ചൊവ്വാഴ്ച, നവംബർ 15, 2011

മലയാളക്കരയില്‍ അതിവേഗം പരക്കുന്ന മാരകരോഗം

ഇന്ന് മലയാളികള്‍ക്കിടയില്‍ ഏറ്റവും വ്യാപകമായി കാണുന്ന രോഗം എന്താണ് എന്ന് ചോദിച്ചാല്‍ ഒറ്റ വാക്കില്‍ ഉത്തരം പറയാന്‍ സാധിക്കും. അസഹിഷ്ണുത... സദാചാര പോലിസ്, രാഷ്ട്രീയ പ്രബുദ്ധത, സമുദായ പ്രേമം, നിയമ പാലന വ്യഗ്രത... ഏതൊക്കെ രീതിയിലാണ് അസഹിഷ്ണുത മലയാളി പ്രകടിപ്പിക്കുന്നത് എന്ന് ഊഹിക്കാനേ കഴിയുന്നില്ല. "സദാചാരം" പറഞ്ഞു ഒരുത്തനെ കൂട്ടമായി കെട്ടിയിട്ടു തല്ലി കൊല്ലുന്നു, പോക്കെറ്റ്‌ അടിച്ചു  എന്നാരോപിച്ച് വേറൊരാളെ അടിച്ചു കൊല്ലുന്നു, അപ്പീലിന് പോലും അവസരം കൊടുക്കാതെ ഒരാളെ ഒരു വാക്കിനു ജയിലിലേക്ക് അയക്കുന്നു, കേട്ട പാതി കേള്‍ക്കാത്ത പാതി തെരുവിലിറങ്ങി അക്രമങ്ങള്‍ അഴിച്ചു വിടുന്നു. എങ്ങിനെയൊക്കെയാണ് മലയാളിയുടെ അസഹിഷ്ണുത വെളിയില്‍ വരുന്നത്... അപ്രിയമായി ഒരു വാക്ക് പോലും കേള്‍ക്കാനും ഒന്നും തന്നെ കാണാനും വയ്യ എന്നാ നിലക്കെത്തിയിരിക്കുന്നു കാര്യങ്ങള്‍.

പലയിടത്തും പുറത്തു വിടാനാവാതെ അമര്‍ത്തി വെക്കുന്ന രോഷം, അടക്കി വെക്കുന്ന വികാരങ്ങള്‍, പ്രത്യേകിച്ച് മനസ്സിനും ശരീരത്തിനും ഒന്നും ചെയ്യാന്‍ ഇല്ലാതിരിക്കുന്ന അവസ്ഥ (അത് തൊഴിലില്ലായ്മ ആവാം അല്ലെങ്കില്‍ മടി), പ്രത്യേകിച്ച് ഒരു അദ്ധ്വാനവും കൂടാതെ എല്ലാം നേടിയെടുക്കുവാനുള്ള  ത്വര, മറ്റുള്ളവര്‍ എന്തൊക്കെയോ അര്‍ഹതയില്ലാത്തത്‌ (അതോ തങ്ങള്‍ ആഗ്രഹിക്കുന്നത്) നേടിയെടുക്കുന്നു എന്ന് തോന്നല്‍ .......  ഇവയെല്ലാം സഹിക്കാനാവാത്ത മലയാളി അതിക്രമത്തിന്റെ പാത തേടുന്നതാണ് നാം വ്യാപകമായി കാണുന്നത്. വിരുദ്ധ ആശയങ്ങളെ കായികമായി നേരിടുവാനാണ് താല്പര്യം.. അതിനു വിദ്യാഭ്യാസം, സാംസ്കാരിക നിലവാരം എന്നൊക്കെ ഉണ്ട് എന്ന് വെക്കുന്ന ആളുകള്‍ തന്നെ നേതൃത്വം കൊടുക്കുന്നു.  ഒന്നുകില്‍ ആള്‍ക്കൂട്ടത്തിന്റെ സംഘടിത ബലം, അല്ലെങ്ങില്‍ മറ്റാരും അരികിലില്ലെന്ന ധൈര്യം... വിഷം വമിക്കാനും ഉള്ളിലെ ചെകുത്താനെ പുറത്തെടുക്കാനും മലയാളിക്ക് ഊര്ജ്ജമായി ലഹരി സിരകളിലും. തണല്‍ ഒരുക്കുവാന്‍ മതവും, ജാതിയും, വര്‍ണവും, രാഷ്ട്രീയവും, സമുദായവും ഒരുക്കുന്ന ബഹുവര്‍ണ കുടകള്‍...

തനിക്കു അഹിതമായ കാര്യങ്ങള്‍ എന്ത് കേട്ടാലും ന്യായമായി മറുപടി പറയാന്‍ മനസ്സാക്ഷിക്കു കഴിയില്ല എന്ന് ഉറക്കുമ്പോള്‍ തുടങ്ങുകയായി, പറയുന്നവന്റെ സ്വരം മുങ്ങിപ്പോവുന്ന രീതിയില്‍ ബഹളം, പിന്നെ വ്യക്തിഹത്യ അതിലും നില്‍ക്കില്ലെങ്കില്‍ കായികമായി നേരിടുക. എതിര്‍പ്പിന്റെ സ്വരങ്ങളെ ബ്രാന്‍ഡ് ചെയ്തു നിര്‍ത്തുകയാണ് മറ്റൊരു രീതി.  അതിനു തന്നെ പല പല കട്ട്‌ ഔട്ടുകള്‍ അവന്‍ നിര്‍മിച്ചു വെച്ച് കഴിഞ്ഞു. ഇസ്ലാമിക തീവ്രവാദി, സവര്‍ണ ഫാസിസ്റ്റ്, അരാഷ്ട്രീയ വാദി, അരാജകത്വവാദി, ഫെമിനിസ്റ്റ്.... ഇങ്ങനെ പല പല ബ്രാന്‍ഡുകള്‍. സ്വതന്ത്രമായി ഒരു അഭിപ്രായം പറയാനുള്ള അവകാശം അത് വഴി നിഷേധിക്കുകയും ആയി. ആശയങ്ങളെ ആശയങ്ങള്‍ വെച്ച് ചെറുക്കുന്ന സംവാദത്തിന്റെ കാലം ഇനി അടുത്തെങ്ങും തിരിച്ചു വരുന്ന പ്രതീതി ഈ സമൂഹം നല്‍കുന്നില്ല. ബഹുജന സമരം എന്ന ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ആയുധത്തിന്റെ ഇപ്പോഴത്തെ സ്ഥിതി ഒന്ന് കണ്ടു നോക്കൂ. പരമാവധി സാധാരണക്കാരന് ബുധിമുട്ടുണ്ടാക്കുക, പൊതുമുതല്‍ നശിപ്പിക്കുക എന്ന അക്രമത്തിന്റെയും ഹിംസയുടെയും രീതികള്‍  മാത്രം അവലംബിക്കുക വഴി അവര്‍ സമരം ചെയ്യുന്ന ന്യായമായ അവകാശങ്ങള്‍ക്ക് മുകളില്‍ പോലും കരിനിഴല്‍ വീഴ്ത്തുകയാണ് ചെയ്യുന്നത്. ദിശാബോധം നഷ്ടപ്പെട്ട സമൂഹ മനസ്സാക്ഷിയാണ് ഇത്തരം അസംബന്ധങ്ങള്‍ക്ക് വളക്കൂറുള്ള മണ്ണ്.  ആശയം എന്നതിനേക്കാള്‍ വലുത് ആശയ പ്രകടനം എന്ന നിലയില്‍ എത്തിയിര്‍ക്കുന്നതിന്റെ ഒരേ ഒരു കാരണം വളരുന്ന അസഹിഷ്ണുത മാത്രമാണ്..

അഭിപ്രായങ്ങളൊന്നുമില്ല: