ചൊവ്വാഴ്ച, ഡിസംബർ 06, 2011

വിശ്വാസം അതാണോ എല്ലാം?

ബസ്സില്‍ നടന്നിരുന്ന വിശ്വാസത്തെ കുറിച്ചുള്ള "ചര്‍ച്ചകള്‍ക്ക്"(?) അനുബന്ധമായാണീ പോസ്റ്റ്‌.  പ്രത്യേകിച്ച് ഒരു ലക്‌ഷ്യം കൂടാതെ ചില ചിന്തകള്‍ താല്‍കാലികമായി  പാര്‍ക്ക് ചെയ്യാന്‍ ഇടുന്ന ഒരു പോസ്റ്റ്‌...

ഒരു ചെറിയ നയപ്രഖ്യാപനം പോലെ... വിശ്വാസം എന്നത് സ്വകാര്യത ആണ് എന്ന പ്രമാണത്തോട് പരിപൂര്‍ണമായ  ബഹുമാനത്തോടെ തന്നെ.  ഞാന്‍ ഒരു മതത്തെയോ സംഘടനയെയോ വിഭാഗത്തെയോ പ്രതിനിധാനം ചെയ്തിട്ടല്ല എന്നും,  ഒരു വിശദീകരണം, അല്ലെങ്കില്‍ ന്യായീകരണം കൊടുക്കേണ്ട ബാധ്യത തോന്നിയിട്ടല്ല ഇങ്ങനെയൊക്കെ ഇവിടെ കുറിക്കുന്നത് എന്നും ആദ്യമേ പറഞ്ഞു വെക്കട്ടെ.

ദൈവ സങ്കല്പം, ആരാധന രീതികളുടെ സാംഗത്യം ഇതായിരുന്നു "ചര്‍ച്ചകളിലെ" മുഖ്യ വഴിപ്പിരിവുകള്‍  ... ഇതില്‍ ആദ്യത്തെതെടുക്കാം... ദൈവ സങ്കല്പം. വ്യക്തിപരമായി പറയുകയാണെങ്കില്‍, എന്റെ വിശ്വാസം രൂപപെട്ടിരിക്കുന്നത് ദൈവം ഉണ്ട് എന്ന ഉറച്ച വിശ്വാസത്തിലല്ല, ദൈവം ഉണ്ടായിരിക്കണം എന്ന പ്രതീക്ഷയില്‍ ആണ്. പിന്നെ അതിന്റെ രൂപം, അവിടെ പലരും കാണുന്നത് ആനത്തലയും നാല് കൈകളും ഉള്ള ഒരു വിചിത്ര ജീവിയാണെങ്കില്‍, എനിക്ക് കാണാന്‍ ആവുന്നത്, കര്‍മപാതയില്‍ ഉളവാവുന്ന വിഘ്നങ്ങളെ, നീക്കി തരുന്ന വിഘ്നേശ്വരന്‍ ആണ്, അതില്‍ എനിക്ക് തൃപ്തി ലഭിക്കുന്നു, ആശ്വാസം ലഭിക്കുന്നു...അത് കൊണ്ട് അവിടെ ഞാന്‍ ശാസ്ത്രത്തിന്റെ യുക്തിയുടെ പാത തേടി പോകുന്നില്ല, മറിച്ച് വിശ്വാസം നല്‍കുന്ന, ആ പ്രതീക്ഷ നല്‍കുന്ന ധൈര്യത്തോടെ മുമ്പോട്ട്‌ നീങ്ങാന്‍ ശ്രമിക്കുക ആണ്. ഇത് ജനനം മുതല്‍ എന്നില്‍ പകരപ്പെട്ട, സങ്കല്പങ്ങള്‍ ഊട്ടി ഉറപ്പിച്ച ഒരു ഇമേജ് ആണ് എന്ന് തന്നെ പറയാം. അവിടെ തുമ്പിക്കൈയ്യും കൊമ്പും അതിന്റെ യുക്തിപരമായ അടിസ്ഥാനവും... ഒന്നും ഒരു തടസ്സമായി കാണാന്‍ കഴിയുന്നില്ല. മറിച്ച് ആ രൂപം പ്രതിനിധാനം ചെയ്യുന്ന ഒരു സങ്കല്‍പ്പമാണ് മനസ്സില്‍ (ഭക്തി, വിശ്വാസം എന്നിവയുടെ ആവാസ സ്ഥാനം മനസ്സാണ് എന്നും ബുദ്ധിയല്ല എന്നാണു എന്റെ അഭിപ്രായം). അക്ഷരത്തെ, വിദ്യയെ നാരീ സകല്പമായി ആരാധിക്കുന്ന സരസ്വതി, ഓടക്കുഴല്‍ വിളിച്ചു കാലിമേച്ചു നടക്കുന്ന കണ്ണന്‍... ഇങ്ങനെ ഉള്ള മൂര്‍ത്തികള്‍... സങ്കല്പങ്ങള്‍... ഓരോന്നിനും ഉദാത്തമായ (അല്ലെങ്കില്‍ ഉദാത്തം എന്ന് ഞാന്‍ കരുതുന്ന)  ഭാവങ്ങള്‍ മനസ്സില്‍ സങ്കല്പിച്ചു വെച്ചിട്ടുണ്ട്... ഇവിടെ ത്യാഗ സങ്കല്‍പം കാണുന്നത് കുരിശില്‍ കിടക്കുന്ന മുള്‍ക്കിരീടം അണിഞ്ഞ യേശുദേവനിലാണ്...... അത് കൊണ്ട് തന്നെ ഒരു ഇളക്കി പ്രതിഷ്ടയുടെ ആവശ്യം തോന്നിയിട്ടില്ല.. ഇവിടെ ഒരു ഇടപാടുകാരന്റെ ആവശ്യം എനിക്കില്ല അത് കൊണ്ട് തന്നെ പൂജാരി, വൈദികന്‍ എന്നൊക്കെ ഉള്ള കാര്യങ്ങള്‍ക്ക് ഞാന്‍ വലിയ വിലയും കല്‍പ്പിക്കുന്നില്ല (ബഹുമാനം തോന്നിയിട്ടുള്ള വ്യക്തിത്വങ്ങള്‍ അവര്‍ക്കിടയില്‍ പലരും ഉണ്ടായിട്ടുണ്ട് അത് പോലെ വെറുപ്പും... അത് അവരുടെ ആ തൊഴിലിനോട് ബന്ധപ്പെടുതിയുമല്ല).. പക്ഷെ ചില ദേവാലയങ്ങള്‍ പലപ്പോഴും മനസ്സിന് അനുഭൂതി പ്രദാനം ചെയ്തിട്ടുണ്ട്... എല്ലാവര്ക്കും ഉണ്ടാവുന്ന അനുഭവം ആവണം എന്നില്ല... കാണണം എന്ന് ആഗ്രഹിച്ച കാഴ്ച കാട്ടിത്തരുന്ന അനുഭവിക്കണം എന്ന് ആഗ്രഹിച്ച അനുഭൂതി    പകരുന്ന മനസ്സിന്റെ വിക്രിയ ആയിരിക്കാം ... മൂകാംബിക ക്ഷേത്ര സന്നിധി, ശബരിമല സന്നിധാനം... ഇവയൊക്കെ മനസ്സിന് ശാന്തിയും ആശ്വാസവും, അതിലേറെ ഊര്‍ജവും പകര്‍ന്ന അന്തരീക്ഷം നല്‍കിയിട്ടുണ്ട്. മറിച്ച് മറ്റു ചില "ദേവാലയങ്ങള്‍ (?)"  - പഴനി, തിരുപതി തുടങ്ങിയ. മനസ്സില്‍ disgust എന്ന വികാരം മാത്രം ഉണര്‍ത്തിയ ബിസ്സ്നെസ്സ് സ്ഥാപനങ്ങള്‍ ആയി തോന്നിയിട്ടും ഉണ്ട്.. ഇത് അനുഭവങ്ങള്‍ ... അത് പോലെ തന്നെ ഒരു ദിവസം തുടങ്ങുമ്പോള്‍ ഒരു വിളക്ക് കത്തിച്ചു കുളിച്ചു ഈറനുടുത്തു കൈ കൂപ്പി നിന്ന് ഒരു നിമിഷം ധ്യാനിക്കുമ്പോള്‍ മനസ്സിന് സന്തോഷവും തൃപ്തിയും ഉണ്ടാവുന്നു ... അവനവന്‍ ആത്മ സുഖതിനാചരിക്കുന്ന കാര്യങ്ങള്‍.......


അത് പോലെ തന്നെ ദൈവ സാന്നിധ്യം എന്ന് ഞാന്‍ വിശ്വസിക്കാന്‍ ഇഷ്ടപ്പെടുന്ന കാര്യങ്ങള്‍.. ജീവിതത്തില്‍ ഉണ്ടായിട്ടുമുണ്ട്‌.. പല പ്രതിസന്ധികള്‍... ആ ഘട്ടങ്ങളില്‍ എന്നെക്കൊണ്ട് സാധിക്കില്ല എന്ന് ഉറപ്പിച്ച പല കാര്യങ്ങളും ചെറിയ ചില സാഹചര്യങ്ങളുടെ മാറ്റങ്ങള്‍ കൊണ്ട് അനുകൂലമായി വന്നിട്ടുണ്ട്... അതിന്റെ ക്രെഡിറ്റ്‌ ഞാന്‍ ഈശ്വരന് കൊടുക്കുവാന്‍ ഇഷ്ടപ്പെടുന്നു (മറ്റൊരു ഫാക്ടറും... അല്ലെങ്കില്‍ മറ്റാരും അവിടെ പ്രവര്‍ത്തിച്ചിട്ടില്ല എന്ന് ആത്മാര്‍ഥമായി കരുതുകയും ചെയ്യുന്നു) .. ഇനി ആള്‍ ദൈവങ്ങളെ പറ്റി ... ഒട്ടും വിശ്വാസമില്ല... തിരിഞ്ഞു നോക്കാറുമില്ല.. സേവനങ്ങള്‍ ചെയ്യുന്നത്,  സഹകരിക്കും, പിന്തുണക്കും ... ആരാധനയും പൂജയും, അതിനാവില്ല ...എന്താണെന്നറിയില്ല  അവിടെ യുക്തി കയറി കളിക്കും..

ശാസ്ത്രം "ഇനെര്‍ഷിയ" എന്ന് വിശദീകരിച്ച തത്വം തന്നെ.. ഒരു അവസ്ഥയില്‍ ഇരുന്നു കൊണ്ട് തന്നെ തനിക്കു അഭികാമ്യമായ അല്ലെങ്കില്‍ അഭികാമ്യം എന്ന് തോന്നുന്ന ഒരു ഔട്ട്‌കം ലഭിച്ചു കൊണ്ടിരിക്കുമ്പോള്‍ എന്തിനു ആ അവസ്ഥ തകര്‍ത്തു പുറത്തു പോവണം...   ഇത് കൊണ്ട്  ഞാന്‍ അടുത്ത തലമുറയിലേക്കു പകരുകയോ എനിക്ക് ചുറ്റുമുള്ളവരെ ഇവാന്ജലയിസ് ചെയ്യുകയോ , മറ്റുള്ളവര്‍ക്ക് ദ്രോഹം ഉണ്ടാക്കുകയോ, മനോവിഷമം ഉണ്ടാക്കുകയോ അവരുടെ വികാരത്തെ ഹനിക്കുകയോ ചെയ്യുന്ന  പ്രവര്‍ത്തികളില്‍ ഏര്‍പ്പെടാതെ ഇരിക്കുന്നെടത്തോളം കാലം തുടരാനുള്ള വ്യക്തിപരമായ അവകാശം ഉണ്ട്.... 

അഭിപ്രായങ്ങളൊന്നുമില്ല: