തിങ്കളാഴ്‌ച, ഒക്‌ടോബർ 31, 2011

എന്തായാലും ഫോര്‍മുല ഒന്ന് തന്നെ

നോയിഡയില്‍, ബുദ്ധയുടെ വിരിമാറില്‍ കഴിഞ്ഞ മൂന്നു നാല് നാള്‍ റബ്ബര്‍ ഒരു പാട് ഉരഞ്ഞ് തീര്‍ന്നു.  റെഡ് ബുള്ളും,  ഫെരാരിയും, മേക്ക് ലാരെന്നും അടക്കി  വാണ വേഗതയുടെ തമ്പുരാക്കന്മാര്‍ ട്രാക്കിലും പുറത്തും ആഘോഷ തിരമാലകളുടെ അലകള്‍ ഇളക്കി. ആ ആഘോഷം ആരവങ്ങളായി നഗരങ്ങള്‍ കൊണ്ടാടി. ലോകത്തിന്റെ നെറുകയിലാണ് സച്ചിന്‍ തെണ്ടുല്‍ക്കര്‍ ആ ചെക്കെര്ട് ഫ്ലാഗ് പാറിച്ചത്‌ എന്ന് തോന്നിക്കുന്ന രീതിയിലായിരുന്നു ദേശീയ മാധ്യമങ്ങളുടെ ആഘോഷം... പണ്ടൊക്കെ സമൂഹത്തിന്റെ സമുന്നത ശ്രേണിയില്‍ നില്‍ക്കുന്നവര്‍ മാത്രം പിന്തുടര്‍ന്ന് വന്നിരുന്ന ക്രിക്കറ്റ്‌ ഒരു  ജനകീയ ഗെയിം ആയി മാറിയപ്പോള്‍ തൊട്ട്‌ നടന്നു വന്നിരുന്ന കാത്തിരിപ്പ്‌ ആയിരുന്നു കണ്ട അണ്ടനും അടകോടനും ആഘോഷിക്കാന്‍ പറ്റാത്ത മറ്റൊരു എക്സ്ക്ലുസിവ് എലീറ്റ് കായിക മാമാങ്കത്തിന് വേണ്ടി .ഗോള്‍ഫ് എന്ന  അറു ബോറന്‍ സംഭവം വേര് പിടിപ്പിക്കാന്‍ ഏറെ പ്രയാസമാണ് എന്നത് കൊണ്ട് തന്നെ ഇതിന്റെ വിജയം ഉറ്റു നോക്കി കൊണ്ടിരിക്കുകയായിരുന്നു ഇന്ത്യന്‍ എലീറ്റ്. മുക്കിലും മൂലകളിലും പട്ട മടലും തുണി പന്തും കൊണ്ട് വഴിയോരത്തെ കോളനി പിള്ളേര്‍  തട്ടി കളിച്ചു ക്ലാസ് കളഞ്ഞു കുളിച്ച ക്രിക്കെട്ടിനു പകരം വെക്കാന്‍ ഒരു വരേണ്യ വിനോദം.. പോള്‍ പൊസിഷന്‍, ഷൂമാക്കെര്‍, സെബാസ്ടിന്‍ വെട്ടല്‍... എന്നൊക്കെ തന്റെ കീഴ്ജീവനക്കരാണോ, ഡ്രൈവര്‍മാരോ വലിഞ്ഞു കേറി ഒരു അഭിപ്രായം പറയും എന്ന് കുറച്ചു കാലത്തേക്കെങ്കിലും  ഭയക്കാതെ ഗീര്‍വാണം വിട്ടു അര്‍മാദിക്കാന്‍ ഒരു കായിക മാമാങ്കം, അതാണ്‌ എഫ് വണ്‍ അവരുടെ മുന്നില്‍ അവതരിച്ചത്.   ഐ പി എല്ലില്‍ ഒരു പരിധി വരെ കിട്ടിയിരുന്ന "ഗ്ലാമര്‍ ക്വോഷിന്റ്" . അത് കുറെ കൂടി ജനകീയത ഇല്ലാതെ... അതാണ്‌ ബുദ്ധ ട്രാക്കില്‍ അവര്‍ക്കായി ഒരുങ്ങിയത്.


അവിടെ ഫാഷന്‍ തരംഗങ്ങള്‍ ഇറക്കാനും റെഡ് കാര്‍പെറ്റ് നടക്കാനും ബോളിവുഡ് സുന്ദരികളും സുന്ദരന്മാരും , ഇന്ത്യ മഹാരാജ്യത്തിന്റെ നിയുക്ത പട്ടമഹിഷിയെ കെട്ടിയ മഹിഷനും, ഈ രാജ്യത്തെ എല്ലാ പട്ട കച്ചവടത്തിന്റെ മൊത്ത കച്ചവടക്കാരനും, അദ്ധേഹത്തിന്റെ  അനന്തരാവകാശിയും വാല്‍ നക്ഷത്രവും, ക്രിക്കെറ്റ് രാജാക്കന്മാരും, ബിസിനെസ്സ് ലോകത്തെ ശിങ്ങങ്ങളും പുലികളും  (അമര ശിന്ഗം കോടതിയെ പേടിച്ചു ഒതുങ്ങിയത് കൊണ്ട് എത്തിയില്ല), റോവാന്‍ ആട്ക്കിന്സന്‍ എന്ന ടി വി കോമാളിയും, റിച്ചാര്‍ഡ്‌ ബ്രാന്‍സണ്‍ എന്ന ബിസിനെസ്സ് കോമാളിയും,  ബെഹന്ജി എന്ന രാഷ്ട്രീയ കോമാളിയും, ലേഡി ഗാഗായും ... ഗ്ലാമര്‍ ലോകത്ത് നിന്ന് നമുക്ക് കിട്ടാവുന്ന എല്ലാ പൊന്നും പൊടിയും, സകലമാന അവതാരങ്ങളും ഒരു പോലെ അരങ്ങു തകര്‍ത്തു. കാറുകളെക്കാള്‍ ഇരമ്പി ആര്‍ത്തു...കൊടി പറപ്പിച്ചു...

ദോഷം പറയരുതല്ലോ, ഇത്രയും ടോപ്‌ റാങ്കിംഗ് ഇന്റര്‍നാഷണല്‍ താരങ്ങള്‍ എല്ലാം ഒരു മടിയും കൂടാതെ ഇന്ത്യയില്‍ വന്നു അവതരിച്ച മറ്റൊരു സ്പോര്‍ട്സ് ഇനവും (മണി ശങ്കേര്‍ അയ്യരുടെ ഭാഷയില്‍ എന്റെര്‍തൈന്‍മെന്റ്) ഈ അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ല. തലേ നാള്‍ മെറ്റാലിക്ക കാലു വാരിയിട്ടും പരിപാടി ഒരു വന്‍ വിജയമായിരുന്നു എന്ന് ടി വി യില്‍ കണ്ട എല്ലാവരും സമ്മതിക്കും. ഏതായാലും ഇന്ത്യയുടെ നിമിഷം ഇതാ സമാഗതമായി (india arrived)  എന്ന് കൊട്ടി ഘോഷിക്കുന്ന വായ്താരികള്‍ക്ക് ഇതോടെ മുഴക്കം ഏറി...

പക്ഷെ ശരിക്കും ഇതൊക്കെ അന്തര്‍ദേശീയ അന്ഗീകാരത്തിന്റെ ലക്ഷണമാണോ?...അതോ അവിടങ്ങളിലെ അകിടില്‍ ഊറ്റാന്‍ പാലൊന്നും ബാക്കി ഇല്ലാത്തതു കൊണ്ട് ഈ പശുവിനെ പിടിച്ചതാണോ. എനിക്കറിയില്ല. അതൊക്കെ കാലം തെളിയിക്കട്ടെ...എല്ലാം നല്ലതിന് എന്ന് കരുതുന്നത് നന്ന്.

ഇതൊക്കെ കാണുമ്പോള്‍ ഒന്ന് തോന്നുന്നു.  ചിലപ്പോള്‍ തീഹാരില്‍ നിന്നും നമ്മുടെ കല്മാടി സാര്‍ ഉള്ളം കൈകള്‍ ചോറിയുന്നുണ്ടായിരിക്കും... അടുത്ത ഫോര്‍മുല വണ്‍ വരുംപോഴെക്കെങ്കിലും ഒന്ന് കൈവക്കാന്‍ കിട്ടിയിരുന്നെങ്കില്‍ എന്ന് പ്രാര്‍ഥിച്ചു കൊണ്ട്..

അഭിപ്രായങ്ങളൊന്നുമില്ല: