ചൊവ്വാഴ്ച, മേയ് 22, 2012

തൊമ്മിമാരും പട്ടേലര്‍ പ്രസ്ഥാനങ്ങളും

ടി പി വധത്തെ പറ്റി പ്ലസ്സില്‍ നടക്കുന്ന ചില ചര്‍ച്ചകളോട് ഒരു അനുബന്ധം :

ഇതുവരെയുള്ള അഭിപ്രായങ്ങള്‍ പലതും വായിച്ചു തോന്നിയ ചില കാര്യങ്ങള്‍ ആണ് കുറിച്ചിടുന്നത്.... താന്‍ കൊണ്ട് വന്ന വാദമുഖങ്ങള്‍ക്ക് അടിവരയിടാന്‍ വേണ്ടി മാത്രം, വേണ്ടി മുന്‍കാലങ്ങളില്‍ വളരെ സമചിത്തതയോടെ, ലോജിക്കോട് കൂടി വാദമുഖങ്ങള്‍ രേഖപ്പെടുത്തിയിരുന്ന പലരും ഈ വിഷയത്തില്‍ തീര്‍ത്തും നിയന്ത്രണം കൈവിട്ട പോലെയാണ് പ്രതികരിക്കുന്നത്. ടി പിയുടെ കൊലപാതകത്തില്‍ പാര്‍ടിക്ക് പങ്കില്ല എന്ന പോയന്റില്‍ ഇത് വരെ ഊന്നി നിന്നിരുന്ന വാദങ്ങള്‍ ഇപ്പോള്‍ രാഷ്ട്രീയ കൊലപാതകളെ ന്യായീകരിക്കാന്‍ വേണ്ടി ശ്രമം നടത്തുന്നു എന്ന് തോന്നുന്ന ട്രാക്കിലാണ് പോവുന്നത് എന്നത് വളരെ ശ്രദ്ധേയമായ കാര്യമാണ്. അതിനു വേണ്ടി തീവ്രവാദികളെ ഏറ്റുമുട്ടലില്‍ കൊല്ലുന്നതും സംഘം ചേര്‍ന്ന് നിരായുധനായ ഒരാളെ രാഷ്ട്രീയ വൈരം തീര്‍ക്കാന്‍ കൊല്ലുന്നതും ഒന്നാണ് എന്ന് സ്ഥാപിക്കാന്‍ ഉള്ള "ലോജിക്കും" അവര്‍ കൊണ്ടുവരുന്നു .

കൊലപാതകം എന്ന ഹീനമായ ആക്റ്റ്, സാഹചര്യങ്ങളില്‍ നിന്നും വേര്‍പെടുത്തി എടുത്താല്‍ അതെല്ലാം ഒരു പോലെ അപലപനീയവും നിന്ദ്യവും ആണ്. പക്ഷെ അവിടെ സാഹചര്യം എന്ന വേരിയബിള്‍ കൊണ്ട് വരുമ്പോള്‍ ആ അളവുകോലില്‍ ചില ഏറ്റക്കുറച്ചിലുകള്‍ വരുത്തേണ്ടി വരും. ഇവിടെ പരാമര്‍ശിക്കപ്പെട്ട സാഹചര്യങ്ങള്‍ പലതാണ് ... രാഷ്ട്രീയ കൊലപാതകം, യുദ്ധം, തീവ്രവാദി ആക്രമണം എന്നുള്ള സവിശേഷ സാഹചര്യങ്ങള്‍, സ്റ്റേറ്റ്/ഭരണകൂടം പിന്തുണയുള്ള കൊലകള്‍, വധ ശിക്ഷകള്‍, കലാപങ്ങളില്‍ നടക്കുന്ന ഹത്യകള്‍.. 


ഇനി ഒന്നൊന്നായി പരിശോധിക്കാം. ആദ്യമേ തന്നെ പറയട്ടെ, താങ്കളുടെ നിലപാടില്‍ നിന്നും വ്യതസ്തമായ ഒരു ആശയത്തില്‍ വിശ്വസിക്കുന്നു, അതിനെ പ്രചരിപ്പിക്കുന്നു എന്ന് കരുതുന്നത് കൊണ്ട് ഒരു വ്യക്തിയുടെ ജീവന്‍ എടുക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ ഒരിക്കലും "ന്യായീകരിചെടുക്കാന്‍" പറ്റാത്ത ഒരു നിഷ്ടൂരമായ കൃത്യമാണ്. ഇന്ന് കേരളത്തില്‍  രാഷ്ട്രീയ കൊലപാതകള്‍ നടത്തുന്ന കക്ഷികളില്‍, എല്‍ ഡി എഫും, യൂ ഡി എഫും മാറി മാറി ഭരണത്തില്‍ വരുന്ന ഒരു രാഷ്ട്രീയ സാഹചര്യം ആണ് കേരളത്തില്‍ നില നില്‍ക്കുന്നത്. അത് കൊണ്ട് തന്നെ തങ്ങളുടെ സുഗമ പ്രവര്‍ത്തനത്തിന് വിഘാതമായി "ജീവന് ഭീഷണി ഉയര്‍ത്തുന്ന എതിര്‍പക്ഷ ഭീകരരെ" കൊന്നു തള്ളുന്നതിനു പകരം നിയമത്തിനു മുന്നില്‍ എത്തിച്ചു തുറുങ്കില്‍ അടക്കാന്‍ അവര്‍ക്ക് ഇരുവര്‍ക്കും കഴിയുന്ന അവസ്ഥകളും സാഹചര്യവും ഉണ്ട്... അവര്‍ ഭരിക്കുമ്പോഴും നീതി നടപ്പാക്കാന്‍ കഴിയുന്നില്ലെങ്കില്‍ അവരുടെ കഴിവ് കേടു അല്ലെങ്കില്‍ അവര്‍ക്ക് ജനാധിപത്യ വ്യവസ്ഥിതിയില്‍ വിശ്വാസം ഇല്ലാതായിരിക്കുന്നു എന്ന് തെളിയിക്കുന്നതാണ് എന്ന് പറയേണ്ടി വരും. അത് കൊണ്ട് തന്നെ  രാഷ്ട്രീയ കൊലപാതകം എന്ന കൃത്യം ഒഴിവാക്കാവുന്ന, അല്ലെങ്കില്‍ ഒഴിവാക്കേണ്ട നരഹത്യ എന്ന ഗണത്തില്‍ വരുന്ന കാര്യം തന്നെയാണ്, അവിടെ "ഗത്യന്തരമില്ലായ്മ" അല്ലെങ്കില്‍ "ആത്മരക്ഷ" എന്ന വാദമുഖങ്ങള്‍ എത്ര ഉറക്കെ പറഞ്ഞു വെച്ചാലും നില നിന്ന് പോവുന്നതല്ല. അത് കൊണ്ട് "രാഷ്ട്രീയ കൊലപാതകള്‍" ഏറ്റവും ഹീനമായ ഒരിക്കലും ന്യായീകരിക്കാന്‍ പാടില്ലാത്ത കുറ്റ കൃത്യം തന്നെയാണ്, എന്ന് അടിവര ഇട്ടു പറയുന്നു.. അത് ഏതു കൊടിയുടേയും ആശയത്തിന്റെയും തണലില്‍ നടത്തിയതായിരുന്നാലും.

ഇനി രണ്ടാമത്തെ സാഹചര്യം - യുദ്ധം, തീവ്രവാദി ആക്രമണം എന്ന ഘട്ടങ്ങളില്‍, നടക്കുന്ന ഹിംസകള്‍, അവിടെ ആത്മരക്ഷ എന്ന ഒരു വാദം (ന്യായം എന്ന വാക്ക് ഞാന്‍ മനപ്പൂര്‍വം പ്രയോഗിക്കുന്നില്ല) നില നില്‍ക്കുന്നതാണ്.. അജ്മല്‍ അമീര്‍ കസബും സംഘവും, കാര്‍ഗിലില്‍ ഇന്ത്യന്‍ സൈന്യം കൊന്ന പാക്കിസ്ഥാന്‍ ഭടനും അത്തരത്തിലുള്ള കണക്കില്‍ വരും. പക്ഷെ അവിടെയും "ശത്രു രാജ്യം" എന്ന് മുദ്രകുത്തി അതിര്‍ത്തി കയറി പാകിസ്ഥാനി ഭടനെയോ പൌരനെയോ കൊല്ലുന്നതോ, അല്ലെങ്കില്‍ "കപടദേശ സ്നേഹത്തിന്റെ" പേരില്‍ ഒരു ബോംബ്‌ സ്ഫോടനം നടത്തി കൊല നടത്തുന്നതോ യാതൊരു വിധത്തിലും ഉള്ള ന്യായീകരണം അര്‍ഹിക്കുന്നില്ല. അത് കൊണ്ട് തന്നെയാണ് "ഐ പി കെ എഫും", ശ്രീലങ്കന്‍ സേനയും നടത്തിയ ഹീനകൃത്യങ്ങളെ "കൊലകള്‍", "കുറ്റ കൃത്യങ്ങള്‍" എന്ന രീതിയില്‍ കാണുന്നതും അപലപിക്കുന്നതും, നടപടി എടുക്കണം എന്ന് വാദിക്കുന്നതും. അത് പോലെ തന്നെയാണ് "എന്കൌന്ടര്‍" എന്ന ഓമനപ്പേരിട്ട് വിളിച്ചു സ്റ്റേറ്റ് സ്പോന്‍സര്‍ ചെയ്യുന്ന കൊലകള്‍... അതും രാഷ്ട്രീയ കൊലപാതകങ്ങള്‍ പോലെ തന്നെ നിന്ദ്യവും അപലപനീയവും ശിക്ഷാര്‍ഹവും ആണ്. കുറ്റവാളികളെ - അവര്‍ എത്ര കൊടും കുറ്റ കൃത്യം ചെയ്തവര്‍ ആയാലും - അവരെ നിയമത്തിനു മുന്നില്‍ എതിക്കാതെ കൊല്ലുന്നത്, രാഷ്ട്രീയ കൊലപാതകം പോലെ തന്നെയുള്ള കുറ്റകൃത്യം തന്നെയാണ്, അത് സ്റ്റേറ്റ് ചിലവില്‍, സൈന്യമോ പോലീസോ, നടത്തുന്നതായാലും, "ദേശസ്നേഹത്തിന്റെ" തിളങ്ങുന്ന മിട്ടായി കടലാസ്സില്‍ പൊതിഞ്ഞു നടത്തുന്നതായാലും.... ഇനി നിയമപ്രകാരമുള്ള വധശിക്ഷ... അതും കാലഹരണപ്പെട്ട, തള്ളിക്കളയേണ്ട ഒരു കാര്യം തന്നെയാണ് എന്നാണു ഞാന്‍ കരുതുന്നത്.. 

കൊല്ലുന്നവരും കൊല്ലപ്പെടുന്നവരും എന്നുള്ള വട്ടത്തില്‍ പെട്ട് കേരളം കറങ്ങുമ്പോള്‍ മാധ്യമങ്ങളും, സമൂഹവും, പ്രസ്ഥാനങ്ങളും മറക്കുന്ന ഒരു കാര്യം ഉണ്ട്.. ഇതിനെക്കാള്‍ വലിയ ജീവിത പ്രശ്നങ്ങളും അഭിമുഖീകരിച്ചു ജീവിക്കേണ്ടി വരുന്ന ഒരു പാട് പേര്‍ ഈ നാട്ടിലുണ്ട്. അവര്‍ക്ക് പ്രധാനം അന്നന്നത്തെ അപ്പവും സ്വൈരജീവിതവും ആണ്. അവരെ അരാഷ്ട്രീയ വാദി എന്നൊക്കെ തുല്യം ചാര്‍ത്തി എടുത്തു പരിഹസിക്കാനും അവഗണിക്കാനും വരട്ടെ... അവന്റെ മനസ്സിലും വ്യക്തമായ രാഷ്ട്രീയ അവബോധം ഉണ്ട് ... പക്ഷെ അത് കൊണ്ട് ഒരു പ്രസ്ഥാനങ്ങളുടെ മാടമ്പി നേതൃത്വങ്ങളുടെ വിധേയന്‍ തോമ്മിയാവാറില്ല അവന്‍ എന്നെയുള്ളൂഅവന്‍ കൊടുക്കുന്ന സന്ദേശം ഒന്നേയുള്ളൂ. രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും, മാതൃഭൂമിയും, ജാതി മത സമുദായങ്ങളെയും സ്നേഹിക്കാം, വിശ്വസിക്കാം, ആരാധിക്കാം...  പക്ഷെ അതിനു വേണ്ടി വിവേകം വിട്ടു, മനുഷ്യത്വം വിട്ടു പ്രവര്‍ത്തിക്കരുത്‌.  ഞങ്ങള്‍ക്കും ഇവിടെ ജീവിക്കണം... ഈ മണ്ണില്‍ നടക്കണം. ഈ വായു ശ്വസിക്കണം...

ഇത്രയും പറഞ്ഞു തന്നെ ഇതൊന്നും ഒരു ഒഴുക്കോടെ ഒറ്റ ലേബല്‍ ഒട്ടിച്ചു തികഞ്ഞ ലാഘവത്തോടെ അല്ലെങ്കില്‍ വികാരത്തോടെ അഭിപ്രായം പറഞ്ഞു തല്ലേണ്ട വിഷയം അല്ല എന്ന് കൂടി പറഞ്ഞു നിര്‍ത്തട്ടെ.

1 അഭിപ്രായം:

sumesh vasu പറഞ്ഞു...

വിവേകത്തോടെ പറഞ്ഞു. പക്ഷേ സമൂഹത്തിനു ഭീഷണിയായ കൊടും കുറ്റവാളികളെയും കഷ്ടപ്പെട്ട് പിടിച്ച് നിയമവ്യവസ്ഥക്ക് മുൻപിൽ കൊണ്ട് വരണം എന്ന വാദത്തെ അംഗീകരിക്കാനാവില്ല. കസബിനെ കണ്ടില്ലേ തീറ്റിപ്പോറ്റുന്നത്. അവനേപ്പോലുള്ളവരെ അവിടെ വച്ചേ ചുട്ടുതള്ളേണ്ടതായിരുന്നു.