തിങ്കളാഴ്‌ച, ജനുവരി 30, 2012

അനുഭവങ്ങളോട് നന്ദി പറയണം

നല്ല കലാസൃഷ്ടികളും സാഹിത്യകൃതികളും ജനിക്കുന്നത് അനുഭവങ്ങളില്‍ നിന്നാണ്... പച്ചയായ ജീവിതാനുഭവങ്ങളില്‍ നിന്ന്... അത് സ്വന്തം അനുഭവങ്ങള്‍ ആവണം എന്നില്ല... താന്‍ തൊട്ടറിയുന്ന, തനിക്കു ചുറ്റുമുള്ള ജീവിതങ്ങളില്‍.. താന്‍ കാണുന്ന കാഴ്ചകളില്‍... മനസ്സില്‍ കയറുന്ന അനുഭവങ്ങള്‍ ആണ് അവരുടെ അസംസ്കൃത വസ്തുക്കള്‍. പ്രതിഭയുടെ മൂശയില്‍ അവര്‍ അത് സ്ഫുടം ചെയ്തെടുക്കുമ്പോള്‍ ഒരു ഉത്തമ സൃഷ്ടി ജനിക്കുന്നു... അത് കഥയായും, കവിതയായും, ചിത്രമായും, ചലച്ചിത്രമായും, അഭിനയമായും.. അവര്‍ സമൂഹത്തിനു നല്‍കുന്നു..  ഇത് പറഞ്ഞു വരുന്നത്, നമ്മുടെ ഒക്കെ അഭിമാനമായിരുന്ന, ആരാധനാമൂര്‍ത്തികള്‍ ആയിരുന്ന  ഇന്നലെകളിലെ പല പ്രതിഭകളും പച്ചയായ അനുഭവങ്ങള്‍ അകന്നു പോയ അവരുടെ സമകാലിക ജീവിതത്തില്‍, അപഹാസ്യരായിക്കൊണ്ടിരിക്കുന്ന കാഴ്ച കാണേണ്ടി വരുന്നു എന്ന എന്റെ അഭിപ്രായം  കുറിച്ച് വെക്കാനാണ്.

അവര്‍ ജീവിച്ചു കൊണ്ടിരുന്ന ഭൂതകാലത്തില്‍...  ജീവിതങ്ങളെ കണ്ടറിഞ്ഞു കൊണ്ടിരുന്ന സമയത്ത് അവരുടെ ആവിഷ്കാരങ്ങളില്‍ ജീവന്‍ തുടിച്ചിരുന്നു..  ഒരു പക്ഷെ അവര്‍ നേടിയെടുത്ത വിജയങ്ങളായിരിക്കും അവരെ ജീവിത യാഥാര്‍ത്യങ്ങളില്‍ നിന്നും അടര്‍ത്തി എടുത്തത്‌. അവരില്‍ പലരെയും കുമിളകളില്‍, ചെറു തുരുത്തുകളില്‍, അടച്ചിട്ട മുറികളില്‍.. ഒതുക്കിയിട്ടു.. പിന്നെ പുറത്തുവരുന്ന അല്ലെങ്കില്‍ അവരില്‍ നിന്നും പുറത്തു വരുത്തുന്ന സൃഷ്ടികളില്‍ അനുഭവങ്ങളുടെ ചൂടും ചൂരും കണ്ടെത്താന്‍ നമുക്കാവുന്നില്ല...  ഇന്നലെകളില്‍ നമ്മെ സ്പര്‍ശിച്ചു ഉണര്‍ത്തിയ പല പ്രതിഭകളുടെയും സമീപകാല സൃഷ്ടികള്‍ വായിക്കുമ്പോള്‍ മനസ്സില്‍ തൊടുന്ന ആ ഒരു അനുഭവം ഇപ്പോള്‍ ഉണ്ടാവുന്നുണ്ടോ?. ക്രാഫ്റ്റ് , ജന്മസിദ്ധമായ ഭാഷ ഇവയൊന്നും നഷ്ടപ്പെടുന്നില്ലെങ്കിലും ആ ഒരു സ്പര്‍ശം ആ അളവില്‍ നമുക്ക് അനുഭവിക്കാന്‍ ആവുന്നില്ല എന്നാണു എന്റെ തോന്നല്‍.

അവര്‍ ഇടപഴകുന്ന ലാവണങ്ങളില്‍ നിന്നും ജീവിതങ്ങള്‍ അകന്നു പോയിരിക്കുന്നു. അനുഭവങ്ങള്‍ കൂടോഴിഞ്ഞിരിക്കുന്നു. ഒരിക്കല്‍ സുഗന്ധവാഹികളായിരുന്ന ആ പൂന്തോട്ടങ്ങളില്‍ ഇപ്പോള്‍ വിരിയുന്നത് കടലാസ്സു പൂക്കള്‍ മാത്രം... ഇടക്കൊക്കെ മണവും ഗുണവുമില്ലാത്ത ഓര്‍ക്കിഡുകളും

വെള്ളിയാഴ്‌ച, ജനുവരി 27, 2012

ഈ കാസ നോവും ... നല്ല പോലെ നോവും

കാസനോവയുടെ വെള്ളികാസയില്‍ നിന്നും പ്രണയത്തിന്റെ മുന്തിരിച്ചാര്‍ നുണയാന്‍ ഓടിയെത്തുമ്പോള്‍, നല്ല കട്ടി വെള്ളി കൊണ്ടുള്ള കാസയെടുത്തു നെറുകില്‍ തന്നെ ഊക്കന്‍ ഒരേറു വെച്ച് കിട്ടിയാല്‍ എങ്ങിനെ ഉണ്ടാവും.. അതന്നെ നൊന്തു... നല്ലപോലെ നൊന്തു.

"ആറ്റിലേക്കച്ചുതാ ചാടല്ലേ ചാടല്ലേ..." എന്ന് സാമാന്യ ബുദ്ധി പലവട്ടം പറഞ്ഞതാ. ഒന്നും നോക്കാതെ എടുത്തുചാടി. ഉറുപ്പിക ഇരുനൂറ്റമ്പത് മള്‍ട്ടിപ്ലെക്സിന്റെ നടക്കല്‍ വെച്ച് കൈകൂപ്പി തൊഴുതു എടുത്തു ചാടി. മുഖ്യ പരികര്‍മികളുടെ സ്ഥാനത് സിനിമേടെ തച്ചു പണി തരക്കേടില്ലാതെ ചെയ്യാന്‍ അറിയുന്നവര്‍ എന്ന് കരുതിയിരുന്ന (ഓരോരോ തെറ്റിധാരണകളേ) രണ്ടു പിള്ളാരുടെ പേരുണ്ടായിരുന്നു. പിന്നെ ഉള്ളില്‍ എവിടെയോ പതുങ്ങിയിരുന്ന, ആസന്നമരണം കാത്തു, കൊമാറ്റൊസ്സില്‍ കിടക്കുന്ന മോഹന്‍ലാല്‍ എന്ന നടനോടുള്ള പഴകിയ ഒരു ആരാധനയുടെ തിരുശേഷിപ്പും. ഇന്നലെ ആദ്യ ഷോവിനു ടിക്കറ്റ്‌ കിട്ടാതെ ദൈവത്തിന്റെ ഭാഗത്ത്‌ നിന്ന് നല്ലൊരു ഒരു സഹായം ഉണ്ടായതാ. അത് കൊണ്ട് തന്നെ ഇത് വരെ എഴുതപെട്ട റിവ്യൂകള്‍ ചിലത് (കൂട്ടത്തില്‍ പലപ്പോഴും അഭിപ്രായ ഐക്യം തോന്നിയിരുന്ന അന്നമ്മക്കുട്ടിയുടെത് അടക്കം) വായിച്ചു നോക്കാനും സാവകാശം കിട്ടി... പക്ഷെ എന്ത് പറയാനാ.. വരാനുള്ളത് വഴിയില്‍ തങ്ങില്ലല്ലോ. ഇന്നലെ ബുക്ക്‌ ചെയ്ത ടിക്കറ്റ്‌ ക്യാന്‍സല്‍ ചെയ്യാനുള്ള മടിയാണോ, വേറെ പ്രത്യേകിച്ച് വാരാന്ത്യത്തില്‍ ഒന്നും ചെയ്യാന്‍ ഇല്ലാത്തത് കൊണ്ടോ, അതോ ഓണ്‍ലൈനില്‍ കിട്ടാത്തത് കൊണ്ട് നട്ടുച്ചയ്ക്ക് തന്നെ റിപ്പബ്ലിക് ദിനത്തില്‍ ഉച്ചയുറക്കം ഉപേക്ഷിച്ചു കാറോടിച്ചു പോയി ടിക്കറ്റ്‌ വാങ്ങി വന്ന സ്നേഹിതനോടുള്ള സഹതാപമോ.. ഏതായാലും ഒരുങ്ങികെട്ടി ഇറങ്ങിയപ്പോള്‍ ഇത്രയും പ്രതീക്ഷിച്ചില്ല..

സിനിമ വരും മുമ്പേ തന്നെ പലരും പരിഹാസത്തോടെ ചോദിച്ചു കേട്ടത് ഒരു ചോദ്യമാണ്. ചീര്‍ത്ത കവിളുകളും, ഉന്തിയ കുടവയറും, പ്രായം മറച്ചു വെക്കാത്ത താഴ്ന്നു തൂങ്ങുന്ന കണ്‍പോളകളും, ചുളിവു മറയ്ക്കാത്ത താടിയും, ആയി പൊരിവെയിലിലും കൊട്ടും സൂട്ടുമിട്ട് മഫ്ലറും കഴുത്തില്‍ ചുറ്റി നടക്കുന്ന കിഴവന് ചുറ്റും ഏതു തരുണീമണികള്‍ ആണ് വെട്ടുകിളികളെ പോലെ ആര്‍ത്തു വന്നു പൊതിയുക എന്ന്. പക്ഷെ അനുഭവം മറിച്ചാണ്,  ഇതിനേക്കാള്‍ പ്രായമുള്ള, നരച്ച താടിയും, ചീര്‍ത്ത കവിളും, കഴുത്തില്‍ സ്വര്‍ണ ചങ്ങലയുമിട്ടു,  നടക്കുന്ന ഒരു കുടവയറന്‍ കുള്ളനു ചുറ്റും ഇന്ത്യയിലെ എണ്ണം പറഞ്ഞ "സൌന്ദര്യധാമങ്ങള്‍" ചക്കരയില്‍ ഈച്ച പോലെ വരിഞ്ഞു പൊതിയുന്നത് ഈ രണ്ടു കണ്ണുകള്‍ കൊണ്ട് ഞാന്‍ കണ്ടിട്ടുണ്ട്. അത്കൊണ്ട് എല്ലാവരും പറയുന്ന പോലെ അതില്‍ മാത്രം, വലിയ ഒരു അസ്വാഭാവികത ഒന്നും തോന്നിയില്ല. പലപ്പോഴും കണ്ടിട്ടുള്ളത് പറയുക ആണെങ്കില്‍, ഏറ്റവും സെക്സ് അപ്പീല്‍ ഉള്ളത് സിക്സ് പാക്കിനോ, ഏഴു പാക്കിനോ, "ഒടുക്കത്തെ ഗ്ലാമറിനോ", സൈസ് സീറോവിനോ അല്ല. മല്ലയ്യയും അംബാനിയും ഒക്കെ കൈയിലിട്ടു അമ്മാനമാടുന്ന ഗാന്ധിത്തല വരച്ചു റിസര്‍വ് ബാങ്ക് കമ്മട്ടത്തില്‍ അടിച്ചു വിടുന്ന പെടപെടക്കണ ചുവന്ന കടലാസ്സു കേട്ടുകള്‍ക്കാണ്. അതുപോലെ തന്നെ "പൊസിഷന്‍ പവര്‍" (അധികാരത്തിന്റെ ശക്തി) എന്ന് പറയുന്ന സാധനത്തിനും... അവിടെ പ്രായവും, ബാഹ്യരൂപവും ഒന്നും ഒരു വിഷയമേ അല്ല.. അതിന്റെ ഒരു സെക്സ് അപ്പീലിന് മുന്‍പില്‍ മുട്ടിലിഴയാനും വാലിട്ടടിക്കാനും മുതിരാത്ത അധികം തരുണീരത്നങ്ങളും പുരുഷകേസരികളും ഉണ്ട് എന്ന് എനിക്ക് തോന്നിയിട്ടില്ല.(അത് നല്ലതാണോ അല്ലെങ്കില്‍ ആശാസ്യമായ കാര്യമാണോ എന്ന വിധിയൊന്നും പ്രസ്ഥാവിക്കല്‍ അല്ല എന്റെ ഉദ്ദേശം. നിര്‍ഭാഗ്യവശാല്‍ അങ്ങിനെ ഒരു അവസ്ഥ സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട് എന്ന് പറഞ്ഞു വെക്കുന്നു എന്ന് മാത്രം). അത് കൊണ്ട് ആ ഒരു മുന്‍വിധിയോടെ അല്ല ഞാന്‍ സിനിമ കാണാന്‍ ഇരുന്നത്. ഇതിന്റെ തന്നെ മറ്റൊരു വേര്‍ഷന്‍ അല്ലേ റെഡ് ചില്ലീസ് എന്നാ ഷാജി കൈലാസ് പടത്തില്‍ അദ്ദേഹം വേഷമിട്ട ഓ എം ആര്‍ എന്ന കാസനോവ?. പക്ഷെ ഈ കാസനോവയുടെ പ്രായത്തെക്കാളും ബാഹ്യരൂപത്തെക്കാളും കാതലായ പ്രശ്നം ഭാവനാശൂന്യവും സാമാന്യബുദ്ധിക്കു നിരക്കാത്തതുമായ പാത്രസൃഷ്ടിയാണ്. വാലും മൂടും ഇല്ലാത്ത ആ കഥാപാത്രം അടിതൊട്ടു മുടി വരെ ലോജിക്കില്ലാത്ത ഒരു വിചിത്ര സൃഷ്ടിയാണ്.. അതവിടെ നിക്കട്ടെ...

ഇനി പടം ഓടിക്കൊണ്ടിരുന്ന മൂന്നോളം മണിക്കൂര്‍...  അതൊന്നു കഴിച്ചു കൂട്ടണമെങ്കില്‍ ക്ഷമ കുറച്ചൊന്നുമല്ല വേണ്ടത്..ടൈറ്റില്‍ കാര്‍ഡ് തെളിഞ്ഞപ്പോള്‍ തന്നെ ആടിക്കുഴഞ്ഞ  നായകന്‍റെ കൃഷ്ണവേഷം വരാനിരിക്കുന്ന വിപത്തിനെക്കുറിച്ച് വ്യക്തമായ സൂചന നല്‍കി. ഈ പരിപാടിയും കൊണ്ട് ഏതറ്റം വരെ പോകും എന്ന് കാണട്ടെ, എന്നൊരോറ്റ ലാക്കും വെച്ച് കുറച്ചാളുകള്‍ മുഴുവന്‍ കണ്ടിരുന്നെക്കാം എന്നൊരു പ്രതീക്ഷയില്‍ ആണ് എന്ന് തോന്നും സംവിധായകനും തിരക്കഥാകൃത്തുക്കളും ഈ സാഹസത്തിനു മുതിര്‍ന്നത്. ഇറ്റാലിയന്‍ ജോബും ഇന്സൈടരും ഒക്കെ കണ്ടു,  ഹൈടെക് മോഷണം (high-tech heist) എന്ന ഒരൈറ്റം അങ്ങോട്ട്‌ തട്ടിക്കൂട്ടി അവതരിപ്പിച്ചാല്‍  സംഗതി, ഒരു പുതുമയായി , തികച്ചും ഇന്റര്‍നാഷണല്‍ ലെവലില്‍ ആയി എന്നൊക്കെയുള്ള ഒരു ധാരണ നമ്മുടെ സാറന്മാര്‍ക്ക്‌ ഉണ്ട് എന്ന് തോന്നുന്നു. കുറച്ചു സര്‍ക്കസ് അഭ്യാസം ഒഴിച്ചുകൂട്ടിയാല്‍ ഈ പമ്പര വിഡ്ഢികളുടെ മോഷണ പരിപാടികളില്‍ ഹൈടെക്ക് ആയി ഒരു കുന്തവും ഇല്ല. പമ്പര വിഡ്ഢികള്‍ എന്നത് കൊണ്ട് ഉദ്ദേശിച്ചത്, സംവിധായകനും രചയിതാക്കളും, സാമാന്യ ബുദ്ധി പോലും ഇല്ലാത്ത മട്ടിലാണ് ഈ കഥാപാത്രങ്ങളെ സൃഷ്ടിച്ചിരിക്കുന്നത്. കല്യാണ പാര്‍ട്ടിയുടെ കൂടെ കനത്ത സെക്യൂരിറ്റി ഉണ്ടെന്നു പറയപ്പെടുന്ന ഒരു ഹോട്ടലില്‍ കയറി പറ്റാനും അവിടെ കറങ്ങി കടക്കാനും കാണിച്ചു കൂട്ടുന്ന വിക്രിയകള്‍, പിന്നെ "ഗള്‍ഫിലെ കന്യാസ്ത്രീ മഠത്തില്‍" (കണ്ണാടി വിശ്വനാഥന്റെ സി ഐ ഡി മൂസ കഥകളിലെ ഡല്‍ഹി കടപ്പുറം പോലെ - ഇതിലും വലിയ തമാശ വേറെ വേണോ) കയറി പകല്‍ വെട്ടത്തില്‍ അവര്‍ തലകുത്തി മറിഞ്ഞു നടത്തുന്ന, ഇന്റര്‍നാഷണല്‍ തെഫ്റ്റ്‌ ട്രെയിനിംഗ് അകടെമിയുടെ പൊതു നിരത്തിലും നഗര മദ്ധ്യത്തിലും ഉള്ള ട്രെയിനിംഗ് പരിപാടികള്‍,  തങ്ങളെ പോലിസ് തിരിച്ചറിഞ്ഞു കഴിഞ്ഞും ഒരു ഒളിവും കൂടാതെ ഊര് ചുറ്റി സ്വൈരവിഹാരം (അതും സാദാപോലീസല്ല ഇന്റെര്പോള്... ഇന്റെര്പോള് ...)  ഇതൊക്കെ കാണിക്കുന്ന തസ്കരന്മാര്‍ മണ്ടന്മാരായിരിക്കാം, അവരെ സൃഷ്ടിക്കുന്ന തിരക്കഥാകൃത്തുക്കളും, സംവിധായകനും  മണ്ടന്മാരായിര്‍ക്കാം, അത് പിടിക്കാന്‍ കാശ് മുടക്കുന്ന നിര്‍മാതാവും മണ്ടനാവാം... പക്ഷെ കാണുന്ന പ്രേക്ഷകര്‍ എല്ലാം അങ്ങിനെ ആവണം എന്ന് നിശ്ചയിക്കരുത് (ഈ വരികള്‍ക്ക് സന്തോഷ്‌ പണ്ടിട്ടിനോട് നന്ദി).

ഫാസ്റ്റ് കാറുകള്‍,  വിദേശ കാഴ്ചകള്‍, ആധുനിക വസ്ത്രധാരികള്‍ ആയ നടീനടന്മാര്‍, തോക്കും, ഹെലികോപ്പ്ടറും കിടുമണ്ടിയും.... ഇടയ്ക്കു പുട്ടിനു പീര പോലെ ഇന്റര്‍പോള്‍ എന്നൊക്കെയുള്ള പേച്ച്, കൂട്ടത്തില്‍ ഓഷോ ലാലിന്റെ പ്രണയത്തെ പറ്റിയുള്ള പൈങ്കിളി ഫിലോസഫിയും..... അത്രയും ആയാല്‍ പോരെ... പിന്നെ "കഥ" എന്ന സാധനത്തിന്റെ എന്താവശ്യം അല്ലേ? "ട്രീറ്റ്മെന്റ്" ആണ് എല്ലാം എന്ന സ്കൂളില്‍ തന്നെയാണ് റോഷന്‍ സാറിന്റെ പഠിപ്പും പ്രാക്ടീസും എന്ന് ഉദയനാണ് താരത്തിന്റെ തുടക്കത്തില്‍ മോഹന്‍ലാലിനെ കൊണ്ട് ഫോട്ടം വെച്ച് പൂജിപ്പിച്ച ചില പദ്മശ്രീ മോന്തകള്‍ കണ്ടപ്പോള്‍ തന്നെ തോന്നിയിരുന്നു. എന്നാല്‍ ഈ സിനിമയില്‍ ആ ട്രീറ്റ്‌മെന്റില്‍ പോലും പറയത്തക്ക ഒരു പുതുമയോ, ആകര്‍ഷണീയതയോ, അഴകോ ഇല്ലാ എന്നത്  ഈ തലമുറയ്ക്ക് നന്നായി മനസ്സിലാകും. കുറച്ചു ദുബൈയുടെ കാഴ്ചയില്‍ തിളങ്ങുന്ന ധാരാളിത്തം, അത്ര മാത്രം.. പിന്നെ കൊട്ടിഘോഷിക്കുന്ന സാങ്കേതിക മികവ്.. അതില്‍പോലും ഇവരൊക്കെ മുടക്കി എന്നവകാശപ്പെടുന്ന കോടികള്‍ക്കും, നാലഞ്ചു വര്‍ഷത്തെ അദ്ധ്വാനത്തിനും വേണ്ട അളവിലുള്ള ഒരു കുതിച്ചു ചാട്ടം ഒന്നും പ്രേക്ഷകര്‍ക്ക്‌ കാണാന്‍ കഴിയുന്നില്ല.. ഇതിലും എത്രയോ മടങ്ങ്‌ സാങ്കേതിക മികവ് ഷാജി കൈലാസ്, വി കെ പ്രകാശ് എന്നിവരുടെ ഒട്ടു മിക്ക ചിത്രങ്ങള്‍ക്ക് ഉണ്ട്. ത്രസിപ്പിക്കുന്ന സംഘട്ടന രംഗങ്ങള്‍ എന്നൊക്കെ പറഞ്ഞു കാട്ടിക്കൂട്ടുന്ന കോപ്രായങ്ങള്‍. പഴയ കുറെ ജാക്കി ചാന്‍ പടങ്ങളും കണ്ടു നമ്മുടെ മച്ചാന്മാര്‍ക്കും ഇതൊക്കെ പറ്റും എന്നങ്ങു തീരുമാനിച്ചു എന്ന മട്ടിലാണ് ചെയ്തിരിക്കുന്നത്. പഴയ ത്യാഗരാജന്‍ മാസ്റെരുടെ അഭ്യാസികള്‍ ചെയ്യുന്ന കാര്‍ട്ട് വീലും കുത്തിമറയലും തന്നെ. ശ്രീമാന്‍ കാസനോവ ഒരു ഇന്റര്‍നാഷണല്‍ ബിസ്സിനെസ്സ് മാഗ്നെറ്റ് ആണ് എന്നല്ലേ വെപ്പ്.. പക്ഷെ അയാള്‍ക്ക്‌ വേണ്ടി വസ്ത്രങ്ങള്‍ തിരഞ്ഞെടുത്ത മഹാരഥന്‍ ആരായാലും സമയം കിട്ടുകയാണെങ്കില്‍ ഒന്ന് രണ്ടു ഇന്റര്‍നാഷണല്‍ ഫാഷന്‍ മാഗസിനുകള്‍ തുറന്നു നോക്കുന്നത് നല്ലതാണ്. ഇത്തരം ചീപ്പ്‌ ആയ ഫാന്‍സി സൂട്ടുകള്‍ എവിടുന്നു സംഘടിപ്പിച്ചുവോ ആവോ?

ഇനി പെര്‍ഫോര്‍മന്‍സ്... മോഹന്‍ലാലിന്റെ ചേരാത്ത വേഷത്തില്‍ കയറി അനുഭവിക്കുന്ന വീര്‍പ്പുമുട്ടല്‍ ആദ്യ ഫ്രെയിം മുതല്‍ തന്നെ കാണാന്‍ സാധിക്കുന്നുണ്ട്. അത് ശരീര ഭാഷയിലും ഭാവങ്ങളിലും വ്യക്തം. കൂടാതെ ഒരു കാര്യം ഞാന്‍ ശ്രദ്ധിച്ചു, ഇക്കഴിഞ്ഞ ഏഷ്യാനെറ്റിന്റെ അവാര്‍ഡ് നിശയില്‍ ഉടനീളം അദ്ധേഹത്തിന്റെ മുഖത്ത് കളിയാടിയിരുന്ന ബ്ലാങ്ക് ആയ ഒരു ഭാവം... അത് തന്നെയാണ് ഈ സിനിമയിലും പലപ്പോഴും ആ മുഖത്ത് ദൃശ്യമായിരുന്നത്. ഉറക്കത്തില്‍ നടക്കുന്ന പോലുള്ള ഒരു തോന്നല്‍ ഉണ്ടാകുന്നു പലപ്പോഴും. വല്ലാത്ത വിഷമം തോന്നി... ഒരു മഹാനടന്റെ അധ:പതനം പൂര്‍ണമാക്കുന്ന വേദനിപ്പിക്കുന്ന ആ കാഴ്ച.

അതുപോലെ അഭിനയം എന്നതിന് "ഫാഷന്‍ പരേഡ്" എന്ന് ഒരു അര്‍ഥം ഉണ്ടെങ്കില്‍, നായികമാരെ റാമ്പ് മോഡല്കളായി  കണക്കാക്കാമായിരുന്നു... പക്ഷെ അപ്പോഴും അതിനും കൊള്ളാത്ത റോമയെ എവിടെ കൊള്ളിക്കും. കൂട്ടത്തില്‍ സഞ്ജന എന്ന് പറഞ്ഞ ആ കന്നഡ നടിയുടെ റോള്‍ എന്താണ് എന്ന് എനിക്ക് ഇതു വരെ പിടി കിട്ടിയിട്ടില്ല. ചേരാത്തത് ചേര്‍ത്ത് വെക്കുന്നത്തിലെ രസക്കേട് ശ്രീയാ സരനും മോഹന്‍ലാലും തമ്മിലുള്ള രംഗങ്ങളില്‍ വ്യക്തം. പിന്നെയുള്ള അഭിനേതാക്കള്‍ .. എല്ലാം അത്പോലെ തന്നെ, ലാലു അലെക്സ് ലാലു അലെക്സായും ശങ്കര്‍, ശങ്കര്‍ ആയും നില്‍ക്കുന്നു... കൂട്ടത്തില്‍ ഒന്ന് കൂടി പറയട്ടെ, റിയാസ് ഖാന്‍ എന്ന് പറയുന്ന വ്യക്തി ദയവു ചെയ്തു അഭിനയിക്കാന്‍ ശ്രമിക്കരുത്.. അദ്ദേഹം മസില്‍ വിറപ്പിച്ചു വില്ലന്റെ പിറകില്‍ നിന്നോട്ടെ... ഒരു അപേക്ഷ ആണ്. ആദ്യമായി മുഖം കാണിക്കുന്ന നാല് കള്ളന്മാരെ പാറ്റി ഒന്നും പറയുന്നില്ല... എന്തും വലിച്ചു വാരി അഭിനയിച്ചു (അവയില്‍ മിക്കതും നന്നാക്കുന്ന) ജഗതിയെ പറ്റിയും...

