ശനിയാഴ്‌ച, നവംബർ 12, 2011

മായപ്പോന്മാനിനു തീറ്റ നികുതി കൊടുക്കുന്നവന്റെ പൊടിമീന്‍

തമ്മില്‍ തമ്മില്‍ ഒരു കച്ചവടം തുടങ്ങുമ്പോള്‍ ഇരു കക്ഷികളും ചില വ്യവസ്ഥകള്‍ അംഗീകരിച്ചു ഉടമ്പടിയില്‍ ഏര്‍പ്പെടുന്നു. പാതി വഴിയില്‍ അതിലൊരാള്‍ തനിക്കു അനുകൂലമായ വ്യവസ്ഥകള്‍ മാത്രമേ ബാധകമാവൂ എന്നും മറ്റുള്ളവ താന്‍ അംഗീകരിക്കാന്‍ തയ്യാറല്ല എന്ന് പറഞ്ഞു എടുത്തടിച്ചു നില്‍ക്കുന്നു. അങ്ങിനെ പറയുന്നവനെ ഏറ്റവും മാന്യവും സഭ്യവുമായ ഭാഷയില്‍ പോക്രി എന്ന് വിളിക്കുന്നതില്‍ തെറ്റുണ്ടോ? താങ്കള്‍ കാശുണ്ടാക്കുന്ന റൂട്ടുകളില്‍ എല്ലാം യഥേഷ്ടം സര്‍വീസ് നടത്താം എന്നും അതിനു അനുവാദം കൊടുക്കുമ്പോള്‍ വ്യവസ്ഥയില്‍ പറഞ്ഞ ലാഭകരമല്ലാത്ത റൂട്ടില്‍ തനിക്കു പറപ്പിക്കാന്‍ പറ്റില്ല എന്ന് പറയുന്നത് എവിടത്തെ ന്യായം എന്ന് ചോദിക്കരുത്. അങ്ങിനെയേ മല്ലന്മാര്‍ക്കും മാടംബിമാര്‍ക്കും പറ്റൂ.  ഇത് മഹാരാജാവ് സ്വയം പാട്ടയടിച്ചു കുത്തുപാള എടുത്തു നില്‍ക്കുമ്പോളാണ് എന്ന് ഓര്‍ക്കണം . നാളെ ഇതൊക്കെ കേട്ട് പ്രൈവറ്റ് ബസ്‌ ഉടമസ്ഥന്‍ ലത്തീഫ് പറയുകയാണ്‌. ഇനി കണ്‍സെഷന്‍ ടിക്കെറ്റ് കാരെ അയാളുടെ ബസ്സില്‍ കയറ്റില്ല.. അഥവാ കയറ്റണം എന്നുണ്ടെങ്കില്‍ സര്‍ക്കാര്‍ ഘജനാവില്‍ നിന്ന് ഡീസല്‍ അടിച്ചു കൊടുക്കണം എന്ന്... സര്‍ക്കാര്‍ അത് കേട്ട് സമ്മതിച്ചാലും എസ് എഫ് ഐക്കാര്‍ സമ്മതിക്കുമോ? പക്ഷെ ഇവിടെ അതല്ല കാര്യം... ആര്‍ക്കും തമ്പ്രാന്‍ പറഞ്ഞത് കേക്കാന്‍ വലിയ വിഷമം ഉണ്ട് എന്ന് തോന്നുന്നില്ല.

ഇതൊക്കെ കേട്ട പാടേ "കര്‍ഷക ആത്മഹത്യ", "പട്ടിണി മരണം", "വിലക്കയറ്റം" എന്നൊക്കെ പറയുമ്പോള്‍ അത് "സാമ്പത്തിക ഉന്നതിയുടെ" ലക്ഷണങ്ങള്‍ ആണ് എന്ന് പറഞ്ഞു ചിരിച്ചു തള്ളുന്ന നീറോ സിങ്ങുമാര്‍ക്കും അവരുടെ സാമന്തന്മാര്‍ക്കും താങ്ങ് കൊടുക്കാതെയും തലോടി കൊടുക്കാതെയും വല്ലാത്ത വിമ്മിഷ്ടം.  കേന്ദ്ര സര്‍ക്കാരിന്റെ വഹ എല്ലാവിധ സഹകരണങ്ങളും കൊടുക്കുന്നത് കൂടാതെ സംസ്ഥാന സര്‍ക്കാരുകളോടും തമ്ബ്രാക്കളെ കൈയ്യയച്ചു സഹായിക്കാന്‍ ആദര്‍ശരാമന്‍ ചേര്‍ത്തലക്കാരന്‍ പുലിയുടെ ഭാഗത്ത്‌ നിന്ന് മേര്‍സി പെട്ടീഷനും.. അവിടെ ആദര്‍ശത്തിന്റെ അപ്പോസ്തലന്മാര്‍, വിപ്ലവ പോരാളികള്‍, ആര്‍ഷ ഭാരത സംരക്ഷകര്‍ എന്നൊന്നും ഒരു വ്യത്യാസവുമില്ല. എല്ലിന്തുണ്ടുകള്‍ എറിയുന്നവന്റെ മുന്നില്‍ നിന്ന് എല്ലാ ഭിക്ഷാംദേഹികളും മുണ്ട് മടിക്കുത്തഴിച്ചിട്ട്‌ വാലാട്ടിക്കോളും

ഇതൊക്കെ കാണുമ്പോള്‍ ഇവരൊക്കെ ജയിച്ചു വന്നു പാര്‍ലിമെന്ടിലും നിയമസഭകളിലും ഞെളിഞ്ഞിരിക്കുന്നത് ആരുടെ താല്പര്യം സംരക്ഷിക്കാനാണ് ചിന്തിക്കേണ്ട കാര്യമില്ലല്ലോ. ചൂത് കളിച്ചും, ബിക്കിനി പടങ്ങളെടുതും, പാര്‍ട്ടികള്‍ ആഘോഷിച്ചും അവര്‍ക്കൊക്കെ കത്തിച്ചു കളയാന്‍ പണമുണ്ട്. അതും കഴിഞ്ഞു തൊഴിലാളികളെ വെച്ച് വില പേശുവാന്‍ ഒരു മടിയുമില്ല. എന്ത് നഷ്ടം വന്നാലും നികുതി കൊടുക്കുന്നവന്റെ പണം എടുത്തു എറിഞ്ഞു കൊടുക്കുവാന്‍ എരാന്മൂളികള്‍ ഭരണപക്ഷത്തും പ്രതിപക്ഷത്തും ഉണ്ട്... അവിടെ ആദ്യന്തികമായും തങ്ങളുടെ എല്ലാ ആഭിമുഖ്യവും ഉത്തരവാദിത്തവും വോട്ടു ചെയ്തു പറഞ്ഞയക്കുന്ന സാധാരണക്കാരനായ പൊതുജനത്തിനോടല്ല, മറിച്ചു തങ്ങള്‍ക്കു പണവും സൌകര്യവും നല്‍കുന്ന കോര്‍പ്പറേറ്റ് തംബുരാന്മാരോടാണ് എന്ന് ഒരു നാണവും മറയും കൂടാതെ തുറന്നു സമ്മതിക്കുകയാണ്.

ഇനി വേറൊരു വശം നോക്കു, ലോക വിപണിയില്‍ ക്രൂഡ് ഓയില്‍ വില കൂടിയപ്പോള്‍ ഉടനെ പെട്രോളിന്റെ വില കൂട്ടാന്‍ ഇവര്‍ക്കൊന്നും മറിച്ചൊന്നു ചിന്തിക്ക കൂടി വേണ്ട..അവിടെ സബ്സിഡി എടുത്തു കളയാനാണ് ഇവര്‍ക്കൊക്കെ വ്യഗ്രത.  പക്ഷെ ഇവിടെയാണെങ്കിലോ നിത്യനിദാന ചെലവ് കൂടിയപ്പോള്‍, വിമാന ടിക്കെട്ടിന്റെ വില കൂട്ടാന്‍ യാതൊരു താല്പര്യവുമില്ല. മറിച്ചു അവിടെ അവര്‍ക്ക് സര്‍ക്കാര്‍ സഹായം വേണം. സവാളയുടെയും അരിയുടെയും വില കൂടിയാല്‍ ആരെ ബാധിക്കുമെന്നും വിമാനക്കൂലി കൂടിയാല്‍ ആരെ ബാധിക്കുമെന്നും അറിയാന്‍ ഏറെ ബുദ്ധിയൊന്നും ആവശ്യമില്ല. പക്ഷെ ഇതൊക്കെ മനസ്സിലാക്കാനും ഇതിനോട് പ്രതികരിക്കാനും ജീവിത പ്രാരാബ്ധ വണ്ടി തള്ളുന്ന കഴുതകള്‍ക്ക് എവിടെ നേരം എന്ന് ഇവനൊക്കെ നന്നായി അറിയാം. അപ്പോള്‍ ഇതും ഇതിനപ്പുറവും അവിടെ നടക്കും... നാളെ ഇവന്റെ ഒക്കെ ബികിനി കലണ്ടര്‍ അടിക്കാനും, പടമെടുക്കുവാനും, അവരുടെ ഒക്കെ സംബന്ധത്തിനു ചൂട്ടു കത്തിച്ചു കൊടുക്കുവാനും നമ്മുടെ നികുതി പണം എടുത്തു കൊടുക്കും... ആരുണ്ടിവിടെ ചോദിക്കാന്‍?

മടിശീലക്ക് ഖനമുള്ളവര്‍ക്കും മനസ്സാക്ഷിയുടെ ശല്യം ഇല്ലാത്തതും ആയ രാജാക്കന്മാരുടെ "ഗുഡ് ടൈംസ്‌". അവരുടെ മായപ്പോന്മാന്മാര്‍ക്ക്, പെരുവയാര്‍ നിറയെ മീനിട്ട് കൊടുക്കുവാന്‍ ആളുകള്‍ എത്രയാ വരി വരി ആയിട്ട്?


അഭിപ്രായങ്ങളൊന്നുമില്ല: