തിങ്കളാഴ്‌ച, നവംബർ 25, 2013

ഗീത കൊല്ലപ്പെട്ട രാത്രിയിൽ ... അഥവാ ചാരുഅഞ്ജലി

കോമഡി മൂവികളിൽ ഹൊററിന്റെ അംശങ്ങൾ കണ്ടിട്ടുണ്ട് .. ഹൊറർ സിനിമകളിൽ കോമഡിയുടെ ട്രാക്കുകളും ... എന്നാൽ ഹൊറർ തന്നെ കോമഡി ആയിട്ടിറങ്ങുന്ന ജനുസ്സിൽ പെട്ട ഇത്തരം അവതാരങ്ങൾ അപൂർവമാണ് .... അങ്ങിനെ ലാലേട്ടനും പ്രിയദർശനും  അവർ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന ഫ്ലോപ്പ് മലകളുടെ മോളിൽ വെക്കാൻ ഒരു സൂപ്പർ ഫ്ലോപ്പ് കൂടി കിട്ടി ....

മണിച്ചിത്രത്താഴ്  ഒരു വിശ്വോത്തര സിനിമ ഒന്നുമല്ല .. പക്ഷെ സ്മാർട്ട് ഫിലിം മേക്കിങ്ങിലൂടെ പ്രേക്ഷകർക്ക് വേണ്ട ചേരുവകൾ പലതും കൌശലപൂർവം ചേർത്ത് അവർക്ക് നല്ല പോലെ ആസ്വദിക്കാവുന്ന ഒരു ഒന്നാംതരം എന്റർറ്റൈനെർ ആയിരുന്നു .. വ്യാഴാഴ്ച രാത്രി പത്തു മണിയ്ക്ക് മൾടി പ്ലെക്സിൽ തള്ളിക്കയരുന്ന ജനസമൂഹം തന്നെ അതിനു ദൃഷ്ടാന്തം ... പല പോരായ്മകൾ ഉണ്ടായിരുന്നെങ്കിലും അതിനു പിറകിൽ ഒരു - അല്ല അഞ്ചു സംവിധായകരുടെ സാമാന്യ ബുദ്ധിയും .. വെടിപ്പായി എഴുതപ്പെട്ട ഒരു സ്ക്രിപ്റ്റും ഉണ്ടായിരുന്നു .. എന്നാൽ ഇവിടെയാകട്ടെ അവിടുന്നും ഇവിടുന്നും ഒക്കെ വലിച്ചു പറിച്ചെടുത്തു കൊണ്ടുവന്നിരുന്ന പ്രിയദർശൻ ടെക്കനിക്ക് ആവർത്തിക്കുമ്പോൾ മുമ്പൊക്കെ അദ്ദേഹം പ്രകടിപ്പിച്ചിരുന്ന ഒരു സാമാന്യ കയ്യടക്കം പോലും കാണാനില്ല. ഈ തിയറ്ററിൽ നമ്മളെ ഒക്കെ എത്തിച്ച സണ്ണി എന്ന കഥാപാത്രം  കാറ്റൂതി വിട്ട ബലൂണ്‍ പോലെ നിസ്സഹായനായി തേരാ പേരാ നടക്കുന്നത് മാത്രം മെച്ചം... അല്ല അതിനു പോലും സ്ക്രീൻ ടൈം ഇല്ല അങ്ങേര്ക്ക് ...സാമാന്യ യുക്തിക്ക് നിരക്കാത്ത ഒരു കഥ (വെറുതെ ഒരു മൂച്ചിന് പറഞ്ഞതാണ്, കഥ എന്നൊക്കെ  അതിനെ വിശേഷിപ്പിക്കാമോ എന്ന് എനിക്കറിയില്ല) ... നൂറ്റൊന്നാവർത്തിച്ച ക്ഷീരബല പോലെ അവിടുന്നും ഇവിടുന്നും ചുരണ്ടി എടുത്ത കുറെ രംഗങ്ങൾ ... എന്തിനെന്നു പോലും വ്യക്തമല്ലാത്ത കുറെ കഥാപാത്രങ്ങൾ സിനിമ തുടങ്ങി പതിനഞ്ചു മിനിറ്റിനകം ഒരു പത്തിരുപതു സിനിമകൾ എങ്കിലും കണ്ടിട്ടുള്ള ഏതു കൊച്ചു കുട്ടിക്ക് പോലും പ്രവചിക്കാവുന്ന രീതിയിലുള്ള സസ്പെന്സും ക്ലൈമാക്സും ... ദ്വയാർത്ഥവും അശ്ലീലവും തമാശയുടെ രൂപത്തിൽ കെട്ടി എഴുന്നെള്ളിക്കുന്ന ചില അരോചക മേമ്പോടികൾ ....കീർത്തി കാഴ്ചയിൽ മേനകയുടെ കാർബണ്‍കോപ്പി ആണെങ്കിലും അഭിനയത്തിൽ ഒരു പാട് പരിമിതികൾ  വ്യക്തമാക്കുന്നുണ്ട്. കുറെ പടങ്ങൾ ഒക്കെ അഭിനയിച്ച് കൂവി തെളിയുമായിരിക്കും ... പിന്നെ മധുവും ഗണേഷും അടക്കം ആരൊക്കെയോ എന്തൊക്കെയോ ആയി എന്തിനൊക്കെയോ വന്നും പോയും ഇരുന്നു ...


എന്തിനാ ഇങ്ങനെ ഒക്കെ സിനിമ എടുക്കുന്നത് ... അവസാന സീനിൽ നിഷാൻ (ആ ഒരു വിദ്വാൻ കൂടി ഉണ്ട്) "സാറിനോട് നന്ദി ഞാൻ എങ്ങിനെയാ പറയുക....." എന്നോ മറ്റോ പറയുമ്പോൾ പുറകിൽ നിന്നാരോ ഉറക്കെ " അവനോടു നന്ദി അല്ലടാ,  പന്നീ എന്നാ പറയേണ്ടത് .." എന്നതാണ് ആ സിനിമയിലെ രംഗങ്ങലെക്കാൾ ചിരി തീയറ്ററിൽ ഉയര്ത്തിയത്.  സിനിമ കഴിയുമ്പോൾ പ്രിയദർശന്റെ പേര് എഴുതിക്കാട്ടുമ്പോൾ കാശ് പോയവന്റെ അന്തരാളത്തിൽ നിന്നും വന്ന കൂവൽ മദിരാശിയിൽ ഉള്ള അദ്ദേഹത്തിന്റെ വീട്ടിൽ പോലും കേള്ക്കാവുന്ന ഉച്ചത്തിൽ ആയിരുന്നു എന്നുകൂടി പറഞ്ഞു നിർത്തട്ടെ ..

ഒരു തിര പിന്നെയും തിര

തിര എന്നത് കൊണ്ട് വിനീത് ശ്രീനിവാസൻ ഉദ്ദേശിച്ചിരിക്കുന്നത്  വേവ് എന്ന വാക്കാണോ അതോ ബുള്ളറ്റ് എന്ന വാക്കാണോ എന്നെനിക്കറിയില്ല .. പക്ഷെ ഈ തിര കൊണ്ട് അദ്ദേഹം ബുൾസ് ഐ തന്നെ തറയ്ക്കുന്നുണ്ട് എന്നത് പടം തുടങ്ങി നൂറ്റിപന്ത്രണ്ട് മിനിട്ട് കൊണ്ട് പ്രേക്ഷകർക്ക് അനുഭവിച്ചറിയാൻ കഴിയും... മൂന്ന് ചിത്രങ്ങൾ കൊണ്ട് ഫിലിം മേയ്ക്കിങ്ങിൽ മുപ്പതു കാതം മുന്നോട്ടു നീങ്ങിയ ഒരു സംവിധായകനെ കാണാൻ കഴിയും ... അദ്ദേഹത്തിന്  മാധ്യമത്തിൽ കൈവരുന്ന ഗ്രിപ്പ് അനുഭവിക്കാൻ കഴിയും ...കുറ്റമറ്റ പഴുതുകളടച്ച ലോജിക്കോട് കൂടിയ തിരക്കഥയൊന്നുമല്ല തിരയുടെത് ... പക്ഷെ പഴുതുകൾ തിരയാൻ നമ്മുടെ ചിന്തകളേ ഒരു നിമിഷം വെറുതെ നിർത്താൻ കഴിയാത്ത ഗതി വേഗം കൊണ്ട് അദ്ദേഹത്തിനു സാധിക്കുന്നു..ചടുലതയ്ക്ക് താളമായി പശ്ചാത്തല സംഗീതം ഒരുക്കിയ ഷാൻ റെഹ്മാനും കൃത്യതയാർന്ന ദൃശ്യാഭാഷ നൽകിയ ജോമോൻ ടി ജോണും, മുമ്പോട്ടുള്ള പ്രയാണത്തിൽ വിനീത് ശ്രീനിവാസന്റെ തോളോട് തോൾ ചേർന്ന് തന്നെയുണ്ട്...
സുജോയ് ഘോഷിന്റെ "കഹാനി" ആണ് ഈ ചിത്രത്തിൻറെ മേയ്ക്കിങ്ങിങ്ങിൽ വിനീത് ശ്രീനിവാസന്റെ മാതൃക എന്നുള്ളത് മനസ്സിലാക്കാൻ അധികം കടന്നു ചിന്തിക്കെണ്ടതൊന്നുമില്ല.. പക്ഷെ ആ സാദൃശ്യം ഉപരിപ്ലവമായി നിർത്തി പ്രമേയത്തിലും നരേഷനിലും മൌലികത സൃഷ്ടിക്കുവാൻ അദ്ദേഹം ശ്രമിച്ചിട്ടുണ്ട് .. പ്രചോദനവും പ്ലാഗരിസവും തമിലുള്ള വ്യത്യാസം ബോധ്യമുള്ള ഒരു സംവിധായകനാണ് അദ്ദേഹം എന്ന് നമുക്ക് മനസ്സിലാക്കാം.  പതിവ് ഫോർമുലകളെ പൂർണമായിട്ടോന്നും തിരസ്കരിച്ചിട്ടില്ല എങ്കിലും ഒരു പരിധി വരെ ആവർത്തന വിരസത കൊണ്ട് പ്രേക്ഷകനെ ബോറടിപ്പിച്ചു കൊണ്ടിരിക്കുന്ന കഥാസന്ദർഭങ്ങളും ... കഥാപാത്രങ്ങളും അധികം കയറി ഇറങ്ങുന്നില്ല.

ഒരു സിനിമയ്ക്ക് എത്രത്തോളം പ്രധാനമാണ് അത് നിൽക്കുന്ന ഒരു സാംസ്കാരിക പശ്ചാത്തലം എന്ന് നമ്മളെ പലവട്ടം ഓർമിപ്പിക്കുവാൻ സംവിധായകാൻ ശ്രമിച്ചിട്ടുണ്ട് .. കൊല്കോത്തയുടെ നിറക്കൂട്ട് കാളീ പൂജയുടെ കുങ്കുമത്തിൽ നമ്മുടെ കണ്ണുകളിലേക്ക് വിതറിയാന് കഹാനി നമ്മുടെ മുന്നിൽ മിന്നി മറഞ്ഞത് .. ഇവിടെയാകട്ടെ ഗോവയുടെയും ... ഏതോ ഒരു കർണാടക അതിർത്തി പട്ടണത്തിന്റെ  (ബെലഗാമോ ... ബെല്ലാരിയോ ... ഏതുമാവാം) സമ്മിശ്ര സംസ്കാരത്തിന്റെയും ചായക്കൂട്ടിൽ മുക്കിയെടുത്തിരിക്കുന്നു ...

ശോഭനയെക്കുറിച്ച് പലരും ഇവിടെ തന്നെ എഴുതിയിട്ടുണ്ട്. "എവിടെ ആയിരുന്നു ഇത്രയും നാൾ" തിലകനോട് രഞ്ജിത്ത് പ്രേക്ഷകനായി നിന്ന് സിനിമയിൽ ചോദിച്ച പോലെ നമ്മളെക്കൊണ്ട് ചോദിപ്പിക്കുന്ന ഒരു അസാമാന്യ സ്ക്രീൻ പ്രേസേന്സ്, അവരുടെ രോഹിണിയ്ക്കുണ്ട് എന്ന് നിസ്സംശയം പറയാം ... സാധാരണ നമ്മൾ കണ്ടിട്ടുള്ള "എൻ ജി ഓ" വാർപ്പ്‌ മാതൃകകളിൽ നിന്നും വിഭിന്നമായി ഐടിയലിസത്തെക്കാൾ ഇഫ്ഫെക്റ്റീവ്നെസ്സിനു പ്രാധാന്യം കൊടുക്കുന്ന രോഹിണിയുടെ വ്യക്തിത്വം അവരുടെ ശരീര ഭാഷയിൽ സുഭദ്രം . ധ്യാൻ ശ്രീനിവാസൻ കഥാപാത്രത്തിന്‌ അനുയോജ്യമായ കാസ്റ്റിംഗ് ... സ്വന്തം സഹോദരന്റെ കഴിവുകളും കഴിവുകേടുകളും വ്യക്തമായി അറിയാവുന്ന ഒരു സഹോദരന്റെ, കൌശലം അദ്ദേഹത്തെ ഉപയോഗിക്കുന്നതിൽ വിനീത് കാണിക്കുന്നുണ്ട്..  ഇനി മറ്റൊന്ന് കൂടി, മറ്റെല്ലാ റോളുകൾക്കും പുതിയ മുഖങ്ങളെ കാസ്റ്റ് ചെയ്യുക വഴി ഇമേജിന്റെ ഭാരമില്ലാതെ കഥാപാത്രങ്ങളെ കാണാൻ നമ്മൾക്കാവുന്നും ഉണ്ട് ...

ഇനി ക്ഷീരമുള്ള അകിടിന് ചുറ്റും കറങ്ങുന്ന കൊതുകുൾക്കായി വിനീത് ശ്രീനിവാസൻ രൂപക്കൂടിലും, ശേഷക്രിയയിലും, കുരിശു രൂപത്തിലും, പ്രാർഥനാ ദൃശ്യങ്ങളിലും ഒക്കെ ഒതുക്കിയ "ഡിവൈൻ ഇന്റെര്വേന്ഷൻ" വഴി കുറച്ചു ചോരത്തുള്ളികൾ ഇട്ടിട്ടുണ്ട് ... പക്ഷെ അധികം കഥാപാത്രങ്ങളുടെ പേരുകളിൽ ജാതിയും മതവും ഒക്കെ വലുതായി കൊടുക്കാത്തത് കൊണ്ട് ഇതൊക്കെ കൊണ്ട് തൃപ്തിപ്പെടുകയെ തൽക്കാലം നിർവാഹമുള്ളൂ ...

ഇതൊക്കെ കാണുമ്പോൾ നമ്മുടെ പ്രിയദർശനും, സത്യൻ അന്തിക്കാടും, ഷാജി കൈലേസുമൊക്കെ  ഒക്കെ തങ്ങൾ ചെയ്തു കൊണ്ടിരിക്കുന്ന കൊടും പാതകങ്ങൾ മതിയാക്കി വീട്ടിലിരിക്കുന്ന മക്കളുടെ കയ്യിലേക്ക് ആ മെഗഫോണ്‍ കൊടുത്ത് നോക്കാൻ ഒരുമ്പെട്ടാൽ മതിയായിരുന്നു ..