വ്യാഴാഴ്‌ച, മേയ് 03, 2012

ഇന്ദുലേഖയോടെന്തിനു ധര്‍മ്മരോഷം?

കഴിഞ്ഞ കുറെ ദിവസങ്ങളായി, അതായത് സജിത മടത്തില്‍ മോഡല്‍ ചെയ്ത ഇന്ദുലേഖയുടെ പരസ്യം മാധ്യമങ്ങളില്‍ പ്രത്യക്ഷപെട്ടു തുടങ്ങിയ നാള്‍ മുതല്‍ക്ക്, ബെര്‍ളി മുതല്‍ ദേവിക വരെ, കീ ബോര്‍ഡും കോളം സെന്റി മീറ്ററും പതിച്ചു കിട്ടിയ ഓരോ അഭിപ്രായവ്യാധിക്കാരും, സ്വയം പ്രഖ്യാപിത സമൂഹ നേതൃത്വവും (ഫെമിനിസ്റ്റ്, ബുദ്ധിജീവി എന്ന ക്ലീഷേ ഉപയോഗങ്ങള്‍ നടത്താത്തത് ആ വാക്കുകളോടുള്ള ബഹുമാനം കൊണ്ടാണ്)  അമ്പും, വില്ലും, വാളുമായി - ഈ പരസ്യതിനെതിരെ പട വെട്ടിക്കൊണ്ടിരിക്കയാണ്. സോഷ്യല്‍ മീഡിയയുടെ അതിര്‍ കവിയുന്ന വളര്‍ച്ച മൂലം പ്രതികരണങ്ങള്‍ക്ക് കൂടുതല്‍ പ്രചാരണവും ലഭിച്ചു കൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തില്‍ പരസ്യരംഗത്ത് ഒരു പതിറ്റാണ്ടിലേറെ പ്രവര്‍ത്തിച്ചു എന്ന ദുഷ്പേര് പേറി ജീവിക്കുന്നത് കൊണ്ട് രണ്ടു വരി കുറിച്ചിടാന്‍ തുനിയുകയാണ്. സൌഹൃദങ്ങള്‍ ഈ അഭിപ്രായങ്ങളെ ചെറിയ രീതിയില്‍ സ്വാധീനിച്ചിട്ടുണ്ട് എന്ന കുറ്റസമ്മതത്തോടെ തന്നെ...

ഈ പരസ്യം നേരിടുന്ന ഏറ്റവും വലിയ ആരോപണം - അത് സ്ത്രീ വിരുദ്ധമാണ് എന്നതാണ്... മുടി മുറിച്ചു കളയാനുള്ള സ്ത്രീ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നാക്രമണമാണ്‌ പോലും ഈ പരസ്യം നടത്തുന്നത്.  സ്ത്രീ സ്വാതന്ത്ര്യം... അല്ല കുറച്ചു കൂടി വിശാലമായ അര്‍ത്ഥത്തില്‍ വ്യക്തി സ്വാതന്ത്ര്യം, ശരിക്കും ഒരു പാലമാണ്, അതിലൂടെ അങ്ങോട്ട്‌ പോവും പോലെ തിരിച്ചും വരാന്‍ ഉള്ള അവസരം ഉണ്ടാവണം.. അതായത് മുടി മുറിച്ചു കളയുന്ന പോലെ, മുടി നീട്ടി വളര്‍ത്താനുള്ള സ്വാതന്ത്ര്യവും ഓരോ വ്യക്തിക്കും ഉണ്ട് എന്ന് നമ്മള്‍ അന്ഗീകരിക്കണം... അങ്ങിനെ വരുമ്പോള്‍ ഈ പരസ്യം നമുക്ക് വ്യക്തി സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണ് എന്ന് പറഞ്ഞു എങ്ങിനെയാണ് തള്ളികളയാന്‍ ആവുക.

ഇനി, മുടി വളര്‍ത്തുന്നവര്‍ എല്ലാം "തങ്ങളെ ഭരിക്കുന്ന" പുരുഷന്മാരെ പ്രീതിപ്പെടുത്താന്‍ വേണ്ടി മാത്രമാണ് അങ്ങിനെ ചെയ്യുന്നത്, ഒരു സ്ത്രീക്കും തങ്ങളുടെ വ്യക്തിപരമായ ഇഷ്ടത്തിന് അവിടെ ഒരു പ്രാധാന്യം ലഭിക്കുന്നില്ല എന്ന മട്ടിലാണ് പലരും അഭിപ്രായം രേഖപെടുത്തിയിരിക്കുന്നത്. (അതിലെ ഏറ്റവും വലിയ തമാശ, അപ്രകാരം അഭിപ്രായങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ രേഖപ്പെടുതുന്നവര്‍ ഏറെയും പുരുഷന്മാര്‍ ആണ് എന്നതാണ് ). മുടി വളര്‍ത്തുന്നത് ഇഷ്ടപ്പെടുന്ന നല്ലൊരു പങ്കു സ്ത്രീകള്‍ നമ്മുടെ സമൂഹത്തില്‍ ഇന്നത്തെ തലമുറയിലും ഉണ്ട് എന്ന് അംഗീകരിക്കാന്‍ കണ്ണ് തുറന്നൊന്നു  പിടിച്ചാല്‍ മതി, വേറൊന്നും ചെയ്യണ്ട. ഈ മെയില്‍ ഷാവനിസ്റ്റ് ഭാവനയില്‍ മാത്രമല്ല നീളമുള്ള മുടി വളര്‍ന്നു പരിലസിക്കുന്നത്. കണ്ണാടിയില്‍ നോക്കി തന്റെ മുടിയഴക് ആസ്വദിക്കുകയും അതിനെ അഭിമാനത്തോടെ പ്രദര്‍ശിപ്പിച്ചു അഭിനന്ദനം നേടാന്‍ കൊതിക്കുന്ന പെണ്ണായി പിറന്നവരും നമുക്കിടയില്‍ ധാരാളം ഉണ്ട്. നാം ജീവിക്കുന്നത് ഒരു സംസ്കാര വൈവിധ്യം ഉള്ള സമൂഹത്തില്‍ ആണ്.. അവിടെ മറ്റുള്ളവന്റെ വ്യക്തി സ്വാതന്ത്ര്യത്തെ, സ്വൈര ജീവിതത്തെ ഹനിക്കാത്ത ഏതൊരു ആവിഷ്കാരവും, സഹിഷ്ണുതയോടെ കാണാനുള്ള സ്വാതന്ത്ര്യം (അത് പോലെ വിമര്‍ശിക്കാനും ഉള്ള) ഓരോ പൌരനിലും നിഷിപ്തമാണ്.

ഇനി അതല്ല,ആ ബ്രാണ്ട് ഉപഭോക്താകളെ തെറ്റി ധരിപ്പിക്കുകയാണ് എന്ന വാദമുഖം ആണെങ്കില്‍ അവിടെയും, ഓരോ ബ്രാണ്ടും നടത്തുന്ന വാഗ്ദാനം (അങ്ങിനെ ഒന്ന് ഉണ്ടെങ്കില്‍) തെറ്റോ ശരിയോ എന്ന് കണ്ടെത്തി ഉപഭോക്തൃകോടതിയില്‍ നേരിടാനും സ്വാതന്ത്ര്യം നമുക്ക് ഓരോരുത്തര്‍ക്കും ഈ രാജ്യത്തെ നിയമ വ്യവസ്ഥ തന്നിട്ടുണ്ട്.

ഞാന്‍ ഈയിടെ എന്റെ പത്തു വയസ്സായ മകന്റെ കൂടെ ഒരു ചുട്ടു പഴുത്ത ഉച്ചനേരത്ത്, കേരളത്തിലെ ഒരു സിനിമ കാണാന്‍ ഒരു നോണ്‍ എയര്‍ കണ്ടീഷണര്‍ തീയറ്ററില്‍ പോയിരുന്നു .. കത്തിക്കാളുന്ന പൊരി വെയിലില്‍ ക്യൂ നിന്ന് ടിക്കെറ്റെടുക്കാന്‍ കാത്തു നിന്നിരുന്ന  ഒരു പട്ടം ചെറുപ്പക്കാര്‍...  അവരെ നിരീക്ഷിച്ചു കൊണ്ട് നിന്നപ്പോള്‍ ഒരു രസകരമായ വസ്തുത എന്റെ ശ്രദ്ധയില്‍ പെട്ടു. അവരിലേറെ പേരും ഇട്ടിരിക്കുന്നത് ഹൂഡ് ഉള്ള വൂള്ളന്‍ ടീ ഷര്‍ട്ടുകളും ജീന്‍സുകളും ആയിരുന്നു. വേറെ ചിലര്‍ ആകട്ടെ ധരിച്ചിരുന്ന ഫുള്‍ സ്ലീവ് ഷര്‍ട്ടിനു മുകളിലായി സ്വെറ്റര്‍ ധരിക്കുക കൂടി ചെയ്തിരിക്കുന്നു. അങ്ങിനെ തണുത്ത കാലാവസ്ഥയില്‍ ധരിക്കേണ്ട പല വര്‍ണശബളമായ കട്ടി വസ്ത്രങ്ങള്‍ ധരിച്ചു വിയര്‍ത്തു കുളിച്ചാണ് പലരും ക്യൂ നിന്നിരുന്നത്. ആദ്യം തോന്നിയത് ഇവനൊക്കെ എന്താ വട്ടുണ്ടൊ ഈ കാലാവസ്ഥയില്‍ ഇത്തരം വസ്ത്ര ധാരണം നടത്തി ബുദ്ധിമുട്ടാന്‍ എന്നായിരുന്നു. പക്ഷെ പിന്നീട് ഒന്നാലോചിച്ചു നോക്കിയപ്പോള്‍ ആണ് ഇങ്ങനെ തോന്നിയത്... ചൂടും വിയര്‍പ്പും അവഗണിച്ചു ഈ സാഹസത്തിനു മുതിരുന്ന ആ യുവാക്കളുടെ മനസ്സില്‍ ഉണ്ടായേക്കാവുന്ന ഒരേ ഒരു ആവശ്യം, ഈ വസ്ത്രങ്ങള്‍ ധരിക്കുമ്പോള്‍ ആള്‍ക്കൂടത്തില്‍ തങ്ങള്‍ ശ്രദ്ധിക്കപ്പെടുന്നുണ്ട് എന്നുള്ള ആത്മവിശ്വാസം നേടുകയാണ്‌. അതിനായാണ് അവര്‍ ഇത്രയും ത്യാഗങ്ങള്‍ സഹിച്ചു ഇതൊക്കെ വലിച്ചു കയറ്റുന്നത്.. അത് പോലെ തന്നെ കാണാവുന്നതല്ലേ, പല അസൌകര്യങ്ങളും അവഗണിച്ചു, കൊതിയോടെ, സ്നേഹത്തോടെ ബുദ്ധിമുട്ടി മുടി വളര്‍ത്തുന്നവരെയും.

അടുത്ത വിമര്‍ശനം സജിത മഠത്തില്‍ എന്ന വ്യക്തിയുടെ ഇത്തരം "വില കുറഞ്ഞ" പരസ്യങ്ങള്‍ക്ക് വേണ്ടി നിന്ന് കൊടുത്ത തരത്തിലുള്ള  "നിലവാര തകര്‍ച്ച"യേ സംബന്ധിച്ചാണ്. സജിത മഠത്തില്‍ എന്ന കലാകാരി കേരളത്തിലെ സാമൂഹ്യ പശ്ചാത്തലത്തില്‍ വളരെ ആക്ടീവ് ആയി നില നിന്നിട്ട് ഒരു പാട് കാലമായി. മാതൃഭൂമിയുടെ ഓണപതിപ്പില്‍ (അതോ മനോരമയുടെയോ) കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ കവര്‍സ്റ്റോറി, സിനിമ അക്കാദമി വിവാദം തുടങ്ങിയ സ്പേസുകള്‍ പലപ്പോഴായി ലഭിച്ചിട്ടും അവരുടെ ഐടെന്റിടി വളരെ ചുരുക്കം ചില വൃത്തങ്ങളില്‍ മാത്രം ഒതുങ്ങി പോവുകയായിരുന്നു. അത് മൂലം അവരുടെ പല നിലപാടുകള്‍ക്കും അഭിപ്രായങ്ങള്‍ക്കും മലയാളിയുടെ മുഖ്യ ധാരാ സമൂഹത്തിന്റെ വേണ്ടത്ര ശ്രദ്ധ ആകര്‍ഷിക്കാന്‍ ആയിട്ടില്ല. ഇനി ഈ പരസ്യത്തില്‍ അഭിനയിച്ചത് കൊണ്ട് കേരള പൊതു സമൂഹം അവരെ എടുത്തു തലയില്‍ വെച്ചു കൊണ്ടാടും എന്നൊന്നും വിചാരിക്കുന്നില്ല എങ്കിലും, അവരെ കുറച്ചു കാലത്തേക്കെങ്കിലും പൊതുജനം തിരിച്ചറിയുന്ന ഒരു മുഖം ആയി മാറ്റാന്‍ അത് പര്യാപ്തമാവും എന്ന വിശ്വാസം എനിക്കുണ്ട്. അത് കൊണ്ട് തന്നെ, ഒരു പക്ഷെ നാളെ അവര്‍ക്ക് അവരുടെ നിലപാടുകളും അഭിപ്രായങ്ങളും കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ ഈ സ്പോട്ട് ലൈറ്റ് സഹായിക്കും.

അതൊക്കെ അവിടെ നില്‍ക്കട്ടെ... ഇനി ഈ പരസ്യത്തിന്റെ ധര്‍മം എന്താണ്... ആദ്യന്തികമായും ഈ പരസ്യം, ഇന്ദുലേഖ എന്ന ഉല്പന്നത്തിന്റെ വിപണനത്തിന് അതിന്റെ നിര്‍മാതാക്കളെ സഹായിക്കുക എന്നതാണ്... എന്നത് മാത്രമാണ്. അവിടെയാണ് ഈ പരസ്യം നൂറു ശതമാനവും സ്കോര്‍ ചെയ്യുന്നത്. പത്തിരുപ്ത്തനചോളം ചാനലുകള്‍, അതില്‍ നൂറു കണക്കിന് ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ ജനശ്രദ്ധ പിടിച്ചു പറ്റാന്‍ രാപ്പകല്‍ പണിയെടുക്കുമ്പോള്‍, വിവാദത്തില്‍ കൂടിയാണെങ്കിലും വിപണിയുടെ തലപ്പത്ത് സജീവമായി നില്‍ക്കാന്‍ ഈ പരസ്യത്തിനു കഴിഞ്ഞു എന്ന് പറയുമ്പോള്‍ തള്ളിക്കളയാന്‍ ആര്‍ക്കെങ്കിലും ആവുമോ? ഇന്ദുലേഖ എന്ന ബ്രാന്‍ഡ് പുറത്തിറങ്ങിയത് മുതല്‍, പരസ്യങ്ങളിലൂടെ വിപണിയുടെ ശ്രദ്ധ പിടിച്ചെടുക്കാന്‍ അവര്‍ നടത്തിയിരുന്ന ശ്രമങ്ങള്‍ ഒന്ന് നോക്കൂ.. അവര്‍ വെട്ടിത്തുറന്ന പാത അനുകരിച്ചാണ് മറ്റുള്ള എല്ലാ ബ്രാന്‍ഡുകളും തങ്ങളുടെ പരസ്യങ്ങള്‍ രൂപപ്പെടുത്തി എടുത്തിരിക്കുന്നത് എന്നാണു ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്. അത് കാന്‍ഡിഡ് കാമറ ശൈലിയില്‍ ഉള്ള ഉപഭോക്താക്കളുടെ എന്ടോര്സ്മെന്റ് ആയാലും ശരി വ്യതസ്തമായ രീതിയില്‍ എടുത്തിരുന്ന സെലെബ്രിട്ടി പരസ്യങ്ങള്‍ ആയാലും ശരി.. അതിന്റെ ചുവടു പിടിച്ചാണ് മറ്റുള്ള മിക്ക ബ്രാന്‍ഡുകളും പരസ്യങ്ങള്‍ ഒരുക്കിയത്... അങ്ങിനെയിരിക്കുന്ന ബഹളത്തിനിടക്കാണ്, ഇന്ദുലേഖ വഴിമാറിക്കൊണ്ട് ഈ പുതുവഴി വെട്ടിയിരിക്കുന്നത്. അവിടെയാണ് നമുക്ക് അതിനു പിന്നില്‍ പ്രവര്‍ത്തിച്ച വിപണന കൌശലത്തെ അന്ഗീകരിക്കേണ്ടത്.

ഇനി മൊത്തത്തില്‍ സാമൂഹ്യ പ്രതിബദ്ധത എന്നൊക്കെ പറഞ്ഞു വിമര്‍ശിക്കാനുള്ള പഴുതുകള്‍ നോക്കി പരതുന്നവരോട് ഒരു വാക്ക്. വിപണിയെ നോക്കിയുള്ള പരസ്യം (പബ്ലിക് സര്‍വീസ് പരസ്യങ്ങളെ ഒഴിവാക്കി) എന്ന പ്രതിഭാസം തന്നെ സാമൂഹ്യ പ്രതിബദ്ധത എന്ന സങ്കല്‍പ്പത്തിന് കടക വിരുദ്ധമാണ് എന്ന പക്ഷക്കാരനാണ്. അത് കൊണ്ട് തന്നെ അങ്ങിനെ ആക്രമിക്കുന്നവരോട് മറുപടി പറയുവാനുള്ള യാതൊരു ബാധ്യതയും ഈ പരസ്യം സൃഷ്ടിച്ചവരും അതിനു പണം മുടക്കിയവരും ചുമക്കുന്നില്ല.. എന്നാലും ഇനിയും സാമൂഹ്യ പ്രതിബദ്ധത എന്ന് പറഞ്ഞു വീണ്ടും ചൊറിഞ്ഞു വരുന്നവരോട് പറയാം, സ്ത്രീകളെ പ്രതിസന്ധികളില്‍ പ്രതികരിക്കുന്നവരായി ചിത്രീകരിക്കുന്ന പരസ്യത്തിന്റെ സ്പിരിട്ടിലും ഉണ്ട് ഒരു കൊച്ചു പ്രതിബദ്ധതയുടെ കിണ്ണാമണി....

ഈ ജനുസ്സില്‍ അടുത്ത പരസ്യം ഇറങ്ങി കഴിഞ്ഞിരിക്കുന്നു.. ഇനി വേറൊന്നു കൂടി ഇറങ്ങാനും ഇരിക്കുന്നു... അങ്ങിനെ പറയുമ്പോള്‍ ഇന്ദുലേഖയെ വിപണിയിലുള്ള മറ്റുള്ള എണ്ണകളില്‍ നിന്നും വ്യതസ്തമായ ഒരു ഇമേജോടെ മുന്നേറാന്‍ സഹായിക്കും എന്ന് എനിക്കുറപ്പുണ്ട്. 


അഭിപ്രായങ്ങളൊന്നുമില്ല: