തിങ്കളാഴ്‌ച, ഏപ്രിൽ 14, 2014

സച്ചിൻ കൊച്ചിയിലെത്തുമ്പോൾ

ഇന്ത്യൻ ഫുട്ബാൾ സൂപ്പർ ലീഗിന്റെ പ്രഖ്യാപനവും, സച്ചിൻ കൊച്ചി ടീം വാങ്ങിയത്തിന്റെ ആവേശവും അന്തരീക്ഷത്തിൽ ഉയർത്തുന്ന ആർപ്പുവിളികൾക്കിടയിൽ ഒന്ന് രണ്ടു കാര്യങ്ങൾ കുറിക്കട്ടെ.

അടുത്ത ഒരു പത്തു വർഷങ്ങൾക്കുള്ളിൽ ഇന്ത്യയിൽ ഫുട്ബാൾ വൻ കുതിപ്പ് നടത്താനുള്ള എല്ലാ വിധ സാധ്യതകളും ആണ് നമ്മുടെ മുന്നിൽ  തെളിഞ്ഞു വരുന്നത് ... പരമ്പരാഗത കോട്ടകളായ കൊൽക്കൊത്തയ്ക്കും ഗോവയും കേരളവും മാത്രമല്ല ആ കുതിപ്പിന്റെ ആക്കം കൂട്ടുന്നത് ... വടക്ക് കിഴക്കൻ സംസ്ഥാനങ്ങളായ മേഘാലയയും സിക്കിമും, പിന്നെ ബാംഗളൂരും പൂനയും... യൂറോപ്പിലും ലാറ്റിൻ അമേരിക്കയിലും വളർച്ചയുടെ പാരമ്യത്തിലെത്തിയും അമേരിക്കയിൽ ചുവടുറപ്പിച്ചു കഴിഞ്ഞതും  കൊണ്ട് ഫിഫ കുറച്ചു കാലമായി ഏഷ്യയിൽ ആണ് അവരുടെ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്... അതിന്റെ ഭാഗമായെത്തിയ ഖത്തർ ലോക കപ്പുമായി മിഡിൽ ഈസ്റ്റിൽ ചുവടുറപ്പിച്ച് കഴിഞ്ഞ ലോക ഫുട്ബാൾ, അടുത്ത കുതിപ്പിന് ഉറ്റു നോക്കുന്നത് ഇന്ത്യയും ചൈനയും ആണ് എന്നത് പരസ്യമായ രഹസ്യമാണ്.

ഫീഫ കടിഞ്ഞാണ്‍ വിട്ടു കളിക്കാത്ത ഒരു സംഘടനയാണ്.. അവർക്ക് കാലുകുത്തുന്ന രാജ്യങ്ങളിലൊക്കെ ഫുട്ബാൾ ഭരണത്തിന്റെ നിയന്ത്രണത്തിൽ പങ്കുണ്ടാവാൻ ചെറുതല്ലാത്ത താൽപര്യം ഉണ്ടെന്നത് എല്ലാവർക്കും അറിയാവുന്നതുമാണ്. എന്നാൽ ചൈനീസ് പണം ക്ലബ്ബുകളിലെക്ക് ഒഴുകുന്നുണ്ടെങ്കിലും ഒരു മാർക്കെറ്റ്‌ എന്ന നിലയ്ക്ക് ചൈനയെ കാണാൻ ഫീഫയ്ക്ക് അത്ര സുഗമമാവില്ല... ചൈനീസ് ഫുട്ബാൾ സംഘടനയിൽ അത്ര എളുപ്പം നുഴഞ്ഞു കയറാൻ ഫീഫയ്ക്ക് സാധിക്കില്ല എന്നത് തന്നെയാണ് കാര്യം . എന്നാൽ ഇവിടെ അങ്ങിനെയല്ല. കാൽപ്പണം വീണാൽ തുറക്കാത്ത വാതിലുകൾ ഇല്ലാത്തത് കൊണ്ട് ഇന്ത്യൻ ഫുട്ബാളിന്റെ നിയന്ത്രണം തന്നെ ഏറ്റെടുക്കാൻ ഫീഫയ്ക്ക് ബുദ്ധിമുട്ടൊന്നും ഉണ്ടാവാൻ പോവുന്നില്ല . അത് കൊണ്ട് തന്നെ ഫീഫയെ സംബന്ധിചെടത്തോളം ഇന്ത്യ അവർക്ക് നിറയെ പുല്ലുള്ള മേച്ചിൽപ്പുറവുമാണ്‌.. ഇന്ത്യയിലാകട്ടെ ഫുട്ബാൾ എന്ന് പറഞ്ഞാൽ വട്ട പ്പൂജ്യം ആയ സ്ഥിതിയ്ക്ക്. ആരാധകർ എന്ന നിലയിൽ നമുക്ക് ഇപ്പോൾ  എന്ത് കിട്ടിയാലും ഗുണമാവും എന്നതാണ് വാസ്തവം..

കഴിഞ്ഞ കുറെ കളികളായി ഇന്ത്യൻ ഫുട്ബാൾ ലീഗിൽ കളി കാണാൻ ബാംഗ്ലൂർ സ്റെടിയത്തിൽ പോയിട്ടുള്ളവർക്കറിയാം അവിടത്തെ അന്തരീക്ഷം. സ്റെടിയം ബി എഫ് സി യുടെ ഓരോ മാച്ചിനും നിറഞ്ഞു കവിയുകയായിരുന്നു. അതിലും ശ്രദ്ധേയമാണ് കാണികളുടെ ആവേശം. സുനിൽ ചെത്രി മുതൽ ഷോണ്‍ റൂണി വരെയുള്ള താരങ്ങൾ ഒരു പാട് ആരാധകരെ സമ്പാദിച്ചിട്ടുണ്ട് ഇക്കഴിഞ്ഞ ഒരു വർഷം കൊണ്ട്. ഇത് പോലെ തന്നെയാണ് പൂനയിലെ സ്ഥിതിയും. ഇതിനും പുറമേ ജോണ്‍ എബ്രഹാമിനെ പോലുള്ള സീരിയസ് ഫുട്ബാൾ ഫോളോവർ സിക്കിം തിരഞ്ഞെടുത്തത് തന്നെ വ്യക്തമാക്കുന്നത് വടക്ക് കിഴക്കിന്റെ ഫുട്ബാളിനുള്ള പ്രസക്തിയാണ്.

ഇങ്ങനെ ഇന്ത്യ മുഴുവൻ ഫുട്ബാൾ ആവേശം മെല്ലെ മെല്ലെ പുതു തലമുറയുടെ സിരകളിലേക്ക് നമ്മൾ അറിയാതെ തന്നെ പടരുന്നുണ്ട്. ഇത് നമ്മൾ മനസ്സിലാക്കുവാൻ വൈകിയാലും, മാഞ്ചെസ്റ്റർ യുനൈട്ടഡും, അത്ത്ലെട്ടിക്കോ മാഡ്രിഡും ഒക്കെ വളരെ നേരത്തെ തിരിച്ചറിഞ്ഞിട്ടുണ്ട്. മികച്ച കോച്ചുകളെയും കളിക്കാരെയും അടിസ്ഥാന സൌകര്യങ്ങളെയും ഒക്കെ ഇന്ത്യയ്ക്ക് പരിചയപ്പെടുത്താൻ അവർ ഓരോരുത്തരായി ഇറങ്ങിത്തുടങ്ങി.  അധികം വൈകാതെ തന്നെ നമ്മൾ കളി നിലവാരത്തിലും കാര്യമായ പുരോഗതി ഉണ്ടാക്കും എന്ന് തന്നെ പ്രതീക്ഷിക്കാം2017 ൽ നടക്കാനിരിക്കുന്ന അണ്ടർ 17 ലോക കപ്പിനായി നമ്മുടെ രാജ്യത്തെ ഫുട്ബാൾ അടിസ്ഥാന സൌകര്യങ്ങളിൽ വലിയ രീതിയിലുള്ള നിർമാണ പ്രവർത്തനങ്ങൾ ആണ് തുടക്കമിട്ടിരിക്കുന്നത്. ഇപ്പോൾ തന്നെ ബാംഗ്ലൂർ ഫുട്ബാൾ സ്റെടിയം കപ്പാസിറ്റി വർദ്ധിപ്പിക്കാനുള്ള നിർമാണ പ്രവർത്തനങ്ങൾക്കായി അടച്ചിട്ടു കഴിഞ്ഞു... ഇതിന്റെ കൂട്ടത്തിലാണ് ചെറിയ പട്ടണങ്ങളിലും മറ്റും കേന്ദ്രീകരിച്ചു നടക്കുന്ന ക്ലിനിക്കുകളും അടിസ്ഥാന സൌകര്യങ്ങളുടെ വികസനവും. മഞ്ചേരിയിലെ പയ്യനാട് പൊന്തി വന്ന സ്റെടിയവും അവിടെ ഇയ്യിടെ ഫെഡറേഷൻ കപ്പ് നടന്നപ്പോൾ നുരയിട്ട ആവേശവും  എല്ലാവരുടെയും ശ്രദ്ധയിൽ പതിഞ്ഞിട്ടുണ്ടാവും... അക്കൂട്ടത്തിൽ കാര്യവട്ടത്ത് യൂനിവേർസിറ്റി കാമ്പസ്സിൽ പൊന്തിവരുന്ന അന്താരാഷ്‌ട്ര സ്റെടിയവും ഈ വിപ്ലവത്തിന് ആക്കം കൂട്ടും... ഇതിന്റെ ഒക്കെ പ്രതിഫലനമാണ് പുത്തൻ തലമുറയ്ക്ക് ഫുട്ബാളിൽ ഉണ്ടായിവരുന്ന താൽപ്പര്യം .. ഈ വര്ഷത്തെ സ്കൂൾ വെക്കേഷൻ കാംപുകളിൽ ക്രിക്കറ്റ് സ്വിമ്മിംഗ് കോച്ചുകളെപ്പോലെ ഫുട്ബോൾ കോച്ചുകൾക്കും ഡിമാണ്ട് വർദ്ധിച്ചു വരുന്നു എന്നാണു അറിയാൻ കഴിഞ്ഞത് ... എല്ലാം കൂടി ഒരു നല്ല ഭാവിയിലേക്കുള്ള കിക്ക് ഓഫ്‌ മണക്കുന്നുണ്ട്...

ഇതൊക്കെ പറയുമ്പോൾ ഇത് വരെ നമ്മൾ കളിയാക്കി മാത്രം പറയാറുള്ള ഇന്ത്യ ലോക കപ്പ് കളിക്കുന്ന കാലം, എന്നുള്ള പ്രതീക്ഷയ്ക്ക് കൂടി ചിറക് മുളയ്ക്കും എന്ന് കൂടി പറയാം. 

1 അഭിപ്രായം:

കാളിയൻ - kaaliyan പറഞ്ഞു...

സംഗതി വലിയ ഹൈപ്പ് ഒക്കെ ഉണ്ടെങ്കിലും ഈ തമാശ ലീഗിന്റെ ലാഭം എത്രത്തോളം കളിക്ക് കിട്ടും എന്നത് വേറൊരു ചോദ്യമാണ് .
അന്ഗീകൃത ലീഗിന്റെ നാശത്തിനു ഒരു കാരണം ആവുകയും ചെയ്യും ഇത്..!