നമ്മളിൽ പലരും കഴിഞ്ഞ കാലങ്ങളുടെ തടവുകാരാണ് .. ആ തടവ് ഒരു സുഖമുള്ള തടവായി നമ്മൾ ഇഷ്ടപ്പെടുന്നുണ്ടെന്നു എന്നുള്ള വ്യക്തമായ ബോധ്യം ഉള്ളവരാണ് അബ്രിഡ് ഷൈനും, ജൂഡ് ആന്റണി ജോസഫും എന്ന് ഞാൻ കരുതുന്നു. ഇടവിട്ട വാരാന്ത്യങ്ങളിലായി കണ്ട 1983 യും ഓം ശാന്തി ഓശാനയും അത് വ്യക്തമാക്കുന്നുണ്ട്. രണ്ടു സിനിമകളും ടാർഗെറ്റ് ചെയ്യുന്ന മുപ്പതുകാരൻ മലയാളിയുടെ ഗൃഹാതുരത്വത്തെയാണ്. കടന്നു പോവുമ്പോൾ എങ്ങിനെയെങ്കിലും ഒന്നും കടന്നു കിട്ടിയാൽ മതി എന്ന് കരുതിയ നാളുകളിൽ നമ്മൾ അറിഞ്ഞിട്ടില്ലാത്ത ഒരു സ്ട്രോബറിയുടെ ചെറിയ പുളിയുള്ള ഒരു മധുരം പകരുന്ന അനുഭവങ്ങളെ തൊട്ടുണർത്തുന്ന ഒരു ആഖ്യാനശൈലിയാണ് നിവിൻ പോളി എന്ന പൊതു ഘടകത്തിന് പുറമേ ഇരുസിനിമകൾക്കും ഉള്ളത്. പക്ഷെ അത് പോലെ തന്നെ ശ്രദ്ധേയമാണ് ആണിന്റെയും പെണ്ണിന്റെയും കാഴ്ചപ്പാടുകളിലൂടെ കാണുന്ന വൈരുദ്ധ്യവും.
വലിയ പിരിമുറുക്കമോ നാടകീയതയോ ഒന്നും കൂടാതെ തികഞ്ഞ ലാഘവത്തോടെ ഒരു പോപ് കോണും രുചിച്ച്, ഒരു ചെറു പുഞ്ചിരിയോടെ തീയറ്റർ വിട്ടിറങ്ങാവുന്ന ലൈറ്റ് ഹാർട്ടഡ് ഫീൽ ഗുഡ് മൂവികളാണ് രണ്ടും .. പറഞ്ഞു പതിഞ്ഞ പാതകൾ എടുക്കാതെ എന്നാൽ പ്രേക്ഷകരുടെ പൾസ് തിരിച്ചറിഞ്ഞു കൊണ്ട് സമർത്ഥമായി തയ്യാറാക്കിയ എന്റർറ്റൈനറുകൾ. ന്യൂ ജെനെറെഷൻ എന്നാൽ ഹണിബീയും വെടിവഴിപാടും റ്റ്രിവാന്ദ്രം ലോഡ്ജും മറ്റും നമ്മുടെ മുന്നിലേക്ക് തള്ളി വെയ്ക്കുന്ന ഇമേജുകൾ മാത്രമാണ് എന്നുള്ള ധാരണയിൽ അവരെ ആശങ്കയോടെ കാണുന്ന കഴിഞ്ഞ തലമുറയുടെ മുന്നില് ഓം ശാന്തിയും, 1983 യും പെയ്തിറങ്ങുന്നത് ആശ്വാസത്തിന്റെ കുളിർമഴയാവും എന്ന് തോന്നുന്നു..
ഇറങ്ങിയിട്ട് ഒരു പാട് നാളുകളായത് കൊണ്ട് റിവ്യൂകൾ വായിച്ചു മടുപ്പ് കയറിയവരുടെ മുന്നിലേക്ക് കൂടുതലൊന്നും ഈ കുറിപ്പിൽ എഴുതിയിടാൻ നോക്കുന്നില്ല. ഒരൊറ്റ കാര്യം മാത്രം.. ഇവരിൽ പ്രേക്ഷകർക്ക് തീർച്ചയായും പ്രതീക്ഷകൾ അർപ്പിക്കാം ...
52 കൂളിംഗ് ഗ്ലാസ് .. ഒരു ലോഡ് ശവം....റേഞ്ച് റോവർ ഒന്ന് .. പ്രാഡോ ഒന്ന് ... ഒരഞ്ചാറ് ഓഡി .. ലെതർ ജാക്കറ്റുകൾ ഒന്നര ഡസൻ ... എങ്ങിനെയൊക്കെ മരുന്നടിച്ച് പാമ്പാവാം എന്നുള്ളതിന്റെ നിരവധി ഡെമോ സെഷനുകൾ...വിദഗധമായി മറച്ചു വെച്ചിരുന്ന മെഗാ സ്ടാറിന്റെ ഷഷ്ടിപൂർത്തി കഴിഞ്ഞ പ്രായം മറ വിട്ടു പുറത്തു ചാടുന്ന സീനുകൾ ഒരു മൂന്നുനാലെണ്ണം ... റ്റെരാന്റിനൊ ആവാൻ നോക്കി തൂറാന്റിനോ ആയി മൂക്കും കുത്തി വീണ ന്യൂ ജെനരെഷൻ അപ്പോസ്തലൻ (തുടക്കത്തിൽ പതിനഞ്ചു മിനിട്ടോളം വരുന്നതും ഒടുക്കം ഒരു അഞ്ചു മിനിട്ടും കാണിച്ച ഗ്രാഫിക്സിനെക്കാൾ കാർട്ടൂനിഷ് അയി തോന്നിയത് അതിനിടയ്ക്കുള്ള 2 മണിക്കൂർ ആണ് എന്ന് ആരെങ്കിലും അദ്ദേഹത്തെ അറിയിക്കുന്നത് നന്നായിരിക്കും)... അഭിനയിച്ച കെ ടി മിറാഷിന്റെക്കാൾ ഗതികേടാണ് താൻ സ്ക്രിപ്റ്റിങ്ങിൽ എന്ന് തെളിയിക്കുന്ന തിരക്കഥാകൃത്തിന്റെ അരങ്ങേറ്റം ( "നിന്റെ മരണം നീയെന്നും ഓർത്തിരിക്കണം" എന്ന സന്തോഷ് പണ്ഡിറ്റ് പോലും നാണിക്കുന്ന ഡയലോഗ് എഴുതി വെച്ചതിനു ഒരു പ്രത്യേക സല്യൂട്ട്). സദാ കൊണ്സ്ടിപെഷൻ പിടിച്ച ഭാവവുമായി നടക്കുന്ന നായകൻ .. അര മണിക്കൂർ ഇന്ഗ്ലിഷ്, അര മണിക്കൂർ കന്നഡ, പതിനഞ്ചു മിനിട്ട് റഷ്യൻ... മൊത്തം രണ്ടര മണിക്കൂർ വിവരക്കേട് ...
ചുരുക്കി പറഞ്ഞാൽ ഈ ഇടപാടിന് പറ്റിയ പേര് പണ്ട് സാക്ഷാൽ പത്മശ്രീ ഭരത് സരോജ്കുമാർ മുമ്പ് പറഞ്ഞതായിരുന്നു .... "വെയ്ക്കടാ വെടി"
അത്ഭുതങ്ങൾ ഒന്നും സംഭവിച്ചില്ലെങ്കിൽ ഒരു പക്ഷെ ഈ പോസ്റ്റ് വെളിച്ചം കണ്ടു അധികം താമസിയാതെ തന്നെ ശ്രീനിവാസനെ ബി സി സി ഐയിൽ നിന്നും പുകച്ചു ചാടിചിട്ടുണ്ടാവും
ശ്രീനിവാസനെ അടിച്ചിറക്കിയാൽ എല്ലാ പ്രശ്നങ്ങളും അതോടെ അവസാനിക്കും എന്ന രീതിയിൽ ആണ് ഇംഗ്ലീഷ് ചാനലുകൾ കുറെ ദിവസങ്ങളായി സകലതും സ്തംഭിപ്പിച്ചു ഉച്ചത്തിൽ വിളിച്ചു കാറുന്നത് ... ശ്രീനിവാസൻ പോവേണ്ട ആൾ തന്നെയാണ് അതിൽ യാതൊരു ശങ്കയുമില്ല ... പക്ഷെ അത് കൊണ്ട് എല്ലാം അവസാനിക്കുമോ? .. ശ്രീനിവാസൻ പടിയിറങ്ങിയാൽ പിന്നെയെന്ത്? ... അദ്ദേഹത്തിനു പകരം മറ്റൊരു ശ്രീനിവാസൻ (കയറാൻ കച്ച മുറുക്കുന്നവരുടെ മുൻ നിരയിൽ ശ്രീമാൻ ശരദ് പവാർ ഉണ്ട് എന്നത് കൂടി ഓർക്കണം) കയറി കസേരയിൽ ഇരുന്നാൽ അതോടെ ഇന്ത്യൻ ക്രിക്കറ്റ് സ്ഫടികം പോലെ തിളങ്ങുമോ? ഇത് പോലെ തന്നെയാണ് രണ്ടു മൂന്ന് സീസണ്‍ മുമ്പ് ലളിത് മോഡിയെ തൂക്കി എറിഞ്ഞു പരിഹാരം ഉണ്ടാക്കിയത്
ഇവിടെയാണ് നമ്മുടെ താൽക്കാലിക ഒട്ടിപ്പ് പരിഹാരശ്രമങ്ങളുടെ അപര്യാപ്തതയെ ക്കുറിച്ച് മനസ്സിലാക്കേണ്ടത് .. പലരും പറയുന്നുണ്ട് സർക്കാർ / സ്പോർട്സ് മന്ത്രാലയം അങ്ങ് ഏറ്റെടുത്താൽ മതി ഉടനടി പരിഹാരമായി എന്ന് ... സർക്കാർ ഏറ്റെടുത്തു ഭരിക്കുന്ന മറ്റുള്ള കായിക ഇനങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ മനസ്സിലാക്കി കൊണ്ടാണോ ഇതൊക്കെ പറയുന്നത് എന്ന് എനിക്കറിയില്ല ...കാര്യം നമ്മൾ കുറ്റങ്ങൾക്ക് കൈ ചൂണ്ടിക്കാണിച്ചാലും ബി സി സി ഐ എന്ന സംഘടന ഈ രാജ്യത്തെ ക്രിക്കറ്റിന്റെ വളർച്ചയ്ക്ക് കാര്യമായ സംഭാവനകൾ നല്കിക്കൊണ്ടിരിക്കുന്നുണ്ട് ... ഇത്തരത്തിൽ ഒരു സ്വതന്ത്ര സംഘടന ആയി നില്ക്കുന്നത് തന്നെയാണ് അതിന് ഒരളവു വരെ കാരണം .. അത് വഴി (അമിത) ലാഭം ഉണ്ടാക്കുന്ന ഒരു ബിസിനസ് എന്ന രീതിയിൽ അത് നടത്തിക്കൊണ്ട് വന്നത് തന്നെയാണ് ക്രിക്കറ്റിനു ഗുണം ഉണ്ടാക്കിയത് ... അങ്ങിനെ പറയുമ്പോൾ സ്വാഭാവികമായി ഒരു ചോദ്യം വരും ... പിന്നെ എങ്ങിനെയാണ് ഈ വക പ്രശ്നങ്ങൾക്ക് പരിഹാരം കാണുക ..
ഒന്നോ രണ്ടോ ആളെ മാറ്റി വേറെ ആളെ വെച്ചതു കൊണ്ട് തീരുന്ന ഒരു പ്രശ്നം അല്ല ബി സി സി ഐ മൂലം ഇന്ത്യൻ ക്രിക്കറ്റിനു ഉണ്ടായിട്ടുള്ളത് ... അതിനുള്ള പരിഹാരം നേരിട്ട് പറയുക ആണെങ്കിൽ സംഘടനയ്ക്ക് ഉത്തരവാദിത്തവും, സുതാര്യതയും നൽകുകയാണ് ... ചെയ്യുന്ന ഓരോ കാര്യത്തിനും രാജ്യത്തെ കോടിക്കണക്കിനു വരുന്ന ക്രിക്കറ്റ് ആരാധകരോടുള്ള ഉത്തരവാദിത്തം വരുന്ന രീതിയിൽ ക്രമീകരിച്ചാൽ ഒരളവു വരെ പ്രശ്ന പരിഹാരം ആവും ... അതെങ്ങിനെ എന്ന് ചോദിച്ചാൽ താഴെ കൊടുത്തിരിക്കുന്ന ചില കാര്യങ്ങൾ ആണ് ആദ്യമായി മനസ്സിൽ വരുന്നത്
ബി സി സി ഐ യെ മറ്റു പൊതു വകുപ്പുകൾ പോലെ ആർ ടി ഐ യുടെ പരിധിയിൽ കൊണ്ട് വരിക. ചെയ്യുന്ന പ്രവൃത്തികൾ പൊതു ജനങ്ങൾക്ക് അറിയുവാനും ... അതിലുള്ള പ്രശ്നങ്ങൾ ചോദ്യം ചെയ്യുവാനും അത് വഴി സാധിക്കണം.
ബി സി സി ഐ ഭരണകർത്താക്കൾക്കോ, അവരുടെ ബന്ധുക്കൾക്കോ, ക്രിക്കറ്റുമായി ബന്ധപ്പെട്ട യാതൊരു വിധത്തിലും ഉള്ള സാമ്പത്തിക ഇടപാടുകളിൽ (റെലെകാസ്റ്റ് രൈറ്റ്സ്, സ്പോന്സോര്ഷിപ്സ്, ടീം ഉടമസ്ഥത തുടങ്ങിയ ...) പങ്കാളി ആവാൻ അനുവാദം നൽകാതിരിക്കുക ..
ബി സി സി ഐയ്ക്ക് ശമ്പളം വാങ്ങുന്ന മുഴുവൻ സമയ അംഗങ്ങൾ ഉണ്ടാവണം ... മുഖ്യമന്ത്രി, മന്ത്രി, വൻ വ്യവസായങ്ങളുടെ ബോർഡ് ഡയരക്ടർ തുടങ്ങിയ ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിൽ ഇരിക്കുന്ന വ്യക്തികൾക്ക് ബി സി സി ഐ ഭരണം നടത്താൻ അവകാശം നല്കരുത് ...
ഒത്തുകളി, കോഴ, സാമ്പത്തിക ക്രമക്കേടുകൾ തുടങ്ങിയ വിഷയങ്ങളിൽ ഉയരുന്ന പരാതികൾ ഉടനടി കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് കൈമാറാനുള്ള ഒരു സ്ഥിരം സംവിധാനം നിലവിൽ വരുത്തുക .
അംഗങ്ങളെ പറ്റിയുള്ള കേസുകൾ അവർ സ്വന്തം ചിലവിൽ കോടതിയിൽ നേരിടുക ... അഥവാ ജയിച്ചാൽ ബി സി സി ഐ - ചിലവായ പണം തിരികെ കൊടുക്കാം ... അല്ലെങ്കിൽ അത് അംഗത്തിന്റെ സ്വന്തം റിസ്ക് ...
ഇതൊക്കെത്തന്നെ നിലവിൽ വന്നാൽ കാര്യമായ പുരോഗതി നമുക്ക് കാണാൻ സാധിക്കും
കഴിഞ്ഞ കുറച്ചു ദിവസമായി കേജ്രിവാള്‍ പുറത്തു വിട്ടു കൊണ്ടിരിക്കുന്ന "ആരോപണങ്ങളില്‍" അതിശയകരമായ പുതിയ വിവരങ്ങള്‍ ഒന്നും ഇല്ല നമുക്കൊക്കെ അറിയാം.. ഇതൊക്കെ പബ്ലിക് ഡൊമൈനില്‍ ഉള്ള വിവരങ്ങള്‍, പലരും സ്വകാര്യമായി അടക്കം പറയുന്ന കാര്യങ്ങള്‍ ... ഇതൊക്കെ കൂട്ടി വെച്ചു പത്രസമ്മേളനം നടത്തി വിളിച്ചു പറഞ്ഞു. പക്ഷെ അതിലൊക്കെ ഉപരിയായി നമുക്ക് മനസ്സിലാവേണ്ട ഒരു പരമ പ്രധാനമായ ഒരു കാര്യം അദ്ദേഹം നമ്മുടെ മുന്നില്‍ വലിച്ചു കീറി കാട്ടി തന്നിട്ടുണ്ട് നമ്മള്‍ പലപ്പോഴും ഒരു തമാശയായ് പറയാറുണ്ട് "സാബ് ചോര്‍ ഹേ" "എല്ലാം കള്ളമ്മാരാണ്" എന്നൊക്കെ. അത് എത്രമാത്രം ശരിയാണ് എന്നും എങ്ങിനെയാണ് ഈ ഭൂലോക കള്ളമ്മാര്‍ എല്ലാം ചേര്‍ന്ന് ഈ പരസ്പര സഹായ സഹകരണ സംഘം നടത്തി കൊണ്ട് പോവുന്നത് എന്നും ഈ നാടകത്തിലൂടെ അടിവരയിട്ടു വ്യക്തമാക്കി തന്നു.
ഈ രാജ്യത്ത് ഏതെങ്കിലും ഭരണപരമായ പദവിയില്‍ കയറി ഇരിക്കുന്ന ഭൂരിഭാഗം നേതാക്കന്മാരുടെയും ജീവിത ശൈലിയില്‍ ഭരണം കൈവന്ന ശേഷം വരുന്ന മാറ്റങ്ങള്‍ ആരെങ്കിലും നോക്കിയിട്ടുണ്ടോ.. ഉടുതുണിക്ക് മറുതുണി ഇല്ലാതെ നടക്കുന്നവന്റെ കൈയ്യില്‍ ഭരണക്കസേര കൊടുക്കുന്നത് ഒരു രാത്രി വെളുക്കും മുമ്പ് കുബെരനായി മാറ്റുന്ന മന്ത്രവടി ആണ്...
നിര്‍ഭാഗ്യവശാല്‍ ഏതെങ്കിലും ഒരു ഫൈവ് സ്റാര്‍ ഹോട്ടലില്‍ ഒരു തീപ്പിടുത്തമോ ഭീകരാക്രമാണമോ ഉണ്ടായാല്‍ അറിയാം അവിടെ എത്ര അധസ്ഥിത വരഗങ്ങളുടെ സംരക്ഷകരാണ് മൃഷ്ട്ടാന്നവും അത്താഴവും ഭുജിച്ചു രാപ്പാര്‍ക്കുന്നത് എന്ന്. വധേര ഈ രാജ്യത്തിന്റെ ഏറ്റവും തലപ്പത് കിടന്നു കളിക്കുന്നു. അതിന്റെ ചെറു പകര്‍പ്പുകള്‍ ആയ എത്ര വധെരമാര്‍ ആണ് അലക്കി തേച്ച ഖദറും, പച്ച ചിരിയുമായി പഞ്ചായത്ത് മുതല്‍ ഈ രാജ്യത്ത് കറങ്ങി നടക്കുന്നത്.. പട്ടിണി കിടന്നും പച്ചവെള്ളം കുടിച്ചും രാഷ്ട്രീയ പ്രവേശം നടത്തിയവരുടെ മക്കള്‍ ലക്ഷങ്ങള്‍ കൊടുത്ത് വിദ്യാഭ്യാസം വാങ്ങി എടുക്കുന്നതും, മുതലാളിമാരുടെ ആപ്പീസില്‍ വൈസ് പ്രസിടെന്തിമാരായി വിലസുന്നതും, അവരുടെ മാതാ പിതാക്കള്‍ അദ്ധ്വാനിച്ചുണ്ടാക്കിയ തുട്ടു കൊണ്ടല്ല എന്ന് മനസ്സിലാക്കാന്‍ പാഴൂര്‍ പടിക്കല്‍ ഒന്നും പോണ്ടാ..
ഇവിടെ യൂപ്പിയെ നടത്തുന്ന അഴിമതിയെ പറ്റി എന്‍ ഡി യെക്കും, ഇടതു പക്ഷത്തിനും, അവര്‍ നടതുന്ന അഴിമതികളെ പറ്റി യൂപിയെക്കും വ്യക്തമായ ബോധം ഉണ്ട്.. ഇന്നലെ ടി വിയില്‍ ഇരുന്നു ദിഗ്വിജയ് സിംഗ് പറഞ്ഞ ഒരു കാര്യം ആരെങ്കിലും ശ്രദ്ധിച്ചോ.. "ഞങ്ങള്‍ക്കറിയാം വാജ്പെയുടെ "മരുമകന്‍" കാണിച്ച അഴിമതികള്‍... അതിനു ഞങ്ങളുടെ കൈയ്യില്‍ വ്യക്തമായ തെളിവുകള്‍ ഉണ്ട്... പക്ഷെ "എത്തിക്സിനു" നിരക്കാത്തത് കൊണ്ടാണ് ഞങ്ങള്‍ ആ ആരോപണങ്ങള്‍ പബ്ലിക് ആയി ഉന്നയിക്കാത്തത്" എന്ന്.. എന്താണ് അവര് പറയുന്ന ആ "എത്തിക്സ്".. അത് മറ്റൊന്നുമല്ല, പരസ്പരമുള്ള ഈ "അശ്ലീല സന്തുലനം"... വധെരക്ക് മുലായം പുറം ചൊറിഞ്ഞു കൊടുക്കുന്നു, മുലായത്തിന് ദിഗ്വിജയ് സിംഗ്, ആ ദിഗ്വിജയിനു ചൊറിഞ്ഞു കൊടുക്കാന്‍ ശരദ് പവാര്‍, പവാറിന്, ഗദ്കാരി, ഗദ്കാരിക്ക് അജിത് പവാര്‍, അജിത് പവാറിന് നിതീഷ് കുമാര്‍.... അങ്ങിനെ അങ്ങിനെ ചങ്ങലകള്‍ ആയി അവര്‍ തങ്ങളുടെ പരസ്പര സഹായ സഹകരണ സംഘം കൊണ്ട് നടക്കും.. ചാനല്‍ സ്റ്റുഡിയോയില്‍ ഇരുന്നു അങ്ങോട്ടും, ഇങ്ങോട്ടും വലിയ ഗീര്‍വാണ ശരങ്ങള്‍ എയ്തെറിയും... ആരോപിക്കും.. പിന്നെ നമ്മുടെ മുന്നില്‍ കമ്മറ്റികളും കമ്മീഷനുമായി ഒരു പൊറാട്ട് നാടകം അടുത്ത ഒരു മൂന്ന് നാല് കൊല്ലത്തേക്ക്, കുറച്ചു എം പി മാര്‍ക്കും, അല്ലെങ്കില്‍ റിട്ടയര്‍ ചെയ്ത വക്കീലമാര്‍ക്കും തേച്ചുകുളിക്കും, പിണ്ട തൈലതിനും ഉള്ള കോപ്പ് അങ്ങ് പൊതു ഖജനാവില്‍ നിന്നങ്ങു ചാര്‍ത്തി കൊടുക്കും... നാലഞ്ചു കൊല്ലം അന്വേഷണ മാമാങ്കം.. ഇതൊക്കെ കഴിഞ്ഞു നടന്ന അഴിമതിയേക്കാള്‍ പത്തിരട്ടി "അന്വേഷണത്തില്‍" തുലച്ചു കഴിയുമ്പോള്‍ തെളിവിന്റെ അഭാവത്തില്‍ ക്ലീന്‍ ചിറ്റ് എഴുതി വാങ്ങി വിജയശ്രീലാളിതനായി ആണ്ടിപെട്ടി രാജ വീണ്ടും സിംഹാസനത്തില്‍ ഇരുന്നു നമ്മെ നോക്കി പല്ലിളിക്കും... കഴിഞ്ഞ അറുപതു വര്‍ഷമായി നമ്മുടെ രാജ്യത്തെ വ്യവസ്ഥയെ ഈ കറക്കു കമ്പനി ചേര്‍ന്ന് കൂട്ട ബലാല്‍സംഘം ചെയ്തു എണീറ്റ് നടക്കാന്‍ പോലും പറ്റാത്ത രീതിയില്‍ ആക്കി വെച്ചിരിക്കയാണ്.. ഒരു ഏമാന്‍ തീപ്പെട്ടാല്‍ അവന്റെ മക്കളും മരുമക്കളും ആയി ഒരു പടയും റെഡിയായി ഇരിക്കും കസേരക്ക് അവകാശികള്‍ ആയി... എല്ലാം ഗോമ്പ്ലിമെന്റ്സ് ... ഗോപിയാവാന്‍ നമ്മളും... ലോക്പാല്‍ എന്തിനാ ...ഇപ്പോഴുള്ള നിയമങ്ങളും വ്യവസ്ഥകളും തന്നെ അഴിമതി നിയന്ത്രിക്കാന്‍ ധാരാളമല്ലേ എന്ന് എല്ലാവരും ചോദിച്ചില്ലേ.... ഇതാ ഇതിനാണ്... ആ നിയമങ്ങളെയും വ്യവസ്ഥകളെയും ഒക്കെ മയിലെണ്ണ ഇട്ടു ഒടിച്ചു വളച്ചു വെച്ചിരിക്കയാണ് ... അത് കൊണ്ട് ഈ രാജ്യം മുഴുവന്‍ തീറെഴുതി വിറ്റാലും ഒരൊറ്റ രാഷ്ട്രീയ കള്ളനെയും ഈ ഇന്ത്യാ മഹാരാജ്യത് ശിക്ഷിക്കാന്‍ പറ്റില്ല... അത് കൊണ്ടാണ് വ്യവസ്ഥയില്‍ മാറ്റം വേണം എന്ന് പറയുന്നത്... ശക്തമായ ഒരു സംവിധാനം വരണം എന്ന് പറയുന്നത്...
എനിക്ക് തോന്നിയിട്ടുള്ളത് ഇതുവരെ ചെയ്തെ സമരങ്ങളെക്കാല്‍.. ലോക്പാലിന്റെ ആവശ്യകതയെക്കുറിച്ച് ഏറ്റവും ശക്തമായി ജനങ്ങളുടെ മനസ്സില്‍ എത്തിക്കാന്‍ ഈ നാടകം കൊണ്ട് കേജ്രിവാലിനു കഴിഞ്ഞിട്ടുണ്ട് എന്നാണു.. അങ്ങേരും ഒരു പക്ഷെ ഈ കറക്കു കമ്പനിയുടെ ഭാഗം ആയേക്കാം... നാളെ.. പക്ഷെ അങ്ങനെ ആവും വരെ നമുക്ക് എന്തെങ്കിലും നേടി എടുക്കാമോ എന്ന് നോക്കാം.. ഇനി അങ്ങേര വശം മാറുമ്പോള്‍ വേറെ ഒരു കേജരിവാലുണ്ടാവും എന്ന് പ്രതീക്ഷിക്കാം
കാസനോവക്ക് കേറി തല വെക്കാന്‍ കേരളത്തിന് പുറത്തുള്ള നിര്‍ഭാഗ്യവാന്മാര്‍ക്ക് ഒരാഴ്ച കൂടി സമയം കൊടുക്കാം എന്ന് കരുതിയ പോലെ ഈ രണ്ടാം കളി ആഴ്ച ഒന്ന് വൈകിയാ കേരളത്തിന് പുറത്തു കൊണ്ട് വിളമ്പിയത്... ഏത് അക്രമവും സഹിക്കാന്‍ ഉള്ള മനക്കരുത് കാസനോവ നല്‍കിയിട്ടുള്ളത് കൊണ്ട് ഇവിടെയും പിടി കൊടുക്കാന്‍ വലിയ മടി ഒന്നും തോന്നിയില്ല... പിന്നെ ചെറിയ ഒരു പ്രതീക്ഷ ബാക്കിവെച്ച തരക്കേടില്ല എന്ന് തോന്നിയ ട്രേലറും കണ്ടിരുന്നു.
കൊല്ലങ്ങള്‍ പലതായി സത്യ ഇറങ്ങിയിട്ട്... സുബ്രമണ്യപുരവും. പരുത്തിക്കുരുവും (സോറി, പരുത്തിവീരനും) പിണ്ണാക്കുമൊക്കെ നമ്മള്‍ കണ്ടു തള്ളിയിട്ട്. അത് കഴിഞ്ഞു മുല്ലപ്പെരിയാറില്‍ നിന്നും എത്ര വെള്ളം ഒഴുകി പോയി. എന്നിട്ടിപ്പോളും മലയാളിപുതുമയുടെ വഞ്ചി ആ തിരുനക്കര കടവത്തു തന്നെ കെട്ടി കിടത്താന്‍ തന്നെയാണ്, ശ്രീമാന്‍ ശ്രീനാഥ് രാജേന്ദ്രന്റെ ശ്രമം. അതിനാണെങ്കില്‍ അദ്ദേഹത്തിനു ആശിര്‍വാദം കിട്ടിയിരിക്കുന്നത് വെറും ഒരു ചെറു ഇടവക പള്ളി വികാരിയുടെ അല്ല. മലയാള സിനിമയുടെ ഉടയോനായ മാര്‍പാപ്പയുടെ തന്നെയാണ്.. തന്റെ ഇളംകൂറപ്പന്റെ പട്ടാഭിഷേകവും പടിയേറ്റും നടത്തി അരിയിട്ട് വാഴിക്കാന്‍.
ഇതൊരു വെറും സാമ്പിള്‍ ഡോസ് ആണ് എന്നും ശരിക്കുള്ള കളി അടുത്ത് തന്നെ പുറത്തിറങ്ങാന്‍ അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നെന്നും പാണന്മാര്‍ പാടി നടക്കുന്നത് കേട്ട് അറിയാമായിരുന്നു. റോള്‍സ് റോയ്സ് ചാവി ചെക്കന് കൈമാറും മുമ്പ് വണ്ടി ഓട്ടം തട്ടിച്ചും മുട്ടിച്ചും ഒക്കെ പഠിക്കാന്‍ ഒരു മാരുതി 800 കീ വാപ്പച്ചി തല്‍ക്കാലം കൈയ്യില്‍ വെച്ച് കൊടുത്ത പോലെ. ഇനി വല്ല തട്ടലോ മുട്ടലോ ആയാലും കാര്യമായി തന്റെ പോക്കെറ്റിന് തട്ടുകെടോന്നും വരില്ല എന്ന സേതുരാമയ്യരുടെ കുശാഗ്രബുദ്ധി അഥവാ കച്ചവട മനശാസ്ത്രം.. പക്ഷെ നല്ല മുട്ടന്‍ ഹെഡ് ഓണ്‍ കോളിഷന്‍ കിട്ടിയാല്‍ മാരുതിയിലുള്ള ഒരുത്തനും പുറത്തെടുക്കാന്‍ ഉണ്ടാവില്ല എന്ന് മനസ്സിലാക്കിയത് കൊണ്ടാവും വലിയ ബുള്‍ഡോസരും പാണ്ടിലോറിയും ഒക്കെ ഓടിച്ചു പോയി റോഡ് ഒന്ന് കാലിയടിച്ചപ്പോള്‍ ആണ് വണ്ടി, മോന് റോട്ടില്‍ ഇറക്കാന്‍ കൊടുത്തത്.
ഇത്തരം ജോനരുകളില്‍ ഉള്ള പടങ്ങള്‍ക്ക് വേണ്ടത് ഗതിവേഗം ആണ് ... നല്ല റോളര്‍ കോസ്റെറില്‍ കയറി മാനം മുട്ടെ ഉയര്‍ന്നു കയറിയും ആ പോക്കത്ത് നിന്നും അതിദ്രുതം താഴോട്ടു പതിച്ചും, കാഴ്ചക്കാര്‍ക്ക് കസേരയില്‍ അമര്‍ന്നിരിക്കാന്‍ ഇട കൊടുക്കാത്ത തരത്തിലുള്ള ഗതിവേഗം.. പക്ഷെ ഈ വണ്ടി ഓടുന്ന വഴി നല്ല കുണ്ടും കുഴിയും നിറഞ്ഞ തൃശ്ശൂര്‍ പാലക്കാട് റോഡ് ആണ്..ഇവിടെ ഒരു മുപ്പതു നാല്പതു വിട്ടു വണ്ടി കേറി പോവുന്ന പ്രശ്നമില്ല.. കാണുന്നവന് ആവട്ടെ പഴയ ലാമ്പി ഓട്ടോറിക്ഷയില്‍ ഇരിക്കുന്ന പ്രതീതിയും... ആദ്യ ദൃശ്യത്തില്‍ തന്നെ നായകന്‍ കാണികള്‍ക്ക് മുന്നില്‍ എത്തുന്ന ഈ കുപ്പി തുറന്നപ്പോള്‍ തന്നെ കേട്ട് മടുത്ത പഴങ്കഥയുടെ പുളിച്ച നാറ്റം അടിച്ചു. അച്ഛനില്ലാത്ത നായകന്‍, പണിയില്ലാത്തതു കൊണ്ട് നേരെ കൈയും കാലും വെട്ടുന്ന കമ്പനിയില്‍ ചേരുന്നു, പതിവുപോലെ മണല്‍ കടത്ത്, വണ്ടി പിടുത്തം തുടങ്ങിയ കുടില്‍ വ്യവസായങ്ങളിലൂടെ അവന്‍ അധോലോകത്തിന്റെ ചട്ടുകം ആയി മാറുന്നു, പിന്നെ ക്ഷണനേരം കൊണ്ട് ദിസൈനെര്‍ ജാക്കെറ്റുമായി വിലസുന്ന രാജാവിന്റെ മകന്‍ രാജുമോന്റെ അണ്ടെര്‍വേള്‍ഡ് പ്രിന്‍സും, മുഴത്തിനു ഒന്ന് പോലെ കുത്തും വെട്ടും നല്ല ചൊവ ചൊവന്ന ചോരപ്പൂക്കളങ്ങളും, ആഘോഷത്തിനു മേമ്പോടിയായി മലയാളിയുടെ ദേശീയോത്സവമായ വൈകീട്ടുള്ള പരിപാടിയും.. പതിവുപടി ഒടക്കി ഒടക്കി ലൈനില്‍ വീഴുന്ന ഒരു ഒടങ്കോല്ലി മന്ദബുദ്ധി നായികയും .. കുറെ അലവലാതി കൂട്ടുകാരും.... കഥ അവിയല്‍ റെഡി..തൊട്ടുകൂട്ടാന്‍ ശരിക്കുള്ള അവിയലിന്റെ തട്ടും കൊട്ടും,....ഓ അതിന്റെ കൂട്ടത്തില്‍ ഒന്ന് കുറിക്കാന്‍ വിട്ടു..മാര്‍ട്ടിന്‍ സ്കൊര്സേസ്സിക്ക് ചെറുതായൊന്നു പഠിച്ചു നോക്കിയ പോലെ "ഞാന്‍ ശി ഐ ഡി നശീര്‍" എന്നും പറഞ്ഞു ചാടി വീഴുന്ന അണ്ടര്‍കവര്‍ കോപ്പ് (കോപ്പാണ് പോലും)
ഇതേ നായകനെയും, ഇതേ ഉപഗ്രഹങ്ങളെയും, കാമുകിയേയും, വില്ലനെയും, അമ്മയെയും, അമ്മിക്കല്ലിനെയും ഒക്കെ എത്ര കാലമായി നമ്മള്‍ സിനിമകളില്‍ കാണുന്നു. ഇനി എന്താ ക്ലൈമാക്സിലെ ആ ട്വിസ്റ്റ്... നാട്ടുകാരാരും തന്നെ സുബ്രമണ്യപുരം കണ്ടിട്ടില്ലല്ലോ... ഗംഭീരം തന്നെ.. രോമാഞ്ചം വരുന്നു... കൊറിയന്‍, ഹോളിവൂഡ് പടങ്ങളെ അടിച്ചുമാറ്റി കോക്ടെയില്‍ ഉണ്ടാക്കി ചാപ്പയും കുരിശുമൊക്കെ പണിയുന്ന മച്ചാന്മാരോട് കുറച്ചു കാലമായി സുബ്രമണ്യജ്വരം പിടിച്ചു കിടക്കുന്ന മാഷുമാരിലാരോ ചോദിച്ചു, "അങ്ങോട്ട് തമിഴിലേക്ക് നോക്കു. ആ സുബ്രഹ്മണ്യപുരം കണ്ടില്ലേ? എന്തിനാ ഇംഗ്ലീഷും കൊറിയെന്നുമൊക്കെ അടിച്ചു മാറ്റുന്നത്?" കേട്ട പാതി കേക്കാത്ത പാതി അണ്ണന്‍മാര് സുബ്രഹ്മണ്യപുരം തന്നെ അങ്ങാട് അടിച്ചു മാറ്റി. ഇനിയാരും ചോദിക്കില്ലല്ലോ. പക്ഷെ ഒരു കാര്യം മാത്രം അങ്ങട്ട് മറന്നു .. ശശികുമാറും
സമുദ്രക്കനിയുമൊക്കെ ഒരു ലോജിക്കിന്റെ പുറത്താ സുബ്രമണ്യപുരം പണിതത്..
പക്ഷെ ഇവിടെ അതല്ല സ്ഥിതി.
മലയാള സിനിമ കാണുമ്പോള്‍ പോളണ്ടിനെ പോലെ ലോജിക്കിനെക്കുറിച്ചും ചോദിക്കരുത് എന്ന സമ്പ്രദായം നിലവില്‍ വന്നിട്ട് കാലം കുറച്ചായി.. എന്നാലും മരുന്നിനു കുറച്ചൊക്കെ ഒരു ബഹുമാനം ലോജിക്കിനും കൊടുക്കുന്നത് നല്ലതാണ് എന്ന് ഒരു ചിന്ന അഭിപ്രായം എനിക്കുണ്ട്. പക്ഷെ ഇവിടെ അത്തരത്തിലുള്ള യാതൊരു നിര്‍ബന്ധവും സംവിധായകനും തിരക്കഥ എഴുതിയ ആള്‍ക്കും ഇല്ല എന്നുറപ്പ്. ആദ്യം ബസ് സ്റ്റോപ്പില്‍ കാണുന്നവനോട് സംസാരിച്ചു തുടങ്ങുമ്പോള്‍ (അതും അയാള്‍ നായകനോട് സംസാരിക്കാന്‍ വലിയ താല്പര്യം ഒന്നും കാണിക്കാത്ത വൈയ്റ്റ് ഇട്ടു നിക്കുന്ന ഒരു ടാവ്) ജയിലില്‍ നിന്നുള്ള വരവടക്കം തന്റെ ജീവിതകഥ വിളമ്പുന്ന ആഖ്യാനരീതിയില്‍ തന്നെ തിരക്കഥാകൃത്തിന്റെ കൈയ്യടക്ക കുറവ് വ്യക്തമാക്കും. അത് പോലെ തന്നെ വിഷ്ണു ബുദ്ധന്റെ മകനെ ചുമ്മാ എടുത്തടിച്ചു പ്രശ്നം സൃഷ്ടിക്കുന്നതിലും, അല്ല ഇത്തരം കൊട്ടഷന്‍ പാര്‍ട്ടികള്‍ക്ക് ബുദ്ധി കുറവാണ് എന്ന് വിചാരിച്ചാല്‍ പോലും ദഹിക്കാന്‍ ഇത്തിരി വിഷമമാണ് .. കണ്ണടച്ച് തുറക്കുന്ന ക്ഷണത്തില്‍ കോടി കെട്ടിയ വിഷ്ണു ബുദ്ധന്റെ കച്ചവട
പങ്കാളികള്‍ ഒക്കെ അങ്ങ് കളം മറിഞ്ഞു ചവിട്ടുന്നതിലും, എട്ടാം ക്ലാസ്സും
ഗുസ്തിയും ആയവന്‍ എട് പിടി എന്ന് പറഞ്ഞ കണക്കിന് ഡിസൈനര്‍ ജാക്കെട്ടുകളില്‍ കയറുന്നതിലും ഒക്കെ കല്ല്
കടിക്കുന്നുണ്ട്.... അങ്ങിനെ കഥയില്‍ വരുത്തുന്ന വഴിത്തിരിവുകള്‍ ഓരോന്നും ഏച്ചുകൂട്ടലാണ് എന്ന് കാണുന്നവര്‍ക്ക് തോന്നും. അത് പോലെ തന്നെ പല സമയത്തും നായകന്‍റെ സോഫെസ്ടിക്കേഷന്‍, അയാള്‍ ഇംഗ്ലീഷ്
പദങ്ങള്‍ എടുത്തു പറയുമ്പോള്‍ ആക്സെന്റില്‍ നമുക്ക് പിടി തരും.
ബാബുരാജ് ഹാസ്യനടനായി ജ്ഞാനസ്നാനം കഴിഞ്ഞാണ് വന്നതെങ്കിലും അദ്ദേഹം തന്റെ അതുല്യഭാവപ്രകടനങ്ങള്‍ പുറത്തെടുത്തു തുടങ്ങും മുമ്പ് തന്നെ അഭിനയിച്ച രണ്ടു വേഷങ്ങളെയും കൊന്നു കളഞ്ഞത്കൊണ്ട് നമുക്കങ്ങു ശരിക്കും ചിരിച്ചു മരിക്കാന്‍ ഒക്കില്ല.. അതിനു പകരം നമ്മളെ ചിരിപ്പിച്ചേ അടങ്ങൂ എന്ന വാശിയോടെ വന്ന കുരുടി എന്നോ മറ്റോ പേരുള്ള മറ്റൊരു അവതാരം സിനിമയില്‍ ഉടനീളം നമ്മുടെ ഞരമ്പിനു പിടിച്ചു വിലസുന്നുണ്ട്. ഇയ്യാളെ ഒന്ന് മൂക്ക് കയര്‍ ഇടാന്‍ ആരുമില്ലേ എന്ന് ആരും അറിയാതെ ചോദിച്ചു പോവും... ചങ്ങാതിയുടെ ഞെക്കി തുറുപ്പിച്ച ഹാസ്യാഭിനയം കണ്ടാല്‍. രോഹിണിയും കുഞ്ചനും സുദേഷ് ബെറിയും മാത്രമേ പിന്നെ കണ്ടു പരിചയം ഉള്ള നടീനടന്മാര്‍ ആയി മുഖം കാണിക്കുന്നുള്ളൂ.. അതില്‍ രോഹിണിയുടെ സെന്റിമെന്റ്സ് രംഗങ്ങള്‍ വരുമ്പോള്‍ ഷെഹനായി അടിച്ചത് സീരിയസ് ആയിട്ടാണെങ്കില്‍ പരമ ബോറായി, തമാശക്കാണെങ്കില്‍ അത് ത്രീ ഇടിയറ്സില്‍ നിന്നും കോപ്പിയടിയും ആയി.. ഇങ്ങനെ ഒക്കെ പറയുമ്പോഴും ഒരു കാര്യത്തില്‍ ദോഷം പറയരുതല്ലോ. യുവരാജാവ് നല്ല പണിയറിയുന്ന തച്ചന്മാരുടെ കൈയ്യില്‍ കിട്ടിയാല്‍ പാസ്സ് മാര്‍ക്ക് വാങ്ങി കടന്നു കൂടും എന്ന് തോന്നുന്നു.. അതിനുള്ള വെടിയും പുഹയുമൊക്കെ സ്റൊക്കുണ്ട്. സ്ഥായിയായ ഭാവം മസിലുപിടിയായത് കൊണ്ട് ഈ പാര പ്രിഥ്വിക്കാണ് എന്നാണു ആദ്യ വിലയിരുത്തല്‍
പടത്തിന്റെ ടൈറ്റില്‍ കാര്‍ഡ് അടിക്കുമ്പോള്‍ കാണിക്കാന്‍ ഷൂട്ട് ചെയ്തു വെച്ച് പിന്നീട് ഒഴിവാക്കിയ രംഗം: സംവിധായകന്റെ പൂജാമുറി, ഫ്രെയിം ചെയ്തു വെച്ചിരിക്കുന്ന നാല് ഫോട്ടോകള്‍, അതിനു മുമ്പില്‍ ധ്യാന നിമഗ്നനായി കൈയ്യില്‍ മണിയുമായി അദ്ദേഹം ... "ഓം രാം ഗോപാല്‍ വര്‍മ്മായ നമഹ... ഓം ശശികുമാരായ നമഹ... ഓം സമുദ്രക്കനിയായ നമഹ... ഓം ക്വെന്റിന്‍ ടാരന്റിണോആയ നമഹ.."
അടിക്കുറിപ്പ്: മധ്യവയസ്സുകഴിഞ്ഞ സൂപ്പര്‍ താരങ്ങളും, സൂപ്പര്‍ സംവിധായകരും ഒക്കെ മാറി നില്‍ക്കണം എന്ന് പറയുമ്പോള്‍ നമ്മള്‍ ഓര്‍ക്കേണ്ട ഒരു കാര്യം ഉണ്ട്... ഇതുവരെ കണ്ട പുതുനാമ്പുകളില്‍ ഒന്നിന് പോലും അങ്കിള്മാര് ഇനി ഒന്ന് മാറി നിന്നേ ഞങ്ങള്‍ പിള്ളേര് പുതിയ കളി കളിച്ചു കാട്ടി തരട്ടെ എന്ന് ആത്മവിശ്വാസത്തോടെ പറയാന്‍ കഴിയുമെന്ന് എനിക്ക് തോന്നിയിട്ടില്ല. ഇതുവരെ കണ്ടിട്ടുള്ള പിത്തളയും പാട്ടയുമൊക്കെ ഒന്ന് തിളങ്ങിക്കിട്ടാന്‍ നല്ല പോലെ പഴയ പുളിയിട്ടു ഒരു പാട് ഉരച്ച് തള്ളേണ്ടി വരും..
ഇതാ യേശു വിപ്ലവകാരിയോ അല്ലയോ.... വിവാദങ്ങള്‍ക്കായി നാക്ക്
നീട്ടിയിരിക്കുന്നാ പണിയില്ലാ മലയാളിക്ക് മുമ്പില്‍ സഖാവ് മറ്റൊരു
എല്ലിന്തുണ്ട് കൂടി നീട്ടിയെറിഞ്ഞിരിക്കുന്നു.. അത് വന്നു നിലം മുട്ടും
മുമ്പേ ചാടി എടുത്തു കടിപിടി കൂടാന്‍ പ്രബുദ്ധ കേരളത്തിന്റെ പങ്കപ്പാടുകള്‍... എന്തൊക്കെ കാണിച്ചു പൊതുജന
കഴുതയെ മയക്കി ഇരുത്തും എന്ന് കരുതിയിരിക്കുന്ന മാധ്യമ കുറുക്കന്മാര്‍ അത് പഞ്ഞകാലത്തെ ചാകരയാക്കുന്നു.
പൊന്നാങ്ങള പടമായാലും വേണ്ടില്ല നാത്തൂന്‍ കാറിക്കരയണതു കാണണം എന്ന
മട്ടില്‍ തീയാളാന്‍ എണ്ണയൊഴിച്ച് വിടുന്ന "രാഷ്ട്രീയ മിത്രങ്ങള്‍" (കക്ഷി രാഷ്ട്രീയത്തില്‍
ശത്രുക്കളില്ല എന്നതാണ് വാസ്തവം... അവരൊക്കെ ഒരു വലിയ കുടുംബമാണ്.. നീ
എന്റെ പുറം ചൊറിയു ഞാന്‍ നിനക്ക് ചൊറിഞ്ഞു തരാം എന്ന് പറഞ്ഞു ഈ കറക്കു
കമ്പനി കൊണ്ട് നടത്തുന്ന കള്ളക്കൂട്ടം). അനാവശ്യ വിവാദങ്ങളില്‍ പുര
കത്തിക്കുംബോഴല്ലേ അവര്‍ക്ക് എല്ലാവരുടെയും ശ്രദ്ധ തിരിച്ചു കഴുക്കോല്‍ ഊരാന്‍
പറ്റുകയുള്ളൂ.
നമ്മുടെ ഒക്കെ വിലപ്പെട്ട സമയം അപഹരിച്ചു കൊണ്ട് ഇവിടെ ചര്‍ച്ച ചെയ്തു
കൊണ്ട് വരുന്ന വിവാദങ്ങളില്‍, തൊണ്ണൂറ്റി ഒമ്പത് ശതമാനവും
നമ്മുടെ ദൈനംദിന ജീവിതത്തില്‍ അതുണ്ടാവുന്നതുകൊണ്ട് യാത്രൊരു പ്രയോജനവും ഇല്ലാത്ത അനാവശ്യ
വിഷയങ്ങളില്‍ ആണ്. എന്നിരുന്നാലും അങ്ങിനെ പറഞ്ഞു അവയെ എല്ലാം തീര്‍ത്തും അവഗണിക്കാനും സാധിക്കില്ല. ഇതിനെക്കുറിച്ച് കാര്യമായി ചിന്തിക്കുമ്പോള്‍ നമ്മുടെ മനസ്സില്‍
തോന്നാവുന്ന ഒരു ചോദ്യം ഇത്തരം അനവസരത്തിലുള്ള പ്രയോജനരഹിതമായ വിവാദങ്ങള്‍
കൊണ്ട് ഇത് സൃഷ്ടിക്കുന്നവര്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ എന്ത്
എന്നാതാണ്.. ഒറ്റ നോട്ടത്തില്‍ അനാവശ്യം എന്ന് തോന്നുന്നുന്ടെകിലും ഇത്തരം
പല വിവാദങ്ങളുടെയും പിറകില്‍ വ്യക്തമായ ഒരു അജണ്ട ഉണ്ട്..കാതലായ
പ്രശ്നങ്ങളില്‍ നിന്നും സാമാന്യ ജനത്തിന്റെ ശ്രദ്ധ തിരിച്ചുവിടാനാണ് ഏറ്റവും അധികം വിവാദങ്ങള്‍ ചമയ്ക്കപ്പെടുന്നത് എന്നതാണ് വാസ്തവം. പഴകി പതിഞ്ഞ ഒരു ചാണക്യതന്ത്രം.
ഇനി "വിപ്ലവകാരിയായ യേശു" എന്ന വിവാദം തന്നെ എടുക്കാം. ഈ ഒരൊറ്റ വിവാദം കൊണ്ട് സഖാവ് പല മരങ്ങള്‍ക്കൊരുമിച്ചാണ് കല്ലെറിഞ്ഞിട്ടുള്ളത്. ആദ്യമരം പിറവത്തെ വോട്ടര്‍ തന്നെ..പിന്നെ അപ്പുറത്ത് പാര്‍ട്ടി കോണ്‍ഗ്രസ്, അതിന്റെ അപ്പുറത്ത് ആസ്പത്രി ഉടമകള്‍... അങ്ങിനെ പോകുന്നു കളികള്‍. ഒന്നാലോചിച്ചു നോക്കൂ, വികസനം, അഴിമതി, സാമൂഹ്യ നീതി, തുടങ്ങിയ വിഷയങ്ങളെ പറ്റി വേവലാതിപ്പെടേണ്ട പിറവം
വോട്ടര്‍ ഇനി എന്ത് ചര്‍ച്ച ചെയ്യും? പ്രസ്ഥാനതിലുണ്ടാവുന്ന മൂല്യ ശോഷണത്തെ പറ്റിയും, വിഭാഗീയതയെ പറ്റിയും, നയ
രൂപീകരണത്തെ പറ്റിയും ഒക്കെ ചര്‍ച്ച ചെയ്യേണ്ട പാര്‍ട്ടി കൊണ്ഗ്രെസ്സില്‍
ഇപ്പോള്‍ മുഖ്യ വിഷയം എന്താവും? ഒരു പാട് ശ്രമഫലമായി മെല്ലെ മെല്ലെ ന്യൂസ് റൂമിലും സൈബര്‍ ലോകത്തും ചര്‍ച്ചകളുയര്‍ത്തി പൊതുജനശ്രദ്ധ തങ്ങളുടെ സമരങ്ങളിലേക്ക് എത്തിക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്ന നര്സുമാര്‍ ഇപ്പോള്‍ ആരായി?.... ഇനി ബൈബിളില്‍ മുങ്ങി തപ്പിയും, മൊഴിയും മറു മൊഴിയും വ്യാഖ്യാനിച്ചും
വിവാദ ലഹരിയില്‍ മുഴുകി കേരള സമൂഹത്തിനു കുറച്ചു നാള്‍ ആറാടാം. ഇനി എങ്ങിനെ ഒക്കെ ചര്‍ച്ച
ചെയ്താലും കടിപിടി കൂടിയാലും, യേശു ഒരു വിപ്ലവകാരിയാണോ അല്ലെയോ എന്ന
വിഷയത്തില്‍ ഏതായാലും ഒരു തീരുമാനം ആര്‍ക്കെങ്കിലും എടുക്കാന്‍ പറ്റുമോ?
അവിടെയാണ് ട്രാപ് വെച്ചിരിക്കുന്നത്..
അത് പോലെ തന്നെയാണ് മറ്റു വിവാദ നിര്‍മാതാക്കളുടെയും, സംഭവം കൂടെ നിന്ന് കൊഴുപ്പിക്കുകയും, എതിര്‍ത്ത് നിന്ന് ആക്രമിച്ചു വഷളാക്കുകയും ചെയ്യുന്ന തല്‍പ്പരകക്ഷികളുടെയും ഉദ്ദേശ ലകഷ്യങ്ങള്‍. ഇതിനിടയില്‍ കാണുന്ന ഒരു അപകടകരമായ പ്രവണത
എന്തെന്നാല്‍ മുമ്പൊക്കെ നിരുപദ്രവകാരികള്‍ ആയിരുന്ന പല വിവാദങ്ങള്‍ക്കും ഇപ്പോള്‍ രൂപപരിണാമം സംഭവിച്ചു മുന നീണ്ടുവരുന്നത് നാട്ടില്‍, അല്ലാതെതന്നെ വേര് പിടിച്ചിട്ടുള്ള വര്‍ഗീയ
ധ്രുവീകരണം കൂടുതല്‍ തീവ്രമാക്കുന്നതിനാണ്. ആ നിലക്ക് ഈ വന്നു വീഴുന്ന എല്ലിന്‍ തുണ്ടുകള്‍ക്ക് വേണ്ടി
കാത്തിരിക്കുന്നത് പൊതുജനങ്ങള്‍ മാത്രമല്ല... ചോര മണത്തു നടക്കുന്ന ഒരു
ചെന്നായ്ക്കൂട്ടവും ഉണ്ട് എന്ന് വേണം നമുക്ക് മനസ്സിലാക്കാന്‍. അവര്‍ പക്ഷെ
ആ എല്ലിന്‍ തുണ്ടിനു വേണ്ടിയല്ല കൂട്ടത്തില്‍ കടിപിടി കൂട്ടുന്നത്...
അവര്‍ക്ക് വേണ്ടത് പച്ച മാംസമാണ്. വിവാദങ്ങളുടെ മുമ്പില്‍ മയങ്ങി നില്‍ക്കുന്ന നമുക്ക് ഒരു
പക്ഷെ പലപ്പോഴും ആ ചോരക്കൊതി ദൃശ്യമായി എന്ന് വരില്ല. ഒടുവില്‍ അത് വരുത്തിവെക്കുന്ന വന്‍ ദുരന്തങ്ങള്‍ കണ്ടുകൊണ്ടായിരിക്കും നമ്മുടെ കണ്ണുകള്‍ തുറക്കുക.
ഇനി വേറെ ഒരു രീതിയില്‍ ചിന്തിച്ചു നോക്കൂ, ഇത്തരം വിവാദങ്ങള്‍
ഇല്ലെങ്കില്‍ നമ്മള്‍ എന്ത് ചര്‍ച്ച ചെയ്യും, എന്ന
രീതിയില്‍. ഇത്തരം വിവാദങ്ങളുടെ അസാന്നിധ്യം, നമ്മുടെ ശ്രദ്ധ കാതലായ
പ്രശ്നങ്ങളിലേക്ക് ആയിരിക്കും നീങ്ങുക്ക... അപ്പോള്‍ ആവട്ടെ, ഇത്തരം
അനാവശ്യ വിവാദങ്ങളുടെ നെടു നായകത്വം വഹിക്കുന്നവര്‍ക്ക് അലോസരം
ഉണ്ടാക്കുന്ന പല ചോദ്യങ്ങളും സമൂഹത്തില്‍ നിന്നും ഉയര്‍ന്നു വരും എന്ന്
തീര്‍ച്ച... അവിടെയാണ് അവരെ ഇത്തരത്തിലുള്ള വിവാദ സൃഷ്ടികള്‍ക്ക് പ്രേരിപ്പിക്കുന്നത്...
എല്ലാവരെയും ബീവറേജസ് പ്രചരിപ്പിക്കുന്ന ലഹരിയിലും, ആള്‍ദൈവങ്ങള്‍
നല്‍കുന്ന ഭക്തിയുടെ ലഹരിയിലും മയക്കി കിടത്താന്‍ പറ്റില്ലല്ലോ...
അവര്‍ക്ക് ലഹരി പകര്‍ന്നു നല്‍കാനാണ് ഇത്തരം വീര്യം കൂടിയ വിവാദ രസായനങ്ങള്‍ കാച്ചി കുറുക്കി എടുക്കുന്നത്. അത്
മദ്യത്തിന്റെയും ഭക്തിയുടെയും ലഹരിയില്‍ മയങ്ങാത കഴുതകളെ മയക്കി
കിടത്തിക്കോളും.. അപ്പോള്‍ അവര്‍ക്ക് പുര കത്തിക്കുകയോ.. വാഴ വെട്ടുകയോ...
കഴുക്കോല്‍ ഊരുകയോ .. എന്ത് വേണമെങ്കിലും ആവാം...
ഒന്ന് കാലിടറാന്‍ കാത്തിരുന്ന മാതിരിയാണ്
തമ്പുരാക്കന്മാര്‍ എല്ലാവരും പ്രതികരിക്കുന്നത്. ലങ്കന്‍ ആക്രമണത്തെ സിക്സര്‍ തൂക്കി
ലോകകപ്പ് നേടി തന്നതിന്റെ മണം നമ്മുടെ ചുറ്റില്‍ നിന്നും പോയിട്ടില്ല.. അതിനു മുമ്പ് തന്നെ അവര്‍ക്കൊക്ക ധോനിയുടെ
ചോര വേണം.. മുംബൈ, ചെന്നൈ, ദില്ലി... പോലെയുള്ള ഒരു മഹാനഗരത്തിലെ ഉന്നത
ശ്രേണിയില്‍ നിന്നും ബി സി സി ഐയിലെ ഗോഡ് ഫാദര്‍മാരുടെ ചെറുവിരല്‍ തൂങ്ങി
കയറി വന്നതല്ല ഈ റാഞ്ചിക്കാരന്‍. സ്വന്തം കഴിവ് കൊണ്ട് പടി പടിയായി
പിടിചെടുതതാണ് നായകസ്ഥാനം.. ഗാംഗുലിയോടുള്ള വൈരാഗ്യം മൂത്ത് ചവുട്ടി
പുറത്താക്കിയപ്പോള്‍, കുറച്ചു കാലത്തേക്ക് ആ മുള്‍ക്കിരീടം വെക്കാന്‍ ഒരു
തല എന്ന് മാത്രമേ ബി സി സി ഐ തമ്പുരാന്മാര്‍ ആ തൊപ്പി വെച്ച് കൊടുത്തപ്പോള്‍ കരുതിയിരുന്നുള്ളൂ.. പക്ഷെ
ആദ്യം ട്വന്റി ട്വന്റി ലോകകപ്പ് എടുത്തു ചുംബിച്ചു കൊണ്ട് അവരെ
അമ്പരപ്പിച്ചു കളഞ്ഞു അദ്ദേഹം.. പിന്നെ പടി പടിയായി ഓരോ ക്രിക്കെറ്റ്
പ്രേമികളുടെയും ബഹുമാനം പിടിച്ചു വാങ്ങുകയായിരുന്നു ക്യാപ്ടന്‍ കൂള്‍.
കഴിഞ്ഞ വര്ഷം ലോക കപ്പു നേടിയപ്പോള്‍ ഇന്ത്യന്‍ ടീമിലെ ദൈവങ്ങള്‍ മുതല്‍
നോക്ക് കൂലിക്കാര്‍ വരെ ആഹ്ലാദ നൃത്തം ചവുട്ടിയപ്പോഴും ആ ആരോഹണത്തെ സമചിത്തതയോടെ ഒരു പുഞ്ചിരിയില്‍ ആഘോഷിക്കുക മാത്രമാണ് അദ്ദേഹം ചെയ്തത്.
അവിടെയാണ് ആദ്യമായി ഇന്ത്യന്‍ ടീമില്‍ പക്വത ഉള്ള ഒരു നായകന്‍റെ സാന്നിധ്യം നമ്മള്‍ അറിഞ്ഞത്.
പക്ഷെ നമ്മുടെ എല്ലാം സ്മരണകള്‍,
ഒടുവില്‍ കഴിഞ്ഞ കളി വരെ മാത്രമേ ഉള്ളൂ എന്ന സത്യം നാം വീണ്ടും തെളിയിക്കുന്നു. പതിവ് പോലെ സ്വന്തം കഴിവില്‍ കയറിയ എല്ലാവനെയും ആദ്യം കിട്ടിയ
അവസരത്തില്‍ തന്നെ വലിച്ചു താഴെയിടാനുള്ള നമ്മുടെ വ്യഗ്രത നാം ഇവിടെയും കാണിച്ചു കൊണ്ടിരിക്കുന്നു.. അദ്ധേഹത്തിന്റെ രക്തത്തിനായി മുറവിളി കൂട്ടിക്കൊണ്ടു.. അത് നന്നായി അറിയുന്ന തമ്പുരാന്മാരും അതിനു വഴി ഒരുക്കുന്ന
രീതിയില്‍ തന്നെ ആണ് ചീട്ടിറക്കുന്നത്. പക്ഷെ അവിടെയും അദ്ദേഹം അന്തസ്സും
വിവേകവും കാണിച്ചു. തന്റെ പ്രസ്താവനയിലൂടെ, തനിക്കു തൊപ്പി താഴെ വെക്കാന്‍
ഒരു മടിയുമില്ല എന്ന് തുറന്നടിച്ചു കൊണ്ട്. അവിടെയാണ് തിരിഞ്ഞു നിന്ന്
കസേരയില്‍ അള്ളി പിടിച്ചിരിക്കുന്ന ഓരോ ദൈവങ്ങളില്‍ നിന്നും ഈ
ജാര്‍ക്കണ്ടുകാരന്‍ വ്യത്യസ്തനാവുന്നത്.
ഇനി നമുക്ക് ഇന്നത്തെ സാഹചര്യം ഒന്ന് നോക്കാം..
തുടരെ തുടരെ പരാജയങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ടാണ് വിദേശത്ത് കഴിഞ്ഞ രണ്ടു
ടെസ്റ്റ് പരമ്പരയും കടന്നു പോയത്.. ആദ്യം ഇംഗ്ലണ്ടില്‍ .. പിന്നിതാ
ആസ്ട്രേലിയയില്‍.. ഈ പരാജയങ്ങളില്‍ ക്യപ്ടന്റെ പങ്കു എന്താണ്.... മുന്നൂറു
റണ്‍സില്‍ കൂടുതല്‍ ആസ്ട്രേലിയയില്‍ ഒറ്റ ഇന്നിങ്ങ്സില്‍ പോലും നമുക്ക്
നേടാന്‍ ആയില്ല.. സച്ചിന്‍, സെവാഗ്, ദ്രാവിഡ്, ലക്ഷ്മണ്‍ എന്ന വന്‍
പുലികള്‍ അടങ്ങിയ ബാറ്റിംഗ് നിരയ്ക്ക്. ആകെ ഒരു സെഞ്ചുറി അവസാന
ടെസ്റ്റില്‍ കൊഹ് ലി അടിച്ചത്.. അങ്ങിനെ അമ്പേ പരാജയപ്പെട്ട ഒരു ബാറ്റിംഗ്
നിര വെച്ചു ഇതു ക്യാപ്ടനാണ് മഹാല്‍ഭുതം കാണിക്കാന്‍ സാധിക്കുക. ഗംഭീറും,
സേവാഗും ചേര്‍ന്ന് നേടിയ ഏറ്റവും വലിയ ഓപ്പെനിംഗ് കൂട്ടുകെട്ട് ഇരുപത്തി
ഏഴാണ്... ഒരു ഇന്നിങ്ങ്സില്‍ പോലും ഒരു അടിത്തറ പണിയാന്‍ പരാജയപ്പെട്ട ഒരു
ബാറ്റിംഗ് നിര വെച്ച് സാക്ഷാല്‍ ഒടയതമ്പുരാന്‍
പോലും പച്ച തൊടില്ല.. പിന്നല്ലേ ധോണി.. പിന്നെ ബൌളര്‍മാര്‍... ഇഷാന്ത്
ശര്‍മ എന്ന ഓപ്പെനിംഗ് ബൌളര്‍ ഒടുവിലായി രണ്ടു വിക്കറ്റില്‍ കൂടുതല്‍
എടുത്ത ഒരു കളി ഞാന്‍ മറന്നു. അത് പോലെ വിദേശത്ത് ആദ്യ സീരിസ് കളിക്കുന്ന ഉമേഷ് യാദവില്‍ നിന്നും അധികം പ്രതീക്ഷിക്കുന്നതും ശരിയല്ല... ഇനി ഫീല്‍ടിന്ഗോ.. കാലില്‍ അമ്മി കെട്ടിയ
പോലെയും കൈയ്യില്‍ വെണ്ണ തേച്ച പോലെയും ആണ് നാല്പതു തികയുന്ന സട കൊഴിഞ്ഞ
സിംഹങ്ങള്‍ കളിക്കളത്തില്‍ നിന്നിരുന്നത്.. ലക്ഷ്മണ്‍ കൈവിട്ട ക്യാച്ച് കളെ
പറ്റി ആരും അധികം സംസാരിച്ചു കണ്ടില്ല... പോണ്ടിങ്ങും ക്ലാര്‍ക്കും
അടിച്ചു കയറിയ രണ്ടാം ടെസ്റ്റില്‍, രണ്ടു പേര്‍ക്കും ദാനം ചെയ്തത് ഈരണ്ടു
ലൈഫ് ആണ്... അതും ആദ്യ മൂന്നു വിക്കെറ്റുകള്‍ പെട്ടന്ന് വീഴ്ത്തി മേല്‍ക്കൈ
നേടിയ ശേഷം.. കഴിഞ്ഞ ട്വന്റി ട്വെന്റി മാച്ച് എട്ടു വിക്കറ്റിനു നാം
ജയിച്ചപ്പോള്‍ ടീം ഫീല്‍ഡ് ചെയ്യുന്നത് കണ്ടോ? ചെറുപ്പം പിള്ളേര്‍ ചാടി
വീണു തടയുന്ന റണ്ണുകള്‍, എടുക്കുന്ന ക്യാച്ച് കള്‍, നേടുന്ന
റണ്നൌടുകള്‍.... അവിടെ ആ വ്യതാസം വിവരമുള്ളവര്‍ക്ക് മനസ്സിലാകും..
എല്ലാവര്ക്കും സുവര്‍ണ കാലഘട്ടം ഉണ്ട്.. മൂന്ന് സട കൊഴിഞ്ഞ സിംഹങ്ങളെ
ഒരുമിച്ചു കളിപ്പിക്കുന്നതിലെ റിസ്ക് ഏറ്റവും കൂടുതല്‍ കാണുന്നത്
ഫീല്ടിങ്ങില്‍ ആണ്. പ്രായതോടൊപ്പം റിഫ്ലെക്സ് കുറഞ്ഞു വരുന്നതിന്റെ ഉത്തമ
ദൃഷ്ടാന്തം ആണ് വന്‍ മതില്‍ ചോര്‍ന്നു ഏഴു തവണ കുറ്റി ഊരി തെറിച്ചത്.
ഇവിടെ ക്യാപ്ടന്‍ എന്ത് തെറ്റ് ചെയ്തു. ഇനി ഈ ക്യാപ്ടനെ കൂടാതെ അല്ലെ അവസാന
ടെസ്റ്റ് കളിച്ചത്.. അവിടെ എന്ത് സംഭവിച്ചു?.
ഇനിയാണു വിവേക ശൂന്യമായ ഈ
നീക്കത്തിന്റെ പൊള്ളത്തരം വ്യക്തമാക്കുന്നത്. ധോനിയെ മാറ്റി നിര്‍ത്തി
സെവാഗിനെ കൊണ്ട് വരാനാണ് എല്ലാവരും പറയുന്നത്.. അതിന്റെ കാരണം ആയി
പറയപ്പെടുന്നത് സെവാഗ് സ്വയം ധോനിയെക്കാള്‍ ക്യാപ്ടന്‍ ആവാന്‍ യോഗ്യന്‍
താനാണെന്ന് കരുതുകയും, ധോണിയുടെ കീഴില്‍ മര്യാദക്ക് കളിക്കാനുള്ള വൈമനസ്യം
പ്രകടിപ്പിക്കുകയും ചെയ്യുന്നു എന്നതാണ്. ക്രിക്കെറ്റ് ആദ്യന്തികമായി ഒരു
ടീം ഗെയിം ആണ് എന്നാണു ഞാന്‍ വിശ്വസിക്കുന്നത്. സ്വന്തം സ്ഥാനലബ്ദി മൊത്തം
ടീമിന്റെ ജയത്തെക്കാള്‍ വലുതായി കാണുന്ന ഒരാള്‍ ജയിക്കാനുള്ള വാഞ്ചയോട്
കൂടി കളിക്കാതിരുന്നാല്‍.. ബുദ്ധിയുള്ളവര്‍ അയാളെ - അയാള്‍ എത്ര കൊല
കൊമ്പനായാലും ടീമില്‍ നിന്നും തൂക്കി എറിയുക അല്ലെ ചെയ്യേണ്ടത്... അല്ലാതെ
പട്ടും വളയും കൊടുത്തു പടിയേറ്റ് നടത്തുകയാണോ?. ഇനി മറ്റൊരു കാര്യം കൂടി .. ഒരു
മികച്ച ടീം പ്ലയെര്‍, കളിയുടെ സാഹചര്യം നോക്കിയാണ് കളിക്കേണ്ടത്... എന്ത്
സാഹചര്യം ആയാലും തനിക്കു തോന്നിയ മട്ടില്‍ മാത്രമേ സെവാഗ് കളിക്കുന്നത്
കണ്ടിട്ടുള്ളൂ... അത് മൊത്തം ടീമിന് മാതൃക ആകേണ്ട ഒരു ക്യാപ്ടന്‍ എന്ന
രീതിയില്‍ എത്ര കണ്ടു അനുപേക്ഷനീയമായ ഒരു കാര്യമാണ് എന്നും
ചിന്തിക്കേണ്ടതാണ്. ഇനി സെവാഗിന്റെ ക്യാപ്ടന്‍ ആയുള്ള പ്രകടനം. ഡല്‍ഹി ഡെയര്‍ ടെവിള്സിനു ഐ പി എല്ലിലുള്ള സ്ഥാനം
നോക്കിയാല്‍ ബോധ്യമാവും..
അങ്ങിനെ പറയുമ്പോള്‍ ഈ
നീക്കത്തിന് പിറകില്‍ ആകെ ഉള്ള കാരണം ഒന്ന് മാത്രമാണ്... ഈ തോല്‍വിയുടെ
പാപഭാരം ധോനിയുടെ തലയില്‍ വെച്ചു കെട്ടി എല്ലാം ഒരു കുഴി കുഴിച്ചു മൂടുക..അത് വഴി തല്‍ക്കാലം ബി സി സി ഐ തമ്പുരാക്കന്മാരുടെ തടി കേടാവാതെ നോക്കുക
പിന്നെ പതുക്കെ നാട്ടില്‍ വന്നാല്‍ ടെര്‍നിംഗ് പിച്ചുകള്‍ ഉണ്ടാക്കി
ചെറുകിട ടീമുകളെ തോല്‍പ്പിച്ചു സൌകര്യപൂര്‍വ്വം ആളാവാം.. അപ്പോള്‍ എല്ലാം
മറന്നു കയ്യടിക്കാനും തുള്ളി കളിക്കാനും നമ്മളുണ്ടല്ലോ.. ടീം ജയിച്ചു
കേറുമ്പോള്‍ വെളുക്കെ ചിരിച്ചു നിന്ന് കളിച്ച പിള്ളാരെ തള്ളി മാറ്റി ശില്പ
ഷേട്ടിയുടെയും, പ്രീതി സിന്റയുടെയും കൂടെ നിന്ന് ശ്രീനിവാസനും രാജീവ്
ശുക്ലയും അശ്ലീല ചിരിയും ചിരിച്ചു പടമെടുക്കും. അത്
കഴിഞ്ഞു അടുത്ത ഫോറിന്‍ ടൂറില്‍ കളസം കീറുമ്പോള്‍ (പണ്ട് സുകുമാരന്‍ സുഭദ്രാ കുമാരി തങ്കച്ചി അല്ലെങ്കില്‍ വേറൊരു
തങ്കച്ചി എന്ന് പറഞ്ഞ പോലെ) ബി സി സി ഐക്കാര്‍ അപ്പോഴത്തെ സൗകര്യം പോലെ വേറൊരു ധോണിയെ കഴുത്തു വെട്ടി അടിയന്തിരം നടത്തും. .. അല്ലാതെ ഈ സെലെക്ടര്മാരും ബി സി സി ഐക്കാരും കുരിശുകള്‍ ഒന്നും
ചുമക്കില്ല..
തോല്‍വിയുടെ പാപഭാരം ചുമക്കാന്‍ ധോനിയെപ്പോലുള്ള ബലിയാടുകളെ അവര്‍ ഒരുക്കി
നിര്‍ത്തിക്കോളും. പാവം ധോനിയോട് സഹതാപം.. വിവരമില്ലാതെ മുറവിളി കൂട്ടുന്ന
സാധാരണ കാണികളോടും സഹതാപം...
ഒരു പിന്‍കുറിപ്പ്: ഇനി ഈ
ക്യാപ്ടന്സിയിലുള്ള മാറ്റം ഉദ്ദേശ ശുദ്ധിയോടെ ഭാവി മുന്നില്‍ കണ്ടു
കൊണ്ടിട്ടനെങ്കില്‍ അവര്‍ ശ്രദ്ധ പതിപ്പിക്കേണ്ടത് കൊഹ് ലിയില്‍ ആണ്..
ഒന്നോ രണ്ടോ സീരീസ് ധോനിയുടെ കീഴില്‍ ഗ്രൂം ചെയ്തെടുത് സ്ഥാനം പതുക്കെ
കൈമാറുക.. അതെ സമയം കൂടുതല്‍ പുതുരക്തങ്ങളെ ഉള്‍പെടുത്തി
ടീമിന്റെ അലകും പിടിയും മാറ്റി എടുക്കുകയും ചെയ്യാം... പക്ഷെ ഈ
കള്ളന്മാരുടെ ഉദ്ദേശം അതൊന്നുമല്ല ഒരു താല്‍ക്കാലിക നാടകം മാത്രമാണ് എന്ന്
നമുക്കൊക്കെ അറിയാത്തതാണോ?
എനിക്ക് മനസ്സിലാവാത്തത് കൊണ്ട് ചോദിക്കുകയാണ്, മിനിമം ആഴ്ചയില്‍ രണ്ടു
വെച്ച് വിദഗ്ദ സംഘങ്ങള്‍ മുല്ലപ്പെരിയാരിലോട്ടു വെച്ച് പിടിക്കുന്നു.
പരിവാരങ്ങളോട് കൂടി ഡാമും ചുറ്റി നടന്നു കണ്ടു, സുരേഷ് ഗോപിയുടെ ഭാഷയില്‍
മൃഷ്ടാന്നവും ഭുജിച്ചു, ഏമ്പക്കവും വിട്ടു പോകുന്ന കലാപരിപാടി കുറച്ചു കാലമായി നിര്‍ബാധം തുടര്‍ന്ന് കൊണ്ട് പോവുന്നു.
കുറച്ചു അടുത്തൂണ്‍ പറ്റാറായ ഗോസായിമാര്‍ക്ക് സര്‍ക്കാര്‍ ചിലവില്‍, നല്ല
കാലാവസ്ഥയുടെ സുഖവും അനുഭവിച്ചു ഒരു ടൂറിസം പരിപാടി. ശുഭയാത്ര...അത്
കഴിഞ്ഞു അങ്ങ് കേന്ദ്രത്തില്‍ തിരിച്ചെത്തി കേരളത്തിന്റെ മണ്ടക്കിട്ട് ഒരു
കിഴുക്കും... ഒരു കൊട്ടും.. എല്ലാം പുഹ എന്ന മട്ടില്‍, തൊട്ടും തൊടാതെയും
ചില പ്രസ്താവനകളും.... ഈ കാഴ്ചകള്‍ കാണുമ്പോള്‍, ഇതപറ്റി കേള്‍ക്കുമ്പോള്‍,
വായിച്ചറിയുമ്പോള്‍, മനസ്സില്‍ നിറയുന്നത് ഒരു പാട് ചോദ്യങ്ങളാണ്.
എന്തിനാണ് ഇത്രയേറെ പഠന സംഘങ്ങള്‍ അവിടെ കയറി ഇറങ്ങുന്നത്.. അവര്‍ എന്താണ്
പഠിക്കുന്നത്.. എന്തൊക്കെ അവര്‍ മനസ്സിലാക്കി.. ആരെ സഹായിക്കാനാണ് ഈ
പഠനങ്ങള്‍.. ആര്‍ക്കു വേണ്ടിയാണ് ഈ ദൌത്യ ടൂറിസ്റ്റുകള്‍ വന്നു കാഴ്ച കണ്ടു
പോകുന്നത് .. ആര്‍ക്കാണ് അതുകൊണ്ട് പ്രയോജനം...ഇവര്‍ക്കൊക്കെ ആര് ചിലവിനു കൊടുക്കുന്നു.. അങ്ങിനെ നൂറു നൂറു ചോദ്യങ്ങള്‍. അല്ല ഇതൊക്കെ ചോദിക്കാനും .. അഥവാ ആരെങ്കിലും ഇതൊക്കെ ചോദിച്ചാല്‍ ഇതിനൊരു
മറുപടി നല്‍കാനും ആരുണ്ടാവും... ആര്‍ക്കാണ് അതിനൊക്കെ സമയം... സൗകര്യം.
അപ്പോള്‍ ഇവിടെ എന്താണ് സംഭവിക്കുന്നത്?.. സമരം ഓരോരോ
ദിവസമായി വെച്ചും വലിച്ചും മുടന്തിയും നീങ്ങുന്നു. ഇടക്കൊക്കെ
മൂപ്പിക്കാന്‍, ആത്മാര്‍ഥതയുടെ തരിമ്പും തൊട്ടു തീണ്ടാതെ മന്ത്രി പുംഗവന്‍,
ജോസെഫ് സാര്‍ ഒരു ഗീര്‍ വാണവും വിട്ടേച്ചു ഒരു പോക്ക് പോവും. പാവം കുറെ സമര
സമിതിക്കാര്.... പട്ടിണി പാവങ്ങള്.... ആത്മാര്‍ഥമായി തമ്പുരാന്മാര് കനിയും എന്ന്
വെച്ച് തുടര്‍ന്ന് കൊണ്ട് പോവുന്ന സമരം. അതിനെ തെല്ലെങ്കിലും ആത്മാര്‍ഥതയോടെ പിന്തുണച്ചിരുന്ന സൈബര്‍ വയ്താരിയും മെല്ലെ മെല്ലെ പെയ്തോടുക്കിയ പോലെ ഒന്നൊന്നായി തങ്ങളുടെ ദൈനംദിന പ്രാരബ്ദങ്ങളിലേക്ക് മടങ്ങിക്കൊണ്ടിരിക്കുന്നു.
ഇതൊന്നും വേറൊന്നും കൊണ്ട്
ഉണ്ടാവുന്നതല്ല... ഇച്ചാശക്തി ഇല്ലാത്ത ഒരു നേതൃത്വത്തെ വോട്ടു കുത്തി
ഭരിക്കാന്‍ അയക്കുന്നത് കൊണ്ട് മാത്രം ഉണ്ടാവുന്നതാണ്.... ശരിക്കും വിഷമം
തോന്നുന്നുണ്ട് ഡാം ഇപ്പൊ പൊട്ടും എന്ന ഭീതിയില്‍ ഉറക്കം കളഞ്ഞു ജീവിച്ചു
തള്ളുന്ന പാവം അമ്മമാരെയും കുട്ടികളെയും പറ്റി... പാതവക്കില്‍ ദുര്‍ബലമായി
സമരം തുടരുന്ന പാവം സമരക്കാരെ പറ്റി..... അവര്‍ക്ക് മുമ്പിലൂടെ ഇനിയും
മുല്ലപെരിയാര്‍ ടൂറിസ്റ്റു സംഘങ്ങളുടെ വാഹന വ്യൂഹങ്ങള്‍ പൊടി പറത്തി കുതിച്ചു പായും, അവരോടൊപ്പം ആഘോഷമായി
മാധ്യമപ്പടയും പരിവാരങ്ങളും എസ്കോര്‍ട്ട് പോവും... സര്‍ക്കാരിന്റെ കീശ ആ വകയിലും ഒന്ന്
ചുരുങ്ങും... അല്ലാതെ ഒന്നും നടക്കാന്‍ പോവുന്നില്ല.. ഡാം പൊട്ടിയാല്‍
നഷ്ടമാര്‍ക്ക്... ആ പാവങ്ങള്‍ക്ക് തന്നെ... അങ്ങനെ സംഭവിച്ചാലും, പിന്നെയും
ഇറങ്ങും ദുരന്ത കാഴ്ചകള്‍ കണ്ടു ആസ്വദിക്കാന്‍ ഗോസായിമാരുടെ ടൂറിസ്റ്റ്
സംഘങ്ങള്‍....
കാഴ്ചക്ക് ഇന്ത്യന്‍ മുഖ്യധാര സിനിമയുടെ തഴക്കങ്ങളുടെയും സങ്കല്പ്പങ്ങളുടെയും ഭാഗമായ നായകനടന്മാരുടെ രൂപലക്ഷണങ്ങളും സൌകുമാര്യവും എടുപ്പും...ഒന്നും ഇല്ലാത്ത, തങ്ങളുടെ
അഭിനയപാടവം ഒന്നുകൊണ്ടു മാത്രം വിജയം കൈവരിച്ച രണ്ടു താരങ്ങള്‍ ആണ് ധനുഷും
അജയ് ദേവ്ഗനും. പലരും പല വട്ടം അവരെക്കുറിച്ച് എഴുതിയതാണ്... അത് കൂടാതെ രണ്ടു പേരും
മികച്ച അഭിനയത്തിന് ദേശീയ പുരസ്കാരം നേടിയവരാണ്....അത് തന്നെ അവര്‍ ഇരുവരുടെയും കഴിവുകള്‍ക്ക് ഉള്ള അടിവരയാണ്... ഇതൊക്കെ ആയാലും രണ്ടു വാക്ക് ഇവിടെ കുറിക്കുവാന്‍
ശ്രമിക്കുകയാണ്..
ധനുഷ് എന്ന നടനെകുറിച്ച് ആദ്യം മാസികയിലോ പോസ്ടറിലോ പടം കണ്ടപ്പോള്‍
മനസ്സില്‍ തോന്നിയ വികാരം ഒരു തരത്തിലുള്ള പുച്ഛമാണ്. സുന്ദരന്മാരും
സുന്ദരിമാരും പോലും ശ്രദ്ധ പിടിച്ചുപറ്റാന്‍ പെടാപ്പാട് പെടുന്ന ഈ രംഗത്ത്,
ശോഷിച്ച, ഒരാള്‍ക്കൂട്ടത്തില്‍ എടുത്തു നില്കാവുന്ന ഒരു പ്രത്യേകതയും
തോന്നാത്ത, ഒരു കൊച്ചു ചെറുക്കന്‍... അറിയപ്പെടുന്ന സംവിധായകനായ അച്ഛനും
ചേട്ടനും കൂടി തള്ളി വിട്ടു ഒന്ന് രണ്ടു ചിത്രങ്ങള്‍ ചെയ്തു മറയാന്‍
വിധിക്കപ്പെട്ട മറ്റൊരു അവതാരം. പിന്നെ തുള്ളുവതെല്ലാം ഇളമേ, എന്ന ആദ്യ
ചിത്രം, അതും ഞാന്‍ കണ്ടിരുന്നില്ല ... അക്കാലത്ത് ചെന്നയിലായിരുന്ന
എനിക്ക് ആ സിനിമയുടെ പോസ്റ്ററുകള്‍ കണ്ടപ്പോള്‍ നായികയുടെ മേനി
പ്രദര്‍ശനത്തില്‍ രക്ഷ നേടാന്‍ നോക്കുന്ന മറ്റൊരു സിനിമ എന്നാണ് സത്യത്തില്‍ തോന്നിയത്... അത്തരം
മുന്‍വിധികള്‍ കൊണ്ട് തിരഞ്ഞെടുത്തു മാത്രം അന്യഭാഷാ സിനിമകള്‍ കാണുന്ന ഞാന്‍ പരിപൂര്‍ണമായും അവഗണിച്ചിരുന്നു ധനുഷിന്റെ
സിനിമകള്‍.
ആകസ്മികമായാണ് ശേല്‍വരാഘവന്റെ സെവെന്‍ ജി റൈന്‍ബോ കോളനി എന്ന
സിനിമ കാണാനിടയായത് (അതില്‍ ധനുഷ് അഭിനയിച്ചിട്ടില്ല). അത് കണ്ടപ്പോള്‍
തോന്നി ഈ സംവിധായകന്‍ തരക്കേടില്ലല്ലോ എന്ന്. അപ്പോള്‍ തപ്പി പിടിച്ചു
അദ്ധേഹത്തിന്റെ രണ്ടു ചിത്രങ്ങള്‍ കൂടി കണ്ടു. കാതല്‍ കൊണ്ടെന്‍, തുള്ളുവതോ
ഇളമൈ എന്ന ചിത്രങ്ങള്‍.. അങ്ങിനെയാണ് ഈ നടനെ ഞാന്‍ ആദ്യമായി സ്ക്രീനില്‍
കണ്ടത്.. "ഇവനാള് കൊള്ളാമല്ലോ" എന്നാണു അത് രണ്ടും കണ്ടു കഴിഞ്ഞപ്പോള്‍
മനസ്സില്‍ തോന്നിയത്. ഒരു തുടക്കക്കാരന്റെ പരിമിതികള്‍ക്കിടയിലും എടുത്തു നില്‍ക്കുന്ന സ്ക്രീന്‍ സാന്നിധ്യം... അതിലുപരിയായി തീക്ഷ്ണമായ കണ്ണുകള്‍..... ആ ഒരു അനുഭവത്തിന്റെ ഓര്‍മയാണ് പുതുപെട്ടൈ എന്ന സിനിമ വന്നപ്പോള്‍ ആദ്യമേ പോയിക്കണ്ടത്.... ആ സിനിമയിലെ അദ്ധേഹത്തിന്റെ പ്രകടനം എന്നെ
അക്ഷരാര്‍ത്ഥത്തില്‍ അമ്പരപ്പിച്ചു കളഞ്ഞു... മറ്റൊരു നടനും ഈ ഒരു ആകാരവും
വെച്ച് അത്തരം ഒരു കഥാപാത്രത്തിന് ധനുഷ് പകര്‍ന്നു നല്‍കിയ അളവിലുള്ള ഒരു കരുത്തു പകരുവാന്‍
ആവില്ല എന്ന് അപ്പോഴേ എനിക്ക് തോന്നി. തികച്ചും അവിശ്വസനീയം എന്ന് വിശേഷിപ്പിക്കേണ്ട
മുഹൂര്‍ത്തങ്ങളില്‍, അഭിനയശേഷി ഒന്ന് കൊണ്ട് മാത്രം ഒരു പാട് കണ്‍വിക്ഷനോട് കൂടി (conviction) പ്രേക്ഷകരെ പിടിച്ചിരുത്തുന്ന രീതിയില്‍ ആണ് ധനുഷ് എന്ന നടന്‍ തന്റെ
വ്യക്തിമുദ്ര പതിപിച്ചത്. കണ്ണുകള്‍ കൊണ്ട് ഒരു അഭിനേതാവിനു എന്തൊക്കെ
ചെയ്യാം എന്നതിന് ഉത്തമ ഉദാഹരണം ആണ് പുതുപെട്ടയിലെ കൊക്കികുമാര്‍ എന്ന
കഥാപാത്രം.. അമിതമായ വയലന്‍സിന്റെ പശ്ചാത്തലത്തില്‍ സൃഷ്‌ടിച്ച ആ സിനിമ
അത്ര വലിയ വിജയമായിരുന്നില്ല. (അത് ശേല്‍വരാഘവന്റെ ആദ്യ പരാജയചിത്രവും
ആയിരുന്നു എന്ന് തോന്നുന്നു) പക്ഷെ ഞാന്‍ ശരിക്കും ഇഷ്ടപ്പെട്ട ഒരു സിനിമ
ആയിരുന്നു അത്. അതോടു കൂടി ഒരു നടന്‍ എന്ന നിലയില്‍ ധനുഷ് എന്റെ മനസ്സില്‍
പ്രതിഷ്ഠ നേടി.
അത് കഴിഞ്ഞു ഞാന്‍ ഒരൊറ്റ പടം മാത്രമേ അദ്ദേഹം അഭിനയിച്ച വകയില്‍
കണ്ടിട്ടുള്ളൂ... ആടുകളം... ദേശീയ പുരസ്കാരം നേടിയ ആ സിനിമ ആ നടനെ
പറ്റിയുള്ള എന്റെ മതിപ്പിനെ കൂടുതല്‍ ഊട്ടി ഉറപ്പിച്ചിരിക്കയാണ്...വളരെ
ആയാസരഹിതമായാണ് തന്റെ അഭിനയ ശൈലി ആ നടന്‍ പരുവപെടുത്തി
എടുത്തിരിക്കുന്നത്... ദേശീയ പുരസ്കാരം നേടാനും ആ വഴി കൂടുതല്‍ ആളുകളുടെ
ശ്രദ്ധ പിടിച്ചുപറ്റാനും ഒരു മികച്ച സിനിമ കൂടിയായ ആടുകളത്തിന് കഴിഞ്ഞു..
പക്ഷെ പിന്നീട് സൈബര്‍ ഉലകം ഏറ്റെടുത്ത "കൊലവെറി" ആണ് അദ്ധേഹത്തിന്റെ
പ്രശസ്തി തമിഴിന്റെ നാല് ചുവരുകള്‍ ഭേദിച്ച് ലോകം മുഴുവന്‍ എത്തിച്ചത്.. ആ
ഒരു ജനശ്രദ്ധ ഒരു നടന്‍ എന്ന അദ്ധേഹത്തിന്റെ കഴിവിനെ കൂടുതല്‍ വിശാലമായ തലത്തില്‍ ജനങ്ങളുടെ
മനസ്സിലെത്തിക്കാന്‍ ഉതകട്ടെ എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഒരു പക്ഷെ
ഇത്രയും മികച്ച ഒരു നടന്റെ, ഒരു കലാകാരന്റെ പ്രശസ്തി, വെറും ഒരു പാട്ടിന്റെ
ലേബലില്‍ മാത്രം ഒതുങ്ങി പോകാനുള്ളതല്ല.
അജയ് ദേവ്ഗന്‍ - ഫൂല്‍ ഓര്‍ കാന്തേ എന്ന ആദ്യ സിനിമയില്‍ ആകെ
ഉണ്ടായിരുന്നത് പാകിസ്ഥാനി സംഗീതത്തില്‍ നിന്ന് നദീം ശ്രാവന്‍
നിര്ധാക്ഷണ്യം ചുരണ്ടി എടുത്ത ഒരു കൂട്ടം ഹിറ്റ് ഗാനങ്ങളാണ്.. പിന്നെ
ട്രെയിലരിലും പോസ്റ്ടരിലും രണ്ടു ബൈക്കിലായി കാല്‍ കവച്ചു വെച്ച് നടന്നു വരുന്ന മറ്റൊരു
സ്റ്റണ്ട് മാന്‍... മധു രഘുനാഥ് (നമ്മുടെ മധുബാല) എന്ന ഹേമമാലിനിയുടെ
അനന്തിരവള്‍ക്ക് ആയിരുന്നു വീരു ടെവഗന്‍ എന്ന സ്റ്റണ്ട് മാന്റെ മകനെക്കാള്‍ അന്ന് പെടിഗ്രി കൊണ്ട് പ്രാധാന്യം.. എങ്ങിനെയോ ആ സിനിമ ഒരു സൂപ്പര്‍ ഹിറ്റായി.. മലയാളത്തില്‍
ഇറങ്ങി അധികം ആരും ഇന്നോര്‍ക്കുക്ക പോലും ചെയ്യാത്ത മമ്മൂട്ടി ഇരട്ട വേഷത്തില്‍ അഭിനയിച്ച
മറ്റൊരു സിബി മലയില്‍ മോഷണ ചിത്രമായ പരമ്പരയെ ആസ്പദമാക്കിയാണ് അക്കാലത്തു കോടി കുത്തി വാണിരുന്ന ഇക്ബാല്‍
ദുറാനി എന്ന സൂപ്പര്‍ ഹിറ്റ് തിരക്കഥാകൃത് താന്‍ ആദ്യമായി സംവിധാനം ചെയ്ത
ആ ചിത്രം ഒരുക്കിയത്.. (പില്‍ക്കാലത്ത് അദ്ദേഹം മമ്മൂട്ടിയെ
ഹിന്ദിക്കാരുടെ ഇടയില്‍ അപഹാസ്യനാക്കിയ ധര്‍ത്തിപുത്ര എന്ന
ഒരു ചലച്ചിത്രാഭാസം കൂടി പടച്ചു വിട്ടു എന്നത് ചരിത്രം). ആ ചിത്രത്തിന്റെ
വിജയത്തിന് ശേഷം അജയ് ദേവഗന്റെ കണക്കില്‍ വന്നത് പത്തു പതിനഞ്ചു തട്ട്
പൊളിപ്പന്‍ പടങ്ങളാണ്.. സഹനശേഷിയുടെ പരിധിക്കു പുറത്തു വരുന്ന രീതിയിലുള്ള
സിനിമകള്‍ ആയത് കൊണ്ടാണ് അവ ഓടുന്ന തീയേറ്ററിന്റെ സമീപത്തു കൂടി പോലും ഞാന്‍ പോയില്ല.
ഇടയ്ക്കു ഒരബദ്ധം പറ്റിയ പോലെ കണ്ട ഒന്ന് രണ്ടു പടങ്ങള്‍ ഒഴിക (സുഹാഗ് അതില്‍ ഒന്ന് ആണ് എന്ന് തോന്നുന്നു). പക്ഷെ അവയൊന്നു പോലും ആ നടന്റെ സംഘട്ടന രംഗങ്ങളിലെ മെയവഴക്കം പ്രകടിപ്പിക്കുന്നവ അല്ലാതെ
അഭിനയതിലുള്ള കഴിവ് വ്യക്തമാക്കാന്‍ ഉത്തകുന്നവ ആയിരുന്നില്ല.
അതിനു ശേഷം ഒരു മൂന്നു നാല് കൊല്ലങ്ങള്‍ കഴിഞ്ഞാണ് സക്കം എന്ന ചിത്രവും
സയീഫ് അലി ഖാന്റെ കൂടെ അഭിനയിച്ച കച്ചേ ധാഗെ എന്ന ചിത്രവും പുറത്തിറങ്ങിയത്. ഒരു പണക്കാരന്റെ ജാരസന്ധതിയായി പിറന്നവന്റെ മനോവ്യഥകള്‍ ഒരു വര്‍ഗീയ കലാപത്തിന്റെ
പശ്ചാത്തലത്തില്‍ മഹേഷ് ഭട്ട് അവതരിപ്പിച്ച സക്കം സാമാന്യം ഭേദപ്പെട്ട ഒരു
സിനിമ കൂടിയായിരുന്നു (അദ്ദേഹം - മഹേഷ് ഭട്ട്, ആ കഥാപാത്രത്തില്‍ തന്റെ ആത്മകഥാംശം ചേര്‍ത്തിട്ടുണ്ട് എന്ന് അക്കാലത്ത് അവകാശപ്പെട്ടതായി അക്കൂട്ടത്തില്‍ ഓര്‍ക്കുന്നു). മണിരത്നത്തിന്റെ അഗ്നിനക്ഷത്രവും ആയി പ്രമേയത്തില്‍ സാമ്യം ഉള്ള കച്ചേ ധാഘെ
എന്ന ചിത്രത്തില്‍ (വലിയ പറയത്തക്ക ഗുണമുള്ള ഒരു സിനിമ ആയിരുന്നില്ല അത് എന്നാലും) അജയ് മിന്നുന്ന പ്രകടനം ആണ് കാഴ്ചവെച്ചത് എന്ന് ഒരു ക്ലീഷേ
ആണെങ്കില്‍ പോലും നമ്മള്‍ പറയും. വളരെ മിതത്വതോടെ ... തന്മയത്വത്തോടെ..
അമിതാഭിനയം മാത്രം നമ്മള്‍ കണ്ടുവരുന്ന മുഖ്യധാര ഹിന്ദി സിനിമ രംഗത്ത് തന്റെ അഭിനയശേഷി കൊണ്ട് മാത്രം അജയ്
ദേവ്ഗന്‍ സ്വന്തമായ ഒരു മേല്‍വിലാസം ആ രണ്ടു ചിത്രങ്ങളോടെ എഴുതി ചേര്‍ത്തു. അതിനിടക്ക് നല്ല
അഭിനേത്രി എന്ന പേരെടുത്ത കാജലിന്റെ ഭര്‍ത്താവും ആയി മാറി.. ധനുഷിനെ പോലെ
തന്നെ കണ്ണുകളില്‍ ഒളിച്ചു വെച്ച തീക്ഷ്ണത(intensity) തന്നെയാണ് അജയിന്റെയും
മുതല്‍കൂട്ട്.. കെട്ടികാഴ്ചയില്‍ മസില്‍ ഖാന്മാരുടെയും ചോക്ക്ലെറ്റ്
കപൂര്മാരുടെയും മുന്നില്‍ അദ്ദേഹം ഒന്നുമായിരിക്കില്ല... പക്ഷെ അഭിനയം എന്ന പേരില്‍ അവര്‍ കാണിക്കുന്ന ഗോഷ്ടികള്‍ക്ക് മുന്നില്‍ അദ്ദേഹം എന്ന അഭിനേതാവ്, അനവധി പടവുകള്‍
മുകളില്‍ ആണ്. താരപദവിയും സാമ്പത്തിക നേട്ടവും മാത്രം ഉന്നം കണ്ടു അഭിനയിക്കേണ്ടി വരുന്ന മൂന്നാം കിട
ചിത്രങ്ങളിലായാലും, തമ്മില്‍ ഭേദപ്പെട്ട ചിത്രങ്ങളായ ഗംഗാജല്‍, തക്ഷക്,
കാക്കി, ഓംകാര, രാജനീതി.... എന്ന സിനിമകള്‍ ആയാലും ശരി, അജയ് ദേവ്ഗന്‍ എന്ന
നടന്‍ വളരെ വ്യത്യസ്തനാണ്...
രണ്ടു ദേശീയ പുരസ്കാരങ്ങള്‍ കിട്ടിയിട്ടും
ഇനിയും അദ്ധേഹത്തിന്റെ അഭിനയശേഷിയെ ഇതുവരെ പൂര്‍ണമായും
പ്രയോജനപ്പെടുതിയിട്ടുള്ള ഒരു സിനിമ പോലും ഇറങ്ങിയിട്ടില്ല എന്നും ഈ സമയത്ത് വളരെ
ഖേദത്തോടെ പറയേണ്ടി വരുന്നു. കഴിഞ്ഞ രണ്ടു മൂന്നു വര്‍ഷങ്ങളായി വന്‍വിജയചിത്രങ്ങള്‍ അദ്ദേഹത്തിന്റേതായി ഇറങ്ങിയിരിക്കുന്ന സാഹചര്യത്തില്‍ നല്ല
ചിത്രങ്ങള്‍, അല്ലെങ്കില്‍ നല്ല റോളുകള്‍ തിരഞ്ഞെടുക്കാന്‍ സാഹചര്യം
ഉളവായിരിക്കുന്ന സമയമാണ് ഇത് ... അത് അദ്ദേഹം മുതലെടുക്കും എന്ന്
പ്രതീക്ഷിക്കുന്നു. "രാജു ചാച്ച", "ടൂന്പൂര്‍ ക സൂപ്പര്‍ ഹീറോ" എന്ന ചിത്രങ്ങള്‍ ഒരുക്കിയ
അദ്ധേഹത്തിന്റെ സിനിമ സങ്കല്പങ്ങള്‍ വലിയ ആശക്ക് വഴി തെളിയിക്കുന്നില്ല
എങ്കിലും.
നവരസങ്ങളെ കൂടാതെ താന്‍ വികസിപ്പിച്ചെടുത്ത രണ്ടു പുതിയ രസങ്ങള്‍ കൂടി തന്റെ ശിഷ്യന്മാര്‍ക്ക് പഠിപ്പിച്ചു കൊടുത്ത ഒരു അസാമാന്യ പ്രതിഭയാണല്ലോ ശ്രീമാന്‍ പച്ചാളം ഭാസി. ആ രണ്ടു രസങ്ങള്‍ ഉപയോഗിച്ച് കൊണ്ടാണല്ലോ രാജപ്പന്‍ തെങ്ങിന്മൂട് സരോജ്കുമാര്‍ ആയതും തദ്വാര താരമായി വിലസിയതും. എന്നിരുന്നാലും ഈയ്യടുത്ത കാലത്തൊന്നും മലയാളത്തില്‍ അധികം ആരും (അനുരാഗ വിലോചനന്മാരായ ചുരുക്കം ചില ചുള്ളന്മാര്‍ ഒഴികെ) ആ രസങ്ങള്‍ എടുത്തു പ്രയോഗിച്ചു കൈയ്യടി നേടിയിട്ടില്ല.. പക്ഷെ അങ്ങ് മുംബായില്‍, നമ്മുടെ ബോളിവൂഡില്‍, അതല്ല സ്ഥിതി... അവിടെ അദ്ധേഹത്തിന്റെ ഒരു അരുമശിഷ്യന്‍ കൊടിയും കൊടിക്കൂറയുമായി അടക്കി വാഴുന്നുണ്ട്. .. അത് മറ്റാരുമല്ല ..
ലോകത്താകമാനമുള്ള സിനിമ പ്രേക്ഷകരുടെ രോമാഞ്ചം ആയ "കിംഗ് ഖാന്‍" എന്ന ചെല്ലപ്പേരില്‍ അറിയപ്പെടുന്ന സാക്ഷാല്‍ ഷാരൂഖ് രാവന്‍ ഖാന്‍... എന്താ സംശയം ഉണ്ടോ? ...
ഉണ്ടെങ്കില്‍ അദ്ദേഹത്തിനെ ഏറ്റവും പുതിയ പടമായ ഡോണ്‍ 2 ഒന്ന് കണ്ടു നോക്കൂ (അവനവന്റെ റിസ്ക്കില്‍) ...
ഇവിടെ ഏതായാലും ഞാന്‍ ആ "വിശ്വോത്തര സൃഷ്ടിയെ" പറ്റി ഒരു റിവ്യൂ എഴുതാന്‍ ഒന്നും മിനക്കെടുന്നില്ല. പക്ഷെ ആ സിനിമയില്‍ ഷാരൂഖ് ഖാന്‍ എന്ന "നടന്‍ (?)" അഭിനയം എന്ന
പേരില്‍ കാണിച്ചു വെക്കുന്ന ഗോഷ്ടി കണ്ടിട്ട് കണ്ടില്ല എന്ന് നടിച്ചു
പോവാന്‍ തോന്നിയില്ല.. അത് കൊണ്ട് കുറിച്ച് വെക്കുന്നതാണ് രണ്ടു വരികള്‍. "മെഗലോമാനിയ" കയറി
തലക്കടിച്ച അദ്ദേഹത്തിനു ഓരോ അടി ഫിലിമിലും തന്റെ മുഖം പതിയണം എന്ന്
നിര്‍ബന്ധം കാണും. അക്കാരണം കൊണ്ട് തന്നെ ആ മുഖം നിറച്ചു നിര്‍ത്താന്‍ വേണ്ടി പടച്ചു വിട്ടതാണ് ആ സിനിമ. എന്നിരുന്നാലും പടം തുടങ്ങി അവസാന ഫ്രെയിം വരെ അദ്ധേഹത്തിന്റെ മുഖത്ത്
വന്നിട്ടുള്ളതു ആകെ രണ്ടേ രണ്ടു ഭാവങ്ങള്‍ മാത്രം. ഒന്ന് ഇടത്തേക്ക് ചുണ്ട്
കോടി വക്രിച്ചു പിടിച്ചുള്ള ഒരു ഗോഷ്ടി, അടുത്തത് വലതു വശത്തേക്ക് അതെ പോലെ .. ഡയലോഗും സ്ടുണ്ടും ഡാന്‍സും പാട്ടും തമാശയും. എല്ലാം ഈ ഭാവങ്ങള്‍ വെച്ച് തന്നെ.. പിന്നെ
ഇടക്ക് ക്ഷീണിക്കുമ്പോള്‍ സംവിധായകന്‍ വായില്‍ ഒരു സിഗരെട്ടു തിരുകി പുക
വെച്ച് മുഖം മറച്ചു കൊടുക്കും. ഈ ഒരു അഭ്യാസവുമായി രണ്ടു രണ്ടര
മണിക്കൂര്‍ മാറി മാറി കാണിച്ചാണ് ഇഷ്ടന്‍ ഡോണ്‍ രണ്ടാമന്‍ ആയി സ്ക്രീനില്‍
എത്തിയിരിക്കുന്നത്.
ദോഷം പറയരുതല്ലോ.. ഏതാണ്ട് ഇങ്ങനെ ഒക്കെ തന്നെയാണ് കഴിഞ്ഞ പത്തു പതിനഞ്ചു
കൊല്ലമായി ബാദ്ഷാ ഖാന്‍ ബോളി വുഡ് അടക്കി വാണുകൊണ്ടിരുന്നത്. (ഇടക്കൊരബദ്ധം പറ്റിയ പോലെ ചെയ്ത സ്വദേശ് ഒഴിവാക്കിയാല്‍), കശ്മീര്‍ മുതല്‍ കേരളം വരെ, ലണ്ടന്‍ മുതല്‍ മലേഷ്യ വരെ, മുതലമട മുതല്‍ മുറാദബാദ് വരെ. ഉള്ള കോടി കണക്കിന്
ഹിന്ദി സിനിമ പ്രേക്ഷകരുടെ കണ്‍ കണ്ട കടവുളായി വാണരുളുന്നത്. ഇന്ത്യയില്‍ ഏറ്റവും വലിയ
പ്രതിഫലം പറ്റുന്ന നടനായി വിലസുന്നത്. കൊല്ലം തോറും ഫിലിംഫെയേറിന്റെ പ്രതിമ പൊതിഞ്ഞു കെട്ടി മന്നതിലേക്ക് പോവുന്നത്. ഇനി ആര്‍ക്കെങ്കിലും മന്നതിലെ പ്രാര്‍ഥനാ മുറി കാണാന്‍ ചാന്‍സ് കിട്ടിയാല്‍
നോക്കിക്കോളൂ... അവിടെ പച്ചാളം ഭാസിയുടെ ചിരിച്ചു കൊണ്ടിരിക്കുന്ന ഒരു
ഫോട്ടം പൂവിട്ടു പൂജിച്ചു വെച്ചിട്ടുണ്ടാവും. പച്ചാളം ഭാസി ഇതൊക്കെ കണ്ടു നിര്‍വൃതി അടയുന്നുണ്ടാവും...
ഹസാരെ തന്റെ സമരത്തിന്റെ രണ്ടാനങ്കം മുംബൈ നഗരത്തില്‍ തുടങ്ങിയ ദിവസം...
അങ്ങകലെ ഡല്‍ഹിയില്‍ പാര്‍ലിമെന്റ് മന്ദിരത്തില്‍ അവതരിപ്പിച്ച ബില്ലില്,
ചൂടേറിയ ചര്‍ച്ച പുരോഗമിക്കുമ്പോള്‍ ഒടുവില്‍ കിട്ടിയ റിപ്പോര്‍ട്ട്
അനുസരിച്ച് ഏകദേശം ഏഴായിരം ആളുകള്‍ മാത്രമാണ് അദ്ദേഹത്തിന്റെ സമരത്തില്‍
പങ്കെടുക്കുന്നത്. രാജ്യത്തെ ഇളക്കി മറിച്ച ആദ്യ സമരത്തിന്റെ വളരെ
ദുര്‍ബലമായ രണ്ടാനങ്കം. ഇത്തവണ മൂന്നു ദിവസം എന്ന് മുന്‍കൂട്ടി പറഞ്ഞത്
കൊണ്ട് സമരം കൈവിട്ടു പോകും എന്ന ആശങ്ക ഭരണകൂടത്തിനില്ല. അത് കൊണ്ട് തന്നെ
അവര്‍ എല്ലാ ഊര്‍ജ്ജവും സഭയ്ക്കകത്തെ ചര്‍ച്ചകളില്‍ കേന്ദ്രീകരിക്കുക ആണ്. പഴുതില്ലാത്ത
ഒരു നിയമം പാസാക്കി എടുക്കാനുള്ള ആഗ്രഹമോ ആത്മാര്‍ഥതയോ ഒട്ടും തീണ്ടാതെ,
അതെങ്ങിനെയെങ്കിലും ലോക്സഭയില്‍ പ്രതിപക്ഷത്തെ കൊണ്ട് തള്ളി കളയിച്ചു,
അതിന്റെ ഉത്തരവാദിത്തം അവരുടെ തലയില്‍ തന്നെ കെട്ടിവെക്കാനുള്ള ഒരു
ശ്രമത്തിലാണ്. അതിനുള്ള എല്ലാ മരുന്നും ഒരുക്കി വെച്ചിട്ടാണ് അവര്‍ കരടു
രൂപം ഒരുക്കിയിരിക്കുന്നത് തന്നെ.. അത് കൊണ്ട് ഹസാരെ ആദ്യം
രംഗത്തിറങ്ങിയപ്പോള്‍ ഉണ്ടായിരുന്ന യാതൊരു പ്രതീക്ഷയും സാധാരണക്കാര്‍ ഇന്ന്
വെച്ച് പുലര്‍ത്തുന്നില്ല എന്നത് വാസ്തവം.
ഒരു പക്ഷെ ഹസാരെ ഇത്തരം ഒരു സമരത്തിനു ഈ വേളയില്‍ മുഴുകാതെ വീര്യവും
അര്‍ത്ഥവും ഊര്‍ജ്ജവും എല്ലാം ഉത്തര പ്രദേശില്‍ വരാന്‍ പോകുന്ന
തിരഞ്ഞെടുപ്പില്‍ ആര്‍ജ്ജവത്തോടെ, ആത്മാര്‍ഥതയോടെ ശക്തമായി വിനിയോഗിച്ചിരുന്നെങ്കില്‍
കളി മാറിയേനെ. നമ്മുടെ ഈ രാജ്യത്തെ ജനാധിപത്യ വ്യവസ്ഥയില്‍, തിരഞ്ഞെടുപ്പ്
എന്ന ഏറ്റവും ശക്തമായ (ഒരു പക്ഷെ ഒരേ ഒരു) ആയുധം ഉപയോഗിക്കാതെ ജനാധിപത്യേതര
മാര്‍ഗത്തില്‍ അദ്ദേഹത്തെ നയിച്ചതു ഉപദേശകരുടെ വീക്ഷണരാഹിത്യം തന്നെ.
ഇതിലെല്ലാം ആവേശം ഒരു കൂട്ടര്‍ക്ക് മാത്രം, കുറച്ചു ദിവസത്തേക്ക് ആഘോഷിച്ചു
തിമിര്‍ക്കാന്‍ ഒരു വിഷയം വീണുകിട്ടിയ ദ്രിശ്യമാധ്യമങ്ങള്‍..
ദുരന്തങ്ങളെയും ലോകകപ്പു വിജയം പോലെ തന്നെ ആഘോഷിച്ചു കൊണ്ടാടുന്ന
അവര്‍ക്ക് ടീആര്‍പ്പികള്‍ പൊലിപ്പിക്കാന്‍ കിട്ടുന്ന കുറച്ചു ബൈറ്റുകള്‍... അത് അവര്‍ വലിച്ചു പരത്തി, അടിച്ചു നീട്ടി, കുറച്ചു നാള്‍ ആഘോഷിക്കും..
ഇത്ര മാത്രം.. കോരന്റെ കുമ്പിളില്‍ കഞ്ഞി വീണ്ടും... ലോക്പാലും ലോക ചായയും
ഒക്കെ അവനു മറ്റൊരു നാടകകാഴ്ച... രണ്ടായിരത്തി പന്ത്രണ്ടിന്റെ
പടിവാതില്‍ക്കല്‍ ഒരു നെടുവീര്‍പിട്ടു അവന്‍ ചുവടു വെക്കുമ്പോള്‍ കുറച്ചു
പേര്‍ക്കെങ്കിലും നേരിയ പ്രതീക്ഷ നല്‍കിയ ആ ബില്ലിനെ ഭരണ പ്രതിപക്ഷങ്ങള്‍
വ്യത്യാസമൊന്നുമില്ലാതെ ചേര്‍ന്ന് നിന്ന് സഭയുടെ നടുത്തളത്തില്‍ നല്ല
വൃത്തിയായി കുഴിവെട്ടി മൂടി മുകളില്‍ ഒരു വാഴയും നട്ടു പുതുവര്‍ഷാഘോഷത്തില്‍
മുഴുകും. പുതുവര്‍ഷാശംസകള്‍
രാജ് താക്കറേ എന്ന് കേള്‍ക്കുമ്പോള്‍ മനസ്സില്‍ വരുന്ന ചിത്രം
മഹാരാഷ്ട്രയിലെ ന്യൂനപക്ഷങ്ങളുടെ മനസ്സില്‍ ഭീതി ഉണര്‍ത്തുന്ന ഒരു
കരാളരൂപമാണ്. അസഹിഷ്ണുത മാത്രം പ്രകടിപ്പിച്ചു കൈക്കരുത്തില്‍ ഭാഷ മത ന്യൂനപക്ഷങ്ങളുടെ മേല്‍ കുതിര കയറി മറാത്താ രാഷ്ട്രീയം കളിക്കുന്ന അമ്മാവന് ചേര്‍ന്ന അനന്തിരവന്‍.
പക്ഷെ, ഇന്നലെ അദ്ദേഹം അഭിനന്ദനാര്‍ഹമായ, ബഹുമാനം തോന്നിപ്പിച്ച, ഒരു അഭിപ്രായം പ്രകടിപ്പിച്ചു. ജീവിതത്തില്‍ ആദ്യമായാണ്, അദ്ദേഹത്തില്‍ നിന്നും ആ രീതിയിലുള്ള ഒരു അഭിപ്രായം പുറത്തു വന്നത് എന്ന് എനിക്ക് തോന്നുന്നു..
തന്നെ കാണാന്‍ ബെല്‍ഗാമില്‍ നിന്നും എത്തിയ ഒരു പറ്റം മഹാരാഷ്ട്ര ഏകീകരന്‍ സമിതി പ്രവര്‍ത്തകരോട് ആണ്, അദ്ദേഹത്തെ അറിയുന്ന അല്ലെങ്കില്‍ അദ്ദേഹത്തെ പിന്തുടരുന്ന എല്ലാവരെയും അമ്പരപ്പിച്ച ആ ഒരു അഭിപ്രായം പ്രകടിപ്പിച്ചത്. ബെല്ഗാമിനെ കര്‍ണാടകത്തില്‍ നിന്നും അടര്‍ത്തി മഹാരാഷ്ട്രയുടെ ഭാഗമാക്കാന്‍
കിണഞ്ഞു പരിശ്രമിച്ചു കൊണ്ടിരിക്കുന്ന സംഘടന ആണ് മഹാരാഷ്ട്ര ഏകീകരന്‍ സമിതി. അതിന്റെ ഭാഗമായി അവരുടെ സമരത്തിന്, മറാത്ത സിംഹത്തിന്റെ പിന്തുണ തേടി എത്തിയതായിരുന്നു അവര്‍. അവരോടു
ആദ്യമായി അദ്ദേഹം ഒരു ചോദ്യം ചോദിച്ചു... മറാത്തി
സംസാരിക്കുന്നവരായതു കൊണ്ട് മാത്രം കര്‍ണാടകയില്‍, ഏതെങ്കിലും തരത്തില്‍
ഉള്ള പീഡനം, അല്ലെങ്കില്‍ വിവേചനം നിങ്ങള്‍ ആരെങ്കിലും അനുഭവിക്കുന്നുണ്ടോ?
ഇല്ല എന്ന് മറുപടി പറഞ്ഞ അവരോടു അദ്ദേഹം തുടര്‍ന്ന് പിന്നീട് പറഞ്ഞ കാര്യങ്ങള്‍ കേട്ടിരുന്ന എല്ലാവരെയും വിസ്മയിപ്പിക്കുന്ന രീതിയിലുള്ളതായിരുന്നു. "ആ
നിലക്ക് കര്‍ണാടകയില്‍ തന്നെ മാന്യമായി ജീവിച്ചു അവിടെയുള്ളവരുടെ ബഹുമാനം
തുടര്ന്നുഭവിക്കുകയല്ലാതെ, അവിടെ കുതിതിരുപ്പുണ്ടാക്കി അതിവൈകാരിക പ്രകടനം
കൊണ്ട് തങ്ങളുടെയും മറ്റുള്ളവരുടെയും ജീവിതം ദുസ്സഹം ആക്കരുത്. ബെല്‍ഗാം
കര്‍ണാടകത്തില്‍ തുടരുന്നത് കൊണ്ട് മാത്രം ഒരു പ്രശ്നവുമില്ല... അതുകൊണ്ട്
താല്‍ക്കാലിക നേട്ടം മാത്രം ലക്ഷ്യമാകിയിട്ടുള്ള രാഷ്ട്രീയ കളിക്ക്
കരുക്കള്‍ ആവതിരിക്കുക". അന്യ സംസ്ഥാനക്കാരായ തൊഴിലാളികളെയും ഓട്ടോക്കാരെയും ടാക്സി ഡ്രൈവര്‍മാരെയും
കുറിച്ച് പ്രകോപനപരമായി പ്രസംഗിക്കുകയും അവരെ ആക്രമിക്കുകയും ചെയ്ത അതെ
രാജ് താക്കറേ തന്നെയാണോ ഇങ്ങനെ പറഞ്ഞത് എന്ന് ആദ്യം എനിക്ക്
വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ഇങ്ങനെയൊക്കെ പറയാനും ഈ നിലയില്‍ ചിന്തിക്കാനും കഴിയുന്ന പാകതയും
ആര്‍ജ്ജവവും അദ്ദേഹം നേടിയിട്ടുണ്ടെങ്കില്‍ അത് മഹാരാഷ്ട്രക്ക് ആശക്ക് വക
നല്‍കുന്നുണ്ട്. ഇതേ പക്വത ഇതേവരെ മറ്റൊരു വിഷയത്തിലും അദ്ദേഹം
പ്രകടിപ്പിച്ചിട്ടില്ല, എന്നാലും ഇത്തരത്തിലുള്ള പ്രതികരണം ഇതര രാഷ്ട്രീയ
നേതൃത്വങ്ങള്‍ മാതൃക ആക്കുന്നത് ആശാവഹമാണ് എന്നാണു എന്റെ അഭിപ്രായം.
ആസ്ട്രേലിയയില്‍ കാലു കുത്തി ഇന്ത്യ ഇന്നലെ ആദ്യ വിജയം കുറിച്ചു... ഒരു
പന്ത് പോലും എറിയുന്നതിന് മുമ്പ്.... പത്രക്കാരെ വിളിച്ചു കൂട്ടി മുഷ്ടി
ചുരുട്ടി പോര്‍വിളികളും യുദ്ധ പ്രഖ്യാപനങ്ങളും നടത്തുന്നതിന് മുമ്പ്.. ടീം
ജേര്‍സി അണിഞ്ഞു പിച്ചില്‍ കാലു കുത്തുന്നതിനു മുമ്പ്.... കോട്ടണിഞ്ഞു,
കാന്ബേരായിലെ വാര്‍ മെമോരിയലിലെ ആന്സാക് ഹാളില്‍, ഇന്ത്യന്‍ ടീമിലെ
പഴമക്കാരില്‍ ഒരാള്‍ ... മൃദുഭാഷിയായ മുപ്പത്തിഒന്‍പതുകാരന്‍ .. രാഹുല്‍
ദ്രാവിഡ് ഒറ്റയ്ക്ക് ... നൂറു കണക്കിന് ആസ്ട്രേലിയന്‍ ക്രിക്കറ്റിലെ
വമ്പന്മാരെ കാഴ്ച്ചക്കാരാകി ഇരുത്തി ആദ്യ വിജയം നേടി.. പക്ഷെ ഇത്തവണ ചുറ്റും
കൂടിയിരുന്ന ആസ്ട്രെലിയക്കാരില്‍ ഒരാള്‍ പോലും കൂക്കി വിളിച്ചില്ല, ദേഷ്യം
പ്രകടിപ്പിച്ചില്ല, മറിച്ചു ഒന്നൊഴിയാതെ എഴുന്നേറ്റു നിന്ന് കരഘോഷം മുഴക്കി
അഭിനന്ദിച്ചു. ആഘോഷിച്ചു.
കളിക്കാര്‍ അരങ്ങിലെത്തുമ്പോള്‍
കളിക്കളത്തിലെ യുദ്ധതന്ത്രങ്ങളെയും, കളിക്ക് പുറത്തുള്ള ചരട് വലികളെയും
പറ്റി, മാത്രം കേട്ട് പഴകിച്ച ജനസഹസ്രം ഒന്നടങ്കം അതിശയിച്ച നാല്പത്തഞ്ചു
മിനിട്ടുകള്‍. വ്യത്യസ്തമായ, ചിന്തോദ്ദീപകമായ ആശയങ്ങള്‍, വളരെ ഭംഗിയായി ഒരു മുത്തുമാല പോലെ കോര്‍ത്തെടുത്തു ശക്തിയും സൌന്ദര്യവുമുള്ള ഭാഷയില്‍, തഴക്കം
വന്ന പ്രാസംഗികരെ പോലും അതിശയിപ്പിക്കുന്ന രീതിയില്‍ അവതരിപ്പിച്ചു കൊണ്ട്, തന്റെ
ബൌദ്ധികമായ ഔന്നത്യം, വ്യക്തമാക്കി തന്നു ഇന്ത്യയുടെ ആ മുന്‍കാല നായകന്‍.
ഡോണ്‍
ബ്രാഡ്മാന്‍ എന്ന മഹാനായ ബാറ്സ്മാന്റെ സ്മരണയില്‍ കഴിഞ ഒരു ദശാബ്ദമായി
നടക്കുന്ന പ്രസംഗ പരമ്പരയില്‍ ആസ്ട്രെലിയക്ക് പുറത്തു നിന്നും
അഭിസംബോധനക്ക് ക്ഷണിക്കപ്പെട്ട ആദ്യ വ്യക്തി, സംഘാടകര്‍ തന്നെ
തിരഞ്ഞെടുത്തത് വെറുതെ അല്ല എന്ന് അടിവരയിട്ടു തെളിയിച്ചു. കളിക്കളത്തില്‍
എന്ന പോലെ തികഞ്ഞ ആത്മസംയമനത്തോടെ, ചടുലമായ ഭാഷയില്‍, പക്വതയോടെ അദ്ദേഹം
പറഞ്ഞു തീര്‍ത്തത് പ്രേക്ഷകര്‍ ബഹുമാനം കലര്‍ന്ന മിഴികലോടെയാണ്
ശ്രവിചിരുന്നത്. മൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ് സിഡ്നി ടെസ്റ്റ് കഴിഞ്ഞു
നടത്തിയ ഒരു പത്രസമ്മേളനത്തില്‍ ദ്രാവിഡിന്റെ നാട്ടുകാരനായ ആ ടെസ്റ്റിലെ
നായകന്‍ ഇത് പോലെ പക്വതയാര്‍ന്ന ഒരു പ്രസ്താവന നടത്തി. അതിലെ കുന്തമുന തങ്ങളുടെ മനാസാക്ഷിയെ കുത്തി നോവിച്ചത് പക്ഷെ ആസ്ട്രെലിയക്കാര്‍ക്ക് അത്രയ്ക്കങ്ങ് രുചിചില്ലായിരിക്കാം.. പക്ഷെ ഇന്നലെ ദ്രാവിഡ് പറഞ്ഞ
ഓരോ വാക്കും അവര്‍ മനസ്സിലെറ്റിയിരിക്കും എന്നുറപ്പ്. ക്രിക്കറ്റ് എന്ന
കളിക്ക് ഉപരിയായി അദ്ദേഹത്തിനുള്ള ചരിത്രാവബോധം, വന്ന വഴികള്‍ മറക്കാത്ത അദ്ധേഹത്തിന്റെ സാംസ്കാരിക നിലവാരം, ക്രിക്കറ്റ് എന്ന കളിയുടെ സാധ്യതകളെയും ഭാവിയും പറ്റിയുള്ള പക്വതയാര്‍ന്ന വീക്ഷണം... ഇവയെല്ലാം അദ്ധേഹത്തിന്റെ വാക്കുകളില്‍
സുവ്യക്തമായിരുന്നു. ബോക്സിംഗ് ദിനത്തില്‍ കൊമ്പ് കോര്‍ക്കുമ്പോള്‍ ഈ വാക്കുകളിലെ പാകതയും ദാര്‍ശനിക
മാനങ്ങളും മറ്റും മാഞ്ഞു പോവുമായിരിക്കാം.. അവിടെ പോര്‍ വിളികളും
ആക്രമണങ്ങളും കൈയ്യേറിയെക്കാം... ഏതായാലും ബോക്സിംഗ് ദിനത്തിനായി
കളിക്കൊരുങ്ങുന്ന ഇന്ത്യന്‍ ടീമിനും ഇവിടെ കാണാന്‍ കാത്തിരിക്കുന്ന കായിക
പ്രേമികള്‍ക്കും ഈ വന്മതിലിന്റെ ആത്മവിശ്വാസതോടെയുള്ള പ്രകടനം ഊര്‍ജമായി തീരും എന്ന് നമുക്ക് വിശ്വസിക്കാം .
ബസ്സില്‍ നടന്നിരുന്ന വിശ്വാസത്തെ കുറിച്ചുള്ള "ചര്‍ച്ചകള്‍ക്ക്"(?)
അനുബന്ധമായാണീ പോസ്റ്റ്. പ്രത്യേകിച്ച് ഒരു ലക്‌ഷ്യം കൂടാതെ ചില ചിന്തകള്‍ താല്‍കാലികമായി പാര്‍ക്ക് ചെയ്യാന്‍ ഇടുന്ന ഒരു പോസ്റ്റ്...
ഒരു ചെറിയ നയപ്രഖ്യാപനം പോലെ... വിശ്വാസം എന്നത്
സ്വകാര്യത ആണ് എന്ന പ്രമാണത്തോട് പരിപൂര്‍ണമായ ബഹുമാനത്തോടെ തന്നെ. ഞാന്‍ ഒരു മതത്തെയോ സംഘടനയെയോ വിഭാഗത്തെയോ പ്രതിനിധാനം ചെയ്തിട്ടല്ല എന്നും, ഒരു വിശദീകരണം, അല്ലെങ്കില്‍ ന്യായീകരണം കൊടുക്കേണ്ട ബാധ്യത തോന്നിയിട്ടല്ല
ഇങ്ങനെയൊക്കെ ഇവിടെ കുറിക്കുന്നത് എന്നും ആദ്യമേ പറഞ്ഞു വെക്കട്ടെ.
ദൈവ
സങ്കല്പം, ആരാധന രീതികളുടെ സാംഗത്യം ഇതായിരുന്നു "ചര്‍ച്ചകളിലെ" മുഖ്യ വഴിപ്പിരിവുകള്‍ ... ഇതില്‍ ആദ്യത്തെതെടുക്കാം... ദൈവ
സങ്കല്പം. വ്യക്തിപരമായി പറയുകയാണെങ്കില്‍, എന്റെ വിശ്വാസം
രൂപപെട്ടിരിക്കുന്നത് ദൈവം ഉണ്ട് എന്ന ഉറച്ച വിശ്വാസത്തിലല്ല, ദൈവം
ഉണ്ടായിരിക്കണം എന്ന പ്രതീക്ഷയില്‍ ആണ്. പിന്നെ അതിന്റെ രൂപം, അവിടെ പലരും കാണുന്നത് ആനത്തലയും നാല് കൈകളും ഉള്ള ഒരു വിചിത്ര ജീവിയാണെങ്കില്‍,
എനിക്ക് കാണാന്‍ ആവുന്നത്, കര്‍മപാതയില്‍ ഉളവാവുന്ന വിഘ്നങ്ങളെ, നീക്കി
തരുന്ന വിഘ്നേശ്വരന്‍ ആണ്, അതില്‍ എനിക്ക് തൃപ്തി ലഭിക്കുന്നു, ആശ്വാസം
ലഭിക്കുന്നു...അത് കൊണ്ട് അവിടെ ഞാന്‍ ശാസ്ത്രത്തിന്റെ യുക്തിയുടെ പാത തേടി
പോകുന്നില്ല, മറിച്ച് വിശ്വാസം നല്‍കുന്ന, ആ പ്രതീക്ഷ നല്‍കുന്ന
ധൈര്യത്തോടെ മുമ്പോട്ട് നീങ്ങാന്‍ ശ്രമിക്കുക ആണ്. ഇത് ജനനം മുതല്‍
എന്നില്‍ പകരപ്പെട്ട, സങ്കല്പങ്ങള്‍ ഊട്ടി ഉറപ്പിച്ച ഒരു ഇമേജ് ആണ് എന്ന്
തന്നെ പറയാം. അവിടെ തുമ്പിക്കൈയ്യും കൊമ്പും അതിന്റെ യുക്തിപരമായ
അടിസ്ഥാനവും... ഒന്നും ഒരു തടസ്സമായി കാണാന്‍ കഴിയുന്നില്ല. മറിച്ച് ആ രൂപം
പ്രതിനിധാനം ചെയ്യുന്ന ഒരു സങ്കല്‍പ്പമാണ് മനസ്സില്‍ (ഭക്തി, വിശ്വാസം എന്നിവയുടെ ആവാസ സ്ഥാനം മനസ്സാണ് എന്നും ബുദ്ധിയല്ല എന്നാണു എന്റെ അഭിപ്രായം).
അക്ഷരത്തെ, വിദ്യയെ നാരീ സകല്പമായി ആരാധിക്കുന്ന സരസ്വതി, ഓടക്കുഴല്‍
വിളിച്ചു കാലിമേച്ചു നടക്കുന്ന കണ്ണന്‍... ഇങ്ങനെ ഉള്ള മൂര്‍ത്തികള്‍...
സങ്കല്പങ്ങള്‍... ഓരോന്നിനും ഉദാത്തമായ (അല്ലെങ്കില്‍ ഉദാത്തം എന്ന് ഞാന്‍
കരുതുന്ന) ഭാവങ്ങള്‍ മനസ്സില്‍ സങ്കല്പിച്ചു വെച്ചിട്ടുണ്ട്... ഇവിടെ
ത്യാഗ സങ്കല്‍പം കാണുന്നത് കുരിശില്‍ കിടക്കുന്ന മുള്‍ക്കിരീടം അണിഞ്ഞ
യേശുദേവനിലാണ്...... അത് കൊണ്ട് തന്നെ ഒരു ഇളക്കി പ്രതിഷ്ടയുടെ ആവശ്യം
തോന്നിയിട്ടില്ല.. ഇവിടെ ഒരു ഇടപാടുകാരന്റെ ആവശ്യം എനിക്കില്ല അത് കൊണ്ട്
തന്നെ പൂജാരി, വൈദികന്‍ എന്നൊക്കെ ഉള്ള കാര്യങ്ങള്‍ക്ക് ഞാന്‍ വലിയ വിലയും
കല്‍പ്പിക്കുന്നില്ല (ബഹുമാനം തോന്നിയിട്ടുള്ള വ്യക്തിത്വങ്ങള്‍
അവര്‍ക്കിടയില്‍ പലരും ഉണ്ടായിട്ടുണ്ട് അത് പോലെ വെറുപ്പും... അത് അവരുടെ ആ
തൊഴിലിനോട് ബന്ധപ്പെടുതിയുമല്ല).. പക്ഷെ ചില ദേവാലയങ്ങള്‍ പലപ്പോഴും
മനസ്സിന് അനുഭൂതി പ്രദാനം ചെയ്തിട്ടുണ്ട്... എല്ലാവര്ക്കും ഉണ്ടാവുന്ന
അനുഭവം ആവണം എന്നില്ല... കാണണം എന്ന് ആഗ്രഹിച്ച കാഴ്ച കാട്ടിത്തരുന്ന അനുഭവിക്കണം എന്ന് ആഗ്രഹിച്ച അനുഭൂതി പകരുന്ന മനസ്സിന്റെ വിക്രിയ ആയിരിക്കാം ... മൂകാംബിക ക്ഷേത്ര സന്നിധി, ശബരിമല
സന്നിധാനം... ഇവയൊക്കെ മനസ്സിന് ശാന്തിയും ആശ്വാസവും, അതിലേറെ ഊര്‍ജവും
പകര്‍ന്ന അന്തരീക്ഷം നല്‍കിയിട്ടുണ്ട്. മറിച്ച് മറ്റു ചില "ദേവാലയങ്ങള്‍
(?)" - പഴനി, തിരുപതി തുടങ്ങിയ. മനസ്സില്‍ disgust എന്ന വികാരം
മാത്രം ഉണര്‍ത്തിയ ബിസ്സ്നെസ്സ് സ്ഥാപനങ്ങള്‍ ആയി തോന്നിയിട്ടും ഉണ്ട്..
ഇത് അനുഭവങ്ങള്‍ ... അത് പോലെ തന്നെ ഒരു ദിവസം തുടങ്ങുമ്പോള്‍ ഒരു വിളക്ക് കത്തിച്ചു കുളിച്ചു ഈറനുടുത്തു കൈ കൂപ്പി നിന്ന് ഒരു നിമിഷം
ധ്യാനിക്കുമ്പോള്‍ മനസ്സിന് സന്തോഷവും തൃപ്തിയും ഉണ്ടാവുന്നു ... അവനവന്‍
ആത്മ സുഖതിനാചരിക്കുന്ന കാര്യങ്ങള്‍.......
അത് പോലെ തന്നെ ദൈവ സാന്നിധ്യം
എന്ന് ഞാന്‍ വിശ്വസിക്കാന്‍ ഇഷ്ടപ്പെടുന്ന കാര്യങ്ങള്‍.. ജീവിതത്തില്‍
ഉണ്ടായിട്ടുമുണ്ട്.. പല പ്രതിസന്ധികള്‍... ആ ഘട്ടങ്ങളില്‍ എന്നെക്കൊണ്ട്
സാധിക്കില്ല എന്ന് ഉറപ്പിച്ച പല കാര്യങ്ങളും ചെറിയ ചില സാഹചര്യങ്ങളുടെ
മാറ്റങ്ങള്‍ കൊണ്ട് അനുകൂലമായി വന്നിട്ടുണ്ട്... അതിന്റെ ക്രെഡിറ്റ് ഞാന്‍
ഈശ്വരന് കൊടുക്കുവാന്‍ ഇഷ്ടപ്പെടുന്നു (മറ്റൊരു ഫാക്ടറും... അല്ലെങ്കില്‍
മറ്റാരും അവിടെ പ്രവര്‍ത്തിച്ചിട്ടില്ല എന്ന് ആത്മാര്‍ഥമായി കരുതുകയും ചെയ്യുന്നു) .. ഇനി ആള്‍ ദൈവങ്ങളെ പറ്റി ...
ഒട്ടും വിശ്വാസമില്ല... തിരിഞ്ഞു നോക്കാറുമില്ല.. സേവനങ്ങള്‍ ചെയ്യുന്നത്, സഹകരിക്കും, പിന്തുണക്കും ... ആരാധനയും പൂജയും, അതിനാവില്ല
...എന്താണെന്നറിയില്ല അവിടെ യുക്തി കയറി കളിക്കും..
ശാസ്ത്രം "ഇനെര്‍ഷിയ" എന്ന് വിശദീകരിച്ച തത്വം തന്നെ.. ഒരു അവസ്ഥയില്‍
ഇരുന്നു കൊണ്ട് തന്നെ തനിക്കു അഭികാമ്യമായ അല്ലെങ്കില്‍ അഭികാമ്യം എന്ന്
തോന്നുന്ന ഒരു ഔട്ട്‌കം ലഭിച്ചു കൊണ്ടിരിക്കുമ്പോള്‍ എന്തിനു ആ അവസ്ഥ
തകര്‍ത്തു പുറത്തു പോവണം... ഇത് കൊണ്ട് ഞാന്‍ അടുത്ത തലമുറയിലേക്കു
പകരുകയോ എനിക്ക് ചുറ്റുമുള്ളവരെ ഇവാന്ജലയിസ് ചെയ്യുകയോ , മറ്റുള്ളവര്‍ക്ക്
ദ്രോഹം ഉണ്ടാക്കുകയോ, മനോവിഷമം ഉണ്ടാക്കുകയോ അവരുടെ വികാരത്തെ ഹനിക്കുകയോ
ചെയ്യുന്ന പ്രവര്‍ത്തികളില്‍ ഏര്‍പ്പെടാതെ ഇരിക്കുന്നെടത്തോളം കാലം
തുടരാനുള്ള വ്യക്തിപരമായ അവകാശം ഉണ്ട്....
ഹിന്ദു മത വിശ്വാസികള്‍ ആരാധിക്കുന്ന മൂര്‍ത്തികളെ. അവരുടെ വിശ്വാസങ്ങളെ മാത്രം കളിയാക്കി കൊണ്ടും, രൂക്ഷമായ ഭാഷയില്‍ പുലഭ്യം പറഞ്ഞു കൊണ്ടും തലങ്ങും വിലങ്ങും "പുരോഗമനവാദികള്‍" (നിരീശ്വര വാദികള്‍) പോസ്റ്റുകള്‍ ഇടുന്നു, കവിതകള്‍ (പൂരപ്പാട്ടുകള്‍) രചിക്കുന്നു, സ്വയം പാടി അര്മാദിക്കുന്നു, ഷയെരി വിപ്ലവിക്കുന്നു... വളരെ നന്ന്.. ചോദ്യം ചെയ്യേണ്ട എന്തിനെയും ചോദ്യം ചെയ്യണം. പക്ഷെ ആ പുരോഗമന വാദം വെറും ഹിപ്പോക്രസി ആയി മാറുന്നത്. ഈ പൂരപ്പാട്ടുകള്‍ ഹിന്ദു മത വിശ്വാസം ഒരൊറ്റ വൃത്തത്തില്‍ ഒതുങ്ങുമ്പോഴാണ്.. അവരുടെ എല്ലാ കലിപ്പുകളും ഹൈന്ദവ വിശ്വാസങ്ങളെ ആക്രമിക്കാന്‍ വേണ്ടി മാത്രം ആവുമ്പോഴാണ്.
വിമര്‍ശനം, ആശയ സംവാദം എന്ന രീതിയില്‍ മറ്റു മതങ്ങളെ പ്രതിപാദിച്ചു ചില യുക്തിവാദികള്‍ എഴുതുന്നുണ്ട് എന്ന് അംഗീകരിക്കുന്നു.. അവിടെയൊന്നും മറ്റു മതങ്ങളുടെ ആരാധനാ മൂര്‍ത്തികളെ "ഷണ്ഡന്‍", "പെരുച്ചാഴി" എന്നീ പദങ്ങള്‍ നിര്‍ലോഭം ഉപയോഗിച്ച് ആക്രമിക്കുന്നതായി കണ്ടിട്ടില്ല (സഭ്യേതരമായ അനവധി പ്രയോഗങ്ങളും ഈ പു രോഗമനവാദികള്‍ ഉപയോഗിക്കുന്നുണ്ട്.. അതിവിടെ ചേര്‍ക്കാന്‍ പറ്റാത്തത് കൊണ്ട് കോട്ട് ചെയ്യുന്നില്ല) . അവയില്‍ അധികവും ക്രിയാത്മകമായ വിമര്‍ശനങ്ങള്‍ ആണ്, ചര്‍ച്ച ചെയ്യാനും ആശയങ്ങള്‍ പങ്കു വെക്കാനും ഉദ്ദേശിച്ചു കൊണ്ട് അല്ലാതെ ഒറ്റ തിരിച്ചു നടത്തുന്ന വിദ്വേഷം മാത്രം വമിക്കുന്ന ആക്രമണങ്ങള്‍ അല്ല. ആശയ സംവാദങ്ങള്‍ക്ക് സാമാന്യ ബുദ്ധിയുള്ളവര്‍ എതിര് നില്‍ക്കും എന്ന് എനിക്ക് തോന്നുന്നില്ല.
ഈ അന്ധവിശ്വാസങ്ങളും ആള്‍ദൈവങ്ങളും അത്ഭുധ സിദ്ധികളും മറ്റും ഹിന്ദുക്കള്‍ക്ക് മാത്രം ഉള്ളതാണോ?മറ്റുള്ള കേഡര്‍ മതങ്ങളെ ഈ വിഷയങ്ങളില്‍, ഇടക്കൊന്നു പേരിനു തലോടി പോവുന്നതല്ലാതെ, ഇതേ ഭാഷയില്‍, ഇതേ രീതിയില്‍ ഒന്ന് വിമര്‍ശിക്കാന്‍ ഈ മാന്യ സുഹൃത്തുക്കള്‍ക്ക് കഴിയുമോ? അവിടെ മുട്ടിടിക്കും.. മുണ്ടില്‍ പെടുക്കും, അത് സ്വന്തം പേരില്‍ എഴുതുന്നവനായാലും... അതോ തലയില്‍ മുണ്ടിട്ടും, മുഖം മൂടി അണിഞ്ഞും എഴുതുന്നവനായാലും. ഇവര്‍ക്കൊക്കെ നാക്ക് വളക്കുകയും കീ ബോര്‍ഡ് വഴങ്ങുകയും ചെയ്യുന്നത് രാമനെയും, ശിവനെയും ഗണപതിയെയും പുലഭ്യം പറയാന്‍ മാത്രമാണ്. ഇത് പറയുമ്പോള്‍ പലരും ഒറ്റപ്പെട്ട ചില പോസ്റ്റുമായി വരും. ഒന്ന് പിച്ചിയും നുള്ളിയും വിട്ട കാര്യം പറഞ്ഞു. പക്ഷെ അവയൊക്കെ ഈ പുലഭ്യ സുനാമിയുടെ നൂറിലൊന്നു പോലും വരില്ല. വിമര്‍ശനവും ആശയ സംവാദവും ആവശ്യമുള്ളത് തന്നെയാണ്. ഇവിടെ ഒന്നും പെര്‍ഫെക്റ്റ് അല്ല ...
എല്ലാം... ശാസ്ത്രവും, വിപ്ലവവും, മതവും, സമൂഹവും. എല്ലാറ്റിനും
കാലാനുഗതമായി മാറ്റം വരുത്തേണ്ടത് ആണ്... നല്ല കാര്യങ്ങള്‍
സ്വീകരിക്കേണ്ടതാണ്. തെറ്റുകള്‍ ഒഴിവാക്കപെടെണ്ടാതാണ്. അതിനു ചാലക
ശക്തികളായി നില്‍ക്കുന്നതാണ് പുരോഗമന വാദിയുടെ ധര്‍മം.. പക്ഷെ ഈ പുരോഗമന
വാദികള്‍ എന്ന് നടിക്കുന്ന ഭീരുക്കള്‍ വെറും ഹിപ്പോക്രയിറ്റുകള്‍
മാത്രമാണ്... അവന്റെ ഒക്കെ പുരോഗമനം ഹിന്ദു എന്ന് വിളിക്കപെടുന്ന
സമൂഹത്തിനു നേരെ ആക്രമണം അഴിച്ചു വിടാന്‍ മാത്രമാണ്.. അവിടെ കുറ്റിയടിച്ച് നില്കും അവരുടെ
ധാര്‍മിക ബോധം
എന്റെ അറിവില്‍ തദ്ദേശീയരായ ഒരു കൂട്ടം ന്യൂനപക്ഷങ്ങളെ കാലാകാലം ചൂഷണം ചെയ്യാന്‍ അവരുടെ മേല്‍ ചാര്‍ത്തി കൊടുക്കപെട്ട, അടിച്ചേല്പിച്ച ഒരു സങ്കല്പം ആണ് ഹിന്ദു മതം.. വളരെ ഏറെ വൈരുദ്ധ്യങ്ങള്‍, പൊരുത്തക്കേടുകള്‍, അസമത്വങ്ങള്‍, ഇവയെല്ലാം കൂട്ടികെട്ടി എച്ചുകെട്ടി പടച്ചുണ്ടാക്കിയ ആ ഒരു രൂപകല്‍പന - എക്കാലവും വിഘടിച്ചും, തമ്മില്‍ തല്ലിയും ശഖലിതമായി കിടക്കും എന്ന് നല്ല ഉറപ്പുണ്ട്. അത് തങ്ങള്‍ കൂടെ കോണ്ടുവന്ന കേഡര്‍ മതങ്ങള്‍ക്ക് വെരോടുവാന്‍ വളക്കൂറും, വില പെശുവാന്‍ കളിത്തട്ടും ഒരുക്കി വെക്കാന്‍ ഇവിടെ അധിനിവേശം നടത്തിയ വിദേശ ശക്തികള്‍ ഒരുക്കി കൊടുത്ത ഒരു കല്പിത ആവരണം ആയി ഫലത്തില്‍ മാറുന്നു. ഒരു പാട് വൈരുദ്ധ്യങ്ങള്‍ രൂപ കല്‍പ്പനയില്‍ തന്നെ ഉള്ളപ്പോള്‍. അത് ഒറ്റ തിരിച്ചു ആക്രമിക്കാന്‍ പഴുതുകള്‍ ധാരാളം കൊടുക്കുന്നു. പല പല ഗ്രന്ഥങ്ങള്‍ .. വ്യത്യസ്ത ആരാധനാ ക്രമങ്ങള്‍, നിരവധി മൂര്‍ത്തികള്‍. വിചിത്രാചാരങ്ങള്‍, ചില അന്ധവിശ്വാസങ്ങള്‍, ജാതീയത, അങ്ങിനെ പലതും. എന്തിനു, നോണ്‍ leniar ആയ ഈ ഘടന തന്നെ ഒറ്റക്കെട്ടായി നില്‍ക്കാനും ശക്തിയായി മാറാനും ഉള്ള സാഹചര്യം പോലും ഇല്ലാതാക്കുന്നു.. അവിടെയാണ് കളം ഒരുങ്ങുന്നത്, സംഘടിതമായ leniar ഘടനയില്‍ കെട്ടിപൊക്കിയ അധിനിവേശത്തിന്റെ സന്തതികള്‍(എല്ലാവരും താമസ്ക്കരിചാലും അതില്‍ സത്യം ഇല്ലേ?) ആയ കേഡര്‍ മതങ്ങള്‍ക്ക്.
ഇപ്പറഞ്ഞു വരുന്നത് - മറ്റു മതങ്ങളെ അല്ലെങ്ങില്‍ വിശ്വാസികള്‍ ആരാധിക്കുന്ന മൂര്‍ത്തികളെ പുലഭ്യം പറഞ്ഞാല്‍ എനിക്ക് സമാധാനമായി എന്നല്ല. ഓരോരുത്തര്‍ക്കും അവരുടെ വിശ്വാസം.. ആരാധന സ്വാതന്ത്ര്യം, അതിനുള്ള സ്വകാര്യ സ്പേസ് സമൂഹം കൊടുക്കേണ്ടതായി ഉണ്ട്. അവിടെ കയറി ഇത്തരം മനോ വൈകൃതങ്ങള്‍, രചനകള്‍ നടത്തുന്നത് കാണുമ്പോള്‍ തോന്നുന്നത് പറഞ്ഞു എന്ന് മാത്രം. ഒരു കാര്യം പറയാമല്ലോ ഇതൊക്കെ പറയുമ്പോള്‍ സന്തോഷം തോന്നുന്നു - ഇവര്‍ക്കൊക്കെ ഇങ്ങനെ പറയാനുള്ള സ്വാതന്ത്ര്യം ഇവിടെ ലഭിക്കുന്നുണ്ടല്ലോ എന്നോര്‍ത്ത്...
ഈ വീഡിയോ ലോകം മുഴുവന്‍ ഏറ്റെടുത്തത് മുതല്‍ തുടങ്ങിയതാ... കുലപതികള്‍ക്ക്
ഒരു ചൊരുക്ക്... നിരാശാ കാമുകനെ താടിയും വളര്‍ത്തി കടാപ്പുറത്ത് പാടി
നടക്കാന്‍ മാത്രമേ അവര്‍ അനുവദിക്കൂ. അവനു വേറൊരു രീതിയിലും
പ്രതികരിക്കാന്‍ അവകാശം കൊടുത്തു കൂടാ. അസഹിഷ്ണുത പല രീതിയിലാണ് പുറത്തു
വിടുന്നത്. അവര്‍ അതിന്റെ കാവ്യ ഗുണവും സംഗീത രീതികളും അളന്നു കീറി അറുത്തു മുറിച്ചു
മാര്‍ക്കിടുന്നു... അതിന്റെ സൃഷ്ടാക്കളില്‍ ഒരാള്‍ പോലും ഇത് ഒരു മഹത്തരമായ സംഗീത സൃഷ്ടിയാണ് എന്ന് എവിടെയും അവകാശപെട്ടിടുള്ളതായി
കേട്ടിട്ടില്ല.. പിന്നെന്താണ് പ്രശ്നം? ഇത് ഇന്നത്തെ കാലഘട്ടത്തിന്റെ ശബ്ദങ്ങള്‍....
പ്രതിഫലനങ്ങള്‍ . അതിന്റെ പ്രതിനിധികളുടെ ആവിഷ്കരണം.. അത് ആ തലമുറയെ
രസിപ്പിക്കുന്നു ... അവര്‍ ആഘോഷിക്കുന്നു.. ഇനി അടുത്ത തലമുറ...
അവര്‍ക്കുമുണ്ടാവും അവരുടെ രീതികള്‍... ഇഷ്ടങ്ങള്‍ ആഘോഷങ്ങള്‍..
പ്രകടനങ്ങള്‍... പ്രതികരണങ്ങള്‍..
ഇവിടെ പ്രശ്നം നമ്മള്‍ അടങ്ങുന്ന പഴുത്ത
ഇലകളുടെ തലമുറ ആണ്. നമ്മുടെ ഒക്കെ ലോകം കഴിഞ്ഞു, ഇത് അടുത്ത തലമുറയുടെയാ
എന്ന് സമ്മതിച്ചു കൊടുക്കാന്‍ ഉള്ള മടി... നരച്ച മുടി, കാലഹരണപെട്ട
പ്രമാണങ്ങള്‍, സങ്കല്പങ്ങള്‍, വിശ്വാസങ്ങള്‍ . അത് മുറുക്കി മാറോടടുക്കി
പിടിച്ചിട്ടു ഇനി എന്ത് കാര്യം. നമുക്ക് വേണമെങ്കില്‍ അത് കാത്തു
വെക്കാം... പക്ഷെ അങ്ങിനെയേ പുതു തലമുറയും ചിന്തിക്കാവൂ പ്രവര്‍ത്തിക്കാവൂ
എന്ന് എന്തിനാണ് ഒരു നിഷ്കര്‍ഷ. ഇനി കളത്തില്‍ നിന്ന് കരക്ക് കയറി അവരുടെ
കളി മാറി നിന്ന് ആസ്വദിക്കുക... അല്ലെങ്കില്‍ കണ്ണും ചെവിയും പൊത്തി ഒരു
മൂലക്കല്‍ സ്വസ്ഥമായി ചുരുണ്ട് കൂടുക. അവരുടെ അടുത്ത് ജഡ്ജിയാവാന്‍ പോയി
എന്തിനാ വെറുതെ നാണം കെടുന്നത്. "നോസ്ടാല്ജിയ" എന്നൊക്കെ പറഞ്ഞു വികാരം
കൊണ്ടിട്ടു യാതൊരു കാര്യവുമില്ല. മനസ്സ് തുറന്നു വെച്ച് മാറ്റത്തെ
മനസ്സിലാക്കുക.. ഉള്‍കൊള്ളാന്‍ ശ്രമിക്കുക. അവിടെ നല്ലത് ചീത്ത എന്നൊക്കെ
വിധി പ്രസ്താവിക്കാനുള്ള അവകാശം ആരും ആര്‍ക്കും നല്‍കിയിട്ടില്ല. അതൊക്കെ
അവരവരുടെ വിവേകത്തിനും ബുദ്ധിക്കും വിട്ടു കൊടുക്കുകയാണ് ഭേദം. നമുക്ക്
ഇഷ്ടപ്പെടെണ്ടത് നമുക്ക് ഇഷ്ടപ്പെടാം... ഇല്ലെങ്കില്‍ വേണ്ട.
ഇനി മെല്ലെ
തട്ടിന്‍ പുറത്തു നിന്നും പഴയ സിഡികള്‍ പൊടി തട്ടി എടുത്തു ഹെഡ് ഫോണില്‍
കുറഞ്ഞ വോള്യത്തില്‍ വെച്ച് നഷ്ട വസന്തത്തെ കുറിച്ച് വിലപിച്ചു
പൊട്ടിക്കരഞ്ഞു കൊണ്ട് മാനസമൈനയെ, പ്രാണസഖിയെ.. മാണിക്യ വീണ മീട്ടി,
കടാപ്പുറത്ത് ചങ്ക് പൊട്ടി പാടി വിളിച്ചു നടക്കാം ... അവിടെ കൊലവെറി
കൊട്ടി തിമിര്‍ക്കട്ടെ ... അത് കഴിഞ്ഞാല്‍ പിറകെ വരുന്നവര്‍ വേറെ
എന്തെങ്കിലും കൊണ്ട് വരും ആഘോഷിക്കാന്‍. അപ്പോള്‍ നമ്മള്‍ ഉണ്ടെങ്കില്‍
അതും നമുക്ക് കാണാം ... അവരോടൊപ്പം കൂടണം എങ്കില്‍ അതും ആവാം..
PS: കുറച്ചു കൂടി നന്നായി മാര്‍കെറ്റ് ചെയ്തിരുന്നെങ്കില്‍ ഇന്തിനേക്കാള്‍
മുന്‍പ് ഇത്രയും വലിയ വിജയം മറ്റൊരു പാട്ടിനു കിട്ടുമായിരുന്നു എന്ന് ഞാന്‍
വിശ്വസിക്കുന്നു... വിജയ് ആന്റൊനിയുടെ "നാക്ക് മുക്ക്..."
ഇതിനൊക്കെ ഇറങ്ങുമ്പോഴേ തോന്നിയിരുന്നു ... അല്ലാ വ്യക്തമായിരുന്നു... ഈ മുന്നില്‍ നിന്ന് നയിക്കുന്ന
മഹാന്മാരൊക്കെ കാര്യം വരുമ്പോള്‍ മുട്ടിനിടിക്കുന്നവരാന്..മുണ്ടില്‍
പെടുക്കുന്നവരാന്. പിറകില്‍ നിന്നും കുത്തുന്നവരാണ്
എന്നെല്ലാം... എന്നിട്ടും നമ്മള്‍ യുദ്ധം ചെയ്തു ... മാമാങ്കത്തിലെ
ചാവേറുകളെ പോലെ... ഇനിയും പറ്റാവുന്ന വിധത്തില്‍ അത് തുടരാം.
ആര്‍ക്കെങ്കിലും എന്നെങ്കിലും നല്ല ബുദ്ധി ഉദിക്കുന്ന കാലം
വരെ.....അതലെങ്കില്‍ ഇപ്പോഴത്തെ സ്ഥിതി എന്താണെന്ന് വെച്ച് തമിഴ്നാടിന്റെ
വാദമുഖങ്ങള്‍
എല്ലാം 100% ശരിയായിരിക്കണേ എന്ന് ഉള്ളുരുകി പ്രാര്‍ഥിക്കുക..നമ്മള്‍ ഇതുവരെ
കരുതിയിരുന്നതും വാദിച്ചിരുന്നതും എല്ലാം നമ്മുടെ എ ജി സാര്‍ പറഞ്ഞ പോലെ, വെറും മാധ്യമ സൃഷ്ടി
മാത്രമായിരിക്കണേ എന്ന് പ്രതീക്ഷിക്കുക... സുര്‍ക്കിയും ചുണ്ണാമ്പും ശങ്കര്‍ സിമെന്റ് പോലെ കട്ടക്ക് കട്ട ഡാമിനെ ഒരു കേടുപാടും കൂടാതെ ചോളന്റെ കല്ലണ പോലെ കാലാകാലം തകര്‍ക്കാന്‍ പറ്റാത്ത വിശ്വാസം പോലെ നില നിര്‍ത്തി പോരട്ടെ എന്ന് പ്രാര്‍ഥിക്കാം. അതല്ലാതെ
വേറെ വഴിയില്ല... നമുക്ക് നാട് ഭരിക്കാന്‍ ഉശിരുള്ള പെണ്ണുങ്ങള്‍ ഇല്ലാതെ പോയല്ലോ? ഈ ആണും പെണ്ണും കേട്ടവന്‍മാരല്ലാതെ...
ഏതായാലും ഒരു കാര്യം ഉറപ്പാണ് ... ഇവനൊക്കെ ഡല്‍ഹിയില്‍ പോയി വൈകുന്നേരം
വരെ പാര്‍ലിമെന്റിന്റെ മുന്നില്‍ ഇരുന്നു നേരം പോക്കുന്നത് തിരിച്ചു
കോട്ടയത്തും ഇടുക്കിയിലും മറ്റും വന്നിരിക്കാനുള്ള പ്രാണഭയം കൊണ്ടാണ് ....
അല്ലാതെ ആ കാശും വോട്ടും മാത്രം നോക്കുന്ന ഗോസായിമാരും മദാമ്മയും കണ്ണ്
തുറന്നു കടാക്ഷിച്ചു കാര്യങ്ങള്‍ ചെയ്തു തരും എന്ന് വിശ്വസിച്ചു കൊണ്ടല്ല. ഇപ്പോഴും ഇറക്കുന്നുണ്ട് പ്രസ്താവനകള്‍, ഡല്‍ഹിയില്‍ നിന്നും... ദുബായില്‍
നിന്നും ഒക്കെ, മേയ്ക്ക് അപ്പും ഇട്ടു, ചുളിവു വീഴാത്ത തൂവെള്ള ഖദര്‍ ഉടുത്തു, അശ്ലീലം തുളുമ്പുന്ന മഞ്ഞ ചിരിയുമായി... ഒരു ഉളുപ്പുമില്ലാതെ. നാളെയും അവര്‍ ഇതുമാതിരി ആത്മാര്‍ഥത ഒട്ടും തോട്ടു തീണ്ടാത്ത പ്രസ്താവനകള്‍ ഇറക്കും....അവന്റെ ഒക്കെ കവിളത് ഹസ്തരേഖ പതിപ്പിക്കാന്‍ ഇവിടെയും സര്‍ദാര്‍ജിമാര്‍ ഉണ്ടാകുന്നത് വരെ...
ഒന്ന് രണ്ടു ദിവസം മുന്‍പ് ഒരു സുഹൃത്തിന്റെ ഈ വിഷയത്തിലുള്ള
ഒരു പോസ്റ്റില്‍ വളരെ നിരുത്തരവാദപരമായി "ഒരു സിനിമയുടെ പ്രചാരണആയുധം" എന്ന
വിവക്ഷയില്‍ ഒരു കംമെന്റിടുകയും, അത് മാപ്പപേക്ഷിച്ചു പിന്‍ വലിക്കുകയും
ചെയ്തിരുന്നു... ആ വീണ്ടു വിചാരം ഇല്ലാത്ത ബാലിശമായ പ്രവര്‍ത്തിയിലുള്ള കുറ്റബോധവും
ലജ്ജയും കൊണ്ട് കഴിഞ്ഞ രണ്ടു ദിവസങ്ങാളായി ഞാന്‍ ഈ പ്രശ്നത്തെ കുറിച്ച്
കൂടുതല്‍ വിശകലനം ചെയ്യാനും നമുക്ക് അതിനു എന്തൊക്കെ ചെയ്യാന്‍ പറ്റും
എന്ന് മനസ്സിലാക്കാനും കുറെ സമയം വിനിയോഗിച്ചു.. അതിന്റെ പരിണിതഫലമാണ് ഈ
കുറിപ്പ്.
ഞാന്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളായി "അതിര്‍ത്തിക്കപ്പുറം" ആയിരുന്നു. ഇതേ
കുറിച്ച് തമിഴന്‍ എന്താണ് പറയുന്നത് എന്ന് മനസ്സിലാക്കാന്‍... ഈ
വിഷയങ്ങളിലുള്ള അവരുടെ ഫോറങ്ങള്‍ കയറി ഇറങ്ങി (ഭാഷ പരിമിതി മൂലം
ഇംഗ്ലീഷില്‍ ഉള്ളവ മാത്രമായിരുന്നു അവയധികവും). അതില്‍ നിന്നും വ്യക്തമാകുന്ന ഒരു കാര്യം എന്താണ് എന്ന് വെച്ചാല്‍ അവരുടെ ഭാഗത്ത്
പ്രധാനമായും അതിവൈകാരികത ഉണര്താനാണ് ശ്രമം നടക്കുന്നത്.. മലയാളിയെ തെറി പറയാനാണ് മിക്കവര്‍ക്കും താല്പര്യം (നമ്മളും തിരിച്ചു പറയാന്‍ ഒട്ടും പിന്നിലല്ല എന്ന് കൂടി പറയട്ടെ). പല തരത്തില്‍ പറയുകയാനെങ്കിലും പ്രധാനമായും അവര്‍ മൂന്നു വാദമുഖങ്ങള്‍ ആണ് നിരത്തുന്നത്
1) ഡാമിന്റെ കാല പഴക്കം മൂലം തകരും എന്ന പ്രചരണം എന്ന് നമ്മള്‍ മലയാളികള്‍ വെറുതെ
പറയുന്നതാണ്. ഇതിലും പഴക്കം ഉള്ള ഡാമുകള്‍ ലോകത്ത് പലതുമുണ്ട്.
2) പുതിയ ഡാം
എന്നാല്‍ തമിഴന് വെള്ളം നിഷേധിക്കാനുള്ള ഒരു തന്ത്രമാണ്,
മുല്ലപ്പെരിയാറില്‍ നിന്നുള്ള വെള്ളം ഇല്ലെങ്കില്‍ അഞ്ചു ജില്ലകളില്‍ ഒരു
പുല്ലു പോലും മുളക്കില്ല.
3) മൂന്നാമതെത് എന്നാല്‍ പ്രധാനമായുള്ളത് ഈ
വിഷയത്തില്‍ ഡാം കെട്ടാന്‍ അനുവദിച്ചാല്‍ അത് തമിഴ് ദേശീയതയുടെ
അല്ലെങ്കില്‍ സത്വ ബോധത്തിന്റെ ഒരു കീഴടങ്ങലാണ്... അത് വക വെച്ച് കൂടാ.
ബാക്കി എല്ലാ വാദങ്ങളും ഒരു ആശയവുമില്ലാത്ത വെറും ഗോഗ്വാ വിളികളും അസഭ്യഭാഷണങ്ങളും
മാത്രമാണ്. ഇനി ഇതില്‍ നമുക്കെന്തു ചെയ്യാന്‍ കഴിയും? ഈ സന്നിഗ്ധ
ഘട്ടത്തില്‍ ഇതില്‍ അതി വൈകാരികത കലര്‍ത്തി ഏറ്റുമുട്ടലിന്റെ പാതയിലേക്ക്
പോവുന്നത് കനത്ത നഷ്ടം നമുക്കുണ്ടാകും (അങ്ങിനെയാണ് ഇതിന്റെ വൈകാരിക വശം
ചൂഷണം ചെയ്യാനുള്ള തല്‍പ്പരകക്ഷികള്‍ ആഗ്രഹിക്കുന്നത്) അത് കൊണ്ട് വിവേകപൂര്‍വ്വം ബുദ്ധി ഉപയോഗിച്ച്, ആശയപരമായ പ്രതിരോധത്തിലൂടെയും തമിഴനെ ബോധവല്‍ക്കരിച്ചു നേടുന്ന അഭിപ്രായസമന്വയതിലൂടെയും
മാത്രമേ നമുക്ക് ക്ഷിപ്രപരിഹാരത്തിന്റെ പാതയിലേക്ക് കടക്കാനാവൂ.
ഇവിടെ
നമുക്ക് ചെയ്യാന്‍ കഴിയുന്നത് വിവേകത്തിന്റെ ഭാഷയില്‍, വൈകാരികത
കലര്‍ത്താതെ, അവര്‍ വായിക്കുന്ന ഫോറങ്ങളില്‍, പ്രതികരിക്കുന്ന വേദികളില്‍
ആശയങ്ങളില്‍ ഊന്നി കാര്യ മാത്ര പ്രസക്തമായി പ്രതികരിക്കുക. അവിടെ ബോധപൂര്‍വം
അസഭ്യതിന്റെയും വെല്ലുവിളിയുടെയും വായ്ത്താരികള്‍ക്ക് പിടി കൊടുക്കാതെ, അവരുടെ ദുര്‍ബലമായ
വാദമുഖങ്ങളെ പോളിച്ചടുക്കുക. ആദ്യത്തെ വാദം - നമ്മുടെ കൈയ്യില്‍
ഉള്ള തെളിവുകള്‍ ഉപയോഗിച്ച് യഥാതഥമായി ഡാമിന്റെ ദുര്‍ബല സ്ഥിതിയെപറ്റി. ചോര്‍ച്ചയുടെ ചിത്രങ്ങള്‍, വാര്‍ത്തകള്‍ വീഡിയോകള്‍, എന്നിവ ക്രോടീകരിച്ചു
പോസ്റ്റ് ചെയ്യുക. ഇനി പഴക്കമുള്ള ഡാമുകളെ അവര്‍ ചൂണ്ടിക്കാണിക്കുമ്പോള്‍
അതിലും പഴക്കമുള്ള കെട്ടിടങ്ങള്‍, സ്ട്രക്ച്ചരുകള്‍ എന്നിവ തകരന്നതിന്റെ
തെളിവുകള്‍ കൊടുക്കുക, എന്നിട്ട് നമുക്ക് അവരോടു തന്നെ ചോദിക്കാം
"മുപ്പത്തഞ്ചു ലക്ഷം നിരപരാധികളുടെ ജീവന്‍ നിങ്ങള്ക്ക് ഒന്നോ രണ്ടോ പഴകിയ
കെട്ടിടങ്ങള്‍ നില്‍ക്കുന്നതിന്റെ ചാന്‍സിന് വിട്ടു കൊടുക്കണോ" എന്ന്.
രണ്ടാമത്തെ കാര്യം - വെള്ളം, തമിഴന്റെ ഏറ്റുവും വലിയ പ്രശ്നം "തണ്ണീര്‍" തന്നെയാണ്. അവനെപ്പോലെ അതിന്റെ വില നമുക്കും മനസ്സിലാകും എന്ന് അവനെ ബോധ്യപെടുത്തുക. പുതിയ ഡാം എന്നത് അവന്റെ വെള്ളം മുട്ടിക്കാനുള്ളതല്ല എന്നും അത്
വന്നാലും അവനു കിട്ടി കൊണ്ടിരിക്കുന്ന വെള്ളം ഡാം പുനര്നിര്മിചാലും
തുടര്‍ന്നും ഉറപ്പിച്ചു കിട്ടാന്‍ കിട്ടാന്‍ നമ്മള്‍ അവന്റെ കൂടെ തോളോട്
തോള്‍ ചേര്‍ന്ന് പോരുതുമെന്നുള്ള വാഗ്ദാനം അവനു കൊടുക്കുക. അവന്റെ വെള്ളം
കുടി മുട്ടിക്കലല്ല നമ്മുടെ ലക്ഷ്യം എന്നും, ലക്ഷകണക്കിന് നിരപരാധികളുടെ
ജീവന്‍ രക്ഷിക്കലാണ് എന്നും അവനെ ബോധ്യപെടുത്തുക.
ഇനി ഏറ്റവും കാതലായ
പ്രശ്നം - ഒരു പുതിയ ഡാം നിര്‍മിക്കാന്‍ നമ്മളെ അനുവദിക്കുക എന്നത്
ഒരിക്കലും ഒരു കീഴടങ്ങല്‍ അല്ല എന്നത് അവനെ ബോധ്യപെടുത്തുക... അത് തമിഴ്
ദേശീയതയുടെ തിളക്കമാര്‍ന്ന വിജയമാണ്... അവരുടെ ഹൃദയ വിശാലതയുടെ, നല്ല
മനസ്സിന്റെ പ്രതിഫലനമാണ്. നമ്മള്‍ ആഗ്രഹിക്കുന്നത് ഐക്യമാണ് ശിധിലീകരണം
അല്ല എന്ന് വ്യക്തമാക്കുക. നമ്മള്‍ അവന്റെ ദേശീയ ബോധത്തെ, സത്വത്തെ
ബഹുമാനിക്കുന്നു എന്ന് പ്രഖ്യാപിക്കുക. ആ ബോധം അവനില്‍ ഉണര്തുകയാണ്
വേണ്ടത്.. തമിഴന്‍ നമ്മുടെ സഹോദരന്‍ ആണ്. അല്ലാതെ ശത്രു അല്ല എന്ന്
നമ്മള്‍ വിശ്വസിക്കുക, അവനില്‍ വിശ്വാസം ഉണര്‍ത്തുക. അല്ലാതെ നമ്മളും
അപക്വമായ ഭാഷയില്‍ ഏറ്റുമുട്ടല്‍ നടത്തിയാല്‍, പ്രശനം കൂടുതല്‍
സന്കീര്‍ണമാവും. ഇവിടെ ഏറ്റുമുട്ടല്‍ അല്ല മാര്‍ഗം... സമന്വയം ആണ്.
ഇനി ഇത് എങ്ങിനെ അവനില്‍ എത്തിക്കാം?. ഇവിടെ നമ്മള്‍ ഒറ്റകെട്ടായി എല്ലാ
തമിഴന്‍ പ്രതികരിക്കുന്ന എല്ലാ വേദികളിലും ഈ ആശയങ്ങള്‍ പക്വമായി,
വിവേകപൂര്‍വ്വം, സ്നേഹത്തിന്റെ ഭാഷയില്‍ മുന്നോട്ടു വെക്കുക (അതെ തുടര്‍ന്ന് ഉണ്ടാകിയേക്കാവുന്ന അതിവൈകാരിക
പ്രതികരണങ്ങള്‍ പൂര്‍ണമായും അവഗണിച്ചു കൊണ്ട്). തമിഴ് അറിയുന്ന
സുഹൃത്തുക്കള്‍ അതിനു മുന്നോട്ടു വരിക... അത് കൂടാതെ ശബരി മലയില്‍
ഗുരുവായൂരില്‍ ഈ തീര്‍ഥാടന സീസണില്‍ എത്തുന്ന തമിഴരെ ബോധവല്‍ക്കരിക്കുക,
തമിഴിലുള്ള ലഘു ലേഖകള്‍, അല്ലെങ്കില്‍ വീഡിയോ പ്രദര്‍ശനം, പോസ്റ്ററുകള്‍
എന്നിവ ഒട്ടും പ്രകപോനകരമാല്ലാതെ, സമചിത്തതയോടെ അവരിലെതിക്കുക. നമ്മളില്‍
ആവാവും വിധം വൈകാരികതയുടെ അഗ്നി ആളി കത്താതെ നോക്കുക. അതാണ് നമ്മള്‍
ചെയ്യേണ്ടത്. സന്തോഷ് പണ്ടിട്ടും പ്രിതിവിരാജും കുറച്ചു നേരത്തേക്ക്
റസ്റ്റ് എടുക്കട്ടെ... നമുക്ക് മുന്നോട്ടു നീങ്ങാം.
ഇനി എപ്പോഴെങ്കിലും ശ്രീ ജോണ്‍ ബ്രിട്ടാസ് ഏതെങ്കിലും സുപ്രധാന വ്യക്തികളെ
അഭിമുഖം ചെയ്യാന്‍ തയ്യാറെടുക്കുമ്പോള്‍, അതിനു മുമ്പായി അദ്ദേഹത്തിനെയും
ആരെങ്കിലും ഒന്ന് ഇന്റര്‍വ്യൂ ചെയ്യണം. ആ അഭിമുഖത്തില്‍ അദ്ദേഹത്തിനു താന്‍ അഭിമുഖം ചെയ്യാന്‍ പോകുന്ന
വ്യക്തിയുമായുള്ള "സൌഹൃദം", ആ വ്യക്തിയിലുള്ള "സ്വാധീനം", എന്നൊക്കെ
വ്യക്തമാക്കാന്‍ കഴിയുന്ന മട്ടില്‍ കുറച്ചു ചോദ്യങ്ങള്‍ ചോദിച്ചു വെക്കുക. ആ
ചോദ്യങ്ങളിലൂടെ താന്‍ എത്ര വലിയ മഹാന്‍ ആണ് എന്ന്, തനിക്കു താന്‍ അഭിമുഖം
ചെയ്യാന്‍ പോകുന്ന വ്യക്തിയുമായി എടാ പോടാ എന്ന് വിളിക്കാവുന്ന
ലെവലിലുള്ള, വളരെ "ആഴത്തിലുള്ള" ബന്ധം ഉണ്ട് എന്നൊക്കെ വ്യക്തമായി
വിളംബാന്‍ ഒരു അവസരം കൊടുക്കുക. അത് കഴിഞ്ഞു അദ്ദേഹത്തിനു നല്ല പോലെ സംതൃപ്തി അടഞ്ഞു എന്ന് ഉറപ്പാക്കിയ ശേഷം മാത്രം അഭിമുഖം ചെയ്യാനയക്കുക..തന്റെ വീരസ്യവും താന്‍ അഭിമുഖം ചെയ്യാന്‍ പോവുന്ന വ്യക്തിയുമായുള്ള
അടുപ്പവും മറ്റും പറഞ്ഞു കഴിഞ്ഞു എന്ന ബോധ്യതോട് കൂടി അഭിമുഖം
തുടങ്ങുകയാണെങ്കില്‍ അത് ഇത്രയ്ക്കും കുളമാക്കില്ലായിരുന്നു. ശ്രീമാന്‍ യേശുദാസിനെ ഇത്രയും തുറന്ന മനസ്സോടെ കിട്ടിയിട്ട് ആ അവസരം നന്നായി വിനിയോഗിക്കാതെ. അദ്ധേഹം നേരാം വണ്ണം
പറഞ്ഞു വരുന്ന കാര്യങ്ങളെ വരെ വഴി തിരിച്ചു വിട്ടും, തടസ്സപ്പെടുത്തിയും
ഏഷ്യാനെറ്റിന്റെ ചരിത്രത്തില്‍ രേഖപ്പെടുത്തേണ്ട ഒരു മഹാസംഭവം ആകേണ്ട,അല്ലെങ്കില്‍ ആകുമായിരുന്ന ഒരു അഭിമുഖത്തെ
നശിപിച്ചു കളഞ്ഞത് കാണുമ്പോള്‍ വല്ലാത്ത വിഷമം തോന്നി.
ഇതുവരെ കാണാത്ത
ഒരു ലാഘവത്തോടെ ആണ് ശ്രീ യേശുദാസ് ഈ അഭിമുഖത്തിനു വന്നിരുന്നത് എന്ന് കാണുന്നവര്‍ക്ക് മനസ്സിലാവും. പലതും മനസ്സ് തുറന്നു പങ്കു വെക്കാന്‍ തയ്യാറെടുത്തു തന്നെയാണ് വന്നത്
എന്ന് വ്യക്തമാക്കുന്ന രീതിയിലായിരുന്നു മിക്ക ചോദ്യങ്ങള്‍ക്കും അദ്ദേഹം
മറുപടി പറഞ്ഞു തുടങ്ങിയിരുന്നത്. പക്ഷെ എന്തെങ്കിലും ഒക്കെ ഒഴുക്കോടെ പറഞ്ഞു തുടങ്ങുന്ന മാത്രയില്‍ തന്നെ ശ്രീ ബ്രിട്ടാസ് ഇടപെട്ടുകൊണ്ട് ആ ഒഴുക്കിന് തടയിടുക മാത്രമല്ല, പല രസകാരമായ വിഷയങ്ങളെയും വഴി തിരിച്ചു വിടുകയും കൂടി ചെയ്തു...
ഒരഭിമുഖം ചെയ്യാനിരിക്കുന്ന ആള്‍ അറിയേണ്ട അല്ലെങ്കില്‍ പാലിച്ചിരിക്കേണ്ട
രണ്ടു അടിസ്ഥാന കാര്യങ്ങള്‍ ഉണ്ട്. ആദ്യമായി ഈ അഭിമുഖം തന്റെ ആത്മനിര്‍വൃതിക്കായി
ചെയ്യുന്നതല്ല എന്നും, അതിലൂടെ പ്രേക്ഷകര്‍ എന്ന് പറയുന്ന ഒരു സമൂഹത്തിനു
വേണ്ടി താന്‍ അഭിമുഖം ചെയ്യുന്ന വ്യക്തിയുമായി സംവേദനം നടത്താന്‍ ഉള്ള വെറും ഒരു ഇടനിലക്കാരന്‍ മാത്രം ആണ് എന്ന ഉത്തമ ബോധ്യത്തോടെ ആയിരിക്കണം അഭിമുഖങ്ങള്‍ ചെയ്യാന്‍ തയ്യാറെടുക്കേണ്ടത്. അത് പോലെ തന്നെ രണ്ടാമതായി ചോദ്യം
അഭിമുഖത്തില്‍ ചോദ്യം ചെയ്യുന്ന തനിക്കല്ല പ്രാമുഖ്യം എന്നും അഭിമുഖം
ചെയ്യപ്പെടുന്ന വ്യക്തിക്കാണ് അതെന്നും മനസ്സിനെയും ബുദ്ധിയും
ഓര്‍മപ്പെടുത്തി തയ്യാര്‍ എടുത്തിരിക്കണം.. ഈ രണ്ടു കാര്യങ്ങളും
മലയാളത്തിന്റെ ഡേവിഡ് ലെറ്റര്‍മാനോ, ഓപ്പെറ വിന്‍ഫ്രിയോ അല്ലെകില്‍ കുറഞ്ഞ
പടി ഒരു കറന്‍ താപ്പരോ ആണ് എന്ന് ധരിച്ചു വശായിരിക്കുന്ന എല്ലവര്‍ക്കും സ്വയം മനസ്സിലാക്കാവുന്നതാണ്.
കുറച്ചു വകതിരുവോടെ കൈകാര്യം ചെയ്തിരുന്നുവെങ്കില്‍ മറ്റൊരു തലത്തില്‍ എത്തിക്കാവുന്ന ഒരു അഭിമുഖം ആയിരുന്നു അത്. ഒരാള്‍ ഒഴുക്കില്‍ ഒരു വിഷയം പറഞ്ഞു വരുമ്പോള്‍ അതിനെ മുഴുമിപ്പിക്കാന്‍ അനുവദിക്കാത്തത് കഷ്ടം തന്നെ. ശ്രീ യേശുദാസ് ഇന്നേവരെ ഇത്രയും റിലാക്സ്ഡ് ആയി, പതിവ് മസില് പിടുത്തം ഇല്ലാതെ.. "ജഗദീശ്വരന്‍" മന്ത്രണം കൂടാതെ, ഒരു അഭിമുഖത്തിനും ഇരിക്കുന്നത്
കണ്ടിട്ടില്ല. അദ്ദേഹം ഇതേ വരെ ഒഴിവാക്കുമായിരുന്ന പല വിഷയങ്ങള്‍ക്കും
തന്റെ "കംഫോര്ട്ട് സോണ്‍" വിട്ടു മറുപടി പറയാനും മുതിര്‍ന്നിരുന്നു.
അഭിമുഖകാരന്‍ തന്റെ ഈഗോ പുറത്തെടുക്കാതെ അദ്ദേഹത്തെ സംസാരിക്കാന്‍
അനുവദിച്ചാല്‍ മാത്രം മതിയായിരുന്നു... വളരെ ഇമോഷണല്‍ ആയി മലയാളത്തിന്റെ
ഗാനഗന്ധര്‍വന്‍ എന്ന് തോന്നിയിരുന്ന പല മുഹൂര്‍ത്തങ്ങളും ഉണ്ടായിരുന്നു..
അദ്ധേഹത്തിന്റെ ഉള്ളിലെ ഒരു പച്ച മനുഷ്യനെ അനാവൃതമാക്കി കൊണ്ടിരുന്ന പല
ഘട്ടങ്ങളും ഉണ്ടായിരുന്നു.. അവിടെ ഒക്കെ ശ്രീ ബ്രിട്ടാസ് തന്റെ
വകതിരിവുകേട് കാണിച്ചു എന്ന് പറയാതെ വയ്യ. നമ്മള്‍ തമ്മിലില്‍ ചെയ്തു
പോരുന്ന രീതിയില്‍ ആളുകളെ സംസാരിക്കാന്‍ അനുവദിക്കാത്ത ഈ ഇടംകൊലിട്ടു കളി, അതെ
ഹാങ്ങ് ഓവറില്‍ തന്നെ അദ്ദേഹം ഈ അഭിമുഖത്തിലും പ്രയോഗിച്ചു എന്ന് വേണം
കരുതാന്‍. സാധാരണ
പ്രേക്ഷകര്‍ ബ്രിട്ടാസിന് ഇഷ്ടപ്പെട്ട യേശുദാസിന്റെ കാര്യങ്ങള്‍ എന്ത്
എന്നറിയാന് ഔല്‍സുക്യം എന്ന് അദ്ദേഹം എങ്ങിനെയോ ധരിച്ചു വശായിരിക്കുന്നു...
അത് കൊണ്ടായിരിക്കും തനിക്കിഷ്ട്ടപെട്ട പാട്ടുകളെ പറ്റി യേശുദാസ് തന്നെ പറഞ്ഞു
തുടങ്ങുമ്പോഴേക്കും "സ്വപ്‌നങ്ങള്‍ സ്വപ്‌നങ്ങള്‍..." എന്ന് പറഞ്ഞു നുള്ളി
കളഞ്ഞത്. അത് പോലെ തന്നെ ജോന്സനെപറ്റി പറഞ്ഞു തുടങ്ങുന്ന അവസരത്തില്‍... അങ്ങിനെ അങ്ങിനെ പല ഇടങ്ങളില്‍ ...
ഇത് വരെ സാമാന്യ ജനങ്ങള്‍ കണ്ടിട്ടില്ലാത്ത യേശുദാസ് എന്ന വ്യക്തിയുടെ, ഗാന ഗന്ധര്‍വന്‍ എന്ന പുറന്തോട് പൊളിച്ചു
പച്ച മനുഷ്യന്‍ ഔപചാരികതകള്‍ ഇല്ലാതെ പുറത്തു വരുന്ന സന്ദര്‍ഭങ്ങള്‍...
ഒരു വിവേകവും കൂടാതെ തടസ്സപെടുത്തി കണ്ടപ്പോള്‍ ശരിക്കും വിഷമം തോന്നി... എന്തായിരുന്നാലും ഇത് വല്ലാത്ത ചെയ്ത്തായി പോയി ...