ശനിയാഴ്‌ച, ജൂൺ 16, 2012

സ്പിരിറ്റ്‌ - കൊണ്യാക്കിന്റെ കുപ്പിയില്‍ ഒളിപ്പിച്ച വ്യാജ ചാരായം

കഴിഞ്ഞ കുറച്ചു കാലമായി അനിയന്ത്രിതമായി  വര്‍ദ്ധിച്ചു വരുന്ന ഈ "ആള്‍ക്കഹോളിസം" എന്നത്  മലയാളി സമൂഹം മാത്രം അഭിമുഖീകരിക്കുന്ന ഒരു പ്രശ്നം ആണ് എന്നാണു ഞാന്‍ കരുതിയിരുന്നത് എന്നാലും... ഈയ്യിടെയായി രണ്ടു ചാനലുകളില്‍- അല്‍ ജസീറയില്‍ ആസ്ട്രേലിയായെക്കുറിച്ചും, ന്യൂസ്‌ എക്സില്‍ പഞാബിനെക്കുറിച്ചും,  കണ്ട വ്യത്യസ്തമായ രണ്ടു ഡോക്യുമേന്ട്രികളിലൂടെ അത് ലോകത്ത് പലയിടത്തും മനുഷ്യ സമൂഹത്തെ കാര്‍ന്നു തിന്നുകൊണ്ടിരിക്കുന്ന ഒരു വന്‍ വിപത്താണ് എന്ന് ബോധ്യമായത്. കേരളത്തില്‍ കുറെ നാളുകളായി, വൈകീട്ട് ആറുമണിക്ക് ശേഷം ബസ്സില്‍ കയറുമ്പോള്‍, അല്ലെങ്കില്‍ കവലകളില്‍ നില്‍ക്കുമ്പോള്‍,  രൂക്ഷമായ മദ്യഗന്ധം  മൂക്കിലടിക്കാതെ മലയാളിക്ക് ഒരു ദിവസവും കടന്നു പോവാനാവാറില്ല. പണ്ടൊക്കെ മാവേലി സ്റൊരിനു മുന്നില്‍ ഉണ്ടായിരുന്നു എന്ന് പറഞ്ഞിരുന്ന പോലെ, സുദീര്‍ഖമായ ക്യൂ ബീവറേജസ് കോര്‍പറേഷന്‍ സ്റൊരുകള്‍ക്ക് മുന്നില്‍ അവതരിച്ചിട്ടു നാളുകള്‍ ഒരുപാടായി. ഇക്കഴിഞ്ഞ തൃശ്ശൂര്‍ പൂരത്തിന്റെ അന്ന് രാവിലെ ഏകദേശം ഒരു ആറര, ഏഴു മണി ആയിട്ടുണ്ടാവും, കുടുംബത്തോടൊപ്പം പാറമേല്‍ക്കാവില്‍ പോവാന്‍ വേണ്ടി സെന്റ്‌ മാരിസ് കോളേജ് റോഡില്‍ കാര്‍ പാര്‍ക്ക് ചെയ്തു നടന്ന ഞാന്‍ കണ്ടത്, അവിടെ ഫുട് പാത്തില്‍, കാറുകളുടെ മറവില്‍, ഒരു കുപ്പിയും നാല് ഗ്ലാസ്സുമായി ഇരുന്നു സുപ്രഭാതം വണങ്ങുന്ന ഒരു നാലംഗ സംഘത്തെയാണ്... ഇതൊക്കെ പറഞ്ഞു വന്നത് പതിവ് സിനിമകള്‍ കാണുന്ന ഒരു എന്റര്‍റൈന്‍മെന്റ് മോഡില്‍ അല്ല ഇന്ന് കാണാന്‍ പോയത് എന്ന് ആമുഖമായി പറഞ്ഞു വെക്കാനാണ്.  ഈ പ്രമേയത്തിന്റെ കാലികപ്രസക്തിയെക്കുറിച്ചുള്ള വ്യക്തമായ ബോധ്യത്തോടെ, ഗൌരവത്തോടെ ആണ് കാണാന്‍ പോയത്.

പത്തിരുപതു വര്ഷം മുമ്പ്, വന്നത് പോലും അറിയാതെ തീയറ്റര്‍ വിട്ടു പറന്ന ഒരു കൊച്ചു ചിത്രമുണ്ട് ... മോഹന്‍ സംവിധാനം ചെയ്ത "തീര്‍ത്ഥം". അക്കാലത്തെ ദൂരദര്‍ശന്‍ പരിപാടികളിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതയായ ഇപ്പോള്‍ ഗുജറാത്തി ടെലിവിഷനിലെ  ജനപ്രിയ താരമായ പല്ലവി ജോഷി എന്ന നടി അഭിനയിച്ച ഒരേ ഒരു മലയാളം സിനിമ ആയിരുന്നു അത്. നെടുമുടി നായകനായി അഭിനയിച്ച ആ കൊച്ചു ചിത്രം കേരളത്തില്‍ അന്നിത്രയും വലിയ വിപത്തിന്റെ രൂപം ആര്‍ന്നിട്ടില്ലാതിരുന്ന ആള്‍ക്കഹോളിസം എന്ന വിഷയം വളരെ ഗൌരവത്തോടെ കൈകാര്യം ചെയ്തിരുന്ന ഒരു ചിത്രമായിരുന്നു. കുറച്ചൊക്കെ മെലോഡ്രാമ ഉണ്ടായിരുന്നു എന്നതൊഴിച്ചാല്‍ ആ കൊച്ചു ചിത്രം ഒരു വലിയ മെസ്സേജ് അന്നത്തെ സമൂഹത്തിനോട് പറയാന്‍ ശ്രമിച്ചിരുന്നു. പക്ഷെ, മോഹന്റെ തന്നെ പല ഭേദപ്പെട്ട ചിത്രങ്ങളായ "ശ്രുതി", "ഒരു കഥ ഒരു നുണക്കഥ" എന്നിവയെപ്പോലെ പോലെ അധികമാരും കാണാതെ തീയേറ്റര്‍ വിട്ടു പോവാനായിരുന്നു അതിനു യോഗം. സ്പിരിറ്റ്‌ കാണാന്‍ പോവുമ്പോള്‍, ഈ വിഷയം ആണ് പ്രതിപാദിക്കുന്നത് എന്ന് മനസ്സിലാക്കിയപ്പോള്‍, മനസ്സില്‍ ഓര്മ വന്നത് തീര്‍ത്ഥം എന്ന സിനിമയും, ഇരുട്ടില്‍ ചവിട്ടു പടിയില്‍ മുറ്റത്തേക്ക് ശര്‍ദ്ദിച്ചു തളര്‍ന്നു വീഴുന്ന നെടുമുടി വേണുവും. പല്ലവി ജോഷിയുടെ നിറഞ്ഞ കണ്ണുകളും ആയിരുന്നു. അങ്ങിനെ ചെറിയ ഒരു റെഫെരെന്‍സ്‌ മനസ്സില്‍ കരുതി ആണ് മഴക്കാര്‍ മൂടി നില്‍ക്കുന്ന ഈ സായാഹ്നത്തില്‍ നിറഞ്ഞ സദസ്സിലോരാളായി, സുഖമുള്ള ഇരിപ്പിടത്തില്‍ അമര്‍ന്നിരുന്നത്.

അറപ്പ്, നിരാശ, പുച്ഛം, എന്നീ മൂന്ന് വികാരങ്ങളും ഒരുമിച്ചു ചേര്‍ന്നതാണ് "ജുഗുപ്സ" എങ്കില്‍. അതാണ്‌ ഈ സിനിമ എന്നിലെ അനുവാചകന് പകര്‍ന്നു നല്‍കിയത്. കൈകാര്യം ചെയ്യുന്ന പ്രമേയത്തോട് ഒരു മിനിമം ആത്മാര്‍ഥത, പ്രതീക്ഷിച്ചു കാണാനിരുന്ന എന്റെ കണ്ണുകളില്‍ വ്യക്തമായത് ഈ സിനിമയിലൂടെ ശില്പികളുടെ നാട്യം ഒന്ന് മാത്രമാണ്. "ഹിപ്പോക്രസി" എന്ന പദത്തിന്റെ അര്‍ഥം അറിയില്ലെങ്കില്‍, ഈ സിനിമ കണ്ടു വരുന്നവര്‍ക്ക്, സാമാന്യ ബുദ്ധി ഉണ്ടെങ്കില്‍ ഡിക്ഷനറി നോക്കാതെ തന്നെ മനസ്സിലാവും അതെന്താണ് എന്ന്.

രഞ്ജിത്തിന്റെ സിനിമകളിലെ അവിഭാജ്യ ഘടകമായിരുന്നു ഉന്മാദിയായ നായകനും അവന്റെ പരിവാരങ്ങളുമായി നടത്തുന്ന സുരാപാന മഹോത്സവം.. ഇളനീര്‍ വെട്ടി ചാരായം നിറക്കുന്ന "ദേവാസുരം" ഒരുക്കുകയും,  നെഞ്ചോളം വെള്ളത്തില്‍ കിടന്നു കാര്‍ട്യൂബിന് മുകളില്‍ നാടന്‍ "വെറ്റ് ബാര്‍" ഉണ്ടാക്കുകയും ചെയ്യുന്ന തഴക്കങ്ങള്‍ ഒക്കെ സാധാരണക്കാരായ മലയാളികളുടെ  മനസ്സിലേക്ക് പകര്‍ന്നോഴിച്ചു, അതില്‍ ഐസിന്‍ കട്ട ഇട്ട ആളാണ്‌ രഞ്ജിത്. അത്തരം രംഗങ്ങളെ ഒട്ടൊരു വീരപരിവേഷത്തോടെ പകര്‍ന്നാടിയിരുന്നത് ഏറെയും മലയാളികള്‍ക്ക് "വൈകീട്ടെന്താ പരിപാടി" എന്ന വേദവാക്യം ഓതിക്കൊടുത്ത അവരുടെ ലാലേട്ടനും. അവര്‍ ഇരുവരും ആള്‍ക്കഹോളിസത്തിനു എതിരെ ഇറങ്ങുന്നു എന്ന് കേട്ടപ്പോള്‍ ഒരു "മാനസാന്തരത്തിന്റെ" ചുറ്റുവട്ടം തെളിയുന്ന പോലെ തോന്നിയിരുന്നു. പക്ഷെ അത്തരത്തിലുള്ള ഒരു മാനാസാന്തരം നല്‍കുന്ന ആത്മാര്‍ഥത ഒന്നും ഈ സിനിമയില്‍ കാണാന്‍ ആവുന്നില്ല. ചിത്രത്തിന്റെ ആദ്യ പകുതിയില്‍ കോര്‍ത്തിണക്കിയ അനവധി മദ്യപാനരംഗങ്ങള്‍ അവതരിപ്പിക്കുന്നതിലുള്ള മിഴിവും ആകര്‍ഷണീയതയും തനിമയും - "സാള്‍ട്ട് ആണ്ട് പേപ്പറിലെ"  ഭക്ഷണ രംഗങ്ങളെ അനുസ്മരിപ്പിച്ചു. ലിമിറ്റഡ് മദ്യപാനത്തിന്റെ ഗുണങ്ങള്‍ പറഞ്ഞു കൊടുക്കുന്നതിന്റെയും, കൊണ്യാക്കും കട്ടന്‍ ചായയും കൂടി മിശ്രിതപ്പെടുത്തി അകതാക്കുന്നതിന്റെയും, ഒക്കെ സന്ദേശങ്ങള്‍ പ്രബുദ്ധ മലയാളിക്ക് നന്നായി രസിക്കുന്നുണ്ട് എന്ന് തീയറ്ററില്‍ നിന്നും ആദ്യ പകുതിയില്‍ ഉയരുന്ന പ്രതികരണങ്ങള്‍ വ്യക്തമാക്കും.

ഒരു ചലച്ചിത്രകാരന് സമൂഹത്തിനു സന്ദേശം നടത്തുന്ന രീതിയില്‍ സദാചാരത്തിന്റെ വട്ടങ്ങളില്‍ നിന്നും കൊണ്ട്  സമൂഹത്തെ ഉദ്ധരിക്കുന്ന സോദ്ദേശ സിനിമകള്‍ മാത്രമേ സൃഷ്ടിക്കാവൂ എന്ന് യാതൊരു നിര്‍ബന്ധവും ഇല്ല. പക്ഷെ അങ്ങിനെ ചെയ്യുകയാണ് എന്ന് ജനങ്ങളെ വിശ്വസിപ്പിച്ചു തികച്ചും വിരുദ്ധാശയങ്ങള്‍ പൊതിഞ്ഞു കെട്ടി കൊടുക്കുമ്പോഴാണ്, അത് ഫെയ്ക്ക് ആവുന്നത്, അതില്‍ ഹിപ്പോക്രസി കലരുന്നത്. ഇവിടെ പറഞ്ഞു വെക്കുന്ന കാര്യങ്ങള്‍ മദ്യപാനത്തിന്റെ ദൂഷ്യവശങ്ങള്‍ അനുഭവിക്കുന്നതും കുടിച്ചു നശിക്കുന്നതും മണിയെപ്പോലെയുള്ള താഴെത്തട്ടിലുള്ളവര്‍ മാത്രമാണ്. അവനെ വിമുക്തി ലഭിക്കുവാന്‍ പോലീസ് സ്റെഷനില്‍ കൊണ്ട് വന്നു കന്നത്തില്‍ രണ്ടു പൊട്ടിച്ചു പൊക്കിയെടുത്തു ഡി അഡിക്ഷന്‍ സെന്ററില്‍ തടവില്‍ ഇടുകയും ചെയ്യണം. മദ്ധ്യവര്‍ഗ മലയാളി  തികഞ്ഞ മദ്യവിരുദ്ധനും,  അതിന്റെ അനുസാരി പ്രശ്നങ്ങള്‍ ഒന്നും ഇല്ലാത്ത സദാചാരിയാണ്.  സാമൂഹ്യ മദ്യപനായ വരേണ്യവര്‍ഗ  പ്രതിനിധിയോ, സ്വയം വെളിപാട് വന്നു കുപ്പിയെ തട്ടി തെറിപ്പിച്ചു ഒറ്റ രാത്രി കൊണ്ട് സമൂഹത്തിലെ മദ്യപാന വിപത്തിനെ മുഴുവന്‍ തുടച്ചു മാറ്റാന്‍ കഴിവുള്ള  പുണ്യാളനാവുന്ന മഹാനുഭാവന്‍. അവനു ആകെ വേണ്ടത് മുമ്പില്‍ ചോര ശര്ദ്ധിച്ചു രക്തസാക്ഷി ആവാന്‍ ഒരു സമീര്‍ എന്നാ ആരാജകകവി മാത്രം. അവന്‍ മദ്യപാനശീലത്തില്‍ നിന്നും സ്വമേധയാ പുറത്തു വന്നതും, തന്റെ ദയാവായ്പ്പു കൊണ്ട് വിമോചനം അരുളിയ ദരിദ്രനാരായണനായ പ്ലംബര്‍ മണിയുടെ വിമുക്തിയും, ആഘോഷിക്കുന്നത് തന്നെ മദിരോല്സവത്തില്‍...

ഈ സിനിമയുടെ മൊത്തം ഫീലിനെ സംഗ്രഹിക്കുന്ന ഒരു വലിയ ഉദാഹരണമാണ് മധു അവതരിപ്പിക്കുന്ന കര്‍ത്താ എന്നാ കഥാപാത്രം... സ്വന്തം ഭാര്യയെ മക്കളുടെ അടുത്തേക്കയച്ചു പരസ്ത്രീ ബാന്ധവത്തിനിറങ്ങുന്ന ഇറങ്ങുന്ന ഈ കിഴവന്‍ മൂരാച്ചി, ഭാര്യയോടു മോശമായി പെരുമാറുന്ന മണിയോടും, മദ്യപാനിയായ രഘുവിനോടും ഒക്കെ "മാന്യത" നടിച്ചു സദാചാരം  പഠിപ്പിക്കുന്നുണ്ട്.  അത് തന്നെയാണ് രഞ്ജിത്തിന്റെ സ്പിരിറ്റ്. നല്ല പള പളക്കുന്ന വെള്ളിഅടപ്പ് കൊണ്ട്  മൂടി വെക്കുന്ന നാറുന്ന കമ്പോസ്റ്റ് കുഴി. ഈ സിനിമയില്‍ കുറച്ചെങ്കിലും വ്യക്തിത്വം ഉണ്ട് എന്ന് തോന്നിപ്പിക്കുന്ന ഒരു കഥാപാത്രം ഉണ്ട് - ലെനയുടെ സുപ്രിയ. ആ കഥാപാത്രത്തെ പോലും നായകന്‍റെ പ്രഭാവത്തിന് മുന്നില്‍ ആയുധം വെപ്പിച്ചു കീഴടക്കുകയാണ് സംവിധായകന്‍. ഇതിലെ ഹിപ്പോക്രസിയെക്കുറിച്ചു പറയാനാണെങ്കില്‍ ഇനിയും അനവധിയുണ്ട് ഉദാഹരണങ്ങള്‍. വിവാഹ മോചനത്തിന് ശേഷം തന്റെ ആദ്യഭാര്യയും അവളുടെ ഇപ്പോഴത്തെ ഭര്‍ത്താവുമായി പൂര്‍വകാലം തമസ്കരിച്ചു "ആരോഗ്യകരമായ സൌഹൃദം" പുലര്‍ത്തുന്ന നായകന്‍ എന്ന് പറഞ്ഞു വെക്കുമ്പോള്‍ തന്നെ,  അവരുടെ ഇപ്പോഴത്തെ ഭര്‍ത്താവ്, തന്റെ ആത്മാര്‍ത്ഥ സുഹൃത്ത്‌ ഇല്ലാത്ത സന്ദര്‍ഭത്തില്‍ കയറി വന്നു, അയാള്‍ മുന്‍ഭാര്യയോടു നിലവിട്ടു പെരുമാറുന്നുണ്ട്. ഇനി, നാട് ഭരിക്കുന്ന മന്ത്രിയെ ടാക് ഷോവില്‍ നിശ്ശബ്ധനാക്കി തളക്കാന്‍, ഉന്നത ബൌദ്ധീക നിലവാരം അവകാശപ്പെടുന്ന അയാള്‍ക്ക്‌ പതിവ് പോലെ ആയുധം  നാലാംകിട പെണ്ണ് കേസ്.... ഇങ്ങനെ എന്തെല്ലാം നഗ്നമായ നാട്യങ്ങള്‍...


ആദ്യം പ്രതിപാദിച്ച പോലെ തീര്‍ത്ഥം എന്ന സിനിമ മനസ്സില്‍ വെച്ചാണ് കണ്ടു തുടങ്ങിയതെങ്കിലും, കണ്ടു കൊണ്ടിരുന്നപ്പോള്‍ മനസ്സില്‍ വന്നത് - "ലൈഫ് ഈസ്‌ ബ്യൂട്ടിഫുള്‍" (മലയാളം) എന്ന മറ്റൊരു നാട്യസിനിമ. ലാലുപദേശി നാടിലെ വിദ്യാഭ്യാസ വ്യവസ്ഥ മാറ്റി മറിക്കാന്‍ കത്തി കയറിയ ആ ഫാസില്‍ ചിത്രം. 

ഈ സിനിമയില്‍ ഒപ്പിച്ചു വെക്കുന്ന അഭിനയതിനാണോ, മോഹന്‍ലാലിന്റെ ഗംഭീര അഭിനയം എന്നൊക്കെ സോഷ്യല്‍ മീഡിയ പാണന്മാര്‍ അടിച്ചു കൂട്ടുന്നത്‌. അതല്ല എനിക്ക് എന്തെങ്കിലും തകരാരുണ്ടോ? തന്റെ തലയില്‍ കെട്ടി വെക്കുന്ന വിഴുപ്പില്‍ കിടന്നു ശ്വാസം മുട്ടുകയാണ് അദ്ദേഹം. ഞാന്‍ ഇഷ്ടപ്പെട്ടിരുന്ന മോഹന്‍ലാല്‍ എന്ന നടന്‍ മരിച്ചിട്ട് കുറച്ചു വര്‍ഷങ്ങളായി എന്ന് മുമ്പ് ഒരിക്കല്‍ പോസ്റ്റിട്ടത് ഇവിടെയും ആവര്‍ത്തിക്കുന്നു..  ഇപ്പോള്‍ നടക്കുന്നത് അദ്ദേഹത്തിനെ സ്റ്റാഫ്‌ ചെയ്ത മമ്മിയുടെ പ്രദര്‍ശനം. നന്ദു എന്ന നടന്റെത് ഒഴിച്ച് (വലിയ കോടി കെട്ടി വാഴ്ത്തപ്പെടുന്ന ശങ്കര്‍ രാമകൃഷ്ണന്റെതടക്കം) എല്ലാ നടീ നടന്മാരും ശരാശരി അഭിനയം ആണ് കാഴ്ചവെച്ചിട്ടുള്ളത് എന്നാണു എന്റെ വിലയിരുത്തല്‍. ഇന്ത്യന്‍ റുപ്പീ കണ്ടപ്പോള്‍, ഒരു കാര്യത്തില്‍ ആശ്വാസം തോന്നിയിരുന്നു, വല്യ തൊങ്ങലും കൊടിക്കൂറയും ഇല്ലാത്ത ഒരു നായകനെ രഞ്ജിത്ത് അവസാനം കൊണ്ട് വന്നല്ലോ. ഇവിടെ അതും പോയിക്കിട്ടി. ആറാം തമ്പുരാനിലെയും, ചന്ദ്രോല്‍സവതിലെയും, നരസിംഹത്തിലെയും, റോക്ക് ആന്‍ഡ്‌ റോളിലെയും  ഒക്കെ "മോഹന്‍കാന്തുമാര്‍"  തന്നെയാണ്, ഈ രഘുനന്ദനന്‍  എന്ന് മനസ്സിലാക്കുവാന്‍ വലിയ കൊമ്പത്തെ നിരീക്ഷണപാടവതിന്റെയോന്നും ആവശ്യം ഇല്ല. അഞ്ചു വിദേശ ഭാഷകളില്‍ പ്രാവീണ്യം... ഒക്സ്ഫോര്‍ഡും, ഹാര്‍ വാര്‍ഡും, സ്ടാന്ഫോര്‍ഡും ചേരുന്നു നമിക്കുന്ന പാണ്ടിത്യം, അനാശ്യാസത്തിനു പോവുന്ന വല്യപ്പന്റെ പോക്കറ്റില്‍ "റബ്ബര്‍" തിരുകുന്ന ഹൃദയ വിശാലത... പിന്നെ ആറാം തമ്പുരാന്‍ ജനുസ്സില്‍ നിന്നും, ഒരു തുടര്‍ച്ച പോലെ ഉസ്താദ് അലവലാതി ഖാന്റെ അടുത്ത് നിന്നും പഠിച്ച ആ അസാമാന്യ സംഗീത പാടവം...


എഴുതി തുടങ്ങിയാല്‍ ഒരു പാട് എഴുതി വിടാനുണ്ട് ഈ "ഫെയ്ക്ക് സിനിമയെ" പറ്റി... പക്ഷെ കണ്ടു വീട്ടില്‍ വന്നപ്പോള്‍ സൂര്യ ടി വി യില്‍ മണിആശാന്‍ സി പി ഐയുടെ അക്രമങ്ങളെ പറ്റി വാചാലനാവുന്നു... ഇവിടെ വാസവദത്തമാരുടെ ചാരിത്ര്യപ്രസംഗങ്ങള്‍ ഇനിയും ഏറെ നടക്കും. പിന്നെ സിനിമ നന്നായിട്ടെന്താ.

വായില്‍ ഒരു വൃത്തികെട്ട ചുവ അവശേഷിപ്പിക്കുന്ന ഒരു സിനിമ.ഒരു തുള്ളി മദ്യപിച്ചിട്ടില്ലെങ്കിലും മനം പിരട്ടുന്നു . ഒന്ന് ശര്‍ദ്ദിച്ചു കളയട്ടെ... അതിന്റെ ചൊരുക്ക്...

3 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

പാണന്മാര്‍ കാരണം ഒന്നും വിശ്വസിക്കാന്‍ പറ്റാതായി , ചാനലുകളും പത്രങ്ങളും വിശ്വസിക്കാന്‍ പറ്റാതെ ആയിട്ട് വര്‍ഷങ്ങള്‍ കുറെ ആയി, ആദ്യപകുതി വെള്ളമടിയും രണ്ടാം പകുതി ഉപദേശവും ആണെന്ന് മനസ്സിലായി എന്നാലും ജനം ആര്ത്തിടിക്കുന്നു പടം ഹിറ്റാവുമെന്ന് തോന്നുന്നു അതോ മോഹന്‍ ലാല്‍ ഫാന്‍സ്‌ കൃത്രിമമായി ഉണ്ടാക്കുന്ന ആരവമോ ? രണ്ടു വാരം കഴിഞ്ഞു നോക്കാം , നന്നായി എഴുതിയിരിക്കുന്നു , രഞ്ജിത്ത് സ്വന്തം ജീവിതം ആണോ നമ്മള്‍ പാവം പ്രേക്ഷകരുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നത് ?

Shinoj CP പറഞ്ഞു...

ആറാം തമ്പുരാനും , നരസിംഹവും മോശം സിനിമ ആണെന്ന് പറയുന്ന ബ്ലോഗ്ഗെരുടെ ഉദ്ദേശം വ്യക്തം . എല്ലാരും നല്ലത് പറയുന്ന സിനിമ യെ വിമര്‍ശിച്ചു വെത്യസ്തന്‍ ആകുക. തനി മലയാളത്തില്‍ പറഞ്ഞാല്‍ ആളൊരു "തനി മലയാളി " തന്നെ .

കൃഷ്ണകുമാര്‍ പറഞ്ഞു...

@ Shinoj CP. അഭിപ്രായത്തിനു നന്ദി...താങ്കളുടെ പക്ഷത്തെ മാനിക്കുന്നു. ഈ ബ്ലോഗില്‍ എവിടെയെങ്കിലും ആറാം തമ്പുരാനും നരസിംഹവും മോശം സിനിമകള്‍ ആണ് എന്ന് പറഞ്ഞിട്ടുണ്ടോ? (അങ്ങിനെയാണ് എന്ന് എനിക്ക് ഉത്തമ ബോധം ഉണ്ടെങ്കിലും ഞാന്‍ പറഞ്ഞിട്ടില്ല.) പിന്നെ പറഞ്ഞിരിക്കുന്നതെന്താ... ഇതിലെ രഘു നന്ദനന്‍ എന്ന കഥാപാത്രം ആ ജനുസ്സില്‍ ഉള്ള സിനിമകളിലെ അതിമാനുഷ കഥാപാത്രങ്ങളുടെ ചുവടു പിടിച്ചാണ് ഉണ്ടാക്കിയിരിക്കുന്നത്... ആറാം തമ്പുരാനും നരസിംഹവും ഒന്നും നാട്യ സിനിമകള്‍ അല്ല... ജനപ്രിയ മസാല പടങ്ങള്‍ എന്ന പേരില്‍ വന്നു, അതേ രീതിയില്‍ തന്നെ വിജയിച്ച സിനിമകള്‍ മാത്രമാണ്.... അത് കൊണ്ട് തന്നെ ഈ ലക്ഷണമൊത്ത "ഫെയ്ക്ക് സിനിമയും" ആയി തുലനം ചെയ്യാന്‍ സാധിക്കില്ല.. പിന്നെ എല്ലാവരും ഇഷ്ടപ്പെടുന്നതായത് കൊണ്ട് മാത്രം ചവറുകളേ ചവറുകള്‍ ആണ് എന്ന് പറയാന്‍ ആരെ പേടിക്കണം... ഇതില്‍ വ്യതസ്തന്‍ ആവാനുള്ള ഒരു ശ്രമവും ഇല്ല എന്ന് പറഞ്ഞു കൊള്ളട്ടെ .. ഇതിനോട് സമാനമായുള്ള നിലപാടുകള്‍ ഞാന്‍ പലരില്‍ നിന്നും കേട്ടിട്ട്ടുണ്ട് ... അത് പോലെ തന്നെ ഫാന്‍സുകാര്‍ നടത്തുന്ന വായ്താരിയുടെ ഭാഗം ആക്കാന്‍, എന്റെ അഭിപ്രായത്തിന്റെ വാ മൂടാന്‍ തല്‍ക്കാലം ഒരുക്കമില്ല