തിങ്കളാഴ്‌ച, മേയ് 12, 2014

ഫിക്സിറ്റ് പോൾ

"എടാ പാക്കരാ മൊത്തം എത്ര സീറ്റാ?"
"മൊത്തം ഏകദേശം 500 - 550 കാണും" 
"ഏതെങ്കിലും ഒന്ന് പറയ്‌ .. 500 ആ 550 ആ?"
"525 പിടിച്ചോ" 
"ഇനി മോടീ മോടീ ന്ന് ഇത്രേം നാള് പറഞ്ഞെർന്നതല്ലേ ... ഒരു 250 എടുത്ത് ആദ്യമേ തന്നെ അങ്ങോട്ട്‌ മാറ്റി വെച്ചേക്ക് ... വേണേൽ ഒരു നാലോ അഞ്ചോ കൊറയ്ക്കെ കൂട്ട്വേ ചെയ്തോ ...എല്ലാവനും ഏതാണ്ട് അതൊക്കെ തന്ന്യാ പറഞ്ഞിട്ടുള്ളത് ... "
"ആ 245 ... എൻ ഡി എ - 245" 
"ബാക്കി ...  "
"ഒരു 275 ണ്ടാവും ... "
"അതിൽ യൂ പി എ ഒരു 135 പിടി ..ആ കൊച്ച് പോയി കൊറച്ച് ഓളം ഒക്കെ ഉണ്ടാക്കീതല്യോ ..."
"ആ പിടിച്ചൂ" 
"ഇനി എത്രെണ്ട് ബാക്കി?"
"ഇനി ഒരു 240 ... 245 "
"ആ അതൊക്കെ കൂട്ടി ഒരു പലവക ആക്ക്..."
"ശരി  ... അങ്ങെനെ ആട്ടെ .. ഇനി സംസ്ഥാനങ്ങള് .".
"ആ അതും ഇപ്പൊ ശര്യാക്കാം ... ആ യൂപ്പീങ്ങട്ട് എടുക്ക് ... എത്രാ സീറ്റാ ... "
"80 ണ്ടാവും" 
"അവടെ ആരൊക്കെ ഉണ്ട്? കാങ്ക്രസ് ഇണ്ടാ?"
"ആ ... കോണ്‍ഗ്രസ്‌... ഭ ജ പ, സപ, പിന്നെ മായാവതി ..."
"അപ്പോ ആ 80 തെടുത്തു മുറിക്ക് 45 ഭ ജ പ ... 15 കോണ്‍ഗ്രസ്‌ ... 15 സ പ ... 15 ഭ സ പ ... "
"അത് 90 ആയി സാർ .."
"എന്നാ കോണ്‍ഗ്രസിന്റെ ഒരു പത്താക്ക് മായാവതിയ്ക്കും മുലായത്തിനും 12 വെച്ച് കൊടുക്ക് ..."
"ആ അപ്പൊ ഒരെണ്ണം ..".
"ആ ഒരെണ്ണം എടുത്ത് വെക്ക് ... അവസാനം മുറിച്ച് തീരുമ്പോ എവിടെയെങ്കിലും അട്ജസ്റ്റ് ചെയ്യാം ... "
" അതിപ്പോ ഒരു വഴിക്കായില്ലേ .. ഇനി തമിഴ്നാട് എടുക്ക്" 
"ആ അവിടെ ഭാജപാ 15 സാപാ 15 ... "
"അവിടെ അവരോന്നൂല്ല്യാ സാറേ ... അവിടെ ഡി എം കെ യും എ ഡി എമ്ക്കെയും ഒക്കെയാ .."
"ആര് വേണമെങ്കിലും ആയിക്കൂട്ടെ .. ഒരു അഞ്ചും പത്തുമൊക്കെ അങ്ങോട്ടും ഇങ്ങോട്ടും ഇട്ടു ഇത് പോലെ ഒണ്ടാക്ക് .. ഒടുക്കം എല്ലാം കൂട്ടി വരുമ്പോ മോടിജ്യ്ക്ക് ഒരു 250 വേണം ... അവടേം ഇവടേം ഒക്കെ പറേണ കേട്ടില്ലേ മോടിജീക്കി സർക്കാർ ആനേ വാലെ ഹേന്നു .... "

ഞായറാഴ്‌ച, മേയ് 04, 2014

തെളിനീരിൽ നീന്തുന്ന കുതിര മീനുകൾ


ഇടവേള കൃത്യമായി പകുക്കുന്ന രണ്ടു ഭാഗങ്ങൾ.. രണ്ടു സിനിമകൾ പോലെ തോന്നുമ്പോഴും, പറയാം ഈ മീനുകൾ നമ്മെ മറ്റൊരു ലോകത്തേക്ക് കൊണ്ട് പോവും. നമുക്ക് ഇതുവരെ പരിചിതമല്ലാത്ത കാഴ്ചകളിലേക്ക്, ശബ്ദങ്ങളിലേക്ക്, ജീവിതങ്ങളിലേക്ക്....  ക്രാഫ്റ്റിൽ കൃതഹസ്തരായ സംവിധായകരെ അനുസ്മരിപ്പിക്കുന്ന അജിത്‌ പിള്ളയ്ക്ക്‌ ഒരു പക്ഷെ കൈ വിട്ടു പോയത് സ്ക്രിപ്റ്റിൽ ആണ് എന്ന് തോന്നുന്ന രീതിയിൽ ആണ് ചിത്രത്തിന്റെ ഘടന .. എന്നാൽ എക്കും പോക്കും ഏണും കോണും ഒക്കെയായി ഒരു ഒതുക്കമില്ലാതെ കിടക്കുന്ന തിരക്കഥയുടെ പരിമിതികൾ അതിസുന്ദരമായ ദൃശ്യഭാഷയിലൂടെ മറി കടക്കാൻ ശ്രമിച്ചതും അതിൽ ഒരു പരിധി വരെ വിജയം നേടിയതും അഭിനന്ദനാർഹം തന്നെയാണ് എന്ന് പറയണം.

തുടക്കം ആമേനിന്റെ തുടർച്ചയായി തോന്നലുണർത്തിയത് സ്വാഭാവികമാണ് എന്ന് കരുതാൻ വയ്യ. അഭിനന്ദും, പ്രശാന്ത് പിള്ളയും, സ്വാതി റെഡഡിയും ഒക്കെ ഇവിടെയും സാന്നിധ്യമാവുന്നത് ആമെനിന്റെ സ്വാധീനം അടയാളപ്പെടുത്തുന്നു. എന്നാൽ  നെടുമുടി വേണുവും മറ്റും ഒരു നിഴൽ പോലെ വന്നു മറയുന്ന ആ ഒരു തുടക്കം കടന്ന് പുരോഗമിക്കുമ്പോൾ അന്തരീക്ഷത്തിലും... ആഖ്യാനത്തിലും ഈ കുതിരമീനുകൾക്ക് അതിന്റെതായ തന്മയത്വവും നൈസർഗീക ഭാവങ്ങളും കൈവരുന്നുണ്ട്. ആസിഫ് അലി അവതരിപ്പിക്കുന്ന അലക്സിയുടെ പുരാവൃത്തവും അദ്ദേഹത്തെ കൂടാതെ സണ്ണി വെയിൻ കൂടി അടങ്ങുന്ന കാസ്റ്റും ഒക്കെ ഒരു ക്ലീഷേഡ് "ന്യൂ ജനറേഷൻ" ലേബൽ നമുക്ക് മുൻവിധിയായി നൽകുന്നുണ്ടെങ്കിലും, ഇത് ആ കമ്മട്ടത്തിൽ അടിച്ച  ആത്മാവില്ലാത്ത മറ്റൊരു കോലക്കാഴ്ച അല്ല പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. ബലമായി കുത്തി കയറ്റുന്ന "ട്വിസ്ടുകളെ" ഒഴിവാക്കി ചിരപരിചിതമാല്ലാത്ത ജീവിതങ്ങളും ഭാഷയും ബന്ധങ്ങളും പശ്ചാത്തലവും ഒക്കെ ഉപയോഗിക്കുന്നതിലൂടെ പ്രേക്ഷകന് പുതുമ സമ്മാനിക്കാൻ തന്നെയാണ് സൃഷ്ടാക്കളുടെ ശ്രമം. .വ്യത്യസ്ത സാഹചര്യങ്ങളിൽ നിന്നും വരുന്ന തികച്ചും വിരുദ്ധമായ കാഴ്ചപ്പാടുകളും അനുഭവങ്ങളും ജീവിത വീക്ഷണങ്ങളും ഉള്ള രണ്ടു കഥാപാത്രങ്ങളുടെ ജീവിതങ്ങൾ ഒരു ഘട്ടത്തിൽ പരസ്പരം കൂട്ടിമുട്ടുമ്പോൾ ഉണ്ടാവുന്ന ഒരു ഫ്രിക്ഷനും ... തുടർന്നുണ്ടാവുന്ന ബോണ്ടിങ്ങും ഒക്കെ കാലാകാലങ്ങളായി അനുവാചർക്ക് പരിചിതമായ ഒരു ടെമ്പ്ലേറ്റ് ആണ്. അതിലെക്കെത്തിക്കുന്ന അലക്സിയുടെ പുരാവൃത്തവും ജയിൽ വാസവുമൊക്കെ വെറുതെ നീട്ടി വലിച്ച പ്രതീതിയാണ് ഉണ്ടാക്കിയത്. എന്നാൽ അവിടെ നിന്നും ഐക്ബറലിയും ഈസയും തമ്മിലുള്ള "പ്രണയം" വിരിയുന്ന കാഴ്ചകളിൽ ചെന്നെത്തുമ്പോൾ വെണ്മണൽ മെല്ലെ ചുംബിച്ചകലുന്ന കുഞ്ഞലകൾ പോലെ വന്ന് മറഞ്ഞത് കണ്ടുമതിയായില്ല. ആഴക്കടലിലെ തിമിംഗല വേട്ടയും, ചിപ്പിയും പവിഴപ്പുറ്റുകളും വർണ്ണ മത്സ്യങ്ങളും ഒക്കെ മിഴിവ് പകരുന്ന സമുദ്രാന്തര ദൃശ്യങ്ങളും ഒക്കെ ഇത് വരെ കാണാത്ത ദൃശ്യവിസ്മയങ്ങൾ ആണ് മലയാള സിനിമയ്ക്ക് സമ്മാനിക്കുന്നത്.

അഭിനേതാക്കളിൽ ആസിഫലി തന്റെ പല മുൻകാല വേഷങ്ങളിൽ കണ്ട അതെ ആസിഫലിയെയും ... സണ്ണി വെയിൻ അന്നയും  റസ്സൂലിലും കണ്ട അതെ ആഷ്ലിയേയും  ... എന്തിന്, ജയിലർ മാത്തുക്കുട്ടി ആയി വരുന്ന ജോജു പോലും തന്റെ തന്റെ ഹോട്ടെൽ കാലിഫോർണിയായിൽ കണ്ട പോലീസ് കഥാപാത്രത്തെയും തങ്ങളുടെ പെർഫോമൻസ് കൊണ്ട് അനുസ്മരിപ്പിച്ചു എന്ന് പറയുന്നത് ഒരു പോരായ്മയാണ്. ജനനി അയ്യർക്കും, സ്വാതി റെഡഡിയ്ക്കും നയനഹാരിയായ സുന്ദര സാന്നിധ്യമാവുന്നതിൽ കവിഞ്ഞൊന്നും ഇവിടെ ചെയ്യാനുമില്ല. ദ്വീപിന്റെ വാമൊഴിയുടെ സൌന്ദര്യം  മലയാളിക്ക്‌ മുന്നിൽ മറ്റൊരു പുതുമയാവുമ്പോൾ, സംഗീതവും പലയിടങ്ങളിലും കുറച്ചൊക്കെ ലൌഡ് ആയാലും പ്രമേയത്തോട് ഇഴയടുപ്പത്തോടെ നിൽക്കുന്നു .. ഞാൻ കണ്ട തീയറ്ററിലെ പ്രോജെക്ഷനിലെ സാങ്കേതിക തകരാറ് കൊണ്ടാണ് എന്ന് തോന്നുന്നു ദൃശ്യങ്ങൾ പലയിടത്തും അതിന്റെ സ്വാഭാവികമായ മിഴിവ് ചോർന്നുകൊണ്ടാണ് മുന്നിലെത്തിയത്. എന്തൊക്കെയായാലും "ന്യൂ ജനറേഷൻ"  എന്ന ബ്രാൻഡ് കൊണ്ട്  ഇത് വരെ നമ്മുടെ മനസ്സിൽ പ്രതിഷ്ടിച്ച് പോന്ന ഇമെജറികളെ ഒക്കെ പൊളിച്ചു മാറ്റി മലയാള സിനിമയിലെ ന്യൂ ജനറേഷൻ വെട്ടുന്ന പുതിയ വഴികളിൽ ഒന്നാണീ കുതിര മീനുകൾ