ബുധനാഴ്‌ച, മാർച്ച് 21, 2012

മാലിന്യ പ്രശ്നങ്ങളും ചില ആകുലതകളും

നഗരവാസി തന്റെ മാലിന്യങ്ങള്‍ ധാര്‍ഷ്ട്യത്തോടെ കൊണ്ട് പാവം ഗ്രാമീണന്റെ നെഞ്ചത്തേക്ക് തള്ളുന്നു എന്ന റൊമാന്റിക് ആക്ടിവിസ്റ്റ് മുദ്രാവക്യങ്ങള്‍ക്കും അപ്പുറം ചിന്തിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അത് കൊണ്ട് തന്നെ ഈ വിഷയത്തില്‍ എല്ലാ കോണുകളില്‍ കൂടിയും  ചര്‍ച്ചകള്‍ പുരോഗമിക്കെണ്ടാതാണ് എന്ന തോന്നലോടെ ആണ് ഈ കുറിപ്പ്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് നഗരത്തില്‍ ഈ മാലിന്യം സൃഷ്ടിക്കുന്നവന്‍ എല്ലാം, തന്റെ സുഖഭോഗങ്ങളുടെ അവശേഷിപ്പുകള്‍ ധാര്‍ഷ്ട്യം കൊണ്ട് മാത്രം തള്ളിവിടുന്നതാണ് എന്നുള്ള തെറ്റിധാരണ . "നന്മ വിളയുന്ന ഗ്രാമത്തില്‍" രാപ്പാര്‍ക്കാന്‍ കൊതിച്ചു സ്വപ്നവും കണ്ടുറങ്ങുന്ന ലക്ഷക്കണക്കിന്‌ ആളുകള്‍ ഓരോ നഗരങ്ങളിലും പാര്‍ക്കുന്നുണ്ട്. നഗരവാസി എന്നാല്‍ ശീതീകരിച്ച മുറികളില്‍ ഇരുന്നു സുഖിച്ചും ഭോഗിച്ചും,  രേസ്ടാരെന്ടുകളിലും, പബ്ബുകളിലും ജീവിതം ആഘോഷമാക്കിയും യാതൊരു സാമൂഹ്യബോധവും കൂടാതെ നിര്‍ബാധം പരിലസിക്കുന്ന ഒരു കള്ളക്കൂട്ടമാണ് എന്ന വാര്‍പ്പ് മാതൃക മാത്രം നമ്മള്‍ കണ്ടാല്‍ പോരാ.  പ്രവാസത്തിന്റെ തിരസ്കരണങ്ങളും പേറി ഒരറ്റം മുട്ടിക്കാന്‍ പെടാപാട് പെടുന്നവരാണ് അവരില്‍ മിക്കവരും... നമ്മുടെ നാടും നാട്ടിന്‍പുറവും പുരോഗമിക്കുന്നത് അവന്റെ കൂടി വിയര്‍പ്പു കൊണ്ടാണ്.. സൂചി കുത്താന്‍ പോലും സ്ഥലം ഇല്ലാത്ത ഫ്ലാറ്റുകള്‍ എന്ന ഏറുമാടങ്ങളില്‍, ഇടുങ്ങിയ കിളിക്കൂടുകളില്‍ അവന്‍ ജീവിക്കുന്നത് പലപ്പോഴും മാസാരംഭം നാട്ടിലേക്ക് അയക്കുന്ന പണം ഒപ്പിക്കാന്‍ വേണ്ടി തന്നെയാണ്... അവിടുന്ന് തള്ളിവിടുന്ന മാലിന്യം എല്ലാം അവന്റെ നിവൃത്തികെടിന്റെ ഉല്‍പ്പന്നങ്ങള്‍ ആണ്. അവനും കൊടുക്കുന്നുണ്ട് ടാക്സും ടോളുമൊക്കെ ആവശ്യത്തിനും അനാവശ്യത്തിനും... എന്നിരുന്നാലും അവ ഒന്നും തള്ളി വിടാനുള്ള അവകാശം അവര്‍ക്കില്ല എന്നത് അന്ഗീകരിക്കേണ്ട സത്യം തന്നെ...

ഇനിയുള്ള വേറൊരു കാര്യം,  കാലാകാലങ്ങളായി പലപ്പോഴും നഗരമാലിന്യം തള്ളാന്‍ ഉപയോഗിച്ചു കൊണ്ടിരുന്ന  സ്ഥലങ്ങള്‍ ഒറ്റപ്പെട്ട, മനുഷ്യാവാസകേന്ദ്രങ്ങളില്‍ നിന്നും അകന്ന തരിശുഭൂമികള്‍ ആയിരുന്നു... പക്ഷെ ഇപ്പോള്‍ സ്ഥലപരിമിതികള്‍ മൂലം അത്തരം വെളിംപ്രദേശങ്ങള്‍ക്കരികിലേക്ക് ജനവാസം പടരുന്നതായാണ് കാണുന്നത്.  ഇതാണ് എല്ലാ പ്രദേശങ്ങളുടെയും കാര്യം എന്നുള്ള സാമാന്യ പ്രസ്താവന നടത്തുകയല്ല... പക്ഷെ ഇതും ഒരു കാര്യമാണ് എന്ന് കൂടി പറഞ്ഞു വെക്കുകയാണ്.. അത്തരം ഘട്ടങ്ങളില്‍ ഇത്തരം പ്രശ്നങ്ങളില്‍ ആരോപിക്കപെടുന്ന പോലെ ഭൂമാഫിയയുടെ ഇടപെടലുകള്‍ പൂര്‍ണമായും തള്ളികളയാന്‍ കഴിയില്ല. അത് കൊണ്ട് ഇത് ഒരു "പാവപെട്ട ഗ്രാമവാസിയുടെ അവകാശങ്ങളുടെ മേല്‍ നഗരവാസിയുടെ കടന്നു കയറ്റം" എന്നുള്ള ഒറ്റവരിയില്‍ നിന്നുപരിയായി മനുഷ്യസമൂഹത്തിന്റെ മൊത്തത്തിലുള്ള പ്രശ്നം എന്നുള്ള രീതിയിലുള്ള സമീപനത്തിലേക്ക് നീക്കേണ്ടതാണ്.

വികാരം കൊണ്ട് നിങ്ങളുടെ മാലിന്യം നിങ്ങള്‍ തന്നെ തിന്നു തീര്‍ക്കു എന്നൊക്കെ പറഞ്ഞു തീര്‍ക്കാം. അത് കൊണ്ട് കുറെ പേരെ ഇളക്കി വിടുകയും ചെയ്യാം. പക്ഷെ അപ്പോഴൊക്കെ നാം പരിഹാരങ്ങളോട് കൂടുതല്‍ അകന്നു പോവുക ആണ് എന്ന് കൂടി ഓര്‍ക്കേണ്ടതാണ്. ഗ്രാമങ്ങളിലെപ്പോലെ പട്ടണങ്ങളിലും ചൂഷങ്ങളുടെ ഇരകളും ചൂഷകരും ഉണ്ട്. ദുസ്സഹമായ ജീവിതസമരങ്ങളും ദുഷ്കരമായ പ്രതിസന്ധികളും അതെ അളവില്‍ തന്നെയുണ്ട്‌.  ഇവിടത്തെ ഭരണകൂടത്തിനു, രാഷ്ട്രീയ നേതൃത്വത്തിന് ഇതിനു പ്രായോഗികമായ പരിഹാരങ്ങള്‍ കാണാനുള്ള ഉത്തരവാദിത്തങ്ങള്‍ ഉണ്ട് . അവിടെ ഗ്രാമവാസി, നഗരവാസി എന്ന ചേരിതിരിവുകള്‍ കൂടാതെ ക്രിയാത്മകമായി ഇടപെടുവാന്‍ ഒരു പൌരന്‍ എന്ന രീതിയില്‍ നമ്മള്‍ ഓരോരുത്തര്‍ക്കും ഉത്തരവാദിത്തം ഉണ്ട്... 

അഭിപ്രായങ്ങളൊന്നുമില്ല: