ബുധനാഴ്‌ച, ഡിസംബർ 07, 2011

നമ്മുടെ സര്‍പ്പയജ്ഞങ്ങള്‍

പണ്ട്...എന്റെ ഒക്കെ കുട്ടിക്കാലത്ത് സര്‍പ്പ യജ്ഞം എന്നൊരു പരിപാടി ഉണ്ടായിരുന്നു... ഒരു വിദ്വാന്‍ ഒരു കണ്ണാടി കൂടിനകത്ത്‌ കൊടിയ വിഷമുള്ള കരി മൂര്‍ഖന്‍, രാജ വെമ്പാല, അണലി, ചേനതണ്ടന്‍ എന്നീ ജനുസ്സില്‍ പെടുന്ന പാമ്പുകളുടെ കൂടെ കുറെ നാള്‍ കഴിയുക. അതൊക്കെ പത്രങ്ങളില്‍ മുന്‍ പേജ് വാര്‍ത്തയായിരുന്നു. ശ്രീ പാമ്പ് വേലായുധന്‍ എന്ന് പേരുള്ള ഒരാളായിരുന്നു അതില്‍ പ്രധാനി. റെക്കോര്‍ഡ്‌ ബുക്കില്‍ വരാനും, ഒരു പ്രദര്‍ശനം പോലെ വരുമാന മാര്‍ഗമായിട്ടുമൊക്കെ അവര്‍ നടത്തിയിരുന്നതാണ് ജീവന്‍ പണയം വെച്ചുള്ള ആ യജ്ഞങ്ങള്‍..

അല്ല ഇതൊക്കെ എന്താണ് പറഞ്ഞു വരുന്നതെന്ന് വെച്ചാല്‍, ഇന്നലെ ടി വി ചാനലുകളില്‍ ഇരുന്നു ബഹുമാനപ്പെട്ട മന്ത്രിമാരായ തിരുവഞ്ചിയൂര്‍ രാധാകൃഷ്ണനും, പി ജെ ജോസ്സെഫും, മുഖ്യമന്ത്രിയും  ഒക്കെ പറയുന്ന വാക്കുകള്‍ കേട്ടപ്പോള്‍ ഓര്‍മ വന്നതാ സര്‍പ്പ യജ്ഞങ്ങള്‍... കേരളത്തിലെ ജനങ്ങള്‍ ഇവരെ ഒക്കെ നമ്പി കഴിയേണ്ടി വരുന്ന അവസ്ഥ എന്ന് പറയുന്നത്, വിഷപ്പാമ്പുകളുടെ കൂടെ കഴിഞ്ഞ വെലായുധനെക്കാള്‍ കഷ്ടമാണല്ലോ എന്നത്... മുല്ലപ്പെരിയാര്‍ തകര്‍നാലുള്ള ആഘാതത്തെ പറ്റി ഇനിയാണ് ഈ മഹാന്മാര്‍ പഠിക്കാന്‍ പോവുന്നത് എന്ന്... ഇന്നേ വരെ ലോകം കണ്ടിട്ടില്ലാത്ത സാങ്കേതിക വിദ്യയും ആളും കോപ്പും ഒക്കെ ഉപയോഗിച്ച് സൈന്യത്തിനെ ഇറക്കി അവര്‍ കണ്ടെത്താന്‍ പോവുന്ന പരമ സത്യം.. അപ്പോള്‍ ഇത് വരെ നാക്കിട്ടലച്ചിരുന്നതും പ്രസ്താവനകള്‍ ശര്ധിച്ചിരുന്നതുമെല്ലാം പുക... അത് കേട്ട് രക്തം തിളച്ചു മറിച്ചിരുന്ന നമ്മളെല്ലാം ആന മണ്ടന്മാര്‍.. ഗവര്‍ണറുടെ മുമ്പില്‍ ഒരു യാതൊരു ഉളുപ്പുമില്ലാതെ വായിച്ചു ഒപ്പ് വെച്ച  സത്യപ്രതിജ്ഞക്ക് അത് എഴുതിയ കടലാസ്സിന്റെ പോലും വില കല്‍പ്പിക്കാത്ത ഇവരെ ഒക്കെ നമ്പി നമ്മുടെ ജീവനും സ്വത്തും കരുതി വെക്കുന്ന നമ്മള്‍... ഹാ കഷ്ടം...

നമ്മള്‍ പാണ്ടികള്‍ എന്നൊക്കെ അന്യായമായി വിളിച്ചു കളിയാക്കിയിരുന്ന തമിഴന്മാരുടെ മുഖത്തേക്ക് നോക്കാന്‍ നാണം ആവുന്നു. അസൂയ തോന്നുന്നു. എന്തൊക്കെ പറഞ്ഞാലും അല്പമെങ്കിലും സഹജീവികളോട് ആത്മാര്‍ഥത പുലര്‍ത്തുന്ന ഒരു ഭരണ വര്‍ഗം അവര്‍ക്കുണ്ടല്ലോ.. ഇത് പോലെ കുടിച്ച വെള്ളത്തില്‍ പോലും വിശ്വസിക്കാന്‍ കൊള്ളാത്ത ജനപ്രതിനിധികള്‍ അവര്‍ക്കില്ലല്ലോ. ഇന്നലെ വരെ പ്രേമചന്ദ്രന്‍ അടക്കമുള്ള കുറെ വ്യക്തികള്‍ പ്രയത്നിച്ചു കെട്ടി പൊക്കി കൊണ്ട് വന്നിരുന്ന ഈ വിഷയം ഒരു ദയയും ഇല്ലാതെ അല്ലേ പൊളിച്ചടുക്കിയത്‌... ഇവരെ നമ്പി സമരമുഖതെക്കിറങ്ങിയ ലക്ഷക്കണക്കിന്‌ സാധാരണക്കാര്‍ ഇപ്പോള്‍ ആരായി? ഒരു കാര്യം തുറന്നു പറയണമല്ലോ ഇവനൊന്നും നമ്മുടെ ജീവനും സ്വത്തിനും സംരക്ഷണം തരും എന്ന് വിശ്വസിച്ചു ഇടുക്കിയിലും, കോട്ടയത്തും ഒന്നും ആരും ഇരിക്കണ്ട, കിട്ടാവുന്ന വേഗത്തില്‍ കൂടും കിടക്കയും പെറുക്കി പാലക്കട്ടെക്കോ, വയനാട്ടിലെക്കോ വിടാന്‍ നോക്കിക്കോ.. അല്ല അമരവിളക്കോ, വാളയാറിനോ  അപ്പുറം കിടക്കാന്‍ പറ്റുമെങ്കില്‍ അത്രയും നന്ന്.

ഇന്നലെ ഉച്ച ഭക്ഷണം കഴിക്കുമ്പോള്‍ കൂടെ ഉണ്ടായിരുന്നത് കന്നടക്കാരനും തമിഴനുമായിരുന്നു .. ഞങ്ങള്‍ സംസാരിക്കുമ്പോള്‍ ബെല്ലാരിയിലെ തിരഞ്ഞെടുപ്പായിരുന്നു വിഷയം.. അവര്‍ ഇരുവരും ബെല്ലാരിയിലെയും, മധുരയിലെയുമൊക്കെ നിരക്ഷരരായ ജനങ്ങള്‍ കാശും, സാരിയും ചാരായ കുപ്പിയും മറ്റും വാങ്ങി കാല്‍ കാശിനു കൊള്ളാത്ത ഗുണ്ടകള്‍ക്കും, കൊള്ളക്കാര്‍ക്കുമൊക്കെ വോട്ടു കുത്തുന്ന കാര്യം വലിയ വിഷമത്തോടെ പറഞ്ഞു. അപ്പോള്‍ ഒന്നും പറഞ്ഞില്ലെകിലും ഇന്ന് ഞാന്‍ അവരോടു പറയും, നിങ്ങളുടെ നാട്ടില്‍ കാശും സാരിയും ചാരായ കുപ്പിയും വാങ്ങി വോട്ടു കുത്തി അയക്കുന്ന ഗുണ്ടയും കള്ളന്മാരും, ഞങ്ങള്‍ നേരാം വണ്ണം തിരഞ്ഞെടുത്തയക്കുന്ന മാന്യന്മാരെക്കാള്‍ എത്ര ഭേദം എന്ന്

അഭിപ്രായങ്ങളൊന്നുമില്ല: