ബുധനാഴ്‌ച, ഒക്‌ടോബർ 15, 2014

ബിഗ്‌ ബില്ല്യണ്‍ഡേ കോലാഹലത്തിന്റെ മറുപുറം

ഫ്ലിപ്പ് കാർട്ട് ബിഗ്‌ ബില്ല്യൻഡേ സെയിലിനെക്കുറിച്ച് സർക്കാരും മാധ്യമ വ്യവസായ ലോകവും വളരെയേറെ ഉൽക്കണ്ഠാകുലരായിട്ട് കുറച്ചു നാളായി. ഈ സെയിലിനു പിന്നിലെ "തട്ടിപ്പിനെ"ക്കുറിച്ചും സെയിലിലെ "നെറികേടി"നെപറ്റിയും ഒക്കെ കാണ്ഡം കാണ്ഡം എഴുതി ചേർക്കുകയാണ് മാധ്യമങ്ങൾ എമ്പാടും. ലോകത്തിലെ തന്നെ ഏറ്റവും ഭാവിയുള്ള ഈടെയിൽ സംരംഭമായി ഫ്ലിപ്പ് കാർട്ടിനെ വിശേഷിപ്പിച്ച അവരുടെ തന്നെ കോളങ്ങളിൽ മഷി ഉണങ്ങി തുടങ്ങിയിട്ടില്ല ... അതിനു മുമ്പ് തന്നെ ഉദകക്രിയകൾ ചെയ്യാനുള്ള തയ്യാറെടുപ്പുകളിൽ വ്യാപൃതരാണ് വലിയൊരു സംഘം കീ പാഡ് ആക്ടിവിസ്റ്റുകൾ ...ശരിയാണ്‌ ... അത്ര സുതാര്യമായ രീതിയിൽ ഒന്നും നടത്തിയിട്ടുള്ള ഒരു ഇടപാട് അല്ലായിരുന്നു ബിഗ്‌ ബില്ല്യൻഡേ സെയിൽ. അത് നല്ല രീതിയിൽ മാനേജ് ചെയ്യുന്നതിൽ വീഴ്ചയും ഉണ്ടായിട്ടുണ്ട് . എന്നാൽ അത് അക്ഷന്തവ്യമായ അപരാധമായി ചാപ്പ കുത്തി പർവതീകരിച്ചെടുക്കുന്നതിൽ ഏതൊക്കെയോ സ്ഥാപിത താല്പര്യക്കാരുടെ ദുഷ്ടലാക്കില്ലേ എന്ന് കൂടി ചിന്തിക്കണം. ഈ ഡിസ്കൗന്റ് സെയിൽ എന്ന പ്രസ്ഥാനം ഇവിടെ ഇങ്ങനെയൊക്കെ നടന്നുപോയിട്ടുള്ളത്  ആദ്യമായിട്ടൊന്നുമല്ല. അതുമായി ഇറങ്ങുന്ന ചില്ലറ വിൽപ്പനക്കാർ അത് പൊതുജനസേവനം ലക്ഷ്യമാക്കി നടത്തുന്നതും അല്ല. കൈലാസം നന്നാവാൻ വേണ്ടി ആരും ഏകാദശി നോൽക്കാറില്ല.

ഉത്സവകാലങ്ങളിലും, കച്ചവടം കുറവുള്ള കാലങ്ങളിലും വലിയ വോള്യം ടേണ്‍ഓവർ, പഴയ സ്റോക്ക് ലിക്വിഡെറ്റ് ചെയ്യുക, അധികം മൂവേമെന്റ്റ് ഇല്ലാത്ത എസ് കെ യൂകൾ  പുഷ് ചെയ്യുക, കോമ്പി ഓഫറുകൾ  എന്നീ പല ലക്ഷ്യങ്ങൾക്കുമായി  ചില്ലറ വ്യാപാരികൾ സെയിലുകൾ തുടങ്ങാറുണ്ട്‌. അക്കൂട്ടത്തിൽ വില കൂട്ടിക്കാണിച്ചു ദിസ്കൗന്റ് പൊലിപ്പിക്കുന്ന തന്ത്രവും പുതുമയുള്ളതല്ല. ഓരോ സെയിൽ കാലവും വരുന്നതിനു മുന്നോടിയായി ചില ഉൽപ്പനങ്ങളുടെ വില ക്രമാനുഗതമായി വർദ്ധിപ്പിച്ച് ദിസ്കൌന്റ്റ് കാണിക്കാൻ വില കുറയ്ക്കുന്ന പ്രാക്ടീസ് ഒട്ടുമുക്കാലും റീട്ടെയിൽ സ്ഥാപനങ്ങളും ചെയ്യാറുണ്ട് എന്ന് ഒന്ന് നിരീക്ഷിച്ചു നോക്കിയാൽ എല്ലാവർക്കും മനസ്സിലാവുന്നതുമാണ്. അതൊക്കെ ശരിയാണ് എന്നും പ്രോത്സാഹിപ്പിക്കേണ്ട കാര്യമാണ് എന്നും ഒരിക്കലും ന്യായീകരിക്കില്ല ... എന്നാൽ ആ ഘട്ടത്തിൽ ഒന്നും ഇടപെടാതെ നിന്നിരുന്നവർ ഇപ്പോൾ ചന്ദ്രഹാസം എടുക്കുന്നതിന്റെ സാംഗത്യം ചോദ്യം ചെയ്യപ്പെടെണ്ടാതാണ്. 

ഇനി പലർക്കും കുറഞ്ഞ വിലയിൽ സാധനം കിട്ടിയില്ല എന്നുള്ള ആക്ഷേപം. ആര്ക്കാണ് 1 രൂപയ്ക്ക് പെൻ ഡ്രൈവ് വേണ്ടാത്തത്. രാവിലെ തന്നെ മെനക്കെട്ട് ഒരു മൗസ് ക്ലിക്ക് മാത്രം ഇൻവെസ്റ്റ്‌ ചെയ്ത് ഒരു രൂപയ്ക്ക് എല്ലാ ഇന്ത്യക്കാർക്കും അത് കിട്ടണം എന്ന് കരുതുന്നതിൽ എന്താണ് ന്യായം. ഡീപ് ദിസ്കൌന്റ്റ് ഉൽപ്പന്നങ്ങൾ എപ്പോഴും അതിന്റെ പരിമിതമായ സ്റൊക്കിൽ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. ആ പരിമിതമായ സ്റോക്ക് പ്രകാരം അത് ലഭിച്ചിട്ടുള്ള നിരവധി ആളുകൾ ഇന്ത്യയിൽ ഉണ്ട്. അത് കിട്ടാത്ത ആളുകൾ  അതിൽ അമർഷം കൊള്ളുന്നതിൽ എന്താണ് കാര്യം. ഒരു പീസ്‌ പോലും ആ വിലകളിൽ അവർ വിൽപ്പന നടത്തിയിട്ടില്ല എന്ന് തെളിയുക ആണെങ്കിൽ കാര്യം മാറി. അവിടെ വ്യക്തമായ തട്ടിപ്പുണ്ട്. എന്നാൽ അത് തെളിയിക്കപ്പെടാതെ ഇരിക്കുന്നെടത്തോളം കാലം അവിടെ ഒരു ആരോപണത്തിനു പഴുതുകൾ ഇല്ല. 

അക്കൂട്ടത്തിൽ ഈ സെയിൽ വഴി ഫ്ലിപ്പ്കാർട്ടിൽ നിന്നും വിട്ട ബഹുഭൂരിപക്ഷം ഉൽപ്പന്നങ്ങളും ജെനുവിനായി വിപണി വിലയേക്കാൾ വളരെ കുറഞ്ഞ വിലയ്ക്കാണ് ഉപഭോക്താക്കൾക്ക്‌ ലഭിച്ചിട്ടുള്ളത് എന്നുള്ള സത്യം കൂടി ചേർത്ത് വായിക്കപ്പെടെണ്ടാതാണ്. ഇവിടെ ഒരു കാര്യം പ്രത്യേകം പരിശോധിക്കണം. വിലക്കുറവ് കാണിക്കാൻ വേണ്ടി എവിടെയെങ്കിലും ഫ്ലിപ്പ് കാർട്ട് ഏതെങ്കിലും ഉൽപ്പന്നത്തിന്റെ വില അതിന്റെ യഥാർത്ഥ എം ആർ പ്പിയെക്കാൾ കൂടുതൽ കാണിച്ചാണോ വിലയിട്ടിരിക്കുന്നത് എന്ന് ഒരിടത്തും ഇതുവരെ ഒരു ആക്ഷേപവും കാണാൻ കഴിഞ്ഞിട്ടില്ല. എന്നാൽ അവർ മുമ്പ് നല്കിയിരുന്ന ദിസ്കൌന്റ്റ് പ്രൈസിൽ നിന്നും വർദ്ധന നടത്തിയാണ് പിന്നീട് ദിസ്കൌന്റ്റ് കാണിച്ചത് എന്ന രീതിയിലുള്ള പരാതികൾ പലയിടത്തും വായിച്ചിട്ടുണ്ട്. അങ്ങിനെ പറയുമ്പോൾ അത് വില ക്രമീകരണം മാത്രമായി കാണാനേ കഴിയുകയുള്ളൂ.  നിയമപരമായി അതിൽ എന്തെങ്കിലും തെറ്റുള്ളതായി ചൂണ്ടിക്കാണിക്കാൻ സാധിക്കും എന്ന് തോന്നുന്നില്ല. 

ഫ്ലിപ്പ് കാർട്ട് എന്ന ഈ പ്രസ്ഥാനം തുടങ്ങിയിട്ട് അധികം നാളുകൾ ആയിട്ടില്ല .ആമസോണ്‍ വിട്ടുവന്ന സഹപാഠികളും സുഹൃത്തുക്കളുമായ സച്ചിൻ - ബിന്നി  ബന്സാൽമാർ ഇതിന് തുടക്കമിടുമ്പോൾ. 1990 കളുടെ അന്ത്യത്തിൽ തുടങ്ങിയ ഈറ്റെയിൽ രംഗം ഒരു കുത്തൊഴുക്കിൽ ഒലിച്ചു പോയി ആകെ തകർന്ന് നില്ക്കുന്ന കാലമാണ്. മെല്ലെ മെല്ല പുസ്തകത്തിലും കാസറ്റിലും തുടങ്ങി ഒടുവിൽ മൊബൈൽ ഫോണുകളുടെ എക്സ്ക്ലൂസിവ് ലോഞ്ചുകളിൽ എത്തി നിൽക്കുമ്പോൾ ഫ്ലിപ്ക്കാർട്ട് ഈ രംഗത്ത് വിപ്ലവകരമായ പരിണാമമാണ് കൊണ്ട് വന്നത് ... കാഷ്‌ ഓണ്‍ ഡെലിവറി, ഈസി എക്സ്ചെഞ്ച് തുടങ്ങിയ പല പുതുമയുള്ള സേവനങ്ങളും കൊണ്ടുവന്ന അവരുടെ ഡെലിവറി മെക്കാനിസം ഈ രംഗത്തെ ഏറ്റവും കാര്യക്ഷമമായ ഒന്നാണ് . 

ഇക്കഴിഞ്ഞ ജൂലൈ മാസത്തിൽ ഒരു ബില്ല്യൻ ഡോളർ ഫണ്ടിംഗ് ലഭിച്ച കമ്പനിയുടെ വാലുവേഷൻ 5 ബില്ല്യൻ ഡോളർ കവിയും എന്നാണ് മാർക്കറ്റ് സ്രോതസ്സുകൾ പറഞ്ഞ്‌ വെച്ചത്. അന്ന് ബൻസാല്മാർ മാധ്യമങ്ങളോട് തങ്ങളുടെ ലക്‌ഷ്യം അടുത്ത 5 വർഷത്തിൽ 100 ബില്യൻ ഡോളർ തികയ്ക്കുന്ന ആദ്യ ഇന്ത്യ കമ്പനി ആവുകയാണ് എന്ന് പറഞ്ഞപ്പോൾ അധികമാരും നെറ്റി ചുളിച്ചില്ല. 70 കാറ്റഗറികളിലായി 15 ദശലക്ഷം ഉൽപ്പന്നങ്ങൾ ആണ് ഫ്ലിപ്പ് കാർട്ടിൽ ഇപ്പോൾ ലഭ്യമായിട്ടുള്ളത്. അങ്ങിനെയുള്ളപ്പോൾ ആണ് ഇത്തരത്തിലുള്ള ഒരു ആക്രമണം - അവരുടെ അസ്ഥിത്വത്തെതന്നെ  തകർക്കുന്ന രീതിയിലേക്ക് പൊന്തി വന്നിട്ടുള്ളത്.  

ഇനി നമുക്ക് ഒരു ചുവട് പിന്നോട്ട് വെയ്ക്കാം . ആരെയാണ് ഈ ബിഗ്‌ ബില്ല്യൻഡേ സെയിൽ ചൊടിപ്പിച്ചിരിക്കുന്നത്? ..ആരൊക്കെയാണ് ഉപഭോക്താവിന്റെ തോളിൽ തോക്ക് വെച്ച് വെടി വെയ്ക്കുന്നത്? 

ഇന്ത്യൻ റീട്ടെയിൽ രംഗത്ത്, ചെറുകിട കച്ചവടക്കാരെ വയറ്റത്തടിച്  ആഗോള ഭീമന്മാരും ഇന്ത്യൻ കുത്തകളായ ടാറ്റയും ബിർളയും അംബാനിയും ബിയാനിയുമൊക്കെ പോലുള്ള എലീറ്റ് വ്യവസായികൾ  തായം കളിക്കുന്ന സ്ഥലത്താണ് ഈ രണ്ടു ചെറുപ്പക്കാർ നങ്കൂരമിട്ടത്.  അത് കൊണ്ട് തന്നെ ഒരു അവസരം പാർത്തിരിക്കുന്നവരുടെ കയ്യിലേക്ക് ഇട്ടു കൊടുത്ത ഒരു ആയുധമായി ബിഗ്‌ ബില്ല്യൻഡേ സെയിൽ ... അത് അവർ തലങ്ങും വിലങ്ങും പ്രയോഗിച്ച് മൊത്തം ഈറ്റെയിൽ വ്യവസായത്തിന്റെ കടയ്ക്കൽ തന്നെ കത്തിവേയ്ക്കുന്നതിനാണ് അവസരം വിനിയോഗിക്കുന്നത് എന്ന് കരുതണം. ഇന്ത്യൻ ഉപഭോക്താക്കളുടെ കീശയിൽ ഏറ്റവും വലിയ തുളയിടുന്ന ഒരു പ്രസ്ഥാനമാണ് വിപണിയുടെ ഇടനിലക്കാർ .. ഉപഭോക്താക്കളെ പോക്കറ്റടിക്കുന്നത് പോലെ ഉത്പാദകരെ ചൂഷണം ചെയ്ത് കൊഴുക്കുകയും ചെയ്യുന്ന അവരുടെ നിലനിൽപ്പിനേയും ഫ്ലിപ്പ് കാർട്ട് നയിക്കുന്ന ഈട്ടെയിൽ വിപ്ലവം ചെറുതായിട്ടൊന്നുമല്ല ബാധിച്ചിട്ടുള്ളത്... അത് കൊണ്ട് തന്നെ അവരുടെ കണ്ണിലെയും കരട്‌ വേറെയാരുമല്ല ... ഇക്കഴിഞ്ഞ ദിവസം ഖാദി ഉൽപ്പന്നങ്ങളും കരകൌശല വസ്തുക്കളും മറ്റും ഉൽപ്പാദകരിൽ നിന്നും നേരിട്ട് വാങ്ങി സുതാര്യമായ രീതിയിൽ വിപണനം നടത്താനുള്ള ഒരു ശ്രമം കൂടി ഫ്ലിപ്പ് കാർട്ട് തുടക്കമിട്ടിരുന്നു ... ഇതൊക്കെ ചേർത്ത്‌ വായിക്കുമ്പോൾ ആരൊക്കെയാണ് ഇതിന്റെ പിന്നിൽ എന്നുള്ള ചോദ്യത്തിന് ഉത്തരമാവും ...  

അഭിപ്രായങ്ങളൊന്നുമില്ല: