ബുധനാഴ്‌ച, സെപ്റ്റംബർ 24, 2014

ദോഷങ്ങൾ ഇല്ലാത്ത ചൊവ്വകൾ

മുമ്പെങ്ങൊ കേട്ട ഒരു കഥ പറയാം ... ഒരു പ്രഭ്വി തന്റെ ജീവിതത്തിലെ ഏറ്റവും സുപ്രധാനമായ ഒരു ചടങ്ങിന് പോവുന്നതിന് മുമ്പായി കേശാലങ്കാരം നടത്താൻ വിദഗ്ദനായ ഒരു ഹെയർ സ്റ്റൈലിസ്റ്റിനെ വിളിപ്പിച്ചു... അദ്ദേഹം അവരുടെ മുടിയിഴകൽക്കിടയിലൊരു ചെറിയ കോലെടുത്ത് തിരുകി അതിനു ചുറ്റുമായി മുടി കോതി ഒതുക്കിയും പിന്നിയും മെടഞ്ഞും ഒന്നര മണിക്കൂറോളം മെനക്കെട്ട് വളരെ സുന്ദരമായ രീതിയിൽ അലങ്കരിച്ചു ഒടുവിലൊരു റോസാ പുഷ്പവും തിരുകി വെച്ചു.. അലന്കാരം കഴിഞ്ഞപ്പോൾ പ്രഭ്വി തന്റെ സുഹൃത്തുക്കളെയും പരിവാരങ്ങളെയും വിളിപ്പിച്ചു കാണിച്ചു.  അവർക്കൊക്കെ ഒരൊറ്റ അഭിപ്രായമേ പറയാനുണ്ടായിരുന്നുള്ളൂ .. അതീവ സുന്ദരം ..  അതി മനോഹരം.. സന്തുഷ്ടയായ പ്രഭ്വി ആ കലാകാരനെ വിളിപ്പിച്ചു ചോദിച്ചു എന്താ തന്റെ കൂലി എന്ന് ... ഒട്ടും സംശയം കൂടാതെ കലാകാരൻ പറഞ്ഞു "നൂറു ഡോളർ" ... കേട്ട പാടേ ആശ്ചര്യചകിതയായി പ്രഭ്വി  "നൂറു ഡോളറോ ... വെറും ഒരു കോല് തിരുകി ... അതിന്റെ മേലെ ഒരു റോസാ പുഷ്പം വെയ്ക്കാൻ നൂറു ഡോളറോ? .." പ്രഭ്വിയുടെ പ്രതികരണം കണ്ടു ആ കലാകാരൻ ഒരു നിമിഷം അവരുടെ അടുത്തു ചെന്ന് തലയിൽ തിരുകിയ ആ  മത്തെ പോസ്റ്റ്‌ വലിച്ചൂരി ... ആ റോസാ പുഷ്പം എടുത്തു അവർക്ക്‌ നീട്ടിപ്പറഞ്ഞു "മാഡം .. ഇത് വെറുതെ എടുത്തോളൂ ... എന്ന്"

മംഗൾയാനിനെക്കുറിച്ച് ഏറ്റവും വലിയ കാര്യമായി പലരും കൊണ്ടാടിയിരുന്നത് അത് ഏറ്റവും ചെലവ് കുറഞ്ഞ മിഷനാണ് എന്നുള്ള കാര്യമാണ്. ഒരർഥത്തിൽ പറയുകയാണെങ്കിൽ അത് ഇത്രയും വലിയ ഒരു നേട്ടത്തെ വില കുറച്ചു കാണുന്നതാണ് എന്ന് പറയേണ്ടി വരും.  വേറെ ചിലർക്കാക്കട്ടെ അതിന്റെ ഒപ്പർച്യൂനിട്ടി കോസ്റ്റ് ആണ് പ്രശ്നം... ചൊവ്വയിലേക്ക് പേടകം അയക്കുന്ന കാശ് കൊണ്ട് എത്ര പൊറോട്ട തിന്നാം എന്നാ മട്ടിലാണ്‌ ചിലരുടെയെങ്കിലും കഥാകഥനം .. ഇവരോടൊക്കെ ഒരു കാര്യമേ പറയാൻ കഴിയൂ. ദയവായി ശാസ്ത്രത്തെയും കലയെയും നാണയത്തുട്ടുകൾ കൊണ്ടളക്കരുത് ..  ഈ രണ്ടു രംഗത്തും നടത്തുന്ന പുരോഗതിയ്ക്ക് സമൂഹത്തിൽ ഉണ്ടാക്കാൻ കഴിയുന്ന സ്വാധീനം ഒരു ദിവസം കൊണ്ടോ, ഒരു ബാലൻസ് ഷീറ്റ് വായിച്ചോ തിട്ടപ്പെടുത്താൻ കഴിയുന്നതല്ല.

ഈ ഒരു മംഗൾയാൻ മിഷൻ മൂലം  ഉണ്ടായ ചില ചെറിയ കാര്യങ്ങൾ പറയാം..  ഇന്നലെ വരെ നായികയുടെ ക്ലീവീജിനെ പറ്റിയും അയല്പക്കത്തെ അവിഹിതത്തെ പറ്റിയും മാത്രം വായിക്കുകയും ചർച്ച ചെയ്തിരുന്ന കോടിക്കണക്കിന് ഇന്ത്യക്കാരിൽ ചെറിയ ഒരു വിഭാഗമെങ്കിലും ഈ ഒരു സംഭവം കൊണ്ട് സ്പേസിനെക്കുറിച്ചും അതിലെ സാങ്കേതിക വശങ്ങളെക്കുറിച്ചും അടിസ്ഥാനപരമായിട്ടെങ്കിലും ഉള്ള  പരിജ്ഞാനം നേടാനുള്ള ശ്രമം നടത്തിയിട്ടുണ്ട്.  ആസ്ട്രോനമിയും ആസ്ട്രോലജിയും തമിലുള്ള വ്യത്യാസം എന്താണെന്നറിയാത്ത കോടികൾ ഉള്ള ഈ രാജ്യത്ത് അതിനെക്കുരിച്ചെങ്കിലും ഉള്ള തിരിച്ചറിവുകൾ പകർന്നു കൊടുക്കാനുള്ള ഒരു അവസരം മംഗൾയാൻ താൽക്കാലികമായെങ്കിലും നല്കിയിട്ടുണ്ടാവും .. അത്തരത്തിൽ ചെറുതും വലുതുമായി സമൂഹത്തിനെ മൊത്തത്തിൽ സ്വാധീനിക്കുന്ന ഘടകങ്ങളുടെ മൂല്യം നിർണയിക്കുവാൻ സാധിക്കില്ല. അതുപോലെ തന്നെ തുടര്ച്ചയായ തോൽവികൾ മാത്രം ഏറ്റുവാങ്ങാൻ വിധിക്കപ്പെട്ട് തലയും താഴ്ത്തി അപകർഷതാ ബോധവുമായി നടക്കുന്ന ഒരു ജനതയ്ക്ക് - എന്തും സാധിക്കാൻ താങ്കൾക്കുമാവും എന്നുള്ള ഒരു പ്രചോദനം വലിയ അളവിൽ പകര്ന്നു നൽകാൻ ഈ ഒരു നേട്ടം കൊണ്ട് സാധിച്ചു എന്നത് കൂടി  അടിവര ഇട്ടു പറയണം...

ഇനി അവിടെയും ഓപ്പർച്ചൂനിറ്റി കോസ്റ്റിനെ പറ്റി പറയുമ്പോൾ  അവരോടു ഇവിടെയിരുന്നു പാരഗ്രാഫ് തിരിച്ച് കാണ്ഡം കാണ്ഡമായി ഓരോന്ന് എഴുതിക്കൂട്ടുകയും ലിങ്ക് തപ്പി കൊണ്ട് വരികയും ചെയ്യുന്ന നേരം കൊണ്ട് നാലു മൂട് കപ്പ നട്ടു വെച്ചാൽ അത് കൊണ്ട് നാല് കായുണ്ടാക്കാം എന്ന പഴയ കാരണവർ ഫിലോസഫി മാത്രമേ പറയാനുള്ളൂ..



ഇനി ഇതിലൊക്കെ ഉപരിയായി ഒരു അഭിപ്രായം കൂടി ഇതോട് ചേർത്ത് വെയ്ക്കാനുണ്ട് .. ബഹിരാകാശ പര്യവേഷണം, മരുന്ന് ഗവേഷണം തുടങ്ങിയ ചില മേഖലകലെങ്കിലും ലോക രാഷ്ട്രങ്ങൾ ഒന്നടങ്കം ഒരുമിച്ച് പ്രവർത്തിക്കാനുള്ള ഒരു പ്രതലം ഉണ്ടാവേണ്ടി ഇരിക്കുന്നു ... നീയോ ഞാനോ ആദ്യം എന്നുള്ള ഒരു വാശി ഒഴിവാക്കി ഇത്തരത്തിലുള്ള പര്യവേക്ഷണങ്ങളിൽ ലോകരാഷ്ട്രങ്ങൾ ഒരുമിച്ചു മുന്നേറിയാൽ അതിന്റേതായ ഗുണങ്ങൾ മാനവരാശിക്ക് കൂടുതൽ വേഗത്തിൽ പ്രാപ്തമാവാൻ സാധ്യത ഉണ്ട് എന്നുള്ളതാണ്.

1 അഭിപ്രായം:

ajith പറഞ്ഞു...

ശാസ്ത്രവും മനുഷ്യരും ജയിക്കട്ടെ