വ്യാഴാഴ്‌ച, സെപ്റ്റംബർ 08, 2011

ഈ ശവത്തിനു ഈ കൂദാശ മതി

ഒരു റിവ്യൂ എഴുത്തുകാരന്‍ എഴുതുന്ന റിവ്യൂകളെ പറ്റി തലങ്ങും വിലങ്ങും റിവ്യൂകള്‍ എഴുതപെടുക... ചര്‍ച്ച ചെയ്യപ്പെടുക ... അവോക്കാര്‍ ശരിക്കും ഒരു സംഭവം തന്നെ എന്നത് സമ്മതിക്കാതെ വയ്യ. എത്ര സസൂക്ഷ്മമായാണ് അദ്ദേഹം ഒരു സിനിമയെ കാണുന്നത് എന്ന് ഞാന്‍ ആലോചിച്ചു കുറച്ചു നാള്‍ വണ്‍ടര്‍ അടിച്ചിട്ടുണ്ട്. ഈയ്യടുത്ത കാലത്ത് ചില ജനപ്രിയ സിനിമകളെ അദ്ദേഹം കൊല വിളിച്ചു നടത്തി എഴുതിയ സാമാന്യം സുദീര്‍ഘമായ കുറിപ്പുകള്‍ വായിക്കുകയും അതിനു കീഴെ ഹാലിളകി എഴുതപ്പെട്ട കുറെയേറെ വിമര്‍ശനങ്ങളും കുറച്ചു അഭിനന്ദനങ്ങളും വായിക്കുകയും ചെയ്തപ്പോള്‍ ആ അമ്പരപ്പ് മാറ്റി.

അങ്ങേരുടെ ട്രേഡ് രഹസ്യം അങ്ങനെ മലച്ചു തുറന്നു കിടക്കയല്ലേ... അദ്ദേഹം provocation എന്ന പലകുറി ഉപയോഗിച്ച് തഴക്കം ചെന്ന ആ ആയുധം തന്നെ എടുത്തു തലങ്ങും വിലങ്ങും ഉപയോഗിക്കുന്നു. സംഗതി സിമ്പിള്‍. തന്റെ വാദങ്ങള്‍ക്ക് പിന്താങ്ങായി തന്റെ സ്ഥിരം വാദമുഖങ്ങള്‍ എടുത്തു നിരത്തി ആരും ചിന്തിക്കുക പോലും ചെയ്യാന്‍ ഇടയില്ലാത്ത  വിചിത്രങ്ങളായ ചില ആംഗിളുകള്‍ വഴി selective ആയി ചില പൊയന്റുകള്‍ വളച്ചൊടിച്ചു കൊണ്ടുവരുക എന്ന മേമ്പോടിയും. പക്ഷെ ഈ കര്‍മം അദ്ദേഹം വളരെ സമര്‍ത്ഥമായും ബുദ്ധിപരമായും നിര്‍വഹിക്കുന്നു എന്ന് മാത്രം ...

ഇന്നത്തെ കാലത്ത് എത്ര കണ്ട് കൊറിയന്‍ സിനിമകളെയും ഹോളിവൂഡ്‌ സിനിമകളെയും അടിച്ചു മാറ്റിയാലും, ഈ ശവത്തിനു ഈ കൂദാശ മതി എന്ന രീതിയില്‍ ഉള്ള ഇവിടത്തെ സാമൂഹ്യ വ്യവസ്ഥയില്‍  കാലുറപ്പിച്ചു ചവുട്ടി നില്‍ക്കാന്‍ കഴിയാത്ത സിനിമയ്ക്കു പച്ച തൊടാന്‍ പറ്റില്ല എന്ന് മനസ്സിലാക്കാന്‍ അവോക്കാരുടെ അടാര്‍ ബുദ്ധിയുടെ ആവശ്യമൊന്നുമില്ല... അത് കൊണ്ട് രാഷ്ട്രീയ പരമായും ലിംഗ പരമായും ജാതീയമായും ഇവിടെ നിലനില്‍ക്കുന്ന അസമത്വങ്ങള്‍, കൊള്ളരുതായ്മകള്‍, അപചയങ്ങള്‍ എന്നിവ സമൂലം ചേര്‍ക്കാതെ ഒരു ചിത്രവും ഇക്കാലത്ത് തലയില്‍ ആള്‍ താമസമുള്ള ഒരു സംവിധായകനും തയ്യാറാക്കില്ല. കാശ് മുടക്കിയാണ് പടം പിടിക്കുന്നത്‌ എന്ന സിമ്പിള്‍ കച്ചവട തത്വം തന്നെ കാരണം...

അത് കൊണ്ട് അവോക്കരിനു ഇഷ്ടം പോലെ ചോരയും വിഷവും ചികഞ്ഞു പിടിക്കാനും എന്താ ബുദ്ധിമുട്ട് .. ഏറ്റവും കൂടുതല്‍ ആളുകള്‍ കാണുന്ന പടം തന്നെ ഏറ്റവും കാഫലം ഉള്ള മരം. സിനിമ എന്നത് ഒരു കലാരൂപം എന്നൊക്കെ പറയാനും എഴുതാനും കൊള്ളാം .. പക്ഷെ കോടികള്‍ എറിഞ്ഞുള്ള ഈ കളിയില്‍ കളസം കീറാതെ നോക്കേണ്ടത് പടം പടച്ചു വിടുന്നവന്റെ ബാധ്യതയാണ് .. അത് കൊണ്ട് ഇവിടെ ഇങ്ങനെ തന്നെ നടക്കും. എല്ലാ കാലത്തും..

ഒരു കാര്യത്തിനു എപ്പോഴും രണ്ടു വ്യൂ പൊയന്റുകള്‍ ഉണ്ടാവും. ഉദാഹരണത്തിന് ഒരു നായക കഥാപാത്രത്തെ സങ്കല്‍പ്പിക്കുക. ആ കഥാപാത്രത്തെ വളരെ സദ്ഗുണ സമ്പന്നന്‍ ആയി അവതരിപ്പിച്ചാല്‍, അത്തരം ആളുകളെ സമൂഹത്തില്‍ മഷിയിട്ടു നോക്കിയാല്‍ കാണാന്‍ കിട്ടില്ല എന്ന് വാദിക്കാം. അതല്ല സമൂഹത്തിന്റെ പരിച്ച്ചേധം പോലെ പാളിച്ചകളും കുറവുകളും ഉള്ള സാധാരണ മനുഷ്യനായി ചിത്രീകരിച്ചാലോ?- idealism  ത്തിന്റെ പേരും പറഞ്ഞു പള്ള്  പറയാം. രണ്ടായാലും കിട്ടും താങ്ങാനും തല്ലാനും ആളെ...

പിന്നെ Hypocrite ആയ മലയാളിയെ പരിഹസിക്കുന്ന പരിഹസിക്കുന്ന ഈ ബുദ്ധിരാക്ഷസന്റെ ഹിപ്പോക്രസി മനസ്സിലാക്കാന്‍ ഒരു റോക്കെറ്റ്‌ സൈന്സിന്റെ സഹായം വേണ്ട ... ട്രാഫിക്‌ എന്ന സിനിമയെ വിമര്‍ശിച്ചു അദ്ദേഹം എഴുതിയ കുറിപ്പില്‍ അദ്ദേഹം എഴുതിയ ചില പൊയന്റുകള്‍ നോക്കാം ... റെയ്ഹാന്‍ എന്ന കഥാപാത്രത്തെ പറ്റി എഴുതുമ്പോള്‍ അയാള്‍ ഒരു intellectual പോച്ച അടിക്കുന്ന ആളായിട്ടും ഒരു സിനിമ നടനെ ഇന്റര്‍വ്യൂ ചെയ്യുന്ന പരിപാടി (തരംതാണ എന്ന് വിവക്ഷ) ലഭിച്ചപ്പോള്‍ ത്രില്ലടിക്കുന്നതിനെ പരിഹസിക്കുന്ന അദ്ദേഹം ... ബുദ്ധിജീവി നടിക്കുന്ന താനും ഇതേ തരം
താണ താരങ്ങള്‍ പടച്ചു വിടുന്ന സിനിമകളെ ബുദ്ധിമുട്ടി തെറി എഴുതി പിടിപ്പിച്ചു ത്രില്ലടിക്കുന്നവനാണല്ലോ എന്ന് സൌകര്യ പൂര്‍വ്വം വിസ്മരിക്കുന്നു... റെയ്ഹാന്‍ എന്ന കഥാപാത്രത്തെ  പിച്ചി പറിച്ചു പതിര് മാറ്റി ചലച്ചിത്രകാരന്മാരുടെ ഇസ്ലാം വിരുദ്ധതയുടെ വിരല്‍പാടുകള്‍ ചികയുന്ന സമയത്ത്, അയാളുടെ കുടുംബത്തെ സൃഷ്ടിച്ചപ്പോള്‍, ചലച്ചിത്രത്തിന്റെ ശില്‍പികള്‍ ഇതുവരെയുള്ള മുന്‍കാല തഴക്കങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായി, മുന്‍വിധികളോടെ പടച്ചു വിടപെട്ടിട്ടുള്ള മുസ്ലിം കഥാപാത്രങ്ങളുടെ വാര്‍പ്പ് മാതൃകകളെ എല്ലാം ഉടച്ചു വാര്‍ത്തു കൊണ്ട്, സത്യസന്ധമായി നിര്‍മിച്ചിരിക്കുന്നു എന്ന സത്യം സൌകര്യപൂര്‍വ്വം തമസ്കരിക്കുന്നു.

ഈ രേയ്ഹാനെന്തു കൊണ്ട് കൃഷ്ണകുമാറോ തോമാസുകുട്ടിയോ ആവുന്നില്ല എന്ന് രോഷാകുലനാവുന്ന അവ്വോക്കര്‍, മറ്റൊരിടത്ത് സാള്‍ട്ട് ആന്‍ഡ്‌ പെപ്പെറിന്റെ വിമര്‍ശനം നടത്തുമ്പോള്‍ "ആനക്കള്ളനാവുന്നത് അയ്യപ്പനും കുയ്യപ്പനും അല്ലാതെ എന്തുകൊണ്ട് മമ്മാലിയോ കുമ്മാലിയോ ആവാത്തതെന്തേ"  ഒരു ശങ്കയും പ്രകടിപ്പിക്കുന്നില്ല.. റെഹ്മാന്‍ അവതരിച്ച കഥാപാത്രം ഹിന്ദു നാമധാരി ആയപ്പോള്‍ സൌകര്യപൂര്‍വ്വം  അണിയറക്കാരെ വിമര്‍ശിക്കാന്‍ അവിടെ  മമ്മൂട്ടിയുടെ രൂപ സാദ്രിശ്യം ആരോപിച്ചു മുസ്ലിം വിരോധതിനുള്ള വഴി മരുന്നാണ് അദ്ദേഹത്തിന് കിട്ടിയത്. അത് കൊണ്ട് എങ്ങനെ ഉണ്ടാക്കിയാലും, അതൊക്കെ തന്റെ സൗകര്യം പോലെ വളചോടിക്കാനുള്ള മാര്‍ഗം അദ്ദേഹം ഒരുക്കി വെച്ചിരിക്കും

താന്‍ സിനിമകളില്‍ കണ്ടെത്തുന്ന പോലെ അദ്ധേഹത്തിന്റെ കുറിപ്പിലും തിരിച്ചടിക്കാന്‍ പറ്റുന്ന ഒട്ടനവധി സംഗതികള്‍ വാരി വിതറിയിട്ടുള്ളതായി കണാം. അതെല്ലാം സ്ഥിരമായി ഒരു കൂട്ടം ആളുകളെ പ്രകോപിപ്പിക്കാനും അവരുടെ പ്രതികരണം പിടിച്ചെടുക്കാനും മനപ്പൂര്‍വം ഒരുക്കി വെക്കുന്നതാണ്.  വിമര്‍ശിക്കാന്‍ ഏറെ താല്പര്യമുള്ള മലയാളിക്ക് ഉന്നം വെക്കാന്‍ പാകത്തിന് നല്ല മൂത്ത് പഴുത്തു കിടക്കുന്ന താഴെ കൊമ്പിലെ പഴങ്ങള്‍...

അദ്ധേഹത്തിന്റെ സിനിമ സങ്കല്പത്തിന്റെ ഔന്നത്യം അര്‍ജുനന്‍ സാക്ഷിക്കും സാഗര്‍ ഏലിയാസ് ജാക്കിക്കുമൊക്കെ ഓശാന പാടി എഴുതിയ കുറിപ്പ് വായിച്ചപ്പോള്‍ മനസ്സിലായി. ഉത്പാദിപ്പിക്കുന്ന ചരക്കുകള്‍ വിറ്റു തീര്‍ക്കേണ്ട കച്ചവടക്കാരനെ പോലെ, കീ ബോര്‍ഡ്‌ പ്രസവിച്ച ഓരോ വരിയും പരമാവധി വായനക്കാര്‍ക്ക് മുന്‍പില്‍ എത്തിക്കുക്ക എന്നത് ഓരോ എഴുത്ത് കൂലിക്കാരന്റെയും ആവശ്യകതയാണ് ... അവിടെ ഇത് എന്റെ ആത്മാവിഷ്കാരമാണ് അത് ആര് വായിചില്ലെന്ന്കിലും എനിക്ക് പുല്ലാണ് എന്ന് കരുതുന്നവര്‍ ഉണ്ടാവാം, പക്ഷെ ബഹു ഭൂരിപക്ഷത്തിനും അത് കൂടുതല്‍ കൂടുതല്‍ ആളുകള്‍ വായിക്കണം (നാഴികക്ക് നാല്‍പതു വട്ടം മനോരമയെ വിമര്‍ശിക്കുന്ന റെഗുലര്‍ ബുജികളടക്കം) എന്ന ഒരൊറ്റ ഉദ്ദേശ്യം കൊണ്ടാണ് പടച്ചു വിടുന്നത്.... അത് കൊണ്ട് മറ്റുള്ള അവ്വോക്കര്മാര്‍ ഉണ്ടാവുന്നതുവരെ ഇയ്യാളും മറ്റൊരു സന്തോഷ് പണ്ഡിറ്റ്‌ വരുന്നത് വരെ അയാളും കഞ്ഞി കുടിച്ചു കഴിയും... അതിനു മുമ്പ് ആരെങ്ങിലും കയ്യോ കാലോ തല്ലി ഒടിച്ചു കളയാതിരുന്നെങ്കില്‍...

അഭിപ്രായങ്ങളൊന്നുമില്ല: