ഞായറാഴ്‌ച, ഓഗസ്റ്റ് 24, 2014

നല്ല സിനിമയുടെ മുന്നറിയിപ്പുകൾ



എന്റെ ആസ്വാദനസീമകൾക്കുള്ളിൽ നിന്നും പറയുകയാണെങ്കിൽ നല്ല സിനിമകൾ രണ്ടു തരത്തിലുണ്ട്. ആദ്യത്തേത് രണ്ടു രണ്ടര മണിക്കൂർ ദൈനംദീന ജീവിതത്തിലെ പിരിമുറുക്കങ്ങൾ ഒക്കെ വിസ്മരിച്ച് മാനസികോല്ലാസം പകർന്നു തരുന്ന വിനോദ ചിത്രങ്ങൾ.  ഞാൻ ഒരിക്കലും അവയുടെ കാമ്പും കഴമ്പും രാഷ്ട്രീയവും ഒന്നും തേടിപ്പോവാറില്ല. കൊട്ടകയിൽ തന്നെ കണ്ടു നുണഞ്ഞു അവിടെ ഉപേക്ഷിച്ച് പോവുകയാണ് പതിവ്.  


എന്നാൽ രണ്ടാമത്തെ തരം അങ്ങിനെയല്ല. അവ അനുഭവങ്ങളാണ്, സ്ക്രീനിലെ വെളിച്ചം അണഞ്ഞിട്ടും  നമ്മുടെ കൂടെപ്പോരുന്ന അനുഭവങ്ങൾ. ഉള്ളിലെവിടെയോ മുള പൊട്ടി, മെല്ലെ വളരുന്ന അനുഭവങ്ങൾ. അവയിലൊന്നാണ് വർഷങ്ങൾക്ക്ശേഷം സംവിധാനം എന്ന ശീർഷകത്തിന് കീഴെ വേണു എന്ന പേരുമായി വന്ന മുന്നറിയിപ്പ് ... 

തടവ്‌ എന്ന് പറയുമ്പോൾ ഇരുമ്പഴിക്ക് പിറകിൽ ചിലവഴിക്കുന്നത് കൂടാതെ മനസ്സിന് ചുറ്റും വരച്ച ചതുരത്തിലും ഒതുങ്ങിക്കൂടുന്നത് കൂടിയാണ് എന്ന് പറയുന്നതാണ് രാഘവന്റെ ജീവിതം. തനിക്ക് സ്വന്തം കരിയറിലുണ്ടാവുന്ന നേട്ടങ്ങൾ മുന്നിൽക്കണ്ട്‌ സ്വയം വരച്ച ആ ചതുരക്കളത്തിൽ നിന്നും രാഘവനെ പ്രകോപിച്ച് പുറത്തെത്തിക്കാനുള്ള അഞ്ജലിയുടെ ശ്രമങ്ങളിലൂടെ പറയുന്നതാണ് മുന്നറിയിപ്പ്.  തനിക്ക് എന്തെങ്കിലും സമൂഹത്തോട് പറയാനുള്ളപ്പോൾ മാത്രമാണ് പ്രതിഭാധനരായ കലാകാരന്മാർ കാമ്പുള്ള സൃഷ്ടികൾ നടത്തുന്നത്. അത് കാണുന്ന പ്രേക്ഷകന് അതനുഭവിക്കാൻ സാധിക്കും.  അത് അടിവര ഇട്ടു പറഞ്ഞു കൊണ്ടാണ് ഇത്ര വലിയ ഒരു ഇടവേളയ്ക്ക് ശേഷം നമ്മുടെ മുന്നിലീ സിനിമ എത്തുന്നത് 

സിനിമ ദൃശ്യഭാഷയുടെ കലയാണ്‌ എന്നൊക്കെ കൃതഹസ്തർ പറയാറുണ്ട്‌.  പ്രേക്ഷകരെ  പിടിച്ചിരുത്തുന്ന കാഴ്ച്ചകളിലൂടെയാണ് നല്ല സിനിമകൾ ആസ്വാദനാനുഭവം ആവേണ്ടത് എന്ന ധാരണയെ അവലംബിച്ചായിരക്കണം അങ്ങിനെ പറഞ്ഞ്‌ വന്നിരുന്നത്. അവിടെ സംഭാഷണം എന്നാൽ കാഴ്ച്ചകൾക്കിടയിൽ പൂരിപ്പിക്കാൻ ഉപയോഗിക്കുന്ന വരികൾ മാത്രമായി ചുരുക്കപ്പെട്ടിരുന്നു. ഇവിടെ മുന്നറിയിപ്പിൽ കൃത്യമായി കുറിച്ചിട്ട സംഭാഷണങ്ങളിലൂടെ പ്രേക്ഷകമനസ്സുകളിലെക്ക് ഇറങ്ങി വരുന്ന  ശൈലിയാണ് സംവിധായകൻ സ്വീകരിച്ചിട്ടുള്ളത്. എന്നാൽ സംഭാഷണങ്ങൾ ഡോമിനെറ്റ് ചെയ്യുമ്പോഴും ഒട്ടും നാടകീയമായി മാറുന്നില്ല സിനിമ എന്നത് അത് എഴുതിയ ആളുടെ കഴിവ് ..  കാച്ചിക്കുറുക്കിയ പ്രേക്ഷകനെ ചിന്തിപ്പിക്കുന്ന അവരുടെ മനസ്സിനെ സ്വാധീനിക്കുന്ന സംഭാഷണങ്ങൾ ആണ് ഇതിന്റെ മർമ്മം.... അതും ജീവസ്സുറ്റ ദൃശ്യങ്ങൾ ഒരുക്കിയ പശ്ചാത്തലമുള്ള ഒരു ഛായാഗ്രാഹകൻ സംവിധാനം ചെയ്ത സിനിമയിൽ എന്നത് ഒരു കൗതുകം എന്നുകൂടി രേഖപ്പെടുത്തി വെച്ചു കൊണ്ട് തന്നെ പറയട്ടെ, നല്ല എഴുത്തുകാർക്ക് ഈ മാധ്യമത്തിൽ ഇനിയുമേറെ സാധ്യതകൾ ഉണ്ടെന്ന്‌ തെളിയിക്കുന്നതാണ്‌ മുന്നറിയിപ്പ് ... 

ആഖ്യാനത്തിൽ ഒറ്റ വാക്കിൽ പറഞ്ഞാൽ മിതത്വം പുലർത്തിയിരിക്കയാണ് സംവിധായകൻ.  പ്രമേയം ആവശ്യപ്പെടുന്ന റ്റ്രീറ്റ്മെന്റ് അണുവിട മാറാതെ കൃത്യമായി പകർന്ന് തന്ന സംവിധായകന്റെ ശൈലിക്ക് അദ്ദേഹത്തിന്റെ മനസ്സറിയുന്ന എഡിറ്ററുടെ സാന്നിധ്യം വ്യക്തമായി തന്നെ കാണാം. സൂക്ഷ്മമായി പശ്ചാത്തല സംഗീതം ഒരുക്കിയ ബിജി പാലും അദ്ദേഹത്തോട് ചേർന്ന് പോവുന്നുണ്ട്. 

എന്തൊക്കെ പറഞ്ഞാലും നായികാപ്രാധാന്യമുള്ള സിനിമ എന്ന് പറയുമ്പോൾ പലപ്പോഴും നമ്മുടെ മുന്നിൽ വരുന്ന വാർപ്പു മാതൃകകൾ ഉണ്ട്.  ഒരേ അച്ചിൽ വാർത്തെടുത്ത നിരുപമാ രാജീവുമാർ ആവും.. അല്ലെങ്കിൽ ചിലപ്പോഴൊക്കെ സുരേഷ് ഗോപിയ്ക്കെഴുതിയ കഥാപാത്രങ്ങൾക്ക്‌ സ്ക്രിപ്റ്റിൽ ലിംഗ മാറ്റം നടത്തി എടുക്കുന്ന എകമാന കട്ടൌട്ടുകൾ . അതുമല്ലെങ്കിൽ മിനി സ്ക്രീനിൽ നിന്നിറങ്ങിയ ഗ്ലിസറിൻ പുത്രിമാർ .. എന്നാൽ അവിടെയാണ് അഞ്ജലി അറയ്ക്കൽ നമ്മുടെ മുന്നിൽ വന്നു നില്ക്കുന്നത് . ഇത്രയ്ക്ക് സ്വാഭാവികമായ ആ പാത്രസൃഷ്ടിയെപറ്റി എന്താണ് വിശേഷിപ്പിക്കേണ്ടത് ..  അപർണാ ഗോപിനാഥ് അല്ലെങ്കിൽ വേറെ ആര് ഈ റോൾ ചെയ്യും എന്നുള്ള സംശയം അവശേഷിപ്പിക്കുന്ന രീതിയിലാണ് ആ അഭിനേത്രി അഞ്ജലിയിലേക്ക്  ഇറങ്ങി ചെന്നിരിക്കുന്നത് .. .. മാനസിക വ്യാപാരങ്ങളുടെ നിമ്നോന്നതങ്ങൾ പ്രതിഫലിക്കുന്ന നൈസർഗീകമായ ആ ഭാവപ്പകർച്ച അനായാസമായി തനിക്ക് ഇണങ്ങും എന്ന് അവർ തെളിയിച്ചിരിക്കുന്നു ...അത് കൂടാതെ പലഘട്ടങ്ങളിലായി വന്നും പോയുമിരുന്ന കൊച്ചു പ്രേമൻ മുതൽ രണ്‍ജി പണിക്കർ വരെ ഓരോ കഥാപാത്രങ്ങൾക്കും വ്യക്തമായ ഡൈമെന്ഷനുകൾ നല്കുന്നതിലും സംവിധായകൻ വിജയിച്ചിട്ടുണ്ട്. 

ഈ സിനിമയിൽ മമ്മൂട്ടി അഭിനയിച്ചു എന്നൊക്കെ പറയുന്നത് കേട്ടിരുന്നെങ്കിലും ... ഇതിൽ മമ്മൂട്ടിയെ പ്രേക്ഷകർക്ക്‌ കാണാൻ കഴിയില്ല ... നമ്മൾ കാണുന്നത് രാഘവനെയാണ് .. ഓരോ വാക്കിലും നോക്കിലും ചലനത്തിലും അനുനിമിഷം നമ്മുടെ മുന്നിൽ ജീവിച്ച രാഘവനെ.  എത്ര സൂക്ഷമമായാണാ കഥാപാത്രമായി അദ്ദേഹം പരിണമിച്ചിരിക്കുന്നത്. 

എന്നാൽ  ഇതൊക്കെ കഴിഞ്ഞ് സിനിമ കണ്ടു തിരിച്ചിറങ്ങുമ്പോൾ തിയറ്ററിൽ അടുത്തു വരുന്ന രാജാധിരാജയുടെ പോസ്റർ കണ്ടപ്പോൾ ശരിക്കും അമർഷമാണ്‌ തോന്നിയത്. എന്തിനാ ഇത്രയും കഴിവുള്ള ഒരു കലാകാരൻ വർഷാവർഷം സൂകരപ്രസവം പോലെ പടച്ചു വിടുന്നത്. വേണു ഈ സിനിമ ചെയ്ത പോലെ വല്ലപ്പോഴുമൊക്കെ ഇത് പോലൊന്നുമായി വന്നു പോയാപ്പോരെ

5 അഭിപ്രായങ്ങൾ:

Elvis പറഞ്ഞു...

രണ്ടാമതൊന്നു കൂടി കണ്ടു സംഭഷണങ്ങളെയും കഥാപാത്രങ്ങളെയും വിശകലനം ചെയ്യാൻ പ്രേരിപ്പിക്കുന്ന ഒരു സിനിമ; വളരെ നാളുകൾക്കു ശേഷം!

Kattil Abdul Nissar പറഞ്ഞു...

മലയാള സിനിമയ്ക്ക് അതിന്‍റെ ലാവണ്യം നഷ്ട്ട പ്പെട്ടിട്ടു ഏകദേശം പത്തു പതിനാലു വര്‍ഷമാകുന്നു. പെട്ടെന്ന് ഒരു മാറ്റം സിനിമയില്‍ സംഭവിക്കുന്നു . അതിനു ന്യൂ ജനറേഷന്‍ എന്ന സൌജന്യം നല്‍കുന്നു.ചലച്ചിത്ര കലയെ ഇങ്ങനെ വ്യഭിച്ചരിക്കുന്നത് കാണാന്‍ വയ്യ. ഇവിടെ മഹത്തായ സിനിമകള്‍ ഉണ്ടായ കാലം ഉണ്ടായിരുന്നു. എനിക്ക് ഇപ്പോഴും എം ടി യുടെ പഴയ സിനിമകളില്‍ കൌതുകം നഷ്ടപ്പെട്ടിട്ടില്ല. ഇനി അത് പോലെ ഒരു കാലം വരുമോ എന്നു ആശങ്കയാണ്.

Kattil Abdul Nissar പറഞ്ഞു...

മലയാള സിനിമയ്ക്ക് അതിന്‍റെ ലാവണ്യം നഷ്ട്ട പ്പെട്ടിട്ടു ഏകദേശം പത്തു പതിനാലു വര്‍ഷമാകുന്നു. പെട്ടെന്ന് ഒരു മാറ്റം സിനിമയില്‍ സംഭവിക്കുന്നു . അതിനു ന്യൂ ജനറേഷന്‍ എന്ന സൌജന്യം നല്‍കുന്നു.ചലച്ചിത്ര കലയെ ഇങ്ങനെ വ്യഭിച്ചരിക്കുന്നത് കാണാന്‍ വയ്യ. ഇവിടെ മഹത്തായ സിനിമകള്‍ ഉണ്ടായ കാലം ഉണ്ടായിരുന്നു. എനിക്ക് ഇപ്പോഴും എം ടി യുടെ പഴയ സിനിമകളില്‍ കൌതുകം നഷ്ടപ്പെട്ടിട്ടില്ല. ഇനി അത് പോലെ ഒരു കാലം വരുമോ എന്നു ആശങ്കയാണ്.

kunchiraman a.p,naduvil(west),kannur പറഞ്ഞു...

നിരീക്ഷണത്തോട് ഭാഗീകമയി യോജിക്കുന്നു.
ഫോണ്ട് കുറച്ച്കൂടി വലുപ്പത്തിലാക്കിയാൽ
കൊള്ളാമായിരുന്നു.

കൃഷ്ണകുമാര്‍ പറഞ്ഞു...

അഭിപ്രായങ്ങൾക്ക്‌ നന്ദി ... ഫോണ്ട് സൈസ് വലുതാക്കിയിട്ടുണ്ട്