വ്യാഴാഴ്‌ച, നവംബർ 24, 2011

മാനവികതയുടെ കലാകാരന്‍


മീനചൂട് അതിന്റെ എല്ലാ രൂക്ഷതയിലും തിളച്ചു മറിയുമ്പോഴും വാഴചാലിലെ വെള്ളത്തിന്‌ നല്ല തണുപ്പ്. ആരവങ്ങളില്‍ നിന്നും തെല്ലു മാറിയിരുന്നു വെറുതെ ഒഴുകുന്ന വെള്ളത്തില്‍ ഒന്ന് സ്പര്‍ശിച്ചു എന്ന് വരുത്തി പാറയിലിരുന്നു. ഇവിടെ സ്വല്പം തണലുന്ടെങ്ങിലും ജനക്കൂട്ടം തിളച്ചു മറിയുന്ന വെയിലത്ത്‌ ക്യാമറക്കും താരങ്ങള്‍ക്കും ചുറ്റും കൂടി നില്‍ക്കുന്നു. കാനോപ്പിക്ക് താഴെ കസേരയില്‍ ഇരുന്നു പരമാവധി വിനയത്തോടു  അലോസരപ്പെടുത്തുന്ന പ്രേക്ഷക വൃന്ദത്തെ പുഞ്ചിരിയോടെ നോക്കി ക്കാണുന്ന വിശ്വനാഥന്‍. ഇയ്യാള്‍ക്ക് ഭാവിയുണ്ട് . കാരവാനില്‍ കയറി ഇരിക്കാതെ ജനക്കൂട്ടത്തിനു നടുവില്‍ അപാര ക്ഷമയോടെ ഇരിക്കുന്ന താരം കുറച്ചൊന്നുമല്ല ഫാന്‍സിനെ ഉണ്ടാക്കിയെടുക്കുന്നത്‌. 


മൂന്നു മണിക്കൂറായി ഈ ഇരുപ്പു തുടങ്ങിയിട്ട്. ഒരു ഇന്റര്‍വ്യൂ വിഷു പതിപ്പിന്  അടുത്ത ലക്കത്തില്‍ തന്നെ തന്റെ പുതിയ സിനിമ വരുന്നതിനു മുമ്പായി കൊടുക്കണം എന്ന് അയാള്‍ തന്നെ വിളിച്ചു പറഞ്ഞാണ് കൊച്ചിയില്‍ നിന്നും അതി രാവിലെ തന്നെ ഇവിടെ എത്തിയത്.. ലോക്കഷനില്‍ ആണെങ്ങില്‍ പടം എടുക്കാന്‍ കൂടുതല്‍ സൌകര്യമാവും എന്നാണു അയാളുടെ ശിങ്കിടി രാജീവ്‌ പറഞ്ഞത്.

വേറെ എന്തൊക്കെയോ  പരിപാടികള്‍  ഉണ്ടായിരുന്നു. കൊച്ചിയില്‍ നിന്ന് ചാലക്കുടി വഴി വാഴച്ചാലില്‍ എതിയപ്പോലെക്കും സമയം ഒമ്പത് മണി.. ഇന്ന് ക്ലൈമാക്സ്‌ സീന്‍ ആണ് എടുക്കുന്നത് അത്രേ.. സംവിധായകന്‍ അതിന്റെ മൂഡ്‌ സൃഷ്ടിക്കാന്‍ ഇരിക്കുകയാണ് പോലും .. ഇനിയും ഹോട്ടലില്‍ നിന്ന് ലോക്കഷനില്‍ എത്തിയിട്ടില്ല. സൂപ്പര്‍ സ്റാര്‍ ഇനിയും ആയിട്ടില്ലാത്തത് കൊണ്ട് താരത്തിനു മൂഡ്‌ നേരത്തെ ആയി എന്ന് തോന്നുന്നു.

ഓടി നടക്കുന്നതിനിടയില്‍ തിരക്കൊതുക്കി രാജീവ്‌ അടുത്തേക്ക് വന്നു ..
"ചേട്ടാ.. ഒന്ന് ക്ഷമിക്കണം കേട്ടോ. പ്രതീക്ഷിക്കാതെ സ്ക്രിപ്റ്റില്‍ ചില ചേഞ്ച്‌ വരുത്തേണ്ടി വന്നു.. അത് കൊണ്ടാ സാര്‍ ഇനിയും വരാത്തത്... അല്ലാതെ മനപ്പൂര്‍വം വൈകിക്കുന്നതല്ല ... "

ചെറുക്കനും അതി വിനയം. കഴിഞ്ഞ ആഴ്ച ലോക്കഷന്‍ റിപ്പോര്‍ട്ട്‌ കവര്‍ ചെയ്യാന്‍ വന്നപ്പോള്‍ അവന്‍ ഒരു ഫോട്ടോയും കുറിപ്പും ഏല്പിച്ചിരുന്നു. പുതുമുഖങ്ങള്‍ എന്നാ പംക്തിയില്‍ കൊടുക്കാന്‍. അത്യാവശ്യം നന്നായി  മിമിക്രി കാണിക്കും, ടി വി യിലോക്കെ വന്നിട്ടുണ്ട് ... ഒന്ന് ചെറുതായി പുഷ് ചെയ്തു കൊടുത്താല്‍ രക്ഷപെട്ടു പോകുന്ന കേസ് ആണ് എന്ന് തോന്നുന്നു.. താരത്തിനും പയ്യനെ ഇഷ്ടമാണ്.. അന്ന് പ്രത്യേകം പറയുകയും ചെയ്തിരുന്നു. 

"ചേട്ടാ അടുത്ത ലക്കത്തില്‍ എങ്കിലും വരുത്താന്‍ ഒന്ന് നോക്കണേ?"
"ശ്രമിക്കാം രാജീവ്‌.. പുതിയ ആളുകള്‍ വരുന്നതാണ് ഞങ്ങള്‍ക്കും ഇഷ്ടം." രാജീവിന്റെ മുഖത്ത് പുഞ്ചിരി, കണ്ണുകളില്‍ പ്രതീക്ഷയുടെ തിളക്കം.

കഴിഞ്ഞ ആഴ്ച ഫോട്ടോയും കവറും കൊടുത്തപ്പോള്‍ എഡിറ്റര്‍ പുച്ഛത്തോടെ പറഞ്ഞതോര്‍ത്തു.. "ആര്‍ക്കൊക്കെ ഇപ്പോള്‍ സ്റാര്‍ ആവണം.. അഞ്ചടി പൊക്കം തികച്ചില്ല.. പോരാത്തതിനു മിമിക്രിയും.. മലയാളികളുടെ ഒരു ഗതികേടേ.."

"പാവമാ സാറേ എങ്ങിനെയെങ്കിലും രക്ഷപ്പെട്ടു പോയ്കോട്ടേ.. അല്ലെങ്ങില്‍ എന്നും ഇവനൊക്കെ സഹ സംവിധായകന്റെ സഹായി ആയി അങ്ങ് പെട്ട് പോകും, ആ തിരുവല്ലക്കാരനെ പോലെ."

"ശരി ശരി .. നോക്കാം .. എന്തെങ്ങിലും തടഞ്ഞോ?" പത്രാധിപരുടെ വെടല ചിരി.

അവധി ദിവസമായിരുന്നത് കൊണ്ട് ആള്‍ക്കൂട്ടം പതിവിലും കൂടുതല്‍.. വാഴച്ചാല്‍ കാണാന്‍ വന്ന വിനോദ സഞ്ചാരികള്‍ ആണ് അധികവും.. അപ്പോഴാണ്‌ തിരക്കില്‍ നിന്നും അല്പം മാറി നിന്നിരുന്ന  ആ മധ്യ വയസ്ക്കനെ ശ്രദ്ധിച്ചത്.. പരിചിതമായ മുഖമാണല്ലോ.. എളുപ്പം ഓര്‍ക്കാന്‍ പറ്റുന്നില്ല.. ക്ഷീണിത ഭാവം, നര കയറിയ താടി മീശ ... ആരാണപ്പാ.. ഓ സലിം വെട്ടത് .. പഴയ സംവിധായകന്‍, മരുമകന്റെ സെറ്റില്‍ വന്നതായിരിക്കും. കുറെ കാലമായി തീരെ ആക്ടിവ് അല്ലായിരുന്നല്ലോ ... അത് കൊണ്ടാണ് എളുപ്പം ഓര്തെടുക്കതിരുന്നത്..

എന്റെ കൂടെ രാജീവിനെ കണ്ടോണ്ടത് കൊണ്ടാണെന്ന് തോന്നുന്നു അദ്ധേഹം ഞങ്ങളുടെ അടുത്തേക്ക് വന്നു...

"മോനെ ഒന്ന് വിളിച്ചു ചോദിക്ക് .. കുറെ ദിവസമായി ഞാന്‍ നടക്കുന്നു .. എന്റെ നമ്പര്‍ കണ്ടാല്‍ അവന്‍ ഫോണ്‍ എടുക്കില്ല..."

 "ഇക്ക ഞാന്‍ എന്ത് ചെയ്യാനാ.. ഇക്കയോട് തന്നെ സാര്‍ പല വട്ടം പറഞ്ഞതല്ലേ ഒന്നും ചെയ്യാന്‍ പറ്റില്ലാന്നു .. പിന്നെ എന്തിനാ ഇക്ക സമയം കളയനെ.."

 "ന്നാലും എന്റെ മോനെ.. ഒന്നൂല്ലേലും ഞാന്‍ ഓന്റെ മാമ അല്ലേട ..  അവനെ സിനിമ എടുക്കാന്‍ പഠിപ്പിച്ചത് ഞാന്‍ അല്ലെ.. അതെങ്കിലും അവന്‍ ഓര്‍ക്കണ്ടാതല്ലേ.. "

"അതൊക്കെ ഇപ്പൊ പറഞ്ഞിട്ടെന്താ കാര്യം .. സാര്‍ ഇപ്പൊ വലിയ സൂപ്പര്‍ സംവിധായകന്‍ ... ഇക്കയാണേ കടം കൊണ്ട് നിന്ന് തിരിയാന്‍ പറ്റാത്ത സ്ഥിതിയിലും .. ഇതൊക്കെ ഇക്കാടെ കൈയ്യിലിരുപോണ്ടാല്ലെന്നു സാര്‍ പറഞ്ഞാ എന്താ തെറ്റ് ..  സാറിനിപ്പോള്‍ നിന്ന് തിരിയാന്‍ പറ്റാത്ത പോലെ പണിയാ.. അതിനെടെക്കെ സൌജന്യം എന്നൊക്കെ പറഞ്ഞാ എന്ത് ചെയ്യും... ഇക്കാ തന്നെ പറയു .. ഇക്ക ഒരു കാര്യം ചെയ്യ്, ഇന്ന് പോ മറ്റന്നാ വാ.. അന്ന് പാക് അപ്പാ.. അപ്പോഴേക്കും ഞാന്‍ പറഞ്ഞു വെക്കാം..ഇപ്പൊ ഇക്കയെ കണ്ടാ സാറിന്റെ ഉള്ള മൂടും പൂവും .. പിന്നെ ഞാങ്ങക്കിട്ടാ ..."

തിരിഞ്ഞു നടക്കുമ്പോള്‍ അയാളുടെ മുഖത്ത് ഇചാഭംഗം ..

"ആളെ മനസ്സിലായോ .. പഴയ പുലിയാ.. എന്ത് ചെയ്യാനാ രണ്ടു പടം പൊട്ടി. ഇപ്പൊ തല പോക്കാന്‍ പറ്റാത്ത കടവും. ഇപ്പൊ കുറച്ചു നാളായി പഴയ കാര്യവും പറഞ്ഞു സാറിന്റെ പിറകെയാ.. ഓസില്‍ ഒരു പടം ചെയ്തു കൊടക്കാന്‍. സാറിന്റെ പേര് പറഞ്ഞാലല്ലാതെ കാല്‍ കാശ് മാര്‍കെറ്റില്‍ നിന്ന് കിട്ടില്ല .. അതാ സ്ഥിതി. വീണു പോയില്ലേ. സാറിനെ ഉമ്മയെക്കൊണ്ടോക്കെ കൊറേ വിളിപ്പിച്ചു .. സാര്‍ ആരാ മോന്‍. ഇപ്പൊ ഫോണും എടുക്കതായി ..ഈ നെലക്ക് പോയാ.. അങ്ങേര്‍ക്കു താമസിയാതെ ഈ വെള്ളച്ചാട്ടത്തില്‍ ചാടുകയെ നിവര്‍ത്തി ഉള്ളൂ. ഒരു കണക്കിന് നോക്കിയാ പാപമാ ചേട്ടാ ഞാന്‍ ചെയ്യുന്നത്.. ഇന്ന് തന്നെ ഷൂട്ടിംഗ് കഴിഞ്ഞു പാക് അപ്പാ .. മറ്റന്നാള്‍ അങ്ങേരു വന്നാല്‍ പോടീ പോലും ഇവിടെ കാണില്ല .. പക്ഷെ എന്ത് ചെയ്യാന്‍.. ഇങ്ങേരെ ഇവിടെ കണ്ടാല്‍ സാര്‍ ഇങ്ങോട്ട് വരില്ല .. പിന്നെ ഒക്കെ ചുറ്റികളിയാവും .. " 

വേച്ചു വേച്ചു പോവുന്ന സലിമിനെ ആള്‍ക്കൂട്ടം വിഴുങ്ങി ..

"രാജീവേ ഞാന്‍ എന്തെങ്കിലും ഒന്ന് കഴിച്ചിട്ട് വരാം.. അപ്പോഴേക്കും സാര്‍ എത്തുമായിരിക്കും.

"ചേട്ടനെന്തിനാ വെളിയില്‍ പോയി കഴിക്കുന്നെ. നമ്മുടെ ചോറായിക്കാണും... "

 രാജീവിന്റെ സ്നേഹം കൂടി വരികയാ..

 "ബാലേട്ടാ.. ഒരാള്‍ കൂടിയുണ്ട് .. സ്പെഷ്യല്‍"  മെസ്സ് ടേബിളിനു മുന്‍പിലേക്ക് എത്തിക്കൊണ്ടിരിക്കെ തന്നെ രാജീവ്‌ ഉറക്കെ വിളിച്ചു പറഞ്ഞു. 


പ്ലേറ്റില്‍ പകര്‍ന്നു വെച്ചിരിക്കുന്നു ചൂട് ചോറും കറികളും ..

" ഇതാണോ ആള്... ഇത് നാമ്മടെ ആളല്ലേ. ചെട്ടനിങ്ങോട്ടിരിക്ക്... ഇന്ന് പാക് അപ്പ്‌ ആയതു കൊണ്ട് ചിക്കനും മീനും ഉണ്ട് .."

 ബാലേട്ടന്റെ സൌഹൃദം. മീനചൂടില്‍ ചൂടുള്ള ഭക്ഷണം..ഇതാദ്യമായല്ല ബാലേട്ടന്റെ ലൊക്കേഷന്‍ മെസ്സില്‍ .. എട്ടു പത്തു കൊല്ലം മുമ്പ് രാജീവിനെ പോലെ ബാലേട്ടനും ഫോട്ടോയും ബയോഡാട്ടയുമായി വന്ന സംഭവം ഓര്‍ത്തപ്പോള്‍ ഒരു ചെറിയ ഒരു തമാശ തോന്നി ... ഇനിയൊരു നാളില്‍ മറ്റൊരു മെസ്സ് ടേബിളിനു പിന്നില്‍  തലേക്കെട്ടുമായി രാജീവും.

രാജീവിന്റെ മൊബൈല്‍ ചിലച്ചു .. ഇരുന്നിടത്ത് നിന്നെനീട്ടു കൊണ്ടാണ് ഫോണ്‍ എടുത്തത്‌ തന്നെ

 'സാര്‍ ... പോയി സാര്‍ .. വന്നു സാര്‍... ചെയ്തു സാര്‍ ... ഇല്ല സാര്‍ ... സോറി സാര്‍... ഇപ്പൊ വിളിക്കാം സാര്‍..." ഫോണ്‍ മടക്കിയപ്പോഴാണ്  അടക്കി പിടിച്ച ശ്വാസം തന്നെ വിട്ടത്.

" സാര്‍ അവിടുന്ന് ഇറങ്ങി ... ഇപ്പോള്‍ തന്നെ ചേട്ടനോട് കൂടി ഇരിക്കാം ന്നാ പറഞ്ഞത് ..."

കൈ കഴുകി തുടച്ചു വെപ്രാളത്തില്‍ ഓടുന്നു രാജീവിന്റെ പിറകെ തന്നെ വെച്ചു പിടിച്ചു ... അപ്പോഴേക്കും കാര്‍ വന്നു നിന്ന് പുറത്തിറങ്ങിയ കൂളിംഗ് ഗ്ലാസും ഫാബ് ഇന്ത്യ കുര്‍ത്തയും .. പത്തു പതിനഞ്ചു കൊല്ലമായി യാതൊരു വ്യത്യാസവുമില്ലാതെ തുടരുന്ന രൂപം.  നന്നായി കോതി വെച്ച  നീളന്‍ മുടിയില്‍ നരയുടെ ചെറിയ ലാഞ്ചന മാത്രം.. ആര് വര്ഷം കൊണ്ട് പതിനാലു ഹിറ്റുകള്‍..  സൂപ്പര്‍ താരങ്ങളുടെ ഡേറ്റ് ആവശ്യം പോലെ... നല്ല കാലം ..

"വിഷു പതിപ്പല്ലേ .." കണ്ട പാടെ ചോദ്യം "ഒരു മിനിട്ടേ... രാജീവ്‌ .. എല്ലാം ഓക്കേയല്ലേ? "

"സാര്‍ ഷോട്ട് റെഡിയാ  ... വിശ്വനാഥന്‍ സാര്‍ വെള്ളത്തിലേക്ക്‌ ചാടുന്ന സീനല്ലേ ആദ്യം."

"ഓ ഞാനത് പറയാന്‍ മറന്നു ...സീക്വേന്സില്‍ ഒരു ചെറിയ മാറ്റം ... വിശ്വനാഥന്‍ ചാടുന്ന സീന്‍ അടുത്തത്.. ഇപ്പൊ ആദ്യം നമുക്ക് ആ കുട്ടീടെ ഷോട്ട് എടുക്കണം. ബാബു എന്നെ വന്നു കണ്ടിരുന്നു.  അയാള്‍ക്ക് കുട്ടിയെ ഒരു തമിഴ് സിനിമ തീര്‍ക്കാന്‍ കൊണ്ട് പോവണം എന്ന് പറഞ്ഞ.. മറ്റേ ഷോട്ട് പിന്നെ എടുക്കാം വിശ്വനാഥന്‍ അവിടെ നിക്കട്ടെ .. അയാളോട് പറഞ്ഞാ മതി.. ആ രാജുവിനോടും  പറഞ്ഞേക്ക് ..അയാള്‍ ആംഗിള്‍ ശരി ആക്കട്ടെ  ...  പെട്ടന്നാവട്ടെ .. ഉം വേഗം.. quick quick ."

രാജീവിന്റെ കാലുകള്‍ക്ക് വീണ്ടും ചിറകുകള്‍ മുളച്ചു ..."ആ മാത്യു, നമുക്ക് അങ്ങോട്ടിരിക്കാം." തണലില്‍ ഒരുക്കിയ മറ്റൊരു കനോപ്പിക്ക് കീഴിലേക്ക് നടക്കുമ്പോള്‍ കുറച്ചപ്പുറത്ത്‌ വിശ്വനാഥന്റെ മുമ്പില്‍ തല ചൊരിഞ്ഞു നില്‍ക്കുന്ന രാജീവ്‌.. താരത്തിന്റെ സ്വതവേ ചുവന്ന മുഖം വീണ്ടും തുടുത്ത പോലെ ... തിടുക്കത്തില്‍ എഴുന്നേറ്റു  കാരവനെ ലകഷ്യമാക്കി പോകുന്നത് കണ്ടു ... പിന്നാലെ രാജീവും ... വീണ്ടും ഒരു നൂറു സാറേ സാറേ വിളിയുമായി..

"നമുക്ക് തുടങ്ങാം മാത്യു ... വിഷു പതിപ്പല്ലേ .. അപ്പോള്‍ എന്റെ ചെറുപ്പക്കാലത്തെ വിഷു സ്മരണകള്‍ വെച്ചു തുടങ്ങാം.. ഒരു യാഥാസ്ഥിതിക ചുറ്റുപാടില്‍ നിന്നും വന്ന ഞാന്‍ എല്ലാ മതാഘോഷങ്ങളും ആഘോഷിക്കാറുണ്ട് .. തികച്ചും സെകുലര്‍ ആയി... ആ ആങ്കിളില്‍ ഒന്ന് രണ്ടു പാരാ എഴുതാം അല്ലെ.. ഒരു പാട് അംഗങ്ങളുള്ള ഒരു വീടാണ് എന്റേത്, തികച്ചും സാധാരണക്കാരായ... പ്രൊഫൈല്‍ നിങ്ങള്ക്ക് ഞാന്‍ തരേണ്ടല്ലോ അല്ലെ.. പിന്നെ ഒരു ബില്‍ഡ് അപ്പ്‌ ആയി, കഴിഞ്ഞ കാലം ഒന്നും മറക്കാത്ത .. വേരുകള്‍ മറക്കാത്ത, എന്നൊക്കെ ഒന്ന് സ്‌ട്രെസ് കൊടുക്കാന്‍ നോക്കിയേക്കു."

 " ഓ  നോക്കാം.. അതിനെന്താ,  അത് നന്നാവും.." തലയാട്ടിക്കൊണ്ട് തന്നെ പറഞ്ഞു.

" അത് കഴിഞ്ഞാല്‍ സിനിമ ഒരു സംവിധായകന്റെ കലയാണ്‌ എന്ന ആങ്കിളില്‍ ഒന്ന് പോലിപ്പിചെക്ക്.. പക്ഷെ സൂപ്പര്‍ സ്ടാരുകല്‍ക്കെതിര് വരുന്ന ഒന്നും എഴുതി പിടിപ്പിചെക്കല്ല്.. നാളെയും ഡേറ്റ് ചോദിച്ചു ചെല്ലെണ്ടാതാണ്.. അവര് തമ്മിലുള്ള എന്റെ നല്ല ബന്ധത്തെ പറ്റി ഒന്ന് രണ്ടു വരി കുറിക്കാന്‍ മറക്കണ്ട."


"അത് കഴിഞ്ഞാല്‍ പിന്നെ ഈ സിനിമയുടെ തീം അതിനെ പറ്റി.. ഈ കഥയില്‍ നമ്മള്‍ പറഞ്ഞിരിക്കുന്ന നഷ്ടപ്പെട്ടു പോവുന്ന ബാല്യത്തെ പറ്റി.  ഒരു മാനവികതയുടെ പെര്സ്പെക്ടീവില്‍ ... ഈ കഥയില്‍ അച്ഛനും അമ്മയും തമ്മിലുള്ള വഴക്കില്‍ പെട്ട് ബാല്യം നഷ്ടപ്പെട്ട് പോകുന്ന ഒരു കൊച്ചു കുട്ടിയുടെ ആത്മ നൊമ്പരങ്ങള്‍ ആണ് ... പ്രതിപാദിക്കുന്നത്.. മാത്യു ഇതിലെ കുട്ടിയെ കണ്ടിട്ടുണ്ടോ .. amazing  ടാലെന്റ്റ്‌ .. നമ്മുടെ ബേബി ചാന്ദിനി ഉണ്ടായിരുന്നില്ലേ അതിന്റെ അനിയത്തിയാ... നാല് വയസ്സേ ആയിട്ടുള്ളൂ ... എന്നാലും എന്താ അഭിനയം ...  ആ പിന്നെ ടൈറ്റില്‍ .. അതും എനിക്ക് ഒരു സജ്ജെഷന്‍ ഉണ്ട് - മാനവികതയുടെ കലാകാരന്‍ - എങ്ങനെ കൊള്ളാമോ?."

ഇത്തവണ ഒരു തലയാട്ടില്‍ ഒതുക്കി. അതിനിടക്ക് വീണ്ടും രാജീവ്.

"ഒരു സെകണ്ടേ ...എന്താ രാജീവ്.. എല്ലാം ഓകെയല്ലേ"

 "വിശ്വനാഥന്‍ സാര്‍ ചൂടായാ പോയത്..  രാവിലെ പത്തു മണി മുതല്‍  ഇരിക്കുന്നതാ... "

"അവനോടു പോയി പണി നോക്കാന്‍ പറയു... അവന്‍ സൂപ്പര്‍ സ്റാര്‍ ആയിട്ട് അവന്റെ സൌകര്യത്തിനു എടുക്കാം .. കഴിഞ്ഞ രണ്ടു പടം പച്ച തൊട്ടിട്ടില്ല  എന്ന് ഇനി കാണുമ്പോ ഓര്‍മിപ്പിച്ചാല്‍ മതി .. പിന്നെ .."

രാജീവ് വീണ്ടും തല ചൊരിഞ്ഞു കൈയ്യിലെ ക്ലിപ്പ് ബോര്‍ഡില്‍ നോക്കി.

"ഇനിയെന്താ പ്രശ്നം.. അയാള്‍ ഷോട്ട് ആവുമ്പോഴേക്കും  വന്നോളും..."

"അടുത്ത സീന്‍.. സാര്‍.. ആ കുട്ടിയെ വെള്ളച്ചാട്ടത്തില്‍ ... അത് വെള്ളം കണ്ടതെ ഒരേ കരച്ചിലാ .. പിന്നെ എങ്ങിനെ നടുവിലേക്ക് ... "

 "രാജീവ്, തന്നോട് പറഞ്ഞ കാര്യം ചെയ്‌താല്‍  മതി .. ഭാരിച്ച കാര്യം ആലോചിക്കേണ്ട ... അതിന്റെ തന്തക്കു ഒരു കുഴപ്പവുമില്ല .. പിന്നെ തനിക്കെന്താ പ്രശ്നം .. അത് കുറച്ചു നന്നായി കരയണം .. എന്നാലെ ആ സീനിനു ഒരു സ്വാഭാവികത കിട്ടൂ ...ഒന്നും രണ്ടുമല്ല രൂപ അഞ്ചു ലക്ഷ്മാ ആ തന്ത കഴുവേറി എണ്ണി വാങ്ങിക്കുന്നത്. ആ വിശ്വനാഥന് പോലും അത്ര കൊടുക്കുന്നില്ല .. അരയിലെ കെട്ടുന്ന ആ കയറോന്നു  സൂക്ഷിച്ചാല്‍ മതി. വെള്ളച്ചാട്ടത്തിന്റെ നടുവില്‍ തന്നെ കുട്ടിയെ കെട്ടണം .. ഇപ്പൊ പ്രേക്ഷകന് ഒരു വിധം തൃക്കോക്കെ മനസ്സിലാവും ... നല്ല സ്വാഭാവികത വേണം. പിന്നെ കയറു ഫ്രേമില്‍ വരാതെ കമ്പോസ് ചെയ്യാന്‍ പറയണം.  അത് കൊണ്ട് നിക്കുന്നവര്‍ ഒക്കെ കുറച്ചകലെ നിക്കാന്‍ പറഞ്ഞാല്‍ മതി... പിന്നെന്താ ലാസ്റ്റ് ഷോട്ട് അല്ലെ കുട്ടിയെ വെച്ച്.. ഹ ഹ .. ഇനി ഒരു അപകടം വന്നാലെന്താ... കയറു പിടിച്ചു തനിക്കു നിക്കാന്‍ പേടി ഉണ്ടെങ്ങി ആ സ്ടണ്ട് മാസ്റെരോട്  പറഞ്ഞാല്‍ മതി അയാള്‍ കയറു പിടിക്കുന്ന കാര്യം നോക്കിക്കോളും... ആ ഇനി എന്താ തല ചൊരിഞ്ഞു നിക്കണേ .. വേഗം പോയി ഷോട്ട് റെഡി ആക്കെടോ ...ആ വേഗം "

 "ആ നമ്മളെവിടെയാ പറഞ്ഞു നിര്‍ത്തിയത് .. ആ ടൈറ്റില്‍ .. മാനവികതയുടെ കലാകാരന്‍... കറക്ടല്ലേ "

അഭിപ്രായങ്ങളൊന്നുമില്ല: