തിങ്കളാഴ്‌ച, ഫെബ്രുവരി 25, 2013

എന്നെ കരയിച്ച അബ്രഹാം ലിങ്കണ്‍

ഡാനിയേല്‍  ദെ ലൂയീസ്... അബ്രഹാം ലിങ്കനായി അരങ്ങു തകര്‍ത്ത് ഓസ്ക്കാര്‍ വാങ്ങി ഇറങ്ങുന്നത് ടി വിയില്‍ മകനോടൊപ്പം ഇരുന്നു കാണുന്നു. പക്ഷെ അപ്പോഴും എന്റെ മനസ്സില്‍ വന്നത് അബ്രഹാം ലിങ്കണ്‍ എന്ന വേദനിക്കുന്ന ഒരു ഓര്‍മയാണ് ...

ഹൈസ്കൂളില്‍ പഠിക്കുമ്പോഴാണ് സംഭവം. അരക്കൊല്ല പരീക്ഷയുടെ ഉത്തരകടലാസുകള്‍ വിതരണം ചെയ്യുന്ന ദിവസം... ഇംഗ്ലീഷ് പരീക്ഷയുടെ പേപ്പര്‍ അന്ന് ക്ലാസ്സില്‍ പതിവ് പോലെ വിതരണം ചെയ്തില്ല... അതിനു പകരം സ്കൂള്‍ പ്യൂണ്‍ ചേട്ടന്‍ വന്നു പറഞ്ഞു, ഇംഗ്ലീഷ് അധ്യാപകനായ ഫാദര്‍ ഹിലാരിയോസ് സ്റ്റാഫ് റൂമില്‍ ഇരിക്കുന്നുണ്ട്‌ .. ഓരോരുത്തരായി റോള്‍ നമ്പര്‍ പ്രകാരം അവിടെ പോയി പേപ്പര്‍ കളക്റ്റ് ചെയ്യുക എന്ന് ... എന്റെ നമ്പര്‍ 11... റോള്‍ നമ്പര്‍ 1, അനൂപ്‌..., ആന്റോ .... അങ്ങിനെ ഓരോരുത്തരായി പേപ്പര്‍ വാങ്ങാന്‍ പോവുന്നു. പക്ഷെ പേപ്പര്‍ വാങ്ങാന്‍ പോയ ആരും പേപ്പര്‍ വാങ്ങി ക്ലാസിലേക്ക് തിരിച്ചു വരുന്നില്ല . അപ്പോള്‍ എന്റെ  അടുത്തിരുന്ന ടെയ്സന്‍ പറഞ്ഞു അവരെ ഒക്കെ പേപ്പര്‍  കൊടുത്ത ശേഷം അച്ചന്‍ ഗ്രൌണ്ടിലേക്ക് കളിക്കാന്‍ പറഞ്ഞു വിട്ടിട്ടുണ്ടാവും എന്ന് 

ഹിലാരിയോസച്ചന്റെ എക്സെന്റ്രിസിട്ടി അറിയാവുന്ന ഞങ്ങളും പ്രതീക്ഷിച്ചു അത് തന്നെ ആവും കേസ് ചില ദിവസം അച്ചന്‍ അങ്ങിനെയാ ... ക്ലാസ്സ്‌ എടുക്കാന്‍ വന്നിട്ട് പുസ്തകം മടക്കി വെച്ചു വിമാന യാത്രയെ പറ്റി പറയും.. പിന്നെ ചില ദിവസം ആകട്ടെ ഇറ്റലിയിലെ ഭക്ഷണ രീതികളെ പറ്റിയാവും. ചിലപ്പോള്‍ പറയും . ഇന്നൊന്നും എടുക്കുന്നില്ല പോയി കളിച്ചോളൂ എന്ന് ... അതൊക്കെ അറിയാവുന്നത് കൊണ്ട് എന്റെ പേര് വിളിച്ചപ്പോള്‍, പെട്ടന്ന് കഴിഞ്ഞു പോരണേ എന്നാ പ്രാര്‍ഥനയുടെ ആണ് സ്റ്റാഫ് റൂമിലേക്ക്‌ നടന്നത് .. ഇംഗ്ലീഷും സോഷ്യല്‍ സ്ടദീസും എനിക്ക് നല്ല മാര്‍ക്ക് കിട്ടുന്ന വിഷയങ്ങള്‍ ആയിരുന്നത് കൊണ്ട് വലിയ ടെന്‍ഷനും ഉണ്ടായിരുന്നില്ല .. നേരെ സ്റ്റാഫ് റൂമില്‍ ചെന്നപ്പോള്‍ അച്ചന്‍ അവിടെ ഇരിപ്പുണ്ട് .. വേറെ ആരും ഇല്ല ... കുറച്ചു പേപ്പറുകളും ഇരുപ്പുണ്ട്‌... 

"ഇങ്ങോട്ട് വാ "
ആമുഖം ഒന്നും കൂടാതെ അച്ചന്‍  ചോദിച്ചു
"ലിങ്കണ്‍  - എന്താ സ്പെല്ലിങ്ങ്?"
ഞാന്‍ ഒട്ടും ശങ്ക കൂടാതെ തട്ടി വിട്ടു ...
 "L-I-N-C-O-N "

പറഞ്ഞു തീര്‍ന്നില്ല ഒരു മിന്നല്‍ പോലെ എന്റെ ഇടാതെ തോളിനു താഴെ ഒരു ചൂരല്‍ വന്നു ആഞ്ഞു പതിച്ചു ... ഞാന്‍ നിന്ന നിലക്ക് നിന്ന് ചാടി ...ജീവന്‍ പോയ വേദന ... അറിയാതെ തന്നെ കണ്ണില്‍ നിന്നും കണ്ണീര്‍ വന്നു .. അത് വരെ അങ്ങേരുടെ കയ്യില്‍ നിന്നും ഒരൊറ്റ അടി കൂടി എനിക്ക് കിട്ടിയിരുന്നില്ല ... എവിടെ നിന്നാണ് ചൂരല്‍ വന്നത് എന്ന് ഞാന്‍ കണ്ടത് പോലുമില്ല... നിറഞ്ഞ കണ്ണുകളോടെ നിന്ന എന്റെ മുന്നിലേക്ക്‌ തുറന്നു പിടിച്ച പുസ്തകം അദ്ദേഹം നീട്ടി

"ഇനി വായിക്കു ..."  
അടക്കാനാവാത്ത, തേങ്ങലോടെ ഞാന്‍ വായിച്ചു
"L-I-N-C-O-L-N"....

അത് തീര്‍ന്നതോടെ ഞാന്‍ പൊട്ടി കരഞ്ഞു ... ഇത്രയും വേദനയോടെ ഒരു അടി എനിക്ക് കിട്ടിയിട്ടേ ഉണ്ടായിരുന്നില്ല .. ഉള്ളം കയ്യില്‍ ആയിരുന്നു അക്കാലത്തൊക്കെ ടീച്ചര്‍മാര്‍ ചൂരല്‍ പ്രയോഗം നടത്തിയിരുന്നത് . ചെറിയ ക്ലാസ്സുകളില്‍ ചന്തിക്കും . ഇതാദ്യമാണ് കൈയ്യില്‍ മസിലിനു മുകളിലായി ഒരടി കിട്ടിയത് കരച്ചില്‍ ഒരു തേങ്ങലായി മാറുമ്പോള്‍ ഞാന്‍ മാര്‍ക്ക് പോലും നോക്കാതെ ഉത്തര കടലാസും വാങ്ങി നടന്നു. പുറത്തിറങ്ങിയപ്പോള്‍ ഷര്‌ട്ടിന്റെ അരക്കൈ തെറുത്തു കയറ്റിയപ്പോള്‍ കണ്ടു ചുവന്നു തടിച്ചു ഒരു വരമ്പ് പോലെ

വിതുമ്പുന്നതിനിടക്ക് തിരിച്ചു നടക്കുമ്പോള്‍  അച്ചന്‍ പറയുന്നത് കേട്ട്... "നവ് യു കാന്‍ ഗോ ആന്‍ഡ്‌ പ്ലേ .." ഗ്രൌണ്ടിലേക്ക് നടക്കുന്ന വഴിക്ക് കണ്ടു, ബിജു തോമസും, ബൈജുവും , ജാക്കും, ഹാഷീമും ഒക്കെ പല ഇടങ്ങളിലായി തോള്‍ തടവിക്കൊണ്ട്, തേങ്ങലിന്റെ പല അവസ്ഥകളില്‍ ഇരിക്കുന്നത് ..

അതിനു ശേഷം ഉറക്കത്തില്‍ വിളിച്ചുണര്‍ത്തി ചോദിച്ചാലും ലിങ്കണ്‍ എന്നാ വാക്കിന്റെ സ്പെല്ലിങ്ങ് ഞാന്‍ തെറ്റിച്ചിട്ടില്ല .... 

ബൈ ദി വേ .. ഡാനിയേല്‍  ദെ ലൂയീസിനു അഭിനന്ദനനങ്ങള്‍ ... ഏതായാലും ഇത് വരെ കാണാന്‍ ഒത്തില്ല .. ടി വിയില്‍ വരുമ്പോള്‍ കാണാം 

അഭിപ്രായങ്ങളൊന്നുമില്ല: