ശനിയാഴ്‌ച, ജൂൺ 02, 2012

എല്ലാറ്റിനും ഒരു സാക്ഷി വേണമല്ലോ

എപ്പോഴും ഒരു അലിബി ഉണ്ടായിരിക്കുന്നത് നല്ലതാണ്. പ്രത്യേകിച്ചും ഒരു അപകടം പലമാര്‍ഗങ്ങളിലൂടെ ആണെങ്കിലും എപ്പോള്‍ വേണമെങ്കിലും മുന്നില്‍ വന്നു പെടാം എന്ന ഈ സന്ദര്‍ഭത്തില്‍...  ഒരു കുറിപ്പെഴുതി വെക്കേണ്ടതിന്റെ അനിവാര്യത ബോധ്യം വന്നത് കൊണ്ട് തുടങ്ങുന്നു...

സംഭവങ്ങളുടെ തുടക്കം ഒരു മൂന്നു നാല് ദിവസങ്ങള്‍ക്കും മുമ്പാണ്.. മറ്റൊരു അവധിക്കാലവും അതിന്റെ ഊര്‍ധ്വന്‍ വലിക്കുന്നതിന് മുമ്പ്, വിലപ്പെട്ട ഓരോ നിമിഷവും, ആഘോഷിച്ചു തകര്‍ക്കാനുള്ള മേളങ്ങള്‍ നടക്കുമ്പോള്‍. പ്ലേ ഏരിയ എന്നൊക്കെ പേര് പറഞ്ഞു വിളിക്കാമെങ്കിലും, മഹാനഗരത്തിലെ മധ്യവര്‍ത്തി സമൂഹത്തിന്റെ ഏറുമാടങ്ങളില്‍ കളിസ്ഥലം എന്ന് പറയുന്നത് പത്തു നാലായിരം ചതുരശ്ര അടി വരുന്ന ഒരു ചെറിയ തുണ്ട് ഭൂമിയാണ്‌. ഉള്ള സ്ഥലം ഉപയോഗിച്ച്, അവിടെ എന്തൊക്കെ നടക്കുന്നു .. സ്വല്‍പ്പം മുതിര്‍ന്ന ആമ്പിള്ളരുടെ ക്രിക്കറ്റ്, ഫുട്ബോള്‍,  കൊച്ചു കുട്ടികളുടെ കണ്ണ് പൊത്തിക്കളി, ഊഞ്ഞാലാട്ടം, മുത്തശ്ശന്മാരുടെയും അമ്മൂമ്മമാരുടെയും സായാഹ്ന സവാരി, വീട്ടമ്മമാരുടെ പരദൂഷണക്കോടതി  .... അങ്ങനെ എന്തെല്ലാം. അവന്‍, മകന്‍ വിളിച്ചിട്ടാണ്, ഞാന്‍ താഴേക്കു ചെന്നത്.. അവര്‍ അവിടെ ഒരു ആറോവര്‍ മാച്ചിന്റെ കലാശ ഓവറുകളില്‍ ആയിരുന്നു എന്ന് തോന്നുന്നു.. അര്‍ജ്ജുനും, രോഹനും, ജോഷ്വായും, ഭാസ്കറും, വിനയും ഒക്കെയുണ്ട്... . കളിക്കുന്ന എല്ലാ പയ്യന്മാരുടെയും മുഖങ്ങളില്‍ കളിയുടെ ആവേശം നിഴലടിക്കുന്നു... പതിവ് പോലെ അവന്റെ ബാറ്റ് വീട്ടില്‍ കൊണ്ട് പോയി വെക്കാന്‍ ആണ് ആശാന്‍ എന്നെ താഴേക്കു വിളിച്ചത്... അവന്റെ ഓര്‍ഡര്‍ലി പണി ചെയ്യുന്ന അച്ഛന്റെ ഡ്യൂട്ടി അല്ലെ അത്... ബാറ്റുമായി നീങ്ങുന്നതിനിടക്കാന് മൊബൈലിന്റെ ബെല്ലടിച്ചത്. അപ്പോള്‍ അവിടെ തന്നെ നിന്ന് ഞാന്‍ ആ കാള്‍ എടുത്തു സംസാരിച്ചു തുടങ്ങി... ഫോണില്‍ സംസാരിക്കുമ്പോഴും, പുസ്തകം വായിക്കുമ്പോഴും ഞാന്‍ ചുറ്റും എന്ത് നടന്നാലും അറിയില്ല, എന്ന് എന്നെ അറിയുന്നവര്‍ എപ്പോഴും പറയുന്ന ഒരു കാര്യമാണ്.. വിഷയം തൊഴില്‍ സംബന്ധിആയതിനാല്‍ കാള്‍ ഒരു പതിനഞ്ചു മിനിട്ടോളം നീണ്ടു പോയി...

ഫോണ്‍ അവസാനിപ്പിച്ചു ചുറ്റും നോക്കിയപ്പോഴാണ്, മനസ്സിലായത്‌ പിള്ളേര്‍ ഒക്കെ കളി മാറ്റി സ്ഥലം കാലിയാക്കിയിരിക്കുന്നു... ബാറ്റും എടുത്തു ഞാന്‍ തിരിഞ്ഞപ്പോള്‍ ആണ് അവരെ കണ്ടത്, ഒരു പത്തറുപതു വയസ്സായ നോര്‍ത്ത് ഇന്ത്യന്‍ സ്ത്രീ, അവര്‍ ഞാന്‍ സംസാരം മതിയാക്കാന്‍ കാത്തു നിന്ന പോലെ എന്നെ രൂക്ഷമായി നോക്കി നില്‍ക്കുന്നു... ഞാന്‍ അവരെ അവഗണിച്ചു മുന്നോട്ടു നീങ്ങാന്‍ നോക്കിയപ്പോള്‍ അവര്‍ എന്റെ വഴി തടഞ്ഞു മുന്നോട്ടു നിന്ന്, നല്ല നാടന്‍ ഹിന്ദിയില്‍ എന്നെ വയറു നിറച്ചു ചീത്ത പറഞ്ഞു തുടങ്ങി. "താനെന്തൊരു മനുഷ്യനാടോ... ഒരു സോറി പറഞ്ഞു കൂടെ... നാണമാവില്ലേ  തനിക്കു...ഈ പണി ചെയ്തു ഒന്നും അറിയാത്ത ഭാവത്തില്‍ പോവാന്‍.." ഓര്‍ക്കാപ്പുറത്തുള്ള ആ ആക്രമണത്തില്‍ ഞാന്‍ അക്ഷാരാര്‍ത്ഥത്തില്‍ അടി പതറി പോയി. എന്താണ് സംഭവം എന്ന് എനിക്ക് യാതൊരു ധാരണയുമില്ല.. ഞാന്‍ ആയമ്മയോടു എന്താണ് മര്യാദ വിട്ടു ചെയ്തത്.അറിയാവുന്ന ഹിന്ദി ഉപയോഗിച്ച് ഞാന്‍ ചോദിക്കാന്‍ ഒരു ശ്രമം നടത്തുന്നുണ്ട്.. അത് കൊണ്ടൊന്നും ആയമ്മ നിര്‍ത്താനുള്ള വട്ടമില്ല... എന്നെ ഒന്ന് സംസാരിക്കാന്‍ പോലും ഇട നല്‍കാത്ത രീതിയില്‍ ശകാരവര്‍ഷം തുടരുന്നു.. ഇടയ്ക്കു ആയമ്മ ഒന്ന് തിരിഞ്ഞു നിന്ന് തന്റെ ചുമലിലെ സാരി മാറ്റി ഒരു ചുവന്ന തണിര്‍ത്ത പാട് ചൂടി കാട്ടുന്നുമുണ്ട്. എനിക്കാകെ തല കറങ്ങുന്നത് പോലെ തോന്നി...ഇന്നുവരെ കേള്‍ക്കാത്ത ഒരു ആരോപണമാണ് സ്ത്രീകളോട് മര്യാദ വിട്ടുള്ള ഒരു പെരുമാറ്റം...  എന്റെ ഈശ്വരാ... എന്റെ റപ്പ്യൂട്ടെഷന്‍.. എന്റെ മാനം... ഭാര്യ ഇനിയും ഓഫീസ് വിട്ടു വന്നിട്ടില്ല... ഇനി അവള്‍ വരുമ്പോള്‍ എന്തായിരിക്കും ആവോ ഉണ്ടാവാന്‍ പോവുന്നത്.. തൊണ്ട വരണ്ടു.    അവരുടെ ഉച്ചത്തിലുള്ള ബഹളം കേട്ടിട്ടാണ് എന്ന് തോന്നുന്നു ചുറ്റും കുറച്ചാളുകള്‍ കൂടിയിട്ടുണ്ട്..അന്ന് വരെ സൌഹൃദം മാത്രം തോന്നിയിരുന്ന അവരുടെ പരിചിത മുഖങ്ങളില്‍ എന്തൊക്കെയാണ് ഭാവങ്ങള്‍.... ഞാന്‍ നിന്ന് വിയര്‍ക്കാന്‍ തുടങ്ങി.. എന്തെങ്കിലും സംസാരിക്കണം എന്നുണ്ട്.. ഹിന്ദി കേട്ടാല്‍ നല്ലപോലെ മനസ്സിലാവും എങ്കിലും ഒഴുക്കോടെ സംസാരിക്കാന്‍ എനിക്ക് ചെറിയ പ്രശ്നമാണ് ... എന്റെ ഇംഗ്ലീഷില്‍ ഉള്ള സംസാരത്തിന് ആയമ്മയുടെ പ്രതികരണം കേട്ടപ്പോള്‍ മനസ്സിലായി, ആയമ്മക്ക്‌ ഇംഗ്ലീഷ് വലിയ പിടിയില്ല എന്നും...

അപ്പോള്‍ ആണ് അയാള്‍ ഒരു കൊടുങ്കാറ്റു പോലെ കടന്നു വന്നത്... ഈശ്വരാ, നവീന്റെ അച്ഛന്‍... കഴിഞ്ഞ അപ്പാര്‍ട്ട്മെന്‍റ്റ് ഇലക്ഷന്റെ ദിവസത്തെ സംഭവങ്ങള്‍ ഉള്ളില്‍ ഒരു മിന്നലോടെ തെളിഞ്ഞു.. അങ്ങേര്‍ക്കു ഇലക്ഷന് മത്സരിക്കാന്‍ ഉണ്ടായിരുന്ന ആഗ്രഹം, അവിടത്തെ മറ്റൊരു കടല്‍ കിഴവനായ രാം മൂര്‍ത്തി - ഉടമകള്‍ക്ക് മാത്രമേ മത്സരിക്കാനാവൂ എന്നാ ബൈ ലോ ചൂണ്ടികാട്ടി തടഞ്ഞതും, അതിനു ശേഷം ഒരു കംപ്രോമൈസ് സ്ഥാനാര്‍ഥി ആയി എന്നെ തിരഞ്ഞെടുത്തതും... ഒക്കെ അതിനയാള്‍ക്ക് എന്നോട് കൊല്ലാനുള്ള ദേഷ്യം ഉണ്ട് എന്ന് നവീന്‍ പകുതി തമാശയും പകുതി കാര്യവും ആയി തലേനാള്‍ പറഞ്ഞതെ ഉള്ളൂ.. അതിനു പ്രതികാരമായി അങ്ങേര്‍ പ്ലാന്‍ ചെയ്തു വല്ല ആരോപണവും കൊണ്ട് വരുന്നതാണോ ... എനിക്കതുവരെ ഒന്നും മനസ്സിലായില്ല... നവീന്റെ അച്ഛന്‍ ആ സ്ത്രീയോട് ചോദിച്ചു..  "എന്താ പ്രശ്നം?".. അവര്‍ പ്രശ്നം പറഞ്ഞു തുടങ്ങിയപ്പോഴാണ് എന്റെ ശ്വാസം ഒന്ന് നേരെയായത്‌... പ്ലേ ഏരിയയായി പുറം തിരിഞ്ഞു നിന്ന് പേരക്കുട്ടിയെ കളിപ്പിച്ചു കൊണ്ടിരുന്നപ്പോള്‍ ക്രിക്കറ്റ് ബോള്‍ പുറത്താടിച്ചതാണ്.. അടിയുടെ ആഘാതത്തില്‍ ആയമ്മ വീണു പോയി... എഴുന്നേറ്റു വന്നപ്പോള്‍ കളിച്ചു കൊണ്ടിരുന്ന പിള്ളേര്‍ ആയമ്മയോടു പറഞ്ഞു ഞാന്‍ ആണ് പന്തടിച്ചത് എന്ന്... എന്റെ കയ്യില്‍ അപ്പോള്‍ ബാറ്റും ഉണ്ടായിരുന്നു... എന്റെ പേര് പറഞ്ഞാല്‍ അവര്‍ക്ക് ചീത്ത കിട്ടില്ലല്ലോ എന്നുള്ള ബുദ്ധി ഉപദേശിച്ചത് എന്റെ സ്വന്തം രക്തം... നല്ല ശക്തിയുള്ള അടി ആയിരുന്നതിനാല്‍ അവര്‍ ഞാനാണ് ആ കൃത്യം ചെയ്തത് എന്ന് ഉറപ്പിച്ചു.. പിന്നെ ഇടക്കൊക്കെ അവരുടെ കൂടെ നിന്ന് ഞാനും കളിക്കുന്നത് ആയമ്മ കണ്ടിട്ടും ഉണ്ട്... ഞാന്‍ നവീന്റെ അച്ഛനെ ദയനീയമായി നോക്കി ... ഈ രക്തത്തില്‍ എനിക്ക് പങ്കില്ല.. ആ സമയത്ത് ബാറ്റ് എന്റെ കൈയ്യിലുണ്ടായിരുന്നു എന്നത് സത്യമാണ്... പക്ഷെ ഞാന്‍ നിരപരാധിയാണ് യുവര്‍ ഓണര്‍... അപ്പോഴാണ്‌ ദേവദൂതനെ പോലെ എനിക്ക് സാക്ഷി പറയാന്‍ മൌര്യ കടന്നു വന്നത്... എപ്പോഴും അടി കൂടും എന്ന് പറഞ്ഞു അവനെ കളിപ്പിക്കാതെ ഒഴിവാക്കി നിര്‍ത്തിയത് കൊണ്ട് അവനു മറ്റു പയ്യന്മാരോട് ദേഷ്യം ഉണ്ടായിരുന്നു.. അത് കൊണ്ട് അവന്‍ ചാടി വീണു സാക്ഷി പറഞ്ഞു.. "ആന്റി ആത് അവനാണ് ... വിനയ്.. അവനാണ് ആന്റിയെ പന്ത് വെച്ചു അടിച്ചത്...."  ആ നിമിഷം ആ കൊച്ചു മിടുക്കനോട് എനിക്ക് എന്തെന്നില്ലാത്ത സ്നേഹവും വാത്സല്യവും തോന്നി...  കുട്ടികളായാല്‍ ഇങ്ങനെ സത്യസന്ധന്മാരാവണം.. ഇനി അവനെ കാണുമ്പോള്‍ ഒരു ഡയറി മില്‍ക്ക് വാങ്ങി കൊടുക്കണം എന്ന് മനസ്സില്‍ ഉറപ്പിച്ചു.. അവന്‍ അത് പറഞ്ഞപ്പോള്‍ ആ സ്ത്രീയുടെ മുഖത്ത് ഒരു ചമ്മല്‍.. ഞാന്‍ പറഞ്ഞ തെറിയൊക്കെ വെറുതെയായല്ലോ എന്നുള്ള ഭാവവും വെച്ചു ഒരു സോറി ഒന്നും പറയാന്‍ മെനക്കെടാതെ തോളത് ഒന്ന് കൂടി തടവി ആയമ്മ വെച്ചു വെച്ച് നടന്നു പോയി...  കൂടി നിന്നവരുടെ സഹതാപം ഏറ്റു വാങ്ങാന്‍ മിനക്കെടാതെ  ഞാനും പതുക്കെ വീട്ടിലേക്കു മടങ്ങി... അവിടെ സോഫയില്‍ ഒന്നും അറിയാത്ത പോലെ ചാരിയിരുന്നു ടോരെമോനും കണ്ടു ചിരിക്കുന്ന അവന്‍. എന്നെ കണ്ടതും ഒരു കളിയാക്കി ചിരി... വീണ്ടും ടി വി യിലേക്ക്... . ദുഷ്ടന്‍... എന്നാലും മകനെ.. നീ എന്നോടിങ്ങനെ ചെയ്തല്ലോ...

പക്ഷെ കാര്യം അത് കൊണ്ട് അവസാനിച്ചില്ല ... ഇത് വെറും ഫ്ലാഷ് ബാക്ക്... ഇന്നായിരുന്നു അസോസിയേഷന്‍ മീറ്റിംഗ്... നവീന്റെ അച്ഛന്‍ ഈ സംഭവം എടുത്തു പിടിച്ചാണ് എന്റെ ഉള്ളില്‍ തീ കോരിയിടുന്ന ആ ആവശ്യം ഉന്നയിച്ചത്.. ക്രിക്കറ്റ്, ഫുട്ബാള്‍ എന്ന് തുടങ്ങിയ അപകടകരമായ കളികള്‍ പ്ലേ ഏരിയയില്‍ നിരോധിക്കണം... അങ്ങേര്‍ക്കു പിന്തുണയുമായി നല്ല ഒരു സംഘവും... ഞാന്‍ ഒരു സപ്പോര്‍ട്ടിനായി ഇടവും വലവും നോക്കി... പക്ഷെ ആരും മറുത്തൊന്നും പറഞ്ഞില്ല.. ഒടുവില്‍ മനസ്സില്ല മനസ്സോടെയാണ് ആ തീരുമാനം പാസ്സാക്കിയത്.. മീറ്റിംഗ് കഴിഞ്ഞു തീരുമാനം നോട്ടീസ് അടിക്കാന്‍ കൊടുത്തു..  ഇനിയാണ് ഞാന്‍ കരുതിയിരിക്കേണ്ടത്.. അവന്മാര്‍ എങ്ങിനെ പ്രതികരിക്കും എന്ന് യാതൊരു ധാരണയും ഇല്ല... അത് കൊണ്ടാണ് ഞാന്‍ ഒരു അലീബിയായി ഈ കുറിപ്പിടാന്‍ തീരുമാനിച്ചത്. .നിങ്ങള്‍ എങ്കിലും സാക്ഷി പറയാന്‍ ഉണ്ടാവുമല്ലോ എന്നാ പ്രതീക്ഷയില്‍ ...കല്ലേറ് കൊണ്ടാണ് എനിക്ക് അപകടം വരിക എങ്കില്‍ അതിനുത്തരവാദി അവനായിരിക്കും ആ അര്‍ജ്ജുന്‍... അവന്റെ കൈയ്യിലാണ് ഞാന്‍ ഒരു നല്ല തെറ്റാലി കണ്ടിട്ടുള്ളത്... അതല്ല ബാറ്റു കൊണ്ടുള്ള അടിയാണെങ്കില്‍ അത് വിനയോ രോഹനോ...  ഇനി വീട്ടില്‍ വെച്ചാണ് എന്തെങ്കിലും സംഭവിക്കുക എങ്കില്‍ വേറൊന്നും നോക്കണ്ട... .. അവന്‍ തന്നെ... 

അഭിപ്രായങ്ങളൊന്നുമില്ല: