വ്യാഴാഴ്‌ച, ഡിസംബർ 15, 2011

അരങ്ങോരുങ്ങുന്നതിനു മുന്‍പേ ആദ്യജയം

ആസ്ട്രേലിയയില്‍ കാലു കുത്തി ഇന്ത്യ ഇന്നലെ ആദ്യ വിജയം കുറിച്ചു... ഒരു പന്ത് പോലും എറിയുന്നതിന് മുമ്പ്.... പത്രക്കാരെ വിളിച്ചു കൂട്ടി മുഷ്ടി ചുരുട്ടി പോര്‍വിളികളും യുദ്ധ പ്രഖ്യാപനങ്ങളും  നടത്തുന്നതിന് മുമ്പ്.. ടീം ജേര്‍സി അണിഞ്ഞു പിച്ചില്‍ കാലു കുത്തുന്നതിനു മുമ്പ്.... കോട്ടണിഞ്ഞു, കാന്ബേരായിലെ വാര്‍ മെമോരിയലിലെ ആന്സാക് ഹാളില്‍, ഇന്ത്യന്‍ ടീമിലെ പഴമക്കാരില്‍ ഒരാള്‍ ... മൃദുഭാഷിയായ മുപ്പത്തിഒന്‍പതുകാരന്‍ .. രാഹുല്‍ ദ്രാവിഡ് ഒറ്റയ്ക്ക് ... നൂറു കണക്കിന് ആസ്ട്രേലിയന്‍ ക്രിക്കറ്റിലെ വമ്പന്മാരെ കാഴ്ച്ചക്കാരാകി ഇരുത്തി ആദ്യ വിജയം നേടി.. പക്ഷെ ഇത്തവണ  ചുറ്റും കൂടിയിരുന്ന  ആസ്ട്രെലിയക്കാരില്‍ ഒരാള്‍ പോലും കൂക്കി വിളിച്ചില്ല, ദേഷ്യം പ്രകടിപ്പിച്ചില്ല, മറിച്ചു ഒന്നൊഴിയാതെ എഴുന്നേറ്റു നിന്ന് കരഘോഷം മുഴക്കി അഭിനന്ദിച്ചു. ആഘോഷിച്ചു.

കളിക്കാര്‍ അരങ്ങിലെത്തുമ്പോള്‍ കളിക്കളത്തിലെ യുദ്ധതന്ത്രങ്ങളെയും, കളിക്ക് പുറത്തുള്ള ചരട് വലികളെയും പറ്റി, മാത്രം കേട്ട് പഴകിച്ച ജനസഹസ്രം ഒന്നടങ്കം അതിശയിച്ച നാല്പത്തഞ്ചു മിനിട്ടുകള്‍.  വ്യത്യസ്തമായ, ചിന്തോദ്ദീപകമായ ആശയങ്ങള്‍, വളരെ ഭംഗിയായി ഒരു മുത്തുമാല പോലെ കോര്‍ത്തെടുത്തു ശക്തിയും സൌന്ദര്യവുമുള്ള ഭാഷയില്‍, തഴക്കം വന്ന പ്രാസംഗികരെ പോലും അതിശയിപ്പിക്കുന്ന രീതിയില്‍ അവതരിപ്പിച്ചു കൊണ്ട്, തന്റെ ബൌദ്ധികമായ ഔന്നത്യം, വ്യക്തമാക്കി തന്നു  ഇന്ത്യയുടെ ആ മുന്‍കാല നായകന്‍.

ഡോണ്‍ ബ്രാഡ്മാന്‍ എന്ന മഹാനായ ബാറ്സ്മാന്റെ സ്മരണയില്‍ കഴിഞ ഒരു ദശാബ്ദമായി നടക്കുന്ന പ്രസംഗ പരമ്പരയില്‍ ആസ്ട്രെലിയക്ക്‌ പുറത്തു നിന്നും അഭിസംബോധനക്ക് ക്ഷണിക്കപ്പെട്ട ആദ്യ വ്യക്തി, സംഘാടകര്‍ തന്നെ തിരഞ്ഞെടുത്തത് വെറുതെ അല്ല എന്ന് അടിവരയിട്ടു തെളിയിച്ചു. കളിക്കളത്തില്‍ എന്ന പോലെ തികഞ്ഞ ആത്മസംയമനത്തോടെ, ചടുലമായ ഭാഷയില്‍, പക്വതയോടെ അദ്ദേഹം പറഞ്ഞു തീര്‍ത്തത് പ്രേക്ഷകര്‍ ബഹുമാനം കലര്‍ന്ന മിഴികലോടെയാണ് ശ്രവിചിരുന്നത്. മൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ് സിഡ്നി ടെസ്റ്റ്‌ കഴിഞ്ഞു നടത്തിയ ഒരു പത്രസമ്മേളനത്തില്‍ ദ്രാവിഡിന്റെ നാട്ടുകാരനായ ആ ടെസ്റ്റിലെ നായകന്‍ ഇത് പോലെ പക്വതയാര്‍ന്ന ഒരു പ്രസ്താവന നടത്തി. അതിലെ കുന്തമുന തങ്ങളുടെ മനാസാക്ഷിയെ കുത്തി നോവിച്ചത് പക്ഷെ  ആസ്ട്രെലിയക്കാര്‍ക്ക് അത്രയ്ക്കങ്ങ് രുചിചില്ലായിരിക്കാം.. പക്ഷെ  ഇന്നലെ ദ്രാവിഡ് പറഞ്ഞ ഓരോ വാക്കും അവര്‍ മനസ്സിലെറ്റിയിരിക്കും എന്നുറപ്പ്. ക്രിക്കറ്റ് എന്ന കളിക്ക് ഉപരിയായി അദ്ദേഹത്തിനുള്ള ചരിത്രാവബോധം, വന്ന വഴികള്‍ മറക്കാത്ത അദ്ധേഹത്തിന്റെ സാംസ്കാരിക നിലവാരം, ക്രിക്കറ്റ് എന്ന കളിയുടെ സാധ്യതകളെയും ഭാവിയും പറ്റിയുള്ള പക്വതയാര്‍ന്ന വീക്ഷണം... ഇവയെല്ലാം അദ്ധേഹത്തിന്റെ വാക്കുകളില്‍ സുവ്യക്തമായിരുന്നു. ബോക്സിംഗ് ദിനത്തില്‍ കൊമ്പ് കോര്‍ക്കുമ്പോള്‍ ഈ വാക്കുകളിലെ പാകതയും ദാര്‍ശനിക മാനങ്ങളും മറ്റും മാഞ്ഞു പോവുമായിരിക്കാം.. അവിടെ പോര്‍ വിളികളും ആക്രമണങ്ങളും കൈയ്യേറിയെക്കാം...  ഏതായാലും ബോക്സിംഗ് ദിനത്തിനായി കളിക്കൊരുങ്ങുന്ന ഇന്ത്യന്‍ ടീമിനും ഇവിടെ കാണാന്‍ കാത്തിരിക്കുന്ന കായിക പ്രേമികള്‍ക്കും ഈ വന്മതിലിന്റെ ആത്മവിശ്വാസതോടെയുള്ള പ്രകടനം ഊര്‍ജമായി തീരും എന്ന് നമുക്ക് വിശ്വസിക്കാം .
















http://sports.ndtv.com/cricket/features/item/182400-dravids-powerful-speech-in-oz-gets-standing-ovation?pfrom=home-topstories

അഭിപ്രായങ്ങളൊന്നുമില്ല: