തിങ്കളാഴ്‌ച, ജനുവരി 02, 2012

ഇതിനെ ഒക്കെ ഡീല്‍ ചെയ്യാതെ വിട്ടേക്കരുത്ഇന്നലെ, പുതുവത്സരദിനത്തില്‍  സുര്യ ടി വി സംപ്രേക്ഷണം ചെയ്ത ഡീല്‍ ഓര്‍ നോ ഡീല്‍  എന്ന ജനപ്രിയ പരിപാടിയുടെ 200 എപ്പിസോഡുകള്‍ പൂര്‍ത്തിയായത് ആഘോഷിക്കാന്‍ സംഘടിപ്പിച്ച പ്രത്യേക പരിപാടിയിലെ ഒരു പ്രധാന
ഇനമായിരുന്നത് പ്രസിദ്ധ സിനിമാതാരം സുരാജ് വെഞ്ഞാരമൂടിന്റെ നേതൃത്വത്തില്‍ അവതരിപ്പിച്ച ഒരു "കൊമഡി സ്കിറ്റ് ആയിരുന്നു.  "ഇടീല്‍ ഓര്‍ അടീല്‍" എന്ന പേരിട്ട ആ പരിപാടി ചിരി വരുത്താന്‍ ഉദ്ദേശിച്ചു ചെയ്ത ഡീല്‍ ഓര്‍ നോ ഡീല്‍ന്റെ തന്നെ "ഹാസ്യാനുകരണം" ആയിരുന്നു . അതിലെ തരംതാണ  ഞരമ്പിനു പിടിക്കുന്ന, അരോചകമായ വളിപ്പുകള്‍ കണ്ടു ശര്ദ്ധിക്കാന്‍ വന്നു എന്ന വാസ്തവത്തില്‍  ഉപരിയായി ആ പരിപാടിയിലൂടെ അതിന്റെ സൃഷ്ടാക്കള്‍ പ്രകടിപ്പിച്ച ഏറ്റവും  സാമൂഹ്യവിരുദ്ധമായ,  തികച്ചും അപലപനാര്‍ഹാമായ നിലപാടുകള്‍ക്ക്  നേരെയുള്ള എന്റെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്താന്‍ ആയാണ് ഈ കുറിപ്പ്.

തമാശ ഉണര്‍ത്താന്‍ ഉദ്ദേശിച്ചു ഇത്തവണ സ്ഥിരം "മോഡല്‍" പെണ്‍കുട്ടികള്‍ക്ക് പകരം പെട്ടിയുമായി കാണിച്ചത് "തൊഴിലുറപ്പ് പദ്ധതിയില്‍ പണിയെടുക്കുന്ന" ചില സ്ത്രീകളെയാണ് (ദളിത്‌ സ്ത്രീകള്‍ എന്ന് വ്യംഗം). നാടന്‍ പാട്ടുകളെ അപഹാസ്യമായ രീതിയില്‍ അവതരിപ്പിച്ചാണ് അവരെ പരിചയപ്പെടുത്തുന്നത് തന്നെ. പിന്നെ അവരെ കാണിക്കുമ്പോള്‍ എല്ലാം അവരുടെ ചേഷ്ടകളും, ശരീരഭാഷയും, പെരുമാറ്റവും, സംഭാഷണവും  അവരെ അപമാനിക്കുന്ന രീതിയില്‍ ഉള്ള, അല്ലെങ്കില്‍ അവരുടെ  വികാരങ്ങളെ വൃണപ്പെടുത്തുന്ന തരത്തില്‍ ഉള്ളതായിരുന്നു.  ഈ സുരാജ് എന്ന വിദ്വാന്‍ ഈ പരിപാടിയില്‍ ഉടനീളം അവരെ അഭിസംബോധന ചെയ്യുന്നതിനായി ഉപയോഗിച്ച വാക്കുകള്‍ പോലും അഭാസവും തള്ളിക്കളയെണ്ടതും ആണ്.

ഇതിലെ ഏറ്റവും ശോചനീയമായ കാര്യം കേരള സമൂഹത്തിലെ ഉന്നത സ്ഥാനീയരായ പല വ്യക്തികളും കാഴ്ചക്കാരുടെ കൂട്ടത്തില്‍ ഇരുന്നു ഇതും കണ്ടും കൊണ്ട് ആസ്വദിച്ചു ചിരിച്ചു ഇരിക്കുന്നുണ്ടായിരുന്നു എന്നതാണ്. അദ്ധ്വാനിച്ചു ജീവിക്കുന്ന പാവപ്പെട്ട (ദളിത്‌)  സ്ത്രീകളെക്കുറിച്ച്‌ ഇത്രയും തരം താണ, അധമമായ സങ്കല്പങ്ങള്‍ ആണ് പൊതു സമൂഹം വെച്ച് പുലര്‍ത്തുന്നത് എന്ന് ആലോചികുമ്പോള്‍ തന്നെ ചോര തിളക്കുന്നു. അശ്ലീലവും ആഭാസകാരവും ആയ മലയാളിയുടെ ആസ്വാദന ശീലങ്ങള്‍ അടിവരയിട്ടു കാണിക്കുന്നതായിരുന്നു ആ പരിപാടിയില്‍ ഉടനീളം ചിത്രീകരിക്കപ്പെട്ടിരുന്നത്. ഈ പരിപാടിയുടെ അണിയറശില്‍പ്പികള്‍  അവര്‍ ചെയ്യുന്നു എന്ന് പറയപ്പെടുന്ന ജീവ കാരുണ്യ പ്രവര്‍ത്തങ്ങളില്‍ അല്‍പ്പമെങ്കിലും ആത്മാര്‍ഥത ഉണ്ടെങ്കില്‍ ഇത്രയും തരം താണ രീതിയില്‍ സ്ത്രീകളെ അപമാനിച്ചതിന് മാപ്പ് പറയണം

http://www.go8pm.com/video/12585-Deal_Or_No_Deal_200th_Episode_Celebration.html.

ഇതൊന്നും കണ്ടിട്ട് സാക്ഷര കേരളം ഇത് വരെ പ്രതികരിക്കാത്തത് എന്ത് കൊണ്ടാണ്? 

അഭിപ്രായങ്ങളൊന്നുമില്ല: