വ്യാഴാഴ്‌ച, ജനുവരി 02, 2014

യവനികയിൽ നിന്നും ദൃശ്യത്തിലെക്കുള്ള ദൂരം.

Spoiler Alert !!

ഭൂരിഭാഗം ആളുകളും നല്ലത് പറഞ്ഞ (ഒടുവിൽ ബുക്ക്‌ മൈ ഷോവിൽ കണ്ടത് പ്രകാരം 98% പൊസിറ്റീവ് റിവ്യൂ) ഒരു സിനിമയെ പറ്റി നാല് പള്ള് പറഞ്ഞാൽ അത് ബുദ്ധിജീവി സർകീട്ടിലെക്കുള്ള നേരിട്ടുള്ള പാസ് പോർട്ട്‌ ആണ് എന്നത് കൊണ്ടല്ല ഈ കുറിപ്പ്. അതിലുപരിയായി അധികമൊന്നും ഇതുവരെ പരാമര്ശിക്കാപെടാത്ത (എന്ന് ഞാൻ കരുതുന്ന) ചില കോണുകൾ കൂടി ശ്രദ്ധയിൽ പെടുത്താനാണ് ശ്രമിക്കുന്നത്. തുടർന്നുള്ള വരികളിൽ കഥയെക്കുറിച്ചുള്ള സൂചനകൾ ഉൾപ്പെടാവുന്നത് കൊണ്ട് കാണാൻ ഉദ്ദേശവുമായി നിൽക്കുന്നവർ തുടർന്ന് വായിക്കാതിരിക്കുന്നതാണ് അഭികാമ്യം.

ഒരു സിനിമ കാണാൻ കയറുന്നവർ പല വിധത്തിലുള്ള ആഗ്രഹപൂരണവും ഉദ്ദേശിച്ചാണ് തീയറ്ററിൽ കയറുന്നത്.. എല്ലാം മറന്ന് രണ്ടു മണിക്കൂർ വിനോദം മുതൽ സമൂഹത്തിന് സിനിമ നൽകുന്ന സന്ദേശം വരെ പ്രതീക്ഷിക്കുന്നവർ ഉണ്ട്. അത് പോലെ തന്നെ പ്രേക്ഷകരിൽ നിന്നറിഞ്ഞ അഭിപ്രായങ്ങളും അണിയറ ശിൽപ്പികളിൽ നിന്നുള്ള പ്രതീക്ഷ വെച്ചുമൊക്കെയുള്ള  പല വിധത്തിലുള്ള കണ്ടീഷനിങ്ങും നമ്മുടെ ആസ്വാദനത്തെ സ്വാധീനിക്കാറുണ്ട് . ദൃശ്യം എന്ന സിനിമ കാണാൻ ഒരു മൂന്ന് നാല് പരാജയപ്പെട്ട ശ്രമങ്ങൾക്ക് ശേഷമാണ് എനിക്ക് സാധിച്ചിട്ടുള്ളത്... ഒരു പക്ഷെ കോളേജ് പഠന കാലത്തിനു ശേഷം ആദ്യത്തെ അനുഭവം. സിനിമ തുടങ്ങിയത് മുതൽ, ആമുഖമായി ജോർജ്ജ് കുട്ടിയുടെ കുടുംബത്തെയും അവരുടെ ഇഴയടുപ്പത്തെയും എസ്റ്റാബ്ലിഷ് ചെയ്യാൻ എടുത്ത ആദ്യ പകുതി (അതിന്റെ അവസാന പത്തു നിമിഷങ്ങളെ ഒഴിവാക്കി) ഒരു കുറ്റിയിൽ കടന്നു കറങ്ങുന്ന പോലെ വളരെ ലൂസ് ആയി ഫീൽ ചെയ്തിരുന്നതായി എനിക്കു തോന്നി. പക്ഷെ അതിനിടയ്ക്ക് വരുന്ന ദ്വയാർത്ഥ പ്രയോഗങ്ങളും മറ്റും അലോസരപ്പെടുത്തുക തന്നെ ചെയ്യും. പക്ഷെ ഒരിക്കൽ കഥയുടെ മർമ്മത്തിലെക്ക് ഇറങ്ങിയതോടു കൂടി ജീത്തു ജോസഫ്‌ അതിന്റെ പിരിമുറുക്കവും ഗതിവേഗവും ഒട്ടും കുറയാതെ നില നിരത്തി കൊണ്ടുപോവുന്ന തന്റെ ക്രാഫ്റ്റ് വെളിവാക്കിയിട്ടുണ്ട് എന്ന് സമ്മതിക്കാതെ വയ്യ. ഒരു ത്രില്ലർ ജനുസ്സിലുള്ള പടം കുടുംബ പശ്ചാത്തലത്തിലേക്ക് പറിച്ചു നടാൻ അദ്ദേഹം കാണിച്ച കഴിവ് അഭിനന്ദനാർഹം തന്നെയാണ്. അവരുടെ ജീവിതം മാറ്റി മറച്ച ആ സംഭവം മുതൽ അതിന്റെ പരിണാമഗുപ്തി വരെ ഒട്ടും മുഷിവു കൂടാതെ കാണാൻ കഴിയും. ഒന്നോർത്താൽ നമ്മുടെ സാമാന്യ യുക്തിയെ നിഷ്പ്രയാസം ചോദ്യം ചെയ്തേക്കാവുന്ന കാര്യങ്ങൾ പലതും കണ്വിന്സിംഗ് ആയി കോർത്തെടുക്കാൻ ഉള്ള വൈദഗ്ദ്യവും അദ്ദേഹം ആഖ്യാനത്തിൽ പ്രകടിപ്പിച്ചിട്ടുണ്ട്.. 

ഇത്രയുമൊക്കെ പറഞ്ഞു വെച്ച ശേഷം  എനിക്ക് പറയാനുള്ളത് ,  ഈ സിനിമയുടെ വിജയവും പ്രേക്ഷക സ്വീകാര്യതയും,  അതിനോടുള്ള പൊതുവായ പ്രതികരണങ്ങളും എന്റെ മനസ്സിൽ തോന്നിപ്പിച്ച ഒരു ശരാശരി മലയാളിയുടെ കാഴ്ചപ്പാടുകളിൽ വന്ന ചില സുപ്രധാനമായ വ്യതിയാനങ്ങളെക്കുറിച്ചുള്ള ഉൾക്കാഴ്ച്ചകളെ പറ്റിയാണ് . അത് പത്തിരുപതഞ്ച് വർഷം മുമ്പ് പുറത്തിറങ്ങിയ യവനിക എന്ന ചിത്രത്തോട് നമ്മൾ ചില സാമാന്തരങ്ങൾ വരയ്ക്കുമ്പോൾ കൂടുതൽ സ്പഷ്ടമാവും. 

യവനികയുടെ പ്രമേയം - പശ്ചാത്തലത്തെ അവഗണിച്ചാൽ ഈ ചിത്രവുമായി ഒട്ടേറെ സമാനതകൾ പുലർത്തുന്നതാണ്. ഒരു സ്ത്രീ തന്റെ കൈപ്പിഴ കൊണ്ട് തന്റെ ജീവിതത്തിലെ കരിനിഴലായ ഒരു പുരുഷനെ ഉന്മൂലനം ചെയ്യുന്നു.  പിന്നീട് അവളെ സഹായിച്ചെത്തുന്ന അവളോട്‌ സഹാനുഭൂതിയുള്ള കാമുകൻ എന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാവുന്ന പുരുഷൻ (ഇവിടെ കുടുംബനാഥൻ) തെളിവുകൾ നശിപ്പിക്കാനും കൃത്യം മൂടി വെയ്ക്കാനും സഹായിക്കുന്നു. യവനികയിൽ അവരുടെ ആ കൃത്യം നടന്ന ശേഷമുള്ള അവരുടെ തുടർ പെരുമാറ്റങ്ങൾ ഒരു പക്ഷെ  സ്വാഭാവികമായ പ്രതികരണങ്ങൾ ആയിട്ടാണ് നമുക്ക് കാണാൻ സാധിക്കുന്നതെങ്കിൽ. ദൃശ്യത്തിൽ അത് ഒരു "ഹാർഡൻഡ് ക്രിമിനലിന്റെ" "പോസ്റ്റ്‌ ക്രൈം ബിഹേവിയറിന്" അനുസൃതമായാണ് ജോർജ്ജ്കുട്ടിയുടെ ഓരോരോ വാക്കും പ്രവർത്തികളും. ജോർജ്ജ്‌കുട്ടിയുടെ ഓരോ നീക്കത്തിലും വെളിവാവുന്നത് ഒരു സാധാരണ കുടുംബനാഥന്റെ ചട്ടക്കൂടിനുള്ളിൽ ഒതുങ്ങാത്ത ക്രിമിനൽ ബുദ്ധിയാണ്. അതിനു വേണ്ടി നിഷ്ക്കളങ്കയായ തന്റെ കൊച്ചു മകളെ വരെ മാനിപ്പുലേറ്റ് ചെയ്യുന്നതായി പോലും നമുക്ക് കാണാം ...   

തബലിസ്റ്റ് അയ്യപ്പൻറെ ക്രൗര്യവും റിപ്പൾസീവ് കാരക്റ്റരും വരുണിന് അധികം ഏറ്റക്കുറച്ചിൽ കൂടാതെ തന്നെ കൽപ്പിച്ചു കൊടുക്കുന്നുണ്ടെങ്കിലും, വരുണ്‍ ഇമ്മെച്ച്വർ ആയ കൌമാരക്കാരൻ ആണെന്ന കല്പന ഇവിടെ സൌകര്യപൂർവ്വം അവഗണിക്കപ്പെടുന്നു.  യവനികയിൽ അന്വേഷിച്ചു ചുരുളഴിക്കുന്ന ഈരാളിയായ മമ്മൂട്ടിയിൽ കുറ്റാന്വേഷകന്റെ  പ്രാഗത്ഭ്യം പ്രകടിപ്പിക്കുന്ന നായകനെ കാണുമ്പോൾ ഇവിടെ കുറ്റം നടന്നു എന്ന ഉത്തമ ബോധ്യത്തോടെ അന്വേഷണത്തിൽ ഇടപെടുന്ന സഹദേവൻ  എന്നാ സാദാ പോലീസുകാരനെ ക്രൂരനും കണ്ണിൽ ചോരയില്ലാത്തവനും ആയ ഒരു വില്ലനായി പ്രതിഷ്ടിക്കയാണ്. അവന്റെ പ്രവര്ത്തികളെ നായകൻറെ മാനിപ്പുലേഷൻ മൂലം വെറും വ്യക്തിവൈരാഗ്യം തീര്ക്കാനുള്ള പ്രകടനം ആയും..  

ഇതൊക്കെ ചേർത്തു വായിക്കുമ്പോൾ  നമ്മൾ മനസ്സിലാക്കേണ്ടത് മലയാളിയുടെ ലോകവും നീതി ബോധവും മൂല്യ സങ്കൽപ്പങ്ങളും,  കുടുംബം എന്ന ഠാ വട്ടത്തിലെക്ക് ചുരുക്കപ്പെട്ടു വരികയാണ് എന്നാണ്. ഞാൻ, എന്റെ ഭാര്യ, എന്റെ മക്കൾ എന്നടങ്ങുന്ന നാലംഗ കുടുംബത്തിന്റെ  ചുമരുകളുടെ ഉറപ്പിന് വേണ്ടി എന്തും ചെയ്യേണ്ടി വന്നാൽ ചെയ്യാനുള്ള ന്യായീകരണങ്ങൾ, നമ്മൾ തന്നെ അംഗീകരിക്കും എന്നതാണ്. അതിന്റെ കെട്ടുറപ്പിലും നിലനിൽപ്പിലും കേന്ദ്രീകൃതമായിരിക്കുന്നു നമ്മുടെ ശരി തെറ്റുകളെക്കുറിച്ചുള്ള വേർതിരിവുകൾ. അതാണ്‌ യവനികയിൽ ജലജയുടെയും വേണു നാഗവള്ളിയുടെയും കയ്യിൽ വിലങ്ങായും ... മോഹൻലാലിനെയും മീനയും മക്കളെയും സംരക്ഷിക്കുന്ന കവചവുമായി നമ്മുടെ മുന്നിൽ തെളിയുന്നത് ..