52 കൂളിംഗ് ഗ്ലാസ് .. ഒരു ലോഡ് ശവം....റേഞ്ച് റോവർ ഒന്ന് .. പ്രാഡോ ഒന്ന് ... ഒരഞ്ചാറ് ഓഡി .. ലെതർ ജാക്കറ്റുകൾ ഒന്നര ഡസൻ ... എങ്ങിനെയൊക്കെ മരുന്നടിച്ച് പാമ്പാവാം എന്നുള്ളതിന്റെ നിരവധി ഡെമോ സെഷനുകൾ...വിദഗധമായി മറച്ചു വെച്ചിരുന്ന മെഗാ സ്ടാറിന്റെ ഷഷ്ടിപൂർത്തി കഴിഞ്ഞ പ്രായം മറ വിട്ടു പുറത്തു ചാടുന്ന സീനുകൾ ഒരു മൂന്നുനാലെണ്ണം ... റ്റെരാന്റിനൊ ആവാൻ നോക്കി തൂറാന്റിനോ ആയി മൂക്കും കുത്തി വീണ ന്യൂ ജെനരെഷൻ അപ്പോസ്തലൻ (തുടക്കത്തിൽ പതിനഞ്ചു മിനിട്ടോളം വരുന്നതും ഒടുക്കം ഒരു അഞ്ചു മിനിട്ടും കാണിച്ച ഗ്രാഫിക്സിനെക്കാൾ കാർട്ടൂനിഷ് അയി തോന്നിയത് അതിനിടയ്ക്കുള്ള 2 മണിക്കൂർ ആണ് എന്ന് ആരെങ്കിലും അദ്ദേഹത്തെ അറിയിക്കുന്നത് നന്നായിരിക്കും)... അഭിനയിച്ച കെ ടി മിറാഷിന്റെക്കാൾ ഗതികേടാണ് താൻ സ്ക്രിപ്റ്റിങ്ങിൽ എന്ന് തെളിയിക്കുന്ന തിരക്കഥാകൃത്തിന്റെ അരങ്ങേറ്റം ( "നിന്റെ മരണം നീയെന്നും ഓർത്തിരിക്കണം" എന്ന സന്തോഷ് പണ്ഡിറ്റ് പോലും നാണിക്കുന്ന ഡയലോഗ് എഴുതി വെച്ചതിനു ഒരു പ്രത്യേക സല്യൂട്ട്). സദാ കൊണ്സ്ടിപെഷൻ പിടിച്ച ഭാവവുമായി നടക്കുന്ന നായകൻ .. അര മണിക്കൂർ ഇന്ഗ്ലിഷ്, അര മണിക്കൂർ കന്നഡ, പതിനഞ്ചു മിനിട്ട് റഷ്യൻ... മൊത്തം രണ്ടര മണിക്കൂർ വിവരക്കേട് ...
ചുരുക്കി പറഞ്ഞാൽ ഈ ഇടപാടിന് പറ്റിയ പേര് പണ്ട് സാക്ഷാൽ പത്മശ്രീ ഭരത് സരോജ്കുമാർ മുമ്പ് പറഞ്ഞതായിരുന്നു .... "വെയ്ക്കടാ വെടി"
എല്ലാവരും ബോബി ചെമ്മണ്ണൂ രിനെ കളിയാക്കിച്ചിരിച്ചിരുന്നു ... ഒരു ദിവസം അദ്ദേഹം രഹസ്യമായി നമ്മളെ നോക്കിയും .ചിരിക്കുന്നുണ്ടാവും. കല്യാണ്‍ ജുവല്ലറി , മലബാർ ഗോൾഡ്, മണപ്പുറം ഗോൾഡ് തുടങ്ങിയ ബ്രാൻഡുകൾ കോടിക്കണക്കിനു രൂപയും മുടക്കി - അമിതാബ് ബച്ചൻ, ഐശ്വര്യാറായി, കരീനാ കപൂർ, വിക്രം തുടങ്ങിയ വൻകിടതാരങ്ങളെ കൊണ്ട് വരികയും അതിനു മുകളിൽ കോടികൾ പരസ്യത്തിനുവേണ്ടി മുടക്കുകയും ചെയ്തിട്ടും ജനശ്രദ്ധ നേടാൻ പാട് പെടുമ്പോൾ, സ്വയം ഒരു ബ്രാണ്ടായി നിക്ഷേപം നടത്തി അതിലൂടെ മുതൽ മുടക്കിനും എത്രയോ ഏറെ അനുപാതത്തിൽ എല്ലാ മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും ശക്തമായ സാന്നിദ്ധ്യമാവാൻ സാധിച്ച അദ്ദേഹത്തിന്റെ ചാതുര്യത്തിനു മുമ്പിൽ നമിക്കുകയാണ് വേണ്ടത്. പല വിധത്തിലുള്ള നൂതനമായ മാർഗങ്ങളിലൂടെ വ്യക്തികളും ബ്രാൻഡുകളും ഇന്നത്തെ മീഡിയ യുഗത്തിൽ ഏതു രീതിയിലും സ്പേസ് കിട്ടാൻ പെടാപ്പാട് പെടേണ്ടി വരുന്ന സമയത്താണ് ഇത് എന്ന് കൂടി ഓർക്കണം. ഏത് കൊച്ചു കുട്ടിയ്ക്കും ഇപ്പോൾ ബോബി ചെമ്മ ണ്ണൂർ ആരാണ് എന്ന് ചോദിച്ചാൽ നിഷ്പ്രയാസം തിരിച്ചറിയാൻ കഴിയും. അതിന്റെ കൂട്ടത്തിൽ തന്റെ ബിസിനസ് സംരംഭങ്ങൾക്കും അദ്ദേഹം പകരുന്ന വാല്യുവും മറക്കരുത്..
അദ്ദേഹം ബോബി ചെമ്മണ്ണൂർ എന്ന പെർസനാലിട്ടിയ്ക്ക് ചുറ്റും നടത്തുന്ന ബ്രാൻഡ് ബില്ടിംഗ് ഒന്ന് പരിശോദിക്കാം ബിസിനസ് ഭാഷയിൽ പറയുമ്പോൾ "ബ്രാൻഡ് എമിനെന്സ്" മുതൽക്കൂട്ടുകയാണ് ഈ പ്രവർത്തിയിലൂടെ അദ്ദേഹം ലക്ഷ്യമാക്കുന്നത്. നമ്മുടെ നാട്ടിൽ ഏറെ നാളുകളായി ഉൽപന്നം അല്ലെങ്കിൽ സർവീസ് എന്ന തലത്തിൽ മാത്രമല്ല വ്യക്തികളെ ആധാരമാക്കിയും വളരെ ഫലപ്രദമായി ബ്രാൻഡ് ബില്ടിംഗ് നടക്കുന്നുണ്ട്. ദേശീയ തലത്തിൽ നോക്കിയാൽ രാഷ്ട്രീയത്തിൽ നരേന്ദ മോഡിയും അരവിന്ദ് കേജ്രിവാളും ഒക്കെ വളരെ കാര്യക്ഷമമായ രീതിയിൽ നിർമിതി നടത്തിയ ബ്രാൻഡുകൾ ആണ്. കേരളത്തിലാണെങ്കിൽ - മാതാ അമൃതാനന്ദമയി, കൊച്ചൌസേപ്പ് ചിറ്റിലപ്പിള്ളി, ജോസ് മാവേലി... തുടങ്ങി വിവിധ മേഖലകളിലായി അനവധി വ്യക്തികളിൽ കേന്ദ്രീകൃതമായി വളരെ ഫലപ്രമായ രീതിയിൽ എമിനെന്സ് ബില്ടിംഗ് നടന്നിട്ടുണ്ട്.. രാഷ്ട്രീയത്തിലാകട്ടെ ഏറ്റവും ഒടുവിലത്തെ അതിന്റെ ഉദാഹരണങ്ങളാണ് ഡോ:ബെന്നെറ്റ് അബ്രഹാമും ക്രിസ്റ്റി ഫെർണാണ്ടസ്സുമൊക്കെ ...
ഇനി ഓരോ ബ്രാൻഡ് ബില്ടിംഗ് ശ്രമങ്ങൾക്കും മുമ്പായി ആരെയാണ് ഇത് കൊണ്ട് ടാർഗെറ്റ് ചെയ്യുന്നത് എന്നുള്ള വ്യക്തമായ ധാരണ ഉണ്ടാകും എന്നത് കൂടി നമ്മൾ മറക്കരുത്. ഒരു ബ്രാണ്ടും എല്ലാവർക്കും വേണ്ടി നിർമിക്കപെടുന്നില്ല. അത് കൊണ്ട് തന്നെ ആരെയാണ് അഭിസംബോധന ചെയ്യുന്നത് എന്നുള്ള വ്യക്തമായ ധാരണയോടെ ആയിരുക്കും സമീപിക്കുന്നത്. അവരെ നേരായ വണ്ണം പ്രൊഫൈൽ അനുസരിച്ച് സ്ലൈസ് ചെയ്ത് ആ ഉപഭോക്തൃ സംഘത്തിനു അനുയോജ്യമായ വിധത്തിൽ ബ്രാണ്ടിനെ പരുവപ്പെടുത്തി എടുക്കുന്നു . പിന്നെ ഘട്ടം ഘട്ടമായി അവരുടെ ശ്രദ്ധ പിടിച്ചെടുക്കുക, എന്നിട്ട് അവരുടെ മനസ്സിലേക്ക് അവരുടെ സങ്കൽപ്പങ്ങളും പ്രതീക്ഷകളും അനുസരിച്ച് വളരെ ശ്രദ്ധാപൂർവ്വം നിർമ്മിതി നടത്തിയ ബ്രാണ്ടിനെ പറ്റിയുള്ള ഒരു സങ്കപ്പം ദൃശ്യങ്ങളായും മുദ്രണം ചെയ്യുക ...
ഇനി ബിസിനസ് പെർസ്പെക്റ്റീവിൽ നിന്നും നോക്കാം .. അദ്ദേഹം ഇത് കൊണ്ട് കെട്ടിപ്പൊക്കി ക്കൊണ്ട് വരുന്ന ഈ ബ്രാൻഡ് എമിനൻസ് ഒക്കെ തന്റെ പ്രോടക്റ്റ്/ സർവീസ് മേഖലകളിൽ ജസ്റ്റിഫൈ ചെയ്യാൻ കഴിയില്ല എങ്കിൽ ഇത് കൊണ്ട് ഒന്നും ഒരു കാര്യവും ഉണ്ടാവാൻ പോവുന്നില്ല എന്ന് സാരം.. ചുരുക്കി പറഞ്ഞാൽ ക്വാളിറ്റി, ഡിസൈൻ, വാല്യൂ തുടങ്ങിയ എല്ലാ ആറ്റ്രിബ്യൂറ്റ്സും ഉപഭോക്താക്കളെ തൃപ്തിപ്പെടുത്തുന്ന രീതിയിൽ തന്നെ ആയിരിക്കണം .. എന്നാലെ ഈ ഒരു പ്രയത്നം അതിന്റെ ഫലം കാണൂ ..
ഇപ്പറഞ്ഞ കാര്യങ്ങൾ ഒക്കെ എന്റെ പുറത്തുനിന്നുള്ള നിരീക്ഷണങ്ങളെ ആധാരമാക്കിയുള്ള അനുമാനങ്ങൾ ആണ്.. വാസ്തവവുമായി അതിനു ബന്ധം ഉണ്ടാവണം എന്നില്ല...
ഇനി ഒരു കാര്യം പറയട്ടെ ...പലരും ശ്രമിക്കുന്ന പോലെ ബോബി ചെമ്മണ്ണൂരിനെ സന്തോഷ് പണ്ഡിറ്റുമായി ഉപമിക്കുന്നത് വലിയ അബദ്ധമാവും .. എന്തെന്നാൽ ഒറ്റ നോട്ടത്തിൽ ക്രേസി എന്ന് തോന്നുമെങ്കിലും അദ്ദേഹം ചെയ്യുന്ന ഓരോ കാര്യങ്ങളും ചേർത്തു വെച്ചു നോക്കിയാൽ അതിലൊരു തുടർച്ച കാണാൻ കഴിയും .. ശ്രീ ബോബി ചെമ്മണ്ണൂർ ചുമ്മാ വസന്ത് ആണ്ട് കമ്പനി വസന്തനെ പോലെ പോസ് ചെയ്യുകയോ, അറ്റ്ലസ് രാമചന്ദ്രനെ പോലെ ടാഗ് ലൈൻ വൊയ്സ് ഓവർ കൊടുക്കുകയോ അല്ലാ ചെയ്യുന്നത്.. അദ്ദേഹം ഒന്നൊന്നായി ഒരു ബ്രാൻഡ് കെട്ടിപ്പടുത്തു കൊണ്ട് വരികയാണ്.. ഇനി അദ്ദേഹം കൊടുക്കുന്ന സന്ദേശങ്ങൾ എന്തൊക്കെയാണ്. രക്ത ദാനം .. സ്പോര്ട്സ് വികസനം ... അങ്ങിനെ സമൂഹത്തിന്റെ മനസാക്ഷിയിൽ സജീവമായി നില നില്ക്കേണ്ട വിഷയങ്ങൾ തന്നെയല്ലേ ഓരോന്നും.. ആദ്യമൊക്കെ ഞാനും കളിയാക്കി ചിരിച്ചവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു .. എന്നാൽ ഇപ്പോൾ ഇല്ല ..
ഭൂരിഭാഗം ആളുകളും നല്ലത് പറഞ്ഞ (ഒടുവിൽ ബുക്ക് മൈ ഷോവിൽ കണ്ടത് പ്രകാരം 98% പൊസിറ്റീവ് റിവ്യൂ) ഒരു സിനിമയെ പറ്റി നാല് പള്ള് പറഞ്ഞാൽ അത് ബുദ്ധിജീവി സർകീട്ടിലെക്കുള്ള നേരിട്ടുള്ള പാസ് പോർട്ട് ആണ് എന്നത് കൊണ്ടല്ല ഈ കുറിപ്പ്. അതിലുപരിയായി അധികമൊന്നും ഇതുവരെ പരാമര്ശിക്കാപെടാത്ത (എന്ന് ഞാൻ കരുതുന്ന) ചില കോണുകൾ കൂടി ശ്രദ്ധയിൽ പെടുത്താനാണ് ശ്രമിക്കുന്നത്. തുടർന്നുള്ള വരികളിൽ കഥയെക്കുറിച്ചുള്ള സൂചനകൾ ഉൾപ്പെടാവുന്നത് കൊണ്ട് കാണാൻ ഉദ്ദേശവുമായി നിൽക്കുന്നവർ തുടർന്ന് വായിക്കാതിരിക്കുന്നതാണ് അഭികാമ്യം.
ഒരു സിനിമ കാണാൻ കയറുന്നവർ പല വിധത്തിലുള്ള ആഗ്രഹപൂരണവും ഉദ്ദേശിച്ചാണ് തീയറ്ററിൽ കയറുന്നത്.. എല്ലാം മറന്ന് രണ്ടു മണിക്കൂർ വിനോദം മുതൽ സമൂഹത്തിന് സിനിമ നൽകുന്ന സന്ദേശം വരെ പ്രതീക്ഷിക്കുന്നവർ ഉണ്ട്. അത് പോലെ തന്നെ പ്രേക്ഷകരിൽ നിന്നറിഞ്ഞ അഭിപ്രായങ്ങളും അണിയറ ശിൽപ്പികളിൽ നിന്നുള്ള പ്രതീക്ഷ വെച്ചുമൊക്കെയുള്ള പല വിധത്തിലുള്ള കണ്ടീഷനിങ്ങും നമ്മുടെ ആസ്വാദനത്തെ സ്വാധീനിക്കാറുണ്ട് . ദൃശ്യം എന്ന സിനിമ കാണാൻ ഒരു മൂന്ന് നാല് പരാജയപ്പെട്ട ശ്രമങ്ങൾക്ക് ശേഷമാണ് എനിക്ക് സാധിച്ചിട്ടുള്ളത്... ഒരു പക്ഷെ കോളേജ് പഠന കാലത്തിനു ശേഷം ആദ്യത്തെ അനുഭവം.
സിനിമ തുടങ്ങിയത് മുതൽ, ആമുഖമായി ജോർജ്ജ് കുട്ടിയുടെ കുടുംബത്തെയും അവരുടെ ഇഴയടുപ്പത്തെയും എസ്റ്റാബ്ലിഷ് ചെയ്യാൻ എടുത്ത ആദ്യ പകുതി (അതിന്റെ അവസാന പത്തു നിമിഷങ്ങളെ ഒഴിവാക്കി) ഒരു കുറ്റിയിൽ കടന്നു കറങ്ങുന്ന പോലെ വളരെ ലൂസ് ആയി ഫീൽ ചെയ്തിരുന്നതായി എനിക്കു തോന്നി. പക്ഷെ അതിനിടയ്ക്ക് വരുന്ന ദ്വയാർത്ഥ പ്രയോഗങ്ങളും മറ്റും അലോസരപ്പെടുത്തുക തന്നെ ചെയ്യും. പക്ഷെ ഒരിക്കൽ കഥയുടെ മർമ്മത്തിലെക്ക് ഇറങ്ങിയതോടു കൂടി ജീത്തു ജോസഫ് അതിന്റെ പിരിമുറുക്കവും ഗതിവേഗവും ഒട്ടും കുറയാതെ നില നിരത്തി കൊണ്ടുപോവുന്ന തന്റെ ക്രാഫ്റ്റ് വെളിവാക്കിയിട്ടുണ്ട് എന്ന് സമ്മതിക്കാതെ വയ്യ. ഒരു ത്രില്ലർ ജനുസ്സിലുള്ള പടം കുടുംബ പശ്ചാത്തലത്തിലേക്ക് പറിച്ചു നടാൻ അദ്ദേഹം കാണിച്ച കഴിവ് അഭിനന്ദനാർഹം തന്നെയാണ്. അവരുടെ ജീവിതം മാറ്റി മറച്ച ആ സംഭവം മുതൽ അതിന്റെ പരിണാമഗുപ്തി വരെ ഒട്ടും മുഷിവു കൂടാതെ കാണാൻ കഴിയും. ഒന്നോർത്താൽ നമ്മുടെ സാമാന്യ യുക്തിയെ നിഷ്പ്രയാസം ചോദ്യം ചെയ്തേക്കാവുന്ന കാര്യങ്ങൾ പലതും കണ്വിന്സിംഗ് ആയി കോർത്തെടുക്കാൻ ഉള്ള വൈദഗ്ദ്യവും അദ്ദേഹം ആഖ്യാനത്തിൽ പ്രകടിപ്പിച്ചിട്ടുണ്ട്..
ഇത്രയുമൊക്കെ പറഞ്ഞു വെച്ച ശേഷം എനിക്ക് പറയാനുള്ളത് , ഈ സിനിമയുടെ വിജയവും പ്രേക്ഷക സ്വീകാര്യതയും, അതിനോടുള്ള പൊതുവായ പ്രതികരണങ്ങളും എന്റെ മനസ്സിൽ തോന്നിപ്പിച്ച ഒരു ശരാശരി മലയാളിയുടെ കാഴ്ചപ്പാടുകളിൽ വന്ന ചില സുപ്രധാനമായ വ്യതിയാനങ്ങളെക്കുറിച്ചുള്ള ഉൾക്കാഴ്ച്ചകളെ പറ്റിയാണ് . അത് പത്തിരുപതഞ്ച് വർഷം മുമ്പ് പുറത്തിറങ്ങിയ യവനിക എന്ന ചിത്രത്തോട് നമ്മൾ ചില സാമാന്തരങ്ങൾ വരയ്ക്കുമ്പോൾ കൂടുതൽ സ്പഷ്ടമാവും.
യവനികയുടെ പ്രമേയം - പശ്ചാത്തലത്തെ അവഗണിച്ചാൽ ഈ ചിത്രവുമായി ഒട്ടേറെ സമാനതകൾ പുലർത്തുന്നതാണ്. ഒരു സ്ത്രീ തന്റെ കൈപ്പിഴ കൊണ്ട് തന്റെ ജീവിതത്തിലെ കരിനിഴലായ ഒരു പുരുഷനെ ഉന്മൂലനം ചെയ്യുന്നു. പിന്നീട് അവളെ സഹായിച്ചെത്തുന്ന അവളോട് സഹാനുഭൂതിയുള്ള കാമുകൻ എന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാവുന്ന പുരുഷൻ (ഇവിടെ കുടുംബനാഥൻ) തെളിവുകൾ നശിപ്പിക്കാനും കൃത്യം മൂടി വെയ്ക്കാനും സഹായിക്കുന്നു. യവനികയിൽ അവരുടെ ആ കൃത്യം നടന്ന ശേഷമുള്ള അവരുടെ തുടർ പെരുമാറ്റങ്ങൾ ഒരു പക്ഷെ സ്വാഭാവികമായ പ്രതികരണങ്ങൾ ആയിട്ടാണ് നമുക്ക് കാണാൻ സാധിക്കുന്നതെങ്കിൽ. ദൃശ്യത്തിൽ അത് ഒരു "ഹാർഡൻഡ് ക്രിമിനലിന്റെ" "പോസ്റ്റ് ക്രൈം ബിഹേവിയറിന്" അനുസൃതമായാണ് ജോർജ്ജ്കുട്ടിയുടെ ഓരോരോ വാക്കും പ്രവർത്തികളും. ജോർജ്ജ്‌കുട്ടിയുടെ ഓരോ നീക്കത്തിലും വെളിവാവുന്നത് ഒരു സാധാരണ കുടുംബനാഥന്റെ ചട്ടക്കൂടിനുള്ളിൽ ഒതുങ്ങാത്ത ക്രിമിനൽ ബുദ്ധിയാണ്. അതിനു വേണ്ടി നിഷ്ക്കളങ്കയായ തന്റെ കൊച്ചു മകളെ വരെ മാനിപ്പുലേറ്റ് ചെയ്യുന്നതായി പോലും നമുക്ക് കാണാം ...
തബലിസ്റ്റ് അയ്യപ്പൻറെ ക്രൗര്യവും റിപ്പൾസീവ് കാരക്റ്റരും വരുണിന് അധികം ഏറ്റക്കുറച്ചിൽ കൂടാതെ തന്നെ കൽപ്പിച്ചു കൊടുക്കുന്നുണ്ടെങ്കിലും, വരുണ്‍ ഇമ്മെച്ച്വർ ആയ കൌമാരക്കാരൻ ആണെന്ന കല്പന ഇവിടെ സൌകര്യപൂർവ്വം അവഗണിക്കപ്പെടുന്നു. യവനികയിൽ അന്വേഷിച്ചു ചുരുളഴിക്കുന്ന ഈരാളിയായ മമ്മൂട്ടിയിൽ കുറ്റാന്വേഷകന്റെ പ്രാഗത്ഭ്യം പ്രകടിപ്പിക്കുന്ന നായകനെ കാണുമ്പോൾ ഇവിടെ കുറ്റം നടന്നു എന്ന ഉത്തമ ബോധ്യത്തോടെ അന്വേഷണത്തിൽ ഇടപെടുന്ന സഹദേവൻ എന്നാ സാദാ പോലീസുകാരനെ ക്രൂരനും കണ്ണിൽ ചോരയില്ലാത്തവനും ആയ ഒരു വില്ലനായി പ്രതിഷ്ടിക്കയാണ്. അവന്റെ പ്രവര്ത്തികളെ നായകൻറെ മാനിപ്പുലേഷൻ മൂലം വെറും വ്യക്തിവൈരാഗ്യം തീര്ക്കാനുള്ള പ്രകടനം ആയും..
ഇതൊക്കെ ചേർത്തു വായിക്കുമ്പോൾ നമ്മൾ മനസ്സിലാക്കേണ്ടത് മലയാളിയുടെ ലോകവും നീതി ബോധവും മൂല്യ സങ്കൽപ്പങ്ങളും, കുടുംബം എന്ന ഠാ വട്ടത്തിലെക്ക് ചുരുക്കപ്പെട്ടു വരികയാണ് എന്നാണ്. ഞാൻ, എന്റെ ഭാര്യ, എന്റെ മക്കൾ എന്നടങ്ങുന്ന നാലംഗ കുടുംബത്തിന്റെ ചുമരുകളുടെ ഉറപ്പിന് വേണ്ടി എന്തും ചെയ്യേണ്ടി വന്നാൽ ചെയ്യാനുള്ള ന്യായീകരണങ്ങൾ, നമ്മൾ തന്നെ അംഗീകരിക്കും എന്നതാണ്. അതിന്റെ കെട്ടുറപ്പിലും നിലനിൽപ്പിലും കേന്ദ്രീകൃതമായിരിക്കുന്നു നമ്മുടെ ശരി തെറ്റുകളെക്കുറിച്ചുള്ള വേർതിരിവുകൾ. അതാണ് യവനികയിൽ ജലജയുടെയും വേണു നാഗവള്ളിയുടെയും കയ്യിൽ വിലങ്ങായും ... മോഹൻലാലിനെയും മീനയും മക്കളെയും സംരക്ഷിക്കുന്ന കവചവുമായി നമ്മുടെ മുന്നിൽ തെളിയുന്നത് ...
കോമഡി മൂവികളിൽ ഹൊററിന്റെ അംശങ്ങൾ കണ്ടിട്ടുണ്ട് .. ഹൊറർ സിനിമകളിൽ കോമഡിയുടെ ട്രാക്കുകളും ... എന്നാൽ ഹൊറർ തന്നെ കോമഡി ആയിട്ടിറങ്ങുന്ന ജനുസ്സിൽ പെട്ട ഇത്തരം അവതാരങ്ങൾ അപൂർവമാണ് .... അങ്ങിനെ ലാലേട്ടനും പ്രിയദർശനും അവർ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന ഫ്ലോപ്പ് മലകളുടെ മോളിൽ വെക്കാൻ ഒരു സൂപ്പർ ഫ്ലോപ്പ് കൂടി കിട്ടി ....
മണിച്ചിത്രത്താഴ് ഒരു വിശ്വോത്തര സിനിമ ഒന്നുമല്ല .. പക്ഷെ സ്മാർട്ട് ഫിലിം മേക്കിങ്ങിലൂടെ പ്രേക്ഷകർക്ക് വേണ്ട ചേരുവകൾ പലതും കൌശലപൂർവം ചേർത്ത് അവർക്ക് നല്ല പോലെ ആസ്വദിക്കാവുന്ന ഒരു ഒന്നാംതരം എന്റർറ്റൈനെർ ആയിരുന്നു .. വ്യാഴാഴ്ച രാത്രി പത്തു മണിയ്ക്ക് മൾടി പ്ലെക്സിൽ തള്ളിക്കയരുന്ന ജനസമൂഹം തന്നെ അതിനു ദൃഷ്ടാന്തം ... പല പോരായ്മകൾ ഉണ്ടായിരുന്നെങ്കിലും അതിനു പിറകിൽ ഒരു - അല്ല അഞ്ചു സംവിധായകരുടെ സാമാന്യ ബുദ്ധിയും .. വെടിപ്പായി എഴുതപ്പെട്ട ഒരു സ്ക്രിപ്റ്റും ഉണ്ടായിരുന്നു .. എന്നാൽ ഇവിടെയാകട്ടെ അവിടുന്നും ഇവിടുന്നും ഒക്കെ വലിച്ചു പറിച്ചെടുത്തു കൊണ്ടുവന്നിരുന്ന പ്രിയദർശൻ ടെക്കനിക്ക് ആവർത്തിക്കുമ്പോൾ മുമ്പൊക്കെ അദ്ദേഹം പ്രകടിപ്പിച്ചിരുന്ന ഒരു സാമാന്യ കയ്യടക്കം പോലും കാണാനില്ല. ഈ തിയറ്ററിൽ നമ്മളെ ഒക്കെ എത്തിച്ച സണ്ണി എന്ന കഥാപാത്രം കാറ്റൂതി വിട്ട ബലൂണ്‍ പോലെ നിസ്സഹായനായി തേരാ പേരാ നടക്കുന്നത് മാത്രം മെച്ചം... അല്ല അതിനു പോലും സ്ക്രീൻ ടൈം ഇല്ല അങ്ങേര്ക്ക് ...
സാമാന്യ യുക്തിക്ക് നിരക്കാത്ത ഒരു കഥ (വെറുതെ ഒരു മൂച്ചിന് പറഞ്ഞതാണ്, കഥ എന്നൊക്കെ അതിനെ വിശേഷിപ്പിക്കാമോ എന്ന് എനിക്കറിയില്ല) ... നൂറ്റൊന്നാവർത്തിച്ച ക്ഷീരബല പോലെ അവിടുന്നും ഇവിടുന്നും ചുരണ്ടി എടുത്ത കുറെ രംഗങ്ങൾ ... എന്തിനെന്നു പോലും വ്യക്തമല്ലാത്ത കുറെ കഥാപാത്രങ്ങൾ സിനിമ തുടങ്ങി പതിനഞ്ചു മിനിറ്റിനകം ഒരു പത്തിരുപതു സിനിമകൾ എങ്കിലും കണ്ടിട്ടുള്ള ഏതു കൊച്ചു കുട്ടിക്ക് പോലും പ്രവചിക്കാവുന്ന രീതിയിലുള്ള സസ്പെന്സും ക്ലൈമാക്സും ... ദ്വയാർത്ഥവും അശ്ലീലവും തമാശയുടെ രൂപത്തിൽ കെട്ടി എഴുന്നെള്ളിക്കുന്ന ചില അരോചക മേമ്പോടികൾ ....കീർത്തി കാഴ്ചയിൽ മേനകയുടെ കാർബണ്‍കോപ്പി ആണെങ്കിലും അഭിനയത്തിൽ ഒരു പാട് പരിമിതികൾ വ്യക്തമാക്കുന്നുണ്ട്. കുറെ പടങ്ങൾ ഒക്കെ അഭിനയിച്ച് കൂവി തെളിയുമായിരിക്കും ... പിന്നെ മധുവും ഗണേഷും അടക്കം ആരൊക്കെയോ എന്തൊക്കെയോ ആയി എന്തിനൊക്കെയോ വന്നും പോയും ഇരുന്നു ...
എന്തിനാ ഇങ്ങനെ ഒക്കെ സിനിമ എടുക്കുന്നത് ... അവസാന സീനിൽ നിഷാൻ (ആ ഒരു വിദ്വാൻ കൂടി ഉണ്ട്) "സാറിനോട് നന്ദി ഞാൻ എങ്ങിനെയാ പറയുക....." എന്നോ മറ്റോ പറയുമ്പോൾ പുറകിൽ നിന്നാരോ ഉറക്കെ " അവനോടു നന്ദി അല്ലടാ, പന്നീ എന്നാ പറയേണ്ടത് .." എന്നതാണ് ആ സിനിമയിലെ രംഗങ്ങലെക്കാൾ ചിരി തീയറ്ററിൽ ഉയര്ത്തിയത്. സിനിമ കഴിയുമ്പോൾ പ്രിയദർശന്റെ പേര് എഴുതിക്കാട്ടുമ്പോൾ കാശ് പോയവന്റെ അന്തരാളത്തിൽ നിന്നും വന്ന കൂവൽ മദിരാശിയിൽ ഉള്ള അദ്ദേഹത്തിന്റെ വീട്ടിൽ പോലും കേള്ക്കാവുന്ന ഉച്ചത്തിൽ ആയിരുന്നു എന്നുകൂടി പറഞ്ഞു നിർത്തട്ടെ ..
തിര എന്നത് കൊണ്ട് വിനീത് ശ്രീനിവാസൻ ഉദ്ദേശിച്ചിരിക്കുന്നത് വേവ് എന്ന
വാക്കാണോ അതോ ബുള്ളറ്റ് എന്ന വാക്കാണോ എന്നെനിക്കറിയില്ല .. പക്ഷെ ഈ തിര
കൊണ്ട് അദ്ദേഹം ബുൾസ് ഐ തന്നെ തറയ്ക്കുന്നുണ്ട് എന്നത് പടം തുടങ്ങി
നൂറ്റിപന്ത്രണ്ട് മിനിട്ട് കൊണ്ട് പ്രേക്ഷകർക്ക് അനുഭവിച്ചറിയാൻ കഴിയും...
മൂന്ന് ചിത്രങ്ങൾ കൊണ്ട് ഫിലിം മേയ്ക്കിങ്ങിൽ മുപ്പതു കാതം മുന്നോട്ടു
നീങ്ങിയ ഒരു സംവിധായകനെ കാണാൻ കഴിയും ... അദ്ദേഹത്തിന് മാധ്യമത്തിൽ
കൈവരുന്ന ഗ്രിപ്പ് അനുഭവിക്കാൻ കഴിയും ...കുറ്റമറ്റ പഴുതുകളടച്ച ലോജിക്കോട്
കൂടിയ തിരക്കഥയൊന്നുമല്ല തിരയുടെത് ... പക്ഷെ പഴുതുകൾ തിരയാൻ നമ്മുടെ
ചിന്തകളേ ഒരു നിമിഷം വെറുതെ നിർത്താൻ കഴിയാത്ത ഗതി വേഗം കൊണ്ട്
അദ്ദേഹത്തിനു സാധിക്കുന്നു..ചടുലതയ്ക്ക് താളമായി പശ്ചാത്തല സംഗീതം ഒരുക്കിയ
ഷാൻ റെഹ്മാനും കൃത്യതയാർന്ന ദൃശ്യാഭാഷ നൽകിയ ജോമോൻ ടി ജോണും,
മുമ്പോട്ടുള്ള പ്രയാണത്തിൽ വിനീത് ശ്രീനിവാസന്റെ തോളോട് തോൾ ചേർന്ന്
തന്നെയുണ്ട്...
സുജോയ് ഘോഷിന്റെ "കഹാനി" ആണ് ഈ ചിത്രത്തിൻറെ
മേയ്ക്കിങ്ങിങ്ങിൽ വിനീത് ശ്രീനിവാസന്റെ മാതൃക എന്നുള്ളത് മനസ്സിലാക്കാൻ
അധികം കടന്നു ചിന്തിക്കെണ്ടതൊന്നുമില്ല.. പക്ഷെ ആ സാദൃശ്യം ഉപരിപ്ലവമായി
നിർത്തി പ്രമേയത്തിലും നരേഷനിലും മൌലികത സൃഷ്ടിക്കുവാൻ അദ്ദേഹം
ശ്രമിച്ചിട്ടുണ്ട് .. പ്രചോദനവും പ്ലാഗരിസവും തമിലുള്ള വ്യത്യാസം
ബോധ്യമുള്ള ഒരു സംവിധായകനാണ് അദ്ദേഹം എന്ന് നമുക്ക് മനസ്സിലാക്കാം. പതിവ്
ഫോർമുലകളെ പൂർണമായിട്ടോന്നും തിരസ്കരിച്ചിട്ടില്ല എങ്കിലും ഒരു പരിധി വരെ
ആവർത്തന വിരസത കൊണ്ട് പ്രേക്ഷകനെ ബോറടിപ്പിച്ചു കൊണ്ടിരിക്കുന്ന
കഥാസന്ദർഭങ്ങളും ... കഥാപാത്രങ്ങളും അധികം കയറി ഇറങ്ങുന്നില്ല.
ഒരു
സിനിമയ്ക്ക് എത്രത്തോളം പ്രധാനമാണ് അത് നിൽക്കുന്ന ഒരു സാംസ്കാരിക
പശ്ചാത്തലം എന്ന് നമ്മളെ പലവട്ടം ഓർമിപ്പിക്കുവാൻ സംവിധായകാൻ
ശ്രമിച്ചിട്ടുണ്ട് .. കൊല്കോത്തയുടെ നിറക്കൂട്ട് കാളീ പൂജയുടെ കുങ്കുമത്തിൽ
നമ്മുടെ കണ്ണുകളിലേക്ക് വിതറിയാന് കഹാനി നമ്മുടെ മുന്നിൽ മിന്നി മറഞ്ഞത്
.. ഇവിടെയാകട്ടെ ഗോവയുടെയും ... ഏതോ ഒരു കർണാടക അതിർത്തി പട്ടണത്തിന്റെ
(ബെലഗാമോ ... ബെല്ലാരിയോ ... ഏതുമാവാം) സമ്മിശ്ര സംസ്കാരത്തിന്റെയും
ചായക്കൂട്ടിൽ മുക്കിയെടുത്തിരിക്കുന്നു ...
ശോഭനയെക്കുറിച്ച് പലരും
ഇവിടെ തന്നെ എഴുതിയിട്ടുണ്ട്. "എവിടെ ആയിരുന്നു ഇത്രയും നാൾ" തിലകനോട് രഞ്ജിത്ത് പ്രേക്ഷകനായി നിന്ന് സിനിമയിൽ ചോദിച്ച പോലെ
നമ്മളെക്കൊണ്ട് ചോദിപ്പിക്കുന്ന ഒരു അസാമാന്യ സ്ക്രീൻ പ്രേസേന്സ്,
അവരുടെ രോഹിണിയ്ക്കുണ്ട് എന്ന് നിസ്സംശയം പറയാം ... സാധാരണ നമ്മൾ
കണ്ടിട്ടുള്ള "എൻ ജി ഓ" വാർപ്പ് മാതൃകകളിൽ നിന്നും വിഭിന്നമായി
ഐടിയലിസത്തെക്കാൾ ഇഫ്ഫെക്റ്റീവ്നെസ്സിനു പ്രാധാന്യം കൊടുക്കുന്ന രോഹിണിയുടെ
വ്യക്തിത്വം അവരുടെ ശരീര ഭാഷയിൽ സുഭദ്രം . ധ്യാൻ ശ്രീനിവാസൻ
കഥാപാത്രത്തിന് അനുയോജ്യമായ കാസ്റ്റിംഗ് ... സ്വന്തം സഹോദരന്റെ കഴിവുകളും
കഴിവുകേടുകളും വ്യക്തമായി അറിയാവുന്ന ഒരു സഹോദരന്റെ, കൌശലം അദ്ദേഹത്തെ
ഉപയോഗിക്കുന്നതിൽ വിനീത് കാണിക്കുന്നുണ്ട്.. ഇനി മറ്റൊന്ന് കൂടി,
മറ്റെല്ലാ റോളുകൾക്കും പുതിയ മുഖങ്ങളെ കാസ്റ്റ് ചെയ്യുക വഴി ഇമേജിന്റെ
ഭാരമില്ലാതെ കഥാപാത്രങ്ങളെ കാണാൻ നമ്മൾക്കാവുന്നും ഉണ്ട് ...
ഇനി
ക്ഷീരമുള്ള അകിടിന് ചുറ്റും കറങ്ങുന്ന കൊതുകുൾക്കായി വിനീത് ശ്രീനിവാസൻ
രൂപക്കൂടിലും, ശേഷക്രിയയിലും, കുരിശു രൂപത്തിലും, പ്രാർഥനാ ദൃശ്യങ്ങളിലും
ഒക്കെ ഒതുക്കിയ "ഡിവൈൻ ഇന്റെര്വേന്ഷൻ" വഴി കുറച്ചു ചോരത്തുള്ളികൾ
ഇട്ടിട്ടുണ്ട് ... പക്ഷെ അധികം കഥാപാത്രങ്ങളുടെ പേരുകളിൽ ജാതിയും മതവും
ഒക്കെ വലുതായി കൊടുക്കാത്തത് കൊണ്ട് ഇതൊക്കെ കൊണ്ട് തൃപ്തിപ്പെടുകയെ
തൽക്കാലം നിർവാഹമുള്ളൂ ...
ഇതൊക്കെ കാണുമ്പോൾ നമ്മുടെ പ്രിയദർശനും,
സത്യൻ അന്തിക്കാടും, ഷാജി കൈലേസുമൊക്കെ ഒക്കെ തങ്ങൾ ചെയ്തു
കൊണ്ടിരിക്കുന്ന കൊടും പാതകങ്ങൾ മതിയാക്കി വീട്ടിലിരിക്കുന്ന മക്കളുടെ
കയ്യിലേക്ക് ആ മെഗഫോണ്‍ കൊടുത്ത് നോക്കാൻ ഒരുമ്പെട്ടാൽ മതിയായിരുന്നു ..
അത്ഭുതങ്ങൾ ഒന്നും സംഭവിച്ചില്ലെങ്കിൽ ഒരു പക്ഷെ ഈ പോസ്റ്റ് വെളിച്ചം കണ്ടു അധികം താമസിയാതെ തന്നെ ശ്രീനിവാസനെ ബി സി സി ഐയിൽ നിന്നും പുകച്ചു ചാടിചിട്ടുണ്ടാവും
ശ്രീനിവാസനെ അടിച്ചിറക്കിയാൽ എല്ലാ പ്രശ്നങ്ങളും അതോടെ അവസാനിക്കും എന്ന രീതിയിൽ ആണ് ഇംഗ്ലീഷ് ചാനലുകൾ കുറെ ദിവസങ്ങളായി സകലതും സ്തംഭിപ്പിച്ചു ഉച്ചത്തിൽ വിളിച്ചു കാറുന്നത് ... ശ്രീനിവാസൻ പോവേണ്ട ആൾ തന്നെയാണ് അതിൽ യാതൊരു ശങ്കയുമില്ല ... പക്ഷെ അത് കൊണ്ട് എല്ലാം അവസാനിക്കുമോ? .. ശ്രീനിവാസൻ പടിയിറങ്ങിയാൽ പിന്നെയെന്ത്? ... അദ്ദേഹത്തിനു പകരം മറ്റൊരു ശ്രീനിവാസൻ (കയറാൻ കച്ച മുറുക്കുന്നവരുടെ മുൻ നിരയിൽ ശ്രീമാൻ ശരദ് പവാർ ഉണ്ട് എന്നത് കൂടി ഓർക്കണം) കയറി കസേരയിൽ ഇരുന്നാൽ അതോടെ ഇന്ത്യൻ ക്രിക്കറ്റ് സ്ഫടികം പോലെ തിളങ്ങുമോ? ഇത് പോലെ തന്നെയാണ് രണ്ടു മൂന്ന് സീസണ്‍ മുമ്പ് ലളിത് മോഡിയെ തൂക്കി എറിഞ്ഞു പരിഹാരം ഉണ്ടാക്കിയത്
ഇവിടെയാണ് നമ്മുടെ താൽക്കാലിക ഒട്ടിപ്പ് പരിഹാരശ്രമങ്ങളുടെ അപര്യാപ്തതയെ ക്കുറിച്ച് മനസ്സിലാക്കേണ്ടത് .. പലരും പറയുന്നുണ്ട് സർക്കാർ / സ്പോർട്സ് മന്ത്രാലയം അങ്ങ് ഏറ്റെടുത്താൽ മതി ഉടനടി പരിഹാരമായി എന്ന് ... സർക്കാർ ഏറ്റെടുത്തു ഭരിക്കുന്ന മറ്റുള്ള കായിക ഇനങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ മനസ്സിലാക്കി കൊണ്ടാണോ ഇതൊക്കെ പറയുന്നത് എന്ന് എനിക്കറിയില്ല ...കാര്യം നമ്മൾ കുറ്റങ്ങൾക്ക് കൈ ചൂണ്ടിക്കാണിച്ചാലും ബി സി സി ഐ എന്ന സംഘടന ഈ രാജ്യത്തെ ക്രിക്കറ്റിന്റെ വളർച്ചയ്ക്ക് കാര്യമായ സംഭാവനകൾ നല്കിക്കൊണ്ടിരിക്കുന്നുണ്ട് ... ഇത്തരത്തിൽ ഒരു സ്വതന്ത്ര സംഘടന ആയി നില്ക്കുന്നത് തന്നെയാണ് അതിന് ഒരളവു വരെ കാരണം .. അത് വഴി (അമിത) ലാഭം ഉണ്ടാക്കുന്ന ഒരു ബിസിനസ് എന്ന രീതിയിൽ അത് നടത്തിക്കൊണ്ട് വന്നത് തന്നെയാണ് ക്രിക്കറ്റിനു ഗുണം ഉണ്ടാക്കിയത് ... അങ്ങിനെ പറയുമ്പോൾ സ്വാഭാവികമായി ഒരു ചോദ്യം വരും ... പിന്നെ എങ്ങിനെയാണ് ഈ വക പ്രശ്നങ്ങൾക്ക് പരിഹാരം കാണുക ..
ഒന്നോ രണ്ടോ ആളെ മാറ്റി വേറെ ആളെ വെച്ചതു കൊണ്ട് തീരുന്ന ഒരു പ്രശ്നം അല്ല ബി സി സി ഐ മൂലം ഇന്ത്യൻ ക്രിക്കറ്റിനു ഉണ്ടായിട്ടുള്ളത് ... അതിനുള്ള പരിഹാരം നേരിട്ട് പറയുക ആണെങ്കിൽ സംഘടനയ്ക്ക് ഉത്തരവാദിത്തവും, സുതാര്യതയും നൽകുകയാണ് ... ചെയ്യുന്ന ഓരോ കാര്യത്തിനും രാജ്യത്തെ കോടിക്കണക്കിനു വരുന്ന ക്രിക്കറ്റ് ആരാധകരോടുള്ള ഉത്തരവാദിത്തം വരുന്ന രീതിയിൽ ക്രമീകരിച്ചാൽ ഒരളവു വരെ പ്രശ്ന പരിഹാരം ആവും ... അതെങ്ങിനെ എന്ന് ചോദിച്ചാൽ താഴെ കൊടുത്തിരിക്കുന്ന ചില കാര്യങ്ങൾ ആണ് ആദ്യമായി മനസ്സിൽ വരുന്നത്
ബി സി സി ഐ യെ മറ്റു പൊതു വകുപ്പുകൾ പോലെ ആർ ടി ഐ യുടെ പരിധിയിൽ കൊണ്ട് വരിക. ചെയ്യുന്ന പ്രവൃത്തികൾ പൊതു ജനങ്ങൾക്ക് അറിയുവാനും ... അതിലുള്ള പ്രശ്നങ്ങൾ ചോദ്യം ചെയ്യുവാനും അത് വഴി സാധിക്കണം.
ബി സി സി ഐ ഭരണകർത്താക്കൾക്കോ, അവരുടെ ബന്ധുക്കൾക്കോ, ക്രിക്കറ്റുമായി ബന്ധപ്പെട്ട യാതൊരു വിധത്തിലും ഉള്ള സാമ്പത്തിക ഇടപാടുകളിൽ (റെലെകാസ്റ്റ് രൈറ്റ്സ്, സ്പോന്സോര്ഷിപ്സ്, ടീം ഉടമസ്ഥത തുടങ്ങിയ ...) പങ്കാളി ആവാൻ അനുവാദം നൽകാതിരിക്കുക ..
ബി സി സി ഐയ്ക്ക് ശമ്പളം വാങ്ങുന്ന മുഴുവൻ സമയ അംഗങ്ങൾ ഉണ്ടാവണം ... മുഖ്യമന്ത്രി, മന്ത്രി, വൻ വ്യവസായങ്ങളുടെ ബോർഡ് ഡയരക്ടർ തുടങ്ങിയ ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിൽ ഇരിക്കുന്ന വ്യക്തികൾക്ക് ബി സി സി ഐ ഭരണം നടത്താൻ അവകാശം നല്കരുത് ...
ഒത്തുകളി, കോഴ, സാമ്പത്തിക ക്രമക്കേടുകൾ തുടങ്ങിയ വിഷയങ്ങളിൽ ഉയരുന്ന പരാതികൾ ഉടനടി കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് കൈമാറാനുള്ള ഒരു സ്ഥിരം സംവിധാനം നിലവിൽ വരുത്തുക .
അംഗങ്ങളെ പറ്റിയുള്ള കേസുകൾ അവർ സ്വന്തം ചിലവിൽ കോടതിയിൽ നേരിടുക ... അഥവാ ജയിച്ചാൽ ബി സി സി ഐ - ചിലവായ പണം തിരികെ കൊടുക്കാം ... അല്ലെങ്കിൽ അത് അംഗത്തിന്റെ സ്വന്തം റിസ്ക് ...
ഇതൊക്കെത്തന്നെ നിലവിൽ വന്നാൽ കാര്യമായ പുരോഗതി നമുക്ക് കാണാൻ സാധിക്കും
കുറച്ചു നീണ്ട കാലയളവിനു ശേഷം കണ്ട സിനിമയെക്കുറിച്ചുള്ള ഒരു കുറിപ്പ് കൂടി രേഖപ്പെടുത്തി വെയ്ക്കുന്നു. കഥയുടെ സൂചനകൾ ഏതെങ്കിലും വിധത്തിൽ പുറത്തു വിടുന്നത് കാണുവാൻ ഒരുങ്ങുന്ന എല്ലാവരുടേയും ആസ്വാദനത്തെ ബാധിക്കും എന്നുള്ളത് കൊണ്ട് അത്തരത്തിലുള്ള എല്ലാ പരാമർശങ്ങളും സൂചനകളും മന:പ്പൂർവംഒഴിവാക്കുന്നു
തുടക്കത്തിലെ തന്നെ ഒരു കാര്യം പറയട്ടെ .. റോഷൻ ആണ്ട്രൂസ് - കാസനോവ എന്ന ചലച്ചിത്രാഭാസം കൊണ്ടുണ്ടായ ക്ഷീണം തീർത്തു ... സിനിമ ഒരു വൻ വിജയം ആവുമോ എന്നൊന്നും പ്രവചിക്കാനുള്ള കഴിവുകൾ എനിക്കില്ല. അത് പോലെ അത് ഏതെങ്കിലും ഇംഗ്ലീഷ്, കൊറിയൻ മോഷണ പരമ്പരയിലെ കണ്ണിയാണോ എന്നും കണ്ടു പിടിക്കാനുള്ള വലിയ പരിജ്ഞാനവും ഇല്ല ... അതിന്റെ രാഷ്ട്രീയ, സാമൂഹിക ശരികളേയും ശരികേടുകളെയും പറ്റി ഒന്നും ഇവിടെ പറയാനും ഇല്ല ...
പക്ഷെ ഒന്ന് പറയാം ... ഇത്തരം വ്യതിരിക്തമായ ഒരു ഇതിവൃത്തം തികഞ്ഞ ചങ്കൂറ്റത്തോടെ സൃഷ്ടിക്കാൻ ധൈര്യം കാണിച്ച ബോബി - സഞ്ജയ് ദ്വയം, ആ വിഷയം അസാമാന്യമായ കയ്യടക്കത്തോടെ, ഒട്ടും പാളിപ്പോവാതെ, പതിവ് ചേരുവകളോ, വ്യതിയാനങ്ങളോ, കൊമ്പ്രമൈസുകളോ കൂടാതെ പരമാവധി സത്യസന്ധതയോടെ കൈകാര്യം ചെയ്ത റോഷൻ ആണ്ട്രൂസ് എന്ന സംവിധായകൻ, ഇമേജ് ഹാങ്ങ് അപ്പ്സ് കൂടാതെ ഇത്തരം ഒരു റോൾ സ്വീകരിക്കുകയും, അതിനെ തന്നാൽ ആവും വിധം ഭംഗിയാക്കുകയും ചെയ്ത പ്രിഥ്വിരാജ് ... ഇവരൊക്കെ അഭിനന്ദനം അർഹിക്കുന്നു ... കഥയുടെ പരിണാമം ഞാൻ തുടങ്ങി പത്തു മിനിട്ടോളം നീങ്ങിയപ്പോൾ തന്നെ എന്റെ കൂടെ സിനിമ കാണാനുള്ള സുഹൃത്തുകളോട് പ്രവചിച്ചതു തന്നെ ആയിരുന്നു .. പക്ഷെ ആ പരിണാമത്തിന്റെ വഴിത്തിരിവാവുന്ന ആ ട്വിസ്റ്റ് ... അത് എല്ലാവരെയും പോലെ എനിക്കും ഷോക്കിംഗ് ആയിരുന്നു ...
ഹോളിവുഡ് മുഖ്യധാരാ ചിത്രങ്ങളുടെ ശൈലി ആണ് ആഖ്യാനത്തിൽ അദ്ദേഹം സ്വീകരിച്ചിരിക്കുന്നത്. കഥയിൽ ഒളിപ്പിച്ച ട്വിസ്റ്റ് പോലും ഇന്ത്യൻ സിനിമയിൽ ആദ്യമായാണ് കാണാൻ സാധിച്ചിട്ടുള്ളത്. ആവശ്യം ഇല്ലാതെ കുത്തി തിരുകുന്ന പാട്ടുകൾ, നായകൻറെ പ്രണയം, അതിപ്രസരമായെക്കാവുന്ന ഫാമിലി സെന്റിമെന്റ്സ്, സുരാജ് തമാശകൾ എന്ന് തുടങ്ങിയ സ്വാഭാവികമായി ഈ ജോണറിലുള്ള ത്രില്ലറുകളുടെ ഒഴുക്കിന് വിഘാതമായേക്കാവുന്ന ഒരു ഘടകവും ഇവിടെ ഭാഗ്യവശാൽ ഉൾക്കൊള്ളിച്ചിട്ടില്ല.
എന്റെ കാഴ്ച്ചപ്പാടിൽ റിയാസ് ഖാന്റെ കഥാപാത്ര സൃഷ്ടിയിലെ അസംഭാവ്യത എന്ന് തുടങ്ങിയ രണ്ടോ മൂന്നോ അവഗണിക്കാവുന്ന, ചെറിയ അസ്വാരസ്യങ്ങൾ ഒഴിവാക്കിയാൽ ഒറ്റവാക്ക് - എനിക്കിഷ്ടപ്പെട്ടു