ഈ സിനിമ പ്രതിനിധാനം ചെയ്യുന്ന പ്രതിലോമ രാഷ്ട്രീയത്തെ പറ്റിയോ , അല്ലെങ്കില്‍ അതിലെ സ്ത്രീ വിരുദ്ധതയെ പറ്റിയോ , അധികം ഒന്നും ഇവിടെ പ്രതിപാദിക്കാന്‍ ഉദ്ദേശം ഇല്ല. അത് തുടക്കം മുതല്‍ ഒടുക്കം വരെ നാറി പുളിച്ചു കിടക്കുന്നുണ്ട് എന്ന്  ഒറ്റ വാചകത്തില്‍ ഒതുക്കുന്നു . അതിനെ വായിച്ചും അതിവായിച്ചും പ്രൊഫഷണല്‍ റിവ്യൂകാരന്മാര്‍ കൊന്നു കൊലവിളിച്ചു കൊള്ളും. പക്ഷെ അങ്ങിനെ പറയുമ്പോള്‍ തന്നെ കുടുംബസമേതം സിനിമ കാണുന്നവര്‍ക്ക് അസ്വസ്ഥത ഉണ്ടാക്കുന്ന വിധത്തിലുള്ള ദ്വയാര്‍ത്ഥ സംഭാഷണങ്ങളെ പറ്റി പരാമര്‍ശിക്കാതെ വയ്യ. സഭ്യതയുടെ എല്ലാ അതിര്‍ത്തിയും തകര്‍ത്തു കത്തി കയറുകയാണ്, പല സന്ദര്‍ഭങ്ങളിലും സംഭാഷണങ്ങള്‍.

ഈയ്യിടെയായി കാണുന്ന ആ പ്രവണത. അത് സിനിമയിലായാലും സ്റ്റേജ് / ടി വി ഷോകള്‍ക്കായാലും, തരം താണ രീതിയിലുള്ള ആ സംഭാഷണങ്ങളും പരാമര്‍ശങ്ങളും... പൊതുജനം കുടുംബസമേതം കാണുന്ന മാധ്യമങ്ങള്‍ അത് ഒഴിവാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. നമ്മള്‍ ഒട്ടൊക്കെ സാമൂഹ്യ പ്രതിബദ്ധത ഉണ്ട് എന്ന് കരുതിയ ബോബി സഞ്ജയ്‌ എന്ന എഴുതുക്കാരില്‍ നിന്ന് ഉണ്ടാവുമ്പോള്‍.. കൂടുതല്‍ അപകടകരമായി തോന്നുന്നു. ക്രിസ്ത്യന്‍ ബ്രെതെര്സ്, ചൈന ടൌണ്‍, പോക്കിരിരാജ എന്നീ ഉന്നത കലാസൃഷ്ടികളെ വന്‍ വിജയമാക്കിയ "പ്രബുദ്ധ കേരളം" ഒരു പക്ഷെ കാസനോവയേയും വിജയിപ്പിക്കും എന്ന് വേണമെങ്കില്‍ നിര്‍മാതാക്കള്‍ക്ക് വേണമെങ്കില്‍ ആശിക്കാം... അല്ല വ്യാമോഹിക്കാം. അത്ര മാത്രം

ഒടുവില്‍ ഒരു വാക്ക്... ഒരു നല്ല സിനിമ നിര്‍മിക്കാന്‍ ഒരു നല്ല കഥ വേണം എന്ന സത്യത്തിനു അടിവരയിട്ടു  റോഷന്‍ ആണ്ട്രൂസും, ശ്രീനിവാസനും  ചേര്‍ന്ന് മുമ്പൊരിക്കല്‍ പുറത്തിറക്കിയ സിനിമയാണ് ഉദയാനാണ്‌ താരം.  അത് സമയം കിട്ടുമ്പോള്‍ രണ്ടു പേരും ചേര്‍ന്നിരുന്നു ഒരിക്കല്‍ കൂടി വിശദമായി കണ്ടാല്‍ നന്നായിരിക്കും... പ്രത്യേകിച്ച് ഈ കാസനോവയും സരോജ് കുമാറുമൊക്കെ പടച്ചു വിട്ട ഈ അവസരത്തില്‍ . അത്പോലെ തന്നെ അതിലെ പച്ചാളം ഭാസി പറയുന്ന പോലെ "സംവിധാനം എന്നാല്‍ കഴിവുള്ളവര്‍ക്ക് പറഞ്ഞിട്ടുള്ള കാര്യം തന്നെയാണ് " എന്ന് വടിവൊത്ത അക്ഷരത്തില്‍, വീട്ടില്‍, കിടപ്പ് മുറിയില്‍ ഉറക്കം എഴുന്നേറ്റു വരുമ്പോള്‍ വായിക്കാന്‍ തക്ക പാകത്തിന്, ഒന്ന് കുറിച്ചിടുന്നതും നല്ലതാ... . ഇതാ മോന്തായതിലിരുന്നു പല്ലി ചിലച്ചു...

ചൊവ്വാഴ്ച, ജനുവരി 24, 2012

ധനുഷും അജയ് ദേവ്ഗനും

കാഴ്ചക്ക് ഇന്ത്യന്‍ മുഖ്യധാര സിനിമയുടെ  തഴക്കങ്ങളുടെയും സങ്കല്പ്പങ്ങളുടെയും ഭാഗമായ നായകനടന്മാരുടെ രൂപലക്ഷണങ്ങളും സൌകുമാര്യവും എടുപ്പും...ഒന്നും ഇല്ലാത്ത, തങ്ങളുടെ അഭിനയപാടവം ഒന്നുകൊണ്ടു മാത്രം വിജയം കൈവരിച്ച രണ്ടു താരങ്ങള്‍ ആണ് ധനുഷും അജയ് ദേവ്ഗനും. പലരും പല വട്ടം അവരെക്കുറിച്ച് എഴുതിയതാണ്... അത് കൂടാതെ രണ്ടു പേരും മികച്ച അഭിനയത്തിന് ദേശീയ പുരസ്കാരം നേടിയവരാണ്....അത് തന്നെ  അവര്‍ ഇരുവരുടെയും കഴിവുകള്‍ക്ക് ഉള്ള അടിവരയാണ്... ഇതൊക്കെ ആയാലും രണ്ടു വാക്ക് ഇവിടെ കുറിക്കുവാന്‍ ശ്രമിക്കുകയാണ്..

ധനുഷ് എന്ന നടനെകുറിച്ച് ആദ്യം മാസികയിലോ പോസ്ടറിലോ പടം കണ്ടപ്പോള്‍ മനസ്സില്‍ തോന്നിയ വികാരം ഒരു തരത്തിലുള്ള പുച്ഛമാണ്. സുന്ദരന്മാരും സുന്ദരിമാരും പോലും ശ്രദ്ധ പിടിച്ചുപറ്റാന്‍ പെടാപ്പാട് പെടുന്ന ഈ രംഗത്ത്, ശോഷിച്ച, ഒരാള്‍ക്കൂട്ടത്തില്‍ എടുത്തു നില്കാവുന്ന ഒരു പ്രത്യേകതയും തോന്നാത്ത, ഒരു കൊച്ചു ചെറുക്കന്‍... അറിയപ്പെടുന്ന സംവിധായകനായ അച്ഛനും ചേട്ടനും കൂടി തള്ളി വിട്ടു ഒന്ന് രണ്ടു ചിത്രങ്ങള്‍ ചെയ്തു മറയാന്‍ വിധിക്കപ്പെട്ട മറ്റൊരു അവതാരം. പിന്നെ തുള്ളുവതെല്ലാം ഇളമേ, എന്ന ആദ്യ ചിത്രം, അതും ഞാന്‍ കണ്ടിരുന്നില്ല ... അക്കാലത്ത് ചെന്നയിലായിരുന്ന എനിക്ക് ആ സിനിമയുടെ പോസ്റ്ററുകള്‍ കണ്ടപ്പോള്‍  നായികയുടെ മേനി പ്രദര്‍ശനത്തില്‍ രക്ഷ നേടാന്‍ നോക്കുന്ന മറ്റൊരു സിനിമ എന്നാണ് സത്യത്തില്‍ തോന്നിയത്... അത്തരം മുന്‍വിധികള്‍ കൊണ്ട് തിരഞ്ഞെടുത്തു മാത്രം അന്യഭാഷാ സിനിമകള്‍ കാണുന്ന ഞാന്‍ പരിപൂര്‍ണമായും അവഗണിച്ചിരുന്നു ധനുഷിന്റെ സിനിമകള്‍.

ആകസ്മികമായാണ് ശേല്‍വരാഘവന്റെ സെവെന്‍ ജി റൈന്‍ബോ കോളനി എന്ന സിനിമ കാണാനിടയായത് (അതില്‍ ധനുഷ് അഭിനയിച്ചിട്ടില്ല). അത് കണ്ടപ്പോള്‍ തോന്നി ഈ സംവിധായകന്‍ തരക്കേടില്ലല്ലോ എന്ന്. അപ്പോള്‍ തപ്പി പിടിച്ചു അദ്ധേഹത്തിന്റെ രണ്ടു ചിത്രങ്ങള്‍ കൂടി കണ്ടു. കാതല്‍ കൊണ്ടെന്‍, തുള്ളുവതോ ഇളമൈ എന്ന ചിത്രങ്ങള്‍.. അങ്ങിനെയാണ് ഈ നടനെ ഞാന്‍ ആദ്യമായി സ്ക്രീനില്‍ കണ്ടത്.. "ഇവനാള് കൊള്ളാമല്ലോ" എന്നാണു അത് രണ്ടും കണ്ടു കഴിഞ്ഞപ്പോള്‍ മനസ്സില്‍ തോന്നിയത്. ഒരു തുടക്കക്കാരന്റെ പരിമിതികള്‍ക്കിടയിലും എടുത്തു നില്‍ക്കുന്ന സ്ക്രീന്‍ സാന്നിധ്യം... അതിലുപരിയായി തീക്ഷ്ണമായ കണ്ണുകള്‍..... ആ ഒരു അനുഭവത്തിന്റെ ഓര്‍മയാണ് പുതുപെട്ടൈ എന്ന സിനിമ വന്നപ്പോള്‍ ആദ്യമേ പോയിക്കണ്ടത്.... ആ സിനിമയിലെ അദ്ധേഹത്തിന്റെ പ്രകടനം എന്നെ അക്ഷരാര്‍ത്ഥത്തില്‍ അമ്പരപ്പിച്ചു കളഞ്ഞു... മറ്റൊരു നടനും ഈ ഒരു ആകാരവും വെച്ച് അത്തരം ഒരു കഥാപാത്രത്തിന് ധനുഷ് പകര്‍ന്നു നല്‍കിയ അളവിലുള്ള ഒരു കരുത്തു പകരുവാന്‍ ആവില്ല എന്ന് അപ്പോഴേ എനിക്ക് തോന്നി. തികച്ചും അവിശ്വസനീയം എന്ന് വിശേഷിപ്പിക്കേണ്ട മുഹൂര്‍ത്തങ്ങളില്‍, അഭിനയശേഷി ഒന്ന് കൊണ്ട് മാത്രം ഒരു പാട് കണ്‍വിക്ഷനോട് കൂടി (conviction)  പ്രേക്ഷകരെ പിടിച്ചിരുത്തുന്ന രീതിയില്‍ ആണ് ധനുഷ് എന്ന നടന്‍ തന്റെ വ്യക്തിമുദ്ര പതിപിച്ചത്. കണ്ണുകള്‍ കൊണ്ട് ഒരു അഭിനേതാവിനു എന്തൊക്കെ ചെയ്യാം എന്നതിന് ഉത്തമ ഉദാഹരണം ആണ് പുതുപെട്ടയിലെ കൊക്കികുമാര്‍ എന്ന കഥാപാത്രം.. അമിതമായ വയലന്‍സിന്റെ പശ്ചാത്തലത്തില്‍ സൃഷ്‌ടിച്ച ആ സിനിമ അത്ര വലിയ വിജയമായിരുന്നില്ല. (അത് ശേല്‍വരാഘവന്റെ ആദ്യ പരാജയചിത്രവും ആയിരുന്നു എന്ന് തോന്നുന്നു) പക്ഷെ ഞാന്‍ ശരിക്കും ഇഷ്ടപ്പെട്ട ഒരു സിനിമ ആയിരുന്നു അത്. അതോടു കൂടി ഒരു നടന്‍ എന്ന നിലയില്‍ ധനുഷ് എന്റെ മനസ്സില്‍ പ്രതിഷ്ഠ നേടി.

അത് കഴിഞ്ഞു ഞാന്‍ ഒരൊറ്റ പടം മാത്രമേ അദ്ദേഹം അഭിനയിച്ച വകയില്‍ കണ്ടിട്ടുള്ളൂ... ആടുകളം... ദേശീയ പുരസ്കാരം നേടിയ ആ സിനിമ ആ നടനെ പറ്റിയുള്ള എന്റെ മതിപ്പിനെ കൂടുതല്‍ ഊട്ടി ഉറപ്പിച്ചിരിക്കയാണ്...വളരെ ആയാസരഹിതമായാണ് തന്റെ അഭിനയ ശൈലി ആ നടന്‍ പരുവപെടുത്തി എടുത്തിരിക്കുന്നത്... ദേശീയ പുരസ്കാരം നേടാനും ആ വഴി കൂടുതല്‍ ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റാനും ഒരു മികച്ച സിനിമ കൂടിയായ ആടുകളത്തിന് കഴിഞ്ഞു.. പക്ഷെ പിന്നീട് സൈബര്‍ ഉലകം ഏറ്റെടുത്ത "കൊലവെറി" ആണ് അദ്ധേഹത്തിന്റെ പ്രശസ്തി തമിഴിന്റെ നാല് ചുവരുകള്‍ ഭേദിച്ച് ലോകം മുഴുവന്‍ എത്തിച്ചത്.. ആ ഒരു ജനശ്രദ്ധ ഒരു നടന്‍ എന്ന അദ്ധേഹത്തിന്റെ കഴിവിനെ കൂടുതല്‍ വിശാലമായ തലത്തില്‍  ജനങ്ങളുടെ മനസ്സിലെത്തിക്കാന്‍ ഉതകട്ടെ എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.  ഒരു പക്ഷെ ഇത്രയും മികച്ച ഒരു നടന്റെ, ഒരു കലാകാരന്റെ പ്രശസ്തി, വെറും ഒരു പാട്ടിന്റെ ലേബലില്‍ മാത്രം ഒതുങ്ങി പോകാനുള്ളതല്ല.

അജയ് ദേവ്ഗന്‍ - ഫൂല്‍ ഓര്‍ കാന്തേ എന്ന ആദ്യ സിനിമയില്‍ ആകെ ഉണ്ടായിരുന്നത് പാകിസ്ഥാനി സംഗീതത്തില്‍ നിന്ന് നദീം ശ്രാവന്‍ നിര്ധാക്ഷണ്യം ചുരണ്ടി എടുത്ത ഒരു കൂട്ടം ഹിറ്റ്‌ ഗാനങ്ങളാണ്.. പിന്നെ ട്രെയിലരിലും പോസ്റ്ടരിലും രണ്ടു ബൈക്കിലായി കാല്‍ കവച്ചു വെച്ച് നടന്നു വരുന്ന മറ്റൊരു സ്റ്റണ്ട് മാന്‍... മധു രഘുനാഥ് (നമ്മുടെ മധുബാല) എന്ന ഹേമമാലിനിയുടെ അനന്തിരവള്‍ക്ക് ആയിരുന്നു വീരു ടെവഗന്‍ എന്ന സ്റ്റണ്ട് മാന്റെ മകനെക്കാള്‍ അന്ന് പെടിഗ്രി കൊണ്ട് പ്രാധാന്യം.. എങ്ങിനെയോ ആ സിനിമ ഒരു സൂപ്പര്‍ ഹിറ്റായി.. മലയാളത്തില്‍ ഇറങ്ങി അധികം ആരും ഇന്നോര്‍ക്കുക്ക പോലും ചെയ്യാത്ത മമ്മൂട്ടി ഇരട്ട വേഷത്തില്‍ അഭിനയിച്ച മറ്റൊരു സിബി മലയില്‍ മോഷണ ചിത്രമായ പരമ്പരയെ ആസ്പദമാക്കിയാണ് അക്കാലത്തു കോടി കുത്തി വാണിരുന്ന ഇക്ബാല്‍ ദുറാനി എന്ന സൂപ്പര്‍ ഹിറ്റ്‌  തിരക്കഥാകൃത് താന്‍ ആദ്യമായി സംവിധാനം ചെയ്ത ആ ചിത്രം ഒരുക്കിയത്.. (പില്‍ക്കാലത്ത്‌ അദ്ദേഹം മമ്മൂട്ടിയെ ഹിന്ദിക്കാരുടെ ഇടയില്‍ അപഹാസ്യനാക്കിയ ധര്‍ത്തിപുത്ര എന്ന ഒരു ചലച്ചിത്രാഭാസം കൂടി പടച്ചു വിട്ടു എന്നത് ചരിത്രം). ആ ചിത്രത്തിന്റെ വിജയത്തിന് ശേഷം അജയ് ദേവഗന്റെ കണക്കില്‍ വന്നത് പത്തു പതിനഞ്ചു തട്ട് പൊളിപ്പന്‍ പടങ്ങളാണ്.. സഹനശേഷിയുടെ പരിധിക്കു പുറത്തു വരുന്ന രീതിയിലുള്ള സിനിമകള്‍ ആയത് കൊണ്ടാണ് അവ ഓടുന്ന തീയേറ്ററിന്റെ സമീപത്തു കൂടി പോലും ഞാന്‍ പോയില്ല. ഇടയ്ക്കു ഒരബദ്ധം പറ്റിയ പോലെ കണ്ട ഒന്ന് രണ്ടു പടങ്ങള്‍ ഒഴിക (സുഹാഗ് അതില്‍ ഒന്ന് ആണ് എന്ന് തോന്നുന്നു). പക്ഷെ അവയൊന്നു പോലും ആ നടന്റെ സംഘട്ടന രംഗങ്ങളിലെ മെയവഴക്കം പ്രകടിപ്പിക്കുന്നവ അല്ലാതെ അഭിനയതിലുള്ള  കഴിവ് വ്യക്തമാക്കാന്‍ ഉത്തകുന്നവ ആയിരുന്നില്ല.

അതിനു ശേഷം ഒരു മൂന്നു നാല് കൊല്ലങ്ങള്‍ കഴിഞ്ഞാണ് സക്കം എന്ന ചിത്രവും സയീഫ് അലി ഖാന്റെ കൂടെ അഭിനയിച്ച കച്ചേ ധാഗെ എന്ന ചിത്രവും പുറത്തിറങ്ങിയത്. ഒരു പണക്കാരന്റെ ജാരസന്ധതിയായി പിറന്നവന്റെ മനോവ്യഥകള്‍ ഒരു വര്‍ഗീയ കലാപത്തിന്റെ പശ്ചാത്തലത്തില്‍ മഹേഷ്‌ ഭട്ട് അവതരിപ്പിച്ച സക്കം സാമാന്യം ഭേദപ്പെട്ട ഒരു സിനിമ കൂടിയായിരുന്നു (അദ്ദേഹം  - മഹേഷ്‌ ഭട്ട്, ആ കഥാപാത്രത്തില്‍ തന്റെ ആത്മകഥാംശം ചേര്‍ത്തിട്ടുണ്ട് എന്ന് അക്കാലത്ത് അവകാശപ്പെട്ടതായി അക്കൂട്ടത്തില്‍  ഓര്‍ക്കുന്നു).   മണിരത്നത്തിന്റെ അഗ്നിനക്ഷത്രവും ആയി പ്രമേയത്തില്‍ സാമ്യം ഉള്ള കച്ചേ ധാഘെ എന്ന ചിത്രത്തില്‍ (വലിയ പറയത്തക്ക ഗുണമുള്ള ഒരു സിനിമ ആയിരുന്നില്ല അത് എന്നാലും) അജയ് മിന്നുന്ന പ്രകടനം ആണ് കാഴ്ചവെച്ചത് എന്ന് ഒരു ക്ലീഷേ ആണെങ്കില്‍ പോലും നമ്മള്‍ പറയും. വളരെ മിതത്വതോടെ ... തന്മയത്വത്തോടെ.. അമിതാഭിനയം മാത്രം നമ്മള്‍ കണ്ടുവരുന്ന മുഖ്യധാര ഹിന്ദി സിനിമ രംഗത്ത് തന്റെ അഭിനയശേഷി കൊണ്ട് മാത്രം അജയ് ദേവ്ഗന്‍ സ്വന്തമായ ഒരു മേല്‍വിലാസം ആ രണ്ടു ചിത്രങ്ങളോടെ  എഴുതി ചേര്‍ത്തു. അതിനിടക്ക് നല്ല അഭിനേത്രി എന്ന പേരെടുത്ത കാജലിന്റെ ഭര്‍ത്താവും ആയി മാറി.. ധനുഷിനെ പോലെ തന്നെ കണ്ണുകളില്‍ ഒളിച്ചു വെച്ച തീക്ഷ്ണത(intensity) തന്നെയാണ് അജയിന്റെയും മുതല്‍കൂട്ട്.. കെട്ടികാഴ്ചയില്‍ മസില്‍ ഖാന്മാരുടെയും ചോക്ക്ലെറ്റ് കപൂര്മാരുടെയും മുന്നില്‍ അദ്ദേഹം ഒന്നുമായിരിക്കില്ല... പക്ഷെ അഭിനയം എന്ന പേരില്‍ അവര്‍ കാണിക്കുന്ന ഗോഷ്ടികള്‍ക്ക് മുന്നില്‍ അദ്ദേഹം എന്ന അഭിനേതാവ്, അനവധി പടവുകള്‍ മുകളില്‍ ആണ്. താരപദവിയും സാമ്പത്തിക നേട്ടവും മാത്രം ഉന്നം കണ്ടു  അഭിനയിക്കേണ്ടി വരുന്ന മൂന്നാം കിട ചിത്രങ്ങളിലായാലും, തമ്മില്‍ ഭേദപ്പെട്ട ചിത്രങ്ങളായ ഗംഗാജല്‍, തക്ഷക്,  കാക്കി, ഓംകാര, രാജനീതി.... എന്ന സിനിമകള്‍ ആയാലും ശരി, അജയ് ദേവ്ഗന്‍ എന്ന നടന്‍ വളരെ വ്യത്യസ്തനാണ്...

രണ്ടു ദേശീയ പുരസ്കാരങ്ങള്‍ കിട്ടിയിട്ടും ഇനിയും അദ്ധേഹത്തിന്റെ അഭിനയശേഷിയെ ഇതുവരെ പൂര്‍ണമായും പ്രയോജനപ്പെടുതിയിട്ടുള്ള ഒരു സിനിമ പോലും ഇറങ്ങിയിട്ടില്ല എന്നും ഈ സമയത്ത് വളരെ ഖേദത്തോടെ പറയേണ്ടി വരുന്നു. കഴിഞ്ഞ രണ്ടു മൂന്നു വര്‍ഷങ്ങളായി വന്‍വിജയചിത്രങ്ങള്‍ അദ്ദേഹത്തിന്റേതായി ഇറങ്ങിയിരിക്കുന്ന സാഹചര്യത്തില്‍ നല്ല ചിത്രങ്ങള്‍, അല്ലെങ്കില്‍ നല്ല റോളുകള്‍ തിരഞ്ഞെടുക്കാന്‍ സാഹചര്യം ഉളവായിരിക്കുന്ന സമയമാണ് ഇത് ... അത് അദ്ദേഹം മുതലെടുക്കും എന്ന് പ്രതീക്ഷിക്കുന്നു. "രാജു ചാച്ച", "ടൂന്പൂര്‍ ക സൂപ്പര്‍ ഹീറോ" എന്ന ചിത്രങ്ങള്‍ ഒരുക്കിയ അദ്ധേഹത്തിന്റെ സിനിമ സങ്കല്പങ്ങള്‍ വലിയ ആശക്ക്‌ വഴി തെളിയിക്കുന്നില്ല എങ്കിലും.

ചൊവ്വാഴ്ച, ജനുവരി 17, 2012

ലാലേട്ടന്റെ ലാലൂസിനെഷന്‍

ഹരിഹര്‍ നഗറിന്റെ രണ്ടാം ഭാഗത്തില്‍ മുകേഷ് അവതരിപ്പിക്കുന്ന മഹാദേവന്‍ എന്നാ കഥാപാത്രം തന്റെ കൂട്ടുകാരോട് ചോദിക്കുന്ന ഒരു ചോദ്യം ഉണ്ട് ... "മുകളിലേക്ക് കയറി പോയാല്‍ ഒരിക്കലും താഴേക്കു വരാത്തത് എന്താണ്?" എന്ന്.  അതിന്റെ ഉത്തരവും മഹാദേവന്‍ തന്നെ പറയുന്നുണ്ട്. അത് നമ്മളെ പോലെ മോഹന്‍ലാലും കേട്ടിരിക്കും അത്.  ഒരുപക്ഷെ ഇനിയും അത്  അപ്പുക്കുട്ടനെ പോലെ, അദ്ദേഹത്തിനു  മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല എന്നാണു ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന കാര്യങ്ങള്‍ കാണുമ്പോള്‍ എനിക്ക് തോന്നുന്നത്.

ഇതാ, വീണ്ടും ഭരതവും അബ്ദുള്ളയും പോലെ സംഗീത പശ്ചാത്തലത്തില്‍ ഒരു സിബി മലയില്‍ ചിത്രം കൂടി ഒരുങ്ങുന്നു എന്ന വാര്‍ത്ത ഞാന്‍ മാധ്യമങ്ങളില്‍ നിന്നറിഞ്ഞത് കൊണ്ടാണ് ഈ കുറിപ്പിടുന്നത്. അതില്‍ നിന്ന് കുറെകാലമായി താന്‍ ജീവിക്കുന്ന അല്ലെങ്കില്‍ ജീവിക്കാന്‍ ശ്രമിക്കുന്ന പഴയകാലത്തിന്റെ തടവ്‌മുറിയില്‍ നിന്നും അടുത്തൊന്നും പുറത്തിറങ്ങാനുള്ള പ്ലാന്‍ അദ്ദേഹത്തിനില്ല എന്ന് ഏറെക്കുറെ വ്യക്തമായിരിക്കയാണ്. പഴയ തന്റെ ഹിറ്റുകളില്‍ പരതി നോക്കി അവയില്‍ ഏതിനെ ഒക്കെ എങ്ങിനെ ഒക്കെ "റീസൈക്കിള്‍" ചെയ്തെടുക്കാം എന്നുള്ള യത്നത്തില്‍, അതേ സംവിധായകര്‍, അതേ കൂട്ടുകെട്ടുകള്‍, അതേ കഥാപാത്രങ്ങള്‍ അതേ കഥാ പശ്ചാത്തലം  അതേ പ്രിയദര്‍ശന്‍.. അതേ സത്യന്‍ അന്തിക്കാട്... അതേ സിബി മലയില്‍...., എന്നിവരുടെ കാര്‍മികത്വത്തില്‍ തന്റെ ഗതകാല പ്രൌഡി പുനര്‍സൃഷ്ടിക്കാന്‍ ഉള്ള അപഹാസ്യമായ ശ്രമം  തുടര്‍ന്ന് പോവാന്‍ തന്നെയാണ് മഹാനടന്റെ തീരുമാനം.

അസാമാന്യ അഭിനയ പ്രതിഭയാണ് മോഹന്‍ലാല്‍ എന്ന് ഞാന്‍ പറഞ്ഞാല്‍ എന്നോട് ബുദ്ധിയുള്ളവര്‍ ആരും തര്‍ക്കിക്കാന്‍ വരും എന്ന് തോന്നുന്നില്ല (കേരളത്തില്‍ കാണപ്പെടുന്ന ഫാന്‍സ്‌ എന്ന സമൂഹ വിരുദ്ധ  വിചിത്ര ജീവികളെ സാമാന്യ ബുദ്ധിയുള്ളവരുടെ ഗണത്തില്‍ ഞാന്‍ പെടുത്തിയിട്ടില്ല). ഇനി ആരെങ്കിലും  തര്‍ക്കിക്കാന്‍ വന്നാല്‍ തന്നെ "ആയിരുന്നു" എന്ന് ഒരു ചെറിയ തിരുത്തല്‍ നടത്തിയാല്‍ അവര്‍ പത്തി മടക്കും. അത് പറഞ്ഞു വെച്ച് കൊണ്ട് തന്നെ, ഇത്രമേല്‍ കഴിവുള്ള അല്ലെങ്കില്‍ കഴിവ് തെളിയിച്ചിട്ടുള്ള ഒരു മഹാനടന്‍ കഴിഞ്ഞ കാലത്തിന്റെ തടവറയില്‍ കിടന്നു വീര്‍പ്പുമുട്ടുകയാണ് എന്നും, അത് അദ്ദേഹം സ്വയം തിരിച്ചറിയുന്നില്ല എന്നും ഉള്ള നഗ്നസത്യങ്ങള്‍ വെട്ടിത്തുറന്നു പറയാതിരിക്കാന്‍ കഴിയുന്നില്ല.  അദ്ദേഹം ഏതൊക്കെ രീതിയില്‍ പുനര്‍നിര്‍മിതി  നടത്താന്‍ ശ്രമിച്ചാലും ഒന്നും ചെയ്യാന്‍ കഴിയാത്ത ദൂരത്തു പോയിരിക്കുന്നത് രണ്ടു കാര്യങ്ങളാണ്. ഒന്ന് മലയാള സിനിമ പ്രേക്ഷകന്‍, രണ്ടാമത്തേത് മോഹന്‍ലാല്‍ എന്ന സൂപ്പര്‍ താരത്തിന്റെ വേഷത്തിനകത്തുള്ള എന്നെയും നിങ്ങളെയും പോലെയുള്ള സാധാരണ മനുഷ്യന്‍.

പ്രേക്ഷകരുടെ ആസ്വാദന ശൈലിയില്‍ വന്ന മാറ്റത്തെ കുറിച്ച് മനസ്സിലാക്കണമെങ്കില്‍ ഒരു കാര്യം ആലോചിച്ചാല്‍ മതി.  ഇപ്പോള്‍ കാണുമ്പോള്‍ പഴയ നസീറിന്റെയും ജയന്റെയും സിനിമകള്‍, അവരുടെ നാടകീയത കലര്‍ന്ന അഭിനയ രീതികള്‍,  എന്നിവയൊക്കെ പരിഹസിക്കുന്ന നമ്മള്‍, പക്ഷെ നമ്മുടെ മുന്‍തലമുറ അവരെ മനസ്സില്‍ പ്രതിഷ്ഠിച്ചു നടന്നിരുന്നു എന്നുള്ള സത്യം സൌകര്യപൂര്‍വ്വം വിസ്മരിക്കുന്നു എന്ന കാര്യം . അവരുടെ ഒക്കെ അതിഭാവുകത്വം കലര്‍ന്ന അഭിനയശൈലികള്‍ വളരെ ആത്മാര്‍ഥതയോടെ തന്നെ ആ തലമുറ ആസ്വദിച്ചിരുന്നു. അന്നത്തെ താരങ്ങള്‍ ധരിച്ചിരുന്ന ബെല്‍ബോട്ടം പാന്റും ഫ്ലോറല്‍ പോപ്പ്ലിന്‍ ഷര്‍ട്ടും അവര്‍ ഇട്ടു കൊണ്ട് നടന്നിരുന്നത് വെറും തമാശക്ക് വേണ്ടി ആയിരുന്നില്ല . അതൊക്കെ അന്ന് നിലവില്‍ ഇരുന്ന അഭിരുചിയുടെ ഭാഗം ആയിരുന്നു.. പക്ഷെ നമ്മുടെ തലമുറ വന്നപ്പോള്‍ അത് തമാശയും കളിയാക്കാനുള്ള ഒരു വകുപ്പും ആയി മാറി. അത് കാലം നമ്മുടെ അഭിരുചിയില്‍ വരുത്തിയ മാറ്റങ്ങള്‍ കൊണ്ട് മാത്രം ആണ്. ഇത് പോലെ തന്നെ നമ്മള്‍ നോസ്ടാല്‍ജിക്ക് ആയി മനസ്സിലിട്ടു താലോലിച്ചു കൊണ്ടിരിക്കുന്ന പലതും അടുത്ത് തലമുറ പരിഹസിക്കുന്ന വസ്തുക്കള്‍ ആയി മാറും എന്നത് സാമാന്യ പ്രകൃതി നിയമം. ജയകൃഷ്ണന്റെ പ്രണയവും, സേതുമാധവന്റെ നിയോഗവും, രാമനാഥന്റെ ധര്മാസങ്കടവും, ജോജിയുടെ കുസൃതിയും... എല്ലാം അവര്‍ ഐടെന്റിഫൈ ചെയ്യാതാവും... അതില്‍ ആരെയും കുറ്റപ്പെടുത്തുവാനോ അതില്‍ ഏതെങ്കിലും തെറ്റ് ഉള്ളതായി കണ്ടു പിടിക്കുവാനോ കഴിയില്ല. അവര്‍ കാണുന്ന ലോകം, അവര്‍ അറിയുന്ന ജീവിതം, അവര്‍ വളരുന്ന സമൂഹം.. അങ്ങിനെ എല്ലാതും മാറിക്കൊണ്ടിരിക്കുന്നതാണ്. അടിസ്ഥാന മൂല്യങ്ങള്‍ക്ക് മാറ്റം വരും എന്ന് ഞാന്‍ പറയുന്നില്ല. പക്ഷെ കാഴ്ചപ്പാടുകളില്‍ മാറ്റം പ്രതിഫലിക്കാതെ നിര്‍വാഹമില്ല 

ഇക്കാലത്ത് സിനിമ ആസ്വദിക്കുന്ന പ്രേക്ഷകര്‍ ആരൊക്കെ, അവര്‍ എങ്ങിനെയാണ് സിനിമ കാണുന്നത്, അവര്‍ എന്തിനു വേണ്ടിയാണ് സിനിമ കാണുന്നത് , അവര്‍ സിനിമയില്‍ നിന്ന് എന്ത് പ്രതീക്ഷിക്കുന്നു... ഇതൊക്കെ മനസ്സിലാക്കാന്‍ കഴിഞ്ഞകാല പ്രതാപത്തിന്റെ കൈത്തഴമ്പ്‌ മാത്രം പോര. കാഴ്ചകള്‍ക്ക് നേരെ തുറന്നു പിടിച്ച കണ്ണുകള്‍ വേണം, ആ കാഴ്ചകള്‍ നമുക്ക് നല്‍കുന്ന സന്ദേശം മനസ്സിലാക്കാന്‍ ഉണര്നിരിക്കുന്ന നിരീക്ഷണപാടവവും വേണം ഇന്ന് തീയേറ്ററില്‍ പോയി കാശ് മുടക്കി സിനിമ കാണുന്ന എത്ര പ്രേക്ഷകര്‍ "ഭരതം" പോലെ ഒരു സിനിമ സ്വീകരിക്കും എന്ന് കണ്ടു തന്നെ അറിയണം. പണ്ടൊക്കെ  reputation  കൊണ്ട്  മാത്രം  ഓടിയിരുന്ന വണ്ടികള്‍ ഉണ്ടായിരുന്നു.. പക്ഷെ ഇപ്പോള്‍ ഇന്ധനവും വേണം വണ്ടി ഓടാന്‍, നല്ല പുള്ളിങ്ങുള്ള എഞ്ചിനും.

ഇനി അദ്ദേഹത്തില്‍ വന്ന മാറ്റം... ശരീരത്തില്‍ വന്ന മാറ്റം. ശരീരഭാഷയില്‍ വന്ന മാറ്റം... ഇതൊക്കെ അദ്ദേഹത്തിനോ അദ്ധേഹത്തിന്റെ ചുറ്റും ഉള്ളവര്‍ക്കോ മനസ്സിലായിയില്ലെങ്കിലും പ്രേക്ഷകര്‍ക്ക്‌ നല്ല പോലെ മനസ്സിലാവും... അവര്‍ അത് മനസ്സിലാക്കുന്നും ഉണ്ട്. എന്നിരുന്നാലും അവിടെയും ഇവിടെയും ഒക്കെ കേള്‍ക്കുന്ന ഒരു കാര്യമാണ് "പഴയ മോഹന്‍ലാലിനെ വേണം" , "പഴയ മോഹന്‍ലാലിനെ  തിരിച്ചുകിട്ടി".... എന്നൊക്കെ. ഈ വിധത്തില്‍  ഇന്നത്തെ മോഹന്‍ലാലില്‍ പഴയ മോഹന്‍ലാലിനെ തിരയുന്നത്, ഒന്നുകില്‍ സാമാന്യബോധം  നഷ്ടപെട്ടവരാണ്, അതല്ലെങ്കില്‍ അദ്ദേഹത്തെ തകര്‍ക്കണം എന്ന ദുഷ്ടലാക്കുള്ളവര്‍ ആണ്, എന്ന് അദ്ദേഹം തിരിച്ചറിയണം..  "പഴയ മോഹന്‍ലാല്‍" അദ്ധേഹത്തിന്റെ ഇപ്പോഴത്തെ ശരീരത്തിന്നും ശരീരഭാഷക്കും  വഴങ്ങാത്ത അത്രയും അകലത്താണ്‌ എന്നതാണ് പരമ സത്യം . ആന്റീക് വസ്തുക്കളോടുള്ള അഭിനിവേശം, ചുവരില്‍ തൂങ്ങിയ ചില്ലിട്ടു വെച്ച ചിത്രങ്ങളും, പോളിഷിട്ടു മിനുക്കി വെച്ച കാഴ്ചവസ്തുക്കളും ആയി സ്വീകരണ മുറികളില്‍ ഒതുക്കുന്ന പോലെ, പഴയ മോഹന്‍ലാലിനോടുള്ള പ്രേമം പഴയ സിനിമയുടെ ഡി വി ഡിയില്‍ ഒതുങ്ങുന്നതാണ്. പക്ഷെ അത് തന്നെ എങ്ങിനെയെങ്കിലും പഴകിപുളിച്ച മാവ് കൊണ്ട് തട്ട് ദോശ പോലെ ചുട്ടെടുത് വീണ്ടും പുതു തലമുറയ്ക്ക് വിളമ്പുമ്പോള്‍ അവര്‍ അത് രണ്ടു കൈയും നീട്ടി സ്വീകരിക്കും എന്ന് കരുതുന്നത് ബുദ്ധിയുടെ ലക്ഷണം അല്ല. അവിടെ സേതുമാധവനെയും അബ്ദുള്ളയും, ഭരത് ചന്ദ്രനേയും, സേതുരാമഅയ്യരെയും, മഹാദേവനേയും, രതിചേച്ചിയെയും ... മാറി മാറി മരം കുലുക്കി താഴെ ഇട്ടാല്‍ ചാവുവാന്‍ ഓടി നടക്കുന്ന അത്രയും മുയലുകള്‍ ഒരു വരിക്കപ്ലാവിന്റെ ചോട്ടിലും ഇല്ല .. അങ്ങിനെ ആര്‍ക്കെങ്കിലും തോന്നുന്നുടെങ്കില്‍  അത് വെറും ഹാലുസിനെഷന്‍ ആണ്. ഒരു തരത്തിലുള്ള ലാലൂസിനെഷന്‍...

അടിക്കുറിപ്പ് :  1988ല്‍ ദൂരദര്‍ശനില്‍ അമോല്‍ പാലെക്കര്‍ സംവിധാനം ചെയ്ത നക്കാബ് എന്ന ഒരു സീരിയല്‍ വന്നിരുന്നു. എവിടുന്നെങ്കിലും ഒരു സി ഡി കിട്ടുകയാണെങ്കില്‍ എല്ലാ സൂപ്പര്‍സ്റ്റാറുകളും അവരുടെ പരിവാരങ്ങളും, ഫാന്‍സ്‌ എന്ന് പറയുന്ന വര്‍ഗ്ഗവും ഒന്ന് കണ്ടു നോക്കൂ. ധൈര്യമായി കാണാം.. വിവരമുള്ളവര്‍ സീരിയല്‍ ഉണ്ടാക്കിയിരുന്ന കാലത്ത് (ഏകത കപൂര്‍ മുട്ടില്‍ ഇഴഞ്ഞിരുന്ന കാലത്ത്.. ഇവിടെ ഏഷ്യാനെറ്റും സൂര്യയും മറ്റും ഇറങ്ങുന്നതിനു മുമ്പ്) ഇറങ്ങിയിരുന്ന ഒന്നാണ് അത്...

തിങ്കളാഴ്‌ച, ജനുവരി 02, 2012

ഇതിനെ ഒക്കെ ഡീല്‍ ചെയ്യാതെ വിട്ടേക്കരുത്



ഇന്നലെ, പുതുവത്സരദിനത്തില്‍  സുര്യ ടി വി സംപ്രേക്ഷണം ചെയ്ത ഡീല്‍ ഓര്‍ നോ ഡീല്‍  എന്ന ജനപ്രിയ പരിപാടിയുടെ 200 എപ്പിസോഡുകള്‍ പൂര്‍ത്തിയായത് ആഘോഷിക്കാന്‍ സംഘടിപ്പിച്ച പ്രത്യേക പരിപാടിയിലെ ഒരു പ്രധാന
ഇനമായിരുന്നത് പ്രസിദ്ധ സിനിമാതാരം സുരാജ് വെഞ്ഞാരമൂടിന്റെ നേതൃത്വത്തില്‍ അവതരിപ്പിച്ച ഒരു "കൊമഡി സ്കിറ്റ് ആയിരുന്നു.  "ഇടീല്‍ ഓര്‍ അടീല്‍" എന്ന പേരിട്ട ആ പരിപാടി ചിരി വരുത്താന്‍ ഉദ്ദേശിച്ചു ചെയ്ത ഡീല്‍ ഓര്‍ നോ ഡീല്‍ന്റെ തന്നെ "ഹാസ്യാനുകരണം" ആയിരുന്നു . അതിലെ തരംതാണ  ഞരമ്പിനു പിടിക്കുന്ന, അരോചകമായ വളിപ്പുകള്‍ കണ്ടു ശര്ദ്ധിക്കാന്‍ വന്നു എന്ന വാസ്തവത്തില്‍  ഉപരിയായി ആ പരിപാടിയിലൂടെ അതിന്റെ സൃഷ്ടാക്കള്‍ പ്രകടിപ്പിച്ച ഏറ്റവും  സാമൂഹ്യവിരുദ്ധമായ,  തികച്ചും അപലപനാര്‍ഹാമായ നിലപാടുകള്‍ക്ക്  നേരെയുള്ള എന്റെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്താന്‍ ആയാണ് ഈ കുറിപ്പ്.

തമാശ ഉണര്‍ത്താന്‍ ഉദ്ദേശിച്ചു ഇത്തവണ സ്ഥിരം "മോഡല്‍" പെണ്‍കുട്ടികള്‍ക്ക് പകരം പെട്ടിയുമായി കാണിച്ചത് "തൊഴിലുറപ്പ് പദ്ധതിയില്‍ പണിയെടുക്കുന്ന" ചില സ്ത്രീകളെയാണ് (ദളിത്‌ സ്ത്രീകള്‍ എന്ന് വ്യംഗം). നാടന്‍ പാട്ടുകളെ അപഹാസ്യമായ രീതിയില്‍ അവതരിപ്പിച്ചാണ് അവരെ പരിചയപ്പെടുത്തുന്നത് തന്നെ. പിന്നെ അവരെ കാണിക്കുമ്പോള്‍ എല്ലാം അവരുടെ ചേഷ്ടകളും, ശരീരഭാഷയും, പെരുമാറ്റവും, സംഭാഷണവും  അവരെ അപമാനിക്കുന്ന രീതിയില്‍ ഉള്ള, അല്ലെങ്കില്‍ അവരുടെ  വികാരങ്ങളെ വൃണപ്പെടുത്തുന്ന തരത്തില്‍ ഉള്ളതായിരുന്നു.  ഈ സുരാജ് എന്ന വിദ്വാന്‍ ഈ പരിപാടിയില്‍ ഉടനീളം അവരെ അഭിസംബോധന ചെയ്യുന്നതിനായി ഉപയോഗിച്ച വാക്കുകള്‍ പോലും അഭാസവും തള്ളിക്കളയെണ്ടതും ആണ്.

ഇതിലെ ഏറ്റവും ശോചനീയമായ കാര്യം കേരള സമൂഹത്തിലെ ഉന്നത സ്ഥാനീയരായ പല വ്യക്തികളും കാഴ്ചക്കാരുടെ കൂട്ടത്തില്‍ ഇരുന്നു ഇതും കണ്ടും കൊണ്ട് ആസ്വദിച്ചു ചിരിച്ചു ഇരിക്കുന്നുണ്ടായിരുന്നു എന്നതാണ്. അദ്ധ്വാനിച്ചു ജീവിക്കുന്ന പാവപ്പെട്ട (ദളിത്‌)  സ്ത്രീകളെക്കുറിച്ച്‌ ഇത്രയും തരം താണ, അധമമായ സങ്കല്പങ്ങള്‍ ആണ് പൊതു സമൂഹം വെച്ച് പുലര്‍ത്തുന്നത് എന്ന് ആലോചികുമ്പോള്‍ തന്നെ ചോര തിളക്കുന്നു. അശ്ലീലവും ആഭാസകാരവും ആയ മലയാളിയുടെ ആസ്വാദന ശീലങ്ങള്‍ അടിവരയിട്ടു കാണിക്കുന്നതായിരുന്നു ആ പരിപാടിയില്‍ ഉടനീളം ചിത്രീകരിക്കപ്പെട്ടിരുന്നത്. ഈ പരിപാടിയുടെ അണിയറശില്‍പ്പികള്‍  അവര്‍ ചെയ്യുന്നു എന്ന് പറയപ്പെടുന്ന ജീവ കാരുണ്യ പ്രവര്‍ത്തങ്ങളില്‍ അല്‍പ്പമെങ്കിലും ആത്മാര്‍ഥത ഉണ്ടെങ്കില്‍ ഇത്രയും തരം താണ രീതിയില്‍ സ്ത്രീകളെ അപമാനിച്ചതിന് മാപ്പ് പറയണം

http://www.go8pm.com/video/12585-Deal_Or_No_Deal_200th_Episode_Celebration.html.

ഇതൊന്നും കണ്ടിട്ട് സാക്ഷര കേരളം ഇത് വരെ പ്രതികരിക്കാത്തത് എന്ത് കൊണ്ടാണ്?