ചൊവ്വാഴ്ച, ഡിസംബർ 27, 2011

വീണിതല്ലോ കിടക്കുന്നു ധരണിയില്‍ ....

ഹസാരെ തന്റെ സമരത്തിന്റെ രണ്ടാനങ്കം മുംബൈ നഗരത്തില്‍ തുടങ്ങിയ ദിവസം... അങ്ങകലെ ഡല്‍ഹിയില്‍ പാര്‍ലിമെന്റ് മന്ദിരത്തില്‍  അവതരിപ്പിച്ച ബില്ലില്, ചൂടേറിയ ചര്‍ച്ച പുരോഗമിക്കുമ്പോള്‍ ഒടുവില്‍ കിട്ടിയ റിപ്പോര്‍ട്ട് അനുസരിച്ച് ഏകദേശം ഏഴായിരം ആളുകള്‍ മാത്രമാണ് അദ്ദേഹത്തിന്റെ സമരത്തില്‍ പങ്കെടുക്കുന്നത്. രാജ്യത്തെ ഇളക്കി മറിച്ച ആദ്യ സമരത്തിന്റെ വളരെ ദുര്‍ബലമായ രണ്ടാനങ്കം. ഇത്തവണ മൂന്നു ദിവസം എന്ന് മുന്‍കൂട്ടി പറഞ്ഞത് കൊണ്ട് സമരം കൈവിട്ടു പോകും എന്ന ആശങ്ക ഭരണകൂടത്തിനില്ല. അത് കൊണ്ട് തന്നെ അവര്‍ എല്ലാ ഊര്‍ജ്ജവും സഭയ്ക്കകത്തെ ചര്‍ച്ചകളില്‍ കേന്ദ്രീകരിക്കുക ആണ്.  പഴുതില്ലാത്ത ഒരു നിയമം പാസാക്കി എടുക്കാനുള്ള ആഗ്രഹമോ ആത്മാര്‍ഥതയോ ഒട്ടും തീണ്ടാതെ, അതെങ്ങിനെയെങ്കിലും ലോക്സഭയില്‍ പ്രതിപക്ഷത്തെ കൊണ്ട് തള്ളി കളയിച്ചു, അതിന്റെ ഉത്തരവാദിത്തം അവരുടെ തലയില്‍ തന്നെ കെട്ടിവെക്കാനുള്ള ഒരു ശ്രമത്തിലാണ്. അതിനുള്ള എല്ലാ മരുന്നും ഒരുക്കി വെച്ചിട്ടാണ് അവര്‍ കരടു രൂപം ഒരുക്കിയിരിക്കുന്നത് തന്നെ.. അത് കൊണ്ട് ഹസാരെ ആദ്യം രംഗത്തിറങ്ങിയപ്പോള്‍ ഉണ്ടായിരുന്ന യാതൊരു പ്രതീക്ഷയും സാധാരണക്കാര്‍ ഇന്ന് വെച്ച് പുലര്‍ത്തുന്നില്ല എന്നത് വാസ്തവം.

ഒരു പക്ഷെ ഹസാരെ ഇത്തരം ഒരു സമരത്തിനു ഈ വേളയില്‍ മുഴുകാതെ വീര്യവും അര്‍ത്ഥവും ഊര്‍ജ്ജവും എല്ലാം ഉത്തര പ്രദേശില്‍ വരാന്‍ പോകുന്ന തിരഞ്ഞെടുപ്പില്‍ ആര്‍ജ്ജവത്തോടെ, ആത്മാര്‍ഥതയോടെ  ശക്തമായി വിനിയോഗിച്ചിരുന്നെങ്കില്‍ കളി മാറിയേനെ. നമ്മുടെ ഈ രാജ്യത്തെ ജനാധിപത്യ വ്യവസ്ഥയില്‍, തിരഞ്ഞെടുപ്പ് എന്ന ഏറ്റവും ശക്തമായ (ഒരു പക്ഷെ ഒരേ ഒരു) ആയുധം ഉപയോഗിക്കാതെ ജനാധിപത്യേതര മാര്‍ഗത്തില്‍ അദ്ദേഹത്തെ നയിച്ചതു  ഉപദേശകരുടെ വീക്ഷണരാഹിത്യം തന്നെ.

ഇതിലെല്ലാം ആവേശം ഒരു കൂട്ടര്‍ക്ക് മാത്രം, കുറച്ചു ദിവസത്തേക്ക് ആഘോഷിച്ചു തിമിര്‍ക്കാന്‍ ഒരു വിഷയം വീണുകിട്ടിയ ദ്രിശ്യമാധ്യമങ്ങള്‍.. ദുരന്തങ്ങളെയും ലോകകപ്പു വിജയം പോലെ തന്നെ ആഘോഷിച്ചു കൊണ്ടാടുന്ന അവര്‍ക്ക് ടീആര്‍പ്പികള്‍ പൊലിപ്പിക്കാന്‍ കിട്ടുന്ന കുറച്ചു ബൈറ്റുകള്‍...  അത് അവര്‍ വലിച്ചു പരത്തി,  അടിച്ചു നീട്ടി, കുറച്ചു നാള്‍ ആഘോഷിക്കും.. ഇത്ര മാത്രം.. കോരന്റെ കുമ്പിളില്‍ കഞ്ഞി വീണ്ടും... ലോക്പാലും ലോക ചായയും ഒക്കെ അവനു മറ്റൊരു നാടകകാഴ്ച... രണ്ടായിരത്തി പന്ത്രണ്ടിന്റെ പടിവാതില്‍ക്കല്‍ ഒരു നെടുവീര്‍പിട്ടു അവന്‍ ചുവടു വെക്കുമ്പോള്‍ കുറച്ചു പേര്‍ക്കെങ്കിലും നേരിയ പ്രതീക്ഷ നല്‍കിയ ആ ബില്ലിനെ ഭരണ പ്രതിപക്ഷങ്ങള്‍ വ്യത്യാസമൊന്നുമില്ലാതെ ചേര്‍ന്ന് നിന്ന് സഭയുടെ നടുത്തളത്തില്‍ നല്ല വൃത്തിയായി കുഴിവെട്ടി മൂടി മുകളില്‍ ഒരു വാഴയും നട്ടു പുതുവര്‍ഷാഘോഷത്തില്‍ മുഴുകും. പുതുവര്‍ഷാശംസകള്‍

അഭിപ്രായങ്ങളൊന്നുമില്ല: