വ്യാഴാഴ്‌ച, ജൂൺ 14, 2012

ഇതാണ് കളിയറിയുന്നവന്റെ കളി ... പകിട പന്ത്രണ്ട്

ഒരു പാട് രാശിവെച്ചും കണക്കു കൂട്ടിയും ഒക്കെ ആണ് മേഡം ദീദിയെ ഇന്നലെ തൃക്കണ്‍ പാര്‍ക്കാന്‍ വിളിച്ചത്...  മാധ്യമങ്ങള്‍ വഴി ആറ്റിക്കുറുക്കി എടുത്ത രണ്ടു പേരുകള്‍ ദീദി സമക്ഷം വെക്കുമ്പോള്‍, അതില്‍ ഒരു ഔപചാരികത മാത്രമേ മേഡം പ്രതീക്ഷിച്ചിരിക്കൂ... പക്ഷെ പലതവണ ചൂട് വെള്ളത്തില്‍ വീണ പൂച്ചയായ ദീദി ഇത്തവണ കളി മണത്തു പിടിച്ചു.... ഈ കുരുക്കില്‍ നിന്നും പതുക്കെ ഒഴി കടകം മാറി ദീദി നേരെ പോയത് പുലിമടയിലേക്ക്... ഇത് പോലെ പലതും കണ്ടും കാട്ടിയും കൊടുത്തും തടുത്തും തഴക്കവും പഴക്കവും വന്ന യാദവന്‍ ഉണ്ടോ കുലുങ്ങുന്നു... കളി മണത്ത ആ കുശാഗ്രബുദ്ധി പതിനഞ്ചു മിനിട്ട് കഴിഞ്ഞപ്പോള്‍ പുറത്തിറങ്ങി മാധ്യമങ്ങളുടെ മുന്നിലേക്ക്‌ നീട്ടിയ ആ കുറിപ്പുണ്ടല്ലോ... അതാണ്‌ അടുത്ത മൂന്നു നാല് വര്‍ഷത്തേക്ക് ഇന്ത്യ കാണാന്‍ പോവുന്ന ഗ്രേറ്റ്‌ ഇന്ത്യന്‍ പൊളിറ്റിക്കല്‍ ഡ്രാമയുടെ ആദ്യത്തെ സീനിന്റെ കര്‍ട്ടന്‍ പൊക്കിയത് എന്ന് എന്ന് ഇപ്പോള്‍ ഈ നിമിഷം നിസ്സംശയം പറയാം. മാധ്യമങ്ങളുടെ മുന്നില്‍ വെച്ചു യാദവന്‍ വായിച്ച ആ മൂന്നു പേരുകള്‍ (മൂന്നല്ല, അതിലെ ആദ്യത്തെ പേര് എന്ന് പറയുന്നതാവും ശരി) മാഡത്തിന്റെ അണ്ണാക്കിലേക്ക് തള്ളി കയറ്റിയത് നല്ല ഒന്നാന്തരം കാരമുള്ള്... ഇറക്കാനും വയ്യ തുപ്പാനും വയ്യ... പക്ഷെ ഒന്നുറപ്പാണ് ഇറക്കിയാലും തുപ്പിയാലും അണ്ണാക്ക് കീറും...

