സിനിമ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
സിനിമ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ഞായറാഴ്‌ച, ഓഗസ്റ്റ് 24, 2014

നല്ല സിനിമയുടെ മുന്നറിയിപ്പുകൾ



എന്റെ ആസ്വാദനസീമകൾക്കുള്ളിൽ നിന്നും പറയുകയാണെങ്കിൽ നല്ല സിനിമകൾ രണ്ടു തരത്തിലുണ്ട്. ആദ്യത്തേത് രണ്ടു രണ്ടര മണിക്കൂർ ദൈനംദീന ജീവിതത്തിലെ പിരിമുറുക്കങ്ങൾ ഒക്കെ വിസ്മരിച്ച് മാനസികോല്ലാസം പകർന്നു തരുന്ന വിനോദ ചിത്രങ്ങൾ.  ഞാൻ ഒരിക്കലും അവയുടെ കാമ്പും കഴമ്പും രാഷ്ട്രീയവും ഒന്നും തേടിപ്പോവാറില്ല. കൊട്ടകയിൽ തന്നെ കണ്ടു നുണഞ്ഞു അവിടെ ഉപേക്ഷിച്ച് പോവുകയാണ് പതിവ്.  


എന്നാൽ രണ്ടാമത്തെ തരം അങ്ങിനെയല്ല. അവ അനുഭവങ്ങളാണ്, സ്ക്രീനിലെ വെളിച്ചം അണഞ്ഞിട്ടും  നമ്മുടെ കൂടെപ്പോരുന്ന അനുഭവങ്ങൾ. ഉള്ളിലെവിടെയോ മുള പൊട്ടി, മെല്ലെ വളരുന്ന അനുഭവങ്ങൾ. അവയിലൊന്നാണ് വർഷങ്ങൾക്ക്ശേഷം സംവിധാനം എന്ന ശീർഷകത്തിന് കീഴെ വേണു എന്ന പേരുമായി വന്ന മുന്നറിയിപ്പ് ... 

തടവ്‌ എന്ന് പറയുമ്പോൾ ഇരുമ്പഴിക്ക് പിറകിൽ ചിലവഴിക്കുന്നത് കൂടാതെ മനസ്സിന് ചുറ്റും വരച്ച ചതുരത്തിലും ഒതുങ്ങിക്കൂടുന്നത് കൂടിയാണ് എന്ന് പറയുന്നതാണ് രാഘവന്റെ ജീവിതം. തനിക്ക് സ്വന്തം കരിയറിലുണ്ടാവുന്ന നേട്ടങ്ങൾ മുന്നിൽക്കണ്ട്‌ സ്വയം വരച്ച ആ ചതുരക്കളത്തിൽ നിന്നും രാഘവനെ പ്രകോപിച്ച് പുറത്തെത്തിക്കാനുള്ള അഞ്ജലിയുടെ ശ്രമങ്ങളിലൂടെ പറയുന്നതാണ് മുന്നറിയിപ്പ്.  തനിക്ക് എന്തെങ്കിലും സമൂഹത്തോട് പറയാനുള്ളപ്പോൾ മാത്രമാണ് പ്രതിഭാധനരായ കലാകാരന്മാർ കാമ്പുള്ള സൃഷ്ടികൾ നടത്തുന്നത്. അത് കാണുന്ന പ്രേക്ഷകന് അതനുഭവിക്കാൻ സാധിക്കും.  അത് അടിവര ഇട്ടു പറഞ്ഞു കൊണ്ടാണ് ഇത്ര വലിയ ഒരു ഇടവേളയ്ക്ക് ശേഷം നമ്മുടെ മുന്നിലീ സിനിമ എത്തുന്നത് 

സിനിമ ദൃശ്യഭാഷയുടെ കലയാണ്‌ എന്നൊക്കെ കൃതഹസ്തർ പറയാറുണ്ട്‌.  പ്രേക്ഷകരെ  പിടിച്ചിരുത്തുന്ന കാഴ്ച്ചകളിലൂടെയാണ് നല്ല സിനിമകൾ ആസ്വാദനാനുഭവം ആവേണ്ടത് എന്ന ധാരണയെ അവലംബിച്ചായിരക്കണം അങ്ങിനെ പറഞ്ഞ്‌ വന്നിരുന്നത്. അവിടെ സംഭാഷണം എന്നാൽ കാഴ്ച്ചകൾക്കിടയിൽ പൂരിപ്പിക്കാൻ ഉപയോഗിക്കുന്ന വരികൾ മാത്രമായി ചുരുക്കപ്പെട്ടിരുന്നു. ഇവിടെ മുന്നറിയിപ്പിൽ കൃത്യമായി കുറിച്ചിട്ട സംഭാഷണങ്ങളിലൂടെ പ്രേക്ഷകമനസ്സുകളിലെക്ക് ഇറങ്ങി വരുന്ന  ശൈലിയാണ് സംവിധായകൻ സ്വീകരിച്ചിട്ടുള്ളത്. എന്നാൽ സംഭാഷണങ്ങൾ ഡോമിനെറ്റ് ചെയ്യുമ്പോഴും ഒട്ടും നാടകീയമായി മാറുന്നില്ല സിനിമ എന്നത് അത് എഴുതിയ ആളുടെ കഴിവ് ..  കാച്ചിക്കുറുക്കിയ പ്രേക്ഷകനെ ചിന്തിപ്പിക്കുന്ന അവരുടെ മനസ്സിനെ സ്വാധീനിക്കുന്ന സംഭാഷണങ്ങൾ ആണ് ഇതിന്റെ മർമ്മം.... അതും ജീവസ്സുറ്റ ദൃശ്യങ്ങൾ ഒരുക്കിയ പശ്ചാത്തലമുള്ള ഒരു ഛായാഗ്രാഹകൻ സംവിധാനം ചെയ്ത സിനിമയിൽ എന്നത് ഒരു കൗതുകം എന്നുകൂടി രേഖപ്പെടുത്തി വെച്ചു കൊണ്ട് തന്നെ പറയട്ടെ, നല്ല എഴുത്തുകാർക്ക് ഈ മാധ്യമത്തിൽ ഇനിയുമേറെ സാധ്യതകൾ ഉണ്ടെന്ന്‌ തെളിയിക്കുന്നതാണ്‌ മുന്നറിയിപ്പ് ... 

ആഖ്യാനത്തിൽ ഒറ്റ വാക്കിൽ പറഞ്ഞാൽ മിതത്വം പുലർത്തിയിരിക്കയാണ് സംവിധായകൻ.  പ്രമേയം ആവശ്യപ്പെടുന്ന റ്റ്രീറ്റ്മെന്റ് അണുവിട മാറാതെ കൃത്യമായി പകർന്ന് തന്ന സംവിധായകന്റെ ശൈലിക്ക് അദ്ദേഹത്തിന്റെ മനസ്സറിയുന്ന എഡിറ്ററുടെ സാന്നിധ്യം വ്യക്തമായി തന്നെ കാണാം. സൂക്ഷ്മമായി പശ്ചാത്തല സംഗീതം ഒരുക്കിയ ബിജി പാലും അദ്ദേഹത്തോട് ചേർന്ന് പോവുന്നുണ്ട്. 

എന്തൊക്കെ പറഞ്ഞാലും നായികാപ്രാധാന്യമുള്ള സിനിമ എന്ന് പറയുമ്പോൾ പലപ്പോഴും നമ്മുടെ മുന്നിൽ വരുന്ന വാർപ്പു മാതൃകകൾ ഉണ്ട്.  ഒരേ അച്ചിൽ വാർത്തെടുത്ത നിരുപമാ രാജീവുമാർ ആവും.. അല്ലെങ്കിൽ ചിലപ്പോഴൊക്കെ സുരേഷ് ഗോപിയ്ക്കെഴുതിയ കഥാപാത്രങ്ങൾക്ക്‌ സ്ക്രിപ്റ്റിൽ ലിംഗ മാറ്റം നടത്തി എടുക്കുന്ന എകമാന കട്ടൌട്ടുകൾ . അതുമല്ലെങ്കിൽ മിനി സ്ക്രീനിൽ നിന്നിറങ്ങിയ ഗ്ലിസറിൻ പുത്രിമാർ .. എന്നാൽ അവിടെയാണ് അഞ്ജലി അറയ്ക്കൽ നമ്മുടെ മുന്നിൽ വന്നു നില്ക്കുന്നത് . ഇത്രയ്ക്ക് സ്വാഭാവികമായ ആ പാത്രസൃഷ്ടിയെപറ്റി എന്താണ് വിശേഷിപ്പിക്കേണ്ടത് ..  അപർണാ ഗോപിനാഥ് അല്ലെങ്കിൽ വേറെ ആര് ഈ റോൾ ചെയ്യും എന്നുള്ള സംശയം അവശേഷിപ്പിക്കുന്ന രീതിയിലാണ് ആ അഭിനേത്രി അഞ്ജലിയിലേക്ക്  ഇറങ്ങി ചെന്നിരിക്കുന്നത് .. .. മാനസിക വ്യാപാരങ്ങളുടെ നിമ്നോന്നതങ്ങൾ പ്രതിഫലിക്കുന്ന നൈസർഗീകമായ ആ ഭാവപ്പകർച്ച അനായാസമായി തനിക്ക് ഇണങ്ങും എന്ന് അവർ തെളിയിച്ചിരിക്കുന്നു ...അത് കൂടാതെ പലഘട്ടങ്ങളിലായി വന്നും പോയുമിരുന്ന കൊച്ചു പ്രേമൻ മുതൽ രണ്‍ജി പണിക്കർ വരെ ഓരോ കഥാപാത്രങ്ങൾക്കും വ്യക്തമായ ഡൈമെന്ഷനുകൾ നല്കുന്നതിലും സംവിധായകൻ വിജയിച്ചിട്ടുണ്ട്. 

ഈ സിനിമയിൽ മമ്മൂട്ടി അഭിനയിച്ചു എന്നൊക്കെ പറയുന്നത് കേട്ടിരുന്നെങ്കിലും ... ഇതിൽ മമ്മൂട്ടിയെ പ്രേക്ഷകർക്ക്‌ കാണാൻ കഴിയില്ല ... നമ്മൾ കാണുന്നത് രാഘവനെയാണ് .. ഓരോ വാക്കിലും നോക്കിലും ചലനത്തിലും അനുനിമിഷം നമ്മുടെ മുന്നിൽ ജീവിച്ച രാഘവനെ.  എത്ര സൂക്ഷമമായാണാ കഥാപാത്രമായി അദ്ദേഹം പരിണമിച്ചിരിക്കുന്നത്. 

എന്നാൽ  ഇതൊക്കെ കഴിഞ്ഞ് സിനിമ കണ്ടു തിരിച്ചിറങ്ങുമ്പോൾ തിയറ്ററിൽ അടുത്തു വരുന്ന രാജാധിരാജയുടെ പോസ്റർ കണ്ടപ്പോൾ ശരിക്കും അമർഷമാണ്‌ തോന്നിയത്. എന്തിനാ ഇത്രയും കഴിവുള്ള ഒരു കലാകാരൻ വർഷാവർഷം സൂകരപ്രസവം പോലെ പടച്ചു വിടുന്നത്. വേണു ഈ സിനിമ ചെയ്ത പോലെ വല്ലപ്പോഴുമൊക്കെ ഇത് പോലൊന്നുമായി വന്നു പോയാപ്പോരെ

ഞായറാഴ്‌ച, മേയ് 04, 2014

തെളിനീരിൽ നീന്തുന്ന കുതിര മീനുകൾ


ഇടവേള കൃത്യമായി പകുക്കുന്ന രണ്ടു ഭാഗങ്ങൾ.. രണ്ടു സിനിമകൾ പോലെ തോന്നുമ്പോഴും, പറയാം ഈ മീനുകൾ നമ്മെ മറ്റൊരു ലോകത്തേക്ക് കൊണ്ട് പോവും. നമുക്ക് ഇതുവരെ പരിചിതമല്ലാത്ത കാഴ്ചകളിലേക്ക്, ശബ്ദങ്ങളിലേക്ക്, ജീവിതങ്ങളിലേക്ക്....  ക്രാഫ്റ്റിൽ കൃതഹസ്തരായ സംവിധായകരെ അനുസ്മരിപ്പിക്കുന്ന അജിത്‌ പിള്ളയ്ക്ക്‌ ഒരു പക്ഷെ കൈ വിട്ടു പോയത് സ്ക്രിപ്റ്റിൽ ആണ് എന്ന് തോന്നുന്ന രീതിയിൽ ആണ് ചിത്രത്തിന്റെ ഘടന .. എന്നാൽ എക്കും പോക്കും ഏണും കോണും ഒക്കെയായി ഒരു ഒതുക്കമില്ലാതെ കിടക്കുന്ന തിരക്കഥയുടെ പരിമിതികൾ അതിസുന്ദരമായ ദൃശ്യഭാഷയിലൂടെ മറി കടക്കാൻ ശ്രമിച്ചതും അതിൽ ഒരു പരിധി വരെ വിജയം നേടിയതും അഭിനന്ദനാർഹം തന്നെയാണ് എന്ന് പറയണം.

തുടക്കം ആമേനിന്റെ തുടർച്ചയായി തോന്നലുണർത്തിയത് സ്വാഭാവികമാണ് എന്ന് കരുതാൻ വയ്യ. അഭിനന്ദും, പ്രശാന്ത് പിള്ളയും, സ്വാതി റെഡഡിയും ഒക്കെ ഇവിടെയും സാന്നിധ്യമാവുന്നത് ആമെനിന്റെ സ്വാധീനം അടയാളപ്പെടുത്തുന്നു. എന്നാൽ  നെടുമുടി വേണുവും മറ്റും ഒരു നിഴൽ പോലെ വന്നു മറയുന്ന ആ ഒരു തുടക്കം കടന്ന് പുരോഗമിക്കുമ്പോൾ അന്തരീക്ഷത്തിലും... ആഖ്യാനത്തിലും ഈ കുതിരമീനുകൾക്ക് അതിന്റെതായ തന്മയത്വവും നൈസർഗീക ഭാവങ്ങളും കൈവരുന്നുണ്ട്. ആസിഫ് അലി അവതരിപ്പിക്കുന്ന അലക്സിയുടെ പുരാവൃത്തവും അദ്ദേഹത്തെ കൂടാതെ സണ്ണി വെയിൻ കൂടി അടങ്ങുന്ന കാസ്റ്റും ഒക്കെ ഒരു ക്ലീഷേഡ് "ന്യൂ ജനറേഷൻ" ലേബൽ നമുക്ക് മുൻവിധിയായി നൽകുന്നുണ്ടെങ്കിലും, ഇത് ആ കമ്മട്ടത്തിൽ അടിച്ച  ആത്മാവില്ലാത്ത മറ്റൊരു കോലക്കാഴ്ച അല്ല പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. ബലമായി കുത്തി കയറ്റുന്ന "ട്വിസ്ടുകളെ" ഒഴിവാക്കി ചിരപരിചിതമാല്ലാത്ത ജീവിതങ്ങളും ഭാഷയും ബന്ധങ്ങളും പശ്ചാത്തലവും ഒക്കെ ഉപയോഗിക്കുന്നതിലൂടെ പ്രേക്ഷകന് പുതുമ സമ്മാനിക്കാൻ തന്നെയാണ് സൃഷ്ടാക്കളുടെ ശ്രമം. .



വ്യത്യസ്ത സാഹചര്യങ്ങളിൽ നിന്നും വരുന്ന തികച്ചും വിരുദ്ധമായ കാഴ്ചപ്പാടുകളും അനുഭവങ്ങളും ജീവിത വീക്ഷണങ്ങളും ഉള്ള രണ്ടു കഥാപാത്രങ്ങളുടെ ജീവിതങ്ങൾ ഒരു ഘട്ടത്തിൽ പരസ്പരം കൂട്ടിമുട്ടുമ്പോൾ ഉണ്ടാവുന്ന ഒരു ഫ്രിക്ഷനും ... തുടർന്നുണ്ടാവുന്ന ബോണ്ടിങ്ങും ഒക്കെ കാലാകാലങ്ങളായി അനുവാചർക്ക് പരിചിതമായ ഒരു ടെമ്പ്ലേറ്റ് ആണ്. അതിലെക്കെത്തിക്കുന്ന അലക്സിയുടെ പുരാവൃത്തവും ജയിൽ വാസവുമൊക്കെ വെറുതെ നീട്ടി വലിച്ച പ്രതീതിയാണ് ഉണ്ടാക്കിയത്. എന്നാൽ അവിടെ നിന്നും ഐക്ബറലിയും ഈസയും തമ്മിലുള്ള "പ്രണയം" വിരിയുന്ന കാഴ്ചകളിൽ ചെന്നെത്തുമ്പോൾ വെണ്മണൽ മെല്ലെ ചുംബിച്ചകലുന്ന കുഞ്ഞലകൾ പോലെ വന്ന് മറഞ്ഞത് കണ്ടുമതിയായില്ല. ആഴക്കടലിലെ തിമിംഗല വേട്ടയും, ചിപ്പിയും പവിഴപ്പുറ്റുകളും വർണ്ണ മത്സ്യങ്ങളും ഒക്കെ മിഴിവ് പകരുന്ന സമുദ്രാന്തര ദൃശ്യങ്ങളും ഒക്കെ ഇത് വരെ കാണാത്ത ദൃശ്യവിസ്മയങ്ങൾ ആണ് മലയാള സിനിമയ്ക്ക് സമ്മാനിക്കുന്നത്.

അഭിനേതാക്കളിൽ ആസിഫലി തന്റെ പല മുൻകാല വേഷങ്ങളിൽ കണ്ട അതെ ആസിഫലിയെയും ... സണ്ണി വെയിൻ അന്നയും  റസ്സൂലിലും കണ്ട അതെ ആഷ്ലിയേയും  ... എന്തിന്, ജയിലർ മാത്തുക്കുട്ടി ആയി വരുന്ന ജോജു പോലും തന്റെ തന്റെ ഹോട്ടെൽ കാലിഫോർണിയായിൽ കണ്ട പോലീസ് കഥാപാത്രത്തെയും തങ്ങളുടെ പെർഫോമൻസ് കൊണ്ട് അനുസ്മരിപ്പിച്ചു എന്ന് പറയുന്നത് ഒരു പോരായ്മയാണ്. ജനനി അയ്യർക്കും, സ്വാതി റെഡഡിയ്ക്കും നയനഹാരിയായ സുന്ദര സാന്നിധ്യമാവുന്നതിൽ കവിഞ്ഞൊന്നും ഇവിടെ ചെയ്യാനുമില്ല. ദ്വീപിന്റെ വാമൊഴിയുടെ സൌന്ദര്യം  മലയാളിക്ക്‌ മുന്നിൽ മറ്റൊരു പുതുമയാവുമ്പോൾ, സംഗീതവും പലയിടങ്ങളിലും കുറച്ചൊക്കെ ലൌഡ് ആയാലും പ്രമേയത്തോട് ഇഴയടുപ്പത്തോടെ നിൽക്കുന്നു .. ഞാൻ കണ്ട തീയറ്ററിലെ പ്രോജെക്ഷനിലെ സാങ്കേതിക തകരാറ് കൊണ്ടാണ് എന്ന് തോന്നുന്നു ദൃശ്യങ്ങൾ പലയിടത്തും അതിന്റെ സ്വാഭാവികമായ മിഴിവ് ചോർന്നുകൊണ്ടാണ് മുന്നിലെത്തിയത്. എന്തൊക്കെയായാലും "ന്യൂ ജനറേഷൻ"  എന്ന ബ്രാൻഡ് കൊണ്ട്  ഇത് വരെ നമ്മുടെ മനസ്സിൽ പ്രതിഷ്ടിച്ച് പോന്ന ഇമെജറികളെ ഒക്കെ പൊളിച്ചു മാറ്റി മലയാള സിനിമയിലെ ന്യൂ ജനറേഷൻ വെട്ടുന്ന പുതിയ വഴികളിൽ ഒന്നാണീ കുതിര മീനുകൾ

ഞായറാഴ്‌ച, ഏപ്രിൽ 13, 2014

ഗൃഹാതുരത്വത്തിന്റെ സട്രോബറികൾ

നമ്മളിൽ പലരും കഴിഞ്ഞ കാലങ്ങളുടെ തടവുകാരാണ് .. ആ തടവ്‌ ഒരു സുഖമുള്ള തടവായി നമ്മൾ ഇഷ്ടപ്പെടുന്നുണ്ടെന്നു എന്നുള്ള വ്യക്തമായ ബോധ്യം ഉള്ളവരാണ് അബ്രിഡ് ഷൈനും, ജൂഡ് ആന്റണി ജോസഫും എന്ന് ഞാൻ കരുതുന്നു. ഇടവിട്ട വാരാന്ത്യങ്ങളിലായി കണ്ട 1983 യും ഓം ശാന്തി ഓശാനയും അത് വ്യക്തമാക്കുന്നുണ്ട്. രണ്ടു സിനിമകളും ടാർഗെറ്റ് ചെയ്യുന്ന മുപ്പതുകാരൻ മലയാളിയുടെ ഗൃഹാതുരത്വത്തെയാണ്. കടന്നു പോവുമ്പോൾ എങ്ങിനെയെങ്കിലും ഒന്നും കടന്നു കിട്ടിയാൽ മതി എന്ന് കരുതിയ നാളുകളിൽ നമ്മൾ അറിഞ്ഞിട്ടില്ലാത്ത ഒരു സ്ട്രോബറിയുടെ ചെറിയ പുളിയുള്ള ഒരു മധുരം പകരുന്ന അനുഭവങ്ങളെ തൊട്ടുണർത്തുന്ന ഒരു ആഖ്യാനശൈലിയാണ് നിവിൻ പോളി എന്ന പൊതു ഘടകത്തിന് പുറമേ ഇരുസിനിമകൾക്കും ഉള്ളത്. പക്ഷെ അത് പോലെ തന്നെ ശ്രദ്ധേയമാണ് ആണിന്റെയും പെണ്ണിന്റെയും കാഴ്ചപ്പാടുകളിലൂടെ കാണുന്ന വൈരുദ്ധ്യവും. 

വലിയ പിരിമുറുക്കമോ നാടകീയതയോ ഒന്നും കൂടാതെ തികഞ്ഞ ലാഘവത്തോടെ ഒരു പോപ്‌ കോണും രുചിച്ച്, ഒരു ചെറു പുഞ്ചിരിയോടെ തീയറ്റർ വിട്ടിറങ്ങാവുന്ന ലൈറ്റ് ഹാർട്ടഡ് ഫീൽ ഗുഡ് മൂവികളാണ് രണ്ടും .. പറഞ്ഞു പതിഞ്ഞ പാതകൾ എടുക്കാതെ എന്നാൽ പ്രേക്ഷകരുടെ പൾസ് തിരിച്ചറിഞ്ഞു കൊണ്ട് സമർത്ഥമായി തയ്യാറാക്കിയ എന്റർറ്റൈനറുകൾ. ന്യൂ ജെനെറെഷൻ എന്നാൽ ഹണിബീയും വെടിവഴിപാടും   റ്റ്രിവാന്ദ്രം ലോഡ്ജും മറ്റും നമ്മുടെ മുന്നിലേക്ക്‌ തള്ളി വെയ്ക്കുന്ന ഇമേജുകൾ മാത്രമാണ് എന്നുള്ള ധാരണയിൽ അവരെ ആശങ്കയോടെ കാണുന്ന കഴിഞ്ഞ തലമുറയുടെ മുന്നില് ഓം ശാന്തിയും, 1983 യും പെയ്തിറങ്ങുന്നത് ആശ്വാസത്തിന്റെ കുളിർമഴയാവും എന്ന് തോന്നുന്നു.. 

ഇറങ്ങിയിട്ട് ഒരു പാട് നാളുകളായത് കൊണ്ട് റിവ്യൂകൾ വായിച്ചു മടുപ്പ് കയറിയവരുടെ മുന്നിലേക്ക് കൂടുതലൊന്നും ഈ കുറിപ്പിൽ എഴുതിയിടാൻ നോക്കുന്നില്ല. ഒരൊറ്റ കാര്യം മാത്രം.. ഇവരിൽ പ്രേക്ഷകർക്ക് തീർച്ചയായും പ്രതീക്ഷകൾ അർപ്പിക്കാം ... 

ശനിയാഴ്‌ച, ഏപ്രിൽ 12, 2014

വെയ്ക്കടാ വെടി

52 കൂളിംഗ് ഗ്ലാസ് .. ഒരു ലോഡ് ശവം....റേഞ്ച് റോവർ ഒന്ന് .. പ്രാഡോ ഒന്ന് ... ഒരഞ്ചാറ് ഓഡി .. ലെതർ ജാക്കറ്റുകൾ ഒന്നര ഡസൻ ... എങ്ങിനെയൊക്കെ മരുന്നടിച്ച് പാമ്പാവാം എന്നുള്ളതിന്റെ നിരവധി ഡെമോ സെഷനുകൾ...വിദഗധമായി മറച്ചു വെച്ചിരുന്ന മെഗാ സ്ടാറിന്റെ ഷഷ്ടിപൂർത്തി കഴിഞ്ഞ പ്രായം മറ വിട്ടു പുറത്തു ചാടുന്ന സീനുകൾ ഒരു മൂന്നുനാലെണ്ണം  ... റ്റെരാന്റിനൊ ആവാൻ നോക്കി തൂറാന്റിനോ ആയി മൂക്കും കുത്തി വീണ ന്യൂ ജെനരെഷൻ അപ്പോസ്തലൻ (തുടക്കത്തിൽ പതിനഞ്ചു മിനിട്ടോളം വരുന്നതും ഒടുക്കം ഒരു അഞ്ചു മിനിട്ടും കാണിച്ച ഗ്രാഫിക്സിനെക്കാൾ കാർട്ടൂനിഷ് അയി തോന്നിയത് അതിനിടയ്ക്കുള്ള 2 മണിക്കൂർ ആണ് എന്ന് ആരെങ്കിലും അദ്ദേഹത്തെ അറിയിക്കുന്നത് നന്നായിരിക്കും)... അഭിനയിച്ച കെ ടി മിറാഷിന്റെക്കാൾ ഗതികേടാണ് താൻ സ്ക്രിപ്റ്റിങ്ങിൽ എന്ന് തെളിയിക്കുന്ന തിരക്കഥാകൃത്തിന്റെ അരങ്ങേറ്റം ( "നിന്റെ മരണം നീയെന്നും ഓർത്തിരിക്കണം" എന്ന സന്തോഷ്‌ പണ്ഡിറ്റ്‌ പോലും നാണിക്കുന്ന ഡയലോഗ് എഴുതി വെച്ചതിനു ഒരു പ്രത്യേക സല്യൂട്ട്). സദാ കൊണ്സ്ടിപെഷൻ പിടിച്ച ഭാവവുമായി നടക്കുന്ന നായകൻ .. അര മണിക്കൂർ ഇന്ഗ്ലിഷ്, അര മണിക്കൂർ കന്നഡ, പതിനഞ്ചു മിനിട്ട് റഷ്യൻ... മൊത്തം  രണ്ടര മണിക്കൂർ വിവരക്കേട്   ... 

ചുരുക്കി പറഞ്ഞാൽ ഈ ഇടപാടിന്  പറ്റിയ പേര് പണ്ട് സാക്ഷാൽ പത്മശ്രീ ഭരത് സരോജ്കുമാർ മുമ്പ് പറഞ്ഞതായിരുന്നു .... "വെയ്ക്കടാ വെടി"



വ്യാഴാഴ്‌ച, ജനുവരി 02, 2014

യവനികയിൽ നിന്നും ദൃശ്യത്തിലെക്കുള്ള ദൂരം.

Spoiler Alert !!

ഭൂരിഭാഗം ആളുകളും നല്ലത് പറഞ്ഞ (ഒടുവിൽ ബുക്ക്‌ മൈ ഷോവിൽ കണ്ടത് പ്രകാരം 98% പൊസിറ്റീവ് റിവ്യൂ) ഒരു സിനിമയെ പറ്റി നാല് പള്ള് പറഞ്ഞാൽ അത് ബുദ്ധിജീവി സർകീട്ടിലെക്കുള്ള നേരിട്ടുള്ള പാസ് പോർട്ട്‌ ആണ് എന്നത് കൊണ്ടല്ല ഈ കുറിപ്പ്. അതിലുപരിയായി അധികമൊന്നും ഇതുവരെ പരാമര്ശിക്കാപെടാത്ത (എന്ന് ഞാൻ കരുതുന്ന) ചില കോണുകൾ കൂടി ശ്രദ്ധയിൽ പെടുത്താനാണ് ശ്രമിക്കുന്നത്. തുടർന്നുള്ള വരികളിൽ കഥയെക്കുറിച്ചുള്ള സൂചനകൾ ഉൾപ്പെടാവുന്നത് കൊണ്ട് കാണാൻ ഉദ്ദേശവുമായി നിൽക്കുന്നവർ തുടർന്ന് വായിക്കാതിരിക്കുന്നതാണ് അഭികാമ്യം.

ഒരു സിനിമ കാണാൻ കയറുന്നവർ പല വിധത്തിലുള്ള ആഗ്രഹപൂരണവും ഉദ്ദേശിച്ചാണ് തീയറ്ററിൽ കയറുന്നത്.. എല്ലാം മറന്ന് രണ്ടു മണിക്കൂർ വിനോദം മുതൽ സമൂഹത്തിന് സിനിമ നൽകുന്ന സന്ദേശം വരെ പ്രതീക്ഷിക്കുന്നവർ ഉണ്ട്. അത് പോലെ തന്നെ പ്രേക്ഷകരിൽ നിന്നറിഞ്ഞ അഭിപ്രായങ്ങളും അണിയറ ശിൽപ്പികളിൽ നിന്നുള്ള പ്രതീക്ഷ വെച്ചുമൊക്കെയുള്ള  പല വിധത്തിലുള്ള കണ്ടീഷനിങ്ങും നമ്മുടെ ആസ്വാദനത്തെ സ്വാധീനിക്കാറുണ്ട് . ദൃശ്യം എന്ന സിനിമ കാണാൻ ഒരു മൂന്ന് നാല് പരാജയപ്പെട്ട ശ്രമങ്ങൾക്ക് ശേഷമാണ് എനിക്ക് സാധിച്ചിട്ടുള്ളത്... ഒരു പക്ഷെ കോളേജ് പഠന കാലത്തിനു ശേഷം ആദ്യത്തെ അനുഭവം. 



സിനിമ തുടങ്ങിയത് മുതൽ, ആമുഖമായി ജോർജ്ജ് കുട്ടിയുടെ കുടുംബത്തെയും അവരുടെ ഇഴയടുപ്പത്തെയും എസ്റ്റാബ്ലിഷ് ചെയ്യാൻ എടുത്ത ആദ്യ പകുതി (അതിന്റെ അവസാന പത്തു നിമിഷങ്ങളെ ഒഴിവാക്കി) ഒരു കുറ്റിയിൽ കടന്നു കറങ്ങുന്ന പോലെ വളരെ ലൂസ് ആയി ഫീൽ ചെയ്തിരുന്നതായി എനിക്കു തോന്നി. പക്ഷെ അതിനിടയ്ക്ക് വരുന്ന ദ്വയാർത്ഥ പ്രയോഗങ്ങളും മറ്റും അലോസരപ്പെടുത്തുക തന്നെ ചെയ്യും. പക്ഷെ ഒരിക്കൽ കഥയുടെ മർമ്മത്തിലെക്ക് ഇറങ്ങിയതോടു കൂടി ജീത്തു ജോസഫ്‌ അതിന്റെ പിരിമുറുക്കവും ഗതിവേഗവും ഒട്ടും കുറയാതെ നില നിരത്തി കൊണ്ടുപോവുന്ന തന്റെ ക്രാഫ്റ്റ് വെളിവാക്കിയിട്ടുണ്ട് എന്ന് സമ്മതിക്കാതെ വയ്യ. ഒരു ത്രില്ലർ ജനുസ്സിലുള്ള പടം കുടുംബ പശ്ചാത്തലത്തിലേക്ക് പറിച്ചു നടാൻ അദ്ദേഹം കാണിച്ച കഴിവ് അഭിനന്ദനാർഹം തന്നെയാണ്. അവരുടെ ജീവിതം മാറ്റി മറച്ച ആ സംഭവം മുതൽ അതിന്റെ പരിണാമഗുപ്തി വരെ ഒട്ടും മുഷിവു കൂടാതെ കാണാൻ കഴിയും. ഒന്നോർത്താൽ നമ്മുടെ സാമാന്യ യുക്തിയെ നിഷ്പ്രയാസം ചോദ്യം ചെയ്തേക്കാവുന്ന കാര്യങ്ങൾ പലതും കണ്വിന്സിംഗ് ആയി കോർത്തെടുക്കാൻ ഉള്ള വൈദഗ്ദ്യവും അദ്ദേഹം ആഖ്യാനത്തിൽ പ്രകടിപ്പിച്ചിട്ടുണ്ട്.. 

ഇത്രയുമൊക്കെ പറഞ്ഞു വെച്ച ശേഷം  എനിക്ക് പറയാനുള്ളത് ,  ഈ സിനിമയുടെ വിജയവും പ്രേക്ഷക സ്വീകാര്യതയും,  അതിനോടുള്ള പൊതുവായ പ്രതികരണങ്ങളും എന്റെ മനസ്സിൽ തോന്നിപ്പിച്ച ഒരു ശരാശരി മലയാളിയുടെ കാഴ്ചപ്പാടുകളിൽ വന്ന ചില സുപ്രധാനമായ വ്യതിയാനങ്ങളെക്കുറിച്ചുള്ള ഉൾക്കാഴ്ച്ചകളെ പറ്റിയാണ് . അത് പത്തിരുപതഞ്ച് വർഷം മുമ്പ് പുറത്തിറങ്ങിയ യവനിക എന്ന ചിത്രത്തോട് നമ്മൾ ചില സാമാന്തരങ്ങൾ വരയ്ക്കുമ്പോൾ കൂടുതൽ സ്പഷ്ടമാവും. 

യവനികയുടെ പ്രമേയം - പശ്ചാത്തലത്തെ അവഗണിച്ചാൽ ഈ ചിത്രവുമായി ഒട്ടേറെ സമാനതകൾ പുലർത്തുന്നതാണ്. ഒരു സ്ത്രീ തന്റെ കൈപ്പിഴ കൊണ്ട് തന്റെ ജീവിതത്തിലെ കരിനിഴലായ ഒരു പുരുഷനെ ഉന്മൂലനം ചെയ്യുന്നു.  പിന്നീട് അവളെ സഹായിച്ചെത്തുന്ന അവളോട്‌ സഹാനുഭൂതിയുള്ള കാമുകൻ എന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാവുന്ന പുരുഷൻ (ഇവിടെ കുടുംബനാഥൻ) തെളിവുകൾ നശിപ്പിക്കാനും കൃത്യം മൂടി വെയ്ക്കാനും സഹായിക്കുന്നു. യവനികയിൽ അവരുടെ ആ കൃത്യം നടന്ന ശേഷമുള്ള അവരുടെ തുടർ പെരുമാറ്റങ്ങൾ ഒരു പക്ഷെ  സ്വാഭാവികമായ പ്രതികരണങ്ങൾ ആയിട്ടാണ് നമുക്ക് കാണാൻ സാധിക്കുന്നതെങ്കിൽ. ദൃശ്യത്തിൽ അത് ഒരു "ഹാർഡൻഡ് ക്രിമിനലിന്റെ" "പോസ്റ്റ്‌ ക്രൈം ബിഹേവിയറിന്" അനുസൃതമായാണ് ജോർജ്ജ്കുട്ടിയുടെ ഓരോരോ വാക്കും പ്രവർത്തികളും. ജോർജ്ജ്‌കുട്ടിയുടെ ഓരോ നീക്കത്തിലും വെളിവാവുന്നത് ഒരു സാധാരണ കുടുംബനാഥന്റെ ചട്ടക്കൂടിനുള്ളിൽ ഒതുങ്ങാത്ത ക്രിമിനൽ ബുദ്ധിയാണ്. അതിനു വേണ്ടി നിഷ്ക്കളങ്കയായ തന്റെ കൊച്ചു മകളെ വരെ മാനിപ്പുലേറ്റ് ചെയ്യുന്നതായി പോലും നമുക്ക് കാണാം ...   

തബലിസ്റ്റ് അയ്യപ്പൻറെ ക്രൗര്യവും റിപ്പൾസീവ് കാരക്റ്റരും വരുണിന് അധികം ഏറ്റക്കുറച്ചിൽ കൂടാതെ തന്നെ കൽപ്പിച്ചു കൊടുക്കുന്നുണ്ടെങ്കിലും, വരുണ്‍ ഇമ്മെച്ച്വർ ആയ കൌമാരക്കാരൻ ആണെന്ന കല്പന ഇവിടെ സൌകര്യപൂർവ്വം അവഗണിക്കപ്പെടുന്നു.  യവനികയിൽ അന്വേഷിച്ചു ചുരുളഴിക്കുന്ന ഈരാളിയായ മമ്മൂട്ടിയിൽ കുറ്റാന്വേഷകന്റെ  പ്രാഗത്ഭ്യം പ്രകടിപ്പിക്കുന്ന നായകനെ കാണുമ്പോൾ ഇവിടെ കുറ്റം നടന്നു എന്ന ഉത്തമ ബോധ്യത്തോടെ അന്വേഷണത്തിൽ ഇടപെടുന്ന സഹദേവൻ  എന്നാ സാദാ പോലീസുകാരനെ ക്രൂരനും കണ്ണിൽ ചോരയില്ലാത്തവനും ആയ ഒരു വില്ലനായി പ്രതിഷ്ടിക്കയാണ്. അവന്റെ പ്രവര്ത്തികളെ നായകൻറെ മാനിപ്പുലേഷൻ മൂലം വെറും വ്യക്തിവൈരാഗ്യം തീര്ക്കാനുള്ള പ്രകടനം ആയും..  

ഇതൊക്കെ ചേർത്തു വായിക്കുമ്പോൾ  നമ്മൾ മനസ്സിലാക്കേണ്ടത് മലയാളിയുടെ ലോകവും നീതി ബോധവും മൂല്യ സങ്കൽപ്പങ്ങളും,  കുടുംബം എന്ന ഠാ വട്ടത്തിലെക്ക് ചുരുക്കപ്പെട്ടു വരികയാണ് എന്നാണ്. ഞാൻ, എന്റെ ഭാര്യ, എന്റെ മക്കൾ എന്നടങ്ങുന്ന നാലംഗ കുടുംബത്തിന്റെ  ചുമരുകളുടെ ഉറപ്പിന് വേണ്ടി എന്തും ചെയ്യേണ്ടി വന്നാൽ ചെയ്യാനുള്ള ന്യായീകരണങ്ങൾ, നമ്മൾ തന്നെ അംഗീകരിക്കും എന്നതാണ്. അതിന്റെ കെട്ടുറപ്പിലും നിലനിൽപ്പിലും കേന്ദ്രീകൃതമായിരിക്കുന്നു നമ്മുടെ ശരി തെറ്റുകളെക്കുറിച്ചുള്ള വേർതിരിവുകൾ. അതാണ്‌ യവനികയിൽ ജലജയുടെയും വേണു നാഗവള്ളിയുടെയും കയ്യിൽ വിലങ്ങായും ... മോഹൻലാലിനെയും മീനയും മക്കളെയും സംരക്ഷിക്കുന്ന കവചവുമായി നമ്മുടെ മുന്നിൽ തെളിയുന്നത് ..

തിങ്കളാഴ്‌ച, നവംബർ 25, 2013

ഗീത കൊല്ലപ്പെട്ട രാത്രിയിൽ ... അഥവാ ചാരുഅഞ്ജലി

കോമഡി മൂവികളിൽ ഹൊററിന്റെ അംശങ്ങൾ കണ്ടിട്ടുണ്ട് .. ഹൊറർ സിനിമകളിൽ കോമഡിയുടെ ട്രാക്കുകളും ... എന്നാൽ ഹൊറർ തന്നെ കോമഡി ആയിട്ടിറങ്ങുന്ന ജനുസ്സിൽ പെട്ട ഇത്തരം അവതാരങ്ങൾ അപൂർവമാണ് .... അങ്ങിനെ ലാലേട്ടനും പ്രിയദർശനും  അവർ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന ഫ്ലോപ്പ് മലകളുടെ മോളിൽ വെക്കാൻ ഒരു സൂപ്പർ ഫ്ലോപ്പ് കൂടി കിട്ടി ....

മണിച്ചിത്രത്താഴ്  ഒരു വിശ്വോത്തര സിനിമ ഒന്നുമല്ല .. പക്ഷെ സ്മാർട്ട് ഫിലിം മേക്കിങ്ങിലൂടെ പ്രേക്ഷകർക്ക് വേണ്ട ചേരുവകൾ പലതും കൌശലപൂർവം ചേർത്ത് അവർക്ക് നല്ല പോലെ ആസ്വദിക്കാവുന്ന ഒരു ഒന്നാംതരം എന്റർറ്റൈനെർ ആയിരുന്നു .. വ്യാഴാഴ്ച രാത്രി പത്തു മണിയ്ക്ക് മൾടി പ്ലെക്സിൽ തള്ളിക്കയരുന്ന ജനസമൂഹം തന്നെ അതിനു ദൃഷ്ടാന്തം ... പല പോരായ്മകൾ ഉണ്ടായിരുന്നെങ്കിലും അതിനു പിറകിൽ ഒരു - അല്ല അഞ്ചു സംവിധായകരുടെ സാമാന്യ ബുദ്ധിയും .. വെടിപ്പായി എഴുതപ്പെട്ട ഒരു സ്ക്രിപ്റ്റും ഉണ്ടായിരുന്നു .. എന്നാൽ ഇവിടെയാകട്ടെ അവിടുന്നും ഇവിടുന്നും ഒക്കെ വലിച്ചു പറിച്ചെടുത്തു കൊണ്ടുവന്നിരുന്ന പ്രിയദർശൻ ടെക്കനിക്ക് ആവർത്തിക്കുമ്പോൾ മുമ്പൊക്കെ അദ്ദേഹം പ്രകടിപ്പിച്ചിരുന്ന ഒരു സാമാന്യ കയ്യടക്കം പോലും കാണാനില്ല. ഈ തിയറ്ററിൽ നമ്മളെ ഒക്കെ എത്തിച്ച സണ്ണി എന്ന കഥാപാത്രം  കാറ്റൂതി വിട്ട ബലൂണ്‍ പോലെ നിസ്സഹായനായി തേരാ പേരാ നടക്കുന്നത് മാത്രം മെച്ചം... അല്ല അതിനു പോലും സ്ക്രീൻ ടൈം ഇല്ല അങ്ങേര്ക്ക് ...



സാമാന്യ യുക്തിക്ക് നിരക്കാത്ത ഒരു കഥ (വെറുതെ ഒരു മൂച്ചിന് പറഞ്ഞതാണ്, കഥ എന്നൊക്കെ  അതിനെ വിശേഷിപ്പിക്കാമോ എന്ന് എനിക്കറിയില്ല) ... നൂറ്റൊന്നാവർത്തിച്ച ക്ഷീരബല പോലെ അവിടുന്നും ഇവിടുന്നും ചുരണ്ടി എടുത്ത കുറെ രംഗങ്ങൾ ... എന്തിനെന്നു പോലും വ്യക്തമല്ലാത്ത കുറെ കഥാപാത്രങ്ങൾ സിനിമ തുടങ്ങി പതിനഞ്ചു മിനിറ്റിനകം ഒരു പത്തിരുപതു സിനിമകൾ എങ്കിലും കണ്ടിട്ടുള്ള ഏതു കൊച്ചു കുട്ടിക്ക് പോലും പ്രവചിക്കാവുന്ന രീതിയിലുള്ള സസ്പെന്സും ക്ലൈമാക്സും ... ദ്വയാർത്ഥവും അശ്ലീലവും തമാശയുടെ രൂപത്തിൽ കെട്ടി എഴുന്നെള്ളിക്കുന്ന ചില അരോചക മേമ്പോടികൾ ....കീർത്തി കാഴ്ചയിൽ മേനകയുടെ കാർബണ്‍കോപ്പി ആണെങ്കിലും അഭിനയത്തിൽ ഒരു പാട് പരിമിതികൾ  വ്യക്തമാക്കുന്നുണ്ട്. കുറെ പടങ്ങൾ ഒക്കെ അഭിനയിച്ച് കൂവി തെളിയുമായിരിക്കും ... പിന്നെ മധുവും ഗണേഷും അടക്കം ആരൊക്കെയോ എന്തൊക്കെയോ ആയി എന്തിനൊക്കെയോ വന്നും പോയും ഇരുന്നു ...


എന്തിനാ ഇങ്ങനെ ഒക്കെ സിനിമ എടുക്കുന്നത് ... അവസാന സീനിൽ നിഷാൻ (ആ ഒരു വിദ്വാൻ കൂടി ഉണ്ട്) "സാറിനോട് നന്ദി ഞാൻ എങ്ങിനെയാ പറയുക....." എന്നോ മറ്റോ പറയുമ്പോൾ പുറകിൽ നിന്നാരോ ഉറക്കെ " അവനോടു നന്ദി അല്ലടാ,  പന്നീ എന്നാ പറയേണ്ടത് .." എന്നതാണ് ആ സിനിമയിലെ രംഗങ്ങലെക്കാൾ ചിരി തീയറ്ററിൽ ഉയര്ത്തിയത്.  സിനിമ കഴിയുമ്പോൾ പ്രിയദർശന്റെ പേര് എഴുതിക്കാട്ടുമ്പോൾ കാശ് പോയവന്റെ അന്തരാളത്തിൽ നിന്നും വന്ന കൂവൽ മദിരാശിയിൽ ഉള്ള അദ്ദേഹത്തിന്റെ വീട്ടിൽ പോലും കേള്ക്കാവുന്ന ഉച്ചത്തിൽ ആയിരുന്നു എന്നുകൂടി പറഞ്ഞു നിർത്തട്ടെ ..

വെള്ളിയാഴ്‌ച, മേയ് 03, 2013

മുംബൈ പോലീസ് - ബോൾഡ്

കുറച്ചു നീണ്ട കാലയളവിനു ശേഷം കണ്ട സിനിമയെക്കുറിച്ചുള്ള ഒരു കുറിപ്പ് കൂടി രേഖപ്പെടുത്തി വെയ്ക്കുന്നു. കഥയുടെ സൂചനകൾ ഏതെങ്കിലും വിധത്തിൽ പുറത്തു വിടുന്നത് കാണുവാൻ ഒരുങ്ങുന്ന എല്ലാവരുടേയും ആസ്വാദനത്തെ ബാധിക്കും എന്നുള്ളത് കൊണ്ട് അത്തരത്തിലുള്ള എല്ലാ പരാമർശങ്ങളും സൂചനകളും മന:പ്പൂർവം ഒഴിവാക്കുന്നു 

തുടക്കത്തിലെ തന്നെ ഒരു കാര്യം പറയട്ടെ .. റോഷൻ ആണ്ട്രൂസ് - കാസനോവ എന്ന ചലച്ചിത്രാഭാസം കൊണ്ടുണ്ടായ ക്ഷീണം തീർത്തു ... സിനിമ ഒരു വൻ വിജയം ആവുമോ എന്നൊന്നും പ്രവചിക്കാനുള്ള കഴിവുകൾ എനിക്കില്ല. അത് പോലെ അത് ഏതെങ്കിലും ഇംഗ്ലീഷ്, കൊറിയൻ മോഷണ പരമ്പരയിലെ കണ്ണിയാണോ എന്നും കണ്ടു പിടിക്കാനുള്ള വലിയ പരിജ്ഞാനവും ഇല്ല ... അതിന്റെ രാഷ്ട്രീയ, സാമൂഹിക ശരികളേയും ശരികേടുകളെയും പറ്റി ഒന്നും ഇവിടെ പറയാനും ഇല്ല ...

പക്ഷെ ഒന്ന് പറയാം ... ഇത്തരം വ്യതിരിക്തമായ ഒരു ഇതിവൃത്തം തികഞ്ഞ ചങ്കൂറ്റത്തോടെ സൃഷ്ടിക്കാൻ ധൈര്യം കാണിച്ച ബോബി - സഞ്ജയ് ദ്വയം, ആ വിഷയം അസാമാന്യമായ കയ്യടക്കത്തോടെ, ഒട്ടും പാളിപ്പോവാതെ, പതിവ് ചേരുവകളോ, വ്യതിയാനങ്ങളോ, കൊമ്പ്രമൈസുകളോ കൂടാതെ പരമാവധി സത്യസന്ധതയോടെ കൈകാര്യം ചെയ്ത റോഷൻ ആണ്ട്രൂസ് എന്ന സംവിധായകൻ, ഇമേജ് ഹാങ്ങ് അപ്പ്സ് കൂടാതെ ഇത്തരം ഒരു റോൾ സ്വീകരിക്കുകയും, അതിനെ തന്നാൽ ആവും വിധം ഭംഗിയാക്കുകയും ചെയ്ത പ്രിഥ്വിരാജ് ... ഇവരൊക്കെ അഭിനന്ദനം അർഹിക്കുന്നു ... കഥയുടെ പരിണാമം ഞാൻ തുടങ്ങി പത്തു മിനിട്ടോളം നീങ്ങിയപ്പോൾ തന്നെ എന്റെ കൂടെ സിനിമ കാണാനുള്ള സുഹൃത്തുകളോട്‌ പ്രവചിച്ചതു തന്നെ ആയിരുന്നു .. പക്ഷെ ആ പരിണാമത്തിന്റെ വഴിത്തിരിവാവുന്ന ആ ട്വിസ്റ്റ്‌ ... അത് എല്ലാവരെയും പോലെ എനിക്കും ഷോക്കിംഗ് ആയിരുന്നു ... 

ഹോളിവുഡ് മുഖ്യധാരാ ചിത്രങ്ങളുടെ ശൈലി ആണ് ആഖ്യാനത്തിൽ അദ്ദേഹം സ്വീകരിച്ചിരിക്കുന്നത്. കഥയിൽ ഒളിപ്പിച്ച ട്വിസ്റ്റ്‌ പോലും ഇന്ത്യൻ സിനിമയിൽ ആദ്യമായാണ്‌ കാണാൻ സാധിച്ചിട്ടുള്ളത്. ആവശ്യം ഇല്ലാതെ കുത്തി തിരുകുന്ന പാട്ടുകൾ, നായകൻറെ പ്രണയം, അതിപ്രസരമായെക്കാവുന്ന ഫാമിലി സെന്റിമെന്റ്സ്, സുരാജ് തമാശകൾ എന്ന് തുടങ്ങിയ സ്വാഭാവികമായി ഈ ജോണറിലുള്ള ത്രില്ലറുകളുടെ ഒഴുക്കിന് വിഘാതമായേക്കാവുന്ന ഒരു ഘടകവും ഇവിടെ ഭാഗ്യവശാൽ ഉൾക്കൊള്ളിച്ചിട്ടില്ല. 

എന്റെ കാഴ്ച്ചപ്പാടിൽ റിയാസ് ഖാന്റെ കഥാപാത്ര സൃഷ്ടിയിലെ അസംഭാവ്യത എന്ന് തുടങ്ങിയ രണ്ടോ മൂന്നോ അവഗണിക്കാവുന്ന, ചെറിയ അസ്വാരസ്യങ്ങൾ ഒഴിവാക്കിയാൽ ഒറ്റവാക്ക് - എനിക്കിഷ്ടപ്പെട്ടു

വ്യാഴാഴ്‌ച, നവംബർ 22, 2012

ജബ് തക് ഹെ പോപ്കോണ്‍


താങ്ക്സ് ഗിവിംഗ് ഡേ ... സായിപ്പമാര് കട മൂടി ടര്‍ക്കിയുടെ കവുത്തില്‍ കത്തി വെക്കുന്ന ദിവസം. ഇന്നാണ് ടീം ഔട്ടിങ്ങിനു പറ്റിയ ദിവസം എന്നാരോ തീരുമാനിച്ചത് കൊണ്ട് ടീം ഇറങ്ങി ... ടി ജി ഐ എഫില് ഒരു ലഞ്ച്, പിന്നൊരു സിനിമയും... ഇതൊക്കെ ഏര്പ്പാടാക്കുന്ന ഒപ്പെരെഷന്‍സ് ചങ്ങായി ഒരു കറകളഞ്ഞ ഷാരുഖ് ഖാന്‍  ഭക്തന്‍  ആണ് എന്ന് തോന്നുന്നു. അത് കൊണ്ടാവും ജബ് തക ഹെ ജാനിനു തന്നെ സീറ്റുകള്‍ റിസര്‍വ് ചെയ്തത്. ഇത് വരെയായി പലരും ക്ഷണിച്ചിട്ടും പോവാന്‍  മടിച്ചിരുന്ന യാഷ് ചോപ്ര സാറിന്റെ ഒടുക്കത്തെ പടത്തിന് ഒടുവില് പോയി തല വെക്കേണ്ടി വരുന്ന അവസ്ഥ അതോടെ സംജാതമായി..

ടി ജി ഐ എഫില് ലഞ്ച്, എന്നാല്‍ ഒരു ലഞ്ചിന് എത്രമേല് ബോറാകാന് കഴിയും എന്നതിന്റെ മകുടോദാഹരണം ആണ്. എന്നാല്‍ തിരിച്ചു കടിക്കാത്ത എന്തും വായിലാക്കുന്ന എന്നെക്കാളും അത് ബാധിച്ചത് കൂടെയുള്ള സസ്യബുക്കുകളായ സഹ പ്രവര്ത്തകരെ ആണ് എന്ന് നിസ്സംശയം പറയാം പോട്ടറോ വെജ്ജെസ്, പോട്ടറോ വെയ്ഫെര്സ്, ഫിങ്ങേര് ചിപ്സ്.. അങ്ങിനെ നീളത്തിലും, ചതുരത്തിലും വട്ടത്തിലും ആയി മുന്നില് വന്നു നിറയുന്ന ഉരുളന് കിഴങ്ങുകളെ നോക്കി നെടുവീര്പ്പിടുന്ന അവരുടെ മുഖം എന്നില്‍ ഉണ്ടാക്കിയത് മറ്റൊരു ആശങ്ക ആണ്... ഇതൊക്കെ തിന്നു കൂട്ടുന്ന ഇവരുടെ കൂടെ ഇത് കഴിഞ്ഞ ശേഷം ഒരു തീയറ്ററില് ഇരിക്കേണ്ടി വരുന്ന അവസ്ഥ... പലരും വായുവില് ആയിരിക്കും പറന്നു നടക്കുന്നത് എന്നതിന് ഒരു സംശയവും വേണ്ടാ. പക്ഷെ പലരും ആ അവസ്ഥയെ പറ്റി നല്ല ബോധവാന്മാര്‍ ആയിരുന്നു എന്നത് അവരുടെ മുന്നില്‍  ഒന്ന് തൊട്ടു പോലും നോക്കാതെ ഇരുന്നു തണുത്തുറയുന്ന പ്ലേറ്റുകള്‍ സാക്ഷ്യപ്പെടുത്തി.

ആഹാരം കഴിക്കുന്നതിനിടക്ക് അത് കഴിഞ്ഞാല്‍ ഇവിടെ നിന്ന് മുങ്ങിയാലോ എന്നുള്ള ചിന്ത വരാതിരുന്നില്ല. പക്ഷെ കൂടെ വന്നവര്‍ പലര്ക്കും, അവരുടെ സാന്നിധ്യം വേണ്ടപ്പെട്ടവരുടെ മുന്നില് അടയാളപ്പെടുത്തേണ്ട ബാധ്യത ഉള്ളത് കൊണ്ട് എന്നെയും പിടിച്ചിരുത്തി. ബൈ ദി വെ ഇന്ന് ഞങ്ങള്‍ കാര്‍ പൂള്‍ ചെയ്താണ് പോയത്. അതും ഒറ്റയ്ക്ക് അവിടെ നിന്ന് ഇറങ്ങാന്‍ സാധിക്കാത്തതിന് മറ്റൊരു കാരണം ആയി. ഒടുവില്‍ ഒരു കാര്യത്തില്‍ ഞങ്ങള്‍ യോജിപ്പില്‍ എത്തി. ഏറിയാല്‍ അര മണിക്കൂര്‍, അല്ലെങ്കില്‍ ഒരു പോപ്‌ കോണ്‍ തീരും വരെ ഷാരുഖ് ഖാനെ സഹിച്ചു അവിടെ ഇരിക്കാം എന്നു ഞങ്ങള്‍ ധാരണയായി. അല്ല ഇതിലും വലിയ സുനാമി വന്നപ്പോഴും നമ്മള്‍ രക്ഷപ്പെട്ടു പോയിട്ടുണ്ട് എന്നുള്ള ഒരു ധൈര്യം.  ഒടുവില്‍ ഒരു വലിയ പെപ്സിയും പോപ് കൊണുമായി പകുതിയില് താഴെ ആളുകള് മാത്രമുള്ള തീയറ്ററില്‍  വാതിലിനടുത്തുള്ള ഇരിപ്പിടത്തില്‍ തന്നെ സ്ഥലം പിടിച്ചു. വിക്കോ വജ്രദന്തിയും , സവിത എന്ന കമ്പനി ഇറക്കുന്ന എഞ്ചിന് ഓയിലിന്റെ പരസ്യത്തിലെ ഈച്ചയും ഒക്കെ വരാനുള്ള അങ്കത്തിനു നല്ല പെരുമ്പറ ആയി. അതിനിടക്ക് അടുത്ത യാഷ് രാജ് സിനിമയുടെ ഒരു ട്രൈലെര്‍... മേരെ ഡാട്‌ കി മാരുതി... ദോഷം പറയരുതല്ലോ. അത് ഒരു കൊള്ളാവുന്ന പടമാവാനുള്ള സാധ്യതകള്‍ ഉണ്ട് ...

ഒടുവില് യാഷ് ചോപ്ര അപ്പൂപ്പന്റെ പടം തെളിഞ്ഞു. പിന്നെ ഒരു അഞ്ചു മിനിട്ടോളം പുകവലി വിരുദ്ധ പരസ്യം. അത് കണ്ടപ്പോഴാണ് അത് വരെ  പുകവലിയെക്കുറിച്ച് ഓര്‍ക്കാതിരുന്ന എന്റെ ഒരു സഹപ്രവര്‍ത്തകന്‍,  ഒരു പുക വിട്ട ശേഷം തീയട്ടരിലേക്ക് കയറിയാല്‍  മതിയായിരുന്നു എന്ന് തന്റെ ഇച്ചാ ഭംഗം പ്രകടിപ്പിച്ചത്..

കിട്ടിയ പോപ്‌ കോണ്‍ ആകട്ടെ വലിയ ഒരു പാക്കറ്റ്. ആദ്യത്തെ പൊരി വായിലേക്ക്.  "ഉദ്വേഗം" നിറഞ്ഞ ആദ്യ രംഗം. ലഡാക്കിലെ മാര്‍ക്കെറ്റില്‍ ഒരു ബോംബ്  നിര്‍വീര്യമാക്കാന്‍ ശ്രമിക്കുന്ന ഒരു സംഘം പട്ടാളക്കാര്‍.  ഷൂട്ടിംഗ് കാണാന്‍ വന്ന ആളുകളെ ദൂരെ വടം കെട്ടി തടഞ്ഞു നിര്ത്തിയിരിക്കുന്നു. അപ്പോളതാ അവിടേക്ക് ഒരു ബുള്ളറ്റും ഓടിച്ചു കൊണ്ട്  രംഗപ്രവേശം ചെയ്യുന്ന സാക്ഷാല്‍ കിംഗ്‌ ഖാന്‍ . ഒരു ഹെല്മെറ്റ് വെക്കാതെ, താടിപോലും വടിക്കാതെ പട്ടാള വേഷത്തില്‍ വന്നിറങ്ങുന്നു. വലിയ പാടിങ്ങുമായി ബോംബ് നിര്വീര്യമാക്കാന് വിഷമിക്കുന്ന സഹപ്രവര്ത്തകനെ മാറ്റി നിര്ത്തിക്കൊണ്ട് ഹെല്മെറ്റും പാടിങ്ങും ഒന്നും കൂടാതെ, ഷാരുഖ് ഖാന്‍  ആ ബോംബ് പുഷ്പം പോലെ നിര്വീര്യം ആക്കുന്നു...

ഇത് അങ്ങേരുടെ തൊണ്ണൂറ്റി എട്ടാമത്തെ ബോംബ് ദിഫ്ഫ്യൂശന് ആണ് എന്ന് മറ്റൊരു പട്ടാളക്കാരന്‍ സര്‍ദാര്‍ജി വിളമ്പുമ്പോള്‍ ആണ്, നമ്മള് മൂന്ന് കൊല്ലാതെ സേവനത്തിനു ഇടയ്ക്കു ഒരു വിദഗ്ദന് നിര്വീര്യം ആക്കാന് "തൊണ്ണൂറ്റി എട്ടു" ബോംബുകള് വിട്ടു കൊടുത്ത രാജ്യത്താണ് ജീവിക്കുന്നത് എന്ന് ഓര്‍ക്കുന്നത്. സമീര് അല്ല ഷാരൂഖ്‌ ഖാന്‍ ആ ബോംബ്‌ നിര്വീര്യം ആക്കിയ ഉടനെ സംഭവ സ്ഥലത്തിലേക്കു കളിക്കാന് എന്ന പോലെ ഓടിയടുക്കുന്ന കുട്ടികളുടെ ഇടയിലൂടെ തന്റെ ബൈക്ക് ഓടിച്ചു മറയുന്നു. അപ്പോള്‍ എനിക്ക് തോന്നി ഇവര്‍ ആദ്യം ലഡാക്ക് മാര്‍ക്കെറ്റ് എന്ന് തന്നെയല്ലേ  എഴുതി കാടിയത്... അല്ല വല്ല ലഡാക്ക് പബ്ലിക് സ്കൂള്‍ ഗ്രൌണ്ട് എന്നോ മറ്റോ അല്ലല്ലോ. ഇനി അടുത്ത് തന്നെ ടിവിയില് വരുമ്പോള് ആ സംശയം തീര്ക്കാം.

അത് കഴിഞ്ഞപ്പോളാണ്  മറ്റൊരു കാര്യം എനിക്ക് തോന്നിയത്.. ഇക്കഴിഞ്ഞ തവണ ഞാന്‍ ഷാരുഖ് ഖാന്റെ പടം കാണാന്‍ പോയപ്പോള്‍ അങ്ങേരു വരുന്ന ആദ്യ ഷോട്ടില്‍ വലിയ കയ്യടിയും കൂക്കിവിളിയും ഒക്കെ ആയിരുന്നു. പക്ഷെ ഇത്തവണ ഒരു മനുഷ്യന്‍ പോലും ചെറുതായി കൈ തട്ടുന്ന ശബ്ദം കേട്ടില്ല... "ചേട്ടാ.. ദെ കിംഗ്‌ ഖാന്‍ വന്നു " എന്നുറക്കെ വിളിച്ചു അവിടെ എങ്ങാനും ഉള്ള ഉള്ള ഉറങ്ങിക്കിടക്കുന്ന ഷാരുഖ് ഫാന്‍സിനെ ഉണര്‍ത്തിയാലോ  എന്ന് ...

ആദ്യത്തെ ഇടിവെട്ട് രംഗം കഴിഞ്ഞു  അദ്ദേഹം തന്റെ ബ്യ്കുമായി വിശ്രമിക്കുന്ന തടാക കരയിലേക്ക്. അടുത്ത സീന്‍ തുണിയുരിയുന്നു ...അല്ല സിക്സ് പാക്ക് ഖാന് അല്ല തുണി ഉരിയുന്നത്... അത് നമ്മുടെ നായിക നമ്പര്‍ വണ്‍ ..  അനുഷ്ക ശര്‍മ... അവരുടെ മുഖം കാട്ടുന്നതിനേക്കാള്‍ ശരീരഭാഗങ്ങള്‍  ആണ്  അശോക് മേഹ്തയുടെ ക്യാമറക്ക്  പഥ്യം എന്ന് വ്യക്തമാക്കുന്ന രീതിയിലുള്ള ഒരു പാദാതികേശ സര്‍വേ നടത്തിയ ശേഷം സൂം ഔട്ട് ചെയ്തു, ആയമ്മ നില്ക്കുന്നത് ലെയ്ക്കിനു നടുവിലുള്ള ഒരു വലിയ പാറപുറത്താണ് എന്ന് കാട്ടിതരുന്നു. അവിടെ നിന്നൊരു ഡൈവ്, തണുത്ത തടാകത്തിലേക്ക്. എങ്ങിനെ നായിക വെള്ളത്തില്‍ ഒന്നും തൊടാതെ തടാകത്തിനു നടുവിലുള്ള ആ പാറ പുറത്തു എത്തി എന്ന തരത്തിലുള്ള കുഴക്കുന്ന ചോദ്യങ്ങള്‍ ഒന്നും ആരും ചോദിക്കരുത്. കൈകാലിട്ടടിക്കുന്ന നായികയെ രക്ഷിക്കാന്‍ ആറ്റിലേക്ക് ചാടുന്ന നായകന്‍ എന്ന പതിവ് ക്ഷീരബല അവിടെയും ആവര്‍ത്തിക്കുന്നു. പക്ഷെ പതിവ് രീതിയില്‍ ഇവിടേയ്ക്ക് ആറ്റില്‍ നായകന്‍ ചാടുന്നതോ നായികയെ രക്ഷിക്കുന്നതോ കാണിക്കുന്നില്ല. ഷാരുഖ് ഖാന്റെ ഈ പ്രായം വെച്ചു ലടാക്കിലെ ലേയ്ക്കില്‍ ചാടിച്ചാല്‍ ചിലപ്പോള്‍ തിരിച്ചു കിട്ടില്ല എന്ന് മനസ്സിലാക്കാവുന്ന ബുദ്ധി യാഷ് ചോപ്രയിലെ ബിസ്സ്നെസ്സ്കാരന് ഉണ്ട് എന്ന് വ്യക്തം. രക്ഷപ്പെടുത്തിയ നായികക്ക് കൃത്രിമ ശ്വാസോച്ച്വാസം കൊടുത്തു ജീവന്‍ നല്‍കുന്ന നായകന്‍, അവിടെ നായികക്ക് ചൂട് പകരാന്‍ ഇന്ത്യന്‍ ആര്‍മിയുടെ യൂണിഫോം ജാക്കെട്ടും ഉപേക്ഷിച്ചു ഒരു താങ്ക്സ് പോലും കേള്‍ക്കാതെ ബുള്ളറ്റ് ഓടിച്ചു സ്ഥലം വിടുന്നു. നായകന്‍ "മൂലം" നാളുകാരന്‍ ആണ് എന്ന് തോന്നുന്നു. നായിക നന്ദി എന്ന് എന്ന് പറയുന്നതിന് പകരം അദ്ധേഹത്തിന്റെ നാളിന്റെ അര്‍ഥം വരുന്ന ഇംഗ്ലീഷ് വാക്കില്‍ ആണ് വിളിക്കുന്നത്‌. അവിടെ നിന്നും രക്ഷപ്പെട്ടു എത്തുന്ന നായിക തന്റെ  ഒരു സായിപ്പും, ഒരു മദാമ്മയും, ഒരു ആഫ്രിക്കക്കാരനും, ഒരു മന്ഗോളിയനും അടങ്ങുന്ന സാര്‍വലൌകീക  സൌഹൃദ സന്ഘതിനോടൊപ്പം ചില നിമിഷങ്ങള്‍ ചിലവിടുന്നു . അതിനിടക്ക് ഫോണില്‍ വിളിച്ച അവരുടെ മുന്‍ കാമുകനെ തെറി പറഞ്ഞു ആയമ്മ ന്യൂ ജെനെരെഷനില്‍ പെട്ട യുവതി ആണ് എന്ന് കൂടി ചോപ്ര അങ്കിള്‍  നമുക്ക് വ്യക്തമാക്കി തരുന്നു. അവിടെ ഒരു ലയ്ക്ക്

കഥ പറയാന്‍ വേണ്ടി തന്റെ പോക്കറ്റ് ഡയറി, ജാക്കറ്റില്‍ നായകന്‍ നിക്ഷേപിച്ചു വെച്ചത്  അവിടെ നിന്നാണ് നായികക്ക് കിട്ടുന്നത് (ഈ നൂറ്റാണ്ടിലും ഡയറി എഴുതുന്ന സുമനസ്സുകള്‍ ഉണ്ട് എന്ന് വ്യക്തമാക്കി തന്ന അങ്കിളിനു വീണ്ടു ഒരു ലയ്ക്ക്).  പിന്നെ സില്സിലായിലും, ലംഹെയിലും, ചാന്ത്നിയിലും ഒക്കെ കേള്‍ക്കുകയും കാണുകയും പോലെ, കവിതയില്‍ തുടങ്ങുന്ന നായകന്‍റെ ഭൂതകാല ഫ്ലാഷ് ബാക്ക്... അതാ വരുന്നു രണ്ടാമത്തെ നായിക, വെളുത്ത കത്രീന . ശ്രീദേവിയും രേഖയും ഒക്കെ സ്വിസ് മലനിരയിലെ പുല്‍ത്തകിടിയില്‍ നിന്നാണ് സ്ലോമോഷനില്‍  ഓടി വരുന്നതെങ്കില്‍  കത്രീന കൈഫ്‌ മഞ്ഞണിഞ്ഞ  പാതയില്‍ നിന്നാണ് സ്ലോമോഷനില്‍ ഓടി വരുന്നത്. സ്ക്രീനില്‍ നിറയുന്ന പഴയ പച്ചക്ക് പകരം വെള്ള. അതോടെ നായകന്‍റെ ചുറ്റും മഞ്ഞു പെയ്യുന്നു. ആദ്യത്തെ നോട്ടത്തില്‍ അനുരാഗവിലോചനനായി ഷാരുഖ്. അദ്ദേഹത്തെ അവഗണിച്ചു കൊണ്ട് ഒരു പള്ളിയിലേക്ക് ഓടി കയറിയ നായിക കര്‍ത്താവിനോടുള്ള സ്വകാര്യ സംഭാഷണത്തില്‍ മുഴുകുന്നു.

കൈയ്യിലുള്ള പോപ്‌ കോണ്‍ ഇത് വരെയായിട്ടും പകുതിയേ ആയിട്ടുള്ളൂ എന്ന് അപ്പോള്‍ ഞാന്‍ തിരിച്ചറിഞ്ഞു . അതോടെ വാശിയോടെ കുറെ പൊരികള്‍ എടുത്തു ഒരുമിച്ചു വായിലേക്കിട്ടു. പെപ്സി ഒരു വലിയ വലി കുടിച്ചു. തന്റെ കല്യാണ നിശ്ചയം ആണ്, അത് പൊളിക്കാന്‍ എല്ലാവിധ സഹായ സഹകരണങ്ങളും ചെയ്യണം എന്നാണു ആയമ്മ മുട്ടിപ്പായി കര്‍ത്താവീശോമിശിഹായോടു  അപേക്ഷിക്കുന്നത്. അങ്ങേരു വരവ് വെച്ചു എന്ന് ബോധ്യമായതോടെ "കള്ളന്മാര്‍ക്ക് സ്വാഗതം" എന്നെഴുതിയ ബോര്‍ഡ്‌ വെക്കുന്നതോഴിച്ചു ബാക്കിയെല്ലാ മോഷണത്തിനുള സകലമാന  സാഹചര്യവും ഒത്തു കിടക്കുന്ന ഏകാന്തതയുടെ അപാരതീരമായ പള്ളിക്ക് മുന്നില്‍ തന്നെ പാര്‍ക്ക് ചെയ്ത റോള്‍സ് റോയ്സിലേക്ക്.  മഞ്ഞത് തെരുവിലൂടെ ഓടി വന്ന നായികക്ക് കയറി പോവാന്‍ റോള്‍സ് റോയിസ് എങ്ങിനെ അവിടെ വന്നു എന്ന് തീയറ്ററില്‍ വെച്ചു ചോദിച്ചത് ഞാന്‍ മാത്രം ആയിരുന്നില്ല. ഓ. സോറി  നായിക ഒരു വലിയ പണചാക്ക് ആണ് എന്ന് എസ്ടാബ്ലിഷ് ചെയ്യണം അല്ലോ. സോറി യാഷ് അങ്കിള്‍... ഇതാ പിടിച്ചോളൂ ഒരു ലയ്ക്കു കൂടി..

നായകന്‍ പട്ടിണി പാവം ആണ് എന്ന് കാണിക്കുവാന്‍ ആദ്യം മഞ്ഞു കോരുന്നത് കാണിച്ചു, പിന്നെ ഗിറ്റാറും  വായിച്ചു "ചന്ദ്രശേകര പിള്ളയുടെ" പാട്ടും പാടി പിച്ച എടുക്കുന്നത് കാണിച്ചു. സബ് വെയിലൊക്കെ കണ്ടിട്ടുള്ള സായിപ്പ് പിച്ചക്കാര്‍ ഗിറ്റാര്‍ അടിച്ചു ഒരു മൂലക്കല്‍ നിന്നാണ് പാടാറുള്ളത്. പക്ഷെ ഗിറ്റാറും എന്തിയ ഷാരുഖ് പിച്ചക്കരനായപ്പോള്‍ പാട്ടുപാടി നൃത്തമാടി ഓടി നടന്നു തെണ്ടുന്നു. അത് കഴിഞ്ഞു മീന്‍ മാര്‍ക്കെറ്റില്‍ മീന്‍ വിക്കുന്ന ഷാരൂഖ് ഭായ്... അങ്ങേരുടെ വലിയ ഉത്സാഹം കണ്ടു മത്തി വാങ്ങിക്കാന്‍ വന്ന സായിപ്പ് ഒരു ജോലി ഓഫര്‍ ചെയ്യുന്നു... അവിടെ നിന്നും ഹോട്ടലില്‍ വെയിറ്റര്‍ ജോലിക്ക്... കൈയ്യില്‍ ഷാമ്പെയില്‍ ഗ്ലാസും പിടിച്ചു നില്‍ക്കുന്ന ഷാരൂഖ് വെയ്റ്റര്‍ ഖാന് താന്‍  എത്തി പെട്ടത് കത്രീനയുടെ വിവാഹ നിശ്ചയത്തില്‍ ആണ് എന്ന് മനസ്സിലാവുന്ന നിമിഷം ഞാന്‍ തിരിച്ചറിഞ്ഞു എന്റെ പോപ്‌ കോണ്‍ പാത്രത്തിന്റെ അടിത്തട്ടില്‍ എന്റെ വിരല്‍ മുട്ടി എന്ന്... കൂടുതല്‍ ഒന്നും നോക്കിയില്ല... സീറ്റില്‍ നിന്നും മെല്ലെ എഴുന്നേറ്റു. അവിടെ ഹോട്ടലിന്റെ പിരകുവഷതിരുന്നു പുക വലിക്കുന്ന കത്രീനയെ കണ്ടുകൊണ്ടു (ആഹ വീണ്ടു ന്യൂ ജെനെരെഷം .. ന്യൂ ജെനെരെഷം..). . എന്റെ പ്രചോദനം കൊണ്ടാണ് എന്ന് തോന്നുന്നു അടുത്തുള്ള മൂന്ന് നാല് തലകള്‍ കൂടി സീറ്റില്‍ നിന്നുയര്‍ന്നു ...നേരെ  എക്സിറ്റ് ഗേറ്റിലേക്ക് ... ഓടുകയായിരുന്നു... അപ്പോള്‍ ആരോ പറയുന്നത് കേട്ട് ... "ജബ് തക ഹേ ജാന്‍... ഭാഗ്...."

ശനിയാഴ്‌ച, ജൂൺ 16, 2012

സ്പിരിറ്റ്‌ - കൊണ്യാക്കിന്റെ കുപ്പിയില്‍ ഒളിപ്പിച്ച വ്യാജ ചാരായം

കഴിഞ്ഞ കുറച്ചു കാലമായി അനിയന്ത്രിതമായി  വര്‍ദ്ധിച്ചു വരുന്ന ഈ "ആള്‍ക്കഹോളിസം" എന്നത്  മലയാളി സമൂഹം മാത്രം അഭിമുഖീകരിക്കുന്ന ഒരു പ്രശ്നം ആണ് എന്നാണു ഞാന്‍ കരുതിയിരുന്നത് എന്നാലും... ഈയ്യിടെയായി രണ്ടു ചാനലുകളില്‍- അല്‍ ജസീറയില്‍ ആസ്ട്രേലിയായെക്കുറിച്ചും, ന്യൂസ്‌ എക്സില്‍ പഞാബിനെക്കുറിച്ചും,  കണ്ട വ്യത്യസ്തമായ രണ്ടു ഡോക്യുമേന്ട്രികളിലൂടെ അത് ലോകത്ത് പലയിടത്തും മനുഷ്യ സമൂഹത്തെ കാര്‍ന്നു തിന്നുകൊണ്ടിരിക്കുന്ന ഒരു വന്‍ വിപത്താണ് എന്ന് ബോധ്യമായത്. കേരളത്തില്‍ കുറെ നാളുകളായി, വൈകീട്ട് ആറുമണിക്ക് ശേഷം ബസ്സില്‍ കയറുമ്പോള്‍, അല്ലെങ്കില്‍ കവലകളില്‍ നില്‍ക്കുമ്പോള്‍,  രൂക്ഷമായ മദ്യഗന്ധം  മൂക്കിലടിക്കാതെ മലയാളിക്ക് ഒരു ദിവസവും കടന്നു പോവാനാവാറില്ല. പണ്ടൊക്കെ മാവേലി സ്റൊരിനു മുന്നില്‍ ഉണ്ടായിരുന്നു എന്ന് പറഞ്ഞിരുന്ന പോലെ, സുദീര്‍ഖമായ ക്യൂ ബീവറേജസ് കോര്‍പറേഷന്‍ സ്റൊരുകള്‍ക്ക് മുന്നില്‍ അവതരിച്ചിട്ടു നാളുകള്‍ ഒരുപാടായി. ഇക്കഴിഞ്ഞ തൃശ്ശൂര്‍ പൂരത്തിന്റെ അന്ന് രാവിലെ ഏകദേശം ഒരു ആറര, ഏഴു മണി ആയിട്ടുണ്ടാവും, കുടുംബത്തോടൊപ്പം പാറമേല്‍ക്കാവില്‍ പോവാന്‍ വേണ്ടി സെന്റ്‌ മാരിസ് കോളേജ് റോഡില്‍ കാര്‍ പാര്‍ക്ക് ചെയ്തു നടന്ന ഞാന്‍ കണ്ടത്, അവിടെ ഫുട് പാത്തില്‍, കാറുകളുടെ മറവില്‍, ഒരു കുപ്പിയും നാല് ഗ്ലാസ്സുമായി ഇരുന്നു സുപ്രഭാതം വണങ്ങുന്ന ഒരു നാലംഗ സംഘത്തെയാണ്... ഇതൊക്കെ പറഞ്ഞു വന്നത് പതിവ് സിനിമകള്‍ കാണുന്ന ഒരു എന്റര്‍റൈന്‍മെന്റ് മോഡില്‍ അല്ല ഇന്ന് കാണാന്‍ പോയത് എന്ന് ആമുഖമായി പറഞ്ഞു വെക്കാനാണ്.  ഈ പ്രമേയത്തിന്റെ കാലികപ്രസക്തിയെക്കുറിച്ചുള്ള വ്യക്തമായ ബോധ്യത്തോടെ, ഗൌരവത്തോടെ ആണ് കാണാന്‍ പോയത്.

പത്തിരുപതു വര്ഷം മുമ്പ്, വന്നത് പോലും അറിയാതെ തീയറ്റര്‍ വിട്ടു പറന്ന ഒരു കൊച്ചു ചിത്രമുണ്ട് ... മോഹന്‍ സംവിധാനം ചെയ്ത "തീര്‍ത്ഥം". അക്കാലത്തെ ദൂരദര്‍ശന്‍ പരിപാടികളിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതയായ ഇപ്പോള്‍ ഗുജറാത്തി ടെലിവിഷനിലെ  ജനപ്രിയ താരമായ പല്ലവി ജോഷി എന്ന നടി അഭിനയിച്ച ഒരേ ഒരു മലയാളം സിനിമ ആയിരുന്നു അത്. നെടുമുടി നായകനായി അഭിനയിച്ച ആ കൊച്ചു ചിത്രം കേരളത്തില്‍ അന്നിത്രയും വലിയ വിപത്തിന്റെ രൂപം ആര്‍ന്നിട്ടില്ലാതിരുന്ന ആള്‍ക്കഹോളിസം എന്ന വിഷയം വളരെ ഗൌരവത്തോടെ കൈകാര്യം ചെയ്തിരുന്ന ഒരു ചിത്രമായിരുന്നു. കുറച്ചൊക്കെ മെലോഡ്രാമ ഉണ്ടായിരുന്നു എന്നതൊഴിച്ചാല്‍ ആ കൊച്ചു ചിത്രം ഒരു വലിയ മെസ്സേജ് അന്നത്തെ സമൂഹത്തിനോട് പറയാന്‍ ശ്രമിച്ചിരുന്നു. പക്ഷെ, മോഹന്റെ തന്നെ പല ഭേദപ്പെട്ട ചിത്രങ്ങളായ "ശ്രുതി", "ഒരു കഥ ഒരു നുണക്കഥ" എന്നിവയെപ്പോലെ പോലെ അധികമാരും കാണാതെ തീയേറ്റര്‍ വിട്ടു പോവാനായിരുന്നു അതിനു യോഗം. സ്പിരിറ്റ്‌ കാണാന്‍ പോവുമ്പോള്‍, ഈ വിഷയം ആണ് പ്രതിപാദിക്കുന്നത് എന്ന് മനസ്സിലാക്കിയപ്പോള്‍, മനസ്സില്‍ ഓര്മ വന്നത് തീര്‍ത്ഥം എന്ന സിനിമയും, ഇരുട്ടില്‍ ചവിട്ടു പടിയില്‍ മുറ്റത്തേക്ക് ശര്‍ദ്ദിച്ചു തളര്‍ന്നു വീഴുന്ന നെടുമുടി വേണുവും. പല്ലവി ജോഷിയുടെ നിറഞ്ഞ കണ്ണുകളും ആയിരുന്നു. അങ്ങിനെ ചെറിയ ഒരു റെഫെരെന്‍സ്‌ മനസ്സില്‍ കരുതി ആണ് മഴക്കാര്‍ മൂടി നില്‍ക്കുന്ന ഈ സായാഹ്നത്തില്‍ നിറഞ്ഞ സദസ്സിലോരാളായി, സുഖമുള്ള ഇരിപ്പിടത്തില്‍ അമര്‍ന്നിരുന്നത്.

അറപ്പ്, നിരാശ, പുച്ഛം, എന്നീ മൂന്ന് വികാരങ്ങളും ഒരുമിച്ചു ചേര്‍ന്നതാണ് "ജുഗുപ്സ" എങ്കില്‍. അതാണ്‌ ഈ സിനിമ എന്നിലെ അനുവാചകന് പകര്‍ന്നു നല്‍കിയത്. കൈകാര്യം ചെയ്യുന്ന പ്രമേയത്തോട് ഒരു മിനിമം ആത്മാര്‍ഥത, പ്രതീക്ഷിച്ചു കാണാനിരുന്ന എന്റെ കണ്ണുകളില്‍ വ്യക്തമായത് ഈ സിനിമയിലൂടെ ശില്പികളുടെ നാട്യം ഒന്ന് മാത്രമാണ്. "ഹിപ്പോക്രസി" എന്ന പദത്തിന്റെ അര്‍ഥം അറിയില്ലെങ്കില്‍, ഈ സിനിമ കണ്ടു വരുന്നവര്‍ക്ക്, സാമാന്യ ബുദ്ധി ഉണ്ടെങ്കില്‍ ഡിക്ഷനറി നോക്കാതെ തന്നെ മനസ്സിലാവും അതെന്താണ് എന്ന്.

രഞ്ജിത്തിന്റെ സിനിമകളിലെ അവിഭാജ്യ ഘടകമായിരുന്നു ഉന്മാദിയായ നായകനും അവന്റെ പരിവാരങ്ങളുമായി നടത്തുന്ന സുരാപാന മഹോത്സവം.. ഇളനീര്‍ വെട്ടി ചാരായം നിറക്കുന്ന "ദേവാസുരം" ഒരുക്കുകയും,  നെഞ്ചോളം വെള്ളത്തില്‍ കിടന്നു കാര്‍ട്യൂബിന് മുകളില്‍ നാടന്‍ "വെറ്റ് ബാര്‍" ഉണ്ടാക്കുകയും ചെയ്യുന്ന തഴക്കങ്ങള്‍ ഒക്കെ സാധാരണക്കാരായ മലയാളികളുടെ  മനസ്സിലേക്ക് പകര്‍ന്നോഴിച്ചു, അതില്‍ ഐസിന്‍ കട്ട ഇട്ട ആളാണ്‌ രഞ്ജിത്. അത്തരം രംഗങ്ങളെ ഒട്ടൊരു വീരപരിവേഷത്തോടെ പകര്‍ന്നാടിയിരുന്നത് ഏറെയും മലയാളികള്‍ക്ക് "വൈകീട്ടെന്താ പരിപാടി" എന്ന വേദവാക്യം ഓതിക്കൊടുത്ത അവരുടെ ലാലേട്ടനും. അവര്‍ ഇരുവരും ആള്‍ക്കഹോളിസത്തിനു എതിരെ ഇറങ്ങുന്നു എന്ന് കേട്ടപ്പോള്‍ ഒരു "മാനസാന്തരത്തിന്റെ" ചുറ്റുവട്ടം തെളിയുന്ന പോലെ തോന്നിയിരുന്നു. പക്ഷെ അത്തരത്തിലുള്ള ഒരു മാനാസാന്തരം നല്‍കുന്ന ആത്മാര്‍ഥത ഒന്നും ഈ സിനിമയില്‍ കാണാന്‍ ആവുന്നില്ല. ചിത്രത്തിന്റെ ആദ്യ പകുതിയില്‍ കോര്‍ത്തിണക്കിയ അനവധി മദ്യപാനരംഗങ്ങള്‍ അവതരിപ്പിക്കുന്നതിലുള്ള മിഴിവും ആകര്‍ഷണീയതയും തനിമയും - "സാള്‍ട്ട് ആണ്ട് പേപ്പറിലെ"  ഭക്ഷണ രംഗങ്ങളെ അനുസ്മരിപ്പിച്ചു. ലിമിറ്റഡ് മദ്യപാനത്തിന്റെ ഗുണങ്ങള്‍ പറഞ്ഞു കൊടുക്കുന്നതിന്റെയും, കൊണ്യാക്കും കട്ടന്‍ ചായയും കൂടി മിശ്രിതപ്പെടുത്തി അകതാക്കുന്നതിന്റെയും, ഒക്കെ സന്ദേശങ്ങള്‍ പ്രബുദ്ധ മലയാളിക്ക് നന്നായി രസിക്കുന്നുണ്ട് എന്ന് തീയറ്ററില്‍ നിന്നും ആദ്യ പകുതിയില്‍ ഉയരുന്ന പ്രതികരണങ്ങള്‍ വ്യക്തമാക്കും.

ഒരു ചലച്ചിത്രകാരന് സമൂഹത്തിനു സന്ദേശം നടത്തുന്ന രീതിയില്‍ സദാചാരത്തിന്റെ വട്ടങ്ങളില്‍ നിന്നും കൊണ്ട്  സമൂഹത്തെ ഉദ്ധരിക്കുന്ന സോദ്ദേശ സിനിമകള്‍ മാത്രമേ സൃഷ്ടിക്കാവൂ എന്ന് യാതൊരു നിര്‍ബന്ധവും ഇല്ല. പക്ഷെ അങ്ങിനെ ചെയ്യുകയാണ് എന്ന് ജനങ്ങളെ വിശ്വസിപ്പിച്ചു തികച്ചും വിരുദ്ധാശയങ്ങള്‍ പൊതിഞ്ഞു കെട്ടി കൊടുക്കുമ്പോഴാണ്, അത് ഫെയ്ക്ക് ആവുന്നത്, അതില്‍ ഹിപ്പോക്രസി കലരുന്നത്. ഇവിടെ പറഞ്ഞു വെക്കുന്ന കാര്യങ്ങള്‍ മദ്യപാനത്തിന്റെ ദൂഷ്യവശങ്ങള്‍ അനുഭവിക്കുന്നതും കുടിച്ചു നശിക്കുന്നതും മണിയെപ്പോലെയുള്ള താഴെത്തട്ടിലുള്ളവര്‍ മാത്രമാണ്. അവനെ വിമുക്തി ലഭിക്കുവാന്‍ പോലീസ് സ്റെഷനില്‍ കൊണ്ട് വന്നു കന്നത്തില്‍ രണ്ടു പൊട്ടിച്ചു പൊക്കിയെടുത്തു ഡി അഡിക്ഷന്‍ സെന്ററില്‍ തടവില്‍ ഇടുകയും ചെയ്യണം. മദ്ധ്യവര്‍ഗ മലയാളി  തികഞ്ഞ മദ്യവിരുദ്ധനും,  അതിന്റെ അനുസാരി പ്രശ്നങ്ങള്‍ ഒന്നും ഇല്ലാത്ത സദാചാരിയാണ്.  സാമൂഹ്യ മദ്യപനായ വരേണ്യവര്‍ഗ  പ്രതിനിധിയോ, സ്വയം വെളിപാട് വന്നു കുപ്പിയെ തട്ടി തെറിപ്പിച്ചു ഒറ്റ രാത്രി കൊണ്ട് സമൂഹത്തിലെ മദ്യപാന വിപത്തിനെ മുഴുവന്‍ തുടച്ചു മാറ്റാന്‍ കഴിവുള്ള  പുണ്യാളനാവുന്ന മഹാനുഭാവന്‍. അവനു ആകെ വേണ്ടത് മുമ്പില്‍ ചോര ശര്ദ്ധിച്ചു രക്തസാക്ഷി ആവാന്‍ ഒരു സമീര്‍ എന്നാ ആരാജകകവി മാത്രം. അവന്‍ മദ്യപാനശീലത്തില്‍ നിന്നും സ്വമേധയാ പുറത്തു വന്നതും, തന്റെ ദയാവായ്പ്പു കൊണ്ട് വിമോചനം അരുളിയ ദരിദ്രനാരായണനായ പ്ലംബര്‍ മണിയുടെ വിമുക്തിയും, ആഘോഷിക്കുന്നത് തന്നെ മദിരോല്സവത്തില്‍...

ഈ സിനിമയുടെ മൊത്തം ഫീലിനെ സംഗ്രഹിക്കുന്ന ഒരു വലിയ ഉദാഹരണമാണ് മധു അവതരിപ്പിക്കുന്ന കര്‍ത്താ എന്നാ കഥാപാത്രം... സ്വന്തം ഭാര്യയെ മക്കളുടെ അടുത്തേക്കയച്ചു പരസ്ത്രീ ബാന്ധവത്തിനിറങ്ങുന്ന ഇറങ്ങുന്ന ഈ കിഴവന്‍ മൂരാച്ചി, ഭാര്യയോടു മോശമായി പെരുമാറുന്ന മണിയോടും, മദ്യപാനിയായ രഘുവിനോടും ഒക്കെ "മാന്യത" നടിച്ചു സദാചാരം  പഠിപ്പിക്കുന്നുണ്ട്.  അത് തന്നെയാണ് രഞ്ജിത്തിന്റെ സ്പിരിറ്റ്. നല്ല പള പളക്കുന്ന വെള്ളിഅടപ്പ് കൊണ്ട്  മൂടി വെക്കുന്ന നാറുന്ന കമ്പോസ്റ്റ് കുഴി. ഈ സിനിമയില്‍ കുറച്ചെങ്കിലും വ്യക്തിത്വം ഉണ്ട് എന്ന് തോന്നിപ്പിക്കുന്ന ഒരു കഥാപാത്രം ഉണ്ട് - ലെനയുടെ സുപ്രിയ. ആ കഥാപാത്രത്തെ പോലും നായകന്‍റെ പ്രഭാവത്തിന് മുന്നില്‍ ആയുധം വെപ്പിച്ചു കീഴടക്കുകയാണ് സംവിധായകന്‍. ഇതിലെ ഹിപ്പോക്രസിയെക്കുറിച്ചു പറയാനാണെങ്കില്‍ ഇനിയും അനവധിയുണ്ട് ഉദാഹരണങ്ങള്‍. വിവാഹ മോചനത്തിന് ശേഷം തന്റെ ആദ്യഭാര്യയും അവളുടെ ഇപ്പോഴത്തെ ഭര്‍ത്താവുമായി പൂര്‍വകാലം തമസ്കരിച്ചു "ആരോഗ്യകരമായ സൌഹൃദം" പുലര്‍ത്തുന്ന നായകന്‍ എന്ന് പറഞ്ഞു വെക്കുമ്പോള്‍ തന്നെ,  അവരുടെ ഇപ്പോഴത്തെ ഭര്‍ത്താവ്, തന്റെ ആത്മാര്‍ത്ഥ സുഹൃത്ത്‌ ഇല്ലാത്ത സന്ദര്‍ഭത്തില്‍ കയറി വന്നു, അയാള്‍ മുന്‍ഭാര്യയോടു നിലവിട്ടു പെരുമാറുന്നുണ്ട്. ഇനി, നാട് ഭരിക്കുന്ന മന്ത്രിയെ ടാക് ഷോവില്‍ നിശ്ശബ്ധനാക്കി തളക്കാന്‍, ഉന്നത ബൌദ്ധീക നിലവാരം അവകാശപ്പെടുന്ന അയാള്‍ക്ക്‌ പതിവ് പോലെ ആയുധം  നാലാംകിട പെണ്ണ് കേസ്.... ഇങ്ങനെ എന്തെല്ലാം നഗ്നമായ നാട്യങ്ങള്‍...


ആദ്യം പ്രതിപാദിച്ച പോലെ തീര്‍ത്ഥം എന്ന സിനിമ മനസ്സില്‍ വെച്ചാണ് കണ്ടു തുടങ്ങിയതെങ്കിലും, കണ്ടു കൊണ്ടിരുന്നപ്പോള്‍ മനസ്സില്‍ വന്നത് - "ലൈഫ് ഈസ്‌ ബ്യൂട്ടിഫുള്‍" (മലയാളം) എന്ന മറ്റൊരു നാട്യസിനിമ. ലാലുപദേശി നാടിലെ വിദ്യാഭ്യാസ വ്യവസ്ഥ മാറ്റി മറിക്കാന്‍ കത്തി കയറിയ ആ ഫാസില്‍ ചിത്രം. 

ഈ സിനിമയില്‍ ഒപ്പിച്ചു വെക്കുന്ന അഭിനയതിനാണോ, മോഹന്‍ലാലിന്റെ ഗംഭീര അഭിനയം എന്നൊക്കെ സോഷ്യല്‍ മീഡിയ പാണന്മാര്‍ അടിച്ചു കൂട്ടുന്നത്‌. അതല്ല എനിക്ക് എന്തെങ്കിലും തകരാരുണ്ടോ? തന്റെ തലയില്‍ കെട്ടി വെക്കുന്ന വിഴുപ്പില്‍ കിടന്നു ശ്വാസം മുട്ടുകയാണ് അദ്ദേഹം. ഞാന്‍ ഇഷ്ടപ്പെട്ടിരുന്ന മോഹന്‍ലാല്‍ എന്ന നടന്‍ മരിച്ചിട്ട് കുറച്ചു വര്‍ഷങ്ങളായി എന്ന് മുമ്പ് ഒരിക്കല്‍ പോസ്റ്റിട്ടത് ഇവിടെയും ആവര്‍ത്തിക്കുന്നു..  ഇപ്പോള്‍ നടക്കുന്നത് അദ്ദേഹത്തിനെ സ്റ്റാഫ്‌ ചെയ്ത മമ്മിയുടെ പ്രദര്‍ശനം. നന്ദു എന്ന നടന്റെത് ഒഴിച്ച് (വലിയ കോടി കെട്ടി വാഴ്ത്തപ്പെടുന്ന ശങ്കര്‍ രാമകൃഷ്ണന്റെതടക്കം) എല്ലാ നടീ നടന്മാരും ശരാശരി അഭിനയം ആണ് കാഴ്ചവെച്ചിട്ടുള്ളത് എന്നാണു എന്റെ വിലയിരുത്തല്‍. ഇന്ത്യന്‍ റുപ്പീ കണ്ടപ്പോള്‍, ഒരു കാര്യത്തില്‍ ആശ്വാസം തോന്നിയിരുന്നു, വല്യ തൊങ്ങലും കൊടിക്കൂറയും ഇല്ലാത്ത ഒരു നായകനെ രഞ്ജിത്ത് അവസാനം കൊണ്ട് വന്നല്ലോ. ഇവിടെ അതും പോയിക്കിട്ടി. ആറാം തമ്പുരാനിലെയും, ചന്ദ്രോല്‍സവതിലെയും, നരസിംഹത്തിലെയും, റോക്ക് ആന്‍ഡ്‌ റോളിലെയും  ഒക്കെ "മോഹന്‍കാന്തുമാര്‍"  തന്നെയാണ്, ഈ രഘുനന്ദനന്‍  എന്ന് മനസ്സിലാക്കുവാന്‍ വലിയ കൊമ്പത്തെ നിരീക്ഷണപാടവതിന്റെയോന്നും ആവശ്യം ഇല്ല. അഞ്ചു വിദേശ ഭാഷകളില്‍ പ്രാവീണ്യം... ഒക്സ്ഫോര്‍ഡും, ഹാര്‍ വാര്‍ഡും, സ്ടാന്ഫോര്‍ഡും ചേരുന്നു നമിക്കുന്ന പാണ്ടിത്യം, അനാശ്യാസത്തിനു പോവുന്ന വല്യപ്പന്റെ പോക്കറ്റില്‍ "റബ്ബര്‍" തിരുകുന്ന ഹൃദയ വിശാലത... പിന്നെ ആറാം തമ്പുരാന്‍ ജനുസ്സില്‍ നിന്നും, ഒരു തുടര്‍ച്ച പോലെ ഉസ്താദ് അലവലാതി ഖാന്റെ അടുത്ത് നിന്നും പഠിച്ച ആ അസാമാന്യ സംഗീത പാടവം...


എഴുതി തുടങ്ങിയാല്‍ ഒരു പാട് എഴുതി വിടാനുണ്ട് ഈ "ഫെയ്ക്ക് സിനിമയെ" പറ്റി... പക്ഷെ കണ്ടു വീട്ടില്‍ വന്നപ്പോള്‍ സൂര്യ ടി വി യില്‍ മണിആശാന്‍ സി പി ഐയുടെ അക്രമങ്ങളെ പറ്റി വാചാലനാവുന്നു... ഇവിടെ വാസവദത്തമാരുടെ ചാരിത്ര്യപ്രസംഗങ്ങള്‍ ഇനിയും ഏറെ നടക്കും. പിന്നെ സിനിമ നന്നായിട്ടെന്താ.

വായില്‍ ഒരു വൃത്തികെട്ട ചുവ അവശേഷിപ്പിക്കുന്ന ഒരു സിനിമ.ഒരു തുള്ളി മദ്യപിച്ചിട്ടില്ലെങ്കിലും മനം പിരട്ടുന്നു . ഒന്ന് ശര്‍ദ്ദിച്ചു കളയട്ടെ... അതിന്റെ ചൊരുക്ക്...

വെള്ളിയാഴ്‌ച, മേയ് 04, 2012

ടെസ്സ ആരുടെയൊക്കെ ഉറക്കം കെടുത്തുന്നു

22FK റിലീസ് ചെയ്തു രണ്ടാഴ്ച കഴിഞ്ഞെങ്കിലും അതുണ്ടാക്കിയിട്ടുള്ള കോലാഹലങ്ങള്‍ ഇത് വരെ ഒടുങ്ങിയിട്ടില്ല. ഒരു പോര്‍ട്ടലില്‍ അഞ്ചു പോസ്റ്റിലൂടെയുള്ള വിമര്‍ശനങ്ങള്‍ അടക്കം സൈബര്‍ ലോകത്തും സോഷ്യല്‍ മീഡിയയിലും അങ്ങോളം ഇങ്ങോളം അതിലെ സ്ത്രീ വിരുദ്ധതയേയും, പ്രമേയ ചോരണത്തേയും, അമിതമായ  വയലന്സിനെയും ഒക്കെ പറ്റി രൂക്ഷവിമര്‍ശനങ്ങളാണ് ഉയര്‍ന്നു കേള്‍ക്കുന്നത്. ഇങ്ങനെയൊക്കെയായാലും പ്രേക്ഷകരുടെ തിരക്കിനു തീയട്ടരുകളില്‍ കാര്യമായ കുറവൊന്നും വന്നിട്ടില്ല . ഈ അടുത്ത കാലത്ത്  മലയാളത്തില്‍ ഇറങ്ങിയ വേറെ ഒരു സിനിമയും ഇത്രയും ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല എന്ന് നിസ്സംശയം പറയാം . അതിനു മാത്രം എന്താണ് ഈ സിനിമയില്‍ ഉള്ളത് എന്ന് ഞാന്‍ കുറച്ചു ദിവസങ്ങള്‍ ആയി ചിന്തിച്ചു കൊണ്ടിരിക്കയായിരുന്നു. അത് കൊണ്ടാണ് റിലീസ് ദിവസം തന്നെ ഒരു പോസ്ടിട്ട ശേഷം ഞാന്‍ വീണ്ടും ഈ കുറിപ്പിടാന്‍ തുനിഞ്ഞിറങ്ങിയത്‌.

ആദ്യം നോക്കിയത് ഈ സിനിമയെ പറ്റി രൂക്ഷവിമര്‍ശനം നടത്തി കൊണ്ടിരിക്കുന്നവര ആരൊക്കെയാണ് എന്ന്.  അപ്പോഴാണ്‌ കൌതുകകരമായ ഒരു കാര്യം ശ്രദ്ധയില്‍ പെട്ടത്.  ഇതിലെ സ്ത്രീ വിരുദ്ധതയേപറ്റി വേവലാതി പൂണ്ടു വാതോരാതെ വിമര്‍ശനപ്രവാഹം നടത്തുന്നവര്‍ ഏറെയും മലയാളി പുരുഷ കേസരികളാണ്.  ഇതില്‍ രോഷം പൂണ്ടു അഭിപ്രായം രേഖപ്പെടുത്തിയിട്ടുള്ള സ്ത്രീനാമധാരികളില്‍ ആവട്ടെ പലരും പൌരുഷമാര്‍ന്ന നിലപാടുകള്‍ മുന്നെഴുതുകളില്‍ എടുത്തിട്ടുള്ളവരും. അതെന്താണ് ഇങ്ങനെ? ഇനി നമുക്ക് ഈ സിനിമയെ പറ്റി ഉയര്‍ന്നിട്ടുള്ള പ്രധാന വിമര്‍ശനങ്ങള്‍ എടുത്തു ഒന്ന് വേറിട്ട്‌ ചിന്തിച്ചു നോക്കാം. അപ്പോള്‍ ഒരു പക്ഷെ ചിത്രങ്ങള്‍ കുറച്ചു കൂടി വ്യക്തമാവും.

ഈ സിനിമയുടെ സ്ത്രീ വിരുദ്ധതയുടെ ആദ്യ ദൃഷ്ടാന്തമായി പലരും എടുത്തു പറയുന്നത് പ്രതികാരത്തിന്റെ പാതയില്‍ പോവാന്‍ ടെസ്സ തന്റെ ശരീരത്തെ ഡി കെ എന്ന പുരുഷന് ചൂഷണം ചെയ്യാന്‍ അനുവദിച്ചു (കാമവെറിക്ക് കീഴടങ്ങി എന്ന് മറ്റൊരു വേര്‍ഷന്‍). ഇനി അതൊന്നു ടെസ്സയുടെ പക്ഷത് നിന്ന് ചിന്തിച്ചു നോക്കൂ.. ടെസ്സ തന്നെ ഡി.കെ ക്ക് തന്നെ ചൂഷണം ചെയ്യാന്‍ അവസരം നല്കിയതാണോ.. അതോ ടെസ്സ ഡി കെ എന്ന കഴുതയുടെ "ഇമോഷണല്‍ വള്‍നേരബിലിറ്റി"യെ തന്റെ പ്രതികാരത്തിനു വേണ്ടി ചൂഷണം ചെയ്തതോ. തന്റെ ശരീരത്തിന്റെ ഉടമ താന്‍ മാത്രമാണ് എന്ന തിരിച്ചറിവും അതെങ്ങിനെ വേണമെങ്കിലും ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യവും ടെസ്സ എന്ന വ്യക്തിക്കുണ്ട് എന്നത് കൂടി കൂട്ടിചേര്‍ത്ത് ഒന്നുകൂടി അത് വായിച്ചു നോക്കിയാലോ? അത്പോലെ  സെക്സ് എന്ന പ്രക്രിയക്ക്, കീഴടക്കലും കീഴടങ്ങലും എന്ന രീതിയില്‍ മാത്രം കാണാതെ പല മാനങ്ങളും(dimensions) ഉണ്ട് എന്ന് മനസ്സിലാക്കണം. അതില്‍ ടെസ്സ യാതൊരു ഇമോഷണല്‍ അവശേഷിപ്പും കൂടാതെ ഒരു പണി എടുക്കുന്ന ലാഘവത്തോടെ മാത്രമേ  ഡി കെ യുടെ മുന്നില്‍ പോയപ്പോള്‍ കരുതിയിരുന്നുള്ളൂ എന്ന് അവളുടെ പക്ഷത്തു നിന്ന് ചിന്തിച്ചാല്‍ മനസ്സിലാകും. അവിടെ എന്ത് ചൂഷണം... ആര് ആരെ ചൂഷണം ചെയ്യുന്നു. ഡി കെ യുടെ സഹായം സ്വീകരിക്കുന്നതിലൂടെ ടെസ്സ സ്ത്രീക്ക് ഒന്നും ചെയ്യാന്‍ പുരുഷ സഹായം കൂടാതെ സാധിക്കില്ല എന്ന പിന്തിരിപ്പന്‍ ആശയത്തെ ഊട്ടിയുറപ്പിക്കുന്നതാണ് എന്ന് പറയുമ്പോള്‍, അത് ടെസ്സ ഡി കെയുടെ സഹായം സ്വീകരിക്കുന്നതല്ല, ഡി കെ യെ ഉപയോഗിക്കുന്നതാണ് എന്ന് വായിച്ചെടുക്കാനാണ് ഞാന്‍ ശ്രമിച്ചത്.

പിന്നെ അടുത്തത് ടെസ്സയുടെ സഹോദരി സിറിളിന്റെ "പിന്‍ഭാഗത്തെ" പറ്റി ഒരു കമ്മന്റ് അടിച്ചു, ആ രംഗം അവിടെ വെച്ചു അവസാനിപ്പിക്കാതെ സിറിലിനെ കൊണ്ട് തിരിച്ചു വരുത്തിച്ചു മറു കമ്മന്റ് അടിച്ചു സ്കോര്‍ ചെയ്യാന്‍ അനുവദിച്ചു കൊണ്ട് പുരുഷന്റെ സുപ്പീരിയോരിട്ടിക്ക് അടിവര ഇടുന്നു എന്നുള്ള വിമര്‍ശനമാണ്. അവിടെ അത് സ്ത്രീയും പുരുഷനും തമ്മിലുള്ള ഒരു "വണ്‍അപ്പ്‌മാന്ഷിപ്പ്" പോരാട്ടമായി വായിച്ചെടുക്കുന്നത് തന്നെ വലിയൊരു തമാശയായി തോന്നുന്നു. രണ്ടു സില്ലിയായ വ്യക്തികളുടെ "ചീപ്പ്‌ ത്രില്‍" എന്നതില്‍ കവിഞ്ഞു വേറൊരു മാനം അതിനെന്തിനു കൊടുക്കണം. പക്ഷെ അവിടെ സിറിള്‍ എന്ന "മാന്യന്‍" വളരെ ശ്രദ്ധാപൂര്‍വ്വം നിര്‍മിച്ചു വെച്ച തന്റെ സോഫിസ്റികേഷന്റെ മുഖംമൂടി അഴിഞ്ഞു വീഴുന്നുന്നതിന്റെ സൂചനകള്‍ നല്‍കുന്ന സീനായാണ് എനിക്ക് തോന്നിയത്. അത് നല്‍കുന്ന "വൈബുകള്‍"  പിടിച്ചെടുക്കാന്‍ ടെസ്സയുടെ നിഷ്കളങ്കതക്ക് കഴിഞ്ഞില്ല എന്നത് വേറെ കാര്യം.

ഇനിയൊന്നു, ടെസ്സ ബലാല്‍സംഘം ചെയ്യപ്പെടുന്ന രംഗം. അത് സ്ത്രീ ശരീരത്തെ ചൂഷണം ചെയ്യുന്ന രീതിയില്‍ ആണ്, അല്ലെങ്കില്‍ അമിതവയലന്‍സ് ദൃശ്യമാക്കുന്നതാണ് എന്നൊക്കെയാണ് പലരും ആരോപിച്ചിരിക്കുന്നത്. അതില്‍ ആദ്യഭാഗത്തില്‍ യാതൊരു സത്യവും ഇല്ല എന്ന് കാണുന്ന സാമാന്യ ബോധത്തോടെ ഉള്ള എല്ലാവര്ക്കും മനസ്സിലാകും. ഇനി എന്തിലും ഏതിലും ലൈംഗീകതക്കായി പരതുന്ന കഴുകന്‍ കണ്ണുകളും വികല മനസ്സുകളും അവിടെയും ശരീരവും ലൈംഗീകതയും ഒക്കെ കാണുന്നുണ്ടാവാം. പക്ഷെ ആ രംഗത്തില്‍ വലയന്സിനുള്ള ഊന്നല്‍, പക്ഷെ ടെസ്സയില്‍ ഉളവായ പ്രതികാരവാഞ്ചയുടെ തീവ്രത പ്രേക്ഷകനും അനുഭവഭേദ്യമാവാന്‍ വേണ്ടി സംവിധായകന്‍ മനപ്പൂര്‍വം ഉപയോഗിച്ചതായിരിക്കും. ആ രംഗം എന്റെ മനസ്സില്‍ അവളോട്‌ ഇത് ചെയ്തവരോടുള്ള വെറുപ്പ്‌ തീവ്രമാക്കുകയാണ് ഉണ്ടായത്. പക്ഷെ രണ്ടാമതും ടെസ്സ ആക്രമിക്കപെടുമ്പോള്‍ സംവിധായകന്‍ ക്രിസ്തുവിന്റെ രൂപത്തിലേക്ക് ഫോക്കസ് ചെയ്തു മിതത്വം പാലിക്കയും ചെയ്തിട്ടുണ്ട്.

ഇനി മറ്റൊരു വിചിത്രമായ കാര്യം, നിയമം കൈയ്യിലെടുത്തു കണ്ണിനു കണ്ണ്, പല്ലിനു പല്ല് എന്ന വഴിയെ പ്രതികാര നിര്‍വഹണം നടത്താനൊരുങ്ങുന്ന സാംഗത്യം പല നീതിന്യായവ്യവസ്ഥയുടെ പല പൂജാരികള്‍ക്കും (അവരില്‍ പലരും മുന്‍പ് കുറിച്ചിട്ടുള്ള അരാചകവാദങ്ങളും നിലപാടുകളും  മറ്റും ഓര്‍മിപ്പിക്കണോ ആവോ?)  പിടിച്ചിട്ടില്ല എന്നതാണ്.. ഏത് മുഖ്യധാര സിനിമയില്‍ ആണ് നിയമം അനുശാസിക്കുന്ന മാര്‍ഗങ്ങളിലൂടെ മാത്രം പ്രതികാര നിര്‍വഹണം നടത്തുന്ന നായികാ നായകന്മാര്‍ ഉണ്ടായിട്ടുള്ളത്. അത് പൊട്ടേ, ഇതൊക്കെ എഴുതി കൂട്ടുന്നവന്‍ ഇന്ന് നാട്ടില്‍ നടക്കുന്ന സംഭവങ്ങള്‍ കണ്ടു മനസ്സ് മരവിച്ചു അമര്‍ഷം അടക്കി ജീവിക്കുന്ന സാധാരണക്കാരനുമായി എപ്പോഴെങ്കിലും സംസാരിച്ചിട്ടുണ്ടോ... ഇത്തരം അനുഭവങ്ങളിലൂടെ കടന്നു പോവുന്ന ഇരകള്‍ നേരിടുന്ന, കടന്നു പോവുന്ന അവസ്ഥകളെ പറ്റിയുള്ള അവരുടെ ആകുലതകള്‍ മനസ്സിലാക്കിയിട്ടുണ്ടോ. അവരില്‍ ഓരോരുത്തരും പറയുന്ന, അല്ലെങ്കില്‍ ചെയ്യണം എന്ന് തീവ്രമായി ആശിക്കുന്ന കാര്യമാണ് ടെസ്സയിലൂടെ അവര്‍ സ്ക്രീനില്‍ കാണുന്നത്. അവിടെ നിയമത്തിന്റെയും നീതിയുടെയും തുലാസ് അവര്‍ കാണുന്നില്ല. അവര്‍ക്ക് വേണ്ടി സിനിമ സൃഷ്ടിച്ചവരും കാണുന്നില്ല.

ഇനിയവരുടെ പ്രശ്നം പ്രതികാര നിര്‍വഹണം നടത്തുന്നതിനിടയിലും പുരുഷന്റെ മുന്നില്‍ പ്രണയാതുരയായി  മാറുന്ന ടെസ്സയുടെ ഭാവപകര്‍ച്ചകളാണ്... പ്രണയം സ്വിച്ചിട്ടാല്‍ തുടങ്ങുകയും കെടുത്തുകയും ചെയ്യുന്ന കാര്യമായി തോന്നുന്ന അവര്‍ക്ക് ആത്മാര്‍ഥമായി പ്രണയിക്കുന്ന മനസ്സ് മനസ്സിലായിട്ടില്ല. പ്രതികാരം നടത്തുമ്പോഴും വാക്കുകളിലൂടെ പുറത്തു വീഴുന്നത് അവളുടെ മനസ്സിലെ പ്രണയത്തിന്റെ നൈര്‍മല്യം ആണ്. അത് അങ്ങിനെതന്നെ ഒട്ടും മാനിപുലേറ്റ് ചെയ്യാതെ പകര്‍ത്തിയ സംവിധായകന്റെ ഔചിത്യ ബോധം അഭിനന്ദിക്കപ്പെടെണ്ടാതാണ് എന്നതാണ് എന്റെ അഭിപ്രായം.പറഞ്ഞു പറഞ്ഞു ഞാന്‍ ആഷിക് അബുവിന് വേണ്ടി വാദിക്കുന്ന വക്കീല്‍ ആയി മാറിയ പോലെ തോന്നുന്നു. പറയാന്‍ ഉദ്ദേശിച്ച ഒരു പ്രാധാന കാര്യത്തില്‍ കുറച്ചു അകന്നു പോയ പോലെ. അത് കൊണ്ട് സിനിമയെ ന്യായീകരിക്കുന്ന ജോലി ഇവിടെ നിര്‍ത്തട്ടെ.... മുഖ്യ വിഷയത്തിലേക്ക് കടക്കാം..

ഈ സിനിമ എന്താണ് ഇത്രയേറെ ആളുകളെ വിറളി പിടിപ്പിച്ചു കൊണ്ടിരിക്കുന്നത്? എന്റെ അഭിപ്രായത്തില്‍ ഈ സിനിമ പ്രദര്‍ശിപ്പിക്കുന്ന തീയറ്ററില്‍ പോയി ഒന്ന് ചുറ്റും നോക്കിയാല്‍ അതിനുത്തരം കിട്ടും. ഇതിനു സമാനമായ പ്രമേയങ്ങള്‍ കൈകാര്യം ചെയ്ത സിനിമകള്‍ ഒന്നും കേരളത്തിലെ സ്ത്രീകള്‍ക്ക് കാണാന്‍ ഒരവസരം ഉണ്ടായിട്ടില്ല. അത് "കാബറെ ഡാന്‍സര്‍"  ആയിക്കൊള്ളട്ടെ. "ഐ സ്പിറ്റ് ഓണ്‍ യുവര്‍ ഗ്രേവ്‌" ആയികൊള്ളട്ടെ... "ഏക്‌ ഹസീന ഥി" ആയിക്കൊള്ളട്ടെ,  ഇവരൊക്കെ പ്രമേയചോരണം ഉയര്‍ത്തിക്കാട്ടുന്ന ചെക്ക്‌/പോളിഷ് സിനിമകള്‍ ആയിക്കൊള്ളട്ടെ. ഇത് കാണാന്‍ തീയറ്ററില്‍ എത്തുന്ന സാധാരണക്കാരായ മലയാളി സ്ത്രീകള്‍ അവയൊന്നും കണ്ടിട്ടില്ല. അവരുടെ മുന്നിലാണ് റീമയുടെ ടെസ്സ വന്നു നില്‍ക്കുന്നത്. ഇത്തരം അനുഭവങ്ങളിലൂടെ സ്വയം കടന്നു പോവേണ്ടി വരികയും, മറ്റുള്ളവരുടെ ജീവിതങ്ങളില്‍ കാണുകയും കേള്‍ക്കുകയും ചെയ്തു, മനസ്സും മനസ്സാക്ഷിയും മരവിക്കുകയും ചെയ്ത പെണ്‍മലയാളത്തിന്റെ മുന്നിലേക്കാണ്‌ ടെസ്സ തന്റെ മുറിവേറ്റ മനസ്സും ശരീരവുമായി കടന്നു വരുന്നത്.  സഹനത്തിന്റെ സീമകള്‍ താണ്ടി കാതങ്ങള്‍ ഏറെ പിന്നിട്ടിട്ടും, തല കുനിക്കപ്പെട്ടു, നിശ്ശബ്ദമായി, തേങ്ങലുകള്‍ അടക്കി പിടിച്ചു,  നീറിപ്പുകയുന്ന നെരിപ്പോടുകള്‍ ഉള്ളിലൊതുക്കി കഴിഞ്ഞു കൊണ്ടിരിക്കുന്ന   അവരുടെ കൈകളിലെക്കാണ് ടെസ്സ തന്റെ മൂര്‍ച്ചയുള്ള സ്കെല്പല്‍ നീട്ടി കൊടുക്കുന്നത്. തങ്ങളുടെ മുറിവേറ്റ മനസ്സിലും ശരീരത്തിലും വീണ്ടും സമൂഹം കൊത്തി വലിക്കുന്നത് കണ്ടറിഞ്ഞു, ഇതുവരെ നിസ്സംഗരായിരിക്കേണ്ടി വന്നിരുന്ന അവരുടെ മുന്നിലേക്കാണ്‌ "ആറിന്ചിന്റെ ആണത്തവും" കാട്ടി നടന്നിരുന്ന സിറിലിനെ അടിവയറ്റില്‍ തുന്നിക്കെട്ടുമായി മലര്‍ത്തി കിടത്തിയത്‌. അതാണ്‌ സ്ത്രീപക്ഷവാദികളായി നടിക്കുന്ന ചേട്ടായിമാരുടെ ഉറക്കം കെടുത്തുന്നത്. അവരെ വിറളി പിടിപ്പിക്കുന്നത്... പരിഭ്രാന്തിയോടെ  കീ ബോര്‍ഡില്‍ ആഞ്ഞടിച്ചു പ്രതിഷേധങ്ങള്‍ പുറത്തു കൊണ്ടുവരുന്നത്

അവരോടെനിക്കൊന്നേ പറയാനുള്ളൂ ... നിങ്ങളുടെ മനസ്സിലുള്ള പേടി വിമര്‍ശനങ്ങളും ആരോപണങ്ങളുമായി വിസര്‍ജിക്കപ്പെടുന്നത് കാണേണ്ടവര്‍ കാണുന്നുണ്ട്. നിങ്ങളുടെ കണ്ണുകളിലെ ഭയം അവര്‍ക്ക് മനസ്സിലാവുന്നും ഉണ്ട്. അത് കൊണ്ട് തന്നെയാണ് എന്ന് തോന്നുന്നു കഴിഞ്ഞ ദിവസം തീയറ്ററില്‍ വേറൊരു സിനിമ കാണാന്‍ പോയ എന്റെ കണ്മുന്‍പില്‍, ഉണ്ടായപോലെ കേരളത്തില്‍ അങ്ങോളം ഇങ്ങോളം പ്രദര്‍ശനശാലകളില്‍ സ്ത്രീകളുടെ നീണ്ട നിര ഉണ്ടാവുന്നത്. നിങ്ങള്‍ ഇനിയും പേടിക്കണം. നല്ല പോലെ പേടിക്കണം.. ഇഞ്ചു കണക്കു പറഞ്ഞു ആഘോഷിച്ചു കൊണ്ടിരുന്ന ആ അവയവം നല്ല ബന്തവസ്സായി കെട്ടി പൂട്ടി വെക്കണം. അവളുടെ ക്ഷമയുടെ പരിധിയാണ് ഇത് വരെ നിങ്ങള്‍ കണ്ടത്. ഇനി കാണാന്‍ പോവുന്നത് ഒരു പക്ഷെ ഇതിലും രൂക്ഷമാവാന്‍ പോവുന്ന അവരുടെ പ്രതികരണങ്ങളും....

വെള്ളിയാഴ്‌ച, ഏപ്രിൽ 20, 2012

കോട്ടയത്ത്‌ ഒരു ഹസീന ഉണ്ടായിരുന്നു

പകല്‍ സമയം അടുപ്പില്‍ തീ പുകയനുള്ള വക കണ്ടെത്താനുള്ള പാടും... വൈകുന്നേരം ടി വിക്ക് മുന്നിലെ ഐ പി എല്‍ നേരം കൊല്ലലും മൂലം വല്ലപ്പോഴുമുള്ള "കുത്തി കുറി" ആഴ്ചയിലൊരിക്കല്‍ പടച്ചുവിടുന്ന "റിവ്യൂ"കള്‍ മാത്രമായി ചുരുങ്ങി എന്നറിയുന്നുവെങ്കിലും... കാര്യമായിട്ടെന്തെങ്കിലും എഴുതാന്‍ വേണ്ട സര്‍ഗശേഷിയുടെയും ഭാവനാവിലാസത്തിന്റെയും, അനുഭവസമ്പത്തിന്റെയും ദാരിദ്ര്യം ഒരു റിവ്യൂ എന്ന് പേരിട്ടു വിളിക്കാവുന്ന ഒരു സാധനം (?) ചുട്ടെടുക്കാന്‍ എന്നെ ഇതാ ഒരിക്കല്‍ക്കൂടി പ്രേരിപ്പിച്ചിരിക്കുന്നു.. തുടര്‍ന്ന് സഹിക്കുക ....

ആദ്യമേ തന്നെ ഇത് പറയട്ടെ.. ഓരോ തവണ കാണുമ്പോഴും ചെറിയ രീതിയിലെങ്കിലും പുരോഗതി ഉണ്ടാവുന്ന ചില സാധനങ്ങള്‍  മലയാള സിനിമയില്‍ ഈ ശനിയുടെ അപഹാരകാലത്തിലും ഉണ്ട് എന്നൊരു തോന്നല്‍ ഉള്ളിലെങ്ങോ ഈ സിനിമ ബാക്കി വെച്ചിട്ടുണ്ട്... അതിലൊന്ന് റീമ കല്ലിങ്ങല്‍ എന്നാ നടിയുടെ അഭിനയശേഷി ആണ്  തികച്ചും നിര്‍വികാര പരബ്രഹ്മമായി തുടങ്ങി, അമിതാഭിനയതിന്റെ പരകോടികള്‍ തൊട്ടു തഴുകി, ഈ പെണ്‍കുട്ടി ഒടുവില്‍ തന്റെ പക്വതയാര്‍ന്ന അഭിനയത്തോടെ, ഒരു സിനിമ നെടുനീളം കൈയ്യടക്കത്തോടെ ചുമലിലേറ്റാം എന്ന നിലയിലെത്തിയിട്ടുണ്ട് എന്ന് ഈ സിനിമ കണ്ടിറങ്ങുന്ന സാധാരണ പ്രേക്ഷകര്‍ നിസ്സംശയം പറയും. അത്പോലെ തന്നെയാണ് ഫഹദ് ഫാസിലിന്റെ ഭാവപകര്ച്ചകളും. സിറിളിന്റെ രണ്ടു മുഖങ്ങളില്‍ പകര്‍ന്നാടുമ്പോള്‍ യാതൊരു വിധത്തിലുള്ള അലോസരവും ഈ രണ്ടാം വരവുകാരന്‍ തോന്നിപ്പിച്ചില്ല  എന്നതും എടുത്തു പറയേണ്ടത് തന്നെയാണ്. പ്രതാപ് പോത്തന്‍, സത്താര്‍, ടി ജി രവി.. ഫഹദിനെയും റീമയെയും കൂടാതെ ഈ സിനിമയില്‍ ആകെയുള്ള മറ്റു  മൂന്നു പരിചിത മുഖങ്ങളും  തങ്ങള്‍ക്കു കിട്ടിയ റോളുകള്‍ ആവും വിധം ഭംഗിയാക്കിയിട്ടുണ്ട്


കണ്ടു മടുക്കാത്ത കാഴ്ച്ചവട്ടങ്ങലേക്ക് കാമറക്കണ്ണുകള്‍ തുറന്നിട്ട്‌, മിഴിവും ഓജസ്സും ഉള്ള  ദൃശ്യങ്ങള്‍ ഒരുക്കി, "ഡാര്‍ക്ക് ജോണറില്‍"  പെടുത്താവുന്ന ഈ ചിത്രത്തിലും ഒരു പ്രസാദാത്മകത ക്യാമറ കൈകാര്യം ചെയ്ത ഷൈജു ഖാലിദ്‌ സമര്‍ത്ഥമായി  ഒതുക്കി വെച്ചിട്ടുണ്ട്. ടെസ്സയും സിറിളും തമ്മിലുള്ള പ്രണയം വികസിക്കുന്ന ഗാനരംഗത്തിലെ ചില ഫ്രെയിമുകള്‍ മലയാളത്തില്‍ ഈ അടുത്ത കാലത്ത് കണ്ടിട്ടുള്ളതില്‍ വെച്ചു ഏറ്റവും റൊമാന്റിക് ആയ വിഷ്വലുകള്‍ ആയി എനിക്ക് തോന്നി... കോടികള്‍ മുടക്കി കാസനോവകള്‍ ഉണ്ടാക്കി എടുക്കുന്ന "ചലച്ചിത്ര പ്രതിഭകള്‍" ഈ ചിത്രത്തിന്റെ സാങ്കേതിക തികവ്  കണ്ടു പഠിക്കേണ്ടതാണ് എന്ന് വേണമെങ്കില്‍ പറയാം... എഡിറ്റിംഗ്, ശബ്ദ മിശ്രണം, സംഗീതം, വേഷവിതാനം. കലാ സംവിധാനം... ഇവയെല്ലാം ഉന്നത നിലവാരം പുലര്‍ത്തിയിരിക്കുന്നു. "ചില്ലാണേ..." എന്ന ഗാനം തീയറ്ററില്‍ നിന്നും ഇറങ്ങി നേരം ഏറെയായിട്ടും എന്റെ ചുണ്ടില്‍ നിന്നും... കാതില്‍ നിന്നും ഇതുവരെ വിട്ടു പോയിട്ടില്ല

നമ്മുടെ സാമാന്യ ബുദ്ധിയെ വലിയ തോതില്‍ വെല്ലുവിളിക്കുന്ന സീനുകള്‍ പരമാവധി ഒഴിവാക്കാന്‍ ആഷിക് അബുവിന്റെ ഭാഗത്ത്‌ നിന്നും കാര്യമായ ശ്രമം ഉണ്ടായിട്ടുണ്ട്. ചിത്രത്തില്‍ ഉടനീളം, പതിവ് ക്ലീഷേകള്‍ കാര്യമായി അദ്ദേഹം കൊണ്ട് വന്നിട്ടില്ല എന്നത് അഭിനന്ദിക്കേണ്ട ഒരു കാര്യം തന്നെയാണ്. ഒന്ന് രണ്ടു രംഗങ്ങളില്‍ പക്ഷെ നിയന്ത്രണം കൈവിട്ടു പോയിട്ടുണ്ട് എന്നതും പറയാതിരിക്കാനാവില്ല. ജയിലിലെ പ്രസവ രംഗത്തില്‍ ടെസ്സ ഇരുത്തം വന്ന ഒരു നര്സിനു ചേരാത്ത പാനിക് ആണ് കാണിച്ചിരുന്നത്... അത് പോലെ തന്നെ സുബൈദയുടെ സഹോദരനിലൂടെ ഒരു തമാശ സൃഷ്ടിക്കാന്‍ നടത്തുന്ന വിഫല ശ്രമം... ഇങ്ങനെയൊക്കെ പൊട്ടും പൊടിയും എല്ലിന്‍ തുണ്ടുകളും ഒക്കെ സൂക്ഷ്മ നിരീക്ഷണത്തില്‍ ഈ സിനിമയിലും കണ്ടെത്താന്‍ സാധിക്കുമെങ്കിലും ഈ കോട്ടയത്തെ പെണ്‍കുട്ടി,  "കരി മൂര്‍ഖന്മാര്‍" ചീറി വിലസുന്ന മലയാള സിനിമ എന്ന പടുകുളത്തില്‍ ഒരു അല്ലിയാമ്പല്‍ പൂവ്  തന്നെയാണ്...

അതിവായന നടത്തി ജാതി, മത, ലിംഗ, രാഷ്ട്രീയ, സത്വ, അസ്തിത്വ പ്രശ്നങ്ങളെ പറ്റി നേരമ്പോക്കിന് സിനിമ കാണുന്ന ഞാന്‍ വലുതായി ഒന്നും വ്യാകുലപ്പെടുന്നില്ല. ഇനി വേണമെങ്കില്‍ ഒരു കുന്നായ്മ പറയുക ആണെങ്കില്‍ എട്ടൊമ്പത് കൊല്ലം മുമ്പ് കണ്ടു പോയ "ഏക്‌ ഹസീന ഥി" എന്ന ശ്രീരാം രാഘവന്റെ (സയിഫ്, ഊര്‍മിള) ചിത്രത്തിന്റെ പല രംഗങ്ങളും അടാപ്റ്റ്  ചെയ്തു  ഈ ചിത്രത്തില്‍ ചേര്‍ത്തിട്ടുണ്ട്... പക്ഷെ അവിടെയും തങ്ങളുടേതായ മൂല്യം കൂട്ടി ചേര്‍ക്കാന്‍ ഇതിന്റെ ശില്‍പികള്‍ ശ്രമിച്ചിട്ടുണ്ട് എന്നും പറയണം. ഇനി അടിച്ചു മാറ്റിയതില്‍ എന്ത് കാര്യം എന്ന് ചോദിക്കുന്നവരോട് ഒരു വാക്ക് - "ഏക്‌ ഹസീന ഥി" എന്ന സിനിമ സംവിധാനം ചെയ്ത ശ്രീരാം രാഘവന്റെ അതിലും മികച്ച ഒരു സൃഷ്ടിയാണ് "ജോണി ഗദ്ദാര്‍" എന്ന ചിത്രം... അതില്‍ നിന്നാണ് ശ്രീ സിബി മലയില്‍ തന്റെ "ഉന്നം" പിടിച്ചത് (അത് സിബി മലയിലിന് ഉന്നം പിഴച്ചതോ)... അതും ഈ സിനിമയും കൂടി ഒന്ന് താരതമ്യം ചെയ്തു നോക്കൂ അപ്പോള്‍ മനസ്സിലാവും കോപ്പി അടിക്കുമ്പോള്‍ എങ്ങിനെ അടിക്കണം എന്ന്.

ഇന്നലെ രാത്രി തിരക്കിട്ടെഴുതിയപ്പോള്‍ വിട്ടു പോയ ചില കാര്യങ്ങള്‍ കൂടി മനസ്സില്‍ തോന്നിയപ്പോള്‍ കൂട്ടി ചേര്‍ക്കുന്നു : ഈ സിനിമ നടത്തിയ ഏറ്റവും സുപ്രധാന നിരീക്ഷണം ആണ് ബാലരമയില്‍ രാജുവും രാധയും സഹോദരീ സഹോദരന്മാര്‍ ആണ് എന്ന് ഒരിടത്തും പറയുന്നില്ല എന്നത്. അത് ടി ജി രവി പറഞ്ഞപ്പോള്‍ ആണ് ശരിയാണല്ലോ എന്ന ഒരു  തോന്നല്‍ ഉണ്ടായത്... അത് കൊണ്ട് തന്നെ വായിച്ച മായാവിയുടെ കഥകളിലൂടെ ഒന്ന് പരത്തി നോക്കി...എവിടെയെങ്കിലും... അങ്ങിനെ പറഞ്ഞിട്ടുണ്ടോ. എന്തായാലും ഇനി ബാലരമ എവിടെ കണ്ടാലും ഒന്ന് മറച്ചു നോക്കാതിരിക്കില്ല, കുറച്ചു കാലത്തേക്കെങ്കിലും... അത് പോലെ തന്നെ ഇതിന്റെ സുന്ദരന്‍ ക്ലൈമാക്സ്... പരമ്പരാഗത രീതിയായ പ്രതികാരം നടത്തി മംഗളഗാനം പാടി തിരശീല ഇടുന്ന കീഴ്വഴക്കത്തെക്കാള്‍ എത്രയോ നന്നായിട്ടുണ്ട്, അര്‍ദ്ധ:വിരാമത്തിലുള്ള ഈ ഒരു പരിണാമം. റീമ പറഞ്ഞു വെയ്ക്കുന്ന അവസാനത്തെ ആ ഒരു ഡയലോഗ് ഒരു ക്വെന്റിന്‍ ടാരെന്‍ടീനോ ഫീല്‍ കൊടുത്തിട്ടും ഉണ്ട് ..  ടെസ്സ കാത്തിരിപ്പുണ്ട്‌ ...അവിടെ അങ്ങ് ക്യാനാഡായില്‍...


 ഒരു വാക്ക്: പല "കുടുംബ ചിത്രങ്ങളിലും" കാണുന്ന പോലെ അസഭ്യവും അശ്ലീലവും കഥയ്ക്ക് വേണ്ടുന്നതല്ലാതെ ഒന്നും ഇല്ലെങ്കിലും കുട്ടികളെ കൂട്ടി ഈ ചിത്രം കാണാതിരിക്കുന്നതാണ് നന്ന് 

ഞായറാഴ്‌ച, ഏപ്രിൽ 01, 2012

വലിയ മാസ്റര്‍ ഒന്നും ആയില്ലെങ്കിലും ലവന്‍ പത്താം തരം കടന്നുകൂടും

ഓരോ സിനിമയും ഞാന്‍ കാണാന്‍ പോവുന്നത് കുറച്ചു മുന്‍വിധികളോടെയാണ്. ആ മുന്‍വിധികള്‍ ആണ് പ്രതീക്ഷകളുടെ ഏറ്റക്കുറച്ചിലുകള്‍ സൃഷ്ടിക്കുന്നത്. അത് കൊണ്ട് തന്നെ ആ സിനിമ ഉയര്‍ത്തുന്ന പ്രതികരണങ്ങള്‍ പൂര്‍ണമായും ആ പ്രതീക്ഷകളെ അടിസ്ഥാനപ്പെടുത്തി ആയിരിക്കും, അത് കൊണ്ട് തന്നെ ഒരു പ്രതീക്ഷയും ഇല്ലാതെ കയറി കാണുന്ന പല സാധാരണ ചിത്രങ്ങളും ഞാന്‍ ഇഷ്ടപ്പെട്ടു പോവാറും ഉണ്ട്. എന്റെ മുന്‍വിധികള്‍ കാര്യമായും അടിസ്ഥാനപെടുത്തുന്നത് സംവിധായകനെ ചുറ്റിപറ്റിയാണ്. എത്ര നല്ല പ്രമേയങ്ങളും, സാങ്കേതിക പ്രവര്‍ത്തകരും, കലാകാരന്മാരും ഒത്തു ചെര്നാലും അമരക്കാരന്‍ കഴിവില്ലാതവനാനെങ്കില്‍ ഒരു കാര്യവുമില്ല എന്നാണു എന്റെ അഭിപ്രായം. ഒരു സംവിധായകനെ പറ്റി പ്രതീക്ഷിക്കുന്നത് അദ്ദേഹത്തിന്റെ മുന്‍കാല പരിശ്രമങ്ങളെ മനസ്സില്‍ ഉള്‍കൊണ്ടാണ്... അതില്‍ ചില അപവാദങ്ങളും ഉണ്ട്.. ശ്യാമപ്രസാദിനെ പോലെ... ശ്യാമപ്രസാദിന്റെ ഓരോ സിനിമയും കാണാന്‍ പോവുന്നത് അദ്ദേഹത്തിനെ കഴിവില്‍ ഉള്ള അമിത വിശ്വാസം കൊണ്ട് വര്‍ദ്ധിച്ച പ്രതീക്ഷകളോടെ ആണ്. പക്ഷെ പലപ്പോഴും നിരാശ ആയിരുന്നു ഫലം. അദ്ദേഹത്തിന്റെ കഴിവിന്റെ നിലവാരം അനുസരിച്ച് അദ്ദേഹം ഇന്നേവരെ ചെയ്ത ഒരു സിനിമയും ഉയര്‍ന്നിട്ടില്ല എന്ന് എനിക്ക് തോന്നാറുണ്ട്.... അതവിടെ നില്‍ക്കട്ടെ ഇനി വിഷയത്തിലേക്ക് കടക്കാം. ജോണി ആന്റണി എന്ന സംവിധായകനെ പറ്റി എനിക്ക് യാതൊരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല.. സി ഐ ഡി മൂസയും, തുറുപ്പു ഗുലാനും, ഇന്‍സ്പെക്ടര്‍ ഗരുഡും ഒക്കെ ചെയ്ത അദ്ധേഹത്തിന്റെ ഭൂതകാലം ഒരു കഴിവിന്റെ ഇലയനക്കം പോലും നമുക്ക് കാട്ടി തന്നിട്ടില്ല. അത് കൊണ്ട് തന്നെ ഇന്നലെ മാസ്റെര്സ് കാണാന്‍ ഇരുന്നപ്പോള്‍, സുബ്രമണ്യപുരം പോലുള്ള സിനിമയെടുത്ത ശശികുമാര്‍ ആദ്യമായി ബന്ധപ്പെടുന്ന ഒരു പ്രോജെക്റ്റ്‌ ആയിട്ടും സംവിധായകന്‍ ജോണി ആന്റണി ആയതു കൊണ്ട്  ഒരു പ്രതീക്ഷയും വെച്ച് പുലര്‍ത്തിയിരുന്നില്ല. പക്ഷെ മാസ്റെരസ് ഞാന്‍ ആസ്വദിച്ചു കണ്ടു. ദോഷം പറയരുതല്ലോ,  അതിന്റെ ഒരേ ഒരു കാരണവും ജോണി ആന്റണി എന്ന സംവിധായകന്റെ കഴിവ് ആണ്.

പുതിയൊരു തിരക്കഥാകൃത്തിനെ ആണ് അദ്ദേഹം ഈ ചിത്രത്തില്‍ പരിചയപ്പെടുതിയിരിക്കുന്നത്, ജിനു അബ്രഹാം. തമിഴില്‍,  ഷങ്കര്‍ എന്ന സംവിധായകന്‍ മാറി മാറി ഉപയോഗിച്ച് വിജയിപ്പിച്ചിരിക്കുന്ന ഒരു ഫോര്‍മുലയെ ആസ്പദമാക്കിയാണ് രചിച്ചിരിക്കുന്നത്. ആദ്യത്തെ അര മണിക്കൂര്‍ കഴിയുമ്പോള്‍ തന്നെ സിനിമ പോവുന്ന വഴിയും പരിണാമവും ഒക്കെ സിനിമകള്‍ സ്ഥിരം ആയി കാണാറുള്ള എല്ലാവര്‍ക്കും ഊഹിക്കാവുന്നതേ ഉള്ളൂ. ഒരു കൊലപാതക പരമ്പരയിലൂടെ സമൂഹത്തോട് ഒരു സന്ദേശം കൊടുക്കാന്‍ ശ്രമിക്കുന്ന ഒരു കൂട്ടം... കേരള സമൂഹം ഇന്ന് ഏറ്റവും കൂടുതല്‍ അഭിമുഖീകരിക്കുന്ന സ്ത്രീ പീഡനം എന്ന സാമൂഹ്യവിപത്ത് പശ്ചാത്തലവും.. പല സിനിമകളിലും കണ്ടിട്ടുള്ള പ്രമേയം തന്നെ. അപ്പോള്‍ എന്താണ് പ്രത്യേകത എന്ന് നിങ്ങള്‍ ചോദിക്കുന്നുണ്ടാവും. അവിടെയാണ് നമ്മള്‍ സംവിധായകന്‍ ജോണി ആന്റണിയുടെ സാന്നിധ്യം തിരിച്ചറിയുന്നത്‌. ഇത്തരം പുതുമ അവകാശപ്പെടാനില്ലാത്ത പ്രമേയത്തെയും, പശ്ചാത്തലത്തെയും, ഒട്ടും മുഷിപ്പില്ലാതെ കാണാന്‍ പറ്റുന്ന രീതിയില്‍ പരുവപ്പെടുത്തി എടുക്കുന്നതില്‍ സംവിധായകന്റെ മനോധര്‍മവും, കയ്യടക്കവും തെളിഞ്ഞു കാണാം. ഒരു ത്രില്ലര്‍ സിനിമയ്ക്കു വേണ്ട ഗതിവേഗം കുറയ്ക്കുന്ന ഒരു രംഗമോ, ഒരു സംഭാഷണമോ ഈ സിനിമയില്‍ ഇല്ല.. അമ്പതു വയസ്സായ കാസനോവക്ക് ചുറ്റും വണ്ടുകള്‍ പറക്കുന്ന കണക്കിന് കാമിനിമാര്‍ ഉള്ള സമയത്ത്, ഇവിടെ നായകന് ഒരു നായികയോ, ആരാധികയോ പേരിനു പോലും ഇല്ല. പടത്തിന്റെ ചടുലതയ്ക്ക് ഭംഗം വരുത്തുന്ന രീതിയില്ലുള്ള പാട്ടോ, തമാശകളോ, ഓവര്‍ ഇമോഷണല്‍ ആയ രംഗങ്ങളോ അദ്ദേഹം പാടെ ഉപേക്ഷിക്കാന്‍ ചങ്കൂറ്റം കാട്ടിയിരിക്കുന്നു.

ഒരു സിനിമ കാണുമ്പോള്‍,  അതില്‍ അഭിനയിച്ച നടീനടന്മാരുടെയോ, അണിയറ പ്രവര്‍ത്തകരുടെയോ, കഥാപാത്രങ്ങളുടെയോ പേരും നാളും നക്ഷത്രവും ജാതകവും നോക്കി ജാതിയും മതവും തിരിച്ചു സെന്‍സസ് നടത്തിയും, നായകന്‍റെ മുറിയില്‍ അയയില്‍ തൂക്കിയിട്ടിരിക്കുന്ന അന്ടെര്‍ വെയറിന്റെ നിറം നോക്കിയും, നായകന്‍ ഓടിക്കുന്ന കാറിന്റെ നമ്പര്‍ പ്ലേറ്റ് നോക്കിയും, ഏതോ രംഗത്തില്‍ മിന്നി മറയുന്ന മൂത്രപുരയിലെ ബോര്‍ഡില്‍ പറ്റിയിരിക്കുന്ന ചെളി നോക്കിയും... മറ്റും അതിന്റെ രാഷ്ട്രീയവും, ബയോളജിയും, കെമിസ്ട്രിയും ഒക്കെ തിരിച്ചു വരച്ചു മെനക്കെടാറില്ല. സൂക്ഷിച്ചു നോക്കിയാല്‍, ശ്രീ രാമകൃഷ്ണന്‍ എന്ന പേരില്‍ നിന്ന് തന്നെ തുടങ്ങി, സിനിമ പ്രതിനിധാനം ചെയ്യുന്ന പ്രതിലോമ രാഷ്ട്രീയം ഒക്കെ പതിര് തിരിച്ചു എടുക്കാന്‍ പറ്റുമായിരിക്കും. പക്ഷെ ഞാന്‍ അതിനൊന്നും മുതിരുന്നില്ല. അത് കൊണ്ട് എന്റെ പഴഞ്ജന്‍ ആസ്വാദന ശീലങ്ങള്‍ വെച്ച്  സ്ക്രീനില്‍ കാണുന്നതെന്തോ അത് മാത്രം അത് വായിച്ചു ഞാന്‍ നിര്‍ത്തും. എനിക്ക് മുഖ്യധാരാ സിനിമ വെറും വിനോദോപാധി മാത്രമാണ്.  ഗൗരവമുള്ള സിനിമകള്‍ കാണുമ്പോള്‍ അത്തരത്തില്‍ ഉള്ള ഫ്രെയിം ഓഫ് മൈന്‍ഡ് ഉം ആയി ഞാന്‍ നിരീക്ഷിക്കും. ഇനി ലോജിക്കിനെ കുറിച്ചൊക്കെ പറയുക ആണെങ്കില്‍ അവിടെയും ഇവിടെയും ചില ചെറിയ പഴുതുകള്‍ ഉണ്ടെങ്കിലും, അതൊന്നും കഥാഗതിയുടെ ഒഴുക്കിന് തടസ്സം വരുന്ന രീതിയില്‍ മുഴച്ചു നില്‍ക്കുന്നില്ല.

താരനിര്‍ണയത്തില്‍ ശില്‍പ്പികള്‍ ഒരു പിശുക്കും കാണിച്ചിട്ടില്ല. ഒന്നോ രണ്ടോ രംഗങ്ങളില്‍ മിന്നിമറയുന്ന വേഷങ്ങള്‍ വരെ ചെയ്യുവാന്‍ മുന്‍നിര നടീനടന്മാരാണ് ഉള്ളത്.  അതിന്റെ റിസള്‍ട്ട് സ്ക്രീനിലും കാണാനുണ്ട്. എല്ലാവരും താന്താങ്ങളുടെ ഭൂമികകള്‍ തരക്കേടില്ലാതെ നിര്‍വഹിച്ചു. പ്രിഥ്വിരാജിന് തന്റെ കൊക്കിലോതുങ്ങുന്ന കഥാപാത്രമാണ് കിട്ടിയിരിക്കുന്നത്.. അത് അദ്ദേഹം സാമാന്യം വൃത്തിയായി തന്നെ ചെയ്തു. തന്റെ ശരീരഭാഷയിലും സംഭാഷണത്തിലും പരമാവധി നിയന്ത്രണം അദ്ദേഹം നടത്തിയിട്ടുണ്ട്. (അത് പറയുമ്പോള്‍ തന്നെ,  അദ്ദേഹത്തെ സ്ക്രീനില്‍ കണ്ടപ്പോള്‍ കൂവി ആര്‍ത്തിരുന്ന എന്റെ മുന്വരിയില്‍ ഇരുന്നിരുന്ന ചെറുപ്പക്കാര്‍ അദ്ദേഹത്തിനു കയ്യടിക്കുന്ന കാഴ്ചയും ഞാന്‍ കണ്ടു). ശശി കുമാറിന്റെ റോള്‍ ഒരു പക്ഷെ മറ്റൊരു നടന്‍ (നിഷാനോ മറ്റോ) കുറെ കൂടി നന്നാക്കിയേനെ എന്ന് എനിക്ക് തോന്നി. പല സമയത്തും (അദ്ദേഹത്തെ ഡബ് ചെയ്ത ശബ്ദത്തിന്റെ ദൌര്‍ബല്യം ആവാം) ആ കഥാപാത്രത്തിന് വേണ്ട ഊര്‍ജ്ജം പകരാന്‍ അദ്ദേഹം പാട് പെടുന്നുണ്ടായിരുന്നു. ഒരു പക്ഷെ ശശികുമാര്‍ എന്ന ബ്രാണ്ടിന്റെ വിപണന മൂല്യമായിരിക്കാം, അദ്ദേഹത്തെ കാസ്റ്റ് ചെയ്യുന്നതില്‍ സംവിധായകനെ സ്വാധീനിചിരിക്കുക. ഇനി എടുത്തു പറയേണ്ട മറ്റൊരു വസ്തുത ബിജു മേനോന്‍ എന്ന നടന്റെ ഉയരുന്ന താരമൂല്യം ആണ്. കാര്യമായി ഒന്നും അദ്ദേഹം ഈ സിനിമയില്‍ ചെയ്തില്ലെങ്കിലും അദ്ധേഹത്തിന്റെ ഓരോ രംഗങ്ങളും ചെറുപ്പക്കാരായ കാണികള്‍ കയ്യടിയോടെ ആണ് സ്വീകരിച്ചിരിക്കുന്നത്.

ഇത് മഹത്തായ ചിത്രങ്ങളുടെ എണ്ണം എടുക്കുമ്പോള്‍ അടുത്തൊന്നും വന്നുപെടില്ലെങ്കിലും ഈ അടുത്ത കാലത്ത് മലയാളത്തില്‍ പുറത്തിറങ്ങിയിട്ടുള്ള ദ്രിശ്യാആഭാസങ്ങളെ കണക്കിലെടുക്കുമ്പോള്‍  ഒട്ടും മുഷിപ്പ് കൂടാതെ കണ്ടിരിക്കാവുന്ന്ന ഒരു ചലച്ചിത്രാനുഭവം ആയിരിക്കും എന്നാണു എനിക്ക് പറയാനുള്ളത്. ഇത്രയും പറഞ്ഞു നിര്‍ത്തുമ്പോള്‍ ഒരു ചോദ്യം മനസ്സില്‍ അവശേഷിക്കുന്നു... ഈ സിനിമയ്ക്കു മാസ്റെരസ് എന്ന ടൈറ്റില്‍ എന്തിനാണ് കൊടുത്തിരിക്കുന്നത്‌? എനിക്ക് എത്ര ആലോചിച്ചിട്ടും മനസ്സിലായില്ല.

ശനിയാഴ്‌ച, മാർച്ച് 24, 2012

ഗിങ്ങും ഗമ്മീഷനറും -ഒരു രാജ-പോലീസ് വെടിക്കെട്ട്‌

നല്ല മാനസികമായ തയ്യാറെടുപ്പോടു കൂടിയാണ് കൌണ്ടറില്‍ നിന്നും ഇരുനൂറു രൂപ മുടക്കി ടിക്കറ്റെടുത്തത്.. ഒരു പതിനാറു ടണ്‍ ട്രക്ക് നേര്‍ക്ക്‌ ഓടി വന്നു കയറ്റിയാലും നേരിടാം എന്ന ഉറച്ച ആത്മവിശ്വാസത്തോടെ കയറിയിരുന്നു. ആദ്യഷോ ആയിരുന്നത് കൊണ്ട് എല്ലാ സീറ്റിലും ആള്‍ ഉണ്ടായിരുന്നു. അകത്തു സീറ്റ്‌ തപ്പിപ്പിടിച്ചു ഇരിക്കുമ്പോഴേക്കും ടൈറ്റില്‍ കാര്‍ഡ് വന്നു കഴിഞ്ഞിരുന്നു. സ്ക്രീനിലാനെങ്കില്‍ മുഴുവന്‍ പട്ടാളക്കാരും, തോക്കും വെടിയും, ഹിന്ദിയില്‍ ഉള്ള ഡയലോഗുകളും... ആരാ സംവിധായകന്‍ .. മേജര്‍ രവി ആണോ ... എന്ന് പിറകില്‍ നിന്നാരോ ചോദിക്കുന്നതും കേട്ടു.
പടം തുടങ്ങി പതിനഞ്ചു മിനിട്ടായി.. മുഖ പരിചയം തോന്നുന്ന ആരെയും കാണാനില്ല... മലയാളത്തില്‍ ഒരു വരിയും കേട്ടില്ല... ഷാജി കൈലാസിന്റെ പടം അല്ലെ ? ആദ്യത്തെ ക്രൈം സീനില്‍ ഒരു സായികുമാറോ, ഗണേഷോ വിജയരാഘവനോ,ജോണിയോ, കുറഞ്ഞപക്ഷം ഒരു സന്തോഷോ, സാദിക്കോ, അജിത്തോ... ആരെങ്കിലും വന്നു  ഒരു സാക്ഷിയെയോ ജഡ്ജിയെയോ ഒക്കെ ദാരുണമായി കൊലപ്പെടുത്തി, വെടിക്കെട്ടിന് തിരി കൊളുത്തി തന്നു പോവെണ്ടാതാണ്. പക്ഷെ ഇവിടെ മൊത്തം എല്ലാം പുതിയ അണ്ണന്മാര്‍. ദെന്ത് പറ്റി? ഇതിനിടയില്‍ തീയറ്റര്‍ മാറി കേറിയോ? ഒന്ന് ഇറങ്ങി നോക്കി ഉറപ്പു വരുത്തിയാലോ, എന്ന് വിചാരിചിരിക്കുംബോഴാനു ഒരു ആല്‍ബെര്‍ട്ട് ഐന്‍സ്റീന്‍ സ്ക്രീനില്‍ പ്രത്യക്ഷപ്പെട്ടത്... അങ്ങേര്‍ ഒന്ന് വായ തുറന്നു ഒരു രണ്ടു വാക്ക് മിണ്ടിയപ്പോഴാനു സമാധാനമായത്.. നമ്മടെ നെടുമുടി അമ്മാവന്‍ അല്ലെ... ഹാവൂ സംശയിച്ച പോലെ ഹിന്ദി പടത്തിനു തെറ്റി കയറിയതല്ല.. പിന്നെ സ്ക്രീനില്‍ നടന്നത് മുഴുവന്‍ എന്താണ് എന്ന് പറയുവാന്‍ കണ്ടിരുന്ന നമുക്ക് പോയിട്ട് സ്ക്രിപ്റ്റ് എഴുതി വെച്ച രണ്‍ജി പണിക്കര്‍ക്കു പോലും പറ്റും എന്ന് തോന്നുന്നില്ല ... ഇടിമുഴക്കം.. പടഹനാദം... ചോര.. ഗര്‍ജ്ജനം ... മിന്നല്‍... പോര്‍വിളി.. വിസ്ഫോടനം.. ആര്‍ത്തനാദം ... എന്തൊക്കെയോ ... ഒരു യുദ്ധക്കളത്തില്‍ വന്നു പെട്ട പോലെയോ ... ഒരു പേമാരിയില്‍ അകപ്പെട്ട പോലെയോ ഉള്ള തോന്നലാണ് ഉണ്ടായത്.

ഈ ചിത്രം ഒരുക്കിയ ഷാജി കൈലാസ് - രണ്‍ജി പണിക്കര്‍ ആയാലും, അഭിനയിക്കുന്ന മമ്മൂട്ടിയും സുരേഷ് ഗോപിയും, ആയാലും താന്താങ്ങളുടെ കര്‍മമേഖലയില്‍ യാതൊരു  പുരോഗതിയും കാണിക്കുന്നില്ല എന്ന് മാത്രമല്ല... ഓരോ പ്രോജെക്റ്റ്‌ കഴിയും തോറും ആശയപരമായും ആവിഷ്കാരപരമായും കൂടുതല്‍ കൂടുതല്‍ അസഹ്യമായി കൊണ്ടിരിക്കയാണ് എന്നത് ഒരു പ്രേക്ഷകന്‍ എന്ന നിലക്ക് ഒരു പൊതു വേദിയില്‍ ഏറ്റവും മിതമായി പറയാവുന്ന ഒരു കാര്യമാണ്. അവര്‍ എന്താണ് സിനിമ കാണുന്നവരെ പറ്റി വിചാരിച്ചു വെച്ചിരിക്കുന്നത് എന്ന് എനിക്കറിയില്ല. എന്തായാലും അവര്‍ക്കൊന്നും മരുന്നിനു പോലും ബുദ്ധിയില്ല എന്ന് കുറഞ്ഞ പക്ഷം നിശ്ചയിച്ച മട്ടിലാണ് കാര്യങ്ങളുടെ ഒരു കിടപ്പുവശം. തന്റെ പ്ലസ് പോയിന്റ്‌ ആയ സാങ്കേതിക മികവില്‍ പോലും ഷാജിയും ടീമും ബഹുദൂരം പിന്നാക്കം പോവുന്ന കാഴ്ചയാണ് സ്ക്രീനില്‍ ദൃശ്യമാവുന്നത്. ഈ മഹാന്മാര്‍ ആഗ്രഹിക്കുന്ന പോലെ, തങ്ങളുടെ ഇളംതലമുറയ്ക്ക്  മലയാള സിനിമയില്‍ ഒരിടം ഉറപ്പാക്കുവാന്‍ വല്ല ഉദ്ദേശവും ഉണ്ടെങ്കില്‍, ഈ ചട്ടക്കൂടിലുള്ള ഒരു സിനിമ സങ്കല്പവും ആയി അവരെ കളത്തില്‍ ഇറക്കിയാല്‍ അവരുടെ കാര്യം കട്ട പൊഹ.

ലോജിക് എന്ന സംഭവം രണ്‍ജി-ഷാജി ടീമിന് ആവശ്യമില്ലാത്ത കാര്യമാണ് എന്നറിയാം, എന്നാലും  ഒരു രംഗത്തിലും ലോജിക്കില്ലാത്ത മറ്റൊരു സിനിമയും ഇത് വരെ അവര്‍ പടച്ചു വിട്ടിട്ടില്ല എന്നാണു എനിക്ക് തോന്നുന്നത്. ഓരോ കഥാപാത്രവും ഒന്നിനൊന്നു മനോനില തെറ്റിയ സ്ഥിതിയിലാണ്. പഴയ രണ്‍ജി ഷാജി കഥാപാത്രങ്ങള്‍. അല്ലെങ്കില്‍ അവയുടെ വികലവും വിലക്ഷണവും ആയ തുടര്‍ച്ചകള്‍.. സുരേഷ് ഗോപിയും മമ്മൂട്ടിയും ഇതേ കഥാപാത്രങ്ങളെ  തങ്ങള്‍ തന്നെ  മുന്‍പ് അവതരിപ്പിച്ചതിനെക്കാള്‍ മോശമായി അവതരിപ്പിച്ചിരിക്കുന്നു. സായികുമാരിന്റെത് അരോചകം എന്ന് ഒറ്റവാക്കില്‍ ഒതുക്കാവുന്ന പ്രകടനം. അദ്ധേഹത്തിന്റെ ഹിന്ദിയും ഇംഗ്ലീഷും സംഭാഷണങ്ങള്‍ കേട്ടാല്‍ ചിരിക്കാനുള്ള വക കിട്ടും. കെ പി എ സി ലളിതയും ജനാര്‍ദ്ദനനും അവരവര്‍ തന്നെയായി നില്‍ക്കുന്നു. ആരാണ് കൂടുതല്‍ നിങ്ങളുടെ ഞരമ്പിനു പിടിക്കുക എന്നെ സംശയം ഉള്ളൂ. സംവൃത സുനില്‍ എന്തിനാണ് ആ കഥാപാത്രം ചെയ്യാന്‍ ഏറ്റെടുത്തത് എന്ന് ഞാന്‍ എത്ര ആലോചിച്ചിട്ടും ഒരു ഇതും പിടിയും കിട്ടിയില്ല.  മറ്റൊരു വില്ലനായി വരുന്ന ജയന്റെത് ഒരേ ഭാവം...മലബന്ധത്തിനു  കഷായം കുടിച്ച പോലെ.

പല നിലവാരത്തിലുള്ള തെറികള്‍ സമൃദ്ധമായി വാരി വിതറിയ പതിവ് ഡിക്ഷനറി ക്ലാസ് സംഭാഷണം. കഥാപാത്രങ്ങള്‍ മാത്രമല്ല, ഓരോരോ രംഗവും തങ്ങളുടെ തന്നെ പഴയ പടങ്ങളില്‍ നിന്നുള്ള രംഗങ്ങള്‍ തന്നെ നൂറ്റൊന്നു ആവര്‍ത്തിച്ച ക്ഷീരബല പോലെ വീണ്ടും എടുത്തിട്ട് അലക്കിയിരിക്കയാണ്. പുതുമ തോന്നുന്ന ഒരു കഥാപാത്രമോ, കഥാ സന്ദര്‍ഭമോ, സംഭാഷണമോ, എന്തിനു ഒരു ഷോട്ട് പോലുമോ ഈ സിനിമയില്‍ ഇല്ല. കണ്ടു തീര്‍ന്നപ്പോള്‍ തോന്നിയ ഒരു കാര്യം ഇവരുടെ എല്ലാം ക്ലോക്കുകള്‍ ഒരു പതിനഞ്ചു കൊല്ലം മുമ്പ് നിശ്ചലമായി പോയി എന്നതാണ്. ഈ തലമുറയും അവരുടെ ആസ്വാദന ശീലങ്ങളും, അവര്‍ക്കുള്ള എക്സ്പോഷറും, അവരുടെ ജീവിത വീക്ഷണവും എല്ലാം എത്ര കാതങ്ങള്‍ മുന്നോട്ടു പോയി എന്നത് അവര്‍ക്കിനിയും മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല എന്നത് വളരെ ഖേദം തോന്നുന്ന കാര്യമാണ്.  ഒടുവില്‍ പടം അവസാനിപ്പിച്ചു ടൈറ്റില്‍ കാര്‍ഡ് വന്നപ്പോള്‍ വായിച്ച ആദ്യത്തെ രണ്ടു പേരുകള്‍ ... നിതിന്‍ രണ്‍ജി പണിക്കര്‍, നികില്‍ രണ്‍ജി പണിക്കര്‍... ഹാവൂ സമാധാനമായി ഗോപ്യേട്ടാ..

ഒരു നെടു നീളന്‍ റിവ്യൂ എഴുതണം എന്ന് വിചാരിച്ചു ഇരുന്നതാണ്... പക്ഷെ ഇതില്‍ കൂടുതല്‍ എഴുതാന്‍ ഒന്നും പറ്റുന്ന  അവസ്ഥയില്‍ അല്ല ഞാന്‍.  ഒരു സ്ട്രിപ് സാരിഡോന്‍ കൊണ്ട് ഒന്നുമാവില്ല ഈ പടം സമ്മാനിച്ച തലവേദന തീര്‍ക്കാന്‍.

'ഇപ്പോള്‍ കിട്ടിയത് - ഗിങ്ങും ഗമ്മീഷണറും നേടിയ അഭൂതപൂര്‍വമായ വിജയത്തിന് ശേഷം ഷാജി രണ്‍ജി ടീം രണ്ടായിരത്തി പതിമൂന്നില്‍ മലയാളികളുടെ ക്ഷമാശീലത്തിനു മുന്നില്‍ സമര്‍പ്പിക്കുന്നു "ഗിങ്ങും ഗമ്മീഷണറും നരശിങ്കവും"... അമേരിക്കന്‍ പ്രസിടെന്റായി വളര്‍ന്ന തന്റെ അപ്പന്റെ  ബാല്യകാലസുഹൃത്തും ഗ്ലാസ് മേറ്റും ആയ പാറശാല സെല്‍വനെ കൊല്ലാന്‍ കല്‍ കൂധ ഫീകരന്മാര്‍, അമേരിക്കന്‍ ഡിഫന്‍സ് സെക്ക്രട്ടരി ഹക്ക് ഹോഗനോട് ചേര്‍ന്ന് നടത്തുന്ന ശ്രമം തകര്‍ക്കാന്‍ ഗിങ്ങും ഗമ്മീഷണറും നരശിങ്കവും കൂടി വൈറ്റ് ഹൌസില്‍ അമേരിക്കന്‍ അഭ്യന്തര മന്ത്രിയുടെ പ്രത്യേക ക്ഷണപ്രകാരം എത്തുന്നു. വൈറ്റ് ഹൌസില്‍ എത്തിയ ഗിംഗ് ജോസഫ്‌ ഫ അലെക്സ്, പ്രസിദേന്തി ശേല്‍വനോട് പാറശാല സ്ലാങ്ങില്‍ പ്രാസവും ഉല്‍പ്രേക്ഷയും ഒപ്പിച്ചു നടത്തുന്ന ഘടാഘടിയന്‍ ഡയലോഗുകള്‍. ഫിനാന്‍സ് സെക്രട്ടറിക്ക് പരാതി കൊടുക്കാന്‍ വന്ന  വാഷിംഗ്ടന്‍ ജങ്ഷനിലെ കരിക്ക് വെട്ടുകാരന്‍ അലിക്കൊയയെ സി ഐ എ ക്കാര്‍ എടുത്തിട്ട് പെരുമാറുന്നത് കണ്ടു ചാടി വീണ ഫരത്ചന്ദ്രന്‍, അത് വഴി പോയ ഹിലാരി ക്ലിന്റനോട് പറയുന്ന "ഫ പുല്ലേ ... ഓര്‍മ്മയുണ്ടോ ഈ മോന്ത... " എന്ന മുട്ടന്‍ ഡയലോഗ് .. പിന്നെ തൂണ് പിളര്‍ന്നു യന്ത്രതോക്കുകല്‍ക്കിടയിലൂടെ ചില കളികള്‍ പഠിക്കാനും പഠിപ്പിക്കാനും എത്തുന്ന നരശിങ്കതിന്റെ തുണി പറിച്ചടി... എന്നീ പുതുമയാര്‍ന രംഗങ്ങള്‍ ആയിരിക്കും ഈ ബ്രഹ്മാണ്ട ചിത്രത്തിന്റെ ഹൈലൈറ്റ് എന്ന് നിര്‍മാതാവായ പെരുംബാവൂര്‍ക്കാരന്‍ അന്തോണി പത്രസമ്മേളനത്തില്‍ പറഞ്ഞു. ഒരു ബോണസ് എന്നാ നിലക്ക് സി ഐ ഡി മൂസയേയും പടത്തിലേക്ക് എടുക്കാന്‍ തങ്ങള്‍ ശ്രമം നടത്തുന്നുണ്ട് എന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. സിനിമയിലെ മറ്റൊരു പ്രധാന വില്ലനായ ചൂ ചിന്‍ ചൂയി എന്നാ ചൈനക്കാരനോട് ചൈനീസിലുള്ള മുട്ടന്‍ തെറികള്‍ പറയാന്‍ പാകത്തിനുള്ള ചൈനീസ്‌ തെറികള്‍ പഠിക്കാന്‍ കഥയെഴുതുന്ന പണിക്കര് ചേട്ടന്‍ ചൈനയിലേക്ക് പോയിട്ടുണ്ട്.. സായികുമാറോ സിദ്ധിക്കോ ആയിരിക്കും ചൈനീസ് വില്ലന്മാരെ അവതരിപ്പിക്കുന്നത്‌ എന്ന് കേള്‍ക്കുന്നു. (ലേബല്‍: വ്യാജ വാര്‍ത്ത)

ഞായറാഴ്‌ച, ഫെബ്രുവരി 12, 2012

രാജകുമാരന്റെ സുബ്രമണ്യജ്വരം


കാസനോവക്ക് കേറി തല വെക്കാന്‍ കേരളത്തിന്‌ പുറത്തുള്ള നിര്‍ഭാഗ്യവാന്മാര്‍ക്ക് ഒരാഴ്ച കൂടി സമയം കൊടുക്കാം എന്ന് കരുതിയ പോലെ ഈ രണ്ടാം കളി ആഴ്ച ഒന്ന് വൈകിയാ കേരളത്തിന്‌ പുറത്തു കൊണ്ട് വിളമ്പിയത്... ഏത് അക്രമവും സഹിക്കാന്‍ ഉള്ള മനക്കരുത് കാസനോവ നല്‍കിയിട്ടുള്ളത് കൊണ്ട് ഇവിടെയും പിടി കൊടുക്കാന്‍ വലിയ മടി ഒന്നും തോന്നിയില്ല... പിന്നെ ചെറിയ ഒരു പ്രതീക്ഷ ബാക്കിവെച്ച തരക്കേടില്ല എന്ന് തോന്നിയ ട്രേലറും കണ്ടിരുന്നു.

കൊല്ലങ്ങള്‍ പലതായി സത്യ ഇറങ്ങിയിട്ട്... സുബ്രമണ്യപുരവും. പരുത്തിക്കുരുവും (സോറി, പരുത്തിവീരനും) പിണ്ണാക്കുമൊക്കെ നമ്മള്‍ കണ്ടു തള്ളിയിട്ട്. അത് കഴിഞ്ഞു മുല്ലപ്പെരിയാറില്‍ നിന്നും എത്ര വെള്ളം ഒഴുകി പോയി. എന്നിട്ടിപ്പോളും മലയാളിപുതുമയുടെ വഞ്ചി ആ തിരുനക്കര കടവത്തു തന്നെ കെട്ടി കിടത്താന്‍ തന്നെയാണ്, ശ്രീമാന്‍ ശ്രീനാഥ് രാജേന്ദ്രന്റെ ശ്രമം. അതിനാണെങ്കില്‍ അദ്ദേഹത്തിനു ആശിര്‍വാദം കിട്ടിയിരിക്കുന്നത് വെറും ഒരു ചെറു ഇടവക പള്ളി വികാരിയുടെ അല്ല. മലയാള സിനിമയുടെ ഉടയോനായ മാര്‍പാപ്പയുടെ തന്നെയാണ്.. തന്റെ ഇളംകൂറപ്പന്റെ പട്ടാഭിഷേകവും പടിയേറ്റും നടത്തി അരിയിട്ട് വാഴിക്കാന്‍.

ഇതൊരു വെറും സാമ്പിള്‍ ഡോസ് ആണ് എന്നും ശരിക്കുള്ള കളി അടുത്ത് തന്നെ പുറത്തിറങ്ങാന്‍ അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നെന്നും പാണന്മാര്‍ പാടി നടക്കുന്നത് കേട്ട് അറിയാമായിരുന്നു. റോള്‍സ് റോയ്സ് ചാവി ചെക്കന് കൈമാറും മുമ്പ് വണ്ടി ഓട്ടം തട്ടിച്ചും മുട്ടിച്ചും ഒക്കെ പഠിക്കാന്‍ ഒരു മാരുതി 800 കീ വാപ്പച്ചി തല്‍ക്കാലം കൈയ്യില്‍ വെച്ച് കൊടുത്ത പോലെ. ഇനി വല്ല തട്ടലോ മുട്ടലോ ആയാലും കാര്യമായി തന്റെ പോക്കെറ്റിന് തട്ടുകെടോന്നും വരില്ല എന്ന സേതുരാമയ്യരുടെ കുശാഗ്രബുദ്ധി അഥവാ കച്ചവട മനശാസ്ത്രം.. പക്ഷെ നല്ല മുട്ടന്‍ ഹെഡ് ഓണ്‍ കോളിഷന്‍ കിട്ടിയാല്‍ മാരുതിയിലുള്ള ഒരുത്തനും പുറത്തെടുക്കാന്‍ ഉണ്ടാവില്ല എന്ന് മനസ്സിലാക്കിയത് കൊണ്ടാവും വലിയ ബുള്‍ഡോസരും പാണ്ടിലോറിയും ഒക്കെ ഓടിച്ചു പോയി റോഡ്‌  ഒന്ന് കാലിയടിച്ചപ്പോള്‍ ആണ് വണ്ടി, മോന് റോട്ടില്‍ ഇറക്കാന്‍ കൊടുത്തത്.

ഇത്തരം ജോനരുകളില്‍ ഉള്ള പടങ്ങള്‍ക്ക് വേണ്ടത് ഗതിവേഗം ആണ് ... നല്ല റോളര്‍ കോസ്റെറില്‍ കയറി മാനം മുട്ടെ ഉയര്‍ന്നു കയറിയും ആ പോക്കത്ത് നിന്നും അതിദ്രുതം താഴോട്ടു പതിച്ചും, കാഴ്ചക്കാര്‍ക്ക് കസേരയില്‍ അമര്‍ന്നിരിക്കാന്‍ ഇട കൊടുക്കാത്ത തരത്തിലുള്ള ഗതിവേഗം.. പക്ഷെ ഈ വണ്ടി ഓടുന്ന വഴി നല്ല കുണ്ടും കുഴിയും നിറഞ്ഞ തൃശ്ശൂര്‍ പാലക്കാട് റോഡ്‌ ആണ്..ഇവിടെ ഒരു മുപ്പതു നാല്പതു വിട്ടു വണ്ടി കേറി പോവുന്ന പ്രശ്നമില്ല.. കാണുന്നവന് ആവട്ടെ പഴയ ലാമ്പി  ഓട്ടോറിക്ഷയില്‍ ഇരിക്കുന്ന പ്രതീതിയും... ആദ്യ ദൃശ്യത്തില്‍ തന്നെ നായകന്‍ കാണികള്‍ക്ക് മുന്നില്‍ എത്തുന്ന ഈ കുപ്പി തുറന്നപ്പോള്‍ തന്നെ കേട്ട് മടുത്ത പഴങ്കഥയുടെ  പുളിച്ച നാറ്റം അടിച്ചു. അച്ഛനില്ലാത്ത നായകന്‍, പണിയില്ലാത്തതു കൊണ്ട്  നേരെ കൈയും കാലും വെട്ടുന്ന കമ്പനിയില്‍ ചേരുന്നു, പതിവുപോലെ മണല്‍ കടത്ത്, വണ്ടി പിടുത്തം തുടങ്ങിയ കുടില്‍ വ്യവസായങ്ങളിലൂടെ അവന്‍ അധോലോകത്തിന്റെ ചട്ടുകം ആയി മാറുന്നു, പിന്നെ ക്ഷണനേരം കൊണ്ട് ദിസൈനെര്‍ ജാക്കെറ്റുമായി വിലസുന്ന രാജാവിന്റെ മകന്‍ രാജുമോന്റെ അണ്ടെര്‍വേള്‍ഡ് പ്രിന്‍സും, മുഴത്തിനു ഒന്ന് പോലെ കുത്തും വെട്ടും നല്ല ചൊവ ചൊവന്ന ചോരപ്പൂക്കളങ്ങളും, ആഘോഷത്തിനു മേമ്പോടിയായി മലയാളിയുടെ ദേശീയോത്സവമായ വൈകീട്ടുള്ള പരിപാടിയും.. പതിവുപടി ഒടക്കി ഒടക്കി ലൈനില്‍ വീഴുന്ന ഒരു ഒടങ്കോല്ലി മന്ദബുദ്ധി നായികയും .. കുറെ അലവലാതി കൂട്ടുകാരും.... കഥ അവിയല്‍ റെഡി..തൊട്ടുകൂട്ടാന്‍ ശരിക്കുള്ള അവിയലിന്റെ തട്ടും കൊട്ടും,....ഓ അതിന്റെ കൂട്ടത്തില്‍ ഒന്ന് കുറിക്കാന്‍ വിട്ടു..മാര്‍ട്ടിന്‍ സ്കൊര്സേസ്സിക്ക് ചെറുതായൊന്നു  പഠിച്ചു നോക്കിയ പോലെ "ഞാന്‍ ശി ഐ ഡി നശീര്‍" എന്നും പറഞ്ഞു ചാടി വീഴുന്ന അണ്ടര്‍കവര്‍ കോപ്പ് (കോപ്പാണ് പോലും)

ഇതേ നായകനെയും, ഇതേ ഉപഗ്രഹങ്ങളെയും, കാമുകിയേയും, വില്ലനെയും, അമ്മയെയും, അമ്മിക്കല്ലിനെയും ഒക്കെ എത്ര കാലമായി നമ്മള്‍ സിനിമകളില്‍ കാണുന്നു. ഇനി എന്താ ക്ലൈമാക്സിലെ ആ ട്വിസ്റ്റ്‌... നാട്ടുകാരാരും തന്നെ സുബ്രമണ്യപുരം കണ്ടിട്ടില്ലല്ലോ... ഗംഭീരം തന്നെ.. രോമാഞ്ചം വരുന്നു... കൊറിയന്‍, ഹോളിവൂഡ്‌ പടങ്ങളെ അടിച്ചുമാറ്റി കോക്ടെയില്‍ ഉണ്ടാക്കി  ചാപ്പയും കുരിശുമൊക്കെ പണിയുന്ന മച്ചാന്മാരോട് കുറച്ചു കാലമായി സുബ്രമണ്യജ്വരം പിടിച്ചു കിടക്കുന്ന മാഷുമാരിലാരോ ചോദിച്ചു, "അങ്ങോട്ട്‌ തമിഴിലേക്ക് നോക്കു. ആ സുബ്രഹ്മണ്യപുരം കണ്ടില്ലേ?  എന്തിനാ ഇംഗ്ലീഷും കൊറിയെന്നുമൊക്കെ അടിച്ചു മാറ്റുന്നത്?" കേട്ട പാതി കേക്കാത്ത പാതി അണ്ണന്‍മാര് സുബ്രഹ്മണ്യപുരം തന്നെ അങ്ങാട് അടിച്ചു മാറ്റി. ഇനിയാരും ചോദിക്കില്ലല്ലോ.  പക്ഷെ ഒരു കാര്യം മാത്രം അങ്ങട്ട് മറന്നു .. ശശികുമാറും സമുദ്രക്കനിയുമൊക്കെ ഒരു ലോജിക്കിന്റെ പുറത്താ സുബ്രമണ്യപുരം പണിതത്.. പക്ഷെ ഇവിടെ അതല്ല സ്ഥിതി.

മലയാള സിനിമ കാണുമ്പോള്‍ പോളണ്ടിനെ പോലെ ലോജിക്കിനെക്കുറിച്ചും ചോദിക്കരുത് എന്ന സമ്പ്രദായം  നിലവില്‍ വന്നിട്ട് കാലം കുറച്ചായി.. എന്നാലും മരുന്നിനു കുറച്ചൊക്കെ ഒരു ബഹുമാനം  ലോജിക്കിനും കൊടുക്കുന്നത് നല്ലതാണ് എന്ന് ഒരു ചിന്ന അഭിപ്രായം എനിക്കുണ്ട്. പക്ഷെ ഇവിടെ അത്തരത്തിലുള്ള യാതൊരു നിര്‍ബന്ധവും സംവിധായകനും തിരക്കഥ എഴുതിയ ആള്‍ക്കും ഇല്ല എന്നുറപ്പ്.  ആദ്യം ബസ് സ്റ്റോപ്പില്‍ കാണുന്നവനോട് സംസാരിച്ചു തുടങ്ങുമ്പോള്‍ (അതും അയാള്‍ നായകനോട് സംസാരിക്കാന്‍ വലിയ താല്പര്യം ഒന്നും കാണിക്കാത്ത വൈയ്റ്റ് ഇട്ടു നിക്കുന്ന ഒരു ടാവ്)  ജയിലില്‍ നിന്നുള്ള വരവടക്കം തന്റെ ജീവിതകഥ വിളമ്പുന്ന ആഖ്യാനരീതിയില്‍ തന്നെ തിരക്കഥാകൃത്തിന്റെ കൈയ്യടക്ക കുറവ് വ്യക്തമാക്കും. അത് പോലെ തന്നെ വിഷ്ണു ബുദ്ധന്റെ മകനെ ചുമ്മാ എടുത്തടിച്ചു പ്രശ്നം സൃഷ്ടിക്കുന്നതിലും, അല്ല ഇത്തരം കൊട്ടഷന്‍ പാര്‍ട്ടികള്‍ക്ക് ബുദ്ധി കുറവാണ് എന്ന് വിചാരിച്ചാല്‍ പോലും ദഹിക്കാന്‍ ഇത്തിരി വിഷമമാണ് .. കണ്ണടച്ച് തുറക്കുന്ന ക്ഷണത്തില്‍ കോടി കെട്ടിയ വിഷ്ണു ബുദ്ധന്റെ കച്ചവട പങ്കാളികള്‍ ഒക്കെ അങ്ങ് കളം മറിഞ്ഞു ചവിട്ടുന്നതിലും, എട്ടാം ക്ലാസ്സും ഗുസ്തിയും ആയവന്‍ എട് പിടി എന്ന് പറഞ്ഞ കണക്കിന് ഡിസൈനര്‍ ജാക്കെട്ടുകളില്‍ കയറുന്നതിലും ഒക്കെ കല്ല്‌ കടിക്കുന്നുണ്ട്‌.... അങ്ങിനെ കഥയില്‍ വരുത്തുന്ന വഴിത്തിരിവുകള്‍ ഓരോന്നും ഏച്ചുകൂട്ടലാണ് എന്ന് കാണുന്നവര്‍ക്ക് തോന്നും. അത് പോലെ തന്നെ പല സമയത്തും നായകന്‍റെ സോഫെസ്ടിക്കേഷന്‍, അയാള്‍ ഇംഗ്ലീഷ് പദങ്ങള്‍ എടുത്തു പറയുമ്പോള്‍ ആക്സെന്റില്‍ നമുക്ക് പിടി തരും.  

ബാബുരാജ് ഹാസ്യനടനായി ജ്ഞാനസ്നാനം കഴിഞ്ഞാണ് വന്നതെങ്കിലും അദ്ദേഹം തന്റെ അതുല്യഭാവപ്രകടനങ്ങള്‍ പുറത്തെടുത്തു തുടങ്ങും മുമ്പ് തന്നെ അഭിനയിച്ച രണ്ടു വേഷങ്ങളെയും കൊന്നു കളഞ്ഞത്കൊണ്ട് നമുക്കങ്ങു ശരിക്കും ചിരിച്ചു മരിക്കാന്‍ ഒക്കില്ല.. അതിനു പകരം നമ്മളെ ചിരിപ്പിച്ചേ അടങ്ങൂ എന്ന വാശിയോടെ വന്ന കുരുടി എന്നോ മറ്റോ പേരുള്ള മറ്റൊരു അവതാരം സിനിമയില്‍ ഉടനീളം നമ്മുടെ ഞരമ്പിനു പിടിച്ചു വിലസുന്നുണ്ട്. ഇയ്യാളെ ഒന്ന് മൂക്ക് കയര്‍ ഇടാന്‍ ആരുമില്ലേ എന്ന് ആരും അറിയാതെ ചോദിച്ചു പോവും... ചങ്ങാതിയുടെ ഞെക്കി തുറുപ്പിച്ച ഹാസ്യാഭിനയം കണ്ടാല്‍. രോഹിണിയും കുഞ്ചനും സുദേഷ് ബെറിയും മാത്രമേ പിന്നെ കണ്ടു പരിചയം ഉള്ള നടീനടന്മാര്‍ ആയി മുഖം കാണിക്കുന്നുള്ളൂ.. അതില്‍ രോഹിണിയുടെ സെന്റിമെന്റ്സ് രംഗങ്ങള്‍ വരുമ്പോള്‍ ഷെഹനായി അടിച്ചത് സീരിയസ് ആയിട്ടാണെങ്കില്‍ പരമ ബോറായി, തമാശക്കാണെങ്കില്‍ അത് ത്രീ ഇടിയറ്സില്‍ നിന്നും കോപ്പിയടിയും ആയി..  ഇങ്ങനെ ഒക്കെ പറയുമ്പോഴും ഒരു കാര്യത്തില്‍ ദോഷം പറയരുതല്ലോ. യുവരാജാവ് നല്ല പണിയറിയുന്ന തച്ചന്മാരുടെ കൈയ്യില്‍ കിട്ടിയാല്‍ പാസ്സ് മാര്‍ക്ക് വാങ്ങി കടന്നു കൂടും എന്ന് തോന്നുന്നു.. അതിനുള്ള വെടിയും  പുഹയുമൊക്കെ സ്റൊക്കുണ്ട്. സ്ഥായിയായ ഭാവം മസിലുപിടിയായത് കൊണ്ട് ഈ പാര പ്രിഥ്വിക്കാണ്‌ എന്നാണു ആദ്യ വിലയിരുത്തല്‍

പടത്തിന്റെ ടൈറ്റില്‍ കാര്‍ഡ് അടിക്കുമ്പോള്‍ കാണിക്കാന്‍ ഷൂട്ട്‌ ചെയ്തു വെച്ച് പിന്നീട് ഒഴിവാക്കിയ രംഗം: സംവിധായകന്റെ പൂജാമുറി, ഫ്രെയിം ചെയ്തു വെച്ചിരിക്കുന്ന നാല് ഫോട്ടോകള്‍, അതിനു മുമ്പില്‍ ധ്യാന നിമഗ്നനായി കൈയ്യില്‍ മണിയുമായി അദ്ദേഹം ...  "ഓം രാം ഗോപാല്‍ വര്‍മ്മായ നമഹ... ഓം ശശികുമാരായ നമഹ... ഓം സമുദ്രക്കനിയായ നമഹ... ഓം ക്വെന്റിന്‍ ടാരന്റിണോആയ നമഹ.."

അടിക്കുറിപ്പ്: മധ്യവയസ്സുകഴിഞ്ഞ സൂപ്പര്‍ താരങ്ങളും, സൂപ്പര്‍ സംവിധായകരും ഒക്കെ മാറി നില്‍ക്കണം എന്ന് പറയുമ്പോള്‍ നമ്മള്‍ ഓര്‍ക്കേണ്ട ഒരു കാര്യം ഉണ്ട്... ഇതുവരെ കണ്ട പുതുനാമ്പുകളില്‍ ഒന്നിന് പോലും അങ്കിള്മാര് ഇനി ഒന്ന് മാറി നിന്നേ ഞങ്ങള്‍ പിള്ളേര് പുതിയ കളി കളിച്ചു കാട്ടി തരട്ടെ എന്ന് ആത്മവിശ്വാസത്തോടെ പറയാന്‍ കഴിയുമെന്ന് എനിക്ക് തോന്നിയിട്ടില്ല. ഇതുവരെ കണ്ടിട്ടുള്ള പിത്തളയും പാട്ടയുമൊക്കെ ഒന്ന് തിളങ്ങിക്കിട്ടാന്‍ നല്ല പോലെ പഴയ പുളിയിട്ടു ഒരു പാട് ഉരച്ച് തള്ളേണ്ടി വരും..

വെള്ളിയാഴ്‌ച, ജനുവരി 27, 2012

ഈ കാസ നോവും ... നല്ല പോലെ നോവും

കാസനോവയുടെ വെള്ളികാസയില്‍ നിന്നും പ്രണയത്തിന്റെ മുന്തിരിച്ചാര്‍ നുണയാന്‍ ഓടിയെത്തുമ്പോള്‍, നല്ല കട്ടി വെള്ളി കൊണ്ടുള്ള കാസയെടുത്തു നെറുകില്‍ തന്നെ ഊക്കന്‍ ഒരേറു വെച്ച് കിട്ടിയാല്‍ എങ്ങിനെ ഉണ്ടാവും.. അതന്നെ നൊന്തു... നല്ലപോലെ നൊന്തു.

"ആറ്റിലേക്കച്ചുതാ ചാടല്ലേ ചാടല്ലേ..." എന്ന് സാമാന്യ ബുദ്ധി പലവട്ടം പറഞ്ഞതാ. ഒന്നും നോക്കാതെ എടുത്തുചാടി. ഉറുപ്പിക ഇരുനൂറ്റമ്പത് മള്‍ട്ടിപ്ലെക്സിന്റെ നടക്കല്‍ വെച്ച് കൈകൂപ്പി തൊഴുതു എടുത്തു ചാടി. മുഖ്യ പരികര്‍മികളുടെ സ്ഥാനത് സിനിമേടെ തച്ചു പണി തരക്കേടില്ലാതെ ചെയ്യാന്‍ അറിയുന്നവര്‍ എന്ന് കരുതിയിരുന്ന (ഓരോരോ തെറ്റിധാരണകളേ) രണ്ടു പിള്ളാരുടെ പേരുണ്ടായിരുന്നു. പിന്നെ ഉള്ളില്‍ എവിടെയോ പതുങ്ങിയിരുന്ന, ആസന്നമരണം കാത്തു, കൊമാറ്റൊസ്സില്‍ കിടക്കുന്ന മോഹന്‍ലാല്‍ എന്ന നടനോടുള്ള പഴകിയ ഒരു ആരാധനയുടെ തിരുശേഷിപ്പും. ഇന്നലെ ആദ്യ ഷോവിനു ടിക്കറ്റ്‌ കിട്ടാതെ ദൈവത്തിന്റെ ഭാഗത്ത്‌ നിന്ന് നല്ലൊരു ഒരു സഹായം ഉണ്ടായതാ. അത് കൊണ്ട് തന്നെ ഇത് വരെ എഴുതപെട്ട റിവ്യൂകള്‍ ചിലത് (കൂട്ടത്തില്‍ പലപ്പോഴും അഭിപ്രായ ഐക്യം തോന്നിയിരുന്ന അന്നമ്മക്കുട്ടിയുടെത് അടക്കം) വായിച്ചു നോക്കാനും സാവകാശം കിട്ടി... പക്ഷെ എന്ത് പറയാനാ.. വരാനുള്ളത് വഴിയില്‍ തങ്ങില്ലല്ലോ. ഇന്നലെ ബുക്ക്‌ ചെയ്ത ടിക്കറ്റ്‌ ക്യാന്‍സല്‍ ചെയ്യാനുള്ള മടിയാണോ, വേറെ പ്രത്യേകിച്ച് വാരാന്ത്യത്തില്‍ ഒന്നും ചെയ്യാന്‍ ഇല്ലാത്തത് കൊണ്ടോ, അതോ ഓണ്‍ലൈനില്‍ കിട്ടാത്തത് കൊണ്ട് നട്ടുച്ചയ്ക്ക് തന്നെ റിപ്പബ്ലിക് ദിനത്തില്‍ ഉച്ചയുറക്കം ഉപേക്ഷിച്ചു കാറോടിച്ചു പോയി ടിക്കറ്റ്‌ വാങ്ങി വന്ന സ്നേഹിതനോടുള്ള സഹതാപമോ.. ഏതായാലും ഒരുങ്ങികെട്ടി ഇറങ്ങിയപ്പോള്‍ ഇത്രയും പ്രതീക്ഷിച്ചില്ല..

സിനിമ വരും മുമ്പേ തന്നെ പലരും പരിഹാസത്തോടെ ചോദിച്ചു കേട്ടത് ഒരു ചോദ്യമാണ്. ചീര്‍ത്ത കവിളുകളും, ഉന്തിയ കുടവയറും, പ്രായം മറച്ചു വെക്കാത്ത താഴ്ന്നു തൂങ്ങുന്ന കണ്‍പോളകളും, ചുളിവു മറയ്ക്കാത്ത താടിയും, ആയി പൊരിവെയിലിലും കൊട്ടും സൂട്ടുമിട്ട് മഫ്ലറും കഴുത്തില്‍ ചുറ്റി നടക്കുന്ന കിഴവന് ചുറ്റും ഏതു തരുണീമണികള്‍ ആണ് വെട്ടുകിളികളെ പോലെ ആര്‍ത്തു വന്നു പൊതിയുക എന്ന്. പക്ഷെ അനുഭവം മറിച്ചാണ്,  ഇതിനേക്കാള്‍ പ്രായമുള്ള, നരച്ച താടിയും, ചീര്‍ത്ത കവിളും, കഴുത്തില്‍ സ്വര്‍ണ ചങ്ങലയുമിട്ടു,  നടക്കുന്ന ഒരു കുടവയറന്‍ കുള്ളനു ചുറ്റും ഇന്ത്യയിലെ എണ്ണം പറഞ്ഞ "സൌന്ദര്യധാമങ്ങള്‍" ചക്കരയില്‍ ഈച്ച പോലെ വരിഞ്ഞു പൊതിയുന്നത് ഈ രണ്ടു കണ്ണുകള്‍ കൊണ്ട് ഞാന്‍ കണ്ടിട്ടുണ്ട്. അത്കൊണ്ട് എല്ലാവരും പറയുന്ന പോലെ അതില്‍ മാത്രം, വലിയ ഒരു അസ്വാഭാവികത ഒന്നും തോന്നിയില്ല. പലപ്പോഴും കണ്ടിട്ടുള്ളത് പറയുക ആണെങ്കില്‍, ഏറ്റവും സെക്സ് അപ്പീല്‍ ഉള്ളത് സിക്സ് പാക്കിനോ, ഏഴു പാക്കിനോ, "ഒടുക്കത്തെ ഗ്ലാമറിനോ", സൈസ് സീറോവിനോ അല്ല. മല്ലയ്യയും അംബാനിയും ഒക്കെ കൈയിലിട്ടു അമ്മാനമാടുന്ന ഗാന്ധിത്തല വരച്ചു റിസര്‍വ് ബാങ്ക് കമ്മട്ടത്തില്‍ അടിച്ചു വിടുന്ന പെടപെടക്കണ ചുവന്ന കടലാസ്സു കേട്ടുകള്‍ക്കാണ്. അതുപോലെ തന്നെ "പൊസിഷന്‍ പവര്‍" (അധികാരത്തിന്റെ ശക്തി) എന്ന് പറയുന്ന സാധനത്തിനും... അവിടെ പ്രായവും, ബാഹ്യരൂപവും ഒന്നും ഒരു വിഷയമേ അല്ല.. അതിന്റെ ഒരു സെക്സ് അപ്പീലിന് മുന്‍പില്‍ മുട്ടിലിഴയാനും വാലിട്ടടിക്കാനും മുതിരാത്ത അധികം തരുണീരത്നങ്ങളും പുരുഷകേസരികളും ഉണ്ട് എന്ന് എനിക്ക് തോന്നിയിട്ടില്ല.(അത് നല്ലതാണോ അല്ലെങ്കില്‍ ആശാസ്യമായ കാര്യമാണോ എന്ന വിധിയൊന്നും പ്രസ്ഥാവിക്കല്‍ അല്ല എന്റെ ഉദ്ദേശം. നിര്‍ഭാഗ്യവശാല്‍ അങ്ങിനെ ഒരു അവസ്ഥ സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട് എന്ന് പറഞ്ഞു വെക്കുന്നു എന്ന് മാത്രം). അത് കൊണ്ട് ആ ഒരു മുന്‍വിധിയോടെ അല്ല ഞാന്‍ സിനിമ കാണാന്‍ ഇരുന്നത്. ഇതിന്റെ തന്നെ മറ്റൊരു വേര്‍ഷന്‍ അല്ലേ റെഡ് ചില്ലീസ് എന്നാ ഷാജി കൈലാസ് പടത്തില്‍ അദ്ദേഹം വേഷമിട്ട ഓ എം ആര്‍ എന്ന കാസനോവ?. പക്ഷെ ഈ കാസനോവയുടെ പ്രായത്തെക്കാളും ബാഹ്യരൂപത്തെക്കാളും കാതലായ പ്രശ്നം ഭാവനാശൂന്യവും സാമാന്യബുദ്ധിക്കു നിരക്കാത്തതുമായ പാത്രസൃഷ്ടിയാണ്. വാലും മൂടും ഇല്ലാത്ത ആ കഥാപാത്രം അടിതൊട്ടു മുടി വരെ ലോജിക്കില്ലാത്ത ഒരു വിചിത്ര സൃഷ്ടിയാണ്.. അതവിടെ നിക്കട്ടെ...

ഇനി പടം ഓടിക്കൊണ്ടിരുന്ന മൂന്നോളം മണിക്കൂര്‍...  അതൊന്നു കഴിച്ചു കൂട്ടണമെങ്കില്‍ ക്ഷമ കുറച്ചൊന്നുമല്ല വേണ്ടത്..ടൈറ്റില്‍ കാര്‍ഡ് തെളിഞ്ഞപ്പോള്‍ തന്നെ ആടിക്കുഴഞ്ഞ  നായകന്‍റെ കൃഷ്ണവേഷം വരാനിരിക്കുന്ന വിപത്തിനെക്കുറിച്ച് വ്യക്തമായ സൂചന നല്‍കി. ഈ പരിപാടിയും കൊണ്ട് ഏതറ്റം വരെ പോകും എന്ന് കാണട്ടെ, എന്നൊരോറ്റ ലാക്കും വെച്ച് കുറച്ചാളുകള്‍ മുഴുവന്‍ കണ്ടിരുന്നെക്കാം എന്നൊരു പ്രതീക്ഷയില്‍ ആണ് എന്ന് തോന്നും സംവിധായകനും തിരക്കഥാകൃത്തുക്കളും ഈ സാഹസത്തിനു മുതിര്‍ന്നത്. ഇറ്റാലിയന്‍ ജോബും ഇന്സൈടരും ഒക്കെ കണ്ടു,  ഹൈടെക് മോഷണം (high-tech heist) എന്ന ഒരൈറ്റം അങ്ങോട്ട്‌ തട്ടിക്കൂട്ടി അവതരിപ്പിച്ചാല്‍  സംഗതി, ഒരു പുതുമയായി , തികച്ചും ഇന്റര്‍നാഷണല്‍ ലെവലില്‍ ആയി എന്നൊക്കെയുള്ള ഒരു ധാരണ നമ്മുടെ സാറന്മാര്‍ക്ക്‌ ഉണ്ട് എന്ന് തോന്നുന്നു. കുറച്ചു സര്‍ക്കസ് അഭ്യാസം ഒഴിച്ചുകൂട്ടിയാല്‍ ഈ പമ്പര വിഡ്ഢികളുടെ മോഷണ പരിപാടികളില്‍ ഹൈടെക്ക് ആയി ഒരു കുന്തവും ഇല്ല. പമ്പര വിഡ്ഢികള്‍ എന്നത് കൊണ്ട് ഉദ്ദേശിച്ചത്, സംവിധായകനും രചയിതാക്കളും, സാമാന്യ ബുദ്ധി പോലും ഇല്ലാത്ത മട്ടിലാണ് ഈ കഥാപാത്രങ്ങളെ സൃഷ്ടിച്ചിരിക്കുന്നത്. കല്യാണ പാര്‍ട്ടിയുടെ കൂടെ കനത്ത സെക്യൂരിറ്റി ഉണ്ടെന്നു പറയപ്പെടുന്ന ഒരു ഹോട്ടലില്‍ കയറി പറ്റാനും അവിടെ കറങ്ങി കടക്കാനും കാണിച്ചു കൂട്ടുന്ന വിക്രിയകള്‍, പിന്നെ "ഗള്‍ഫിലെ കന്യാസ്ത്രീ മഠത്തില്‍" (കണ്ണാടി വിശ്വനാഥന്റെ സി ഐ ഡി മൂസ കഥകളിലെ ഡല്‍ഹി കടപ്പുറം പോലെ - ഇതിലും വലിയ തമാശ വേറെ വേണോ) കയറി പകല്‍ വെട്ടത്തില്‍ അവര്‍ തലകുത്തി മറിഞ്ഞു നടത്തുന്ന, ഇന്റര്‍നാഷണല്‍ തെഫ്റ്റ്‌ ട്രെയിനിംഗ് അകടെമിയുടെ പൊതു നിരത്തിലും നഗര മദ്ധ്യത്തിലും ഉള്ള ട്രെയിനിംഗ് പരിപാടികള്‍,  തങ്ങളെ പോലിസ് തിരിച്ചറിഞ്ഞു കഴിഞ്ഞും ഒരു ഒളിവും കൂടാതെ ഊര് ചുറ്റി സ്വൈരവിഹാരം (അതും സാദാപോലീസല്ല ഇന്റെര്പോള്... ഇന്റെര്പോള് ...)  ഇതൊക്കെ കാണിക്കുന്ന തസ്കരന്മാര്‍ മണ്ടന്മാരായിരിക്കാം, അവരെ സൃഷ്ടിക്കുന്ന തിരക്കഥാകൃത്തുക്കളും, സംവിധായകനും  മണ്ടന്മാരായിര്‍ക്കാം, അത് പിടിക്കാന്‍ കാശ് മുടക്കുന്ന നിര്‍മാതാവും മണ്ടനാവാം... പക്ഷെ കാണുന്ന പ്രേക്ഷകര്‍ എല്ലാം അങ്ങിനെ ആവണം എന്ന് നിശ്ചയിക്കരുത് (ഈ വരികള്‍ക്ക് സന്തോഷ്‌ പണ്ടിട്ടിനോട് നന്ദി).

ഫാസ്റ്റ് കാറുകള്‍,  വിദേശ കാഴ്ചകള്‍, ആധുനിക വസ്ത്രധാരികള്‍ ആയ നടീനടന്മാര്‍, തോക്കും, ഹെലികോപ്പ്ടറും കിടുമണ്ടിയും.... ഇടയ്ക്കു പുട്ടിനു പീര പോലെ ഇന്റര്‍പോള്‍ എന്നൊക്കെയുള്ള പേച്ച്, കൂട്ടത്തില്‍ ഓഷോ ലാലിന്റെ പ്രണയത്തെ പറ്റിയുള്ള പൈങ്കിളി ഫിലോസഫിയും..... അത്രയും ആയാല്‍ പോരെ... പിന്നെ "കഥ" എന്ന സാധനത്തിന്റെ എന്താവശ്യം അല്ലേ? "ട്രീറ്റ്മെന്റ്" ആണ് എല്ലാം എന്ന സ്കൂളില്‍ തന്നെയാണ് റോഷന്‍ സാറിന്റെ പഠിപ്പും പ്രാക്ടീസും എന്ന് ഉദയനാണ് താരത്തിന്റെ തുടക്കത്തില്‍ മോഹന്‍ലാലിനെ കൊണ്ട് ഫോട്ടം വെച്ച് പൂജിപ്പിച്ച ചില പദ്മശ്രീ മോന്തകള്‍ കണ്ടപ്പോള്‍ തന്നെ തോന്നിയിരുന്നു. എന്നാല്‍ ഈ സിനിമയില്‍ ആ ട്രീറ്റ്‌മെന്റില്‍ പോലും പറയത്തക്ക ഒരു പുതുമയോ, ആകര്‍ഷണീയതയോ, അഴകോ ഇല്ലാ എന്നത്  ഈ തലമുറയ്ക്ക് നന്നായി മനസ്സിലാകും. കുറച്ചു ദുബൈയുടെ കാഴ്ചയില്‍ തിളങ്ങുന്ന ധാരാളിത്തം, അത്ര മാത്രം.. പിന്നെ കൊട്ടിഘോഷിക്കുന്ന സാങ്കേതിക മികവ്.. അതില്‍പോലും ഇവരൊക്കെ മുടക്കി എന്നവകാശപ്പെടുന്ന കോടികള്‍ക്കും, നാലഞ്ചു വര്‍ഷത്തെ അദ്ധ്വാനത്തിനും വേണ്ട അളവിലുള്ള ഒരു കുതിച്ചു ചാട്ടം ഒന്നും പ്രേക്ഷകര്‍ക്ക്‌ കാണാന്‍ കഴിയുന്നില്ല.. ഇതിലും എത്രയോ മടങ്ങ്‌ സാങ്കേതിക മികവ് ഷാജി കൈലാസ്, വി കെ പ്രകാശ് എന്നിവരുടെ ഒട്ടു മിക്ക ചിത്രങ്ങള്‍ക്ക് ഉണ്ട്. ത്രസിപ്പിക്കുന്ന സംഘട്ടന രംഗങ്ങള്‍ എന്നൊക്കെ പറഞ്ഞു കാട്ടിക്കൂട്ടുന്ന കോപ്രായങ്ങള്‍. പഴയ കുറെ ജാക്കി ചാന്‍ പടങ്ങളും കണ്ടു നമ്മുടെ മച്ചാന്മാര്‍ക്കും ഇതൊക്കെ പറ്റും എന്നങ്ങു തീരുമാനിച്ചു എന്ന മട്ടിലാണ് ചെയ്തിരിക്കുന്നത്. പഴയ ത്യാഗരാജന്‍ മാസ്റെരുടെ അഭ്യാസികള്‍ ചെയ്യുന്ന കാര്‍ട്ട് വീലും കുത്തിമറയലും തന്നെ. ശ്രീമാന്‍ കാസനോവ ഒരു ഇന്റര്‍നാഷണല്‍ ബിസ്സിനെസ്സ് മാഗ്നെറ്റ് ആണ് എന്നല്ലേ വെപ്പ്.. പക്ഷെ അയാള്‍ക്ക്‌ വേണ്ടി വസ്ത്രങ്ങള്‍ തിരഞ്ഞെടുത്ത മഹാരഥന്‍ ആരായാലും സമയം കിട്ടുകയാണെങ്കില്‍ ഒന്ന് രണ്ടു ഇന്റര്‍നാഷണല്‍ ഫാഷന്‍ മാഗസിനുകള്‍ തുറന്നു നോക്കുന്നത് നല്ലതാണ്. ഇത്തരം ചീപ്പ്‌ ആയ ഫാന്‍സി സൂട്ടുകള്‍ എവിടുന്നു സംഘടിപ്പിച്ചുവോ ആവോ?

ഇനി പെര്‍ഫോര്‍മന്‍സ്... മോഹന്‍ലാലിന്റെ ചേരാത്ത വേഷത്തില്‍ കയറി അനുഭവിക്കുന്ന വീര്‍പ്പുമുട്ടല്‍ ആദ്യ ഫ്രെയിം മുതല്‍ തന്നെ കാണാന്‍ സാധിക്കുന്നുണ്ട്. അത് ശരീര ഭാഷയിലും ഭാവങ്ങളിലും വ്യക്തം. കൂടാതെ ഒരു കാര്യം ഞാന്‍ ശ്രദ്ധിച്ചു, ഇക്കഴിഞ്ഞ ഏഷ്യാനെറ്റിന്റെ അവാര്‍ഡ് നിശയില്‍ ഉടനീളം അദ്ധേഹത്തിന്റെ മുഖത്ത് കളിയാടിയിരുന്ന ബ്ലാങ്ക് ആയ ഒരു ഭാവം... അത് തന്നെയാണ് ഈ സിനിമയിലും പലപ്പോഴും ആ മുഖത്ത് ദൃശ്യമായിരുന്നത്. ഉറക്കത്തില്‍ നടക്കുന്ന പോലുള്ള ഒരു തോന്നല്‍ ഉണ്ടാകുന്നു പലപ്പോഴും. വല്ലാത്ത വിഷമം തോന്നി... ഒരു മഹാനടന്റെ അധ:പതനം പൂര്‍ണമാക്കുന്ന വേദനിപ്പിക്കുന്ന ആ കാഴ്ച.

അതുപോലെ അഭിനയം എന്നതിന് "ഫാഷന്‍ പരേഡ്" എന്ന് ഒരു അര്‍ഥം ഉണ്ടെങ്കില്‍, നായികമാരെ റാമ്പ് മോഡല്കളായി  കണക്കാക്കാമായിരുന്നു... പക്ഷെ അപ്പോഴും അതിനും കൊള്ളാത്ത റോമയെ എവിടെ കൊള്ളിക്കും. കൂട്ടത്തില്‍ സഞ്ജന എന്ന് പറഞ്ഞ ആ കന്നഡ നടിയുടെ റോള്‍ എന്താണ് എന്ന് എനിക്ക് ഇതു വരെ പിടി കിട്ടിയിട്ടില്ല. ചേരാത്തത് ചേര്‍ത്ത് വെക്കുന്നത്തിലെ രസക്കേട് ശ്രീയാ സരനും മോഹന്‍ലാലും തമ്മിലുള്ള രംഗങ്ങളില്‍ വ്യക്തം. പിന്നെയുള്ള അഭിനേതാക്കള്‍ .. എല്ലാം അത്പോലെ തന്നെ, ലാലു അലെക്സ് ലാലു അലെക്സായും ശങ്കര്‍, ശങ്കര്‍ ആയും നില്‍ക്കുന്നു... കൂട്ടത്തില്‍ ഒന്ന് കൂടി പറയട്ടെ, റിയാസ് ഖാന്‍ എന്ന് പറയുന്ന വ്യക്തി ദയവു ചെയ്തു അഭിനയിക്കാന്‍ ശ്രമിക്കരുത്.. അദ്ദേഹം മസില്‍ വിറപ്പിച്ചു വില്ലന്റെ പിറകില്‍ നിന്നോട്ടെ... ഒരു അപേക്ഷ ആണ്. ആദ്യമായി മുഖം കാണിക്കുന്ന നാല് കള്ളന്മാരെ പാറ്റി ഒന്നും പറയുന്നില്ല... എന്തും വലിച്ചു വാരി അഭിനയിച്ചു (അവയില്‍ മിക്കതും നന്നാക്കുന്ന) ജഗതിയെ പറ്റിയും...

ഈ സിനിമ പ്രതിനിധാനം ചെയ്യുന്ന പ്രതിലോമ രാഷ്ട്രീയത്തെ പറ്റിയോ , അല്ലെങ്കില്‍ അതിലെ സ്ത്രീ വിരുദ്ധതയെ പറ്റിയോ , അധികം ഒന്നും ഇവിടെ പ്രതിപാദിക്കാന്‍ ഉദ്ദേശം ഇല്ല. അത് തുടക്കം മുതല്‍ ഒടുക്കം വരെ നാറി പുളിച്ചു കിടക്കുന്നുണ്ട് എന്ന്  ഒറ്റ വാചകത്തില്‍ ഒതുക്കുന്നു . അതിനെ വായിച്ചും അതിവായിച്ചും പ്രൊഫഷണല്‍ റിവ്യൂകാരന്മാര്‍ കൊന്നു കൊലവിളിച്ചു കൊള്ളും. പക്ഷെ അങ്ങിനെ പറയുമ്പോള്‍ തന്നെ കുടുംബസമേതം സിനിമ കാണുന്നവര്‍ക്ക് അസ്വസ്ഥത ഉണ്ടാക്കുന്ന വിധത്തിലുള്ള ദ്വയാര്‍ത്ഥ സംഭാഷണങ്ങളെ പറ്റി പരാമര്‍ശിക്കാതെ വയ്യ. സഭ്യതയുടെ എല്ലാ അതിര്‍ത്തിയും തകര്‍ത്തു കത്തി കയറുകയാണ്, പല സന്ദര്‍ഭങ്ങളിലും സംഭാഷണങ്ങള്‍.

ഈയ്യിടെയായി കാണുന്ന ആ പ്രവണത. അത് സിനിമയിലായാലും സ്റ്റേജ് / ടി വി ഷോകള്‍ക്കായാലും, തരം താണ രീതിയിലുള്ള ആ സംഭാഷണങ്ങളും പരാമര്‍ശങ്ങളും... പൊതുജനം കുടുംബസമേതം കാണുന്ന മാധ്യമങ്ങള്‍ അത് ഒഴിവാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. നമ്മള്‍ ഒട്ടൊക്കെ സാമൂഹ്യ പ്രതിബദ്ധത ഉണ്ട് എന്ന് കരുതിയ ബോബി സഞ്ജയ്‌ എന്ന എഴുതുക്കാരില്‍ നിന്ന് ഉണ്ടാവുമ്പോള്‍.. കൂടുതല്‍ അപകടകരമായി തോന്നുന്നു. ക്രിസ്ത്യന്‍ ബ്രെതെര്സ്, ചൈന ടൌണ്‍, പോക്കിരിരാജ എന്നീ ഉന്നത കലാസൃഷ്ടികളെ വന്‍ വിജയമാക്കിയ "പ്രബുദ്ധ കേരളം" ഒരു പക്ഷെ കാസനോവയേയും വിജയിപ്പിക്കും എന്ന് വേണമെങ്കില്‍ നിര്‍മാതാക്കള്‍ക്ക് വേണമെങ്കില്‍ ആശിക്കാം... അല്ല വ്യാമോഹിക്കാം. അത്ര മാത്രം

ഒടുവില്‍ ഒരു വാക്ക്... ഒരു നല്ല സിനിമ നിര്‍മിക്കാന്‍ ഒരു നല്ല കഥ വേണം എന്ന സത്യത്തിനു അടിവരയിട്ടു  റോഷന്‍ ആണ്ട്രൂസും, ശ്രീനിവാസനും  ചേര്‍ന്ന് മുമ്പൊരിക്കല്‍ പുറത്തിറക്കിയ സിനിമയാണ് ഉദയാനാണ്‌ താരം.  അത് സമയം കിട്ടുമ്പോള്‍ രണ്ടു പേരും ചേര്‍ന്നിരുന്നു ഒരിക്കല്‍ കൂടി വിശദമായി കണ്ടാല്‍ നന്നായിരിക്കും... പ്രത്യേകിച്ച് ഈ കാസനോവയും സരോജ് കുമാറുമൊക്കെ പടച്ചു വിട്ട ഈ അവസരത്തില്‍ . അത്പോലെ തന്നെ അതിലെ പച്ചാളം ഭാസി പറയുന്ന പോലെ "സംവിധാനം എന്നാല്‍ കഴിവുള്ളവര്‍ക്ക് പറഞ്ഞിട്ടുള്ള കാര്യം തന്നെയാണ് " എന്ന് വടിവൊത്ത അക്ഷരത്തില്‍, വീട്ടില്‍, കിടപ്പ് മുറിയില്‍ ഉറക്കം എഴുന്നേറ്റു വരുമ്പോള്‍ വായിക്കാന്‍ തക്ക പാകത്തിന്, ഒന്ന് കുറിച്ചിടുന്നതും നല്ലതാ... . ഇതാ മോന്തായതിലിരുന്നു പല്ലി ചിലച്ചു...