വ്യാഴാഴ്‌ച, ജൂൺ 28, 2012

മന്ദഹസിക്കുന്ന സര്‍ദാര്‍ജി

ഇന്ന് അല്‍പ സമയം മുമ്പ് സര്‍ദാര്‍ജി വിളിച്ചു ... "ഞാന്‍ വിട്ടു സിംഗപൂരിലേക്ക് തിരിച്ചു പോവുന്നു ...." സംസാരിച്ചവസാനിച്ചപ്പോള്‍ ഓര്‍മ്മകള്‍ പതിനഞ്ചു കൊല്ലം പിന്നോട്ട് പോയി... പ്രത്യേകിച്ചും രസകരമായ ആ സംഭവത്തിന്റെ ഓര്‍മയിലേക്ക്.. 

സര്‍ദാര്‍ജിയെ ആദ്യം കാണുമ്പോള്‍ ഞാന്‍ ആലോചിച്ചിട്ടുണ്ട് .. ഇയാള്‍ എങ്ങനെ ഈ കൂട്ടത്തില്‍ എത്തി എന്ന്.. ഐ ഐ ടി എന്ജിനീര്‍, റെക്നോലോജിയില്‍ നല്ല പരിജ്ഞാനം, നല്ല എം എന്‍ സി കളില്‍ ജോലിയെടുത്തുള്ള പരിചയം. പക്ഷെ അതിലേറെ അദ്ദേഹത്തെ ഇഷ്ടപ്പെടുന്നത് ആ മന്ദഹാസം ആണ് .. ഒരു പാട് ശാന്തി തോന്നുന്ന കണ്ണുകള്‍. പക്ഷെ ചെയ്യുന്ന ബിസ്നേസ്സോ,,. റിയല്‍ എസ്റ്റേറ്റ്‌ കച്ചവടം. അതിലെ പങ്കു കച്ചവടക്കാര്‍ ആണെങ്കില്‍ അതിലും കേമം, സിറ്റി മാര്‍ക്കറ്റില്‍ ഇലക്ട്രോണിക്സ് ഹോള്‍സൈല്‍ കച്ചവടം നടത്തുന്ന മാര്‍വാഡി, പലിശക്കാരന്‍ സിന്ധി,  പിന്നെ കറകളഞ്ഞ ഒരു രാഷ്ട്രീയ ഗുണ്ട, റെഡ്ഡി.

ആദ്യമായി ജോലിയില്‍ പ്രവേശിച്ച ചെറിയ ഒരു പരസ്യ കമ്പനി അവര്‍ പുതുതായി തുടങ്ങിയ ബാംഗ്ലൂര്‍ ഓഫീസിലെക്കയച്ചതായിരുന്നു എന്നെ. പരസ്യതോടൊപ്പം റിയല്‍ എസ്റ്റേറ്റ്‌ മാര്കെട്ടിങ്ങും (പില്‍ക്കാലത്ത്‌ അവരുടെ പതനത്തിനു ഒരു  മുഖ്യ കാരണം) ഒരുമിച്ചു നടത്താന്‍ കൊറമംഗലയില്‍ (അന്ന് കെ എച് ബി കോളനി) മനോഹരമായ ഒരു വീട്ടില്‍ മുകള്‍ നിലയില്‍ ഓഫീസ്. അങ്ങിനെ ഇരിക്കെയാണ് ഈ നാല്‍വര്‍ സംഘം കാണാന്‍ വരുന്നത്. അവരുടെ പുതിയ പ്രൊജെക്ടുകള്‍ വില്‍ക്കാനും അതോടൊപ്പം പരസ്യ കാമ്പയിന്‍ ചെയ്യാനും.

ആദ്യമേ നാലും നാല് തരത്തിലുള്ള ആളുകളുടെ കൂട്ടായ്മ എന്ന രീതിയില്‍ ആ സംഘം എന്നില്‍ വലിയ കൌതുകം ജനിപ്പിച്ചിരുന്നു. ഫ്ലോറല്‍ പ്രിന്റ്‌ ഷര്‍ട്ടുകള്‍ ധരിക്കുന്ന മാര്‍വാഡി, പണത്തിന്റെ കാര്യത്തില്‍ ഒഴിച്ച് വലിയ സൌഹൃദം കാണിക്കുന്ന ആളായിരുന്നു. ആകര്‍ഷകമായി പെരുമാറുന്നതിലും, മാന്യമായി അതിഥികളെ സല്ക്കരിക്കുന്നതിലും ഒക്കെ മിടുക്കന്‍. ഒരാളോടും അദ്ദേഹം മുഖം കറുപ്പിച്ചു സംസാരിക്കുന്നത് കണ്ടിട്ടില്ല. പക്ഷെ സിന്ധിയും റെഡ്ഡിയും നേരെ മറിച്ചായിരുന്നു. ആരോടും അധികം അടുപ്പം കാണിക്കാത്ത സിന്ധി വളരെ ചുരുക്കമായേ സംസാരിക്കുന്നതും ചിരിക്കുന്നതും ഞാന്‍ കണ്ടിട്ടുള്ളു. അത് കൊണ്ട് തന്നെ ചെക്കുകള്‍ സൈന്‍ ചെയ്യുവാന്‍ ഒഴിച്ച്, അധികമൊന്നും ഇടപാടുകളില്‍ അദ്ദേഹം വരാറില്ല. പക്ഷെ റെഡ്ഡിയാണ് താരം. അപ്പോഴത്തെ ഭരണകക്ഷിയുടെ യുവജന വിഭാഗം നേതാവായ റെഡ്ഡി താമസിച്ചിരുന്നത് അന്ന് നഗരത്തിനു പുറത്തുള്ള ഒരു ഗ്രാമത്തില്‍. തമിഴ് സിനിമയിലെ വില്ലന്മാര്‍ കുറച്ചു കടുത്ത ചായത്തില്‍ ഉള്ളതായിരുന്നു എന്ന് കരുതിയിരുന്ന ഞാന്‍ അല്ല എന്ന് തിരിച്ചറിഞ്ഞത് ഇങ്ങേരെ വീട്ടില്‍ പോയി കണ്ട ദിവസമാണ്. ആറടിയില്‍ ഏറെ പൊക്കം, കരിവീട്ടിയുടെ നിറം, കണ്ടാല്‍ നമ്മള്‍ സിനിമയില്‍ ഒക്കെ കാണുന്ന ഒരു വില്ലനില്ലേ - വിമല്‍ രാജ എന്ന് പറയുന്ന, അങ്ങേരെ പോലിരിക്കും, പരു പരുത്ത സ്വരം പാറപ്പുറത്ത് ചിരട്ട ഉരയ്ക്കുന്ന പോലെ.ചോരകണ്ണുകളും. ആദ്യമായി കാണുന്ന അവസരത്തില്‍ വലിയ വരാന്തയുള്ള ഒരു പഴയ ഓടിട്ട വീടിന്റെ ഉമ്മറത്ത്‌ ഒരു ചാരു കസേരയില്‍ കാലുയര്‍ത്തി വെച്ച് ഇരിക്കുന്ന റെഡ്ഡി ഒരു വിജയകാന്ത് പടത്തില്‍ നിന്നും നേരിട്ടിറങ്ങി  വന്ന ആനന്ദ് രാജിനെ പോലെ തോന്നിച്ചിരുന്നു. അടുത്ത് ഒരു പടുകൂറ്റന്‍ ആല്‍സേഷന്‍ നായയേ ചങ്ങലക്കിട്ടു പിടിച്ചു ഒരു അനുചരന്‍. വീട്ടിനു ചുറ്റും ഒരു പത്തു കുടിലുകള്‍..  അതിന്റെ മുറ്റത്ത്‌ കൈയും കെട്ടി എന്താജ്ഞയും അനുസരിക്കാന്‍ തയ്യാറായി എന്ന പോലെ ഒരു പത്തിരുപതു പേരും. ഞാന്‍ ഒട്ടും അതിഭാവുകത്വം കലര്‍ത്താതെയാണ് ഇത്രയും പറഞ്ഞത് എന്ന് കൂടി ആവര്‍ത്തിക്കട്ടെ.. അയാളുടെ കൈയ്യിലെ കട്ടിയിലുള്ള  സ്വര്‍ണചങ്ങല പോലും ഒരു തമിഴ് സിനിമ കൌണ്ടര്‍ അങ്ങിനെ ഇറങ്ങി വന്ന പോലെ തോന്നും. തൂവെള്ള പാന്റും ഷര്‍ട്ടും ആണ് എപ്പോഴും ധരിച്ചു കണ്ടിട്ടുള്ളത്. ഈ മൂന്ന് പേരുടെയും കൂടെ സര്‍ദാര്‍ജിയെ കാണുമ്പോള്‍ അലുവ ചമ്മന്തി കൂട്ടി കഴിച്ച ഒരു പ്രതീതി ആയിരുന്നു .

ഇവരെ മൂന്നു പേരെക്കാളും പ്രായമുള്ള സര്‍ദാര്‍ജി ആകട്ടെ അടി തൊട്ടു മുടി വരെ പ്രോഫെഷനല്‍. ഈ വൈരുദ്ധ്യത്തെക്കുറിച്ച് എപ്പോഴോ ഒരിക്കല്‍ ചോദിച്ചപ്പോള്‍ ആണ് സര്‍ദാര്‍ജി അത് പറഞ്ഞത്. പത്തു പതിനാലു വര്ഷം സിംഗപ്പൂരില്‍ കടന്നു ബുദ്ധിമുട്ടി സമ്പാദിച്ച പൈസ ആരോ പറഞ്ഞു ഇന്‍വെസ്റ്റ്‌ ചെയ്യാന്‍ ഈ മൂവര്‍ സംഘത്തിനെ ഏല്‍പ്പിച്ചത്. അത് കുടുങ്ങിയപ്പോള്‍ വേറെ നിര്‍വാഹമില്ലാതെ അവരുടെ പാര്ട്ടനെര്‍ ആവേണ്ടി വന്ന കഥ. ഈ പ്രൊജെക്ടുകള്‍ എല്ലാം സര്‍ദാര്‍ജിയുടെ പണം കൊണ്ടുള്ളതാണ് എന്നും ഇതെങ്ങിനെയെങ്കിലും വിറ്റു അവസാനിപ്പിച്ചു ഇറക്കിയ കാശ് ഊരി എടുക്കലാണ് തന്റെ ലക്‌ഷ്യം എന്നും പുള്ളി അപ്പോള്‍ പറഞ്ഞു.

അങ്ങിനെ ഇരിക്കെയാണ് ഒരു ദിവസം ഒരു മീറ്റിങ്ങിനു സര്‍ദാര്‍ജിയും മാര്‍വാടിയും ഞങ്ങളുടെ ഓഫീസില്‍ വന്നത്. അന്ന് വലിയ തിരക്കൊന്നും ഇല്ലാത്ത ആ ഹൌസിംഗ് കോളനിയില്‍ റോഡ്‌ വക്കില്‍ തന്നെ തന്റെ സീലോ കാര്‍ പാര്‍ക്ക് ചെയ്താണ് അവര്‍ ഇരുവരും മീറ്റിങ്ങിനു വന്നത്.  ആ പാര്‍ക്ക് ചെയ്ത കാറിന്റെ ഒരു വശം ആകട്ടെ തൊട്ടടുത്ത വീട്ടില്‍ താമസമാക്കിയ കൂര്‍ഗിയുടെ ഗെയ്റ്റിനു മുന്നിലേക്ക്‌ സ്വല്‍പ്പം കയറി കടക്കുന്നു. ആ കൂര്‍ഗിയോ,   നഗരത്തില്‍ തരക്കേടില്ലാത്ത ഒരു സെക്യൂരിറ്റി ഏജന്‍സി നടത്തുന്ന ഒരു മുരടന്‍... ഞങ്ങളുടെ ലാന്ഡ് ലോര്‍ദിനോട് ഒരിക്കല്‍ വീട് കമ്മേര്‍ഷ്യല്‍ ആക്കിയതിന് എതിരെ പരാതി പറഞ്ഞു ബഹളം വെച്ചൊക്കെ പോയ പുള്ളിയാണ്. ആ കാര്‍ പാര്‍ക്ക് ചെയ്തത് കണ്ടപ്പോള്‍ തന്നെ ഞാന്‍ കരുതി ഇത് ഒരു പുലിവാലാവാനുള്ള എല്ലാ ലക്ഷണവും ഉണ്ട് എന്ന്. പ്രതീക്ഷിച്ച പോലെ തന്നെ കൂര്‍ഗി അയാളുടെ കാര്‍ സ്മൂത്ത്‌ ആയി പുറത്തേക്കു എടുക്കാന്‍ പറ്റില്ല എന്നൊക്കെ പറഞ്ഞു ബഹളം തുടങ്ങി. ബഹളം കേട്ട് പുറത്തിറങ്ങി ബാല്‍ക്കണിയില്‍ വന്നു നോക്കിയ ഇവരെ കണ്ടപ്പോള്‍  കൂര്‍ഗി കൂടുതല്‍ ക്ഷുഭിതനായി. വിഷയം മനസ്സിലാക്കിയപ്പോള്‍ അതിനു ഒരു പുല്ലു വില പോലും കൊടുക്കാതെ ഇരുവരും വീണ്ടും മീറ്റിംഗ് തുടരാന്‍ കയറിപ്പോയി. അതോടെ കൂര്‍ഗിയുടെ ക്ഷോഭം അതിന്റെ ഉച്ചസ്ഥായിയില്‍. അവര്‍ കയറിപ്പോയിട്ടും ബാല്‍ക്കണിയില്‍ നിന്ന എന്നെ നോക്കി വിരല്‍ ചൂണ്ടി കൂര്‍ഗി പറഞ്ഞു. "നീയൊക്കെ ഇവിടെ നിന്ന് രണ്ടു കാലില്‍ എങ്ങിനെ പോവും എന്ന് ഞാന്‍ കാണട്ടെ....." എന്നില്‍ നിന്നും യാതൊരു പ്രതികരണവും കാണാഞ്ഞു കൂര്‍ഗി തന്റെ കാര്‍ എടുത്തു എങ്ങോട്ടോ അതിവേഗം പാഞ്ഞു പോയി. ഒരു പത്തു മിനിറ്റു കഴിഞ്ഞപ്പോള്‍ അടുത്തുള്ള ഒരു പ്രിന്റിംഗ് പ്രസ്സിലേക്ക് വേറെ ഒരു കൊട്ടെഷനും ആയി, ഞാനും ഇറങ്ങി.

പിന്നെ ഒരു അര മണിക്കൂര്‍ കഴിഞ്ഞാണ് ഞാന്‍ ഓഫീസില്‍ തിരിച്ചെത്തുന്നത്.. അപ്പോള്‍ കണ്ടത് ചവിട്ടു പടി  ഒരു കൊടുങ്കാറ്റു പോലെ അതിവേഗത്തില്‍ ഇറങ്ങിവരുന്ന കൂര്‍ഗിയും അയാളുടെ കൂടെ ഒരു നാലഞ്ചു തടിയന്മാരും. എന്റെ ഉള്ളിലൂടെ ഒരു കൊള്ളിയാന്‍ കടന്നു പോയി. എന്നെ കണ്ടതും കൂര്‍ഗി ഒരു ചിരി.. ദൈവമേ.... കൊലച്ചിരി.. പക്ഷെ പ്രതീക്ഷകള്‍ക്ക് വിരുദ്ധമായി എന്റെ തോളത്തു തട്ടി അയാള്‍ തന്റെ സംഘവും ആയി പൊടുന്നനെ കാറും എടുത്തു കടന്നു പോയി. തല്ക്കാലം എന്റെ കൈ കാലുകള്‍ രക്ഷപ്പെട്ടതിന്റെ ആശ്വാസം ഉണ്ടെങ്കിലും, അപ്പോള്‍ ഓഫീസില്‍ ഉണ്ടായിരുന്ന സഹപ്രവര്‍ത്തകരുടെ അവസ്ഥയെക്കുറിച്ചുള്ള ആശങ്കയോടെ ആണ് ഞാന്‍ പടികള്‍ കയറിയത്..

പക്ഷെ എന്നെ വരവേറ്റത് ഒരു കോട്ട ചിരിയാണ്.. നിര്‍ത്താതെ ചിരിക്കുന്ന രിസേപ്ഷനിസ്റ്റും, ഓഫീസ് ബോയും, അക്കൌന്ടന്റും... മാനേജരുടെ കാബിനില്‍ ആകട്ടെ അതിലേറെ പൊട്ടിച്ചിരി... മാര്‍വാടിയും എന്റെ മാനേജരും തല തല്ലി ചിരിക്കുന്നു.. അത് കണ്ടു ഞാന്‍ അവിടെ ഇരിക്കുന്ന എന്റെ മറ്റൊരു കോള്ളീഗ് ദീപകിനോട് ചോദിച്ചു

"എന്ത് പറ്റി ദീപക്, അവര് തല്ലാന്‍ വന്നതല്ലേ.."
"അവര് തല്ലാന്‍ വന്നത് ഒക്കെ തന്നെയാ.. ഹ ഹ .. പക്ഷെ തല്ലാന്‍ വന്ന അവര് കണ്ടത് മാര്‍വാടിയെ ആണ്.. അങ്ങേരെ കണ്ട ആ ഗുണ്ടകള്‍ വിളിച്ചതോ - സാര്‍ എന്ന്... നമ്മുടെ ഒരു നല്ല സമയം.. കൂര്‍ഗിക്ക് റെഡ്ഡിയുടെ ഗുണ്ടകളെ നമ്മളെ തല്ലാന്‍ കൂടെ കൊണ്ട് വരാന്‍ തോന്നിയത് .. നമ്മളെ തല്ലാന്‍ വന്നവര്.. കൂര്‍ഗിയെ തിരിച്ചു വിരട്ടി വിറ്റു... ഹ ഹ ... അതോടെ കൂര്‍ഗി പ്ലേറ്റ് മാറ്റി.. അയാള്‍ ഫ്ലാറ്റിന്റെ വില ചോദിക്കാന്‍ വന്നതാ എന്നൊക്കെ പറഞ്ഞു ഒരു ബ്രോഷറും വാങ്ങി സ്ഥലം വിറ്റു ... ഹ ഹ "

പിന്നെ ആ ഓഫീസില്‍ നിന്ന ആറ് മാസത്തില്‍ പല വട്ടം കൂര്‍ഗിയെ കണ്ടിരുന്നുവെങ്കിലും അങ്ങേര്‍ ഞങ്ങളെ കാണുമ്പോള്‍ തന്നെ മുഖം തിരിച്ചു പോവാറാണ്  പതിവ്.. പിന്നെ ഞാന്‍ ജോലി വിട്ട്‌ പല നഗരങ്ങളില്‍ പല ജോലികളിലായി ഒരു പത്തു കൊല്ലങ്ങള്‍ക്ക് ശേഷംഅടിമുടി മാറിയ നഗരത്തില്‍ തിരിച്ചെത്തി .. പുതിയ ജോലിയില്‍ കയറുമ്പോള്‍ ബെയ്സ്മെന്റ്റ് പാര്‍ക്കില്‍ സര്‍ദാര്‍ജി... അതെ മന്ദഹാസം..
"ഇവിടെ?"
"ഞാന്‍ അതൊക്കെ വിട്ടു.. കുറച്ചു കാശ് ഒക്കെ തിരിച്ചു കിട്ടി.. അതൊന്നും നമുക്ക് പറ്റില്ല... ഇപ്പോള്‍ നമ്മുടെ പഴയ പണി തന്നെ ... ഇവിടെ റിസേര്‍ച് ലാബ് ഹെഡ് ചെയ്യുന്നു.. വാ വീട്ടിലേക്കൊരു ദിവസം..."

അഭിപ്രായങ്ങളൊന്നുമില്ല: