ഞായറാഴ്‌ച, നവംബർ 27, 2011

വാല്‍ മാര്‍ട്ടിനെ കണ്ടു വാലിനു തീ കൊടുക്കണോ?

ഏതു വിഷയമെടുത്താലും അതിനു രണ്ടു വശങ്ങള്‍ ഉണ്ടാവും എന്ന് നമുക്കെല്ലാം അറിയാം... പക്ഷെ അതിന്റെ ദോഷങ്ങള്‍ മാത്രം കണ്ടു കൊണ്ട് മാത്രം നമ്മള്‍ എപ്പോളും എന്ത് കൊണ്ട് പ്രതികരിക്കുന്നു എന്നാണ് മനസ്സിലാക്കാന്‍ പറ്റാത്തത്.  വാള്‍മാര്‍ട്ടും ടെസ്കോയും വന്നാല്‍ ഇവിടുത്തെ പാവപ്പെട്ട ചെറുകിട കച്ചവടക്കാര്‍ കുത്ത് പാള എടുക്കും ആത്മഹത്യ ചെയ്യേണ്ടി വരും എന്നൊക്കെ പറഞ്ഞു കൂകി വിളിക്കുകയാണ്‌ പ്രതിപക്ഷവും മാധ്യമങ്ങളും. അതിലെത്രത്തോളം സത്യമുണ്ട്? പുസ്തകത്തില്‍ വായിക്കുമ്പോള്‍ കിട്ടുന്ന പൊതു വിജ്ഞാനം പോലെ തന്നെ വിലപ്പെട്ട അറിവുകള്‍ നമുക്ക് കണ്ണ് തുറന്നു പിടിച്ചു കാണേണ്ട കാഴ്ചകള്‍ കണ്ടാല്‍ കിട്ടും എന്ന് ചിന്തിക്കുന്ന ഒരു സാധാരണക്കാരന്ശരിക്കും  ഇതൊരു വലിയ പ്രശ്നമായി തോന്നുന്നുണ്ടോ?  ഈ ടെസ്കോയും വാല്‍ മാര്‍ട്ടും വരുന്നതിനു മുമ്പായി റിലയന്‍സും ബിഗ്‌ ബസാറും ഒക്കെ വന്നപോഴും ഇതേ വാദമുഖങ്ങള്‍ നിരത്തി ബഹളം വെച്ചിരുന്നതല്ല നമ്മള്‍.. എന്നിട്ടെന്തു സംഭവിച്ചു?

കഴിഞ്ഞ ഒരു മൂന്നു കൊല്ലത്തിനിടക്ക് ഞാന്‍ താമസിക്കുന്ന നഗരത്തിലെ ഒരു ലേയൌട്ടില്‍ നാല് വന്‍കിട റീട്ടയില്‍ ഷോപ്പുകള്‍ തുറക്കപ്പെട്ടിരുന്നു. ബിര്‍ലയുടെ മോര്‍, ആര്‍ പീ ജിയുടെ  സ്പെന്സേര്സ്, റിലയന്‍സ്ഫ്രഷ്‌ , പിന്നെ ഹെരിറ്റേജ്  (കൂട്ടത്തില്‍ നീല്ഗിരീസിന്റെ കാര്യം വിട്ടു). ഈ ഷോപ്പുകള്‍ തുറന്ന സമയത്ത് ആ ലേ ഔട്ടില്‍ തന്നെ അവിടുത്തെ മൂന്ന് നാല് ലോക്കല്‍ ഡിപ്പാര്‍ട്ട്മെന്റ് കടകള്‍ കണ്ണൂരില്‍ നിന്നും തലശ്ശേരിയില്‍ നിന്നും ഉള്ള ചിലര്‍ നടത്തിയിരുന്നു... ഈ മൂന്ന് വര്‍ഷത്തെ കാലയളവില്‍ ആ ലേ ഔട്ട്‌ വളരെ ഏറെ വലുതായി, പുതിയ അനവധി അപ്പാര്‍ട്മെന്റ്റ് കെട്ടിടങ്ങള്‍ വന്നു. റോഡുകള്‍ വികസിച്ചു. മറ്റു സൌകര്യങ്ങള്‍ വന്നു. 



ഇനി ഇന്നത്തെ സ്ഥിതി നോക്കാം, മുമ്പ് പറഞ്ഞ നാല് വന്‍കിട റീടെയില്‍ ഭീമന്മാരും അവരുടെ കടകള്‍ നല്ല ആമാതാഴിട്ടു പൂട്ടി മൂട്ടിലെ പൊടിയും തട്ടി പോയി. നീല്ഗിരിസ് പുതിയ ഒരെണ്ണം ഈയ്യടുത്ത് തുറന്നെങ്കിലും അന്നുണ്ടായിരുന്ന സൂപ്പര്‍ മാര്‍ക്കെറ്റ് അടച്ചു പൂട്ടി.  അതെ സമയം സാധാരണ ചെറുകിട കട നടത്തിയിരുന്ന നമ്മുടെ ഇക്കമാരോ? ഒന്നിന് പിറകെ ഒന്നായി പതിനാലു ഡിപ്പാര്‍ട്ട്മെന്റ് സ്റോറുകള്‍ ആണ് തുറന്നത്. നല്ല കച്ചവടവും നടത്തുന്നു. അത് കൊണ്ട് തന്നെ ടെസ്കോയും വാല്‍ മാര്‍ട്ടും മറ്റും വന്നാലും ഉപഭോക്താക്കളുടെ മനസ്സ് മനസ്സിലാക്കി അവരുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്ന ചെറുകിട കച്ചവടക്കാര്‍ക്ക് ഒരു ചുക്കും വരാന്‍ പോകുന്നില്ല. ആ കടകള്‍ അധികവും നടത്തുന്നത് മാസ ശമ്പളത്തിന് ജോലി എടുക്കുന്ന ജീവനക്കാരല്ല, സ്വന്തം പണം മുടക്കി കച്ചവടം നടത്തുന്ന ബിസ്സിനെസ്കാരാണ്.  ഇത് താരതമ്യേന ബ്രാണ്ടുകളുടെ പുറകെ പോകുന്ന വന്‍ നഗരത്തിലെ സ്ഥിതി ആണെങ്കില്‍ കൂടുതല്‍ വ്യക്തി ബന്ധങ്ങള്‍ നില നില്‍ക്കുന്ന ചെറുകിട പട്ടണങ്ങളിലും ഗ്രാമങ്ങളിലും സ്ഥിതി ഇതിലും വ്യത്യസ്ഥമാവും എന്ന് തോന്നുന്നുണ്ടോ? ഇവര്‍ക്കൊക്കെ പരിചിതമായ വന്‍കിട റീടെയില്‍ ഫോര്‍മാറ്റ് ചുരുക്കം ചില നഗരങ്ങളില്‍ മാത്രം ചിലവാവുന്ന ചരക്കാണ്... അവിടെ ഇപ്പോള്‍ നില നില്‍ക്കുന്ന ചെറുകിട കച്ചവടക്കാര്‍ കളിക്കുന്ന മേഖലകളില്‍ കളിക്കാന്‍ ഇവര്‍ക്ക് ശ്രമിച്ചാലും കഴിയില്ല. 


സിങ്ങും ആനന്ദ് ശര്‍മയും പറയുന്ന പോലെ ഒരു വലിയ വിപ്ലവം ഒന്നും നടക്കാന്‍ പോകുന്നില്ലെങ്കിലും, ഇത് കൊണ്ട് ചില്ലറ നേട്ടങ്ങള്‍ ഒക്കെ ഉണ്ടാകും എന്ന് തന്നെയാണ് പ്രതീക്ഷ. സാധാരണ ഉപഭോക്താക്കള്‍ക്ക് നല്ല ഉല്‍പ്പന്നങ്ങള്‍,  കൂടുതല്‍ ചോയ്സ്, കൃഷിക്കാര്‍ക്ക് കുറച്ചു കൂടി മെച്ചപ്പെട്ട വില, കുറെ ചെറുപ്പക്കാര്‍ക്ക് റീടെയില്‍ മേഖലയില്‍ തൊഴില്‍ അവസരങ്ങള്‍. ചെറുകിട കച്ചവടക്കാര്‍ക്ക് ജീവിച്ചു പോവാന്‍ ഉള്ള അവസരങ്ങള്‍ നിഷേധിക്കാനും പോവുന്നില്ല.  അത് തന്നെ വലിയ ആശങ്കകള്‍ക്കും വഴി നല്‍കുന്നില്ല.  പിന്നെ ആര് പേടിക്കണം? ഇടയ്ക്കു നിന്ന് കാശുണ്ടാകുന്ന ബനിയമാര്‍. അവര്‍ക്കാണ് നല്ല കൊട്ട് കിട്ടാന്‍ പോകുന്നത്. ഇപ്പോള്‍ ബഹളം വെക്കുന്ന എല്ലാവനും അവര്‍ക്ക് വേണ്ടിയാണ് ഓശാന പാടുന്നത്.

അതല്ലാതെ എന്താണ്?  കുത്തകവല്‍കരനതോടുള്ള എതിര്‍പ്പോ.. പിന്നെ പിന്നെ.. ഇങ്ങനെ ഒക്കെ പറയുമ്പോള്‍ ഒരു കാര്യം കൂടി പറയണം. ഇത് പോലെ തന്നെ തനി നാടന്‍  റീടെയില്‍ കുത്തകകള്‍ മുക്കിനും മൂലക്കും പടുക്കൂറ്റന്‍ സില്‍ക്ക് ഷോറൂമുകളും, വെടടിംഗ് സെന്ററുകളും, ജുവേല്ലറികളും, ഷൂ കടകളും,  പണ്ടം പണയകടകളും തുറന്നു കൂട്ടുമ്പോള്‍ എന്തേ ചെറുകിട കച്ചവടക്കാരുടെ പ്രശ്ങ്ങള്‍ പറഞ്ഞു ഇവര്‍ വാ തുറക്കുന്നില്ല. എന്താ അത് കുത്തക വല്‍ക്കരണം അല്ലേ?. അവര്‍ ചെറുകിട കച്ചവടക്കാരന്റെ വയറ്റത് അടിക്കുന്ന പോലെ ഒന്ന് വാല്‍ മാര്‍ട്ട് കാരന് അടിക്കാന്‍ പറ്റും എന്ന് ഞാന്‍ കരുതുന്നില്ല

അത് കൊണ്ട് പുതിയ കാര്യങ്ങള്‍ വരുമ്പോള്‍, ദോഷ വശങ്ങള്‍ എല്ലാം ഒഴിവാക്കി, നിയന്ത്രണം വിട്ടു കളയാതെ സാധാരണക്കാരന് ഏതൊക്കെ രീതിയില്‍ നേട്ടം ഉണ്ടാക്കാന്‍ കഴിയും എന്ന് ആലോചിക്കുകഅല്ലാതെ അതിനെ തടയിട്ടു കുറച്ചു ദിവസം സഭ മുടക്കുകയും, ഹര്‍ത്താല്‍ നടത്തുകയും, പൊതു ജനങ്ങളെ ശല്യം ചെയ്യുകയും അല്ല. 

അഭിപ്രായങ്ങളൊന്നുമില്ല: