വ്യാഴാഴ്‌ച, ഒക്‌ടോബർ 27, 2011

തമാശക്ക് ഒരാളെ കൊല്ലുമ്പോള്‍ ...

ഞാനും ഒരു പാട് പ്രിഥ്വിരാജ് തമാശകള്‍ കേള്‍ക്കുകയും ഷെയര്‍ ചെയ്യുകയും ചെയ്തിട്ടുള്ളവനാണ് ... അത്ര രൂക്ഷമായി അല്ലെങ്കിലും അദ്ധേഹത്തിന്റെ ഒരു ഇന്റര്‍വ്യൂവിനെ പറ്റി വിമര്‍ശിച്ചു ഇവിടെ തന്നെ  ഒരു പോസ്റ്റും ഇട്ടിരുന്നു.

http://purambokkilanjucent.blogspot.com/2011/09/blog-post_12.html

പക്ഷെ അതിന്റെ ഒരു ദുഖകരമായ ഒരു വശം വെളിവായത് ആകസ്മികമായി ഇന്നലെ പുതുതലമുറയില്‍ പെട്ട രണ്ടു പെണ്‍കുട്ടികള്‍ തമ്മില്‍ സംസാരിക്കുന്നത് കേള്‍ക്കാന്‍ ഇടവന്നപ്പോഴാണ്... ഒമ്പതാം ക്ലാസ്സില്‍ പഠിക്കുന്ന ഒരു പെണ്‍കുട്ടിയും ഒരു പോസ്റ്റ്‌ ഗ്രാജുവ്ഷന്‍ പ്രൊഫഷണല്‍ കോഴ്സിനു അവസാന വര്‍ഷം പഠിക്കുന്ന മറ്റൊരു പെണ്‍കുട്ടിയും ... അവരുടെ സംവാദത്തില്‍ നിന്നും അവര്‍ക്കെന്തോ ആ ചെറുപ്പക്കാരനോട്‌ കടുത്ത വിദ്വേഷമോ ശത്രുതയോ ഉള്ള പോലെ എനിക്ക് തോന്നി.

കുറച്ചു നേരം അവരുടെ ആ സംഭാഷണങ്ങള്‍ കേട്ടിരുന്നപ്പോള്‍ മനസ്സിലായ ഒരു വസ്തുത, അവര്‍ക്ക് ആ വെറുപ്പും വിദ്വേഷവും ഒക്കെ അദ്ദേഹം ഒരു അഹങ്കാരി ആണ് എന്ന ഒരൊറ്റ അഭിപ്രായത്തില്‍ നിന്നും ഉടലെടുത്തതാണ് എന്നതാണ്.. അത് ഉരുത്തിരിഞ്ഞു വരുന്നതോ, മുഖ്യമായും "പ്രിഥ്വിരാജപ്പന്‍" എന്ന പേരില്‍ യു ടുബില്‍ ഹിറ്റുകള്‍ ഏറ്റു വാങ്ങുകയും മൊബൈലുകളില്‍ നിന്ന് മോബിലുകളിലേക്ക് പകര്‍ന്നോഴുകുകയും ചെയ്യുന്ന ഒരു വീഡിയോ ക്ലിപ്പില്‍ നിന്നും. ഒരു പാട് നല്ല കഴിവുകള്‍ ഉള്ള, തന്റെ തലമുറയില്‍ പെട്ട മറ്റു ചെറുപ്പക്കാരെക്കാള്‍ വിവരവും, ആത്മവിശ്വാസവും ഉള്ള ഒരു ചെറുപ്പക്കാരനാണ് ഇത്രയും ക്രൂരമായ, രൂക്ഷമായ വിമര്‍ശനങ്ങള്‍ക്ക് നേരമ്പോക്കിനായി ആരോ ചെയ്ത ഒരു വിക്രിയയുടെ അടിസ്ഥാനത്തില്‍, ഇരയായിരിക്കുന്നത് എന്നത് വളരെ സങ്കടകരമായ ഒരു വസ്തുതയാണ്... 

ഇതിനിടയില്‍ രസകരമായ ഒരു വസ്തുത അദ്ദേഹത്തിന് ബദല്‍ ആയി അവരുടെ മനസ്സില്‍ പ്രതിഷ്ഠ നേടിയിരിക്കുന്ന മറ്റൊരു യുവ നടനാണ്‌. ആ നടന്റെ അസാമാന്യ അഭിനയസിദ്ധിയും വിനയവും അവരെ ആകര്‍ഷിച്ചിരിക്കുന്നത്രേ. ആ നടനുമായി പരിചയമുള്ള ഒന്ന് രണ്ടു സുഹൃത്തുക്കള്‍ പറഞ്ഞത് അത്തരം എടുത്തു പറയത്തക്ക വിനയം ഒന്നും മറ്റൊരു spoilt brat എന്ന് അടുത്തിടപഴകുമ്പോള്‍ തോന്നിപ്പിക്കുന്ന ആ താരത്തിനില്ല എന്നാണു.. അതുപോലെ തന്നെ അദ്ധേഹത്തിന്റെ അത്ര അസാമാന്യ അഭിനയശേഷി ഒന്നും അനാവൃതമാക്കുന്ന കഥാപാത്രങ്ങള്‍ ഇതുവരെ കാണാന്‍ ഇടവന്നിട്ടുമില്ല എന്നത് വേറെ കാര്യം.. പക്ഷെ വിമര്‍ശനങ്ങളുടെ ഒരേ ഒരു ടാര്‍ഗെറ്റ് ബോര്‍ഡ്‌ ആയ പ്രിഥ്വിരാജിന്റെ ചിലവില്‍ വിനയവാനായി, അഭിനയപ്രതിഭയായി കയറി കൂടാനാണ് അദ്ധേഹത്തിന്റെ യോഗം. നല്ല സംവിധായകര്‍ യോജിക്കുന്ന റോളുകളിലൂടെ വളര്‍ത്തി എടുത്താല്‍ നമ്മുടെ ചലച്ചിത്ര ലോകത്തിനു ഒരു മുതല്‍ കൂട്ടാവാവുന്ന ഒരു നടനാണ്‌ പ്രിഥ്വിരാജ് .  അദ്ദേഹത്തിന് അതിനുള്ള ബുദ്ധിയും കഴിവും ഉണ്ട് എന്നാണു വിശ്വാസവും. ഒരു പക്ഷെ  ഇതുവരെ മറ്റൊരു മലയാളി നടനും കഴിഞ്ഞിട്ടില്ലാത്ത രീതിയില്‍ അന്യഭാഷ ചിത്രങ്ങളിലൂടെ ദേശീയ തലത്തില്‍ ശ്രദ്ധ നേടുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞാലും അത്ഭുതപ്പെടാനില്ല. അതിനു അദ്ദേഹവും ഒന്ന് മനസ്സ് വെച്ച് തന്റെ കാരിയര്‍ പ്ലാന്‍ ചെയ്‌താല്‍ മതിയാകും.

ഇക്കഴിഞ്ഞ തലമുറയിലെ സൂപ്പര്‍ താരങ്ങളായി വിലസുന്ന പലരും, അത് പോലെ സംവിധായക ശിങ്കങ്ങളും, അച്ചടിച്ച്‌ വെച്ച വകയില്‍ വായിച്ചിട്ടുള്ളത് നാനയും വെള്ളിനക്ഷത്രവും മാത്രമാണ് എന്ന് പ്രശസ്തനായ ഒരു ക്യാമറമാന്‍ മുമ്പൊരിക്കല്‍ പറഞ്ഞിട്ടുണ്ട്. അവരുടെ ഇടയില്‍ ഒരു വിധം നന്നായി വായിച്ചിട്ടുള്ളതും (അദ്ദേഹം ഉപയോഗിക്കുന്ന മലയാളം ഭാഷ തന്നെ അതിനു തെളിവ്) സാമാന്യം നല്ല നിലവാരത്തിലുള്ള  പൊതു വിജ്ഞാനം ഉള്ളതും ആയി തോന്നിയിട്ടുള്ള അപൂര്‍വ്വം നടന്മാരിലോരാളാണ് പ്രിഥ്വിരാജ്. സ്പഷ്ടമായി ശുദ്ധമായ മലയാളത്തിലാണ് അദ്ദേഹം ഇതുവരെ സംസാരിച്ചു കണ്ടിട്ടുള്ളത്. അത് പോലെ നല്ല ഇംഗ്ലീഷും അദ്ദേഹത്തിനു അനായാസമായി  വഴങ്ങും. (അദ്ധേഹത്തിന്റെ ഭാര്യയുടെ ആ കമന്റ്സ് തല്‍കാലം അവഗണിക്കുമ്പോള്‍ തന്നെ) സൈനിക് സ്കൂളില്‍ പഠിച്ച അദ്ദേഹത്തിന്നു  ഹിന്ദി കൈകാര്യം ചെയ്യാനും ബുദ്ധിമുട്ടുണ്ടാവില്ല . ഭാഷാജ്ഞാനം അഭിനയശേഷിയുടെ മാനദന്ധമാണ് എന്നുള്ള മിഥ്യ ബോധം കൊണ്ടല്ല ഇത് കുറിച്ചത്.. പക്ഷെ ഭാഷയില്‍ നല്ല അടിത്തറ ഉള്ള ചെറുപ്പക്കാര്‍ ഇന്ന് ന്യൂനപക്ഷമാണ് എന്നുള്ള തിരിച്ചറിവ് കൊണ്ടാണ്.

പ്രേക്ഷകകേരളത്തിന്റെ കുറ്റപത്രത്തില്‍ ശ്രീ പ്രിഥ്വിരാജിന്റെ ഓഹരിയില്‍ പ്രധാനമായും രണ്ടു ആരോപണങ്ങള്‍ ആണ് ഉള്ളത്. ഒന്ന് -അദ്ധേഹത്തിന്റെ അഭിനയരീതിയില്‍ വ്യത്യസ്തത ഉള്ള റോളുകള്‍ കൈകാര്യം ചെയ്യുവാന്‍ വേണ്ട അനായാസതയുടെ (flexibility) അഭാവം, രണ്ടു - അദ്ദേഹത്തില്‍ ആരോപിക്കപെടുന്ന ആരെയും കൂസാത്ത അഹങ്കാരം. മമ്മൂട്ടിയെപ്പോലെ ഒരു താരം ഇത്രയും ഉയരത്തിലെതിയിട്ടുള്ളത് അനായാസമായ അഭിനയ ശൈലി കൊണ്ടാണോ?. രാജമാണിക്യം, മായാവി തുടങ്ങിയ ചില സിനിമകളിലൂടെ തനിക്കു വഴങ്ങുന്ന രീതിയില്‍ ഉള്ള ഹാസ്യം പരുവപ്പെടുത്തി എടുക്കുന്ന വരെ അദ്ധേഹത്തിന്റെ ഹാസ്യ രംഗങ്ങള്‍ എത്ര അരോചകമായിരുന്നു?. നമ്മുടെ ഹാസ്യ സങ്കല്‍പ്പങ്ങള്‍ അത് വരെ ചമ്മലും അത് പോലെ ചില സ്ത്രൈണ ഭാവങ്ങളുമായി, പൌരുഷത്തിന്റെ പ്രതിരൂപങ്ങള്‍ക്ക് വഴങ്ങാകനി ആയിരുന്നല്ലോ. അത് കൊണ്ട് വിവരമുള്ള സംവിധായകര്‍ അയാളിലെ പ്രതിഭ കണ്ടറിഞ്ഞു കഥാപാത്രങ്ങള്‍ സൃഷ്ടിച്ചു കൊളളും എന്ന് കരുതി ക്ഷമിക്കുക. നല്ല റോളുകള്‍, നല്ല സംവിധായകരുടെ മേല്‍നോട്ടത്തില്‍ കിട്ടിയാല്‍, നല്ല രീതിയില്‍ അഭിനയിച്ചു ഫലിപ്പിക്കാന്‍ അദ്ദേഹത്തിന്നാവും എന്നുറപ്പ്. വെറുതെ അനുരാഗ് കാശ്യപും മണി രത്നവും പോലെയുള്ള ചലച്ചിത്രകാരന്മാര്‍ മൊട മാത്രം കണ്ടു ആരെയും വിളിച്ചു അഭിനയിപ്പിക്കില്ലല്ലോ?

ഇനി "അഹങ്കാരി" എന്നാ ചീത്തപ്പെരോഴിവാക്കാന്‍ ഒരു പ്രൊഫഷണല്‍ എന്ന നിലയില്‍ കേരളത്തില്‍ മാത്രം പ്രത്യേകം വേണ്ട വിനയാഭിനയം. ഒരു കണക്കിന് നോക്കിയാല്‍ "അഹങ്കാരവും" "ആത്മവിശ്വാസവും" തമ്മിലുള്ള അതിര്‍ വരമ്പ് വളരെ നേരിയതാണ്. അതല്ലാതെ കണ്ടു ചേട്ടാ, ചേച്ചി, മച്ചമ്പി, എന്നൊക്കെ വിളിച്ചു മണിയടിച്ചു സോപ്പ് പതപിച്ചു നിന്ന് കൊണ്ടുള്ള പി ആര്‍ സ്കില്‍സ് വളര്‍ത്തി എടുക്കാന്‍ അദ്ധേഹം പരിശ്രമിക്കേണ്ടി വരും.. ഒന്നുകില്‍ ദിലീപിന് ശിഷ്യപ്പെടാം, അല്ലെങ്കില്‍ വാ മൂടി മിണ്ടാതിരിക്കേണ്ടി വരും.

കാഫലമുള്ള മരത്തിനെ കല്ലെറിയൂ എന്നൊക്കെ നമുക്ക് തല്‍കാലം പറഞ്ഞൊഴിയാം. പക്ഷെ നിരുപദ്രവം എന്ന് തോന്നിക്കുന്ന തമാശകള്‍ ഒരു കഴിവുള്ള ചെറുപ്പക്കാരന്റെ കരിയറിനെ ബാധിക്കുന്ന രീതിയില്‍ അതിക്രമിച്ചു പോകുന്നത് കണ്ടില്ല എന്ന് നടിക്കരുത്. ഒരു നേരമ്പോക്ക് എന്നാ നിലയിലാണ്  പ്രിഥ്വിരാജ്  തമാശകളെ കണ്ടിരുന്നത്‌. ഇതിത്ര കൊടിയ വിഷമാവും എന്ന് ഒരിക്കലും നിനച്ചിരുന്നതല്ല. ഏതായാലും ഇത്രയുമൊക്കെ ആയ സ്ഥിതിക്ക് ഞാന്‍ ആയിട്ട് ഇനി ഒരു  പ്രിഥ്വിരാജ്  തമാശകളും ഫോര്‍വേഡ് ചെയ്യില്ല. പോസ്റ്റും ചെയ്യില്ല....

കൂട്ടിചേര്‍ത്തത്: ഈയ്യിടെ സി സി എല്‍ എന്ന തമാശക്കളിക്കിടയില്‍, മലയാളത്തിലെ പല പ്രിയതാരങ്ങളും തങ്ങളുടെ അടുത്തും ഇംഗ്ലീഷില്‍ ചോദ്യവുമായി വന്ന പെണ്‍കുട്ടിയെ കണ്ടപാടെ ചെകുത്താന്‍ കുരിശിനെ കണ്ട രീതിയില്‍ വിരണ്ടത് കാണാതിരുന്നില്ല..  അല്ല മലയാളത്തില്‍ അഭിനയിക്കാന്‍ സായിപ്പിന്റെ ഭാഷയില്‍ പ്രാവീണ്യം വേണം എന്നുള്ള അഭിപ്രായം കൊണ്ട് സൂചിപ്പിച്ചതല്ല. പ്രിഥ്വിരാജിന്റെ ഭാര്യ അത് തുറന്നു പറഞ്ഞപ്പോള്‍ - എന്തായിരുന്നു പുകില് എന്നോര്‍ത്ത് ഇവിടെ കുറിച്ചതാ. 

അഭിപ്രായങ്ങളൊന്നുമില്ല: