വ്യാഴാഴ്‌ച, മാർച്ച് 22, 2012

ഐ പി എല്‍ തുടങ്ങുമ്പോള്‍ തല പോക്കുന്ന മലയാളി മകരങ്ങള്‍

അങ്ങിനെ അടുത്ത ഐ പി എല്‍ സീസന്‍ കൂടി വരവായി... അതോടൊപ്പം സൈബര്‍ ലോകത്ത്, ശ്രീശാന്തിനെ അപഹസിച്ചുള്ള മെയിലുകളുടെയും പോസ്റ്റുകളുടെയും മലവെള്ളപാച്ചിലും. പതിവ് പോലെ തന്നെ കൈയ്യില്‍ കെട്ടിയിരിക്കുന്ന ചരടുകളും, ശയന പ്രദക്ഷിണവും എല്ലാം തന്നെ മലയാളികളുടെ ടാര്‍ഗെറ്റ്. എന്റെ ചില മലയാളികള്‍ അല്ലാത്ത സുഹൃത്തുക്കളുമായി ക്രിക്കറ്റ് ചര്‍ച്ച ചെയ്യാറുള്ളപ്പോള്‍ അവരില്‍ പലരും ചോദിച്ചിട്ടുള്ള ഒരു കാര്യമാണ്. നിങ്ങള്‍ മലയാളികള്‍ക്ക് എന്താണ് ശ്രീശാന്തിനോട് ഇത്ര വിരോധം? എപ്പോള്‍ നോക്കിയാലും അയാളുടെ കുറ്റം കാണുവാന്‍ നിങ്ങളാണല്ലോ മുന്‍പന്തിയില്‍... എന്റെ ഉത്തരം അപ്പോഴെല്ലാം ഒരു പുഞ്ചിരിയില്‍ ഒതുക്കുകയാണ് പതിവ്. സ്വയം ഒരു പരിഹാസപാത്രം ആക്കപ്പെടുന്ന  മട്ടില്‍ തന്നെയാണ് അദ്ദേഹം കളിക്കളത്തിനു ഉള്ളിലും പുറത്തും പലപ്പോഴും പെരുമാറിയിട്ടുള്ളത് എന്നത് ഒരു അളവ് വരെ ശരിയും ആണ്. എന്നാലും ഇപ്പോള്‍ വിമര്‍ശനങ്ങള്‍ അതിന്റെ എല്ലാ സീമകളും ലംഘിച്ചു കൊണ്ട് നീങ്ങുകയാണ്. വിമര്‍ശനങ്ങള്‍ നന്ന്.. പക്ഷെ അത് അദ്ധേഹത്തിന്റെ പ്രതിഭയെ പൂര്‍ണമായും തൃണവല്‍ഗണിച്ചു കൊണ്ടാവുന്നതാണ് പ്രശ്നം ആവുന്നത്. ഇത് ഇപ്പോള്‍ ഒരു പൊതുവിചാരണയുടെ നിലക്കായി മാറിയിരിക്കുന്നു.

നമുക്കെല്ലാം ഇഷ്ടമുള്ള ഒരു കാര്യമാണല്ലോ വിചാരണ. കൈയ്യില്‍ കിട്ടുന്ന ആരെയും, ആള്‍ക്കൂട്ടത്തിന്റെ മറവില്‍ ഒളിച്ചിരുന്ന് കൊണ്ട്, കീറി മുറിച്ചു നിര്‍ദാക്ഷിണ്യം വിചാരണ നടത്താന്‍ നമ്മളോളം കേമത്തം മറ്റാര്‍ക്കും ഇല്ല.  സദാചാര പോലീസ് പോലെയുള്ള സംഭവങ്ങള്‍ ഒക്കെ അതിന്റെ മറ്റൊരു രൂപാന്തരം മാത്രം... അത് സമൂഹത്തില്‍ നിലയും വിലയും സ്ഥാനവും നേടിയെടുത്ത ആളാണെങ്കില്‍ പിന്നെ പറയേണ്ട പൂരം. പക്ഷെ അങ്ങിനെ ചെയ്യുമ്പോള്‍ നാം ഓര്‍ത്തിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്.

ഈ കേരള സംസ്ഥാനം രൂപം കൊണ്ടിട്ടു പത്തറുപതു കൊല്ലമായി.. ഇത്രയും കേമന്മാരുള്ള നമ്മുടെ ഇടയില്‍ നിന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് കയറാന്‍ സാധിച്ചിട്ടുള്ളത് രണ്ടേ രണ്ടു ആളുകള്‍ക്ക് മാത്രമാണ് (സുനീല്‍ വത്സന്റെ പിതൃത്വം ഏറ്റെടുക്കാന്‍ വരട്ടെ.). അതില്‍ ഒരു സീസണില്‍ കൂടുതല്‍ കളിക്കാന്‍ സാധിച്ചിട്ടുള്ളതോ ശ്രീശാന്തിനു മാത്രം. ഇന്നത്തെ കാലത്ത്, ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ കയറിപ്പറ്റി സ്ഥാനം നിലനിര്‍ത്തി കൊണ്ട് പോവാന്‍, സ്വാധീനം കൊണ്ടും, ബന്ധു ബലം കൊണ്ടും, മാത്രം സാധിക്കും എന്നാര്‍ക്കും ഒരിക്കലും പറയാന്‍ സാധിക്കില്ല. അതിനു സാമാന്യത്തില്‍ കവിഞ്ഞ ടാലെന്റും അതുപോലെയുള്ള ഭാഗ്യവും വേണം. അതാല്ലായിരുന്നെങ്കില്‍ അഭിനയിച്ച എല്ലാ സിനിമകളും പൊട്ടിയിട്ടും എ ലിസ്റ്റ് അവസരങ്ങള്‍ തുടര്‍ച്ചയായി ലഭിച്ചു കൊണ്ടിരുന്ന അഭിഷേക് ബച്ചനെ പോലെ, ഇന്ത്യന്‍ ക്രിക്കെറ്റ് ടീമിലും തേജസ്വി പ്രസാദ് യാദവും, ചിരാഗ് പാസ്വാനും, റിതേഷ് ദേശ്മുഖും, രോഹന്‍ ഗവാസ്ക്കാരും ഒക്കെ പൂണ്ടു വിളയാടിയേനെ. രണ്ടു കളി തുടര്‍ച്ചയായി പരാജയപ്പെട്ടാല്‍ ഏത് സച്ചിന്‍ തെണ്ടുല്‍ക്കാരുടെ ചോരക്കും ഇവിടെ മുറവിളി ഉയരും... അങ്ങിനെയുള്ളയിടത്താണ് ഇതുവരെ 27 ടെസ്റ്റുകളും അമ്പതിലേറെ ഏകദിനവും പത്തു ട്വന്റി ട്വന്റി മത്സരങ്ങളും   കളിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞിട്ടുള്ളത്. ഏതു സാഹചര്യത്തിലും വിക്കെട്ടെടുക്കാന്‍ കഴിയുന്ന ആക്രമണപരത  ശ്രീശാന്തിന്റെ ബൌളിങ്ങില്‍ ഉണ്ട്... കഴിഞ്ഞ ഒന്ന് രണ്ടു ടെസ്റ്റ്‌ മാച്ചുകളില്‍ വിക്കെട്ടുകള്‍ കാര്യമായി കൊയ്യാന്‍ അദ്ദേഹത്തിനു കഴിഞ്ഞിട്ടില്ലല്ലോ എന്ന് ആരോപിക്കുന്പോള്‍ ഒരു കാര്യം നമ്മള്‍ ശ്രദ്ധിക്കണം.. ആ ടെസ്റ്റുകളില്‍ എല്ലാം, ഏറ്റവും കൂടുതല്‍ കാച്ചുകള്‍ ഡ്രോപ്പ് ചെയ്യപ്പെട്ടത്,  അദ്ധേഹത്തിന്റെ ബൌളിങ്ങില്‍ ആണ് എന്ന്... അതിനെ നിര്‍ഭാഗ്യം എന്ന് മാത്രം വിശേഷിപ്പിക്കുന്നു.. കണ്സിസ്ടന്സി കുറവാണെങ്കിലും മൂര്‍ച്ചയുള്ള പന്തുകള്‍ ഓരോ സ്പെല്ലിലും എറിയാന്‍ അദ്ദേഹത്തിന് അസാമാന്യ കഴിവ് ഉണ്ട് എന്ന് സമ്മതിക്കാതെ വയ്യ.

ഇനി ഇന്ത്യന്‍ ടീമില്‍ കയറി പറ്റിയ ശ്രീശാന്തിനെ അവിടുള്ള പുലികള്‍ ഒരു "ഔട്സൈടെര്‍" ആയാണ് കണ്ടിരുന്നത്‌ എന്ന യാഥാര്‍ത്ഥ്യം അദ്ദേഹം സമ്മതിക്കില്ലെങ്കിലും അദ്ദേഹത്തിനോട് കളികള്‍ക്കിടയില്‍ ഇട പഴകുമ്പോള്‍ സഹകളിക്കാര്‍ കാണിക്കുന്ന ബോഡി ലാംഗ്വേജ് നിരീക്ഷിച്ചാല്‍ നമുക്ക് തിരിച്ചരിയാവുന്നതെ ഉള്ളൂ. തങ്ങള്‍ക്കു പ്രിയമേറെ ഉള്ള പ്രവീണ്‍കുമാറിനും, നെഹ്രക്കുമൊക്കെ ഒരു വിലങ്ങുതടിയാണ് ഈ മലയാളി പയ്യന്‍ എന്നാ ബോധം അവര്‍ ഓരോ ഇടപെടലിലും കാട്ടുന്നുണ്ട് എന്നത് വളരെ വ്യക്തവും ആണ്. അത്തരത്തില്‍ ഒരു കളിക്കാരന്‍ എന്ന നിലക്ക് അദ്ദേഹത്തില്‍ ഉളവാകിയ അരക്ഷിതബോധത്തില്‍ നിന്നും ഉടലെടുതതായിരിക്കണം മന്ത്രച്ചരടുകളും ഏലസ്സുകളും ആയി അദ്ധേഹത്തിന്റെ കൈയ്യിലും കഴുത്തിലും തൂങ്ങുന്നത്. അങ്ങിനെയുള്ള സമയത്ത് അദ്ദേഹത്തിനു മലയാളികള്‍ ആയ നമ്മള്‍ നല്‍കേണ്ടത് ആത്മവിശ്വാസവും കരുത്തും പകരുന്ന പിന്തുണയും പ്രോത്സാഹനവും ആണ്.. പക്ഷെ നമ്മള്‍ ചെയ്യുന്നതോ.. ഉള്ള ആത്മവിശ്വാസം ചോര്‍ത്തി കളയുന്ന തരത്തില്‍ നിന്ദയും പരിഹാസവും കലര്‍ത്തിയുള്ള പ്രതികരണങ്ങളുടെ ശരവര്‍ഷം.

അത്കൂടാതെ സ്വാഭാവികമായും ഉണ്ടാവേണ്ട  കൊണ്ഫിടെന്സിന്റെ അഭാവം അദ്ദേഹത്തിനെ കളിക്കളത്തിലെ പല പെരുമാറ്റങ്ങളും വിശദമായി നിരീക്ഷിച്ചാല്‍ നമുക്ക് മനസ്സിലാക്കാവുന്നതാണ്. പെര്ഫോര്‍മന്സിനു പുറത്തുള്ള കാര്യങ്ങളിലേക്ക് എല്ലാവരുടെയും ശ്രദ്ധ തിരിക്കാന്‍ കാട്ടിക്കൂട്ടുന്ന വിക്രിയകള്‍ തന്നെ ഒരര്‍ത്ഥത്തില്‍ തന്റെ കൊണ്ഫിടെന്‍സ് കുറവ് മറച്ചു വെക്കാനാണ് എന്ന് തോന്നാവുന്നതാണ്.  ഇതിനിടയില്‍ കുറേപേര്‍ അദ്ദേഹത്തെ ചെളി വാരി എറിയുമ്പോള്‍ അദ്ദേഹത്തിനോടടുത്ത മറ്റു ചിലരും ചില മാധ്യമങ്ങളും അദ്ദേഹത്തിനു മുഖസ്തുതി പറഞ്ഞു വല്ലാതെ പോക്കിയിരുത്തി മനസ്സില്‍ മിഥ്യ ധാരണകള്‍ ഊട്ടി വളര്‍ത്തുകയും ചെയ്യുന്നു. അത് ചെറിയ പ്രായത്തില്‍ അദ്ദേഹം നേടിയെടുത്ത നേട്ടങ്ങളുടെ പാര്‍ശ്വഫലം.

അത്കൊണ്ട് തന്നെക്കുറിച്ച് വസ്തുനിഷ്ടമായ ഒരു തിരിച്ചറിവ് കിട്ടാതെ അമിത ആത്മവിശ്വാസത്തിനും - ആത്മവിശ്വാസമില്ലായ്മക്കും ഇടയില്‍ ഒരു പെന്‍ഡുലം പോലെ ആടിക്കൊണ്ടു നീങ്ങുന്ന ഒരു അവസ്ഥയില്‍ അകപ്പെടും. വെള്ളിവേളിച്ചതിനോട് ഒരു മുന്‍കാല എക്സ്പോഷര്‍ കൂടാതെ സ്വപ്രയത്നം കൊണ്ട് ഉയര്‍ന്നു വന്ന പല യുവപ്രതിഭകളും നേരിടേണ്ടി വരുന്ന ഒരു പ്രതിസന്ധി ആണ് ഇത്. ഇതിനെ മറികടക്കുന്ന പലരും ഉണ്ട്.. പക്ഷെ ഭൂരിഭാഗവും സക്സസ് കൈകാര്യം ചെയ്യാന്‍ കഴിയാതെ കാലിടറി വീഴുകയാണ് ചെയ്യുക.. അങ്ങിനെ കാലിടറി വീഴുമ്പോള്‍ അവര്‍ക്ക് വേണ്ടത്, അവര്‍ക്ക് ചുറ്റും ശക്തമായ പിന്തുണ നല്‍കുന്ന ഒരു സപ്പോര്‍ട്ട് സിസ്റ്റം ആണ്.. പക്ഷെ നമ്മള്‍ അത് കൊടുക്കുന്നില്ല എന്ന് മാത്രമല്ല, അദ്ദേഹത്തെ കൂടുതല്‍ താഴേക്കു വലിക്കാന്‍ നോക്കുകയും ചെയ്യുന്നു.

നമ്മള്‍ കാണികളെക്കാള്‍ ഉപരിയായി അദ്ദേഹത്തിനു പിന്തുണ നല്‍കേണ്ടതും സംരക്ഷിച്ചു നിര്‍ത്തെണ്ടതും ആയ ഉത്തരവാദിത്തം ഉള്ളതാണ് കെ സി എ എന്നാ സംഘടനക്കു.. അവര്‍ അദ്ദേഹത്തെ ടീമില്‍ എത്തിച്ചതിന്റെ ക്രെഡിറ്റ് ഏറ്റെടുക്കുക അല്ലാതെ എന്തെങ്കിലും ചെയ്തിട്ടുള്ളതായി നമ്മള്‍ കണ്ടിട്ടില്ല.
ഇനി അവര്‍ പറയുന്ന പോലെ കെ സി യുടെ സ്വാധീനവും പിന്തുണയും കൊണ്ടാണ് അദ്ദേഹം ടീമില്‍ കയറിയിട്ടുള്ളത്‌ എന്ന അവകാശം ഒന്ന് പരിശോധിക്കാം. ഇവര്‍ അവകാശപ്പെടുന്ന പോലെ ബി സി സി ഐയ്യില്‍ സ്വാധീനം ഉള്ള പുലികള്‍ ആണ് കെ സി എ എങ്കില്‍ കൊച്ചി ടാസ്ക്കെര്സ് ടീം ഇപ്പോള്‍ എവിടെ എന്ന ചോദ്യം കൂടി ചോദിക്കണം. അത് കൊണ്ട് ശ്രീശാന്ത് എന്ന ക്രിക്കട്ടെര്‍ ഇന്ത്യന്‍ ടീമില്‍ കയറിയതും ഇത്ര കളികള്‍ കളിച്ചതും അദ്ധേഹത്തിന്റെ സ്വപ്രയത്നം ഒന്ന് കൊണ്ട് മാത്രമാണ് എന്ന് നമുക്ക് സമ്മതിക്കേണ്ടി വരും.. അതിനു വേണ്ടി ഒരു ക്രിക്കെറ്റെര്‍ എന്ന നിലക്ക് എത്രമാത്രം അദ്ദേഹം പോരാട്ടം നടത്തിയിട്ടുണ്ടാവണം എന്ന് നമ്മള്‍ ഒരു വട്ടം ചിന്തിക്കണം. ഇത്തരം ഒരു സാഹചര്യത്തില്‍ ടീമില്‍ തിരിച്ചെത്താനും പ്രതിസന്ധികളെ മറികടക്കാനും ഉള്ള മേന്റൊരിയല്‍ സപ്പോര്‍ട്ട് കൊടുക്കാന്‍ കെ സി എ മുന്നോട്ടു വരേണ്ടതാണ് എന്നാണ് എന്റെ അഭിപ്രായം. അന്തര്‍ദേശീയ നിലവാരത്തിലുള്ള മറ്റൊരു മലയാളി ക്രിക്കെട്ടെര്‍ ഉണ്ടായി വരാന്‍ ഇനി എത്ര കാലം എടുക്കും എന്ന് ആര്‍ക്കും ഒന്നും പറയാന്‍ കഴിയാത്ത സ്ഥിതിക്ക് ഇനി അദ്ധേഹത്തിന്റെ കരീയറില്‍ അവശേഷിക്കുന്ന കാലമെങ്കിലും കഴിവ് നിലനിര്‍ത്താന്‍ നമ്മുടെ പിന്തുണ കിട്ടിയേ തീരൂ. 

അഭിപ്രായങ്ങളൊന്നുമില്ല: