... ഇതൊക്കെ ഏര്പ്പാടാക്കുന്ന ഒപ്പെരെഷന്‍സ് ചങ്ങായി ഒരു കറകളഞ്ഞ ഷാരുഖ് ഖാന്‍  ഭക്തന്‍  ആണ് എന്ന് തോന്നുന്നു. അത് കൊണ്ടാവും ജബ് തക ഹെ ജാനിനു തന്നെ സീറ്റുകള്‍ റിസര്‍വ് ചെയ്തത്. ഇത് വരെയായി പലരും ക്ഷണിച്ചിട്ടും പോവാന്‍  മടിച്ചിരുന്ന യാഷ് ചോപ്ര സാറിന്റെ ഒടുക്കത്തെ പടത്തിന് ഒടുവില് പോയി തല വെക്കേണ്ടി വരുന്ന അവസ്ഥ അതോടെ സംജാതമായി..

ടി ജി ഐ എഫില് ലഞ്ച്, എന്നാല്‍ ഒരു ലഞ്ചിന് എത്രമേല് ബോറാകാന് കഴിയും എന്നതിന്റെ മകുടോദാഹരണം ആണ്. എന്നാല്‍ തിരിച്ചു കടിക്കാത്ത എന്തും വായിലാക്കുന്ന എന്നെക്കാളും അത് ബാധിച്ചത് കൂടെയുള്ള സസ്യബുക്കുകളായ സഹ പ്രവര്ത്തകരെ ആണ് എന്ന് നിസ്സംശയം പറയാം പോട്ടറോ വെജ്ജെസ്, പോട്ടറോ വെയ്ഫെര്സ്, ഫിങ്ങേര് ചിപ്സ്.. അങ്ങിനെ നീളത്തിലും, ചതുരത്തിലും വട്ടത്തിലും ആയി മുന്നില് വന്നു നിറയുന്ന ഉരുളന് കിഴങ്ങുകളെ നോക്കി നെടുവീര്പ്പിടുന്ന അവരുടെ മുഖം എന്നില്‍ ഉണ്ടാക്കിയത് മറ്റൊരു ആശങ്ക ആണ്... ഇതൊക്കെ തിന്നു കൂട്ടുന്ന ഇവരുടെ കൂടെ ഇത് കഴിഞ്ഞ ശേഷം ഒരു തീയറ്ററില് ഇരിക്കേണ്ടി വരുന്ന അവസ്ഥ... പലരും വായുവില് ആയിരിക്കും പറന്നു നടക്കുന്നത് എന്നതിന് ഒരു സംശയവും വേണ്ടാ. പക്ഷെ പലരും ആ അവസ്ഥയെ പറ്റി നല്ല ബോധവാന്മാര്‍ ആയിരുന്നു എന്നത് അവരുടെ മുന്നില്‍  ഒന്ന് തൊട്ടു പോലും നോക്കാതെ ഇരുന്നു തണുത്തുറയുന്ന പ്ലേറ്റുകള്‍ സാക്ഷ്യപ്പെടുത്തി.

ആഹാരം കഴിക്കുന്നതിനിടക്ക് അത് കഴിഞ്ഞാല്‍ ഇവിടെ നിന്ന് മുങ്ങിയാലോ എന്നുള്ള ചിന്ത വരാതിരുന്നില്ല. പക്ഷെ കൂടെ വന്നവര്‍ പലര്ക്കും, അവരുടെ സാന്നിധ്യം വേണ്ടപ്പെട്ടവരുടെ മുന്നില് അടയാളപ്പെടുത്തേണ്ട ബാധ്യത ഉള്ളത് കൊണ്ട് എന്നെയും പിടിച്ചിരുത്തി. ബൈ ദി വെ ഇന്ന് ഞങ്ങള്‍ കാര്‍ പൂള്‍ ചെയ്താണ് പോയത്. അതും ഒറ്റയ്ക്ക് അവിടെ നിന്ന് ഇറങ്ങാന്‍ സാധിക്കാത്തതിന് മറ്റൊരു കാരണം ആയി. ഒടുവില്‍ ഒരു കാര്യത്തില്‍ ഞങ്ങള്‍ യോജിപ്പില്‍ എത്തി. ഏറിയാല്‍ അര മണിക്കൂര്‍, അല്ലെങ്കില്‍ ഒരു പോപ്‌ കോണ്‍ തീരും വരെ ഷാരുഖ് ഖാനെ സഹിച്ചു അവിടെ ഇരിക്കാം എന്നു ഞങ്ങള്‍ ധാരണയായി. അല്ല ഇതിലും വലിയ സുനാമി വന്നപ്പോഴും നമ്മള്‍ രക്ഷപ്പെട്ടു പോയിട്ടുണ്ട് എന്നുള്ള ഒരു ധൈര്യം.  ഒടുവില്‍ ഒരു വലിയ പെപ്സിയും പോപ് കൊണുമായി പകുതിയില് താഴെ ആളുകള് മാത്രമുള്ള തീയറ്ററില്‍  വാതിലിനടുത്തുള്ള ഇരിപ്പിടത്തില്‍ തന്നെ സ്ഥലം പിടിച്ചു. വിക്കോ വജ്രദന്തിയും , സവിത എന്ന കമ്പനി ഇറക്കുന്ന എഞ്ചിന് ഓയിലിന്റെ പരസ്യത്തിലെ ഈച്ചയും ഒക്കെ വരാനുള്ള അങ്കത്തിനു നല്ല പെരുമ്പറ ആയി. അതിനിടക്ക് അടുത്ത യാഷ് രാജ് സിനിമയുടെ ഒരു ട്രൈലെര്‍... മേരെ ഡാട്‌ കി മാരുതി... ദോഷം പറയരുതല്ലോ. അത് ഒരു കൊള്ളാവുന്ന പടമാവാനുള്ള സാധ്യതകള്‍ ഉണ്ട് ...

ഒടുവില് യാഷ് ചോപ്ര അപ്പൂപ്പന്റെ പടം തെളിഞ്ഞു. പിന്നെ ഒരു അഞ്ചു മിനിട്ടോളം പുകവലി വിരുദ്ധ പരസ്യം. അത് കണ്ടപ്പോഴാണ് അത് വരെ  പുകവലിയെക്കുറിച്ച് ഓര്‍ക്കാതിരുന്ന എന്റെ ഒരു സഹപ്രവര്‍ത്തകന്‍,  ഒരു പുക വിട്ട ശേഷം തീയട്ടരിലേക്ക് കയറിയാല്‍  മതിയായിരുന്നു എന്ന് തന്റെ ഇച്ചാ ഭംഗം പ്രകടിപ്പിച്ചത്..

കിട്ടിയ പോപ്‌ കോണ്‍ ആകട്ടെ വലിയ ഒരു പാക്കറ്റ്. ആദ്യത്തെ പൊരി വായിലേക്ക്.  "ഉദ്വേഗം" നിറഞ്ഞ ആദ്യ രംഗം. ലഡാക്കിലെ മാര്‍ക്കെറ്റില്‍ ഒരു ബോംബ്  നിര്‍വീര്യമാക്കാന്‍ ശ്രമിക്കുന്ന ഒരു സംഘം പട്ടാളക്കാര്‍.  ഷൂട്ടിംഗ് കാണാന്‍ വന്ന ആളുകളെ ദൂരെ വടം കെട്ടി തടഞ്ഞു നിര്ത്തിയിരിക്കുന്നു. അപ്പോളതാ അവിടേക്ക് ഒരു ബുള്ളറ്റും ഓടിച്ചു കൊണ്ട്  രംഗപ്രവേശം ചെയ്യുന്ന സാക്ഷാല്‍ കിംഗ്‌ ഖാന്‍ . ഒരു ഹെല്മെറ്റ് വെക്കാതെ, താടിപോലും വടിക്കാതെ പട്ടാള വേഷത്തില്‍ വന്നിറങ്ങുന്നു. വലിയ പാടിങ്ങുമായി ബോംബ് നിര്വീര്യമാക്കാന് വിഷമിക്കുന്ന സഹപ്രവര്ത്തകനെ മാറ്റി നിര്ത്തിക്കൊണ്ട് ഹെല്മെറ്റും പാടിങ്ങും ഒന്നും കൂടാതെ, ഷാരുഖ് ഖാന്‍  ആ ബോംബ് പുഷ്പം പോലെ നിര്വീര്യം ആക്കുന്നു...

ഇത് അങ്ങേരുടെ തൊണ്ണൂറ്റി എട്ടാമത്തെ ബോംബ് ദിഫ്ഫ്യൂശന് ആണ് എന്ന് മറ്റൊരു പട്ടാളക്കാരന്‍ സര്‍ദാര്‍ജി വിളമ്പുമ്പോള്‍ ആണ്, നമ്മള് മൂന്ന് കൊല്ലാതെ സേവനത്തിനു ഇടയ്ക്കു ഒരു വിദഗ്ദന് നിര്വീര്യം ആക്കാന് "തൊണ്ണൂറ്റി എട്ടു" ബോംബുകള് വിട്ടു കൊടുത്ത രാജ്യത്താണ് ജീവിക്കുന്നത് എന്ന് ഓര്‍ക്കുന്നത്. സമീര് അല്ല ഷാരൂഖ്‌ ഖാന്‍ ആ ബോംബ്‌ നിര്വീര്യം ആക്കിയ ഉടനെ സംഭവ സ്ഥലത്തിലേക്കു കളിക്കാന് എന്ന പോലെ ഓടിയടുക്കുന്ന കുട്ടികളുടെ ഇടയിലൂടെ തന്റെ ബൈക്ക് ഓടിച്ചു മറയുന്നു. അപ്പോള്‍ എനിക്ക് തോന്നി ഇവര്‍ ആദ്യം ലഡാക്ക് മാര്‍ക്കെറ്റ് എന്ന് തന്നെയല്ലേ  എഴുതി കാടിയത്... അല്ല വല്ല ലഡാക്ക് പബ്ലിക് സ്കൂള്‍ ഗ്രൌണ്ട് എന്നോ മറ്റോ അല്ലല്ലോ. ഇനി അടുത്ത് തന്നെ ടിവിയില് വരുമ്പോള് ആ സംശയം തീര്ക്കാം.

അത് കഴിഞ്ഞപ്പോളാണ്  മറ്റൊരു കാര്യം എനിക്ക് തോന്നിയത്.. ഇക്കഴിഞ്ഞ തവണ ഞാന്‍ ഷാരുഖ് ഖാന്റെ പടം കാണാന്‍ പോയപ്പോള്‍ അങ്ങേരു വരുന്ന ആദ്യ ഷോട്ടില്‍ വലിയ കയ്യടിയും കൂക്കിവിളിയും ഒക്കെ ആയിരുന്നു. പക്ഷെ ഇത്തവണ ഒരു മനുഷ്യന്‍ പോലും ചെറുതായി കൈ തട്ടുന്ന ശബ്ദം കേട്ടില്ല... "ചേട്ടാ.. ദെ കിംഗ്‌ ഖാന്‍ വന്നു " എന്നുറക്കെ വിളിച്ചു അവിടെ എങ്ങാനും ഉള്ള ഉള്ള ഉറങ്ങിക്കിടക്കുന്ന ഷാരുഖ് ഫാന്‍സിനെ ഉണര്‍ത്തിയാലോ  എന്ന് ...

ആദ്യത്തെ ഇടിവെട്ട് രംഗം കഴിഞ്ഞു  അദ്ദേഹം തന്റെ ബ്യ്കുമായി വിശ്രമിക്കുന്ന തടാക കരയിലേക്ക്. അടുത്ത സീന്‍ തുണിയുരിയുന്നു ...അല്ല സിക്സ് പാക്ക് ഖാന് അല്ല തുണി ഉരിയുന്നത്... അത് നമ്മുടെ നായിക നമ്പര്‍ വണ്‍ ..  അനുഷ്ക ശര്‍മ... അവരുടെ മുഖം കാട്ടുന്നതിനേക്കാള്‍ ശരീരഭാഗങ്ങള്‍  ആണ്  അശോക് മേഹ്തയുടെ ക്യാമറക്ക്  പഥ്യം എന്ന് വ്യക്തമാക്കുന്ന രീതിയിലുള്ള ഒരു പാദാതികേശ സര്‍വേ നടത്തിയ ശേഷം സൂം ഔട്ട് ചെയ്തു, ആയമ്മ നില്ക്കുന്നത് ലെയ്ക്കിനു നടുവിലുള്ള ഒരു വലിയ പാറപുറത്താണ് എന്ന് കാട്ടിതരുന്നു. അവിടെ നിന്നൊരു ഡൈവ്, തണുത്ത തടാകത്തിലേക്ക്. എങ്ങിനെ നായിക വെള്ളത്തില്‍ ഒന്നും തൊടാതെ തടാകത്തിനു നടുവിലുള്ള ആ പാറ പുറത്തു എത്തി എന്ന തരത്തിലുള്ള കുഴക്കുന്ന ചോദ്യങ്ങള്‍ ഒന്നും ആരും ചോദിക്കരുത്. കൈകാലിട്ടടിക്കുന്ന നായികയെ രക്ഷിക്കാന്‍ ആറ്റിലേക്ക് ചാടുന്ന നായകന്‍ എന്ന പതിവ് ക്ഷീരബല അവിടെയും ആവര്‍ത്തിക്കുന്നു. പക്ഷെ പതിവ് രീതിയില്‍ ഇവിടേയ്ക്ക് ആറ്റില്‍ നായകന്‍ ചാടുന്നതോ നായികയെ രക്ഷിക്കുന്നതോ കാണിക്കുന്നില്ല. ഷാരുഖ് ഖാന്റെ ഈ പ്രായം വെച്ചു ലടാക്കിലെ ലേയ്ക്കില്‍ ചാടിച്ചാല്‍ ചിലപ്പോള്‍ തിരിച്ചു കിട്ടില്ല എന്ന് മനസ്സിലാക്കാവുന്ന ബുദ്ധി യാഷ് ചോപ്രയിലെ ബിസ്സ്നെസ്സ്കാരന് ഉണ്ട് എന്ന് വ്യക്തം. രക്ഷപ്പെടുത്തിയ നായികക്ക് കൃത്രിമ ശ്വാസോച്ച്വാസം കൊടുത്തു ജീവന്‍ നല്‍കുന്ന നായകന്‍, അവിടെ നായികക്ക് ചൂട് പകരാന്‍ ഇന്ത്യന്‍ ആര്‍മിയുടെ യൂണിഫോം ജാക്കെട്ടും ഉപേക്ഷിച്ചു ഒരു താങ്ക്സ് പോലും കേള്‍ക്കാതെ ബുള്ളറ്റ് ഓടിച്ചു സ്ഥലം വിടുന്നു. നായകന്‍ "മൂലം" നാളുകാരന്‍ ആണ് എന്ന് തോന്നുന്നു. നായിക നന്ദി എന്ന് എന്ന് പറയുന്നതിന് പകരം അദ്ധേഹത്തിന്റെ നാളിന്റെ അര്‍ഥം വരുന്ന ഇംഗ്ലീഷ് വാക്കില്‍ ആണ് വിളിക്കുന്നത്‌. അവിടെ നിന്നും രക്ഷപ്പെട്ടു എത്തുന്ന നായിക തന്റെ  ഒരു സായിപ്പും, ഒരു മദാമ്മയും, ഒരു ആഫ്രിക്കക്കാരനും, ഒരു മന്ഗോളിയനും അടങ്ങുന്ന സാര്‍വലൌകീക  സൌഹൃദ സന്ഘതിനോടൊപ്പം ചില നിമിഷങ്ങള്‍ ചിലവിടുന്നു . അതിനിടക്ക് ഫോണില്‍ വിളിച്ച അവരുടെ മുന്‍ കാമുകനെ തെറി പറഞ്ഞു ആയമ്മ ന്യൂ ജെനെരെഷനില്‍ പെട്ട യുവതി ആണ് എന്ന് കൂടി ചോപ്ര അങ്കിള്‍  നമുക്ക് വ്യക്തമാക്കി തരുന്നു. അവിടെ ഒരു ലയ്ക്ക്

കഥ പറയാന്‍ വേണ്ടി തന്റെ പോക്കറ്റ് ഡയറി, ജാക്കറ്റില്‍ നായകന്‍ നിക്ഷേപിച്ചു വെച്ചത്  അവിടെ നിന്നാണ് നായികക്ക് കിട്ടുന്നത് (ഈ നൂറ്റാണ്ടിലും ഡയറി എഴുതുന്ന സുമനസ്സുകള്‍ ഉണ്ട് എന്ന് വ്യക്തമാക്കി തന്ന അങ്കിളിനു വീണ്ടു ഒരു ലയ്ക്ക്).  പിന്നെ സില്സിലായിലും, ലംഹെയിലും, ചാന്ത്നിയിലും ഒക്കെ കേള്‍ക്കുകയും കാണുകയും പോലെ, കവിതയില്‍ തുടങ്ങുന്ന നായകന്‍റെ ഭൂതകാല ഫ്ലാഷ് ബാക്ക്... അതാ വരുന്നു രണ്ടാമത്തെ നായിക, വെളുത്ത കത്രീന . ശ്രീദേവിയും രേഖയും ഒക്കെ സ്വിസ് മലനിരയിലെ പുല്‍ത്തകിടിയില്‍ നിന്നാണ് സ്ലോമോഷനില്‍  ഓടി വരുന്നതെങ്കില്‍  കത്രീന കൈഫ്‌ മഞ്ഞണിഞ്ഞ  പാതയില്‍ നിന്നാണ് സ്ലോമോഷനില്‍ ഓടി വരുന്നത്. സ്ക്രീനില്‍ നിറയുന്ന പഴയ പച്ചക്ക് പകരം വെള്ള. അതോടെ നായകന്‍റെ ചുറ്റും മഞ്ഞു പെയ്യുന്നു. ആദ്യത്തെ നോട്ടത്തില്‍ അനുരാഗവിലോചനനായി ഷാരുഖ്. അദ്ദേഹത്തെ അവഗണിച്ചു കൊണ്ട് ഒരു പള്ളിയിലേക്ക് ഓടി കയറിയ നായിക കര്‍ത്താവിനോടുള്ള സ്വകാര്യ സംഭാഷണത്തില്‍ മുഴുകുന്നു.

കൈയ്യിലുള്ള പോപ്‌ കോണ്‍ ഇത് വരെയായിട്ടും പകുതിയേ ആയിട്ടുള്ളൂ എന്ന് അപ്പോള്‍ ഞാന്‍ തിരിച്ചറിഞ്ഞു . അതോടെ വാശിയോടെ കുറെ പൊരികള്‍ എടുത്തു ഒരുമിച്ചു വായിലേക്കിട്ടു. പെപ്സി ഒരു വലിയ വലി കുടിച്ചു. തന്റെ കല്യാണ നിശ്ചയം ആണ്, അത് പൊളിക്കാന്‍ എല്ലാവിധ സഹായ സഹകരണങ്ങളും ചെയ്യണം എന്നാണു ആയമ്മ മുട്ടിപ്പായി കര്‍ത്താവീശോമിശിഹായോടു  അപേക്ഷിക്കുന്നത്. അങ്ങേരു വരവ് വെച്ചു എന്ന് ബോധ്യമായതോടെ "കള്ളന്മാര്‍ക്ക് സ്വാഗതം" എന്നെഴുതിയ ബോര്‍ഡ്‌ വെക്കുന്നതോഴിച്ചു ബാക്കിയെല്ലാ മോഷണത്തിനുള സകലമാന  സാഹചര്യവും ഒത്തു കിടക്കുന്ന ഏകാന്തതയുടെ അപാരതീരമായ പള്ളിക്ക് മുന്നില്‍ തന്നെ പാര്‍ക്ക് ചെയ്ത റോള്‍സ് റോയ്സിലേക്ക്.  മഞ്ഞത് തെരുവിലൂടെ ഓടി വന്ന നായികക്ക് കയറി പോവാന്‍ റോള്‍സ് റോയിസ് എങ്ങിനെ അവിടെ വന്നു എന്ന് തീയറ്ററില്‍ വെച്ചു ചോദിച്ചത് ഞാന്‍ മാത്രം ആയിരുന്നില്ല. ഓ. സോറി  നായിക ഒരു വലിയ പണചാക്ക് ആണ് എന്ന് എസ്ടാബ്ലിഷ് ചെയ്യണം അല്ലോ. സോറി യാഷ് അങ്കിള്‍... ഇതാ പിടിച്ചോളൂ ഒരു ലയ്ക്കു കൂടി..

നായകന്‍ പട്ടിണി പാവം ആണ് എന്ന് കാണിക്കുവാന്‍ ആദ്യം മഞ്ഞു കോരുന്നത് കാണിച്ചു, പിന്നെ ഗിറ്റാറും  വായിച്ചു "ചന്ദ്രശേകര പിള്ളയുടെ" പാട്ടും പാടി പിച്ച എടുക്കുന്നത് കാണിച്ചു. സബ് വെയിലൊക്കെ കണ്ടിട്ടുള്ള സായിപ്പ് പിച്ചക്കാര്‍ ഗിറ്റാര്‍ അടിച്ചു ഒരു മൂലക്കല്‍ നിന്നാണ് പാടാറുള്ളത്. പക്ഷെ ഗിറ്റാറും എന്തിയ ഷാരുഖ് പിച്ചക്കരനായപ്പോള്‍ പാട്ടുപാടി നൃത്തമാടി ഓടി നടന്നു തെണ്ടുന്നു. അത് കഴിഞ്ഞു മീന്‍ മാര്‍ക്കെറ്റില്‍ മീന്‍ വിക്കുന്ന ഷാരൂഖ് ഭായ്... അങ്ങേരുടെ വലിയ ഉത്സാഹം കണ്ടു മത്തി വാങ്ങിക്കാന്‍ വന്ന സായിപ്പ് ഒരു ജോലി ഓഫര്‍ ചെയ്യുന്നു... അവിടെ നിന്നും ഹോട്ടലില്‍ വെയിറ്റര്‍ ജോലിക്ക്... കൈയ്യില്‍ ഷാമ്പെയില്‍ ഗ്ലാസും പിടിച്ചു നില്‍ക്കുന്ന ഷാരൂഖ് വെയ്റ്റര്‍ ഖാന് താന്‍  എത്തി പെട്ടത് കത്രീനയുടെ വിവാഹ നിശ്ചയത്തില്‍ ആണ് എന്ന് മനസ്സിലാവുന്ന നിമിഷം ഞാന്‍ തിരിച്ചറിഞ്ഞു എന്റെ പോപ്‌ കോണ്‍ പാത്രത്തിന്റെ അടിത്തട്ടില്‍ എന്റെ വിരല്‍ മുട്ടി എന്ന്... കൂടുതല്‍ ഒന്നും നോക്കിയില്ല... സീറ്റില്‍ നിന്നും മെല്ലെ എഴുന്നേറ്റു. അവിടെ ഹോട്ടലിന്റെ പിരകുവഷതിരുന്നു പുക വലിക്കുന്ന കത്രീനയെ കണ്ടുകൊണ്ടു (ആഹ വീണ്ടു ന്യൂ ജെനെരെഷം .. ന്യൂ ജെനെരെഷം..). . എന്റെ പ്രചോദനം കൊണ്ടാണ് എന്ന് തോന്നുന്നു അടുത്തുള്ള മൂന്ന് നാല് തലകള്‍ കൂടി സീറ്റില്‍ നിന്നുയര്‍ന്നു ...നേരെ  എക്സിറ്റ് ഗേറ്റിലേക്ക് ... ഓടുകയായിരുന്നു... അപ്പോള്‍ ആരോ പറയുന്നത് കേട്ട് ... "ജബ് തക ഹേ ജാന്‍... ഭാഗ്...."