വെള്ളിയാഴ്‌ച, ഏപ്രിൽ 20, 2012

കോട്ടയത്ത്‌ ഒരു ഹസീന ഉണ്ടായിരുന്നു

പകല്‍ സമയം അടുപ്പില്‍ തീ പുകയനുള്ള വക കണ്ടെത്താനുള്ള പാടും... വൈകുന്നേരം ടി വിക്ക് മുന്നിലെ ഐ പി എല്‍ നേരം കൊല്ലലും മൂലം വല്ലപ്പോഴുമുള്ള "കുത്തി കുറി" ആഴ്ചയിലൊരിക്കല്‍ പടച്ചുവിടുന്ന "റിവ്യൂ"കള്‍ മാത്രമായി ചുരുങ്ങി എന്നറിയുന്നുവെങ്കിലും... കാര്യമായിട്ടെന്തെങ്കിലും എഴുതാന്‍ വേണ്ട സര്‍ഗശേഷിയുടെയും ഭാവനാവിലാസത്തിന്റെയും, അനുഭവസമ്പത്തിന്റെയും ദാരിദ്ര്യം ഒരു റിവ്യൂ എന്ന് പേരിട്ടു വിളിക്കാവുന്ന ഒരു സാധനം (?) ചുട്ടെടുക്കാന്‍ എന്നെ ഇതാ ഒരിക്കല്‍ക്കൂടി പ്രേരിപ്പിച്ചിരിക്കുന്നു.. തുടര്‍ന്ന് സഹിക്കുക ....

ആദ്യമേ തന്നെ ഇത് പറയട്ടെ.. ഓരോ തവണ കാണുമ്പോഴും ചെറിയ രീതിയിലെങ്കിലും പുരോഗതി ഉണ്ടാവുന്ന ചില സാധനങ്ങള്‍  മലയാള സിനിമയില്‍ ഈ ശനിയുടെ അപഹാരകാലത്തിലും ഉണ്ട് എന്നൊരു തോന്നല്‍ ഉള്ളിലെങ്ങോ ഈ സിനിമ ബാക്കി വെച്ചിട്ടുണ്ട്... അതിലൊന്ന് റീമ കല്ലിങ്ങല്‍ എന്നാ നടിയുടെ അഭിനയശേഷി ആണ്  തികച്ചും നിര്‍വികാര പരബ്രഹ്മമായി തുടങ്ങി, അമിതാഭിനയതിന്റെ പരകോടികള്‍ തൊട്ടു തഴുകി, ഈ പെണ്‍കുട്ടി ഒടുവില്‍ തന്റെ പക്വതയാര്‍ന്ന അഭിനയത്തോടെ, ഒരു സിനിമ നെടുനീളം കൈയ്യടക്കത്തോടെ ചുമലിലേറ്റാം എന്ന നിലയിലെത്തിയിട്ടുണ്ട് എന്ന് ഈ സിനിമ കണ്ടിറങ്ങുന്ന സാധാരണ പ്രേക്ഷകര്‍ നിസ്സംശയം പറയും. അത്പോലെ തന്നെയാണ് ഫഹദ് ഫാസിലിന്റെ ഭാവപകര്ച്ചകളും. സിറിളിന്റെ രണ്ടു മുഖങ്ങളില്‍ പകര്‍ന്നാടുമ്പോള്‍ യാതൊരു വിധത്തിലുള്ള അലോസരവും ഈ രണ്ടാം വരവുകാരന്‍ തോന്നിപ്പിച്ചില്ല  എന്നതും എടുത്തു പറയേണ്ടത് തന്നെയാണ്. പ്രതാപ് പോത്തന്‍, സത്താര്‍, ടി ജി രവി.. ഫഹദിനെയും റീമയെയും കൂടാതെ ഈ സിനിമയില്‍ ആകെയുള്ള മറ്റു  മൂന്നു പരിചിത മുഖങ്ങളും  തങ്ങള്‍ക്കു കിട്ടിയ റോളുകള്‍ ആവും വിധം ഭംഗിയാക്കിയിട്ടുണ്ട്


കണ്ടു മടുക്കാത്ത കാഴ്ച്ചവട്ടങ്ങലേക്ക് കാമറക്കണ്ണുകള്‍ തുറന്നിട്ട്‌, മിഴിവും ഓജസ്സും ഉള്ള  ദൃശ്യങ്ങള്‍ ഒരുക്കി, "ഡാര്‍ക്ക് ജോണറില്‍"  പെടുത്താവുന്ന ഈ ചിത്രത്തിലും ഒരു പ്രസാദാത്മകത ക്യാമറ കൈകാര്യം ചെയ്ത ഷൈജു ഖാലിദ്‌ സമര്‍ത്ഥമായി  ഒതുക്കി വെച്ചിട്ടുണ്ട്. ടെസ്സയും സിറിളും തമ്മിലുള്ള പ്രണയം വികസിക്കുന്ന ഗാനരംഗത്തിലെ ചില ഫ്രെയിമുകള്‍ മലയാളത്തില്‍ ഈ അടുത്ത കാലത്ത് കണ്ടിട്ടുള്ളതില്‍ വെച്ചു ഏറ്റവും റൊമാന്റിക് ആയ വിഷ്വലുകള്‍ ആയി എനിക്ക് തോന്നി... കോടികള്‍ മുടക്കി കാസനോവകള്‍ ഉണ്ടാക്കി എടുക്കുന്ന "ചലച്ചിത്ര പ്രതിഭകള്‍" ഈ ചിത്രത്തിന്റെ സാങ്കേതിക തികവ്  കണ്ടു പഠിക്കേണ്ടതാണ് എന്ന് വേണമെങ്കില്‍ പറയാം... എഡിറ്റിംഗ്, ശബ്ദ മിശ്രണം, സംഗീതം, വേഷവിതാനം. കലാ സംവിധാനം... ഇവയെല്ലാം ഉന്നത നിലവാരം പുലര്‍ത്തിയിരിക്കുന്നു. "ചില്ലാണേ..." എന്ന ഗാനം തീയറ്ററില്‍ നിന്നും ഇറങ്ങി നേരം ഏറെയായിട്ടും എന്റെ ചുണ്ടില്‍ നിന്നും... കാതില്‍ നിന്നും ഇതുവരെ വിട്ടു പോയിട്ടില്ല

നമ്മുടെ സാമാന്യ ബുദ്ധിയെ വലിയ തോതില്‍ വെല്ലുവിളിക്കുന്ന സീനുകള്‍ പരമാവധി ഒഴിവാക്കാന്‍ ആഷിക് അബുവിന്റെ ഭാഗത്ത്‌ നിന്നും കാര്യമായ ശ്രമം ഉണ്ടായിട്ടുണ്ട്. ചിത്രത്തില്‍ ഉടനീളം, പതിവ് ക്ലീഷേകള്‍ കാര്യമായി അദ്ദേഹം കൊണ്ട് വന്നിട്ടില്ല എന്നത് അഭിനന്ദിക്കേണ്ട ഒരു കാര്യം തന്നെയാണ്. ഒന്ന് രണ്ടു രംഗങ്ങളില്‍ പക്ഷെ നിയന്ത്രണം കൈവിട്ടു പോയിട്ടുണ്ട് എന്നതും പറയാതിരിക്കാനാവില്ല. ജയിലിലെ പ്രസവ രംഗത്തില്‍ ടെസ്സ ഇരുത്തം വന്ന ഒരു നര്സിനു ചേരാത്ത പാനിക് ആണ് കാണിച്ചിരുന്നത്... അത് പോലെ തന്നെ സുബൈദയുടെ സഹോദരനിലൂടെ ഒരു തമാശ സൃഷ്ടിക്കാന്‍ നടത്തുന്ന വിഫല ശ്രമം... ഇങ്ങനെയൊക്കെ പൊട്ടും പൊടിയും എല്ലിന്‍ തുണ്ടുകളും ഒക്കെ സൂക്ഷ്മ നിരീക്ഷണത്തില്‍ ഈ സിനിമയിലും കണ്ടെത്താന്‍ സാധിക്കുമെങ്കിലും ഈ കോട്ടയത്തെ പെണ്‍കുട്ടി,  "കരി മൂര്‍ഖന്മാര്‍" ചീറി വിലസുന്ന മലയാള സിനിമ എന്ന പടുകുളത്തില്‍ ഒരു അല്ലിയാമ്പല്‍ പൂവ്  തന്നെയാണ്...

