തിങ്കളാഴ്‌ച, ജൂൺ 11, 2012

ആചാരങ്ങള്‍, സദാചാരങ്ങള്‍, വ്യഭിചാരങ്ങള്‍

പല വഴിക്ക് ചര്‍ച്ചകള്‍ പോയിട്ടുള്ള ഒരു വിഷയം തന്നെയാണ് എന്നാലും അതിന്റെ ചില വശങ്ങള്‍  കൂടി പരിശോധിക്കേണ്ടാതായി തോന്നുന്നത് കൊണ്ടാണ് ഈ കുറിപ്പ്. ഇവിടെ നടന്നിട്ടുള്ള ഈ ജനുസ്സില്‍ പെട്ട പല സംഭവങ്ങളെ പറ്റിയും കേട്ടുകേള്‍വിയും, മാധ്യമങ്ങളില്‍ വന്നിട്ടുള്ള വാര്‍ത്തകളും,  ചര്‍ച്ചകളില്‍ വായിച്ചിട്ടുള്ള അഭിപ്രായങ്ങളും ഒക്കെ കൂട്ടിവെച്ചു ചിന്തിച്ചപ്പോള്‍ തോന്നിയ ചില കാര്യങ്ങളാണ് കുറിക്കുന്നത്. ഒറ്റപ്പെട്ട സംഭവങ്ങള്‍ കോര്‍ത്തെടുത്തു അതിനു പിറകിലുള്ള വ്യത്യസ്ത സാഹചര്യങ്ങള്‍, അവസ്ഥകള്‍ എന്നിവ മനസ്സിലാക്കാനോ തിരിച്ചറിയാനോ ശ്രമിക്കാതെ,  സാമാന്യവല്ക്കരിച്ചു  പലപ്പോഴും അതീവ ലാഘവത്തോടെ  ചര്‍ച്ച ചെയ്തു അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി അടുത്ത വിവാദങ്ങളിലേക്ക് കടന്നു പോവുന്ന പ്രവണത നമ്മള്‍ ഇവിടെയും തുടരുന്നു. 

ഇത്തരം സംഭവങ്ങളില്‍ ആത്മാര്‍ഥതയോടെ  ഇടപെടുന്ന ചില വ്യക്തികള്‍  ധരിച്ചു വെച്ചിരിക്കുന്ന ഒരു കാര്യമുണ്ട്...... തങ്ങള്‍ സമൂഹത്തില്‍ കാണുന്ന ദുഷിച്ച പ്രവണതകളോട്  പ്രതികരിക്കുക മാത്രമാണ് എന്ന്...അങ്ങിനെ പരിപൂര്‍ണമായും വിശ്വസിച്ചു കൊണ്ടാണ് ചിലരൊക്കെ ഇടപെടുന്നതും പ്രവര്‍ത്തിക്കുന്നതും. ഇവിടെ സ്വാഭാവികമായും ഉയര്‍ന്നു വരേണ്ട രണ്ടു ചോദ്യങ്ങള്‍ ഉണ്ട്. ഇങ്ങിനെ പ്രതികരിക്കാന്‍ അവര്‍ക്ക് അവകാശം ആര് നല്‍കി, അല്ല അഥവാ അവകാശം സ്വയം  കല്പ്പിച്ചെടുതിരിക്കുകയാണെങ്കില്‍, ഇത്തരത്തില്‍ കായികമായി ആക്രമിച്ചു കൊണ്ടാണോ പ്രതികരിക്കേണ്ടത്... ഈ രണ്ടു ചോദ്യങ്ങള്‍ ഇത്തരം ഇടപെടലുകള്‍ നടത്തുന്നവര്‍ സ്വയം ചോദിച്ചു ഒരു ഉത്തരം  കണ്ടെത്താന്‍ ശ്രമിച്ചാല്‍ അത് ഈ വളര്‍ന്നു വരുന്ന സാമൂഹ്യപ്രശ്നതിന്റെ പരിഹാരത്തിലെക്കുള്ള വഴി തുറക്കും എന്നെനിക്കു തോന്നുന്നു.

അങ്ങിനെ പറയുമ്പോഴും ഇത്തരത്തിലുള്ള "സദാചാര കുതുകികള്‍" വളരെ ചെറിയ ഒരു ശതമാനം മാത്രമാണ് എന്നും, അവരെ മുന്‍നിര്‍ത്തി കളിക്കുന്ന "ഗജപോക്കിരികള്‍" ആണ് ഇത്തരത്തിലുള്ള മിക്ക സംഭവങ്ങള്‍ക്ക് പിറകിലും എന്ന യാഥാര്‍ത്ഥ്യം നാം പരിഗണിക്കേണ്ടതാണ് അങ്ങിനെയിരിക്കെ  ഇവിടെ സംഭവിക്കുന്നതെന്താണ്, ഞാനും നിങ്ങളും മാധ്യമങ്ങളും സമൂഹവും കൂടി, വലിയ തോതില്‍ ഒരു സാമാന്യവല്‍ക്കരണം നടത്തി, ആ സാമൂഹ്യദ്രോഹികള്‍ക്ക് "സദാചാര പോലീസ്" എന്നൊരു ബ്രാണ്ടിട്ടു സംഘടിക്കുവാനും ഒളിച്ചു കഴിയുവാനും ഒരു കൂടാരവും, ആവരണവും ഒരുക്കി കൊടുക്കുന്നു.. ഈ സദാചാരപോലീസ് എന്ന ബ്രാന്‍ഡ് തന്നെ അവര്‍ക്ക് മതം, രാഷ്ട്രീയം തുടങ്ങിയ സംഘ ബലത്തിന്റെ കുടക്കീഴിലേക്ക്‌ നുഴഞ്ഞു കയറാന്‍ അവസരം കൊടുക്കുന്നു. ആ അവരണങ്ങള്‍ അവര്‍ക്ക് ഒരു സംരക്ഷണം ആയി മാറുന്നു... ആരും ന്യായീകരിക്കാനില്ലാത്ത അത്തരം ക്രിമിനലുകളുടെ പിറകില്‍ രാഷ്ട്രീയ കക്ഷികളും മത നേതൃത്വവും അണിനിരക്കുന്നു.

ഇനി ഇതിന്റെ മറുവശം കൂടി നമുക്ക് പരിശോധിക്കാം. അങ്ങേതലക്കല്‍ നമുക്ക് കാണാന്‍ കഴിയുന്നത്‌ യാതൊരു  പ്രതികരണ ശേഷിയും കൂടാതെ നിസ്സന്ഗത പുലര്‍ത്തുന്ന മറ്റൊരു കൂട്ടത്തെയാണ്. തന്റെ കണ്‍  മുന്നില്‍ നടക്കുന്ന ഇതു അതിക്രമവും ചൂഷണവും അനീതിയും കണ്ടില്ല എന്ന് നടിച്ചു താനും തന്റെ കുടുംബവും എന്ന ചെരുവട്ടത്തില്‍ ലോകത്തെ ഒതുക്കി കഴിയുന്ന മറുപക്കത്തെ... അവിടെയാണ് നമ്മള്‍  ഒരു വഴി കണ്ടതെണ്ടത്... അതിക്രമങ്ങളുടെ പല്ലും നഖങ്ങളും പറിച്ചെടുക്കാന്‍  ശ്രമിക്കുമ്പോള്‍, നട്ടെല്ല് നഷ്ടപ്പെടാതെ നോക്കാനുള്ള വഴി. 

ഇത്തരത്തിലുള്ള അക്രമങ്ങളെ ചെറുക്കുന്ന നമ്മള്‍ അത് പ്രതികരണ ശേഷി ഇല്ലാത്ത ഒരു സമൂഹമായി നമ്മള്‍ മാറുന്നില്ല എന്ന് ഉറപ്പു വരുത്തുക കൂടി ചെയ്യേണം.. ഈയ്യിടെ പെണ്ണിര എന്ന പുസ്തകം വായിച്ചപ്പോള്‍ അതില്‍ ഒരു സഹോദരി ബ്രോഡ്‌വെയില്‍വെച്ച് തന്നെ ആക്രമിച്ച സാമൂഹ്യദ്രോഹിയെ കണ്ടിട്ടും പ്രതികരിക്കാത്ത പൊതുജനം പറഞ്ഞ ഒരു കാര്യവും അതോടു കൂടിയുള്ള ഒരു മറുപടിയും ഒന്ന് പരാമര്ശിക്കെണ്ടാതായിട്ടുണ്ട്.  അവിടെ കൂടി നിന്നിട്ടും ആ പ്രശ്നത്തില്‍ ഇടപെടാതിരുന്ന ജനങ്ങളോട് ആ സഹോദരി നിങ്ങള്‍ എന്ത് കൊണ്ട് ഇതില്‍ ഇടപെടില്ല എന്ന് ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞത് ഇത് ഭാര്യയും  ഭര്‍ത്താവും ആയുള്ള പ്രശ്നമാണ് എന്ന് വിചാരിച്ചാണ് ഇടപെടാതിരുന്നത് എന്നാണു. അവിടെ അവര്‍ അതിനു തിരിച്ചു ചോദിച്ചു "സ്വന്തം ഭാര്യയെ ആയാലും തെരുവിലിട്ട് ഒരാള്‍ക്ക്‌ മര്‍ദ്ദിക്കാന്‍ അനുവദിക്കാമോ?".  അവിടെ ആണ് ചില വേര്‍തിരിവുകള്‍ നമ്മള്‍ മനസ്സിലാക്കി വെക്കേണ്ടത്. എവിടെയാണ് സ്വകാര്യത  അവസാനിക്കുന്നത്. എവിടെയാണ് സാമൂഹ്യ പ്രശ്നങ്ങള്‍ തുടങ്ങുന്നത്. ഇതിനിടയിലുള്ള അതിര്‍രേഖ മനസ്സിലാക്കി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യാനുള്ള പാകതയും അറിവും നമ്മള്‍ വളര്‍ന്നു വരുന്ന തലമുറയ്ക്ക്  പകര്‍ന്നു കൊടുക്കേണ്ടതാണ്.  

അത്പോലെ കുറച്ചു ദിവസങ്ങള്‍ കൊണ്ട് ഈ പ്രശ്നങ്ങള്‍ ഇല്ലാതാക്കാന്‍ പറ്റും എന്ന് കരുതുന്നത്, സമൂഹത്തിലെ എല്ലാവരെയും നമുക്ക് മാറ്റാന്‍ പറ്റും എന്നുള്ള ധാരണ വെച്ചു പുലര്‍ത്തുന്നത് പോലെ നടപ്പിലാക്കാന്‍ പറ്റാവുന്ന ഒരു കാര്യമല്ല. പക്ഷെ നമ്മുടെ നാട്ടില്‍ മാറി വരുന്ന ചില സാഹചര്യങ്ങളേക്കുറിച്ചും അവബോധം പുലര്‍ത്തി പ്രവര്‍ത്തിക്കുന്നതും, പലപ്പോഴും ഒരളവു വരെ ഈ പ്രശ്നങ്ങള്‍ "ഒഴിവാക്കുന്നതിനു" വഴിയൊരുക്കും.  "കരുതല്‍" വെച്ചു പുലര്‍ത്തുക എന്ന് പറയുമ്പോള്‍ പലരും "മനുഷ്യാവകാശം" "വ്യക്തിസ്വാതന്ത്ര്യം" എന്ന് പറഞ്ഞു എന്റെ നേര്‍ക്ക്‌ വരും എന്നെനിക്കു അറിയാം, എന്നിരുന്നാലും അവനനവ്റെ സ്വാതന്ത്ര്യം ആഘോഷിക്കുമ്പോള്‍ ഇവിടെ നിലനില്‍ക്കുന്ന ചില  അവസ്ഥകളെ പറ്റി ഒരു കരുതല്‍ ഉണ്ടാവുന്നത് നല്ലതാണ് എന്നെ എനിക്കഭിപ്രായമുള്ളൂ.

കൂടുതല്‍ ചര്‍ച്ചകളിലെക്കായി ഒരു സാഹചര്യത്തിന്റെ ഉദാഹരണം കൂടി പരാമര്‍ശിച്ചു നിര്‍ത്തട്ടെ. ഒരു ഒറ്റപ്പെട്ട സ്ഥലത്ത് ഒരു മൃതദേഹം കണ്ടെത്തിയാല്‍ പോലീസ് ആദ്യം തപ്പുന്നത് ആ പ്രദേശത്തെ ഓട്ടോക്കാരനെയും, ചുമടെടുത്തു കഴിയുന്നവനെയും ഒക്കേയാണ്... അങ്ങിനെ വരുമ്പോള്‍ അസമയങ്ങളില്‍ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ "വള്‍നറബിള്‍" ആയ സാഹചര്യത്തില്‍ ആരെയെങ്കിലും കണ്ടാല്‍ ആ പ്രദേശത്തുള്ള ഓട്ടോക്കാരന്റെയും, ചുമട്ടുകാരന്റെയും മനസ്സില്‍ നാളെ ഇവിടെ എന്തെങ്കിലും സംഭവിച്ചാല്‍ അവന്‍ സ്റെഷനില്‍ കയറി ഇറങ്ങേണ്ടി വരുമല്ലോ എന്ന ചിന്ത ഉണ്ടാവും എന്ന് കരുതാതിരിക്കാമോ... നിര്‍ഭാഗ്യവശാല്‍ ഈ നാട്ടില്‍ നില നില്‍ക്കുന്ന സാഹചര്യം അതാണേ... അത് വിചാരിച്ചു അവരെ ആക്രമിക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്നത് ന്യായീകരിക്കാന്‍ ഒരു സാഹചര്യത്തിലും ആവില്ല...  അവിടെയാണ്  ഞാന്‍ പറഞ്ഞ, സാമാന്യവല്‍ക്കരണം നടത്താതെ സാഹചര്യങ്ങള്‍ കൂടി പരിശോദിച്ചു അഭിപ്രായം പറയുന്നതിന്റെ പ്രസക്തി... 

വാല്‍ക്കഷ്ണം 
ഓട്ടോക്കാരന്‍, ചുമട്ടുകാരന്‍ എന്ന് പറഞ്ഞത് ഇപ്പോള്‍ നിലനില്‍ക്കുന്ന ഗ്രൌണ്ട് റിയാലിറ്റി, വെച്ചു മാത്രമാണ്, അല്ലാതെ എന്റെ മനസ്സിലെ ദുഷ്ടലാക്ക്‌ വെച്ചിട്ടല്ല... എപ്പോഴും എന്ത് സംഭവിച്ചാലും ഏമാന്മാര്‍ ആദ്യം കയറി ഇറങ്ങുന്നത് ഈ പാവങ്ങളുടെ നെഞ്ചാതാണ്... ഇപ്പോള്‍ അന്യ സംസ്ഥാന തൊഴിലാളി എന്നൊരു ഇരയെക്കൂടി കൂടുതലായി കിട്ടിയിട്ടുണ്ട്... അല്ലാതെ ദ്രവ്യം ഉള്ളവന്മാരുടെയും, നേതാക്കന്മാരുടെയും കതകില്‍ മുട്ടാന്‍ ഇന്നത്തെ കേരളത്തിലെ സാഹചര്യത്തില്‍ ഒരു ഏമാനും തയാറാവില്ല 

അഭിപ്രായങ്ങളൊന്നുമില്ല: