ഞായറാഴ്‌ച, നവംബർ 20, 2011

മനസ്സില്‍ ഇടം നേടിയ പത്തു ചിത്രങ്ങള്‍..


എന്റെ മനസ്സില്‍ ഇന്നും തങ്ങി നില്‍ക്കുന്ന പത്തു സിനിമകളുടെ ഒരു പട്ടിക... പ്രിയപ്പെട്ട നൂറു ചിത്രങ്ങള്‍ തിരഞ്ഞെടുത്തു കൊണ്ട് നടക്കുന്ന ആ ത്രെഡ് തന്നെ ഈ കുറിപ്പിന്റെ പ്രചോദനം... പത്തു  മുപ്പതു വര്‍ഷമായി കാണുന്ന സിനിമകള്‍ക്കിടയില്‍ ഓര്‍മയില്‍ തങ്ങി നില്‍ക്കുന്ന പത്തു മലയാളം സിനിമകള്‍ തിരഞ്ഞെടുക്കുമ്പോള്‍.. സ്ഥിരം സിനിമ കണ്ടു പോന്ന ഒരു കാലഘട്ടത്തില്‍ നിന്നും കൂടുതല്‍ ചിത്രങ്ങള്‍ വന്നത് സ്വാഭാവികം. ഓരോ ചിത്രവും അത് കണ്ട കാലഘട്ടത്തിന്റെ പശ്ചാത്തലത്തില്‍,  അത് കണ്ട പ്രായത്തിന്റെ പരിഗണനയില്‍ ആണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.. ഇന്ന് ഇരുന്നു കാണുകയാണെങ്കില്‍ അതെ ചലച്ചിത്രാനുഭവം ഉണ്ടായി കൊള്ളണം എന്നില്ല.. ഓരോന്നും ഇഷ്ടപ്പെടാനും ഓര്‍മയില്‍ സൂക്ഷിക്കാനും ചില പ്രത്യേക കാരണങ്ങള്‍ ഉണ്ട്... ഒരു പ്രധാനപെട്ട വസ്തുത ഈ സിനിമകളില്‍ പലതും ഞാന്‍ ഒന്നോ രണ്ടോ തവണ മാത്രമേ കണ്ടിട്ടുള്ളൂ എന്നതാണ്.പതിവായി എന്നും ചാനലുകളില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമകള്‍ ഈ പട്ടികയില്‍  ചുരുക്കമാണ്. അത് കൊണ്ട് തന്നെ ആദ്യമായി കണ്ടപ്പോള്‍ മനസ്സില്‍ കയറിക്കൂടാനും, അത് ഇത്രയും കാലമായി തന്നെ മനസ്സില്‍ നില നില്‍ക്കാനും തക്കതായ എന്തോ ഈ സിനിമകളില്‍ ഉണ്ട് എന്നുള്ള ഒരു തോന്നലും.അവ വ്യക്തമായ ഒരു ഓര്‍ഡറില്‍ അല്ല എന്ന് കൂടി പറഞ്ഞു വെച്ച് നേരിട്ട് പട്ടികയിലേക്ക് ...

1. തനിയാവര്‍ത്തനം - ഒരു സിനിമ അതിന്റെ ഹാങ്ങ്‌ ഓവറില്‍ കുറച്ചു ദിവസങ്ങള്‍. അപൂര്‍വമായ ഒരു അനുഭവം ആണ് അത്. കണ്ടു കഴിഞ്ഞു തീയറ്റെരില്‍ നിന്നും ഇറങ്ങുമ്പോള്‍ തന്നെ പല ചലച്ചിത്രങ്ങളെയും  മറക്കാനും വെറുക്കാനും തുടങ്ങുന്ന ഈ കാലഘട്ടത്തില്‍. ഒരു പക്ഷെ  ഇനി ഒരിക്കല്‍ കൂടി ഈ സിനിമ ഇരുന്നു കാണാന്‍പറഞ്ഞാല്‍ ഞാന്‍ ധൈര്യം കാണിക്കില്ല..കാരണം എന്നെ ഒരു പാട് വേദനിപ്പിച്ച ഒരു സിനിമ ആണ് തനിയാവര്‍ത്തനം. അത്രക്കും മനസ്സിനെ സ്പര്‍ശിച്ചു മരുതെമ്പള്ളി ബാലന്‍ മാസ്റ്റര്‍. ആ കഥാപാത്രത്തിന്റെ ദുരന്തം തനിക്കും സംഭവിക്കാവുന്നതാണ് എന്ന് തോന്നലാവാം, ആ സിനിമയില്‍ കണ്ട അന്തരീക്ഷം വളരെ പരിചിതമായിട്ടുള്ളതായതാവാം (identify ചെയ്യുന്ന). എന്തോ... മനസ്സിനെ സ്പര്‍ശിച്ചു എന്ന് എടുത്തു പറയാവുന്ന ഒരു ചലച്ചിത്രാനുഭവം ആയിരുന്നു തനിയാവര്‍ത്തനം... ഒരേ ഒരിക്കല്‍ മാത്രം അതും പ്രീ ഡിഗ്രിക്ക് പഠിക്കുമ്പോള്‍, കണ്ട സിനിമയാണ്. പല രംഗങ്ങളും ഇപ്പോഴും അതേപടി മനസ്സില്‍ പതിഞ്ഞിരിപ്പുണ്ട്...

2. പാദമുദ്ര - മോഹന്‍ലാല്‍ എന്ന നടന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും നല്ല രണ്ടു കഥാപാത്രങ്ങള്‍  ഈ ഒരൊറ്റ സിനിമയില്‍ ആണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. മാതു പണ്ടാരം എന്ന അച്ചനും സോപ്പ് കുട്ടപ്പന്‍ എന്ന മകനും. അദ്ദേഹത്തിനു അഭിനയകലയുടെ സകല ഭാവങ്ങളും പ്രതിഫലിപ്പിക്കാന്‍ വേണ്ട വക ആ കഥാപാത്രങ്ങളില്‍ ഒരുക്കി വെച്ചിരുന്നു എന്നത് എം സുകുമാരന്റെ കഴിവ്. ക്രിസ്തുവിന്റെ കുരിശാരോഹണത്തെ അനുസ്മരിപ്പിക്കുന്ന കുട്ടപ്പന്റെ എല്ലാ വേദനകളുടെ വേലിക്കെട്ടുകളും പേറി കൊണ്ടുള്ള മലകയറ്റം ഉള്ളിന്റെ ഉള്ളില്‍ കൊളുത്തി വലിച്ചിരുന്നു. അവാര്‍ഡുകള്‍ ഒന്നും ആ സിനിമയ്ക്കോ ആ സിനിമ വഴി മോഹന്‍ലാലിനോ കിട്ടിയില്ല എന്നാണു ഞാന്‍ ഓര്‍ക്കുന്നത്... പക്ഷെ ഭാരതത്തിലെ രാമനാഥന്റെയും, കിരീടത്തിലെ സേതു മാധവന്റെയും മുകളില്‍ ഞാന്‍ ഈ കഥാപാത്രങ്ങളെ പ്രതിഷ്ടിക്കുന്നു.

3. യവനിക - ഈ സിനിമ അക്കാലത്തു ഒരു വ്യത്യസ്തമായ അനുഭവം ആയിരുന്നു എന്നാ ക്ലീഷേ തന്നെ പ്രയോഗിക്കേണ്ടി വരും. കണ്ടു മടുത്ത കുറ്റാന്വേഷണ കഥകളില്‍ നിന്നൊക്കെ വ്യത്യസ്തമായി,  പിരിമുറുക്കം ഒട്ടും ചോരാതെ തന്നെ ആഖ്യാനത്തിലും അന്തരീക്ഷത്തിലും  സ്വാഭാവികത കലര്‍ത്താന്‍ കെ ജി ജോര്‍ജ്ജ് എന്ന ചലച്ചിത്രകാരന് കഴിഞ്ഞു എന്നത് ഒരു ചെറിയ കാര്യമല്ല... തബലിസ്റ്റ് അയ്യപ്പന്‍ മുതല്‍ ഈരാളി വരെ... ഒന്നിനൊന്നു മികച്ച, കഥാപാത്രങ്ങള്‍... മനസ്സില്‍ തങ്ങി നില്‍ക്കുന്ന രീതിയില്‍ കോര്‍ത്തെടുത്തു എന്നതും മറ്റൊരു സംഗതി. വീണ്ടും വീണ്ടും കാണുമ്പോളും ആസ്വദിക്കാന്‍ കഴിയുന്ന ഒരേ ഒരു കുറ്റാന്വേഷണ ചിത്രം എന്ന് യവനികയെ വിശേഷിപ്പിച്ചാല്‍ തെറ്റില്ല... അത്  പോലെ തന്നെ ഒട്ടും പരിചിതമല്ലാതിരു നാടകലോകം എന്ന പശ്ചാത്തലത്തെന്ന അതിന്റെ എല്ലാ തനിമയോടും കൂടി  അവതരിപ്പിച്ചു എന്നതും.  മസ്സില്‍ പിടിക്കാതെ, ഘന ഗംഭീരന്‍ ഡയലോഗുകള്‍ ഇല്ലാതെ ഒരു കുറ്റാന്വേഷകനെ അവതരിപ്പിച്ചു എന്നത് അക്കാലത്തെ ഒരു മറക്കാനാവാത്ത അനുഭവം...

4. പഞ്ചവടിപ്പാലം - യവനിക പോലെ തന്നെ മറ്റൊരു landmark ചലച്ചിത്രമാണ് പഞ്ചവടിപ്പാലം... അത് വരെ ആരും നടക്കാത്ത ഒരു വഴിയില്‍, നടക്കാന്‍ ധൈര്യം കാണിച്ച ഒരു സംവിധായകന്‍ ആയിരുന്നു കെ ജി ജോര്‍ജ്ജ് എന്ന് തെളിയിച്ച ഒരു സിനിമയായിരുന്നു പഞ്ചവടിപ്പാലം. പദ്മരാജന്‍ പദ്മരാജന്‍ എന്ന് നാഴികക്ക് നാല്‍പതു വട്ടം മന്ത്രം ചെല്ലുന്ന ഇന്നത്തെ മഹാന്മാര്‍ പഞ്ചവടിപ്പാലം, യവനിക, ഇരകള്‍, ആദമിന്റെ വാരിയെല്ല് എന്ന നാല് ചിത്രങ്ങള്‍ കണ്ടു നോക്കണം എന്ന് എനിക്ക് പറയാനുണ്ട്. പിന്നീട് വന്ന ചിത്രങ്ങള്‍ ഒന്നും ഈ നിലവാരത്തില്‍ എത്തിക്കാന്‍ കഴിഞ്ഞില്ല എന്ന് പറഞ്ഞു വെച്ചാലും അദ്ധേഹത്തിന്റെ മദ്ധ്യവര്‍ത്തി സിനിമകള്‍ക്കുള്ള സംഭാവനകള്‍ അവഗണിക്കാന്‍ പറ്റില്ല എന്ന് പറഞ്ഞു വെക്കട്ടെ. പഞ്ചവടിപ്പാലം എന്ന ഒരു ഒന്നാംതരം സറ്റയര്‍ . അതിനു ശേഷം ഇന്നേ വരെ ആര്‍ക്കും ഈ ജോണരില്‍ ഒരു സിനിമ നിര്‍മിക്കാന്‍ ഉള്ള ഒരു ശ്രമം പോലും നടത്താന്‍ കഴിഞ്ഞിട്ടില്ല. ദുശാസന കുറുപ്പ്, പൂതനാമ്മ, ജീമൂതവാഹനന്‍, ബരാബാസ്... പേരുകളില്‍ പോലും നര്‍മം നിറച്ചു നിര്‍മിച്ച ഈ ചിത്രം ഇന്ന് കാണുമ്പോഴും അന്നത്തെ പോലെ പ്രസക്തമായ സാമൂഹിക വിമര്‍ശനം മുന്നോട്ടു വെക്കുന്നു എന്നത്  ഈ ചലച്ചിത്രത്തിന്റെ മലയാള സിനിമ ലോകത്തുള്ള സ്ഥാനം വ്യക്തമാക്കുന്നു.

5. സൂസന്ന - ടി വി ചന്ദ്രന്റെ സൂസന്ന എന്ന ചിത്രം പലരും മറന്നു പോയിരിക്കുന്നു... പക്ഷെ മലയാളി സമൂഹത്തിന്റെ നാണമില്ലാതെ കൊണ്ട് നടക്കുന്ന ഹിപ്പോക്രസിക്ക് നേരെ മുഖം അടച്ചുള്ള ഒരു അടി എന്ന നിലക്ക് എന്നെ വളരെ ആകര്‍ഷിച്ച ഒരു ചിത്രമാണ് സൂസന്ന. ആരും ഒരു പക്ഷെ ശ്രമിക്കാന്‍ മടിക്കുന്ന ഒരു വിഷയം കൈകാര്യം ചെയ്യാന്‍ ധൈര്യം കാണിച്ചു. അത് വളരെ കൈയ്യടക്കത്തോടെ അവതരിപ്പിച്ചു എന്ന രണ്ടു കാര്യങ്ങള്‍ സൂസന്നയെ എന്റെ പ്രിയപ്പെട്ട ഒരു സിനിമ ആക്കുന്നു. നമ്മുടെ മനസ്സാക്ഷിയെ കുത്തി നോവിക്കുന്ന സൂസന്നയെ പോലെ വളരെ ശക്തമായ ഒരു സ്ത്രീ കഥാപാത്രം പില്‍ക്കാലത്ത് ഒരിക്കലും നമുക്ക് കാണാന്‍ കഴിഞ്ഞിട്ടില്ല. ഒരു പക്ഷെ സസൂക്ഷ്മം കൈകാര്യം ചെയ്തില്ലായിരുന്നെങ്കില്‍ പാളി പോകുമായിരുന്ന ഒരു വിഷയമായിരുന്നു സൂസന്നയിലൂടെ ശ്രീ ചന്ദ്രന്‍ നമ്മോടു പറഞ്ഞത്. പക്ഷെ നമ്മുടെ എല്ലാം ഉള്ളിലുള്ള ഹിപ്പോക്രയിറ്റ് എത്രയും വേഗം അത്തരം കഥാപാത്രങ്ങളെ കാര്പെട്ടിന്‍ അടിയില്‍ ഒളിപ്പിച്ചു വെച്ച് വെളുക്കെ ചിരിച്ചു  മറവി ഭാവിച്ചു ഓടി പോകാനാണ് ശ്രമിച്ചത്.. എന്ത് പറഞ്ഞാലും എന്നെ സംബന്ധിച്ചേടത്തോളം ഒരു അതിശക്തമായ ഒരു കഥാപാത്രമായിരുന്നു സൂസന്ന..

6. വചനം - ഈ സിനിമ എന്ത് കൊണ്ട് ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞാല്‍ ഒറ്റവാക്കില്‍ പറയാം ... ഇത് പുറത്തു കൊണ്ട് വന്ന ഇന്ത്യന്‍ നിയമ വ്യവസ്ഥയില്‍ ഇന്നും പ്രസക്തമായിട്ടുള്ള ഒരു പ്രതിസന്ധി, അത് ഇത്രത്തോളം ഗൌരവത്തോടെ  ഇത്രയും സാമൂഹിക പ്രതിബദ്ധതയോടെ ആരും പറഞ്ഞിട്ടുള്ളതായി ഞാന്‍ പിന്നീട് ഒരിക്കലും കണ്ടിട്ടില്ല. തന്റെ കണ്‍ മുന്‍പില്‍ നടന്ന ഒരു കുറ്റകൃത്യം കോടതിക്ക് മുന്നില്‍ തെളിയിക്കാന്‍ പറ്റാത്ത ഒരു ശരാശരി പൌരന്റെ നിസ്സഹായാവസ്ഥ, അതാണ്‌ വചനം കണ്ടപ്പോള്‍ എന്റെ മനസ്സില്‍ കയറി കൂടിയത്. പിന്നെ പറയുക ആണെങ്കില്‍ കാസ്ടിങ്ങില്‍ ശ്രീ ലെനിന്‍ രാജേന്ദ്രന്‍ കാണിച്ച ചില പുതുമകള്‍ അക്കാലത്തെ വളരെ അപൂര്‍വമായിരുന്ന ഒന്നായിരുന്നു. അത് വരെ സാത്വിക വേഷങ്ങളില്‍ മാത്രം നാം കണ്ടിട്ടുള്ള ചാരുഹാസന്റെ കണ്ണില്‍ എരിയുന്ന ക്രൌര്യ ഭാവം കണ്ടെത്തിയ സംവിധായകന്റെ സൂക്ഷ്മത, സുരേഷ് ഗോപിയെ, ജയറാമിനെ, ശ്രീവിദ്യയെ ... ഇവരെ ഒക്കെ അവരുടെ കംഫോര്ട്ട് സോണിനു പുറത്തിറക്കി എന്നിട്ടും തന്മയത്വം ഒട്ടും ചോരാതെ കാസ്റ്റ് ചെയ്തു... അത് വളരെ interesting ആയി തോന്നി.

7. താഴ്വാരം - തുടക്കം ഒരു പക്ഷെ ക്ലിന്റ് ഈസ്റ്റ്‌വുഡ് സിനിമകളെ അനുസ്മരിപ്പിച്ചു എങ്കിലും ഭൂപ്രകൃതി (landscape) ആഖ്യാനവുമായി ഇത്രയേറെ സന്നിവേശിച്ച ഒരു സിനിമയും മലയാളത്തില്‍ ഉണ്ടായിട്ടില്ല എന്ന് പറയാം. ചുരുക്കം ചില കഥാപാത്രങ്ങളിലൂടെ, അട്ടപ്പാടിയുടെ ചൂരും നിറവും സന്നിവേശിപ്പിച്ചു ഭരതന്‍ ഒരു വേള്‍ഡ് ക്ലാസ്സ്‌ ചലച്ചിത്രം ആണ് താഴ്വാരത്തിലൂടെ ഒരുക്കിയിരിക്കുന്നത് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്.. എം ടി യുടെ സ്ക്രിപ്റ്റില്‍ ആവശ്യത്തില്‍ കവിഞ്ഞു ഒരു വാക്ക് പോലും ഇല്ല. തന്റെ ജീവന് വേണ്ടി പോരാടുന്ന നായകന്‍, കൊടും ക്രൂരതകള്‍ എത്രയോ ലാഘവത്തോടെ നിരവ്ഹിക്കുന്ന വില്ലന്‍... അതും ഒരു പുതുമയായിരുന്നു. നായകനും വില്ലനും എല്ലാം പതിവ് സങ്കല്‍പ്പങ്ങളെ തച്ചു തകര്‍ത്തു പുറത്തു വന്ന ഒരു വ്യത്യസ്ത അനുഭവം ആയിരുന്നു താഴ്വാരം. ഭരതന്റെ ക്രാഫ്റ്മാന്‍ഷിപ്പ്, അതിന്റെ കൊടുമുടി ആയിരുന്നു താഴ്വാരം. മോഹന്‍ലാല്‍, സലിം ഘൌസ്, ശങ്കരാടി, സുമലത...  എക്കാലത്തെയും മികച്ച ഒരു ത്രില്ലെര്‍



8. വാസ്തുഹാര - ഒരു കാലഘട്ടത്തിന്റെ കഥ പറയാന്‍ വലിയ ആനയും അമ്പാരിയും ഒന്നും ആവശ്യമില്ല എന്ന് അരവിന്ദന്‍ എന്ന കലാകാരന്‍ തെളിയിച്ച സിനിമയാണ് വാസ്തുഹാര. ബന്ധങ്ങള്‍ അതിന്റെ തീവ്രത, ജീവിത പ്രതിസന്ധികളില്‍ തെളിയുമ്പോള്‍, ഉള്ളില്‍ കൊളുത്തി വലിക്കുന്ന മുഹൂര്‍ത്തങ്ങള്‍ ഒട്ടും അതി ഭാവുകത്വം കൂടാതെ അവതരിപ്പിച്ചിരിക്കുന്നു അദ്ദേഹം. അന്ന് വരെ കണ്ടിട്ടില്ലാത്ത ഒരു പശ്ചാത്തലം, മോഹന്‍ലാലിന്റെയും, നീന ഗുപ്തയുടെയും, നീന ഗുപ്തയുടെ അമ്മയായി അഭിനയിച്ച പെരോര്‍മയില്ലാത്ത ആ ബംഗാളി നടിയുടെയും മിതത്വം പുലര്‍ത്തുന്ന അഭിനയം, identify ചെയ്യാവുന്ന ഒരു കഥാസന്ദര്‍ഭം, ഒരു കാലഘട്ടത്തിന്റെ കടും ചായം കലരാത്ത യഥാതഥമായ ആവിഷ്കാരം, അരവിന്ദന്റെ മറ്റു ചിത്രങ്ങളില്‍ (ഒരു പക്ഷെ ചിദംബരവും, ഒരിടത്തും ഒഴികെ) അനുഭവിച്ചിട്ടുള്ള ലാഗിന്റെ അഭാവം,  എന്നിവ വാസ്തുഹാര എന്ന ചലച്ചിത്രത്തെ എനിക്കിഷ്ട്ടപെട്ട ചിത്രങ്ങളുടെ പട്ടികയില്‍ എത്തിക്കുന്നു.

9. സദയം - ഒരു നടന്‍ എന്ന നിലയില്‍ മോഹന്‍ലാല്‍ കൈകാര്യം ചെയ്തിട്ടുള്ളതില്‍ വെച്ച് വളരെ റിസ്കി ആയ ഒരു റോള്‍ ആണ് സദയതിലെത്...ക്രൂരമായ കൊലകള്‍ നടത്തി തൂക്കി കൊല്ലാന്‍ വിധിക്കപ്പെട്ട ഒരു പ്രതിയോട് പ്രേക്ഷക മനസ്സില്‍ സഹാനുഭൂതി ജനിപ്പിക്കുക എന്നത് (അയാള്‍ രണ്ടു കൊച്ചു കുട്ടികളുടെ അടക്കമുള്ള ആ അരും കൊലകള്‍ ചെയ്തിട്ടുള്ളതാണ്‌ എന്ന സത്യം നില നില്‍ക്കെ) വളരെ ശ്രമകരമായ ഒരു ദൌത്യം ആണ് എന്നിരിക്കെ, ഒരു തിരക്കഥാകൃത്തും സംവിധായകനും അവരുടെ മനസ്സറിഞ്ഞു അഭിനയിച്ച ഒരു മഹാനടനും വളരെ അനായാസം അത് നിര്‍വഹിച്ചു എന്ന് പറയാതെ വയ്യ. ജീവിക്കാന്‍ അവസാന നിമിഷം മോഹിക്കുന്ന സത്യനാഥന്‍ കണ്‍കോണില്‍ പടര്‍ത്തിയ നനവ്‌... അത് പോലെ തന്നെ തിലകനും മുരളിയും അഭിനയിച്ചു പ്രതിഫലിപ്പിച്ച കഥാപാത്രങ്ങളും... സദയം എന്നും വേദനിപ്പിക്കുന്ന ഒരു ചലച്ചിത്രാനുഭവം ആണ് എനിക്ക്. കാക്കിക്കുള്ളില്‍ ആര്ദ്രതയുള്ള ഒരു മനസ്സ് സൂക്ഷിക്കുന്ന കഥാപാത്രങ്ങള്‍, തികച്ചും സാധാരണക്കാരായ കഥാപാത്രങ്ങളുടെ ഒറ്റ നോട്ടത്തില്‍ സ്വാഭാവികം എന്ന് ന്യായീകരിക്കാവുന്ന പ്രവര്‍ത്തികളിലെ അക്ഷന്ധവ്യമായ അപരാധങ്ങള്‍ .. പതിവ് ക്ലീഷേകള്‍ എല്ലാം പരമാവധി ഒഴിവാക്കി കൊണ്ട് സംവിധായകന്‍ സാക്ഷാത്കരിച്ച ഒരു മികച്ച ചിത്രം എന്തോ വിചാരിച്ച ജനശ്രദ്ധ നേടിയില്ല..

10. പ്രാഞ്ചിയെട്ടന്‍ ആന്‍ഡ്‌ ദി സൈന്റ്റ്‌ - കൂട്ടത്തില്‍  അവസാനമായി പുറത്തിറങ്ങി അധികം കാലമായിട്ടില്ലാത്ത ഈ ചിത്രവും. ഒരു പക്ഷെ ഉള്ളിന്റെ ഉള്ളിലെ ത്രിശൂര്‍ക്കാരന്‍ തല പോക്കിയതാവും... വേദനിപ്പിക്കുന്ന പൊള്ളുന്ന സിനിമകളെ മാത്രം ഓര്‍മിക്കുമ്പോള്‍, മുകളില്‍ ഒരു നുള്ള് മധുരം പോലെ പോസിറ്റീവ് ആയ ഈ ചലച്ചിത്രം കിടക്കട്ടെ എന്ന് കരുതിയതും ആവാം. ഒരു പാട് ചവറു സിനിമകള്‍ കാണുന്നതിന്റെ ഇടയ്ക്കു ഒരു ഫീല്‍ ഗുഡ് ഫാക്ടര്‍ ആയി തോന്നി പ്രാഞ്ചിയേട്ടനും പുണ്യാളനും. ഫോര്‍മാറ്റിലെ പുതുമ, ജീവിതത്തില്‍ പരിചിതം എന്ന് തോന്നിപ്പിക്കുന്ന കഥാപാത്രങ്ങള്‍... വളരെ സമര്‍ത്ഥമായി രഞ്ജിത്ത് ക്രാഫ്റ്റ് ചെയ്തു എടുത്തിട്ടുണ്ട്. എന്റെ പട്ടികയിലെ മറ്റുള്ള സിനിമകളില്‍ നിന്നെല്ലാം വ്യതസ്തമാക്കുന്നത് പ്രാഞ്ചിയെട്ടന്‍ ഈ കാലഘട്ടത്തിന്റെ സ്മാര്‍ട്ട് ആയ ഒരു സൃഷ്ടിയാണ് എന്നതാണ്. ഹൃദയത്തെ പോലെ തലച്ചോറും ഉപയോഗിച്ച് ചമച്ച ഒരു സിനിമ. flexibility ഇല്ലാത്ത നടന്‍ എന്ന പഴി കേള്‍ക്കേണ്ടി വന്ന മമ്മൂട്ടിക്ക്  വലിയ തെറ്റ് കുറ്റങ്ങള്‍ കൂടാതെ ത്രിശൂര്‍ക്കാരന്റെ ഭാഷയില്‍ കയറികൂടാനായിട്ടുണ്ട് എന്നതും സമ്മതിക്കാതെ വയ്യ.

1 അഭിപ്രായം:

അജ്ഞാതന്‍ പറഞ്ഞു...

നല്ല പോസ്റ്റ്‌.... എനിക്ക് ഇഷ്ടം യവനിക ,പഞ്ചവടിപ്പാലം , പാദമുദ്ര എന്നിവയാണ്