വെള്ളിയാഴ്‌ച, ജനുവരി 27, 2012

ഈ കാസ നോവും ... നല്ല പോലെ നോവും

കാസനോവയുടെ വെള്ളികാസയില്‍ നിന്നും പ്രണയത്തിന്റെ മുന്തിരിച്ചാര്‍ നുണയാന്‍ ഓടിയെത്തുമ്പോള്‍, നല്ല കട്ടി വെള്ളി കൊണ്ടുള്ള കാസയെടുത്തു നെറുകില്‍ തന്നെ ഊക്കന്‍ ഒരേറു വെച്ച് കിട്ടിയാല്‍ എങ്ങിനെ ഉണ്ടാവും.. അതന്നെ നൊന്തു... നല്ലപോലെ നൊന്തു.

"ആറ്റിലേക്കച്ചുതാ ചാടല്ലേ ചാടല്ലേ..." എന്ന് സാമാന്യ ബുദ്ധി പലവട്ടം പറഞ്ഞതാ. ഒന്നും നോക്കാതെ എടുത്തുചാടി. ഉറുപ്പിക ഇരുനൂറ്റമ്പത് മള്‍ട്ടിപ്ലെക്സിന്റെ നടക്കല്‍ വെച്ച് കൈകൂപ്പി തൊഴുതു എടുത്തു ചാടി. മുഖ്യ പരികര്‍മികളുടെ സ്ഥാനത് സിനിമേടെ തച്ചു പണി തരക്കേടില്ലാതെ ചെയ്യാന്‍ അറിയുന്നവര്‍ എന്ന് കരുതിയിരുന്ന (ഓരോരോ തെറ്റിധാരണകളേ) രണ്ടു പിള്ളാരുടെ പേരുണ്ടായിരുന്നു. പിന്നെ ഉള്ളില്‍ എവിടെയോ പതുങ്ങിയിരുന്ന, ആസന്നമരണം കാത്തു, കൊമാറ്റൊസ്സില്‍ കിടക്കുന്ന മോഹന്‍ലാല്‍ എന്ന നടനോടുള്ള പഴകിയ ഒരു ആരാധനയുടെ തിരുശേഷിപ്പും. ഇന്നലെ ആദ്യ ഷോവിനു ടിക്കറ്റ്‌ കിട്ടാതെ ദൈവത്തിന്റെ ഭാഗത്ത്‌ നിന്ന് നല്ലൊരു ഒരു സഹായം ഉണ്ടായതാ. അത് കൊണ്ട് തന്നെ ഇത് വരെ എഴുതപെട്ട റിവ്യൂകള്‍ ചിലത് (കൂട്ടത്തില്‍ പലപ്പോഴും അഭിപ്രായ ഐക്യം തോന്നിയിരുന്ന അന്നമ്മക്കുട്ടിയുടെത് അടക്കം) വായിച്ചു നോക്കാനും സാവകാശം കിട്ടി... പക്ഷെ എന്ത് പറയാനാ.. വരാനുള്ളത് വഴിയില്‍ തങ്ങില്ലല്ലോ. ഇന്നലെ ബുക്ക്‌ ചെയ്ത ടിക്കറ്റ്‌ ക്യാന്‍സല്‍ ചെയ്യാനുള്ള മടിയാണോ, വേറെ പ്രത്യേകിച്ച് വാരാന്ത്യത്തില്‍ ഒന്നും ചെയ്യാന്‍ ഇല്ലാത്തത് കൊണ്ടോ, അതോ ഓണ്‍ലൈനില്‍ കിട്ടാത്തത് കൊണ്ട് നട്ടുച്ചയ്ക്ക് തന്നെ റിപ്പബ്ലിക് ദിനത്തില്‍ ഉച്ചയുറക്കം ഉപേക്ഷിച്ചു കാറോടിച്ചു പോയി ടിക്കറ്റ്‌ വാങ്ങി വന്ന സ്നേഹിതനോടുള്ള സഹതാപമോ.. ഏതായാലും ഒരുങ്ങികെട്ടി ഇറങ്ങിയപ്പോള്‍ ഇത്രയും പ്രതീക്ഷിച്ചില്ല..

സിനിമ വരും മുമ്പേ തന്നെ പലരും പരിഹാസത്തോടെ ചോദിച്ചു കേട്ടത് ഒരു ചോദ്യമാണ്. ചീര്‍ത്ത കവിളുകളും, ഉന്തിയ കുടവയറും, പ്രായം മറച്ചു വെക്കാത്ത താഴ്ന്നു തൂങ്ങുന്ന കണ്‍പോളകളും, ചുളിവു മറയ്ക്കാത്ത താടിയും, ആയി പൊരിവെയിലിലും കൊട്ടും സൂട്ടുമിട്ട് മഫ്ലറും കഴുത്തില്‍ ചുറ്റി നടക്കുന്ന കിഴവന് ചുറ്റും ഏതു തരുണീമണികള്‍ ആണ് വെട്ടുകിളികളെ പോലെ ആര്‍ത്തു വന്നു പൊതിയുക എന്ന്. പക്ഷെ അനുഭവം മറിച്ചാണ്,  ഇതിനേക്കാള്‍ പ്രായമുള്ള, നരച്ച താടിയും, ചീര്‍ത്ത കവിളും, കഴുത്തില്‍ സ്വര്‍ണ ചങ്ങലയുമിട്ടു,  നടക്കുന്ന ഒരു കുടവയറന്‍ കുള്ളനു ചുറ്റും ഇന്ത്യയിലെ എണ്ണം പറഞ്ഞ "സൌന്ദര്യധാമങ്ങള്‍" ചക്കരയില്‍ ഈച്ച പോലെ വരിഞ്ഞു പൊതിയുന്നത് ഈ രണ്ടു കണ്ണുകള്‍ കൊണ്ട് ഞാന്‍ കണ്ടിട്ടുണ്ട്. അത്കൊണ്ട് എല്ലാവരും പറയുന്ന പോലെ അതില്‍ മാത്രം, വലിയ ഒരു അസ്വാഭാവികത ഒന്നും തോന്നിയില്ല. പലപ്പോഴും കണ്ടിട്ടുള്ളത് പറയുക ആണെങ്കില്‍, ഏറ്റവും സെക്സ് അപ്പീല്‍ ഉള്ളത് സിക്സ് പാക്കിനോ, ഏഴു പാക്കിനോ, "ഒടുക്കത്തെ ഗ്ലാമറിനോ", സൈസ് സീറോവിനോ അല്ല. മല്ലയ്യയും അംബാനിയും ഒക്കെ കൈയിലിട്ടു അമ്മാനമാടുന്ന ഗാന്ധിത്തല വരച്ചു റിസര്‍വ് ബാങ്ക് കമ്മട്ടത്തില്‍ അടിച്ചു വിടുന്ന പെടപെടക്കണ ചുവന്ന കടലാസ്സു കേട്ടുകള്‍ക്കാണ്. അതുപോലെ തന്നെ "പൊസിഷന്‍ പവര്‍" (അധികാരത്തിന്റെ ശക്തി) എന്ന് പറയുന്ന സാധനത്തിനും... അവിടെ പ്രായവും, ബാഹ്യരൂപവും ഒന്നും ഒരു വിഷയമേ അല്ല.. അതിന്റെ ഒരു സെക്സ് അപ്പീലിന് മുന്‍പില്‍ മുട്ടിലിഴയാനും വാലിട്ടടിക്കാനും മുതിരാത്ത അധികം തരുണീരത്നങ്ങളും പുരുഷകേസരികളും ഉണ്ട് എന്ന് എനിക്ക് തോന്നിയിട്ടില്ല.(അത് നല്ലതാണോ അല്ലെങ്കില്‍ ആശാസ്യമായ കാര്യമാണോ എന്ന വിധിയൊന്നും പ്രസ്ഥാവിക്കല്‍ അല്ല എന്റെ ഉദ്ദേശം. നിര്‍ഭാഗ്യവശാല്‍ അങ്ങിനെ ഒരു അവസ്ഥ സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട് എന്ന് പറഞ്ഞു വെക്കുന്നു എന്ന് മാത്രം). അത് കൊണ്ട് ആ ഒരു മുന്‍വിധിയോടെ അല്ല ഞാന്‍ സിനിമ കാണാന്‍ ഇരുന്നത്. ഇതിന്റെ തന്നെ മറ്റൊരു വേര്‍ഷന്‍ അല്ലേ റെഡ് ചില്ലീസ് എന്നാ ഷാജി കൈലാസ് പടത്തില്‍ അദ്ദേഹം വേഷമിട്ട ഓ എം ആര്‍ എന്ന കാസനോവ?. പക്ഷെ ഈ കാസനോവയുടെ പ്രായത്തെക്കാളും ബാഹ്യരൂപത്തെക്കാളും കാതലായ പ്രശ്നം ഭാവനാശൂന്യവും സാമാന്യബുദ്ധിക്കു നിരക്കാത്തതുമായ പാത്രസൃഷ്ടിയാണ്. വാലും മൂടും ഇല്ലാത്ത ആ കഥാപാത്രം അടിതൊട്ടു മുടി വരെ ലോജിക്കില്ലാത്ത ഒരു വിചിത്ര സൃഷ്ടിയാണ്.. അതവിടെ നിക്കട്ടെ...

ഇനി പടം ഓടിക്കൊണ്ടിരുന്ന മൂന്നോളം മണിക്കൂര്‍...  അതൊന്നു കഴിച്ചു കൂട്ടണമെങ്കില്‍ ക്ഷമ കുറച്ചൊന്നുമല്ല വേണ്ടത്..ടൈറ്റില്‍ കാര്‍ഡ് തെളിഞ്ഞപ്പോള്‍ തന്നെ ആടിക്കുഴഞ്ഞ  നായകന്‍റെ കൃഷ്ണവേഷം വരാനിരിക്കുന്ന വിപത്തിനെക്കുറിച്ച് വ്യക്തമായ സൂചന നല്‍കി. ഈ പരിപാടിയും കൊണ്ട് ഏതറ്റം വരെ പോകും എന്ന് കാണട്ടെ, എന്നൊരോറ്റ ലാക്കും വെച്ച് കുറച്ചാളുകള്‍ മുഴുവന്‍ കണ്ടിരുന്നെക്കാം എന്നൊരു പ്രതീക്ഷയില്‍ ആണ് എന്ന് തോന്നും സംവിധായകനും തിരക്കഥാകൃത്തുക്കളും ഈ സാഹസത്തിനു മുതിര്‍ന്നത്. ഇറ്റാലിയന്‍ ജോബും ഇന്സൈടരും ഒക്കെ കണ്ടു,  ഹൈടെക് മോഷണം (high-tech heist) എന്ന ഒരൈറ്റം അങ്ങോട്ട്‌ തട്ടിക്കൂട്ടി അവതരിപ്പിച്ചാല്‍  സംഗതി, ഒരു പുതുമയായി , തികച്ചും ഇന്റര്‍നാഷണല്‍ ലെവലില്‍ ആയി എന്നൊക്കെയുള്ള ഒരു ധാരണ നമ്മുടെ സാറന്മാര്‍ക്ക്‌ ഉണ്ട് എന്ന് തോന്നുന്നു. കുറച്ചു സര്‍ക്കസ് അഭ്യാസം ഒഴിച്ചുകൂട്ടിയാല്‍ ഈ പമ്പര വിഡ്ഢികളുടെ മോഷണ പരിപാടികളില്‍ ഹൈടെക്ക് ആയി ഒരു കുന്തവും ഇല്ല. പമ്പര വിഡ്ഢികള്‍ എന്നത് കൊണ്ട് ഉദ്ദേശിച്ചത്, സംവിധായകനും രചയിതാക്കളും, സാമാന്യ ബുദ്ധി പോലും ഇല്ലാത്ത മട്ടിലാണ് ഈ കഥാപാത്രങ്ങളെ സൃഷ്ടിച്ചിരിക്കുന്നത്. കല്യാണ പാര്‍ട്ടിയുടെ കൂടെ കനത്ത സെക്യൂരിറ്റി ഉണ്ടെന്നു പറയപ്പെടുന്ന ഒരു ഹോട്ടലില്‍ കയറി പറ്റാനും അവിടെ കറങ്ങി കടക്കാനും കാണിച്ചു കൂട്ടുന്ന വിക്രിയകള്‍, പിന്നെ "ഗള്‍ഫിലെ കന്യാസ്ത്രീ മഠത്തില്‍" (കണ്ണാടി വിശ്വനാഥന്റെ സി ഐ ഡി മൂസ കഥകളിലെ ഡല്‍ഹി കടപ്പുറം പോലെ - ഇതിലും വലിയ തമാശ വേറെ വേണോ) കയറി പകല്‍ വെട്ടത്തില്‍ അവര്‍ തലകുത്തി മറിഞ്ഞു നടത്തുന്ന, ഇന്റര്‍നാഷണല്‍ തെഫ്റ്റ്‌ ട്രെയിനിംഗ് അകടെമിയുടെ പൊതു നിരത്തിലും നഗര മദ്ധ്യത്തിലും ഉള്ള ട്രെയിനിംഗ് പരിപാടികള്‍,  തങ്ങളെ പോലിസ് തിരിച്ചറിഞ്ഞു കഴിഞ്ഞും ഒരു ഒളിവും കൂടാതെ ഊര് ചുറ്റി സ്വൈരവിഹാരം (അതും സാദാപോലീസല്ല ഇന്റെര്പോള്... ഇന്റെര്പോള് ...)  ഇതൊക്കെ കാണിക്കുന്ന തസ്കരന്മാര്‍ മണ്ടന്മാരായിരിക്കാം, അവരെ സൃഷ്ടിക്കുന്ന തിരക്കഥാകൃത്തുക്കളും, സംവിധായകനും  മണ്ടന്മാരായിര്‍ക്കാം, അത് പിടിക്കാന്‍ കാശ് മുടക്കുന്ന നിര്‍മാതാവും മണ്ടനാവാം... പക്ഷെ കാണുന്ന പ്രേക്ഷകര്‍ എല്ലാം അങ്ങിനെ ആവണം എന്ന് നിശ്ചയിക്കരുത് (ഈ വരികള്‍ക്ക് സന്തോഷ്‌ പണ്ടിട്ടിനോട് നന്ദി).

ഫാസ്റ്റ് കാറുകള്‍,  വിദേശ കാഴ്ചകള്‍, ആധുനിക വസ്ത്രധാരികള്‍ ആയ നടീനടന്മാര്‍, തോക്കും, ഹെലികോപ്പ്ടറും കിടുമണ്ടിയും.... ഇടയ്ക്കു പുട്ടിനു പീര പോലെ ഇന്റര്‍പോള്‍ എന്നൊക്കെയുള്ള പേച്ച്, കൂട്ടത്തില്‍ ഓഷോ ലാലിന്റെ പ്രണയത്തെ പറ്റിയുള്ള പൈങ്കിളി ഫിലോസഫിയും..... അത്രയും ആയാല്‍ പോരെ... പിന്നെ "കഥ" എന്ന സാധനത്തിന്റെ എന്താവശ്യം അല്ലേ? "ട്രീറ്റ്മെന്റ്" ആണ് എല്ലാം എന്ന സ്കൂളില്‍ തന്നെയാണ് റോഷന്‍ സാറിന്റെ പഠിപ്പും പ്രാക്ടീസും എന്ന് ഉദയനാണ് താരത്തിന്റെ തുടക്കത്തില്‍ മോഹന്‍ലാലിനെ കൊണ്ട് ഫോട്ടം വെച്ച് പൂജിപ്പിച്ച ചില പദ്മശ്രീ മോന്തകള്‍ കണ്ടപ്പോള്‍ തന്നെ തോന്നിയിരുന്നു. എന്നാല്‍ ഈ സിനിമയില്‍ ആ ട്രീറ്റ്‌മെന്റില്‍ പോലും പറയത്തക്ക ഒരു പുതുമയോ, ആകര്‍ഷണീയതയോ, അഴകോ ഇല്ലാ എന്നത്  ഈ തലമുറയ്ക്ക് നന്നായി മനസ്സിലാകും. കുറച്ചു ദുബൈയുടെ കാഴ്ചയില്‍ തിളങ്ങുന്ന ധാരാളിത്തം, അത്ര മാത്രം.. പിന്നെ കൊട്ടിഘോഷിക്കുന്ന സാങ്കേതിക മികവ്.. അതില്‍പോലും ഇവരൊക്കെ മുടക്കി എന്നവകാശപ്പെടുന്ന കോടികള്‍ക്കും, നാലഞ്ചു വര്‍ഷത്തെ അദ്ധ്വാനത്തിനും വേണ്ട അളവിലുള്ള ഒരു കുതിച്ചു ചാട്ടം ഒന്നും പ്രേക്ഷകര്‍ക്ക്‌ കാണാന്‍ കഴിയുന്നില്ല.. ഇതിലും എത്രയോ മടങ്ങ്‌ സാങ്കേതിക മികവ് ഷാജി കൈലാസ്, വി കെ പ്രകാശ് എന്നിവരുടെ ഒട്ടു മിക്ക ചിത്രങ്ങള്‍ക്ക് ഉണ്ട്. ത്രസിപ്പിക്കുന്ന സംഘട്ടന രംഗങ്ങള്‍ എന്നൊക്കെ പറഞ്ഞു കാട്ടിക്കൂട്ടുന്ന കോപ്രായങ്ങള്‍. പഴയ കുറെ ജാക്കി ചാന്‍ പടങ്ങളും കണ്ടു നമ്മുടെ മച്ചാന്മാര്‍ക്കും ഇതൊക്കെ പറ്റും എന്നങ്ങു തീരുമാനിച്ചു എന്ന മട്ടിലാണ് ചെയ്തിരിക്കുന്നത്. പഴയ ത്യാഗരാജന്‍ മാസ്റെരുടെ അഭ്യാസികള്‍ ചെയ്യുന്ന കാര്‍ട്ട് വീലും കുത്തിമറയലും തന്നെ. ശ്രീമാന്‍ കാസനോവ ഒരു ഇന്റര്‍നാഷണല്‍ ബിസ്സിനെസ്സ് മാഗ്നെറ്റ് ആണ് എന്നല്ലേ വെപ്പ്.. പക്ഷെ അയാള്‍ക്ക്‌ വേണ്ടി വസ്ത്രങ്ങള്‍ തിരഞ്ഞെടുത്ത മഹാരഥന്‍ ആരായാലും സമയം കിട്ടുകയാണെങ്കില്‍ ഒന്ന് രണ്ടു ഇന്റര്‍നാഷണല്‍ ഫാഷന്‍ മാഗസിനുകള്‍ തുറന്നു നോക്കുന്നത് നല്ലതാണ്. ഇത്തരം ചീപ്പ്‌ ആയ ഫാന്‍സി സൂട്ടുകള്‍ എവിടുന്നു സംഘടിപ്പിച്ചുവോ ആവോ?

ഇനി പെര്‍ഫോര്‍മന്‍സ്... മോഹന്‍ലാലിന്റെ ചേരാത്ത വേഷത്തില്‍ കയറി അനുഭവിക്കുന്ന വീര്‍പ്പുമുട്ടല്‍ ആദ്യ ഫ്രെയിം മുതല്‍ തന്നെ കാണാന്‍ സാധിക്കുന്നുണ്ട്. അത് ശരീര ഭാഷയിലും ഭാവങ്ങളിലും വ്യക്തം. കൂടാതെ ഒരു കാര്യം ഞാന്‍ ശ്രദ്ധിച്ചു, ഇക്കഴിഞ്ഞ ഏഷ്യാനെറ്റിന്റെ അവാര്‍ഡ് നിശയില്‍ ഉടനീളം അദ്ധേഹത്തിന്റെ മുഖത്ത് കളിയാടിയിരുന്ന ബ്ലാങ്ക് ആയ ഒരു ഭാവം... അത് തന്നെയാണ് ഈ സിനിമയിലും പലപ്പോഴും ആ മുഖത്ത് ദൃശ്യമായിരുന്നത്. ഉറക്കത്തില്‍ നടക്കുന്ന പോലുള്ള ഒരു തോന്നല്‍ ഉണ്ടാകുന്നു പലപ്പോഴും. വല്ലാത്ത വിഷമം തോന്നി... ഒരു മഹാനടന്റെ അധ:പതനം പൂര്‍ണമാക്കുന്ന വേദനിപ്പിക്കുന്ന ആ കാഴ്ച.

അതുപോലെ അഭിനയം എന്നതിന് "ഫാഷന്‍ പരേഡ്" എന്ന് ഒരു അര്‍ഥം ഉണ്ടെങ്കില്‍, നായികമാരെ റാമ്പ് മോഡല്കളായി  കണക്കാക്കാമായിരുന്നു... പക്ഷെ അപ്പോഴും അതിനും കൊള്ളാത്ത റോമയെ എവിടെ കൊള്ളിക്കും. കൂട്ടത്തില്‍ സഞ്ജന എന്ന് പറഞ്ഞ ആ കന്നഡ നടിയുടെ റോള്‍ എന്താണ് എന്ന് എനിക്ക് ഇതു വരെ പിടി കിട്ടിയിട്ടില്ല. ചേരാത്തത് ചേര്‍ത്ത് വെക്കുന്നത്തിലെ രസക്കേട് ശ്രീയാ സരനും മോഹന്‍ലാലും തമ്മിലുള്ള രംഗങ്ങളില്‍ വ്യക്തം. പിന്നെയുള്ള അഭിനേതാക്കള്‍ .. എല്ലാം അത്പോലെ തന്നെ, ലാലു അലെക്സ് ലാലു അലെക്സായും ശങ്കര്‍, ശങ്കര്‍ ആയും നില്‍ക്കുന്നു... കൂട്ടത്തില്‍ ഒന്ന് കൂടി പറയട്ടെ, റിയാസ് ഖാന്‍ എന്ന് പറയുന്ന വ്യക്തി ദയവു ചെയ്തു അഭിനയിക്കാന്‍ ശ്രമിക്കരുത്.. അദ്ദേഹം മസില്‍ വിറപ്പിച്ചു വില്ലന്റെ പിറകില്‍ നിന്നോട്ടെ... ഒരു അപേക്ഷ ആണ്. ആദ്യമായി മുഖം കാണിക്കുന്ന നാല് കള്ളന്മാരെ പാറ്റി ഒന്നും പറയുന്നില്ല... എന്തും വലിച്ചു വാരി അഭിനയിച്ചു (അവയില്‍ മിക്കതും നന്നാക്കുന്ന) ജഗതിയെ പറ്റിയും...

ഈ സിനിമ പ്രതിനിധാനം ചെയ്യുന്ന പ്രതിലോമ രാഷ്ട്രീയത്തെ പറ്റിയോ , അല്ലെങ്കില്‍ അതിലെ സ്ത്രീ വിരുദ്ധതയെ പറ്റിയോ , അധികം ഒന്നും ഇവിടെ പ്രതിപാദിക്കാന്‍ ഉദ്ദേശം ഇല്ല. അത് തുടക്കം മുതല്‍ ഒടുക്കം വരെ നാറി പുളിച്ചു കിടക്കുന്നുണ്ട് എന്ന്  ഒറ്റ വാചകത്തില്‍ ഒതുക്കുന്നു . അതിനെ വായിച്ചും അതിവായിച്ചും പ്രൊഫഷണല്‍ റിവ്യൂകാരന്മാര്‍ കൊന്നു കൊലവിളിച്ചു കൊള്ളും. പക്ഷെ അങ്ങിനെ പറയുമ്പോള്‍ തന്നെ കുടുംബസമേതം സിനിമ കാണുന്നവര്‍ക്ക് അസ്വസ്ഥത ഉണ്ടാക്കുന്ന വിധത്തിലുള്ള ദ്വയാര്‍ത്ഥ സംഭാഷണങ്ങളെ പറ്റി പരാമര്‍ശിക്കാതെ വയ്യ. സഭ്യതയുടെ എല്ലാ അതിര്‍ത്തിയും തകര്‍ത്തു കത്തി കയറുകയാണ്, പല സന്ദര്‍ഭങ്ങളിലും സംഭാഷണങ്ങള്‍.

ഈയ്യിടെയായി കാണുന്ന ആ പ്രവണത. അത് സിനിമയിലായാലും സ്റ്റേജ് / ടി വി ഷോകള്‍ക്കായാലും, തരം താണ രീതിയിലുള്ള ആ സംഭാഷണങ്ങളും പരാമര്‍ശങ്ങളും... പൊതുജനം കുടുംബസമേതം കാണുന്ന മാധ്യമങ്ങള്‍ അത് ഒഴിവാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. നമ്മള്‍ ഒട്ടൊക്കെ സാമൂഹ്യ പ്രതിബദ്ധത ഉണ്ട് എന്ന് കരുതിയ ബോബി സഞ്ജയ്‌ എന്ന എഴുതുക്കാരില്‍ നിന്ന് ഉണ്ടാവുമ്പോള്‍.. കൂടുതല്‍ അപകടകരമായി തോന്നുന്നു. ക്രിസ്ത്യന്‍ ബ്രെതെര്സ്, ചൈന ടൌണ്‍, പോക്കിരിരാജ എന്നീ ഉന്നത കലാസൃഷ്ടികളെ വന്‍ വിജയമാക്കിയ "പ്രബുദ്ധ കേരളം" ഒരു പക്ഷെ കാസനോവയേയും വിജയിപ്പിക്കും എന്ന് വേണമെങ്കില്‍ നിര്‍മാതാക്കള്‍ക്ക് വേണമെങ്കില്‍ ആശിക്കാം... അല്ല വ്യാമോഹിക്കാം. അത്ര മാത്രം

ഒടുവില്‍ ഒരു വാക്ക്... ഒരു നല്ല സിനിമ നിര്‍മിക്കാന്‍ ഒരു നല്ല കഥ വേണം എന്ന സത്യത്തിനു അടിവരയിട്ടു  റോഷന്‍ ആണ്ട്രൂസും, ശ്രീനിവാസനും  ചേര്‍ന്ന് മുമ്പൊരിക്കല്‍ പുറത്തിറക്കിയ സിനിമയാണ് ഉദയാനാണ്‌ താരം.  അത് സമയം കിട്ടുമ്പോള്‍ രണ്ടു പേരും ചേര്‍ന്നിരുന്നു ഒരിക്കല്‍ കൂടി വിശദമായി കണ്ടാല്‍ നന്നായിരിക്കും... പ്രത്യേകിച്ച് ഈ കാസനോവയും സരോജ് കുമാറുമൊക്കെ പടച്ചു വിട്ട ഈ അവസരത്തില്‍ . അത്പോലെ തന്നെ അതിലെ പച്ചാളം ഭാസി പറയുന്ന പോലെ "സംവിധാനം എന്നാല്‍ കഴിവുള്ളവര്‍ക്ക് പറഞ്ഞിട്ടുള്ള കാര്യം തന്നെയാണ് " എന്ന് വടിവൊത്ത അക്ഷരത്തില്‍, വീട്ടില്‍, കിടപ്പ് മുറിയില്‍ ഉറക്കം എഴുന്നേറ്റു വരുമ്പോള്‍ വായിക്കാന്‍ തക്ക പാകത്തിന്, ഒന്ന് കുറിച്ചിടുന്നതും നല്ലതാ... . ഇതാ മോന്തായതിലിരുന്നു പല്ലി ചിലച്ചു...

അഭിപ്രായങ്ങളൊന്നുമില്ല: