തിങ്കളാഴ്‌ച, നവംബർ 07, 2011

നീറോ സിംഗ് വീണ വായിക്കുമ്പോള്‍ ..

സായിപ്പിനെ കാണുമ്പോള്‍ കവാത്ത് മറന്നതാവും എന്ന് കരുതി ആശ്വസിക്കാന്‍ വരട്ടെ... ഇന്ത്യ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ സാമ്പത്തിക വിശാരദന്‍ എന്ന് വെയ്ക്കുന്ന ആ മഹാനുഭാവന്‍ തന്റെ വീടിന്റെ ജനാല തുറന്നിടുന്നില്ല എന്ന് തോന്നുന്നു. അതോ ചീറി പാഞ്ഞു തന്റെ കാറില്‍ പോവുമ്പോള്‍ തെരുവോരത്ത് കാണുന്ന "അഫ്ഫ്ലുവേന്റ്റ് ഇന്ത്യന്‍" കണ്ണില്‍ പെടുന്നില്ല എന്നതാണോ.. അദ്ദേഹം ഉച്ചകോടികളില്‍ നിന്ന് ഉച്ചകൊടികളിലേക്ക് പറന്നു നടക്കുമ്പോള്‍ ഗ്രാമങ്ങളില്‍ ഇളയ രാജാവിനെ പോലെ കാഴ്ചകള്‍ കണ്ടു രാപ്പാര്‍ക്കാന്‍ ഒരു പക്ഷെ സമയം കിട്ടിക്കാണില്ല എന്നാലും എയര്‍പോര്ട്ടിലേക്ക് കുതിക്കുന്ന യാത്രകളില്‍ രാജപാതകള്‍ക്കരികില്‍ ഉയര്‍ന്നുവരുന്ന കെട്ടിടങ്ങള്‍ പണിയുവാന്‍ അഹോരാത്രം ചുമട് ചുമക്കുന്ന "അഫ്ഫ്ലുവേന്റ്റ് ഇന്ത്യന്‍" തീര്‍ച്ചയായും കണ്ണില്‍ പെടാതിരിക്കാന്‍ വഴിയില്ല. അവന്റെ എല്ലുന്തി കണ്ണ് തുറുപ്പിച്ചു മൂക്കില ഒളിപ്പിച്ചു ഓടി നടക്കുന്ന ഭാവിപ്രജകള്‍ കണ്ണില്‍ പെടാതിരിക്കാന്‍ വഴിയില്ല...അവിടെയാണ് ഒരു ഉളുപ്പുമില്ലാതെ നമ്മുടെയെല്ലാം സാമ്പത്തിക വളര്‍ച്ചയാണ് വിലക്കയറ്റത്തിന് നിദാനം എന്ന് പറഞ്ഞു വരുത്തുന്നത്.

അത് പോലെ ഇന്നലത്തെ നായതന്ത്രജ്നത... പാകിസ്താന്‍ ഈ നിമിഷം വരെ മുംബൈ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയോ അതില്‍ വ്യക്തമായ പങ്കുള്ള ആര്‍ക്കും എതിരെ പേരിനുള്ള ഒരു നടപടി അല്ലാതെ ഒന്നും എടുക്കുകയോ ചെയ്തിട്ടില്ല.. കടുത്ത ഒരു കുറ്റകൃത്യത്തിനു നടുവില്‍ കൈയ്യോടെ പിടികൂടിയ ഒരു കുറ്റവാളിയെ തൂക്കി കൊല്ലണം എന്ന് പറയാന്‍ ഒരു നയതന്ത്രജ്ഞതയുടെയും ഹൃദയ വിശാലതയുടെയും ആവശ്യവുമില്ല... അവിടെയും നമ്മുടെ ആത്മാഭിമാനം അടിയറ വെച്ച് ലോക പോലിസുകള്‍ക്ക് മുന്നില്‍ മുട്ടിടിക്കുന്ന ഒരു മര്യാദ രാമനായി മാറി നമ്മുടെ ശിന്ഗം...

എതിര്‍പ്പിന്റെ പുറത്തു വന്നുകൊണ്ടിരുന്ന ശക്തികളെ ശിധിലീകരിച്ചു ഉന്മൂലനം ചെയ്യാന്‍ ഏതു തരം താണ നാലാം കിട രാഷ്ട്രീയക്കളി കളി കളിക്കാനും അങ്ങേര്‍ക്കു ഒരു മടിയുമില്ല. അവരുടെ എല്ലാം പല്ലും നഖവും പറിച്ചു തമ്മില്‍ തല്ലിച്ച് അവസാനിപ്പിക്കാന്‍ തന്റെ കൂലി പടയാളികളെ അയച്ചു അവിടെയും തന്റെ കഴിവിന്റെയും സംസ്കാരത്തിന്റെയും ആഴം നമുക്ക് മനസ്സിലാക്കി തന്നിരിക്കുന്നു...

ക്രിയാത്മകമായ ഇടപെടലുകള്‍ വേണ്ട കാതലായ പ്രശ്നങ്ങളില്‍ ശക്തമായ നിലപാടുകള്‍ എടുക്കാതെ, ആത്മാര്‍ത്ഥതയില്ലാതെ വെറും ശബ്ദ കോലാഹലങ്ങള്‍ മാത്രം സൃഷ്ടിക്കുകയാണോ പ്രതിപക്ഷം ചെയ്യുന്നത് എന്ന് ശങ്കിക്കേണ്ടി ഇരിക്കുന്നു അവരുടെ ഇപ്പോളുള്ള പ്രതികരണങ്ങള്‍ കാണുമ്പോള്‍. അത് കേന്ദ്രത്തിലായാലും നമ്മുടെ സംസ്ഥാനത്തായാലും ഒരു പോലെ ശരി വെക്കുന്നു അവരുടെ ഓരോ പ്രസ്താവനകളും, സമരങ്ങളും..

അല്ല മനസ്സാക്ഷി എന്ന സാധനം ആ പാര്‍ലിമെന്റ് കെട്ടിടത്തില്‍ കയറുന്ന എല്ലാവരുടെ കയ്യില്‍ നിന്നും ഊരി വാങ്ങിക്കുന്നുണ്ടോ എന്ന് തോന്നിപ്പോവുന്നു. മുമ്പില്‍ ആരെങ്കിലും കൊണ്ട് വെക്കുന്ന യാഥാര്‍ത്യബോധം തൊട്ടു തീണ്ടാത്ത കണക്കു മാത്രം വിശ്വസിച്ചു ഓരോന്ന് പറയുമ്പോള്‍...


ഒരു കാര്യം ഉറപ്പായി നമുക്കൊക്കെ മരവിപ്പ് ആയി കഴിഞ്ഞു... ഇതല്ലെങ്കില്‍ വേറെ ഒരു ചെകുത്താന്‍ എന്ന് മനസ്സിലാക്കിയ നമ്മളൊക്കെ അല്ലാതെ എന്ത് പ്രതികരിക്കാന്‍?

അഭിപ്രായങ്ങളൊന്നുമില്ല: