തിങ്കളാഴ്‌ച, ഏപ്രിൽ 14, 2014

സച്ചിൻ കൊച്ചിയിലെത്തുമ്പോൾ

ഇന്ത്യൻ ഫുട്ബാൾ സൂപ്പർ ലീഗിന്റെ പ്രഖ്യാപനവും, സച്ചിൻ കൊച്ചി ടീം വാങ്ങിയത്തിന്റെ ആവേശവും അന്തരീക്ഷത്തിൽ ഉയർത്തുന്ന ആർപ്പുവിളികൾക്കിടയിൽ ഒന്ന് രണ്ടു കാര്യങ്ങൾ കുറിക്കട്ടെ.

അടുത്ത ഒരു പത്തു വർഷങ്ങൾക്കുള്ളിൽ ഇന്ത്യയിൽ ഫുട്ബാൾ വൻ കുതിപ്പ് നടത്താനുള്ള എല്ലാ വിധ സാധ്യതകളും ആണ് നമ്മുടെ മുന്നിൽ  തെളിഞ്ഞു വരുന്നത് ... പരമ്പരാഗത കോട്ടകളായ കൊൽക്കൊത്തയ്ക്കും ഗോവയും കേരളവും മാത്രമല്ല ആ കുതിപ്പിന്റെ ആക്കം കൂട്ടുന്നത് ... വടക്ക് കിഴക്കൻ സംസ്ഥാനങ്ങളായ മേഘാലയയും സിക്കിമും, പിന്നെ ബാംഗളൂരും പൂനയും... യൂറോപ്പിലും ലാറ്റിൻ അമേരിക്കയിലും വളർച്ചയുടെ പാരമ്യത്തിലെത്തിയും അമേരിക്കയിൽ ചുവടുറപ്പിച്ചു കഴിഞ്ഞതും  കൊണ്ട് ഫിഫ കുറച്ചു കാലമായി ഏഷ്യയിൽ ആണ് അവരുടെ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്... അതിന്റെ ഭാഗമായെത്തിയ ഖത്തർ ലോക കപ്പുമായി മിഡിൽ ഈസ്റ്റിൽ ചുവടുറപ്പിച്ച് കഴിഞ്ഞ ലോക ഫുട്ബാൾ, അടുത്ത കുതിപ്പിന് ഉറ്റു നോക്കുന്നത് ഇന്ത്യയും ചൈനയും ആണ് എന്നത് പരസ്യമായ രഹസ്യമാണ്.

ഫീഫ കടിഞ്ഞാണ്‍ വിട്ടു കളിക്കാത്ത ഒരു സംഘടനയാണ്.. അവർക്ക് കാലുകുത്തുന്ന രാജ്യങ്ങളിലൊക്കെ ഫുട്ബാൾ ഭരണത്തിന്റെ നിയന്ത്രണത്തിൽ പങ്കുണ്ടാവാൻ ചെറുതല്ലാത്ത താൽപര്യം ഉണ്ടെന്നത് എല്ലാവർക്കും അറിയാവുന്നതുമാണ്. എന്നാൽ ചൈനീസ് പണം ക്ലബ്ബുകളിലെക്ക് ഒഴുകുന്നുണ്ടെങ്കിലും ഒരു മാർക്കെറ്റ്‌ എന്ന നിലയ്ക്ക് ചൈനയെ കാണാൻ ഫീഫയ്ക്ക് അത്ര സുഗമമാവില്ല... ചൈനീസ് ഫുട്ബാൾ സംഘടനയിൽ അത്ര എളുപ്പം നുഴഞ്ഞു കയറാൻ ഫീഫയ്ക്ക് സാധിക്കില്ല എന്നത് തന്നെയാണ് കാര്യം . എന്നാൽ ഇവിടെ അങ്ങിനെയല്ല. കാൽപ്പണം വീണാൽ തുറക്കാത്ത വാതിലുകൾ ഇല്ലാത്തത് കൊണ്ട് ഇന്ത്യൻ ഫുട്ബാളിന്റെ നിയന്ത്രണം തന്നെ ഏറ്റെടുക്കാൻ ഫീഫയ്ക്ക് ബുദ്ധിമുട്ടൊന്നും ഉണ്ടാവാൻ പോവുന്നില്ല . അത് കൊണ്ട് തന്നെ ഫീഫയെ സംബന്ധിചെടത്തോളം ഇന്ത്യ അവർക്ക് നിറയെ പുല്ലുള്ള മേച്ചിൽപ്പുറവുമാണ്‌.. ഇന്ത്യയിലാകട്ടെ ഫുട്ബാൾ എന്ന് പറഞ്ഞാൽ വട്ട പ്പൂജ്യം ആയ സ്ഥിതിയ്ക്ക്. ആരാധകർ എന്ന നിലയിൽ നമുക്ക് ഇപ്പോൾ  എന്ത് കിട്ടിയാലും ഗുണമാവും എന്നതാണ് വാസ്തവം..

കഴിഞ്ഞ കുറെ കളികളായി ഇന്ത്യൻ ഫുട്ബാൾ ലീഗിൽ കളി കാണാൻ ബാംഗ്ലൂർ സ്റെടിയത്തിൽ പോയിട്ടുള്ളവർക്കറിയാം അവിടത്തെ അന്തരീക്ഷം. സ്റെടിയം ബി എഫ് സി യുടെ ഓരോ മാച്ചിനും നിറഞ്ഞു കവിയുകയായിരുന്നു. അതിലും ശ്രദ്ധേയമാണ് കാണികളുടെ ആവേശം. സുനിൽ ചെത്രി മുതൽ ഷോണ്‍ റൂണി വരെയുള്ള താരങ്ങൾ ഒരു പാട് ആരാധകരെ സമ്പാദിച്ചിട്ടുണ്ട് ഇക്കഴിഞ്ഞ ഒരു വർഷം കൊണ്ട്. ഇത് പോലെ തന്നെയാണ് പൂനയിലെ സ്ഥിതിയും. ഇതിനും പുറമേ ജോണ്‍ എബ്രഹാമിനെ പോലുള്ള സീരിയസ് ഫുട്ബാൾ ഫോളോവർ സിക്കിം തിരഞ്ഞെടുത്തത് തന്നെ വ്യക്തമാക്കുന്നത് വടക്ക് കിഴക്കിന്റെ ഫുട്ബാളിനുള്ള പ്രസക്തിയാണ്.

ഇങ്ങനെ ഇന്ത്യ മുഴുവൻ ഫുട്ബാൾ ആവേശം മെല്ലെ മെല്ലെ പുതു തലമുറയുടെ സിരകളിലേക്ക് നമ്മൾ അറിയാതെ തന്നെ പടരുന്നുണ്ട്. ഇത് നമ്മൾ മനസ്സിലാക്കുവാൻ വൈകിയാലും, മാഞ്ചെസ്റ്റർ യുനൈട്ടഡും, അത്ത്ലെട്ടിക്കോ മാഡ്രിഡും ഒക്കെ വളരെ നേരത്തെ തിരിച്ചറിഞ്ഞിട്ടുണ്ട്. മികച്ച കോച്ചുകളെയും കളിക്കാരെയും അടിസ്ഥാന സൌകര്യങ്ങളെയും ഒക്കെ ഇന്ത്യയ്ക്ക് പരിചയപ്പെടുത്താൻ അവർ ഓരോരുത്തരായി ഇറങ്ങിത്തുടങ്ങി.  അധികം വൈകാതെ തന്നെ നമ്മൾ കളി നിലവാരത്തിലും കാര്യമായ പുരോഗതി ഉണ്ടാക്കും എന്ന് തന്നെ പ്രതീക്ഷിക്കാം2017 ൽ നടക്കാനിരിക്കുന്ന അണ്ടർ 17 ലോക കപ്പിനായി നമ്മുടെ രാജ്യത്തെ ഫുട്ബാൾ അടിസ്ഥാന സൌകര്യങ്ങളിൽ വലിയ രീതിയിലുള്ള നിർമാണ പ്രവർത്തനങ്ങൾ ആണ് തുടക്കമിട്ടിരിക്കുന്നത്. ഇപ്പോൾ തന്നെ ബാംഗ്ലൂർ ഫുട്ബാൾ സ്റെടിയം കപ്പാസിറ്റി വർദ്ധിപ്പിക്കാനുള്ള നിർമാണ പ്രവർത്തനങ്ങൾക്കായി അടച്ചിട്ടു കഴിഞ്ഞു... ഇതിന്റെ കൂട്ടത്തിലാണ് ചെറിയ പട്ടണങ്ങളിലും മറ്റും കേന്ദ്രീകരിച്ചു നടക്കുന്ന ക്ലിനിക്കുകളും അടിസ്ഥാന സൌകര്യങ്ങളുടെ വികസനവും. മഞ്ചേരിയിലെ പയ്യനാട് പൊന്തി വന്ന സ്റെടിയവും അവിടെ ഇയ്യിടെ ഫെഡറേഷൻ കപ്പ് നടന്നപ്പോൾ നുരയിട്ട ആവേശവും  എല്ലാവരുടെയും ശ്രദ്ധയിൽ പതിഞ്ഞിട്ടുണ്ടാവും... അക്കൂട്ടത്തിൽ കാര്യവട്ടത്ത് യൂനിവേർസിറ്റി കാമ്പസ്സിൽ പൊന്തിവരുന്ന അന്താരാഷ്‌ട്ര സ്റെടിയവും ഈ വിപ്ലവത്തിന് ആക്കം കൂട്ടും... ഇതിന്റെ ഒക്കെ പ്രതിഫലനമാണ് പുത്തൻ തലമുറയ്ക്ക് ഫുട്ബാളിൽ ഉണ്ടായിവരുന്ന താൽപ്പര്യം .. ഈ വര്ഷത്തെ സ്കൂൾ വെക്കേഷൻ കാംപുകളിൽ ക്രിക്കറ്റ് സ്വിമ്മിംഗ് കോച്ചുകളെപ്പോലെ ഫുട്ബോൾ കോച്ചുകൾക്കും ഡിമാണ്ട് വർദ്ധിച്ചു വരുന്നു എന്നാണു അറിയാൻ കഴിഞ്ഞത് ... എല്ലാം കൂടി ഒരു നല്ല ഭാവിയിലേക്കുള്ള കിക്ക് ഓഫ്‌ മണക്കുന്നുണ്ട്...

ഇതൊക്കെ പറയുമ്പോൾ ഇത് വരെ നമ്മൾ കളിയാക്കി മാത്രം പറയാറുള്ള ഇന്ത്യ ലോക കപ്പ് കളിക്കുന്ന കാലം, എന്നുള്ള പ്രതീക്ഷയ്ക്ക് കൂടി ചിറക് മുളയ്ക്കും എന്ന് കൂടി പറയാം. 

ഞായറാഴ്‌ച, ഏപ്രിൽ 13, 2014

ഗൃഹാതുരത്വത്തിന്റെ സട്രോബറികൾ

നമ്മളിൽ പലരും കഴിഞ്ഞ കാലങ്ങളുടെ തടവുകാരാണ് .. ആ തടവ്‌ ഒരു സുഖമുള്ള തടവായി നമ്മൾ ഇഷ്ടപ്പെടുന്നുണ്ടെന്നു എന്നുള്ള വ്യക്തമായ ബോധ്യം ഉള്ളവരാണ് അബ്രിഡ് ഷൈനും, ജൂഡ് ആന്റണി ജോസഫും എന്ന് ഞാൻ കരുതുന്നു. ഇടവിട്ട വാരാന്ത്യങ്ങളിലായി കണ്ട 1983 യും ഓം ശാന്തി ഓശാനയും അത് വ്യക്തമാക്കുന്നുണ്ട്. രണ്ടു സിനിമകളും ടാർഗെറ്റ് ചെയ്യുന്ന മുപ്പതുകാരൻ മലയാളിയുടെ ഗൃഹാതുരത്വത്തെയാണ്. കടന്നു പോവുമ്പോൾ എങ്ങിനെയെങ്കിലും ഒന്നും കടന്നു കിട്ടിയാൽ മതി എന്ന് കരുതിയ നാളുകളിൽ നമ്മൾ അറിഞ്ഞിട്ടില്ലാത്ത ഒരു സ്ട്രോബറിയുടെ ചെറിയ പുളിയുള്ള ഒരു മധുരം പകരുന്ന അനുഭവങ്ങളെ തൊട്ടുണർത്തുന്ന ഒരു ആഖ്യാനശൈലിയാണ് നിവിൻ പോളി എന്ന പൊതു ഘടകത്തിന് പുറമേ ഇരുസിനിമകൾക്കും ഉള്ളത്. പക്ഷെ അത് പോലെ തന്നെ ശ്രദ്ധേയമാണ് ആണിന്റെയും പെണ്ണിന്റെയും കാഴ്ചപ്പാടുകളിലൂടെ കാണുന്ന വൈരുദ്ധ്യവും. 

വലിയ പിരിമുറുക്കമോ നാടകീയതയോ ഒന്നും കൂടാതെ തികഞ്ഞ ലാഘവത്തോടെ ഒരു പോപ്‌ കോണും രുചിച്ച്, ഒരു ചെറു പുഞ്ചിരിയോടെ തീയറ്റർ വിട്ടിറങ്ങാവുന്ന ലൈറ്റ് ഹാർട്ടഡ് ഫീൽ ഗുഡ് മൂവികളാണ് രണ്ടും .. പറഞ്ഞു പതിഞ്ഞ പാതകൾ എടുക്കാതെ എന്നാൽ പ്രേക്ഷകരുടെ പൾസ് തിരിച്ചറിഞ്ഞു കൊണ്ട് സമർത്ഥമായി തയ്യാറാക്കിയ എന്റർറ്റൈനറുകൾ. ന്യൂ ജെനെറെഷൻ എന്നാൽ ഹണിബീയും വെടിവഴിപാടും   റ്റ്രിവാന്ദ്രം ലോഡ്ജും മറ്റും നമ്മുടെ മുന്നിലേക്ക്‌ തള്ളി വെയ്ക്കുന്ന ഇമേജുകൾ മാത്രമാണ് എന്നുള്ള ധാരണയിൽ അവരെ ആശങ്കയോടെ കാണുന്ന കഴിഞ്ഞ തലമുറയുടെ മുന്നില് ഓം ശാന്തിയും, 1983 യും പെയ്തിറങ്ങുന്നത് ആശ്വാസത്തിന്റെ കുളിർമഴയാവും എന്ന് തോന്നുന്നു.. 

ഇറങ്ങിയിട്ട് ഒരു പാട് നാളുകളായത് കൊണ്ട് റിവ്യൂകൾ വായിച്ചു മടുപ്പ് കയറിയവരുടെ മുന്നിലേക്ക് കൂടുതലൊന്നും ഈ കുറിപ്പിൽ എഴുതിയിടാൻ നോക്കുന്നില്ല. ഒരൊറ്റ കാര്യം മാത്രം.. ഇവരിൽ പ്രേക്ഷകർക്ക് തീർച്ചയായും പ്രതീക്ഷകൾ അർപ്പിക്കാം ... 

ശനിയാഴ്‌ച, ഏപ്രിൽ 12, 2014

വെയ്ക്കടാ വെടി

52 കൂളിംഗ് ഗ്ലാസ് .. ഒരു ലോഡ് ശവം....റേഞ്ച് റോവർ ഒന്ന് .. പ്രാഡോ ഒന്ന് ... ഒരഞ്ചാറ് ഓഡി .. ലെതർ ജാക്കറ്റുകൾ ഒന്നര ഡസൻ ... എങ്ങിനെയൊക്കെ മരുന്നടിച്ച് പാമ്പാവാം എന്നുള്ളതിന്റെ നിരവധി ഡെമോ സെഷനുകൾ...വിദഗധമായി മറച്ചു വെച്ചിരുന്ന മെഗാ സ്ടാറിന്റെ ഷഷ്ടിപൂർത്തി കഴിഞ്ഞ പ്രായം മറ വിട്ടു പുറത്തു ചാടുന്ന സീനുകൾ ഒരു മൂന്നുനാലെണ്ണം  ... റ്റെരാന്റിനൊ ആവാൻ നോക്കി തൂറാന്റിനോ ആയി മൂക്കും കുത്തി വീണ ന്യൂ ജെനരെഷൻ അപ്പോസ്തലൻ (തുടക്കത്തിൽ പതിനഞ്ചു മിനിട്ടോളം വരുന്നതും ഒടുക്കം ഒരു അഞ്ചു മിനിട്ടും കാണിച്ച ഗ്രാഫിക്സിനെക്കാൾ കാർട്ടൂനിഷ് അയി തോന്നിയത് അതിനിടയ്ക്കുള്ള 2 മണിക്കൂർ ആണ് എന്ന് ആരെങ്കിലും അദ്ദേഹത്തെ അറിയിക്കുന്നത് നന്നായിരിക്കും)... അഭിനയിച്ച കെ ടി മിറാഷിന്റെക്കാൾ ഗതികേടാണ് താൻ സ്ക്രിപ്റ്റിങ്ങിൽ എന്ന് തെളിയിക്കുന്ന തിരക്കഥാകൃത്തിന്റെ അരങ്ങേറ്റം ( "നിന്റെ മരണം നീയെന്നും ഓർത്തിരിക്കണം" എന്ന സന്തോഷ്‌ പണ്ഡിറ്റ്‌ പോലും നാണിക്കുന്ന ഡയലോഗ് എഴുതി വെച്ചതിനു ഒരു പ്രത്യേക സല്യൂട്ട്). സദാ കൊണ്സ്ടിപെഷൻ പിടിച്ച ഭാവവുമായി നടക്കുന്ന നായകൻ .. അര മണിക്കൂർ ഇന്ഗ്ലിഷ്, അര മണിക്കൂർ കന്നഡ, പതിനഞ്ചു മിനിട്ട് റഷ്യൻ... മൊത്തം  രണ്ടര മണിക്കൂർ വിവരക്കേട്   ... 

ചുരുക്കി പറഞ്ഞാൽ ഈ ഇടപാടിന്  പറ്റിയ പേര് പണ്ട് സാക്ഷാൽ പത്മശ്രീ ഭരത് സരോജ്കുമാർ മുമ്പ് പറഞ്ഞതായിരുന്നു .... "വെയ്ക്കടാ വെടി"റണ്‍ ബോബി റണ്‍

എല്ലാവരും ബോബി ചെമ്മണ്ണൂ രിനെ കളിയാക്കിച്ചിരിച്ചിരുന്നു ... ഒരു ദിവസം അദ്ദേഹം രഹസ്യമായി നമ്മളെ നോക്കിയും .ചിരിക്കുന്നുണ്ടാവും.  കല്യാണ്‍ ജുവല്ലറി , മലബാർ ഗോൾഡ്‌,  മണപ്പുറം ഗോൾഡ്‌  തുടങ്ങിയ ബ്രാൻഡുകൾ കോടിക്കണക്കിനു രൂപയും മുടക്കി - അമിതാബ് ബച്ചൻ, ഐശ്വര്യാറായി, കരീനാ കപൂർ, വിക്രം തുടങ്ങിയ വൻകിടതാരങ്ങളെ കൊണ്ട് വരികയും അതിനു മുകളിൽ  കോടികൾ പരസ്യത്തിനുവേണ്ടി മുടക്കുകയും ചെയ്തിട്ടും ജനശ്രദ്ധ നേടാൻ പാട് പെടുമ്പോൾ, സ്വയം ഒരു ബ്രാണ്ടായി നിക്ഷേപം നടത്തി അതിലൂടെ  മുതൽ മുടക്കിനും എത്രയോ ഏറെ അനുപാതത്തിൽ എല്ലാ മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും ശക്തമായ സാന്നിദ്ധ്യമാവാൻ സാധിച്ച അദ്ദേഹത്തിന്റെ ചാതുര്യത്തിനു മുമ്പിൽ നമിക്കുകയാണ് വേണ്ടത്. പല വിധത്തിലുള്ള നൂതനമായ മാർഗങ്ങളിലൂടെ വ്യക്തികളും ബ്രാൻഡുകളും ഇന്നത്തെ മീഡിയ യുഗത്തിൽ ഏതു രീതിയിലും സ്പേസ് കിട്ടാൻ പെടാപ്പാട് പെടേണ്ടി വരുന്ന സമയത്താണ് ഇത് എന്ന് കൂടി ഓർക്കണം. ഏത് കൊച്ചു കുട്ടിയ്ക്കും ഇപ്പോൾ ബോബി ചെമ്മ ണ്ണൂർ ആരാണ് എന്ന് ചോദിച്ചാൽ നിഷ്പ്രയാസം തിരിച്ചറിയാൻ കഴിയും. അതിന്റെ കൂട്ടത്തിൽ തന്റെ ബിസിനസ് സംരംഭങ്ങൾക്കും അദ്ദേഹം പകരുന്ന വാല്യുവും മറക്കരുത്..

അദ്ദേഹം ബോബി ചെമ്മണ്ണൂർ എന്ന പെർസനാലിട്ടിയ്ക്ക് ചുറ്റും നടത്തുന്ന ബ്രാൻഡ് ബില്ടിംഗ് ഒന്ന് പരിശോദിക്കാം  ബിസിനസ് ഭാഷയിൽ പറയുമ്പോൾ "ബ്രാൻഡ്‌ എമിനെന്സ്" മുതൽക്കൂട്ടുകയാണ് ഈ പ്രവർത്തിയിലൂടെ അദ്ദേഹം  ലക്ഷ്യമാക്കുന്നത്. നമ്മുടെ നാട്ടിൽ ഏറെ നാളുകളായി ഉൽപന്നം  അല്ലെങ്കിൽ സർവീസ് എന്ന തലത്തിൽ മാത്രമല്ല വ്യക്തികളെ ആധാരമാക്കിയും വളരെ ഫലപ്രദമായി  ബ്രാൻഡ് ബില്ടിംഗ് നടക്കുന്നുണ്ട്. ദേശീയ തലത്തിൽ നോക്കിയാൽ രാഷ്ട്രീയത്തിൽ നരേന്ദ മോഡിയും അരവിന്ദ് കേജ്രിവാളും ഒക്കെ വളരെ കാര്യക്ഷമമായ രീതിയിൽ നിർമിതി നടത്തിയ ബ്രാൻഡുകൾ ആണ്. കേരളത്തിലാണെങ്കിൽ - മാതാ അമൃതാനന്ദമയി, കൊച്ചൌസേപ്പ് ചിറ്റിലപ്പിള്ളി,  ജോസ് മാവേലി... തുടങ്ങി വിവിധ മേഖലകളിലായി  അനവധി വ്യക്തികളിൽ കേന്ദ്രീകൃതമായി വളരെ ഫലപ്രമായ രീതിയിൽ എമിനെന്സ് ബില്ടിംഗ് നടന്നിട്ടുണ്ട്.. രാഷ്ട്രീയത്തിലാകട്ടെ ഏറ്റവും ഒടുവിലത്തെ അതിന്റെ  ഉദാഹരണങ്ങളാണ് ഡോ:ബെന്നെറ്റ് അബ്രഹാമും ക്രിസ്റ്റി ഫെർണാണ്ടസ്സുമൊക്കെ ...

ഇനി ഓരോ ബ്രാൻഡ്‌ ബില്ടിംഗ് ശ്രമങ്ങൾക്കും മുമ്പായി ആരെയാണ് ഇത് കൊണ്ട് ടാർഗെറ്റ് ചെയ്യുന്നത് എന്നുള്ള വ്യക്തമായ ധാരണ ഉണ്ടാകും എന്നത് കൂടി നമ്മൾ മറക്കരുത്. ഒരു ബ്രാണ്ടും എല്ലാവർക്കും വേണ്ടി നിർമിക്കപെടുന്നില്ല. അത് കൊണ്ട് തന്നെ ആരെയാണ് അഭിസംബോധന ചെയ്യുന്നത് എന്നുള്ള വ്യക്തമായ ധാരണയോടെ ആയിരുക്കും സമീപിക്കുന്നത്. അവരെ നേരായ വണ്ണം പ്രൊഫൈൽ അനുസരിച്ച് സ്ലൈസ് ചെയ്ത് ആ ഉപഭോക്തൃ സംഘത്തിനു അനുയോജ്യമായ വിധത്തിൽ ബ്രാണ്ടിനെ പരുവപ്പെടുത്തി എടുക്കുന്നു . പിന്നെ ഘട്ടം ഘട്ടമായി അവരുടെ ശ്രദ്ധ പിടിച്ചെടുക്കുക,  എന്നിട്ട് അവരുടെ മനസ്സിലേക്ക് അവരുടെ സങ്കൽപ്പങ്ങളും പ്രതീക്ഷകളും അനുസരിച്ച് വളരെ ശ്രദ്ധാപൂർവ്വം നിർമ്മിതി നടത്തിയ ബ്രാണ്ടിനെ പറ്റിയുള്ള ഒരു സങ്കപ്പം ദൃശ്യങ്ങളായും  മുദ്രണം ചെയ്യുക  ...

ഇനി ബിസിനസ് പെർസ്പെക്റ്റീവിൽ നിന്നും നോക്കാം .. അദ്ദേഹം ഇത് കൊണ്ട് കെട്ടിപ്പൊക്കി ക്കൊണ്ട് വരുന്ന ഈ ബ്രാൻഡ് എമിനൻസ് ഒക്കെ തന്റെ പ്രോടക്റ്റ്/ സർവീസ് മേഖലകളിൽ ജസ്റ്റിഫൈ ചെയ്യാൻ കഴിയില്ല എങ്കിൽ ഇത് കൊണ്ട് ഒന്നും ഒരു കാര്യവും ഉണ്ടാവാൻ പോവുന്നില്ല എന്ന് സാരം.. ചുരുക്കി പറഞ്ഞാൽ ക്വാളിറ്റി, ഡിസൈൻ, വാല്യൂ തുടങ്ങിയ എല്ലാ ആറ്റ്രിബ്യൂറ്റ്സും ഉപഭോക്താക്കളെ തൃപ്തിപ്പെടുത്തുന്ന രീതിയിൽ തന്നെ ആയിരിക്കണം .. എന്നാലെ ഈ ഒരു പ്രയത്നം അതിന്റെ ഫലം കാണൂ ..

ഇപ്പറഞ്ഞ കാര്യങ്ങൾ ഒക്കെ എന്റെ പുറത്തുനിന്നുള്ള നിരീക്ഷണങ്ങളെ ആധാരമാക്കിയുള്ള അനുമാനങ്ങൾ ആണ്.. വാസ്തവവുമായി അതിനു ബന്ധം ഉണ്ടാവണം എന്നില്ല...

ഇനി ഒരു കാര്യം പറയട്ടെ ...പലരും ശ്രമിക്കുന്ന പോലെ  ബോബി ചെമ്മണ്ണൂരിനെ സന്തോഷ്‌ പണ്ഡിറ്റുമായി ഉപമിക്കുന്നത് വലിയ അബദ്ധമാവും .. എന്തെന്നാൽ ഒറ്റ നോട്ടത്തിൽ ക്രേസി എന്ന് തോന്നുമെങ്കിലും അദ്ദേഹം ചെയ്യുന്ന ഓരോ കാര്യങ്ങളും ചേർത്തു വെച്ചു നോക്കിയാൽ അതിലൊരു തുടർച്ച കാണാൻ കഴിയും .. ശ്രീ ബോബി ചെമ്മണ്ണൂർ ചുമ്മാ വസന്ത് ആണ്ട് കമ്പനി വസന്തനെ പോലെ പോസ് ചെയ്യുകയോ, അറ്റ്ലസ് രാമചന്ദ്രനെ പോലെ ടാഗ് ലൈൻ വൊയ്സ് ഓവർ കൊടുക്കുകയോ അല്ലാ ചെയ്യുന്നത്.. അദ്ദേഹം ഒന്നൊന്നായി ഒരു ബ്രാൻഡ് കെട്ടിപ്പടുത്തു കൊണ്ട് വരികയാണ്..  ഇനി അദ്ദേഹം കൊടുക്കുന്ന സന്ദേശങ്ങൾ എന്തൊക്കെയാണ്. രക്ത ദാനം .. സ്പോര്ട്സ് വികസനം ... അങ്ങിനെ സമൂഹത്തിന്റെ മനസാക്ഷിയിൽ സജീവമായി നില നില്ക്കേണ്ട വിഷയങ്ങൾ തന്നെയല്ലേ ഓരോന്നും.. ആദ്യമൊക്കെ ഞാനും കളിയാക്കി ചിരിച്ചവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു .. എന്നാൽ ഇപ്പോൾ ഇല്ല ..