വെള്ളിയാഴ്‌ച, ജൂൺ 15, 2012

അഞ്ചു രൂപാ നോട്ട്‌

അത് അഞ്ചു രൂപ തന്നെയാണ്.. വൃത്തിയായി മടക്കി പോക്കറ്റില്‍ തിരുകിയ ശേഷവും ഒന്ന് കൂടി പുറത്തെടുത്തു നോക്കി...അഞ്ചു രൂപ മതി...  മഞ്ഞയും പച്ചയും പെയിന്റ് അടിച്ച മരത്തില്‍ ഉണ്ടാക്കിയ ആ കെ എസ ആര്‍ ടി സി എക്സ്പ്രെസ്സ് ബസ്സിനു.. കഴിഞ്ഞ വിഷുക്കേട്ടം കരുതി വെച്ചതാണ് ഇരുപത്തിമൂന്ന് രൂപ ഉണ്ടായിരുന്നു.. അഞ്ചും പത്തും ആയിട്ട് അതെവിടെ പോയി എന്നറിയില്ല... ആറാം നമ്പരും, ഐസ് ഫ്രൂട്ടും, ഐനാസും ഒക്കെയായി അതൊരു വഴിക്ക് പോയി. അല്ലാ അന്നൊന്നും ഈ ബസ്സ്‌ വാങ്ങണം എന്ന പ്ലാനെ ഉണ്ടായിരുന്നില്ലല്ലോ?

 കഴിഞ്ഞ ആഴ്ച ഗുരുവായൂര്‍ക്ക് പോയപ്പോ ബസ്സില് മുമ്പിലെ സീറ്റില്‍ ഇരുന്ന ചെക്കന്റെ കൈയ്യിലല്ലേ ആദ്യം കണ്ടത്... പിന്നെ നടക്കലേക്ക് നടക്കുമ്പോ എല്ലാ കടേലും ഉണ്ടായിരുന്നു... ചോപ്പ് ബസ്സും പച്ച ബസ്സും... ചോപ്പ് ഒര്ടിനരിയാ... പച്ചയാണ് എക്സ്പ്രെസ്സ്... ഒരു സ്ഥലത്തും നിര്‍ത്തില്ല... മുത്തശന്റെ കൂടെ പോവുമ്പോ.. ഒരു രക്ഷയുമില്ല എന്നറിയാവുന്നതു കൊണ്ട് ചോദിച്ചു മെനക്കെടാന്‍ നിന്നില്ല... മൂപ്പരുടെ കൂടെ പോവുമ്പോ ആകെയുള്ള ബോണസ്, ഇന്ത്യ കോഫീ ഹൌസില്‍ നിന്നുള്ള കാപ്പി... അല്ല അവിടെ വക്കു പൊട്ടിയ നിറം മങ്ങിയ  വെള്ള കപ്പില്‍ ഒരു ചെറിയ ചവര്‍പ്പോടെ ഊറ്റി തരുന്ന ദ്രാവകം. കാര്യം ആ കാപ്പി വലിയ ഇഷ്ടം ഒന്നും തോന്നാതെയാണ് കുടിക്കുന്നത് എന്നാലും വീട്ടില്‍ തിരിച്ചെതിയിട്ടെ വേറെ ഭക്ഷണം കിട്ടൂ എന്നറിയാവുന്നതു കൊണ്ട് തുള്ളി ബാക്കിയാക്കാതെ ഊതി ആറ്റി കുടിക്കും...  ഒരു രക്ഷയും ഇല്ലാത്തതു ചുറ്റിലും നിന്നും മൂക്കിലടിക്കുന്ന നെയ്‌ റോസ്റിന്റെയും ഉഴുന്ന് വടയുടെയും സാമ്പാറിന്റെയും മണം... അന്നൊക്കെ എന്റെ കന്വേട്ടത്തില്‍ ഇരുന്നു തട്ടി വിട്ടിരുന്ന പലര്‍ക്കും,  വൈകുന്നേരം ആവുമ്പോഴേക്കും വയറളിക്കം പിടിച്ചിട്ടുണ്ടായിരിക്കണം.. പക്ഷെ ടേബിളിന്റെ മുന്നില്‍ നിന്നും ഇറങ്ങാന്‍ ഒരു മടിയോടെ നില്‍ക്കുന്ന എന്നെ എഴുന്നേല്‍പ്പിക്കാന്‍ കൈ പിടിച്ചു വലിക്കേണ്ടി വരാറുണ്ട് പാവം മുത്തശ്ശന്.. ഇന്നൊക്കെ ആണെങ്കില്‍ സദാ കാവിയുടുത്ത്‌ ഭസ്മക്കുറിയും നടുവില്‍ ഒരു കുങ്കുമ പോട്ടുമായി നടക്കുന്ന മുത്തശന്‍ എന്റെ കൈയും വലിച്ചു നടക്കുന്നത് കണ്ടാല്‍ ആരെങ്കിലും - സന്യാസി കുട്ടിയെ തട്ടി കൊണ്ട് പോവുന്നു എന്ന് പറഞ്ഞു പ്രശ്നം ഉണ്ടാക്കിയേനെ... 

അന്ന് തിരിച്ചു വീട്ടില്‍ എത്തിയപ്പോഴേ മനസ്സില്‍ ഉറപ്പിച്ചു... അടുത്ത ആഴ്ച മേലെക്കാവില്‍ പൂരത്തിന് .. പച്ച ബസ്.. അതിനിടയില്‍ ഒരു ശനിയാഴ്ചയും ഉണ്ട്... അച്ഛന്‍ കണ്ണൂരില്‍ നിന്നും വരുന്ന വാരാന്ത്യം.. ഒരു അഞ്ചു രൂപ പൂരം കാണാന്‍ ചോദിച്ചാല്‍ തരാതിരിക്കില്ല എന്നുറപ്പും ഉണ്ടായിരുന്നു... എന്നാലും ചെറിയ തോതില്‍ ഒരു കലാപം ഉണ്ടാക്കി മാത്രമേ അച്ഛന്റെ കൈയ്യില്‍ നിന്ന് കാശ് വസൂലക്കനോത്തുള്ളൂ... കൂട്ടത്തില്‍ വേണ്ട തറി പറിച്ചു കൈയ്യില്‍ നിന്ന് തുടയില്‍ രണ്ടടിയും വാങ്ങിക്കേണ്ടി വന്നു... എന്നാലെന്താ.. പുലര്‍ച്ചയ്ക്ക് പോവുന്നതിനു മുമ്പ് അമ്മയുടെ കൈയ്യില്‍ കൊടുത്തു വെച്ചിരുന്നു പച്ച നിറത്തിലുള്ള അഞ്ചു രൂപ നോട്ടു ... പച്ച ബസ്സിനു പച്ച നോട്ട്‌..

രാവിലെ ഗെയ്റ്റിനു മുമ്പില്‍ ആന എഴുന്നള്ളിച്ചു പോവുമ്പോ പിന്നാലെ പോവുന്ന ബലൂണ്‍കാരന്റെ കൈയ്യില്‍ ഉണ്ടായിരുന്നില്ല.. "ബസ്സൊക്കെ കിട്ടാന്‍ പൂരപ്പറമ്പില്‍ പോണം കുട്ട്യേ.. ഇവിടെ പീപ്പീം ബലൂണും വേണങ്കി തരാം" ബലൂണ്‍ കാരന്‍ വെളുക്കെ ചിരിച്ചു... "എപ്പോഴാ പൂരം കാണാന്‍ പോവാ" . അമ്മയോട് ചോദിച്ചിട്ടും കേള്‍ക്കാത്ത ഭാവം.. മുത്തശ്ശന്‍ ആണെങ്കി സ്ഥലത്തില്ല താനും.. "ഡാ രേവ്യെ നീ എപ്പോളാ പൂരം കാണാന്‍ പോണേ..." അമ്മൂമ്മ ചോദിക്കുന്ന കേട്ടു.. "പോവുമ്പോ അനീന്കുട്ടനെ കൂടി കൊണ്ട് പോയി ആ അമ്പല പറമ്പിലൊക്കെ ഒന്ന് കാട്ടി വാ" "പറമ്പ് തിരിച്ചു കഴിഞ്ഞാല്‍ പോവാം.." രവിയുടെ മറുപടി കേട്ടപ്പോള്‍ ആശ്വാസമായി.. സാധാരണ അയാളുടെ കൂടെ പുറത്തു പോവാന്‍ ഒരു ഇഷ്ടവും ഇല്ലാത്തതാണ്.. ബീഡിയുടെ മണം എനിക്ക് മണം പിരട്ടും.. അവന്‍ വീട്ടില്‍ നിന്നും പുറത്തിറങ്ങുക ആണെങ്കില്‍ പടി കടന്നാല്‍ ആദ്യം തന്നെ ബീഡി കത്തിക്കും... പിന്നെ വീട്ടില്‍ തിരിച്ചെത്തുന്ന വരെ പുകച്ചു കൊണ്ടേ ഇരിക്കും...

പറമ്പ് തിരിക്കാന്‍ മേലൂരില്‍ നിന്നും അയ്യപ്പന്‍ നായര്‍ കൊണ്ട് വന്നാക്കിയതാണ് രവിയെ.. ആദ്യം രവിയുടെ കൂടെ ഭാസ്കരന്‍ ഉണ്ടായിരുന്നു.. രണ്ടാള്‍ കൂടിയാണ് പത്തായപ്പുരയുടെ ചായ്പില്‍ താമസിച്ചിരുന്നത്.. പിന്നൊരു ദിവസം രാത്രി ഭാസ്കരന് "കരിമാന്‍" കയറി.. അന്ന് രാത്രി മുഴുവന്‍ മുറ്റത്ത്‌ കൈ കുത്തി നടന്നു, തെങ്ങില്‍ പൊതി പിടിച്ചു കയറി, കുറെ ബഹളം വെച്ചു. ഞങ്ങള്‍ പിള്ളേരെ ഒക്കെ നാല് കെട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ അനുവദിച്ചില്ല.. ആരൊക്കെയോ ചേര്‍ന്ന് അടക്കി നിര്‍ത്തി ഭാസ്കരനെ ഒരുവിധം ചായ്പ്പിലെ മുറിയില്‍ ഇട്ടു പൂട്ടി... രാവിലെ മണ്ണൂരില്‍, അയാളുടെ നാട്ടില്‍ നിന്ന് ആരൊക്കെയോ വന്നു കൂട്ടി കൊണ്ടുപോയി.. പിന്നെ ഭാസ്കരന്‍ സ്വാമിയായി, ആശ്രമം ഒക്കെ തുടങ്ങി എന്നൊക്കെ ആരൊക്കെയോ പറഞ്ഞു കേട്ടിരുന്നു... പക്ഷെ അതിനു ശേഷം രവി മാത്രമേ സ്ഥിരം പണിക്കു നിന്നിരുന്നുള്ളൂ... കൂടെ പറമ്പ് തിരിക്കാന്‍ നാട്ടില്‍ നിന്ന് തന്നെ കുഞ്ഞേട്ടന്‍ കൂടി. അങ്ങിനെ കുറെ നാള്‍.  പിന്നെ എല്ലാ പറമ്പിലും ഇലക്‌ട്രിക് കണക്ഷന്‍ ആയി "കന്ന് തേക്ക്" അവസാനിക്കുകയും ചെയ്തു. ഒരാളെക്കൊണ്ട് ചെയ്യാവുന്ന പണിയായി പറമ്പ് തിരി മാറി...

രവി പറമ്പ് തിരി കഴിഞ്ഞു വന്നപോഴേക്കും പന്ത്രണ്ടു മണി ആയിരുന്നു.. പിന്നെ കുളിക്കാന്‍ പോയി, ഊണ് കഴിച്ചു പുറപ്പെട്ടു വന്നപ്പോളാവട്ടെ രണ്ടു മണി. അത് വരെ കുറെ നേരം ഗേറ്റില്‍ പോയി നിന്ന് പൂരം കാണാന്‍ പോവുന്നവരെയും വരുന്നവരെയും നോക്കി നിന്നു സമയം കളഞ്ഞു. അച്ഛനമ്മമാരുടെ കൈ പിടിച്ചു വരുന്ന എല്ലാ കുട്ടികളുടെയും കൈയ്യില്‍ ഉണ്ട് എന്തെങ്കിലും ഒരു കളിപ്പാട്ടം.. മത്തങ്ങാ ബലൂണ്‍, പീപ്പി, "റൊട്ടി കപ്പട മകാന്‍" എന്ന സിനിമയുടെ ഫിലിം ഉള്ള വ്യൂ മാസ്റെര്‍, തോക്ക് ... അങ്ങിനെ അങ്ങിനെ.. ഒരു കുട്ടിയുടെ കൈയ്യില്‍ കണ്ടു ചുവന്ന ബസ്സ്‌... അതോടെ സമാധാനമായി... ആവൂ ഇനി അവിടെ ഇല്ലാതിരിക്കില്ല. ചോപ്പ് ബസ്സുന്ടെങ്കില്‍ പച്ചയും കാണും.... അതിനിടയില്‍ എപ്പോഴോ ഒന്ന് ഊണ് കഴിച്ചു എന്നും വരുത്തി... "എന്നാ പോവാം" .മുടിയിലെ കിളിക്കൂട്‌ എണ്ണ തേച്ചു മിനുക്കി പൂത്തുലഞ്ഞ ഷര്‍ട്ടും ബെല്‍ബോട്ടം പാന്റും ഇട്ടു രവി വന്നു വിളിച്ചൂ..

വേഗം ചാടി എഴുന്നേറ്റു.. ഞാന്‍ ഗേറ്റില്‍ എത്തിയപ്പോള്‍ അമ്മ പറയുന്നത് കേട്ടു.. "ഡാ ആ  ട്രൌസര്‍ മാറ്റ്.... പുറത്തേക്കു പോവല്ലേ..." "കുട്ട്യോട് പറെണതു  കേട്ടില്ലേ.." രവി ചോദിച്ചിട്ടും ഞാന്‍ വേഗം നടന്നു "പിന്നെ ഇപ്പൊ ട്രൌസര്‍ മാറ്റല്ലേ കാര്യം.. വേഗം വാ.." വെയില്‍ തിളക്കുന്നതും വക വെക്കാതെ ഞാന്‍ വേഗം നടന്നു.. ഇടയ്ക്കു നോക്കി രവി കൂടെ ഇല്ലേ എന്നുറപ്പ് വരുത്തി... രവിയുടെ കൂടെ പുറത്തിറങ്ങിയാല്‍ അടുത്ത പ്രശനം ആള് ഒരു ഇഴഞ്ഞ പന്ത്രണ്ടാ എന്നുള്ളതാണ്.. സിനിമ പോസ്റ്റര്‍ കണ്ടാലും.. ഏതെങ്കിലും പെണ്‍കുട്ട്യോളെ കണ്ടാലും സ്വിച്ചിട്ട പോലെ അവിടെ നിക്കും... പൂരം ആയതു കൊണ്ട് റോട്ടില്‍ മുഴുവന്‍ പെണ്‍കുട്ട്യോളും.. എന്റെ ക്ഷമയും രവിയുടെ വേഗവും... ചേരാതെ ചേരാതെ എങ്ങിനെയോ കൊയ്ത്തു കഴിഞ്ഞ പാടവും കടന്നു ഞങ്ങളെ പൂരപ്പറമ്പില്‍ എത്തിച്ചു.. അവിടെ എത്തിയപ്പോഴേക്കും വിയര്‍ത്തു കുപ്പായം കുതിര്‍ന്നിരുന്നു... "കുട്ടിക്ക് വെള്ളം കുടിക്കണോ?" "വേണ്ട" .. എന്റെ കണ്ണുകള്‍ പറമ്പ് മുഴുവന്‍ പരതുകയായിരുന്നു.. എവിടെയാണ് കച്ചോടക്കാര്‍.. ഉച്ച തിരിഞ്ഞത് കൊണ്ട് തിരക്ക് കുറച്ചു ഒഴിഞ്ഞ പൂരപ്പറമ്പ് എഴുന്നള്ളിപ്പ് കഴിഞ്ഞ ഒന്ന് രണ്ടാനകളെ അവിടെ മരത്തില്‍ തളചിരിക്കുന്നു.. വലിയ തിരക്കില്ല.. വലിയ പ്ലാസ്റിക് ചാക്കുകളില്‍ പൊരിയും, ആറാം നമ്പരും, തുപ്പല് മിട്ടായിയും, ഈച്ച ആര്‍ക്കുന്ന ബഹുവര്‍ണ അലുവകളുമായി.. കച്ചവടക്കാര്‍.. പിന്നെ പതിവ് പോലെ മരഎടുപ്പില്‍ കുത്തി വെച്ച ബലൂണുകളും, കാറുകളും.."എവിടെയാ ബസ് വാങ്ങാന്‍ കിട്ട്വാ?" എന്റെ ചോദ്യം രവിയെ ബാധിചാതെ ഇല്ല. രവിയുടെ ശ്രദ്ധ മുഴുവന്‍ വളയും മാലയും വിക്കുന്ന കടകളിലെക്കാന്.. കുപ്പി വളകളും, കുങ്കുമവും, ചാന്തു കൂട്ടുകളും... പല നിറത്തിലുള്ള പാവാടകളും.. ദാവണികളും... സുന്ദരിമാരുടെ പൂരം... കുടമാറ്റം.. വീണ്ടും പോക്കറ്റില്‍ നിന്നു ആ അഞ്ചു രൂപ എടുത്തു. ഒന്ന് കൂടി നോക്കി.. അപ്പോഴാണ്‌ ആലിന്റെ മറവില്‍ പ്ലാസ്റിക് പായയില്‍ ചാച്ച്‌ഇറക്കിയ ആ കൊച്ചു കട കണ്ടത്... അവിടെ മരം കൊണ്ടുണ്ടാക്കിയ കളി സാമാനങ്ങള്‍.. ബസ്സുകള്‍ , ചാട്ട്, ഓട്ടോ റിക്ഷ... പിന്നെയും എന്തൊക്കെയോ...

കാശ് പോക്കറ്റില്‍ തന്നെ തിരിച്ചു തിരുകാന്‍ നോക്കി അങ്ങോട്ട്‌ നടക്കാന്‍ തുടങ്ങുമ്പോഴാണ് പോക്കറ്റില്‍ നിന്നും ഊര്‍ന്നു നോട്ട്‌ നിലത്തു വീണത്‌.. ചെറിയ കട്ടില്‍ ആ നോട്ട്‌ ഒന്ന് നീങ്ങി.. ഞാന്‍ അതിനു പിറകെ.. അപ്പോഴാണ്‌ കാറ്റത്ത്‌ നീങ്ങിയ ആ നോട്ടിനു മുകളില്‍ ഒരു കാല്‍ ഉയര്‍ന്നു താണത്.. ചെരിപ്പിടാത്ത ആ കറുത്ത് തടിച്ച ആ കാല്‍ ആ നോട്ടിനു മുകളില്‍ അമര്നിരുന്നു.. നോട്ടില്‍ മാത്രം നോക്കിയിരുന്ന ഞാന്‍ മുഖം ഉയര്‍ത്തി.. എണ്ണ കാണാത്ത പാറി പറക്കുന്ന ചുരുണ്ട മുടി.. ചോര കണ്ണുകള്‍.. കപ്പട മീശ.. അയാളുടെ മുഖത്തേക്ക് നോക്കിയാ എന്നോട് പുരികം ഉയര്‍ത്തി യാതൊരു മയവും കൂടാതെ അയാള്‍ മൂളി .. "ഊം..." ഞാന്‍, അയാളുടെ മുഖത്തേക്ക് ദയനീയമായി നോക്കി യതല്ലാതെ ഒരു വാക്ക് പോലും ഉച്ചരിച്ചില്ല.. ഒരു നിമിഷം.. പിന്നെ ഞാന്‍ തിരിഞ്ഞു നടന്നു അല്ല.. രവിയുടെ അടുത്തേക്ക് ഓടി.. രവി അപ്പോഴും വളക്കടകള്‍ക്ക് മുന്നിലെ തിരക്കില്‍ കണ്ണുടക്കി നില്‍ക്കുന്നു... പരിഭ്രമത്തോടെ ഞാന്‍ രവിയുടെ കൈ വലിച്ചു .. "വാ പോവാം.." "എന്ത് പറ്റി.. ആനേക്കണ്ട് പേടിച്ചോ?" ഞാന്‍ കുറച്ചു ധൈര്യം സംഭരിച്ചു അങ്ങോട്ട്‌ ഒന്നുകൂടി നോക്കി .. അയാള്‍ അവിടെ നിന്നും അനങ്ങാതെ എന്നെ തന്നെ തുറിച്ചു നോക്കി നില്‍ക്കുന്നു.. പിന്നെ ഒന്ന് കൂടി നോക്കാന്‍ ഉള്ള ധൈര്യം എനിക്കുണ്ടായില്ല ..രവിയുടെ കൈ വലിച്ചു .."എനിക്ക് പോണം.." "തൂറാന്‍ മുട്ടുണ്ടാ.. മൂത്രോഴിക്കണാ... " രവി സാധ്യതകള്‍ പലതും ചോദിച്ചു കൊണ്ടിരുന്നുവെങ്കിലും ഞാന്‍ ഒരു മറുപടിയും കൊടുത്തില്ല.. അണക്കുന്ന വേഗത്തില്‍ നടന്നു...

രവിയുടെ കൈ പിടിച്ചു വലിച്ചാണ് ഞാന്‍ തിരച്ചു നടന്നത്. എതിരെ വരുന്ന ഏതൊക്കെയോ കുട്ടികളുടെ കൈയ്യില്‍ പച്ച ബസ്സുണ്ടായിരുന്ന പോലെ.... എങ്ങിനെ വീട്ടില്‍ എത്തി എന്നും ഞാന്‍ അറിഞ്ഞില്ല.. ആ വിയര്‍പ്പോടെ തെക്കിനിയില്‍ അമ്മൂമ്മയുടെ കിടക്കയിലേക്ക് കമിഴ്ന്നു വീഴുകയായിരുന്നു.. "എന്താ രവീ കുട്ടിക്ക് പറ്റീത്.." "എന്താവോ ..നിക്കൊന്നും അറീല്ല.. അതിനു വയട്ടിനു അസുഖയിരിക്കുന്നാ തോന്നണേ.. അവിടുന്ന് പെട്ടന്ന് പോരായിര്‍ന്നു.." "അവിടെ കതിന പൊട്ടിച്ചോ?".. പിന്നേം അമ്മയും അമ്മമ്മയും എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു.. കമിഴ്ന്നു കിടന്നു കുറെ കരഞ്ഞു.. എപ്പോഴോ അമ്മയുടെ നേര്‍ത്ത വിരലുകളും അമ്മൂയും ചുളിഞ്ഞ വിരലുകളും എന്റെ മുടിയിഴകളില്‍ തഴുകിയിരുന്നു... എന്റെ കവിളിലെ കണ്ണീര്‍ തുടച്ചിരുന്നു... എപ്പോഴോ ഞാന്‍ ഉറങ്ങിപ്പോയി... ... 

1 അഭിപ്രായം:

ajith പറഞ്ഞു...

ഓര്‍മ്മകള്‍ വായിക്കാനെന്തുരസം