തിങ്കളാഴ്‌ച, ഡിസംബർ 05, 2011

നാട്ടുവഴികളിലെ പരദൂഷണച്ചരടുകള്‍


ഒരുപക്ഷെ കൊരംബില്ലത്ത് മമ്മത് ഹാജിയായിരിക്കും തന്റെ പേരിലുള്ള മെമ്മോറിയല്‍ ട്രോഫി വേറൊരാള്‍ക്ക് സമ്മാനിക്കാന്‍ ഭാഗ്യം സിദ്ധിച്ച ലോകത്തെ ആദ്യ മനുഷ്യന്‍. മകന്‍ അഷ്‌റഫ്‌ ദ്രിശ്യ ആര്‍ട്സ് ആന്‍ഡ്‌ സ്പോര്‍ട്സ് ക്ലബ്‌ എവര്‍ റോളിംഗ് ട്രോഫി സ്പോണ്‍സര്‍ ചെയ്യാം എന്ന് ഏറ്റത് തന്നെ ട്രോഫിക്ക് വാപ്പാന്റെ പേര് ഇടണം എന്ന ഒരൊറ്റ വാക്കിന്മേലാണ്. അങ്ങനെ കാന്നലിക്കാരന്‍ കുഞ്ഞി പോക്കരിന്റെ മകന്റെ പേര് ദേശം മുഴുവനും ഫേമസ് ആയി. ഇളയ മകന്‍ മുജീബും ഹാജീടെ അളിയന്‍ റസാക്കും പലവട്ടം പറഞ്ഞതാ "മലേഷ്യ ഡ്യൂട്ടി പെയ്ട്‌ ഷോപ്പിന്റെ" പേരിടാം ട്രോഫിക്ക് എന്ന്. പക്ഷെ അഷ്റഫിന് വാശിയായിരുന്നു  വാപ്പാന്റെ പേര് തന്നെ വേണം എന്ന്...അതിനു കാരണവും ഉണ്ട്.

ഹജ്ജിനു പോയി ഹാജിയായിട്ടു വന്നിട്ടും, ആവശ്യത്തിലേറെ സൗകര്യം വന്നിട്ടും വീട്ടുമ്പേര് ചോദിച്ചാല്‍ ഇപ്പോളും കന്നാലിക്കാരന്‍ കുഞ്ഞി പോക്കരിനാണ് പ്രസിദ്ധി . നാട്ടുകാരുടെ അസൂയ അല്ലാതെന്താ. ഉപ്പാപ്പയെ ഖബറടക്കി കൊല്ലം എത്ര കഴിഞ്ഞു. എന്നിട്ടും ആ പേര് പോയിട്ടില്ല. അങ്ങനെ നടാടെ വെട്ടുകാട്ടില്‍ കൊരംബില്ലത്ത് മമ്മത് ഹാജി മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫി ഉണ്ടാവുകയും അത് ആദ്യമായും അവസാനമായും ജീവ ആര്‍ട്സ് ആന്‍ഡ്‌ സപോര്‍ട്സ് ക്ലബ്‌ വേലൂപ്പാടം അടിച്ചെടുക്കുകയും, ക്യാപ്ടന്‍ റഫീഖ് ആ ട്രോഫി വാപ്പയുടെ കൈയ്യില്‍ നിന്ന് ഏറ്റുവാങ്ങുന്ന കാഴ്ച കണ്ടു അഷ്റഫ്  കോള്‍മയിര്‍ കൊള്ളുകയും ചെയ്തത്. അത് കഴിഞ്ഞു രണ്ടാം കൊല്ലം നാണൂട്ടി വൈദ്യരുടെ മകന്‍ സുരേന്ദ്രന്‍ ഗള്‍ഫിലേക്കും പോയി ദ്രിശ്യ ആര്‍ട്സ് ആന്‍ഡ്‌ സ്പോര്‍ട്സ് ക്ലബിന് താഴും വീണു എന്നത് വേറെ കാര്യം. ഇതൊന്നുമല്ല നമ്മുടെ വിഷയം.. നമ്മുടെ വിഷയം മമ്മത് ഹാജിയും.. മമ്മത് ഹാജിയുടെ വിഷയവും

മമ്മത് ഹാജി ഗള്‍ഫിലേക്ക് പോകുന്നതിനു മുമ്പ് പട്ടാളക്കാരനയിരുന്നുവെന്നു അച്ഛന്‍ പറഞ്ഞു കേട്ടിടുണ്ട്. റസാക്കിന്റെ മുറിയില്‍ പണ്ട് മറിച്ച് നോക്കിയാ ഒരു ആല്‍ബത്തിലും കണ്ടിരുന്നു കരമീശയുമായി ലാന്‍സ് നായിക് മുഹമ്മദ്‌ ബക്കര്‍ യൂണിഫോര്‍മില്‍. എങ്കിലും തിരിച്ചു വന്ന ശേഷമുള്ള  ആ വെളുത്തു തുടുത്ത ആകാരവും ശുഭ്ര വസ്ത്രവും എല്ലാം മൂപ്പരെ പട്ടാള വേഷത്തിന്റെ പരുക്കന്‍ ഭാവങ്ങളില്‍ നിന്നും ഒട്ടു ദൂരെ എത്തിച്ചിരുന്നു. പിന്നീടെന്നോ  പത്രത്തിലോ ടീവിയിലോ വാര്‍ത്തയില്‍ മുന്‍മന്ത്രി കുഞ്ഞാലിക്കുട്ടിയെ കണ്ട ആരോ പറഞ്ഞത് ഓര്‍മയുണ്ട് ഇയ്യാള്‍ നമ്മുടെ മമ്മതിനെ പോലെ ഉണ്ടല്ലോ എന്ന്. സ്കൂളില്‍ പഠിക്കുന്ന കാലത്ത് എന്റെ സ്റ്റാമ്പ്‌ ശേഖരത്തില്‍ വിലസിയിരുന്ന തൊപ്പിവെച്ച നേതാവിന്റെയും പൂവുള്ള കോഴിയുടെയും മലേഷ്യ സ്റ്റാമ്പുകള്‍ മമ്മത് ഹാജിയുടെ മലേഷ്യന്‍ കത്തുകളില്‍ നിന്നും ഇളക്കി റസാക്ക് കൊണ്ട് വന്നു തന്നിരുന്നതായിരുന്നു.

അതിനു അവനു വേണ്ട പോലെ കൈയ്യാലക്കപ്പുറത്ത് നിന്നിരുന്ന പ്രിയോര്‍  മാവിന്റെ അറയില്‍ പഴുക്കാന്‍ വെച്ചിരുന്ന മാമ്പഴങ്ങള്‍,  അമ്മയറിയാതെ  എടുത്തു അവനു സ്കൂളില്‍ കൊണ്ട് പോയി കൊടുത്തിട്ടുമുണ്ട്. അക്കാലത്തൊക്കെ മമ്മതു ഹാജി ലീവില്‍ വരുന്നത് റസാക്ക് ചോറ് പത്രം തുറക്കുമ്പോള്‍ മനസ്സിലാക്കുമായിരുന്നു. വറുത്ത കോഴിയും, താറാം മുട്ട കറിയും, അടുക്കു പത്രത്തില്‍ നിന്ന് മണം, കൊല്ലത്തിലൊരിക്കല്‍ തൃശൂര്‍ ഇന്ത്യന്‍ കോഫി ഹൌസിലെ ചിക്കന്‍ കട്ട്ലെട്ടില്‍ മാത്രം സസ്യേതരം ഒതുങ്ങുന്ന നമ്മളെയൊക്കെ വായില്‍ കപ്പല്‍ ഇറക്കേണ്ട ഗതിയില്‍ ആക്കുമായിരുന്നു. അമ്മ തന്നു വിടുന്ന കായയും പയറും മൊളോഷ്യം കാണുമ്പോള്‍ വെപ്പുകാരന്‍ അച്ചുന്നയരെ കൊല്ലാനുള്ള ദേഷ്യവും.

ഇരുവരും ഹൈ സ്കൂളിലേക്ക് എത്തിയപ്പോഴേക്കും ഹാജി മലേഷ്യന്‍ വാസവും കഴിഞ്ഞു പുതിയ പുരപ്പണി തുടങ്ങിയിരുന്നു. പിന്നെ പിള്ളേരും പെമ്പിള്ളെരുടെ കേട്ടിയവന്മാരും ഒന്നൊന്നായി ഗള്‍ഫിലേക്ക് പോവുകയും ഓരോരുത്തരായി മടങ്ങി വന്നു നാടൊട്ടുക്കും ചവറു പോലെ ഡ്യൂട്ടി പെയ്ട്‌ ഷോപ്പുകള്‍ തുടങ്ങുകയും ചെയ്തത്. കുന്നംകുളതും ചാവക്കാടും, അഞ്ഞൂരും, പുതുപൊന്നനിയിലുമൊക്കെയയി ഏഴു കടകള്‍. പിന്നെയാണ് റസാക്ക് മെഡിക്കല്‍ ഷോപ്പ് രണ്ടെണ്ണം തുടങ്ങിയത് .

അക്കാലത്തു തൃശൂര്‍ക്ക് കോളേജില്‍ പോകാന്‍ ബസ്സ്‌ കാത്തു നില്‍കുമ്പോള്‍ കാലന്‍ ദുബായ് കുടയും പിടിച്ചു ഏതെങ്കിലും ഒരു കടയിലേക്ക് പോകാന്‍ നില്‍കുന്ന ഹാജിയാരെ എന്നും കാണാറുണ്ടായിരുന്നു. അങ്ങനെയിരിക്കുമ്പോള്‍ ഒരു ദിവസം പുള്ളി കടേ പോക്കും നിറുത്തി. മക്കളാരോ വാപ്പനോട് അടങ്ങി ഒതുങ്ങി വീട്ടില്‍ ഇരുന്നാല്‍ മതിയെന്ന് പറഞ്ഞു എന്നത് കാതരപ്ലയുടെ ചായക്കടയിലെ സംസാര വിഷയം. പിന്നെ കോളേജ് കഴിഞ്ഞപ്പോള്‍ ഗള്‍ഫ്‌ വിസ എന്നാ പൂതി കയറി റസാക്ക്  വഴി അവന്റെ ഒരു സുഹൃത്തിനെ വെച്ച്  ഒരു ശ്രമം നടത്തിയിരുന്ന കാലത്ത് ഇടയ്ക്കു അവരുട വീട്ടില്‍ പോകാറുണ്. അക്കാലത്തു  ഒരക്ഷരം ഉരിയാടാതെ ഒരു മെഴുകു പ്രതിമ പോലെ ഉമ്മറത്തെ ചാരുകസേരയില്‍ ഇരിക്കുന്ന ഹാജി ഒരു കൌതുക കാഴ്ച തന്നെയായിരുന്നു. വന്നു കയറുന്നവരോട് ഒരു ചിരിയില്‍ മാത്രം അടക്കുന്ന ഇടപഴകല്‍.


ആ സമയത്ത് കേട്ടിരുന്നതാണ് ഹാജിയും, ബീവി  കൌസുംമയും ആയുള്ള വഴക്കിന്റെ കഥകള്‍. എന്നും ബഹളമാണ് എന്നൊക്കെ തുണി അലക്കാന്‍ വരുന്ന തങ്കമണി അമ്മയോട് പറയുന്നത് കേട്ടപോള്‍ എനിക്ക് വിശ്വസിക്കാന്‍ തോന്നിയില്ല. ആരോടും  ഒന്നിനും പോവുന്നത് കണ്ടിട്ടില്ലാത്ത ഇത്ര സാത്വികാനായ ആ മനുഷ്യന്‍.... “ വാ തുറന്നാല്‍ കേട്ടാല്‍ അറയ്ക്കുന്ന തെറിയാണ് മാപ്ല പറയ"….” അമ്മിയില്‍ അരച്ച് കൊണ്ടിരുന്ന തങ്കമണിയുടെ വാക്കിലും  എരിവും പുളിയും ചേരുന്നതായിട്ടെ അപ്പോള്‍ തോന്നിയുള്ളൂ. പിന്നെ ഹോളിവുഡ് വീഡിയോ ലൈബ്രറിയില്‍ സൊറ പറഞ്ഞിരിക്കുമ്പോള്‍, അവിടെ നിക്കുന്ന ചെക്കനാണ്  , മുതലാളിയുടെ കഥകള്‍ കൂടുതല്‍ വ്യക്തമാക്കി തന്നത്.

"മൂപ്പര്‍ക്കെ... എല്ലാ ദീസോം അന്തി മയങ്ങിയാ ഒരു പോക്കുണ്ടേ... അതാ തള്ളക്കും പിള്ളേര്‍ക്കും പിടിക്കനില്ല്യെ ..അതിന്റെ പേരിലാ ഈ തല്ലും വക്കാനവുമോക്കെ… ആ താഴെല്ലോന്റെ ഭാര്യ അവരടെ വീട്ടിലേക്കു താമസം മാറ്റി.. ഈ വാപ്പ ഇള്ളപ്പോ വീട്ടില്‍ നിക്കാന്‍ പറ്റില്ലാന്നു തീര്‍ത്തു പറഞ്ഞു 

“എവിടെക്കാ മൂപ്പെര്ടെ പോക്ക് എന്നറിയോ?  അത് നമ്മുടെ ഫാസ്റ്റ് പാസ്സന്ജര്‍ ഇല്ലേ … ആ പഴയ റോഡിലുള്ള പണിക്കത്തി .. ശവം … അവളെ എന്നും തൃശ്ശൂര് നൂണ്‍ ഷോവിനു കൊണ്ടോവുന്നതാ അങ്ങാടീലെ ചുള്ളന്മാരെ.. ഈ ഹാജിയാര്‍ക്ക് വേറൊന്നും കിട്ടിയില്ല.  അവടെ കസ്റ്റമേഴ്സ് അധികവും ആ ആര്യങ്ങാടീലെ ടീമോള”. ഇടയ്ക്കു കയറി വന്ന അഷ്രഫ് ഞങ്ങളുടെ പരദൂഷണ ചരട് മുറിച്ചു.

പിന്നെ കുറച്ചു ദിവസം അച്ഛനു ബുദ്ധി വന്നു മംഗലാപുരത്ത് എന്ജിനീരിങ്ങിനു കാശ് മുടക്കി ഒരു സീറ്റ്‌ ഒപ്പിച്ചു കയറ്റി വിട്ടത് , കെട്ടും കിടക്കയും പെറുക്കി , നാടിനോടും നാട്ടുവഴികളോട് ബൈ ബൈ പറഞ്ഞതും  അതിനു ശേഷം , ഇന്നുവരെ വര്‍ഷത്തിലൊരു , ഓണമോ വിഷുവോ അല്ലാതെ രണ്ടു ദിവസം അടുപ്പിച്ചു നാട്ടില്‍ കഴിയാനുള്ള അവസരം കിട്ടിയിരുന്നില്ല. അതിനിടക്കാണ്‌ കഴിഞ്ഞ മാസം രണ്ടും കല്പിച്ചു ഒരു പത്തു ദിവസം തുടര്‍ച്ചയായി ലീവ് എടുത്തതും നാട്ടിലേക്കു വന്നതും ..

ചിറ കാണണം എന്ന് പറഞ്ഞു മകനെയും കൂടി നടന്നപ്പോള്‍ നാട്ടുവഴികളിളുടെ ഒരു ചെറു യാത്രയായിരുന്നു മനസ്സില്‍ … നാട്ടിന്‍പുറം എന്നത് ഒരു സങ്കല്പായി മാറി എന്നത് വളരെ പെട്ടന്ന് മനസ്സിലായി . ചീറി പായുന്ന  ഇത്രയും വിദേശ കാറുകള്‍ ഒരുമിച്ചു വേറെ ഒരു ഇന്ത്യന്‍ സിറ്റിയിലും ഞാന്‍ കണ്ടിട്ടില്ല. പാടങ്ങളെല്ലാം മണ്ണിട്ട്‌ മൂടിയിരിക്കുന്നു (വെട്ടിനിരതലോക്കെ എന്തായോ ആവോ? ). ഹാജിയുടെ വീടിനടുത് എത്തിയപ്പോള്‍  കണ്ടത് വലിയ ആമ താഴിട്ടു പൂതിയ ഇരുമ്പു ഗേറ്റ് ആണ്. മുറ്റമോക്കെ കരിയില മൂടിയിരിക്കുന്നു. ആള്‍ താമസം ഇല്ലാതെ ആയിട്ടു ഒരു പാട് കാലമായ പോലെ. അപ്പോഴാണ് ചെക്കന് കിറ്റ്‌ കാറ്റ് തിന്നാന്‍ പൂതി കേറിയത്‌ . സുഗുണന്റെ കടയില്‍ അപ്പോള്‍ സുഗുണന്‍ മാത്രം . ”തമ്പ്രാന്‍ എന്നാ പോണേ?”.“ആ.. മൂന്ന് നാലു ദിവസം കൂടിയുണ്ട് ” “അവിടെ മാന്ദ്യം ഒക്കെ എങ്ങിനെ?” (ജോലി പോയാണോ വന്നത് എന്ന് വ്യംഗ്യം).“അങ്ങനെ വലിയ പ്രശ്നം ഒന്നുമില്ല സുഗുണാ … നാട്ടിലൊക്കെ ഇപ്പോള്‍ എന്താ വിശേഷം ”… “എവിടെ എന്താ വിശേഷം … ഇലെക്ഷന്‍ അല്ലെ … അതിന്റെ പുകില് ”.. “എന്താ സുഗുണാ , നമ്മടെ അഷ്റഫിന്റെ വീട്ടിലൊന്നും ആരും ഇല്ലേ?”

“ആ .. പൂട്ടി കിടക്കെയാ ”.. “അവരൊക്കെ ഓരോരോ സ്ഥലത്തല്ലേ .. ആ ഉമ്മ രണ്ടാമതോണ്ടേ കൂടെ തിരൂരങ്ങാടിയിലാ. മൂത്തോന്‍ കൊച്ചീലാ .. ഇത് വിക്കാന്‍ ഇട്ടിരിക്കാന്നു പറഞ്ഞു മീശ ഗോപാലന്‍ കുറച്ചു കാലം ആരെയൊക്കെയോ കൊണ്ട് കാണിക്കുന്ന കണ്ടിരുന്നു പിന്നെ അതും നിന്നു.. ഇപ്പ പക്ഷെ ആളും അനക്കവും ഒന്നും ഇല്ല. ഇപ്പൊ പിന്നെ എല്ലാം മാന്ദ്യം അല്ലെ ”…

“അപ്പൊ ഹാജിയോ? ” …

“ഓ.. അത് അറിഞ്ഞില്ല അല്ലെ .. അങ്ങേരെ ഭ്രാന്തു മൂത്ത് ആസ്പത്രീലാക്കി ഇപ്പൊ കൊല്ലം നാലാവുന്നു … ഇപ്പൊ ഒരു വിവരവും ഇല്ല. ആകെ ബഹളവും .. തല്ലും വഴക്കുംയിരുന്നു .. മൂപ്പര് തുണി ഉടുക്കാണ്ടെ ഒക്കെ ഇറങ്ങി ഓട്ടമായി..അതോടെ പിടിച്ചോണ്ട് ആസ്പതീലാക്കി.  അതാ എല്ലാവരും ഇവിടെ നിന്നും സ്ഥലം കാലിയാക്കിയത് …” “എന്നാ ഞാന്‍ ഇറങ്ങട്ടെ സുഗുണാ ”…

ചിറയുടെ മണം എന്റെം മോന്റെയും എല്ലാ മോഹവും അണച്ചു... കുളിക്കാന്‍ പോയിട്ട് വെള്ളം പോലും തൊടാതെ ഞങ്ങള്‍ തിരിച്ചു നടക്കുന്നത് പഴയ റോഡു വഴയാക്കിയത് വഴിയാക്കിയത് മനപ്പൂര്‍വം ആയിരുന്നു … പണിക്കത്തിയുടെ പുര നിന്നിടത് … യേശു വിളിക്കുന്നു … പെന്തകോസ്റ്റ് പ്രാര്‍ഥനാലയം … ദൈവവചനങ്ങള്‍. റോട്ടിലേക്ക് കയറിയപ്പോള്‍ ഒന്ന് തിരിഞ്ഞു നോക്കി … ഹാജി പാടവരമ്പും കടന്നു വരുന്നുണ്ടോ എന്ന് …

അഭിപ്രായങ്ങളൊന്നുമില്ല: