തിങ്കളാഴ്‌ച, ഡിസംബർ 19, 2011

പ്രതീക്ഷകളുടെ നവനിര്‍മ്മാണം

രാജ് താക്കറേ എന്ന് കേള്‍ക്കുമ്പോള്‍ മനസ്സില്‍ വരുന്ന ചിത്രം മഹാരാഷ്ട്രയിലെ ന്യൂനപക്ഷങ്ങളുടെ മനസ്സില്‍ ഭീതി ഉണര്‍ത്തുന്ന ഒരു കരാളരൂപമാണ്. അസഹിഷ്ണുത മാത്രം പ്രകടിപ്പിച്ചു കൈക്കരുത്തില്‍ ഭാഷ മത ന്യൂനപക്ഷങ്ങളുടെ മേല്‍ കുതിര കയറി  മറാത്താ രാഷ്ട്രീയം കളിക്കുന്ന അമ്മാവന് ചേര്‍ന്ന അനന്തിരവന്‍. പക്ഷെ, ഇന്നലെ അദ്ദേഹം അഭിനന്ദനാര്‍ഹമായ, ബഹുമാനം തോന്നിപ്പിച്ച, ഒരു അഭിപ്രായം പ്രകടിപ്പിച്ചു. ജീവിതത്തില്‍ ആദ്യമായാണ്‌, അദ്ദേഹത്തില്‍ നിന്നും ആ രീതിയിലുള്ള ഒരു അഭിപ്രായം പുറത്തു വന്നത് എന്ന് എനിക്ക് തോന്നുന്നു..

തന്നെ കാണാന്‍ ബെല്‍ഗാമില്‍ നിന്നും എത്തിയ ഒരു പറ്റം മഹാരാഷ്ട്ര ഏകീകരന്‍ സമിതി പ്രവര്‍ത്തകരോട് ആണ്, അദ്ദേഹത്തെ അറിയുന്ന അല്ലെങ്കില്‍ അദ്ദേഹത്തെ പിന്തുടരുന്ന എല്ലാവരെയും അമ്പരപ്പിച്ച ആ ഒരു അഭിപ്രായം പ്രകടിപ്പിച്ചത്. ബെല്ഗാമിനെ കര്‍ണാടകത്തില്‍ നിന്നും അടര്‍ത്തി മഹാരാഷ്ട്രയുടെ ഭാഗമാക്കാന്‍ കിണഞ്ഞു പരിശ്രമിച്ചു കൊണ്ടിരിക്കുന്ന സംഘടന ആണ് മഹാരാഷ്ട്ര ഏകീകരന്‍ സമിതി. അതിന്റെ ഭാഗമായി അവരുടെ സമരത്തിന്‌, മറാത്ത സിംഹത്തിന്റെ പിന്തുണ തേടി എത്തിയതായിരുന്നു അവര്‍. അവരോടു ആദ്യമായി അദ്ദേഹം ഒരു ചോദ്യം ചോദിച്ചു... മറാത്തി സംസാരിക്കുന്നവരായതു കൊണ്ട് മാത്രം കര്‍ണാടകയില്‍, ഏതെങ്കിലും തരത്തില്‍ ഉള്ള പീഡനം, അല്ലെങ്കില്‍ വിവേചനം നിങ്ങള്‍ ആരെങ്കിലും അനുഭവിക്കുന്നുണ്ടോ?

ഇല്ല എന്ന് മറുപടി പറഞ്ഞ അവരോടു അദ്ദേഹം തുടര്‍ന്ന് പിന്നീട് പറഞ്ഞ കാര്യങ്ങള്‍ കേട്ടിരുന്ന എല്ലാവരെയും വിസ്മയിപ്പിക്കുന്ന രീതിയിലുള്ളതായിരുന്നു. "ആ നിലക്ക് കര്‍ണാടകയില്‍ തന്നെ മാന്യമായി ജീവിച്ചു അവിടെയുള്ളവരുടെ ബഹുമാനം തുടര്ന്നുഭവിക്കുകയല്ലാതെ, അവിടെ കുതിതിരുപ്പുണ്ടാക്കി അതിവൈകാരിക പ്രകടനം കൊണ്ട്  തങ്ങളുടെയും മറ്റുള്ളവരുടെയും ജീവിതം ദുസ്സഹം ആക്കരുത്. ബെല്‍ഗാം കര്‍ണാടകത്തില്‍ തുടരുന്നത് കൊണ്ട് മാത്രം ഒരു പ്രശ്നവുമില്ല... അതുകൊണ്ട് താല്‍ക്കാലിക നേട്ടം മാത്രം ലക്ഷ്യമാകിയിട്ടുള്ള രാഷ്ട്രീയ കളിക്ക് കരുക്കള്‍ ആവതിരിക്കുക". അന്യ സംസ്ഥാനക്കാരായ തൊഴിലാളികളെയും ഓട്ടോക്കാരെയും ടാക്സി ഡ്രൈവര്‍മാരെയും കുറിച്ച് പ്രകോപനപരമായി പ്രസംഗിക്കുകയും അവരെ ആക്രമിക്കുകയും ചെയ്ത അതെ രാജ് താക്കറേ തന്നെയാണോ ഇങ്ങനെ പറഞ്ഞത് എന്ന് ആദ്യം എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ഇങ്ങനെയൊക്കെ പറയാനും ഈ നിലയില്‍ ചിന്തിക്കാനും കഴിയുന്ന പാകതയും ആര്‍ജ്ജവവും അദ്ദേഹം നേടിയിട്ടുണ്ടെങ്കില്‍ അത് മഹാരാഷ്ട്രക്ക് ആശക്ക്‌ വക നല്‍കുന്നുണ്ട്.  ഇതേ പക്വത ഇതേവരെ മറ്റൊരു വിഷയത്തിലും അദ്ദേഹം പ്രകടിപ്പിച്ചിട്ടില്ല,  എന്നാലും ഇത്തരത്തിലുള്ള പ്രതികരണം ഇതര രാഷ്ട്രീയ നേതൃത്വങ്ങള്‍ മാതൃക ആക്കുന്നത് ആശാവഹമാണ്‌ എന്നാണു എന്റെ അഭിപ്രായം. 

അഭിപ്രായങ്ങളൊന്നുമില്ല: