ഞായറാഴ്‌ച, നവംബർ 20, 2011

കളഞ്ഞില്ലേ ബ്രിട്ടാസ് കഞ്ഞിക്കലം

ഇനി എപ്പോഴെങ്കിലും ശ്രീ ജോണ്‍ ബ്രിട്ടാസ് ഏതെങ്കിലും സുപ്രധാന വ്യക്തികളെ അഭിമുഖം ചെയ്യാന്‍ തയ്യാറെടുക്കുമ്പോള്‍, അതിനു മുമ്പായി അദ്ദേഹത്തിനെയും ആരെങ്കിലും ഒന്ന് ഇന്റര്‍വ്യൂ ചെയ്യണം. ആ അഭിമുഖത്തില്‍ അദ്ദേഹത്തിനു താന്‍ അഭിമുഖം ചെയ്യാന്‍ പോകുന്ന വ്യക്തിയുമായുള്ള "സൌഹൃദം", ആ വ്യക്തിയിലുള്ള "സ്വാധീനം", എന്നൊക്കെ വ്യക്തമാക്കാന്‍ കഴിയുന്ന മട്ടില്‍ കുറച്ചു ചോദ്യങ്ങള്‍ ചോദിച്ചു വെക്കുക. ആ ചോദ്യങ്ങളിലൂടെ താന്‍ എത്ര വലിയ മഹാന്‍ ആണ് എന്ന്, തനിക്കു താന്‍ അഭിമുഖം ചെയ്യാന്‍ പോകുന്ന വ്യക്തിയുമായി എടാ പോടാ എന്ന് വിളിക്കാവുന്ന ലെവലിലുള്ള,  വളരെ "ആഴത്തിലുള്ള" ബന്ധം ഉണ്ട് എന്നൊക്കെ വ്യക്തമായി വിളംബാന്‍ ഒരു അവസരം കൊടുക്കുക. അത് കഴിഞ്ഞു അദ്ദേഹത്തിനു നല്ല പോലെ സംതൃപ്തി അടഞ്ഞു എന്ന് ഉറപ്പാക്കിയ ശേഷം മാത്രം അഭിമുഖം ചെയ്യാനയക്കുക..തന്റെ വീരസ്യവും താന്‍ അഭിമുഖം ചെയ്യാന്‍ പോവുന്ന വ്യക്തിയുമായുള്ള അടുപ്പവും മറ്റും പറഞ്ഞു കഴിഞ്ഞു എന്ന ബോധ്യതോട് കൂടി അഭിമുഖം തുടങ്ങുകയാണെങ്കില്‍ അത് ഇത്രയ്ക്കും കുളമാക്കില്ലായിരുന്നു. ശ്രീമാന്‍ യേശുദാസിനെ ഇത്രയും തുറന്ന മനസ്സോടെ  കിട്ടിയിട്ട് ആ അവസരം നന്നായി വിനിയോഗിക്കാതെ. അദ്ധേഹം നേരാം വണ്ണം പറഞ്ഞു വരുന്ന കാര്യങ്ങളെ വരെ വഴി തിരിച്ചു വിട്ടും, തടസ്സപ്പെടുത്തിയും ഏഷ്യാനെറ്റിന്റെ ചരിത്രത്തില്‍ രേഖപ്പെടുത്തേണ്ട ഒരു മഹാസംഭവം ആകേണ്ട, അല്ലെങ്കില്‍ ആകുമായിരുന്ന  ഒരു അഭിമുഖത്തെ നശിപിച്ചു കളഞ്ഞത് കാണുമ്പോള്‍ വല്ലാത്ത വിഷമം തോന്നി.

ഇതുവരെ കാണാത്ത ഒരു ലാഘവത്തോടെ ആണ് ശ്രീ യേശുദാസ് ഈ അഭിമുഖത്തിനു വന്നിരുന്നത് എന്ന് കാണുന്നവര്‍ക്ക് മനസ്സിലാവും. പലതും മനസ്സ് തുറന്നു പങ്കു വെക്കാന്‍ തയ്യാറെടുത്തു തന്നെയാണ് വന്നത് എന്ന് വ്യക്തമാക്കുന്ന രീതിയിലായിരുന്നു മിക്ക ചോദ്യങ്ങള്‍ക്കും അദ്ദേഹം മറുപടി പറഞ്ഞു തുടങ്ങിയിരുന്നത്. പക്ഷെ എന്തെങ്കിലും ഒക്കെ ഒഴുക്കോടെ പറഞ്ഞു തുടങ്ങുന്ന മാത്രയില്‍ തന്നെ ശ്രീ ബ്രിട്ടാസ് ഇടപെട്ടുകൊണ്ട്‌ ആ ഒഴുക്കിന് തടയിടുക മാത്രമല്ല, പല രസകാരമായ വിഷയങ്ങളെയും വഴി തിരിച്ചു വിടുകയും കൂടി ചെയ്തു... 

ഒരഭിമുഖം ചെയ്യാനിരിക്കുന്ന ആള്‍ അറിയേണ്ട അല്ലെങ്കില്‍ പാലിച്ചിരിക്കേണ്ട രണ്ടു അടിസ്ഥാന കാര്യങ്ങള്‍   ഉണ്ട്. ആദ്യമായി ഈ അഭിമുഖം തന്റെ ആത്മനിര്‍വൃതിക്കായി ചെയ്യുന്നതല്ല എന്നും, അതിലൂടെ പ്രേക്ഷകര്‍ എന്ന് പറയുന്ന ഒരു സമൂഹത്തിനു വേണ്ടി താന്‍ അഭിമുഖം ചെയ്യുന്ന വ്യക്തിയുമായി സംവേദനം നടത്താന്‍ ഉള്ള വെറും ഒരു ഇടനിലക്കാരന്‍ മാത്രം ആണ് എന്ന ഉത്തമ ബോധ്യത്തോടെ ആയിരിക്കണം അഭിമുഖങ്ങള്‍ ചെയ്യാന്‍ തയ്യാറെടുക്കേണ്ടത്. അത് പോലെ തന്നെ രണ്ടാമതായി ചോദ്യം അഭിമുഖത്തില്‍ ചോദ്യം ചെയ്യുന്ന തനിക്കല്ല പ്രാമുഖ്യം എന്നും അഭിമുഖം ചെയ്യപ്പെടുന്ന വ്യക്തിക്കാണ് അതെന്നും മനസ്സിനെയും ബുദ്ധിയും ഓര്‍മപ്പെടുത്തി തയ്യാര്‍ എടുത്തിരിക്കണം.. ഈ രണ്ടു കാര്യങ്ങളും മലയാളത്തിന്റെ ഡേവിഡ്‌ ലെറ്റര്‍മാനോ, ഓപ്പെറ വിന്‍ഫ്രിയോ അല്ലെകില്‍ കുറഞ്ഞ പടി ഒരു കറന്‍ താപ്പരോ ആണ് എന്ന് ധരിച്ചു വശായിരിക്കുന്ന എല്ലവര്‍ക്കും സ്വയം മനസ്സിലാക്കാവുന്നതാണ്.

കുറച്ചു വകതിരുവോടെ കൈകാര്യം ചെയ്തിരുന്നുവെങ്കില്‍ മറ്റൊരു തലത്തില്‍ എത്തിക്കാവുന്ന ഒരു അഭിമുഖം ആയിരുന്നു അത്. ഒരാള്‍ ഒഴുക്കില്‍ ഒരു വിഷയം പറഞ്ഞു വരുമ്പോള്‍ അതിനെ മുഴുമിപ്പിക്കാന്‍ അനുവദിക്കാത്തത് കഷ്ടം തന്നെ. ശ്രീ യേശുദാസ് ഇന്നേവരെ ഇത്രയും റിലാക്സ്ഡ്  ആയി, പതിവ് മസില് പിടുത്തം ഇല്ലാതെ.. "ജഗദീശ്വരന്‍" മന്ത്രണം കൂടാതെ, ഒരു അഭിമുഖത്തിനും ഇരിക്കുന്നത് കണ്ടിട്ടില്ല. അദ്ദേഹം ഇതേ വരെ ഒഴിവാക്കുമായിരുന്ന പല വിഷയങ്ങള്‍ക്കും തന്റെ "കംഫോര്ട്ട് സോണ്‍" വിട്ടു മറുപടി പറയാനും മുതിര്‍ന്നിരുന്നു. അഭിമുഖകാരന്‍ തന്റെ ഈഗോ പുറത്തെടുക്കാതെ അദ്ദേഹത്തെ സംസാരിക്കാന്‍ അനുവദിച്ചാല്‍ മാത്രം മതിയായിരുന്നു... വളരെ ഇമോഷണല്‍ ആയി മലയാളത്തിന്റെ ഗാനഗന്ധര്‍വന്‍ എന്ന് തോന്നിയിരുന്ന പല മുഹൂര്‍ത്തങ്ങളും ഉണ്ടായിരുന്നു.. അദ്ധേഹത്തിന്റെ ഉള്ളിലെ ഒരു പച്ച മനുഷ്യനെ അനാവൃതമാക്കി കൊണ്ടിരുന്ന പല ഘട്ടങ്ങളും ഉണ്ടായിരുന്നു.. അവിടെ ഒക്കെ ശ്രീ ബ്രിട്ടാസ് തന്റെ വകതിരിവുകേട്‌ കാണിച്ചു എന്ന് പറയാതെ വയ്യ. നമ്മള്‍ തമ്മിലില്‍ ചെയ്തു പോരുന്ന രീതിയില്‍  ആളുകളെ സംസാരിക്കാന്‍ അനുവദിക്കാത്ത ഈ ഇടംകൊലിട്ടു കളി, അതെ ഹാങ്ങ്‌ ഓവറില്‍ തന്നെ അദ്ദേഹം ഈ അഭിമുഖത്തിലും പ്രയോഗിച്ചു എന്ന് വേണം കരുതാന്‍. സാധാരണ പ്രേക്ഷകര്‍ ബ്രിട്ടാസിന് ഇഷ്ടപ്പെട്ട യേശുദാസിന്റെ കാര്യങ്ങള്‍ എന്ത് എന്നറിയാന് ഔല്‍സുക്യം എന്ന് അദ്ദേഹം എങ്ങിനെയോ ധരിച്ചു വശായിരിക്കുന്നു... അത് കൊണ്ടായിരിക്കും തനിക്കിഷ്ട്ടപെട്ട പാട്ടുകളെ പറ്റി യേശുദാസ്  തന്നെ പറഞ്ഞു തുടങ്ങുമ്പോഴേക്കും "സ്വപ്‌നങ്ങള്‍ സ്വപ്‌നങ്ങള്‍..." എന്ന് പറഞ്ഞു നുള്ളി കളഞ്ഞത്. അത് പോലെ തന്നെ ജോന്സനെപറ്റി പറഞ്ഞു തുടങ്ങുന്ന അവസരത്തില്‍... അങ്ങിനെ അങ്ങിനെ പല ഇടങ്ങളില്‍ ...


ഇത് വരെ സാമാന്യ ജനങ്ങള്‍ കണ്ടിട്ടില്ലാത്ത യേശുദാസ് എന്ന വ്യക്തിയുടെ,  ഗാന ഗന്ധര്‍വന്‍ എന്ന പുറന്തോട് പൊളിച്ചു പച്ച മനുഷ്യന്‍ ഔപചാരികതകള്‍ ഇല്ലാതെ പുറത്തു വരുന്ന സന്ദര്‍ഭങ്ങള്‍... ഒരു വിവേകവും കൂടാതെ തടസ്സപെടുത്തി കണ്ടപ്പോള്‍ ശരിക്കും വിഷമം തോന്നി... എന്തായിരുന്നാലും ഇത് വല്ലാത്ത ചെയ്ത്തായി പോയി ...

1 അഭിപ്രായം:

അജ്ഞാതന്‍ പറഞ്ഞു...

True. Brittas is good for nothing.he thinks he is a phenomenon.