അതിവായന നടത്തി ജാതി, മത, ലിംഗ, രാഷ്ട്രീയ, സത്വ, അസ്തിത്വ പ്രശ്നങ്ങളെ പറ്റി നേരമ്പോക്കിന് സിനിമ കാണുന്ന ഞാന്‍ വലുതായി ഒന്നും വ്യാകുലപ്പെടുന്നില്ല. ഇനി വേണമെങ്കില്‍ ഒരു കുന്നായ്മ പറയുക ആണെങ്കില്‍ എട്ടൊമ്പത് കൊല്ലം മുമ്പ് കണ്ടു പോയ "ഏക്‌ ഹസീന ഥി" എന്ന ശ്രീരാം രാഘവന്റെ (സയിഫ്, ഊര്‍മിള) ചിത്രത്തിന്റെ പല രംഗങ്ങളും അടാപ്റ്റ്  ചെയ്തു  ഈ ചിത്രത്തില്‍ ചേര്‍ത്തിട്ടുണ്ട്... പക്ഷെ അവിടെയും തങ്ങളുടേതായ മൂല്യം കൂട്ടി ചേര്‍ക്കാന്‍ ഇതിന്റെ ശില്‍പികള്‍ ശ്രമിച്ചിട്ടുണ്ട് എന്നും പറയണം. ഇനി അടിച്ചു മാറ്റിയതില്‍ എന്ത് കാര്യം എന്ന് ചോദിക്കുന്നവരോട് ഒരു വാക്ക് - "ഏക്‌ ഹസീന ഥി" എന്ന സിനിമ സംവിധാനം ചെയ്ത ശ്രീരാം രാഘവന്റെ അതിലും മികച്ച ഒരു സൃഷ്ടിയാണ് "ജോണി ഗദ്ദാര്‍" എന്ന ചിത്രം... അതില്‍ നിന്നാണ് ശ്രീ സിബി മലയില്‍ തന്റെ "ഉന്നം" പിടിച്ചത് (അത് സിബി മലയിലിന് ഉന്നം പിഴച്ചതോ)... അതും ഈ സിനിമയും കൂടി ഒന്ന് താരതമ്യം ചെയ്തു നോക്കൂ അപ്പോള്‍ മനസ്സിലാവും കോപ്പി അടിക്കുമ്പോള്‍ എങ്ങിനെ അടിക്കണം എന്ന്.

ഇന്നലെ രാത്രി തിരക്കിട്ടെഴുതിയപ്പോള്‍ വിട്ടു പോയ ചില കാര്യങ്ങള്‍ കൂടി മനസ്സില്‍ തോന്നിയപ്പോള്‍ കൂട്ടി ചേര്‍ക്കുന്നു : ഈ സിനിമ നടത്തിയ ഏറ്റവും സുപ്രധാന നിരീക്ഷണം ആണ് ബാലരമയില്‍ രാജുവും രാധയും സഹോദരീ സഹോദരന്മാര്‍ ആണ് എന്ന് ഒരിടത്തും പറയുന്നില്ല എന്നത്. അത് ടി ജി രവി പറഞ്ഞപ്പോള്‍ ആണ് ശരിയാണല്ലോ എന്ന ഒരു  തോന്നല്‍ ഉണ്ടായത്... അത് കൊണ്ട് തന്നെ വായിച്ച മായാവിയുടെ കഥകളിലൂടെ ഒന്ന് പരത്തി നോക്കി...എവിടെയെങ്കിലും... അങ്ങിനെ പറഞ്ഞിട്ടുണ്ടോ. എന്തായാലും ഇനി ബാലരമ എവിടെ കണ്ടാലും ഒന്ന് മറച്ചു നോക്കാതിരിക്കില്ല, കുറച്ചു കാലത്തേക്കെങ്കിലും... അത് പോലെ തന്നെ ഇതിന്റെ സുന്ദരന്‍ ക്ലൈമാക്സ്... പരമ്പരാഗത രീതിയായ പ്രതികാരം നടത്തി മംഗളഗാനം പാടി തിരശീല ഇടുന്ന കീഴ്വഴക്കത്തെക്കാള്‍ എത്രയോ നന്നായിട്ടുണ്ട്, അര്‍ദ്ധ:വിരാമത്തിലുള്ള ഈ ഒരു പരിണാമം. റീമ പറഞ്ഞു വെയ്ക്കുന്ന അവസാനത്തെ ആ ഒരു ഡയലോഗ് ഒരു ക്വെന്റിന്‍ ടാരെന്‍ടീനോ ഫീല്‍ കൊടുത്തിട്ടും ഉണ്ട് ..  ടെസ്സ കാത്തിരിപ്പുണ്ട്‌ ...അവിടെ അങ്ങ് ക്യാനാഡായില്‍...


 ഒരു വാക്ക്: പല "കുടുംബ ചിത്രങ്ങളിലും" കാണുന്ന പോലെ അസഭ്യവും അശ്ലീലവും കഥയ്ക്ക് വേണ്ടുന്നതല്ലാതെ ഒന്നും ഇല്ലെങ്കിലും കുട്ടികളെ കൂട്ടി ഈ ചിത്രം കാണാതിരിക്കുന്നതാണ് നന്ന് 

2 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

athivaayana nadathunnathu malayal.am -le aboobakar aanu. However, he has become the gold standard of malayalam online film reviewers in a short time. What of other online critiques? Not many readers are aware of their existence, only because run of the mill reviews don't make people think. "Camera kollaam, abhinayam nannu" ennokke ethrayennu vachchu vaayikkum?

കൃഷ്ണകുമാര്‍ പറഞ്ഞു...

അദ്ദേഹം ചെയ്യുന്നത് ആണ് വാസ്തവത്തില്‍ "റിവ്യൂ". ഞാന്‍ സിനിമയെ വെറും ഒരു ടൈം പാസ്‌ ആയി മാത്രം കാണുന്ന ഒരു സാധാരണ പ്രേക്ഷകന്‍ ആണ്.. അതെ അമേച്വറിഷ് സമീപനം അതിന്റെ എല്ലാവിധ കൈകുറ്റപ്പാടിലൂടെ എന്റെ വരികള്‍ വായിക്കുന്ന ആര്‍ക്കും കാണാം .. പ്രൊഫഷണല്‍ ആയി ഈ കര്‍മം അര്‍പണമനോഭാവത്തോടെ ചെയ്യുന്നവരോടുള്ള താരതമ്യം അവനവന്റെ റിസ്കില്‍ മാത്രം നടത്തുക ... ഒരു സിനിമ കണ്ടു കഴിഞ്ഞാല്‍ അതിനോടുള്ള ഒരു പ്രതികരണം എന്റെ കഴിവിനൊത്ത് കുറിച്ചിടുന്നു... അതില്‍ കവിഞ്ഞു യാതൊരു അവകാശവാദവും ഇല്ല