ഇടവേള കൃത്യമായി പകുക്കുന്ന രണ്ടു ഭാഗങ്ങൾ.. രണ്ടു സിനിമകൾ പോലെ തോന്നുമ്പോഴും, പറയാം ഈ മീനുകൾ നമ്മെ മറ്റൊരു ലോകത്തേക്ക് കൊണ്ട് പോവും. നമുക്ക് ഇതുവരെ പരിചിതമല്ലാത്ത കാഴ്ചകളിലേക്ക്, ശബ്ദങ്ങളിലേക്ക്, ജീവിതങ്ങളിലേക്ക്.... ക്രാഫ്റ്റിൽ കൃതഹസ്തരായ സംവിധായകരെ അനുസ്മരിപ്പിക്കുന്ന അജിത് പിള്ളയ്ക്ക് ഒരു പക്ഷെ കൈ വിട്ടു പോയത് സ്ക്രിപ്റ്റിൽ ആണ് എന്ന് തോന്നുന്ന രീതിയിൽ ആണ് ചിത്രത്തിന്റെ ഘടന .. എന്നാൽ എക്കും പോക്കും ഏണും കോണും ഒക്കെയായി ഒരു ഒതുക്കമില്ലാതെ കിടക്കുന്ന തിരക്കഥയുടെ പരിമിതികൾ അതിസുന്ദരമായ ദൃശ്യഭാഷയിലൂടെ മറി കടക്കാൻ ശ്രമിച്ചതും അതിൽ ഒരു പരിധി വരെ വിജയം നേടിയതും അഭിനന്ദനാർഹം തന്നെയാണ് എന്ന് പറയണം.
തുടക്കം ആമേനിന്റെ തുടർച്ചയായി തോന്നലുണർത്തിയത് സ്വാഭാവികമാണ് എന്ന് കരുതാൻ വയ്യ. അഭിനന്ദും, പ്രശാന്ത് പിള്ളയും, സ്വാതി റെഡഡിയും ഒക്കെ ഇവിടെയും സാന്നിധ്യമാവുന്നത് ആമെനിന്റെ സ്വാധീനം അടയാളപ്പെടുത്തുന്നു. എന്നാൽ നെടുമുടി വേണുവും മറ്റും ഒരു നിഴൽ പോലെ വന്നു മറയുന്ന ആ ഒരു തുടക്കം കടന്ന് പുരോഗമിക്കുമ്പോൾ അന്തരീക്ഷത്തിലും... ആഖ്യാനത്തിലും ഈ കുതിരമീനുകൾക്ക് അതിന്റെതായ തന്മയത്വവും നൈസർഗീക ഭാവങ്ങളും കൈവരുന്നുണ്ട്. ആസിഫ് അലി അവതരിപ്പിക്കുന്ന അലക്സിയുടെ പുരാവൃത്തവും അദ്ദേഹത്തെ കൂടാതെ സണ്ണി വെയിൻ കൂടി അടങ്ങുന്ന കാസ്റ്റും ഒക്കെ ഒരു ക്ലീഷേഡ് "ന്യൂ ജനറേഷൻ" ലേബൽ നമുക്ക് മുൻവിധിയായി നൽകുന്നുണ്ടെങ്കിലും, ഇത് ആ കമ്മട്ടത്തിൽ അടിച്ച ആത്മാവില്ലാത്ത മറ്റൊരു കോലക്കാഴ്ച അല്ല പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. ബലമായി കുത്തി കയറ്റുന്ന "ട്വിസ്ടുകളെ" ഒഴിവാക്കി ചിരപരിചിതമാല്ലാത്ത ജീവിതങ്ങളും ഭാഷയും ബന്ധങ്ങളും പശ്ചാത്തലവും ഒക്കെ ഉപയോഗിക്കുന്നതിലൂടെ പ്രേക്ഷകന് പുതുമ സമ്മാനിക്കാൻ തന്നെയാണ് സൃഷ്ടാക്കളുടെ ശ്രമം. .
വ്യത്യസ്ത സാഹചര്യങ്ങളിൽ നിന്നും വരുന്ന തികച്ചും വിരുദ്ധമായ കാഴ്ചപ്പാടുകളും അനുഭവങ്ങളും ജീവിത വീക്ഷണങ്ങളും ഉള്ള രണ്ടു കഥാപാത്രങ്ങളുടെ ജീവിതങ്ങൾ ഒരു ഘട്ടത്തിൽ പരസ്പരം കൂട്ടിമുട്ടുമ്പോൾ ഉണ്ടാവുന്ന ഒരു ഫ്രിക്ഷനും ... തുടർന്നുണ്ടാവുന്ന ബോണ്ടിങ്ങും ഒക്കെ കാലാകാലങ്ങളായി അനുവാചർക്ക് പരിചിതമായ ഒരു ടെമ്പ്ലേറ്റ് ആണ്. അതിലെക്കെത്തിക്കുന്ന അലക്സിയുടെ പുരാവൃത്തവും ജയിൽ വാസവുമൊക്കെ വെറുതെ നീട്ടി വലിച്ച പ്രതീതിയാണ് ഉണ്ടാക്കിയത്. എന്നാൽ അവിടെ നിന്നും ഐക്ബറലിയും ഈസയും തമ്മിലുള്ള "പ്രണയം" വിരിയുന്ന കാഴ്ചകളിൽ ചെന്നെത്തുമ്പോൾ വെണ്മണൽ മെല്ലെ ചുംബിച്ചകലുന്ന കുഞ്ഞലകൾ പോലെ വന്ന് മറഞ്ഞത് കണ്ടുമതിയായില്ല. ആഴക്കടലിലെ തിമിംഗല വേട്ടയും, ചിപ്പിയും പവിഴപ്പുറ്റുകളും വർണ്ണ മത്സ്യങ്ങളും ഒക്കെ മിഴിവ് പകരുന്ന സമുദ്രാന്തര ദൃശ്യങ്ങളും ഒക്കെ ഇത് വരെ കാണാത്ത ദൃശ്യവിസ്മയങ്ങൾ ആണ് മലയാള സിനിമയ്ക്ക് സമ്മാനിക്കുന്നത്.
അഭിനേതാക്കളിൽ ആസിഫലി തന്റെ പല മുൻകാല വേഷങ്ങളിൽ കണ്ട അതെ ആസിഫലിയെയും ... സണ്ണി വെയിൻ അന്നയും റസ്സൂലിലും കണ്ട അതെ ആഷ്ലിയേയും ... എന്തിന്, ജയിലർ മാത്തുക്കുട്ടി ആയി വരുന്ന ജോജു പോലും തന്റെ തന്റെ ഹോട്ടെൽ കാലിഫോർണിയായിൽ കണ്ട പോലീസ് കഥാപാത്രത്തെയും തങ്ങളുടെ പെർഫോമൻസ് കൊണ്ട് അനുസ്മരിപ്പിച്ചു എന്ന് പറയുന്നത് ഒരു പോരായ്മയാണ്. ജനനി അയ്യർക്കും, സ്വാതി റെഡഡിയ്ക്കും നയനഹാരിയായ സുന്ദര സാന്നിധ്യമാവുന്നതിൽ കവിഞ്ഞൊന്നും ഇവിടെ ചെയ്യാനുമില്ല. ദ്വീപിന്റെ വാമൊഴിയുടെ സൌന്ദര്യം മലയാളിക്ക് മുന്നിൽ മറ്റൊരു പുതുമയാവുമ്പോൾ, സംഗീതവും പലയിടങ്ങളിലും കുറച്ചൊക്കെ ലൌഡ് ആയാലും പ്രമേയത്തോട് ഇഴയടുപ്പത്തോടെ നിൽക്കുന്നു .. ഞാൻ കണ്ട തീയറ്ററിലെ പ്രോജെക്ഷനിലെ സാങ്കേതിക തകരാറ് കൊണ്ടാണ് എന്ന് തോന്നുന്നു ദൃശ്യങ്ങൾ പലയിടത്തും അതിന്റെ സ്വാഭാവികമായ മിഴിവ് ചോർന്നുകൊണ്ടാണ് മുന്നിലെത്തിയത്. എന്തൊക്കെയായാലും "ന്യൂ ജനറേഷൻ" എന്ന ബ്രാൻഡ് കൊണ്ട് ഇത് വരെ നമ്മുടെ മനസ്സിൽ പ്രതിഷ്ടിച്ച് പോന്ന ഇമെജറികളെ ഒക്കെ പൊളിച്ചു മാറ്റി മലയാള സിനിമയിലെ ന്യൂ ജനറേഷൻ വെട്ടുന്ന പുതിയ വഴികളിൽ ഒന്നാണീ കുതിര മീനുകൾ
തിര എന്നത് കൊണ്ട് വിനീത് ശ്രീനിവാസൻ ഉദ്ദേശിച്ചിരിക്കുന്നത് വേവ് എന്ന
വാക്കാണോ അതോ ബുള്ളറ്റ് എന്ന വാക്കാണോ എന്നെനിക്കറിയില്ല .. പക്ഷെ ഈ തിര
കൊണ്ട് അദ്ദേഹം ബുൾസ് ഐ തന്നെ തറയ്ക്കുന്നുണ്ട് എന്നത് പടം തുടങ്ങി
നൂറ്റിപന്ത്രണ്ട് മിനിട്ട് കൊണ്ട് പ്രേക്ഷകർക്ക് അനുഭവിച്ചറിയാൻ കഴിയും...
മൂന്ന് ചിത്രങ്ങൾ കൊണ്ട് ഫിലിം മേയ്ക്കിങ്ങിൽ മുപ്പതു കാതം മുന്നോട്ടു
നീങ്ങിയ ഒരു സംവിധായകനെ കാണാൻ കഴിയും ... അദ്ദേഹത്തിന് മാധ്യമത്തിൽ
കൈവരുന്ന ഗ്രിപ്പ് അനുഭവിക്കാൻ കഴിയും ...കുറ്റമറ്റ പഴുതുകളടച്ച ലോജിക്കോട്
കൂടിയ തിരക്കഥയൊന്നുമല്ല തിരയുടെത് ... പക്ഷെ പഴുതുകൾ തിരയാൻ നമ്മുടെ
ചിന്തകളേ ഒരു നിമിഷം വെറുതെ നിർത്താൻ കഴിയാത്ത ഗതി വേഗം കൊണ്ട്
അദ്ദേഹത്തിനു സാധിക്കുന്നു..ചടുലതയ്ക്ക് താളമായി പശ്ചാത്തല സംഗീതം ഒരുക്കിയ
ഷാൻ റെഹ്മാനും കൃത്യതയാർന്ന ദൃശ്യാഭാഷ നൽകിയ ജോമോൻ ടി ജോണും,
മുമ്പോട്ടുള്ള പ്രയാണത്തിൽ വിനീത് ശ്രീനിവാസന്റെ തോളോട് തോൾ ചേർന്ന്
തന്നെയുണ്ട്...
സുജോയ് ഘോഷിന്റെ "കഹാനി" ആണ് ഈ ചിത്രത്തിൻറെ
മേയ്ക്കിങ്ങിങ്ങിൽ വിനീത് ശ്രീനിവാസന്റെ മാതൃക എന്നുള്ളത് മനസ്സിലാക്കാൻ
അധികം കടന്നു ചിന്തിക്കെണ്ടതൊന്നുമില്ല.. പക്ഷെ ആ സാദൃശ്യം ഉപരിപ്ലവമായി
നിർത്തി പ്രമേയത്തിലും നരേഷനിലും മൌലികത സൃഷ്ടിക്കുവാൻ അദ്ദേഹം
ശ്രമിച്ചിട്ടുണ്ട് .. പ്രചോദനവും പ്ലാഗരിസവും തമിലുള്ള വ്യത്യാസം
ബോധ്യമുള്ള ഒരു സംവിധായകനാണ് അദ്ദേഹം എന്ന് നമുക്ക് മനസ്സിലാക്കാം. പതിവ്
ഫോർമുലകളെ പൂർണമായിട്ടോന്നും തിരസ്കരിച്ചിട്ടില്ല എങ്കിലും ഒരു പരിധി വരെ
ആവർത്തന വിരസത കൊണ്ട് പ്രേക്ഷകനെ ബോറടിപ്പിച്ചു കൊണ്ടിരിക്കുന്ന
കഥാസന്ദർഭങ്ങളും ... കഥാപാത്രങ്ങളും അധികം കയറി ഇറങ്ങുന്നില്ല.
ഒരു
സിനിമയ്ക്ക് എത്രത്തോളം പ്രധാനമാണ് അത് നിൽക്കുന്ന ഒരു സാംസ്കാരിക
പശ്ചാത്തലം എന്ന് നമ്മളെ പലവട്ടം ഓർമിപ്പിക്കുവാൻ സംവിധായകാൻ
ശ്രമിച്ചിട്ടുണ്ട് .. കൊല്കോത്തയുടെ നിറക്കൂട്ട് കാളീ പൂജയുടെ കുങ്കുമത്തിൽ
നമ്മുടെ കണ്ണുകളിലേക്ക് വിതറിയാന് കഹാനി നമ്മുടെ മുന്നിൽ മിന്നി മറഞ്ഞത്
.. ഇവിടെയാകട്ടെ ഗോവയുടെയും ... ഏതോ ഒരു കർണാടക അതിർത്തി പട്ടണത്തിന്റെ
(ബെലഗാമോ ... ബെല്ലാരിയോ ... ഏതുമാവാം) സമ്മിശ്ര സംസ്കാരത്തിന്റെയും
ചായക്കൂട്ടിൽ മുക്കിയെടുത്തിരിക്കുന്നു ...
ശോഭനയെക്കുറിച്ച് പലരും
ഇവിടെ തന്നെ എഴുതിയിട്ടുണ്ട്. "എവിടെ ആയിരുന്നു ഇത്രയും നാൾ" തിലകനോട് രഞ്ജിത്ത് പ്രേക്ഷകനായി നിന്ന് സിനിമയിൽ ചോദിച്ച പോലെ
നമ്മളെക്കൊണ്ട് ചോദിപ്പിക്കുന്ന ഒരു അസാമാന്യ സ്ക്രീൻ പ്രേസേന്സ്,
അവരുടെ രോഹിണിയ്ക്കുണ്ട് എന്ന് നിസ്സംശയം പറയാം ... സാധാരണ നമ്മൾ
കണ്ടിട്ടുള്ള "എൻ ജി ഓ" വാർപ്പ് മാതൃകകളിൽ നിന്നും വിഭിന്നമായി
ഐടിയലിസത്തെക്കാൾ ഇഫ്ഫെക്റ്റീവ്നെസ്സിനു പ്രാധാന്യം കൊടുക്കുന്ന രോഹിണിയുടെ
വ്യക്തിത്വം അവരുടെ ശരീര ഭാഷയിൽ സുഭദ്രം . ധ്യാൻ ശ്രീനിവാസൻ
കഥാപാത്രത്തിന് അനുയോജ്യമായ കാസ്റ്റിംഗ് ... സ്വന്തം സഹോദരന്റെ കഴിവുകളും
കഴിവുകേടുകളും വ്യക്തമായി അറിയാവുന്ന ഒരു സഹോദരന്റെ, കൌശലം അദ്ദേഹത്തെ
ഉപയോഗിക്കുന്നതിൽ വിനീത് കാണിക്കുന്നുണ്ട്.. ഇനി മറ്റൊന്ന് കൂടി,
മറ്റെല്ലാ റോളുകൾക്കും പുതിയ മുഖങ്ങളെ കാസ്റ്റ് ചെയ്യുക വഴി ഇമേജിന്റെ
ഭാരമില്ലാതെ കഥാപാത്രങ്ങളെ കാണാൻ നമ്മൾക്കാവുന്നും ഉണ്ട് ...
ഇനി
ക്ഷീരമുള്ള അകിടിന് ചുറ്റും കറങ്ങുന്ന കൊതുകുൾക്കായി വിനീത് ശ്രീനിവാസൻ
രൂപക്കൂടിലും, ശേഷക്രിയയിലും, കുരിശു രൂപത്തിലും, പ്രാർഥനാ ദൃശ്യങ്ങളിലും
ഒക്കെ ഒതുക്കിയ "ഡിവൈൻ ഇന്റെര്വേന്ഷൻ" വഴി കുറച്ചു ചോരത്തുള്ളികൾ
ഇട്ടിട്ടുണ്ട് ... പക്ഷെ അധികം കഥാപാത്രങ്ങളുടെ പേരുകളിൽ ജാതിയും മതവും
ഒക്കെ വലുതായി കൊടുക്കാത്തത് കൊണ്ട് ഇതൊക്കെ കൊണ്ട് തൃപ്തിപ്പെടുകയെ
തൽക്കാലം നിർവാഹമുള്ളൂ ...
ഇതൊക്കെ കാണുമ്പോൾ നമ്മുടെ പ്രിയദർശനും,
സത്യൻ അന്തിക്കാടും, ഷാജി കൈലേസുമൊക്കെ ഒക്കെ തങ്ങൾ ചെയ്തു
കൊണ്ടിരിക്കുന്ന കൊടും പാതകങ്ങൾ മതിയാക്കി വീട്ടിലിരിക്കുന്ന മക്കളുടെ
കയ്യിലേക്ക് ആ മെഗഫോണ്‍ കൊടുത്ത് നോക്കാൻ ഒരുമ്പെട്ടാൽ മതിയായിരുന്നു ..
കഴിഞ്ഞ കുറെ ദിവസങ്ങളായി, അതായത് സജിത മടത്തില്‍ മോഡല്‍ ചെയ്ത ഇന്ദുലേഖയുടെ
പരസ്യം മാധ്യമങ്ങളില്‍ പ്രത്യക്ഷപെട്ടു തുടങ്ങിയ നാള്‍ മുതല്‍ക്ക്,
ബെര്‍ളി മുതല്‍ ദേവിക വരെ, കീ ബോര്‍ഡും കോളം സെന്റി മീറ്ററും പതിച്ചു
കിട്ടിയ ഓരോ അഭിപ്രായവ്യാധിക്കാരും, സ്വയം പ്രഖ്യാപിത സമൂഹ നേതൃത്വവും
(ഫെമിനിസ്റ്റ്, ബുദ്ധിജീവി എന്ന ക്ലീഷേ ഉപയോഗങ്ങള്‍ നടത്താത്തത് ആ
വാക്കുകളോടുള്ള ബഹുമാനം കൊണ്ടാണ്) അമ്പും, വില്ലും, വാളുമായി - ഈ
പരസ്യതിനെതിരെ പട വെട്ടിക്കൊണ്ടിരിക്കയാണ്. സോഷ്യല്‍ മീഡിയയുടെ അതിര്‍
കവിയുന്ന വളര്‍ച്ച മൂലം പ്രതികരണങ്ങള്‍ക്ക് കൂടുതല്‍ പ്രചാരണവും ലഭിച്ചു
കൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തില്‍ പരസ്യരംഗത്ത് ഒരു പതിറ്റാണ്ടിലേറെ
പ്രവര്‍ത്തിച്ചു എന്ന ദുഷ്പേര് പേറി ജീവിക്കുന്നത് കൊണ്ട് രണ്ടു വരി
കുറിച്ചിടാന്‍ തുനിയുകയാണ്. സൌഹൃദങ്ങള്‍ ഈ അഭിപ്രായങ്ങളെ ചെറിയ രീതിയില്‍
സ്വാധീനിച്ചിട്ടുണ്ട് എന്ന കുറ്റസമ്മതത്തോടെ തന്നെ...
ഈ പരസ്യം നേരിടുന്ന ഏറ്റവും വലിയ ആരോപണം - അത് സ്ത്രീ വിരുദ്ധമാണ്
എന്നതാണ്... മുടി മുറിച്ചു കളയാനുള്ള സ്ത്രീ സ്വാതന്ത്ര്യത്തിനു നേരെയുള്ള
കടന്നാക്രമണമാണ് പോലും ഈ പരസ്യം നടത്തുന്നത്. സ്ത്രീ സ്വാതന്ത്ര്യം...
അല്ല കുറച്ചു കൂടി വിശാലമായ അര്‍ത്ഥത്തില്‍ വ്യക്തി സ്വാതന്ത്ര്യം,
ശരിക്കും ഒരു പാലമാണ്, അതിലൂടെ അങ്ങോട്ട് പോവും പോലെ തിരിച്ചും വരാന്‍
ഉള്ള അവസരം ഉണ്ടാവണം.. അതായത് മുടി മുറിച്ചു കളയുന്ന പോലെ, മുടി നീട്ടി
വളര്‍ത്താനുള്ള സ്വാതന്ത്ര്യവും ഓരോ വ്യക്തിക്കും ഉണ്ട് എന്ന് നമ്മള്‍
അന്ഗീകരിക്കണം... അങ്ങിനെ വരുമ്പോള്‍ ഈ പരസ്യം നമുക്ക് വ്യക്തി സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണ് എന്ന് പറഞ്ഞു എങ്ങിനെയാണ് തള്ളികളയാന്‍ ആവുക.
ഇനി, മുടി വളര്‍ത്തുന്നവര്‍ എല്ലാം "തങ്ങളെ ഭരിക്കുന്ന"
പുരുഷന്മാരെ പ്രീതിപ്പെടുത്താന്‍ വേണ്ടി മാത്രമാണ് അങ്ങിനെ ചെയ്യുന്നത്, ഒരു സ്ത്രീക്കും തങ്ങളുടെ
വ്യക്തിപരമായ ഇഷ്ടത്തിന് അവിടെ ഒരു പ്രാധാന്യം ലഭിക്കുന്നില്ല എന്ന
മട്ടിലാണ് പലരും അഭിപ്രായം രേഖപെടുത്തിയിരിക്കുന്നത്. (അതിലെ ഏറ്റവും വലിയ
തമാശ, അപ്രകാരം അഭിപ്രായങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ രേഖപ്പെടുതുന്നവര്‍ ഏറെയും പുരുഷന്മാര്‍ ആണ് എന്നതാണ് ). മുടി വളര്‍ത്തുന്നത് ഇഷ്ടപ്പെടുന്ന നല്ലൊരു പങ്കു
സ്ത്രീകള്‍ നമ്മുടെ സമൂഹത്തില്‍ ഇന്നത്തെ തലമുറയിലും ഉണ്ട് എന്ന്
അംഗീകരിക്കാന്‍ കണ്ണ് തുറന്നൊന്നു പിടിച്ചാല്‍ മതി, വേറൊന്നും ചെയ്യണ്ട. ഈ മെയില്‍ ഷാവനിസ്റ്റ് ഭാവനയില്‍
മാത്രമല്ല നീളമുള്ള മുടി വളര്‍ന്നു
പരിലസിക്കുന്നത്. കണ്ണാടിയില്‍ നോക്കി തന്റെ മുടിയഴക് ആസ്വദിക്കുകയും അതിനെ അഭിമാനത്തോടെ പ്രദര്‍ശിപ്പിച്ചു അഭിനന്ദനം നേടാന്‍ കൊതിക്കുന്ന പെണ്ണായി പിറന്നവരും നമുക്കിടയില്‍ ധാരാളം ഉണ്ട്. നാം ജീവിക്കുന്നത് ഒരു
സംസ്കാര വൈവിധ്യം ഉള്ള സമൂഹത്തില്‍ ആണ്.. അവിടെ മറ്റുള്ളവന്റെ വ്യക്തി
സ്വാതന്ത്ര്യത്തെ, സ്വൈര ജീവിതത്തെ ഹനിക്കാത്ത ഏതൊരു ആവിഷ്കാരവും, സഹിഷ്ണുതയോടെ കാണാനുള്ള സ്വാതന്ത്ര്യം (അത് പോലെ വിമര്‍ശിക്കാനും ഉള്ള) ഓരോ
പൌരനിലും നിഷിപ്തമാണ്.
ഇനി അതല്ല,ആ ബ്രാണ്ട് ഉപഭോക്താകളെ തെറ്റി ധരിപ്പിക്കുകയാണ് എന്ന വാദമുഖം ആണെങ്കില്‍ അവിടെയും, ഓരോ ബ്രാണ്ടും നടത്തുന്ന വാഗ്ദാനം (അങ്ങിനെ ഒന്ന്
ഉണ്ടെങ്കില്‍) തെറ്റോ ശരിയോ എന്ന് കണ്ടെത്തി ഉപഭോക്തൃകോടതിയില്‍ നേരിടാനും
സ്വാതന്ത്ര്യം നമുക്ക് ഓരോരുത്തര്‍ക്കും ഈ രാജ്യത്തെ നിയമ വ്യവസ്ഥ
തന്നിട്ടുണ്ട്.
ഞാന്‍ ഈയിടെ എന്റെ പത്തു വയസ്സായ മകന്റെ കൂടെ ഒരു ചുട്ടു പഴുത്ത
ഉച്ചനേരത്ത്, കേരളത്തിലെ ഒരു സിനിമ കാണാന്‍ ഒരു നോണ്‍ എയര്‍ കണ്ടീഷണര്‍ തീയറ്ററില്‍ പോയിരുന്നു .. കത്തിക്കാളുന്ന പൊരി വെയിലില്‍ ക്യൂ നിന്ന് ടിക്കെറ്റെടുക്കാന്‍ കാത്തു നിന്നിരുന്ന ഒരു പട്ടം ചെറുപ്പക്കാര്‍... അവരെ നിരീക്ഷിച്ചു കൊണ്ട് നിന്നപ്പോള്‍ ഒരു
രസകരമായ വസ്തുത എന്റെ ശ്രദ്ധയില്‍ പെട്ടു. അവരിലേറെ പേരും ഇട്ടിരിക്കുന്നത് ഹൂഡ് ഉള്ള
വൂള്ളന്‍ ടീ ഷര്‍ട്ടുകളും ജീന്‍സുകളും ആയിരുന്നു. വേറെ ചിലര്‍ ആകട്ടെ ധരിച്ചിരുന്ന ഫുള്‍ സ്ലീവ് ഷര്‍ട്ടിനു മുകളിലായി സ്വെറ്റര്‍ ധരിക്കുക കൂടി ചെയ്തിരിക്കുന്നു. അങ്ങിനെ തണുത്ത കാലാവസ്ഥയില്‍ ധരിക്കേണ്ട
പല വര്‍ണശബളമായ കട്ടി വസ്ത്രങ്ങള്‍ ധരിച്ചു വിയര്‍ത്തു കുളിച്ചാണ് പലരും ക്യൂ
നിന്നിരുന്നത്. ആദ്യം തോന്നിയത് ഇവനൊക്കെ എന്താ വട്ടുണ്ടൊ ഈ കാലാവസ്ഥയില്‍ ഇത്തരം വസ്ത്ര
ധാരണം നടത്തി ബുദ്ധിമുട്ടാന്‍ എന്നായിരുന്നു. പക്ഷെ പിന്നീട് ഒന്നാലോചിച്ചു
നോക്കിയപ്പോള്‍ ആണ് ഇങ്ങനെ
തോന്നിയത്... ചൂടും വിയര്‍പ്പും അവഗണിച്ചു ഈ സാഹസത്തിനു മുതിരുന്ന ആ
യുവാക്കളുടെ മനസ്സില്‍ ഉണ്ടായേക്കാവുന്ന ഒരേ ഒരു ആവശ്യം, ഈ വസ്ത്രങ്ങള്‍
ധരിക്കുമ്പോള്‍ ആള്‍ക്കൂടത്തില്‍ തങ്ങള്‍ ശ്രദ്ധിക്കപ്പെടുന്നുണ്ട്
എന്നുള്ള ആത്മവിശ്വാസം നേടുകയാണ്. അതിനായാണ് അവര്‍ ഇത്രയും ത്യാഗങ്ങള്‍ സഹിച്ചു
ഇതൊക്കെ വലിച്ചു കയറ്റുന്നത്.. അത് പോലെ തന്നെ കാണാവുന്നതല്ലേ, പല അസൌകര്യങ്ങളും അവഗണിച്ചു, കൊതിയോടെ, സ്നേഹത്തോടെ ബുദ്ധിമുട്ടി മുടി വളര്‍ത്തുന്നവരെയും.
അടുത്ത വിമര്‍ശനം സജിത മഠത്തില്‍ എന്ന വ്യക്തിയുടെ ഇത്തരം "വില കുറഞ്ഞ"
പരസ്യങ്ങള്‍ക്ക് വേണ്ടി നിന്ന് കൊടുത്ത തരത്തിലുള്ള "നിലവാര തകര്‍ച്ച"യേ
സംബന്ധിച്ചാണ്. സജിത മഠത്തില്‍ എന്ന കലാകാരി കേരളത്തിലെ സാമൂഹ്യ
പശ്ചാത്തലത്തില്‍ വളരെ ആക്ടീവ് ആയി നില നിന്നിട്ട് ഒരു പാട് കാലമായി.
മാതൃഭൂമിയുടെ ഓണപതിപ്പില്‍ (അതോ മനോരമയുടെയോ) കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ കവര്‍സ്റ്റോറി, സിനിമ അക്കാദമി
വിവാദം തുടങ്ങിയ സ്പേസുകള്‍ പലപ്പോഴായി ലഭിച്ചിട്ടും അവരുടെ ഐടെന്റിടി
വളരെ ചുരുക്കം ചില വൃത്തങ്ങളില്‍ മാത്രം ഒതുങ്ങി പോവുകയായിരുന്നു. അത് മൂലം
അവരുടെ പല നിലപാടുകള്‍ക്കും അഭിപ്രായങ്ങള്‍ക്കും മലയാളിയുടെ മുഖ്യ ധാരാ
സമൂഹത്തിന്റെ വേണ്ടത്ര ശ്രദ്ധ ആകര്‍ഷിക്കാന്‍ ആയിട്ടില്ല. ഇനി ഈ പരസ്യത്തില്‍ അഭിനയിച്ചത് കൊണ്ട് കേരള പൊതു സമൂഹം അവരെ എടുത്തു
തലയില്‍ വെച്ചു കൊണ്ടാടും എന്നൊന്നും വിചാരിക്കുന്നില്ല എങ്കിലും, അവരെ
കുറച്ചു കാലത്തേക്കെങ്കിലും പൊതുജനം തിരിച്ചറിയുന്ന ഒരു മുഖം ആയി മാറ്റാന്‍
അത് പര്യാപ്തമാവും എന്ന വിശ്വാസം എനിക്കുണ്ട്. അത് കൊണ്ട് തന്നെ, ഒരു പക്ഷെ നാളെ അവര്‍ക്ക് അവരുടെ നിലപാടുകളും അഭിപ്രായങ്ങളും കൂടുതല്‍
ജനങ്ങളിലേക്ക് എത്തിക്കാന്‍ ഈ സ്പോട്ട് ലൈറ്റ് സഹായിക്കും.
അതൊക്കെ അവിടെ നില്‍ക്കട്ടെ... ഇനി ഈ പരസ്യത്തിന്റെ ധര്‍മം എന്താണ്...
ആദ്യന്തികമായും ഈ പരസ്യം, ഇന്ദുലേഖ എന്ന ഉല്പന്നത്തിന്റെ വിപണനത്തിന്
അതിന്റെ നിര്‍മാതാക്കളെ സഹായിക്കുക എന്നതാണ്... എന്നത് മാത്രമാണ്.
അവിടെയാണ് ഈ പരസ്യം നൂറു ശതമാനവും സ്കോര്‍ ചെയ്യുന്നത്. പത്തിരുപ്ത്തനചോളം
ചാനലുകള്‍, അതില്‍ നൂറു കണക്കിന് ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ ജനശ്രദ്ധ
പിടിച്ചു പറ്റാന്‍ രാപ്പകല്‍ പണിയെടുക്കുമ്പോള്‍, വിവാദത്തില്‍
കൂടിയാണെങ്കിലും വിപണിയുടെ തലപ്പത്ത് സജീവമായി നില്‍ക്കാന്‍ ഈ പരസ്യത്തിനു
കഴിഞ്ഞു എന്ന് പറയുമ്പോള്‍ തള്ളിക്കളയാന്‍ ആര്‍ക്കെങ്കിലും ആവുമോ? ഇന്ദുലേഖ എന്ന ബ്രാന്‍ഡ് പുറത്തിറങ്ങിയത് മുതല്‍,
പരസ്യങ്ങളിലൂടെ വിപണിയുടെ ശ്രദ്ധ പിടിച്ചെടുക്കാന്‍ അവര്‍ നടത്തിയിരുന്ന
ശ്രമങ്ങള്‍ ഒന്ന് നോക്കൂ.. അവര്‍ വെട്ടിത്തുറന്ന പാത അനുകരിച്ചാണ് മറ്റുള്ള
എല്ലാ ബ്രാന്‍ഡുകളും തങ്ങളുടെ പരസ്യങ്ങള്‍ രൂപപ്പെടുത്തി
എടുത്തിരിക്കുന്നത് എന്നാണു ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്. അത് കാന്‍ഡിഡ് കാമറ ശൈലിയില്‍ ഉള്ള ഉപഭോക്താക്കളുടെ
എന്ടോര്സ്മെന്റ് ആയാലും ശരി വ്യതസ്തമായ രീതിയില്‍ എടുത്തിരുന്ന
സെലെബ്രിട്ടി പരസ്യങ്ങള്‍ ആയാലും ശരി.. അതിന്റെ ചുവടു പിടിച്ചാണ് മറ്റുള്ള
മിക്ക ബ്രാന്‍ഡുകളും പരസ്യങ്ങള്‍ ഒരുക്കിയത്... അങ്ങിനെയിരിക്കുന്ന
ബഹളത്തിനിടക്കാണ്, ഇന്ദുലേഖ വഴിമാറിക്കൊണ്ട് ഈ പുതുവഴി
വെട്ടിയിരിക്കുന്നത്. അവിടെയാണ് നമുക്ക് അതിനു പിന്നില്‍ പ്രവര്‍ത്തിച്ച
വിപണന കൌശലത്തെ അന്ഗീകരിക്കേണ്ടത്.
ഇനി മൊത്തത്തില്‍ സാമൂഹ്യ പ്രതിബദ്ധത എന്നൊക്കെ പറഞ്ഞു വിമര്‍ശിക്കാനുള്ള
പഴുതുകള്‍ നോക്കി പരതുന്നവരോട് ഒരു വാക്ക്. വിപണിയെ നോക്കിയുള്ള പരസ്യം
(പബ്ലിക് സര്‍വീസ് പരസ്യങ്ങളെ ഒഴിവാക്കി) എന്ന പ്രതിഭാസം തന്നെ സാമൂഹ്യ
പ്രതിബദ്ധത എന്ന സങ്കല്‍പ്പത്തിന് കടക വിരുദ്ധമാണ് എന്ന പക്ഷക്കാരനാണ്. അത്
കൊണ്ട് തന്നെ അങ്ങിനെ ആക്രമിക്കുന്നവരോട് മറുപടി പറയുവാനുള്ള യാതൊരു
ബാധ്യതയും ഈ പരസ്യം സൃഷ്ടിച്ചവരും അതിനു പണം മുടക്കിയവരും ചുമക്കുന്നില്ല..
എന്നാലും ഇനിയും സാമൂഹ്യ പ്രതിബദ്ധത എന്ന് പറഞ്ഞു വീണ്ടും ചൊറിഞ്ഞു
വരുന്നവരോട് പറയാം, സ്ത്രീകളെ പ്രതിസന്ധികളില്‍ പ്രതികരിക്കുന്നവരായി
ചിത്രീകരിക്കുന്ന പരസ്യത്തിന്റെ സ്പിരിട്ടിലും ഉണ്ട് ഒരു കൊച്ചു
പ്രതിബദ്ധതയുടെ കിണ്ണാമണി....
ഈ ജനുസ്സില്‍ അടുത്ത പരസ്യം ഇറങ്ങി കഴിഞ്ഞിരിക്കുന്നു.. ഇനി വേറൊന്നു കൂടി
ഇറങ്ങാനും ഇരിക്കുന്നു... അങ്ങിനെ പറയുമ്പോള്‍ ഇന്ദുലേഖയെ വിപണിയിലുള്ള
മറ്റുള്ള എണ്ണകളില്‍ നിന്നും വ്യതസ്തമായ ഒരു ഇമേജോടെ മുന്നേറാന്‍
സഹായിക്കും എന്ന് എനിക്കുറപ്പുണ്ട്.
ഹരിഹര്‍ നഗറിന്റെ രണ്ടാം ഭാഗത്തില്‍ മുകേഷ് അവതരിപ്പിക്കുന്ന മഹാദേവന്‍
എന്നാ കഥാപാത്രം തന്റെ കൂട്ടുകാരോട് ചോദിക്കുന്ന ഒരു ചോദ്യം ഉണ്ട് ...
"മുകളിലേക്ക് കയറി പോയാല്‍ ഒരിക്കലും താഴേക്കു വരാത്തത് എന്താണ്?" എന്ന്. അതിന്റെ ഉത്തരവും മഹാദേവന്‍ തന്നെ പറയുന്നുണ്ട്. അത് നമ്മളെ പോലെ മോഹന്‍ലാലും
കേട്ടിരിക്കും അത്. ഒരുപക്ഷെ ഇനിയും അത് അപ്പുക്കുട്ടനെ പോലെ, അദ്ദേഹത്തിനു മനസ്സിലാക്കാന്‍
കഴിഞ്ഞിട്ടില്ല എന്നാണു ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന കാര്യങ്ങള്‍ കാണുമ്പോള്‍
എനിക്ക് തോന്നുന്നത്.
ഇതാ, വീണ്ടും ഭരതവും അബ്ദുള്ളയും പോലെ സംഗീത പശ്ചാത്തലത്തില്‍ ഒരു സിബി മലയില്‍
ചിത്രം കൂടി ഒരുങ്ങുന്നു എന്ന വാര്‍ത്ത ഞാന്‍ മാധ്യമങ്ങളില്‍ നിന്നറിഞ്ഞത് കൊണ്ടാണ് ഈ കുറിപ്പിടുന്നത്. അതില്‍ നിന്ന് കുറെകാലമായി താന്‍ ജീവിക്കുന്ന അല്ലെങ്കില്‍
ജീവിക്കാന്‍ ശ്രമിക്കുന്ന പഴയകാലത്തിന്റെ തടവ്‌മുറിയില്‍ നിന്നും
അടുത്തൊന്നും പുറത്തിറങ്ങാനുള്ള പ്ലാന്‍ അദ്ദേഹത്തിനില്ല എന്ന് ഏറെക്കുറെ വ്യക്തമായിരിക്കയാണ്. പഴയ
തന്റെ ഹിറ്റുകളില്‍ പരതി നോക്കി അവയില്‍ ഏതിനെ ഒക്കെ എങ്ങിനെ ഒക്കെ "റീസൈക്കിള്‍"
ചെയ്തെടുക്കാം എന്നുള്ള യത്നത്തില്‍, അതേ സംവിധായകര്‍, അതേ
കൂട്ടുകെട്ടുകള്‍, അതേ കഥാപാത്രങ്ങള്‍ അതേ കഥാ പശ്ചാത്തലം അതേ പ്രിയദര്‍ശന്‍.. അതേ സത്യന്‍ അന്തിക്കാട്... അതേ
സിബി മലയില്‍...., എന്നിവരുടെ കാര്‍മികത്വത്തില്‍ തന്റെ ഗതകാല പ്രൌഡി പുനര്‍സൃഷ്ടിക്കാന്‍ ഉള്ള അപഹാസ്യമായ ശ്രമം തുടര്‍ന്ന് പോവാന്‍ തന്നെയാണ് മഹാനടന്റെ തീരുമാനം.
അസാമാന്യ അഭിനയ പ്രതിഭയാണ് മോഹന്‍ലാല്‍ എന്ന് ഞാന്‍
പറഞ്ഞാല്‍ എന്നോട് ബുദ്ധിയുള്ളവര്‍ ആരും തര്‍ക്കിക്കാന്‍ വരും എന്ന് തോന്നുന്നില്ല (കേരളത്തില്‍ കാണപ്പെടുന്ന ഫാന്‍സ് എന്ന സമൂഹ വിരുദ്ധ വിചിത്ര ജീവികളെ
സാമാന്യ ബുദ്ധിയുള്ളവരുടെ ഗണത്തില്‍ ഞാന്‍ പെടുത്തിയിട്ടില്ല).
ഇനി ആരെങ്കിലും തര്‍ക്കിക്കാന്‍ വന്നാല്‍ തന്നെ "ആയിരുന്നു" എന്ന് ഒരു
ചെറിയ തിരുത്തല്‍ നടത്തിയാല്‍ അവര്‍ പത്തി മടക്കും. അത് പറഞ്ഞു വെച്ച് കൊണ്ട് തന്നെ, ഇത്രമേല്‍ കഴിവുള്ള അല്ലെങ്കില്‍ കഴിവ് തെളിയിച്ചിട്ടുള്ള ഒരു മഹാനടന്‍
കഴിഞ്ഞ കാലത്തിന്റെ തടവറയില്‍ കിടന്നു വീര്‍പ്പുമുട്ടുകയാണ് എന്നും, അത് അദ്ദേഹം സ്വയം തിരിച്ചറിയുന്നില്ല എന്നും ഉള്ള നഗ്നസത്യങ്ങള്‍ വെട്ടിത്തുറന്നു പറയാതിരിക്കാന്‍ കഴിയുന്നില്ല. അദ്ദേഹം ഏതൊക്കെ രീതിയില്‍ പുനര്‍നിര്‍മിതി നടത്താന്‍ ശ്രമിച്ചാലും
ഒന്നും ചെയ്യാന്‍ കഴിയാത്ത ദൂരത്തു പോയിരിക്കുന്നത് രണ്ടു കാര്യങ്ങളാണ്.
ഒന്ന് മലയാള സിനിമ പ്രേക്ഷകന്‍, രണ്ടാമത്തേത് മോഹന്‍ലാല്‍ എന്ന സൂപ്പര്‍ താരത്തിന്റെ വേഷത്തിനകത്തുള്ള എന്നെയും നിങ്ങളെയും പോലെയുള്ള സാധാരണ
മനുഷ്യന്‍.
പ്രേക്ഷകരുടെ ആസ്വാദന ശൈലിയില്‍ വന്ന മാറ്റത്തെ കുറിച്ച് മനസ്സിലാക്കണമെങ്കില്‍ ഒരു കാര്യം ആലോചിച്ചാല്‍ മതി. ഇപ്പോള്‍ കാണുമ്പോള്‍ പഴയ നസീറിന്റെയും ജയന്റെയും സിനിമകള്‍, അവരുടെ നാടകീയത കലര്‍ന്ന അഭിനയ
രീതികള്‍, എന്നിവയൊക്കെ പരിഹസിക്കുന്ന നമ്മള്‍, പക്ഷെ നമ്മുടെ മുന്‍തലമുറ അവരെ മനസ്സില്‍ പ്രതിഷ്ഠിച്ചു
നടന്നിരുന്നു എന്നുള്ള സത്യം സൌകര്യപൂര്‍വ്വം വിസ്മരിക്കുന്നു എന്ന കാര്യം . അവരുടെ ഒക്കെ അതിഭാവുകത്വം കലര്‍ന്ന അഭിനയശൈലികള്‍ വളരെ ആത്മാര്‍ഥതയോടെ തന്നെ ആ തലമുറ ആസ്വദിച്ചിരുന്നു. അന്നത്തെ താരങ്ങള്‍ ധരിച്ചിരുന്ന
ബെല്‍ബോട്ടം പാന്റും ഫ്ലോറല്‍ പോപ്പ്ലിന്‍ ഷര്‍ട്ടും അവര്‍ ഇട്ടു കൊണ്ട്
നടന്നിരുന്നത് വെറും തമാശക്ക് വേണ്ടി ആയിരുന്നില്ല . അതൊക്കെ അന്ന്
നിലവില്‍ ഇരുന്ന അഭിരുചിയുടെ ഭാഗം ആയിരുന്നു.. പക്ഷെ നമ്മുടെ തലമുറ
വന്നപ്പോള്‍ അത് തമാശയും കളിയാക്കാനുള്ള ഒരു വകുപ്പും ആയി മാറി. അത് കാലം
നമ്മുടെ അഭിരുചിയില്‍ വരുത്തിയ മാറ്റങ്ങള്‍ കൊണ്ട് മാത്രം ആണ്. ഇത് പോലെ
തന്നെ നമ്മള്‍ നോസ്ടാല്‍ജിക്ക് ആയി മനസ്സിലിട്ടു താലോലിച്ചു കൊണ്ടിരിക്കുന്ന പലതും
അടുത്ത് തലമുറ പരിഹസിക്കുന്ന വസ്തുക്കള്‍ ആയി മാറും എന്നത് സാമാന്യ പ്രകൃതി
നിയമം. ജയകൃഷ്ണന്റെ പ്രണയവും, സേതുമാധവന്റെ നിയോഗവും, രാമനാഥന്റെ
ധര്മാസങ്കടവും, ജോജിയുടെ കുസൃതിയും... എല്ലാം അവര്‍ ഐടെന്റിഫൈ ചെയ്യാതാവും...
അതില്‍ ആരെയും കുറ്റപ്പെടുത്തുവാനോ അതില്‍ ഏതെങ്കിലും തെറ്റ് ഉള്ളതായി കണ്ടു പിടിക്കുവാനോ
കഴിയില്ല. അവര്‍ കാണുന്ന ലോകം, അവര്‍ അറിയുന്ന ജീവിതം, അവര്‍ വളരുന്ന സമൂഹം.. അങ്ങിനെ എല്ലാതും മാറിക്കൊണ്ടിരിക്കുന്നതാണ്. അടിസ്ഥാന മൂല്യങ്ങള്‍ക്ക് മാറ്റം
വരും എന്ന് ഞാന്‍ പറയുന്നില്ല. പക്ഷെ കാഴ്ചപ്പാടുകളില്‍ മാറ്റം പ്രതിഫലിക്കാതെ നിര്‍വാഹമില്ല
ഇക്കാലത്ത് സിനിമ ആസ്വദിക്കുന്ന പ്രേക്ഷകര്‍ ആരൊക്കെ, അവര്‍
എങ്ങിനെയാണ് സിനിമ കാണുന്നത്, അവര്‍ എന്തിനു വേണ്ടിയാണ് സിനിമ കാണുന്നത് , അവര്‍
സിനിമയില്‍ നിന്ന് എന്ത് പ്രതീക്ഷിക്കുന്നു... ഇതൊക്കെ മനസ്സിലാക്കാന്‍
കഴിഞ്ഞകാല പ്രതാപത്തിന്റെ കൈത്തഴമ്പ് മാത്രം പോര. കാഴ്ചകള്‍ക്ക് നേരെ തുറന്നു പിടിച്ച
കണ്ണുകള്‍ വേണം, ആ കാഴ്ചകള്‍ നമുക്ക് നല്‍കുന്ന സന്ദേശം മനസ്സിലാക്കാന്‍
ഉണര്നിരിക്കുന്ന നിരീക്ഷണപാടവവും വേണം ഇന്ന് തീയേറ്ററില്‍ പോയി കാശ്
മുടക്കി സിനിമ കാണുന്ന എത്ര പ്രേക്ഷകര്‍ "ഭരതം" പോലെ ഒരു സിനിമ
സ്വീകരിക്കും എന്ന് കണ്ടു തന്നെ അറിയണം. പണ്ടൊക്കെ reputation കൊണ്ട് മാത്രം ഓടിയിരുന്ന
വണ്ടികള്‍ ഉണ്ടായിരുന്നു.. പക്ഷെ ഇപ്പോള്‍ ഇന്ധനവും വേണം വണ്ടി ഓടാന്‍, നല്ല പുള്ളിങ്ങുള്ള എഞ്ചിനും.
ഇനി
അദ്ദേഹത്തില്‍ വന്ന മാറ്റം... ശരീരത്തില്‍ വന്ന മാറ്റം. ശരീരഭാഷയില്‍
വന്ന മാറ്റം... ഇതൊക്കെ അദ്ദേഹത്തിനോ അദ്ധേഹത്തിന്റെ ചുറ്റും ഉള്ളവര്‍ക്കോ
മനസ്സിലായിയില്ലെങ്കിലും പ്രേക്ഷകര്‍ക്ക് നല്ല പോലെ മനസ്സിലാവും... അവര്‍
അത് മനസ്സിലാക്കുന്നും ഉണ്ട്. എന്നിരുന്നാലും അവിടെയും ഇവിടെയും ഒക്കെ കേള്‍ക്കുന്ന ഒരു കാര്യമാണ് "പഴയ മോഹന്‍ലാലിനെ വേണം" , "പഴയ മോഹന്‍ലാലിനെ തിരിച്ചുകിട്ടി".... എന്നൊക്കെ. ഈ വിധത്തില്‍ ഇന്നത്തെ മോഹന്‍ലാലില്‍ പഴയ മോഹന്‍ലാലിനെ തിരയുന്നത്, ഒന്നുകില്‍ സാമാന്യബോധം നഷ്ടപെട്ടവരാണ്, അതല്ലെങ്കില്‍ അദ്ദേഹത്തെ തകര്‍ക്കണം എന്ന ദുഷ്ടലാക്കുള്ളവര്‍ ആണ്, എന്ന് അദ്ദേഹം തിരിച്ചറിയണം.. "പഴയ മോഹന്‍ലാല്‍" അദ്ധേഹത്തിന്റെ ഇപ്പോഴത്തെ ശരീരത്തിന്നും ശരീരഭാഷക്കും വഴങ്ങാത്ത അത്രയും അകലത്താണ് എന്നതാണ് പരമ സത്യം . ആന്റീക് വസ്തുക്കളോടുള്ള
അഭിനിവേശം, ചുവരില്‍ തൂങ്ങിയ ചില്ലിട്ടു വെച്ച ചിത്രങ്ങളും, പോളിഷിട്ടു മിനുക്കി വെച്ച കാഴ്ചവസ്തുക്കളും ആയി സ്വീകരണ മുറികളില്‍ ഒതുക്കുന്ന പോലെ, പഴയ മോഹന്‍ലാലിനോടുള്ള പ്രേമം പഴയ സിനിമയുടെ ഡി വി ഡിയില്‍
ഒതുങ്ങുന്നതാണ്. പക്ഷെ അത് തന്നെ എങ്ങിനെയെങ്കിലും പഴകിപുളിച്ച മാവ് കൊണ്ട് തട്ട് ദോശ പോലെ ചുട്ടെടുത് വീണ്ടും പുതു തലമുറയ്ക്ക്
വിളമ്പുമ്പോള്‍ അവര്‍ അത് രണ്ടു കൈയും നീട്ടി സ്വീകരിക്കും എന്ന്
കരുതുന്നത് ബുദ്ധിയുടെ ലക്ഷണം അല്ല. അവിടെ സേതുമാധവനെയും അബ്ദുള്ളയും, ഭരത് ചന്ദ്രനേയും, സേതുരാമഅയ്യരെയും, മഹാദേവനേയും, രതിചേച്ചിയെയും ... മാറി മാറി മരം കുലുക്കി താഴെ ഇട്ടാല്‍ ചാവുവാന്‍ ഓടി നടക്കുന്ന അത്രയും മുയലുകള്‍
ഒരു വരിക്കപ്ലാവിന്റെ ചോട്ടിലും ഇല്ല .. അങ്ങിനെ ആര്‍ക്കെങ്കിലും തോന്നുന്നുടെങ്കില്‍ അത് വെറും
ഹാലുസിനെഷന്‍ ആണ്. ഒരു തരത്തിലുള്ള ലാലൂസിനെഷന്‍...
അടിക്കുറിപ്പ് : 1988ല്‍ ദൂരദര്‍ശനില്‍ അമോല്‍ പാലെക്കര്‍ സംവിധാനം ചെയ്ത
നക്കാബ് എന്ന ഒരു സീരിയല്‍ വന്നിരുന്നു. എവിടുന്നെങ്കിലും ഒരു സി ഡി
കിട്ടുകയാണെങ്കില്‍ എല്ലാ സൂപ്പര്‍സ്റ്റാറുകളും അവരുടെ പരിവാരങ്ങളും, ഫാന്‍സ് എന്ന് പറയുന്ന വര്‍ഗ്ഗവും ഒന്ന് കണ്ടു
നോക്കൂ. ധൈര്യമായി കാണാം.. വിവരമുള്ളവര്‍ സീരിയല്‍ ഉണ്ടാക്കിയിരുന്ന
കാലത്ത് (ഏകത കപൂര്‍ മുട്ടില്‍ ഇഴഞ്ഞിരുന്ന കാലത്ത്.. ഇവിടെ ഏഷ്യാനെറ്റും
സൂര്യയും മറ്റും ഇറങ്ങുന്നതിനു മുമ്പ്) ഇറങ്ങിയിരുന്ന ഒന്നാണ് അത്...
ഇന്നലെ, പുതുവത്സരദിനത്തില്‍ സുര്യ ടി വി സംപ്രേക്ഷണം ചെയ്ത ഡീല്‍ ഓര്‍ നോ ഡീല്‍ എന്ന ജനപ്രിയ പരിപാടിയുടെ 200 എപ്പിസോഡുകള്‍ പൂര്‍ത്തിയായത് ആഘോഷിക്കാന്‍ സംഘടിപ്പിച്ച പ്രത്യേക പരിപാടിയിലെ ഒരു പ്രധാന
ഇനമായിരുന്നത് പ്രസിദ്ധ സിനിമാതാരം സുരാജ്
വെഞ്ഞാരമൂടിന്റെ നേതൃത്വത്തില്‍ അവതരിപ്പിച്ച ഒരു "കൊമഡി സ്കിറ്റ് ആയിരുന്നു. "ഇടീല്‍ ഓര്‍ അടീല്‍" എന്ന പേരിട്ട ആ പരിപാടി ചിരി വരുത്താന്‍ ഉദ്ദേശിച്ചു
ചെയ്ത ഡീല്‍ ഓര്‍ നോ ഡീല്‍ന്റെ തന്നെ "ഹാസ്യാനുകരണം" ആയിരുന്നു . അതിലെ തരംതാണ ഞരമ്പിനു പിടിക്കുന്ന, അരോചകമായ
വളിപ്പുകള്‍ കണ്ടു ശര്ദ്ധിക്കാന്‍ വന്നു എന്ന വാസ്തവത്തില്‍ ഉപരിയായി ആ പരിപാടിയിലൂടെ അതിന്റെ സൃഷ്ടാക്കള്‍ പ്രകടിപ്പിച്ച ഏറ്റവും സാമൂഹ്യവിരുദ്ധമായ, തികച്ചും അപലപനാര്‍ഹാമായ നിലപാടുകള്‍ക്ക് നേരെയുള്ള എന്റെ ശക്തമായ
പ്രതിഷേധം രേഖപ്പെടുത്താന്‍ ആയാണ് ഈ കുറിപ്പ്.
തമാശ ഉണര്‍ത്താന്‍ ഉദ്ദേശിച്ചു ഇത്തവണ സ്ഥിരം "മോഡല്‍" പെണ്‍കുട്ടികള്‍ക്ക് പകരം പെട്ടിയുമായി കാണിച്ചത് "തൊഴിലുറപ്പ് പദ്ധതിയില്‍ പണിയെടുക്കുന്ന"
ചില സ്ത്രീകളെയാണ് (ദളിത് സ്ത്രീകള്‍ എന്ന് വ്യംഗം). നാടന്‍ പാട്ടുകളെ അപഹാസ്യമായ രീതിയില്‍ അവതരിപ്പിച്ചാണ് അവരെ പരിചയപ്പെടുത്തുന്നത് തന്നെ. പിന്നെ അവരെ കാണിക്കുമ്പോള്‍ എല്ലാം അവരുടെ ചേഷ്ടകളും, ശരീരഭാഷയും, പെരുമാറ്റവും, സംഭാഷണവും അവരെ അപമാനിക്കുന്ന രീതിയില്‍ ഉള്ള, അല്ലെങ്കില്‍ അവരുടെ വികാരങ്ങളെ വൃണപ്പെടുത്തുന്ന തരത്തില്‍ ഉള്ളതായിരുന്നു. ഈ സുരാജ് എന്ന
വിദ്വാന്‍ ഈ പരിപാടിയില്‍ ഉടനീളം അവരെ അഭിസംബോധന ചെയ്യുന്നതിനായി ഉപയോഗിച്ച വാക്കുകള്‍ പോലും അഭാസവും
തള്ളിക്കളയെണ്ടതും ആണ്.
ഇതിലെ ഏറ്റവും ശോചനീയമായ കാര്യം കേരള സമൂഹത്തിലെ
ഉന്നത സ്ഥാനീയരായ പല വ്യക്തികളും കാഴ്ചക്കാരുടെ കൂട്ടത്തില്‍ ഇരുന്നു ഇതും കണ്ടും കൊണ്ട് ആസ്വദിച്ചു ചിരിച്ചു ഇരിക്കുന്നുണ്ടായിരുന്നു എന്നതാണ്. അദ്ധ്വാനിച്ചു ജീവിക്കുന്ന
പാവപ്പെട്ട (ദളിത്) സ്ത്രീകളെക്കുറിച്ച് ഇത്രയും തരം താണ, അധമമായ സങ്കല്പങ്ങള്‍
ആണ് പൊതു സമൂഹം വെച്ച് പുലര്‍ത്തുന്നത് എന്ന് ആലോചികുമ്പോള്‍ തന്നെ ചോര
തിളക്കുന്നു. അശ്ലീലവും ആഭാസകാരവും ആയ മലയാളിയുടെ ആസ്വാദന ശീലങ്ങള്‍
അടിവരയിട്ടു കാണിക്കുന്നതായിരുന്നു ആ പരിപാടിയില്‍ ഉടനീളം ചിത്രീകരിക്കപ്പെട്ടിരുന്നത്. ഈ പരിപാടിയുടെ അണിയറശില്‍പ്പികള്‍ അവര്‍ ചെയ്യുന്നു എന്ന് പറയപ്പെടുന്ന ജീവ കാരുണ്യ പ്രവര്‍ത്തങ്ങളില്‍
അല്‍പ്പമെങ്കിലും ആത്മാര്‍ഥത ഉണ്ടെങ്കില്‍ ഇത്രയും തരം താണ രീതിയില്‍
സ്ത്രീകളെ അപമാനിച്ചതിന് മാപ്പ് പറയണം
രസകരമായ ചില വീക്ഷണങ്ങള്‍ ഇഷ്ടം തോന്നുന്ന ഭാഷയില്‍ അവതരിപ്പിച്ചാണ്
ബെര്‍ളിത്തരങ്ങള്‍ മലയാളികളുടെ മനസ്സില്‍ ഇടം നേടിയത്... പലപ്പോഴും വായിക്കുന്നപല പോസ്റ്റുകളും നമ്മുടെ
തന്നെ വീക്ഷണങ്ങളും അഭിപ്രായങ്ങളും ആയി യോജിപ്പും തോന്നാറുണ്ട് ...
ഇതെല്ലാം ആരെങ്കിലും ഒന്ന് പറഞ്ഞിരുന്നെങ്കില്‍ നന്നായിരുന്നു എന്ന്
തോന്നുന്ന സമയത്താണ് അദ്ദേഹം അതെ അതെ പറ്റി പോസ്റിടുന്നത്... ഭൂരിപക്ഷം
ജനങ്ങളുടെ മനസ്സില്‍ തോന്നുന്ന ആങ്കിളില്‍ ജനപ്രിയമായ വിഷയങ്ങള്‍
അവതരിപ്പിച്ചാണ് അദ്ദേഹം ശ്രദ്ധ നേടിയിരിക്കുന്നത്... അവരോടു ചേര്‍ന്ന്
നിന്നാണ് അദ്ദേഹം സംസാരിച്ചിരുന്നത് . വളരെ ചുരുക്കമായേ അവരുടെ തലയില്‍
കസേര വലിച്ചിട്ടിരുന്നു എഴുതിയിരുന്നുള്ളൂ.. നീതി, കഴിഞ്ജിനു മാത്രമേ കാണൂ
എങ്കിലും മിക്ക പോസ്റ്റുകളും മധ്യവര്‍ത്തി സമൂഹത്തിന്റെ ഭാഷയില്‍ ആണ് സംവേദിച്ചിരുന്നത്. അത് കൊണ്ട് തന്നെ ഏറ്റവും കൂടുതല്‍ മലയാളികള്‍
വായിക്കുന്ന ബ്ലോഗായി അത് മാറിയപ്പോള്‍ വലിയ അത്ഭുതമൊന്നും
തോന്നിയിട്ടുമില്ല..
പക്ഷെ ഇയ്യിടെയായി ആരെങ്ങിലും വായിച്ചാല്‍ മതി എന്ന്
മാത്രം മനസ്സില്‍ കരുതിയാണ് കുറിച്ച് തള്ളുന്നത് എന്ന് തോന്നും
അദ്ധേഹത്തിന്റെ പോസ്റ്റുകള്‍ കണ്ടാല്‍. സന്തോഷ് പണ്ഡിറ്റുകള്‍
അവതരിപ്പിച്ച "shit creates awareness with stink" എന്ന മാതൃക
പിന്തുടര്‍ന്നുകൊണ്ട് പടച്ചു വിടുന്നതാണ് ഏറിയ കൂറും... ഉപയോഗിക്കുന്ന ഭാഷ
കാട് കയറുകയും ധാര്‍ഷ്ട്യം മാത്രം അനുഭവപ്പെടുന്ന രീതിയില്‍ വായനക്കാരനെ
അഭിമുഖീകരിക്കുകയും ചെയ്യുന്നതായി തോന്നുന്നു. പൊതു ജനത്തെ പരമാവധി provocate ചെയ്തു "നീയൊന്നും
വായിച്ചില്ലെങ്കിലും എനിക്ക് പുല്ലാ" എന്ന മട്ടിലാണ് പോക്ക്. provocation
എന്ന ടൂള്‍ ഒരു അളവ് വരെ ജന ശ്രദ്ധ പിടിച്ചു പറ്റാന്‍
സഹായിക്കുമെങ്കിലും... ഇത് ഒരു സ്ഥിരം പരിപാടിയായി നില നിര്‍ത്തണം എന്ന്
ആശയുണ്ടെങ്കില്‍ വായനക്കാരെ അല്പമെങ്കിലും ബഹുമാനിക്കാനും തുടരണം ... എന്തൊക്കെ പറഞ്ഞാലും
എല്ലാ കാലത്തും ആകാശത്തില്‍ പറന്നു നടക്കാന്‍ പറ്റില്ല എന്നും, ആദ്യന്തികമായും വായനക്കാരന് ആണ് പ്രാധാന്യം എന്നാ പരമസത്യം മനസ്സിലാക്കിയും പ്രവര്‍ത്തിച്ചാല്‍ അദ്ദേഹത്തിന് നന്ന്
.. തുണി പൊക്കി കാട്ടിയും തെറി വിളിച്ചുംചില കാലത്തേക്ക് ബഹുജന ശ്രദ്ധ പിടിച്ചു പറ്റാന്‍ പറ്റിയേക്കാം എന്ന് കരുതി എന്തും എഴുതി
കൂട്ടുമ്പോള്‍ ഒരു കാര്യം ഓര്‍ത്താല്‍ നന്ന് ... "shit remains shit...
even if everyone is aware of it"