ഇനി അതിലെ കളിയെന്താണ് എന്ന് ഒന്ന് ഗണിച്ചു നോക്കിയപ്പോളാണ് ഒന്ന് വ്യക്തമായത്... ഇത് യാദവന്‍ പതിവ് ശൈലിയില്‍ ഒന്ന് ഫ്ലാഷ് കളിച്ചു നോക്കിയതല്ല.. ഓടുന്ന പട്ടിക്കു ഒന്നല്ല ഒരു മുപ്പതു മുഴം മുന്നെക്കിട്ടാണ് അദ്ദേഹം ആഞ്ഞ് എറിഞ്ഞിരിക്കുന്നത്. പ്രധാനമന്ത്രി കസേര അല്ലെങ്കില്‍ ആ കസേരയുടെ നാല് കാലും... അതില്‍ കുറഞ്ഞന്നുമല്ല  ഈ കളിയില്‍ യാദവന്‍ ഉറപ്പിക്കാന്‍ നോട്ടമിടുന്നത് എന്ന് വ്യക്തം. കഴിഞ്ഞ ഇലക്ഷന്‍ കഴിഞ്ഞു മകന്‍ അഖിലെശ്വരനെ അരിയിട്ട് വാഴിച്ചപ്പോള്‍ പലരും മനസ്സില്‍ കരുതി പ്രജാപതി കളി മടുത്തു അടുത്തൂണ്‍ പറ്റാന്‍ പോവുകയാണ്. പക്ഷെ അവിടെ അതിലും വലിയ ഒരു സിംഹാസനം നോട്ടമിട്ടാണ് അങ്ങേരുടെ മനസ്സിലെ കരുക്കള്‍ നീക്കിയത് എന്ന് അന്നാരും കരുതിയിരിക്കില്ല. പക്ഷെ ഈ ഒരു അവസരത്തില്‍ വീണുകിട്ടിയ കളിത്തട്ടില്‍ തന്റെ രാഷ്ട്രീയ ബുദ്ധിയില്‍ അങ്ങേരു വലിച്ചെറിഞ്ഞ പകിട പന്ത്രണ്ടാണ്. അതില്‍ എത്തിപ്പിടിക്കാന്‍ കൈ പോക്കുന്ന ആദ്യത്തെ കൊമ്പാണ് - ഇടക്കാല തിരഞ്ഞെടുപ്പ്. സര്‍ദാര്‍ജിയെ റേസിന ഹില്ലിലോട്ടു നാട് കടത്താന്‍ ആവശ്യപ്പെടുമ്പോള്‍ - സര്‍ദാര്‍ പാകത്തിന് കട്ടിലോഴിഞ്ഞു അവിടേക്ക് ഇളംകൂറപ്പനേ പടിയെറ്റാന്‍ ഒരുങ്ങുന്ന മാടത്തിന് മുന്നില്‍ വെച്ചാ ചെക്കാണ് മുക്കര്‍ജി ചെക്ക്. ആ ചൂണ്ടയില്‍ കൊളുത്തിയാല്‍ ബാബയുടെ വെയ്റ്റിംഗ് ടൈമില്‍ കയറാന്‍ പോവുന്നത് ഒരു അഞ്ചു വര്ഷം കൂടി... ഇനിയൊരു അഞ്ചു വര്ഷം കാത്തിരിക്കാനുള്ള  ക്ഷമ അദ്ദേഹത്തിനുടാവുമോ എന്നത് കണ്ടറിയണം...

അവിടെയാണ് രണ്ടാമത്തെ നീക്കം.. ഇനി ആ ചൂണ്ടയില്‍ കൊളുത്തിയില്ല എന്ന് കരുതട്ടെ, രണ്ടും മൂന്നും പേര് പരിഗണിച്ചാലോ.. നമ്മുടെ മിസൈല്‍ ചാച്ച... അങ്ങേരെ വേലിയില്‍ നിന്നെടുത്തു കൊണ്ഗ്രെസ്സ് വീണ്ടും പറയാന്‍ പറ്റാത്ത ഇടതു വെക്കുമോ ... ഇനി അടുത്ത ചാറ്റര്‍ജീയ്ക്കാണെങ്കില്‍... അദ്ദേഹത്തിനെ ഒന്ന് ജയിപ്പിച്ചെടുക്കണമെങ്കില്‍ വോട്ടു കുത്തി പിന്തുണ നല്‍കേണ്ട, കാരാട്ടെ തീരുമേനിക്കാകട്ടെ, സന്നിഗ്ധ ഘട്ടത്തില്‍ അരിവാള്‍ കൈവിട്ട  ചാറ്റര്‍ജി ഒരു  "ചീറ്റര്‍ജീയും". ഇനി അഥവാ ആ തുണ്ട് കടലാസ്സു വാങ്ങി കീറിക്കളയാന്‍ നോക്കിയാലോ. അവിടെയാണ് യാദവന്‍ ആനയെക്കൊണ്ടു ചെക്ക് വെച്ചിരിക്കുന്നത്.. കുറച്ചു ദിവസത്തേക്ക് ഒരു പ്രൈം ടൈം ചാകര... പിന്തുണ പിന്‍ വലിപ്പ്, വില പേശല്‍.... ഇടക്കാല തിരഞ്ഞെടുപ്പ് ... അങ്ങിനെ കുറച്ചു സീനും.. അങ്ങിനെ നോക്കുമ്പോള്‍ എന്താണ് പരിണാമം... അടുത്ത ആറു മാസത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ എം പി മാരെ പാര്‍ലിമേന്റിലേക്ക് അയക്കുന്ന സംസ്ഥാനത്തില്‍ നിന്ന് ചുരുങ്ങിയത് ഒരു അറുപതു എം പി മാരെങ്കിലും പാട്ടും പാടി സൈക്കിളും ചവുട്ടി കയറും... കൂടെ കൂട്ടിയ ദീദിക്കാണെങ്കില്‍ അടുത്ത ആറു മാസത്തില്‍ അയക്കാവുന്നതില്‍ കൂടുതല്‍ എം പി മാരെ പാക്ക് ചെയ്യാന്‍ ഇലക്ഷന്‍ വൈകിയാല്‍ നടക്കുകയും ഇല്ല...

അപ്പോള്‍ ഒരു തൊണ്ണൂറു എംപിമാരുടെ പിന്തുണയുള്ള യാദവന്‍ ആരായി. കുലപതി.. പ്രജാപതി... അല്ല ..ദില്ലിവാല രാജാവ്... ബീഹാറിലെ ശരത് യാദവിനും, ഒടിശയില്‍ പടനായകനും, ആന്ധ്രയിലെ ജഗജില്ലിയോ നായിഡുവോ അല്ല രണ്ടു പേരും കൂടിയോ .... ആരായാലും മുലായത്തിന്റെ സൈക്കിളില്‍ ഡബിള്‍സ് കയറാന്‍ യാതൊരു മടിയും കാണില്ല .. സന്തോഷമേ ഉണ്ടാവൂ... പതുക്കെ അമ്മയും, ബാദലും എന്‍ ഡി എ സ്റാന്‍ഡു വിട്ടു എപ്പോ ചാടീന്നു ചോദിച്ചാല്‍ മതി..  പവറ് വിട്ടാല്‍ പവാറിന് എന്ത് പവറ്... അങ്ങേരും കൂടെ കൂടും . അപ്പൊ എന്തായീ.. ഇവിടെ എല്ലാവരും പുച്ചിച്ചു തള്ളിയ മൂന്നാം മുന്നണി പാട്ടും പാടി  ഇന്ത്യ ഭരിക്കും...  ഇതിന്റെ എല്ലാം പരിണാമം എന്താണ്... എന്തൊക്കെ കലാപരിപാടി ഒപ്പിച്ചു വെച്ചാലും കാരാട്ടിനും മോഡിക്കും ഗദകാരിക്കുമൊക്കെ ഗാലറിയില്‍ ഇരുന്നു കളി കാണാനേ യോഗം ഉണ്ടാവൂ .. കളി യാദവന്‍ കളിക്കും... പകിട പന്ത്രണ്ടും കളിക്കും...

1 അഭിപ്രായം:

Jayesh Kumar J പറഞ്ഞു...

ആര് കളിച്ചാലും കലാം രാഷ്ട്രപതി ആകുമെന്ന് കരുതുന്നു.